വേണമെങ്കില്‍ കൊക്കഡാമ കേരളത്തിലും: ജപ്പാന്‍കാരുടെ ഉദ്യാനകലയ്ക്ക് നാടന്‍ പതിപ്പുമായി പ്രിന്‍സ്

കേരളത്തിന്‍റെ കാലാവസ്ഥയില്‍ ജപ്പാന്‍കാരുടെ കൊക്കഡാമ പാഠങ്ങള്‍ വേണ്ടത്ര ഫലിച്ചില്ല. പക്ഷേ, പ്രിന്‍സ് പിന്മാറിയില്ല. 

ച്ചപ്പും പൂക്കളും നിറഞ്ഞ ഒരുവീട്. കഴിയുമെങ്കില്‍ ലോകത്തുള്ള എല്ലാ പൂച്ചെടികളും കൊണ്ട് വീട് ‘കളറാക്കണം’, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ പറയുന്നതുപോലെ. ഏതൊരു സാധാരണക്കരന്‍റെയും മനോഹരമായ (പലപ്പോഴും നടക്കാത്ത) സ്വപ്നം.

മുഴുവന്‍ നടന്നില്ലെങ്കിലും കുറച്ചൊക്കെ നമുക്കും സാധിക്കും. വേണമെങ്കില്‍ നിങ്ങളുടെ തോട്ടത്തെക്കുറിച്ച് ലോകം അന്വേഷിച്ചെത്തുകയും ചെയ്യും.

പത്തനംതിട്ട കുമ്പഴക്കാരനായ പ്രിന്‍സ് കുമ്പുക്കാടന്‍റെ പരീക്ഷണങ്ങള്‍ പുതിയ ആശയങ്ങള്‍ നല്‍കും.

പ്രിന്‍സ് കുമ്പുക്കാടന്‍. ഫോട്ടോ: ഫേസ്ബുക്ക്
”ആകെ ആറ് സെന്‍റ് സ്ഥലത്താണ് വീട്. മുറ്റമൊന്നും ഇല്ല. പക്ഷേ, വീട്ടിലാകെ പച്ചപ്പ് പടര്‍ത്താന്‍ മോഹം,” പ്രിന്‍സ് പറയുന്നു.
ആ മോഹവും പിന്നെ ചെറുപ്പത്തിലേ ചെടികളോടുള്ള പ്രേമവും ചേര്‍ന്നപ്പോള്‍ പ്രിന്‍സ് എത്തിപ്പെട്ടത് ജപ്പാന്‍കാര്‍ വികസിപ്പിച്ചെടുത്ത കൊക്കഡാമ (Kokedama) എന്ന കേരളത്തില്‍ അധികമാരും പരീക്ഷിക്കാത്ത ഗാര്‍ഡന്‍ ആര്‍ട്ടിലാണ്.

ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


“പാവങ്ങളുടെ ബോണ്‍സായ് എന്നാണ് ഇത് അറിയപ്പെടുന്നത്,” കാര്‍ത്തികപ്പള്ളി സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ പ്രിന്‍സ് വിശദമാക്കുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് കൊക്കഡാമ നിര്‍മ്മാണത്തിലേക്ക് പ്രിന്‍സ് എത്തുന്നത്.

ഇപ്പോള്‍ 250 അമ്പതിലധികം കൊക്കഡാമ രൂപങ്ങള്‍ അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്.

കൊക്കഡാമ. ഫോട്ടോ: ഫേസ്ബുക്ക്/ പ്രിന്‍സ് കുമ്പുക്കാടന്‍
ഈയിടെ പത്തനംതിട്ടയില്‍ കൊക്കഡാമ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനവും നടത്തി.  ഒരു പക്ഷേ ഇന്‍ഡ്യയില്‍ത്തന്നെ അത്തരമൊരു പ്രദര്‍ശനം ആദ്യത്തേതായിരുന്നു

ബോണ്‍സായ് പോലെത്തന്നെ നിരന്തരശ്രദ്ധയും ക്ഷമയും ഉണ്ടെങ്കിലെ കൊക്കഡാമയും വഴങ്ങൂ.

കലയോടും ചെടികളോടുമുള്ള ഇഷ്ടം കൂട്ടിനുണ്ടായിരുന്നതുകൊണ്ട് പലതരം പരീക്ഷണങ്ങള്‍ക്ക് പ്രിന്‍സ് മുതിരാറുണ്ട്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളെജില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദധാരിയായതുകൊണ്ട് കലാ സങ്കേതങ്ങളെക്കുറിച്ചുള്ള അറിവും കൂട്ടിനുണ്ട്.


ഇതുകൂടി വായിക്കാം: അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്

“ഇന്റര്‍നെറ്റില്‍ നിന്നാണ് കോക്കഡാമ എങ്ങനെ ചെയ്യാം എന്ന് പഠിച്ചെടുത്തത്. ഓണ്‍ലൈനില്‍ നിരവധി വീഡിയോസ് കിട്ടും. പക്ഷേ അതേ പോലെ നമുക്ക് പകര്‍ത്താന്‍ പറ്റില്ല. കാലാവസ്ഥയുടെ പ്രശ്‌നങ്ങുണ്ടാവും.. മാത്രവുമല്ല നമ്മള്‍ കുറച്ച് ക്രിയേറ്റീവ് ആയി മാറ്റം വരുത്തുകയും വേണമല്ലോ,” പ്രിന്‍സ് പറയുന്നു.

ചൂടും ഈര്‍പ്പവും നിറഞ്ഞ കേരളത്തിന്‍റെ കാലാവസ്ഥയില്‍ ജപ്പാന്‍കാരുടെ കൊക്കഡാമ പാഠങ്ങള്‍ അതേപോലെ പകര്‍ത്തിയപ്പോള്‍ വിജയം കണ്ടില്ല.

കൊക്കഡാമ. ഫോട്ടോ: ഫേസ്ബുക്ക്/ പ്രിന്‍സ് കുമ്പുക്കാടന്‍

മണ്ണുകുഴച്ച് ഗോളാകൃതിയിലാക്കി അതിന് മുകളില്‍ പ്രത്യേകതരം പായല്‍ പിടിപ്പിച്ച് അതിനുള്ളില്‍ ചെടികള്‍ നടുന്നതാണ് കൊക്കഡാമയുടെ രീതി.

“അത്തരത്തിലുള്ള പായല്‍ കിട്ടാന്‍ പാടാണ്. കൊക്കഡാമയ്ക്ക് ഈര്‍പ്പം നിലനിര്‍ത്തണം. അങ്ങനെ ചകിരിച്ചോറും ചാണകവും ഉപയോഗിച്ചുനോക്കി. മണ്ണ് വളരെ കുറച്ചുമാത്രം ഉപയോഗിച്ചു. ആ പരീക്ഷണം വിജയിച്ചു,” പ്രിന്‍സ് വിശദമാക്കുന്നു.

ഇതുകൂടി വായിക്കാം: കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു


“പീറ്റ് മോസ് (Peat Moss) ഇന്റര്‍നെറ്റില്‍ വാങ്ങാന്‍ കിട്ടും. ഒരിക്കല്‍ അത് പരീക്ഷിച്ചു. ഒരു ലിറ്ററിന് 450 രൂപയായിരുന്നു വില. ഒരു ലിറ്റര്‍് കൂടിവന്നാല്‍ രണ്ട് കൊക്കഡാമ ഉണ്ടാക്കാം. അത് ചെലവേറിയതാണ്,” അദ്ദേഹം പറഞ്ഞു.

“നമ്മുടെ ഹൈറേഞ്ചില്‍ പോയാല്‍ ഇതിനുപറ്റിയ പായല്‍ കിട്ടും. അവിടം വരെ വണ്ടിയോടിച്ച് പോണം. ചിലപ്പോള്‍ കിട്ടിയില്ലെന്നും വരും.”

കൊക്കഡാമ. ഫോട്ടോ: ഫേസ്ബുക്ക്/ പ്രിന്‍സ് കുമ്പുക്കാടന്‍
വണ്ടിയോടിക്കുക എന്നാല്‍ പ്രിന്‍സിന് ബുള്ളറ്റിലുള്ള യാത്രയാണ്.

കുമ്പഴയില്‍ നിന്നും കാര്‍ത്തികപ്പിള്ളിയിലെ സ്‌കൂളിലേക്ക് (53 കിലോമീറ്റര്‍) ദിവസവും ബുള്ളറിലാണ് പ്രിന്‍സിന്‍റെ യാത്ര. ബൈക്ക് റൈഡേഴ്‌സിന്‍റെ ഒരു സംഘമുണ്ട് പത്തനംതിട്ടയില്‍, അതില്‍ സജീവാംഗവുമാണ്.


ഇതുകൂടി വായിക്കാം: ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്


കൊക്കഡാമയിലേക്ക് മടങ്ങാം. നടാനുള്ള ചെടി തെരഞ്ഞടുത്ത ശേഷം അതിന്റെ വേരുകള്‍ക്കുചുറ്റും മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേര്‍ത്ത് പിടിപിപ്പിച്ച് ഒരു പന്തുപോലെ ഉരുട്ടിയെടുക്കണം. ആ മിശ്രിതം ഉതിര്‍ന്നുപോകാതിരിക്കാന്‍ നൈലോണ്‍ നൂലുകൊണ്ടോ മറ്റോ ചുറ്റണം. അതിന് മുകളിലാണ് പായല്‍ പൊതിഞ്ഞുപിടിപ്പിക്കേണ്ടത്.

“സെന്‍സിറ്റീവ് അല്ലാത്ത ഏത് ചെടിയും കൊക്കഡാമ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. ഈര്‍പ്പം കൂടിയാല്‍ അഴുകിപ്പോകാത്ത ചെടികള്‍ തെരഞ്ഞെടുക്കാം,” പ്രിന്‍സ് പറയുന്നു.

ഈ കലാധ്യാപകന്‍റെ വീടിനുചുറ്റും ഇത്തിരിമുറ്റത്തും കക്കഡാമ നിറഞ്ഞു നില്‍ക്കുന്നു.

കൊക്കഡാമ. ഫോട്ടോ: ഫേസ്ബുക്ക്/ പ്രിന്‍സ് കുമ്പുക്കാടന്‍

തൂക്കിയിടാവുന്നവയാണ് അവയെല്ലാം. പന്നല്‍ച്ചെടികളും ഇലച്ചെടികളും മാത്രമല്ല, ഓര്‍ക്കിഡുകളും പ്രിന്‍സ് കോക്കഡാമ രൂപത്തില്‍ ഒരുക്കിയെടുത്തിട്ടുണ്ട്.


ഇതുകൂടി വായിക്കാം: ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു?


“ജപ്പാന്‍കാര്‍ ചെയ്യുന്നത് അതേപോലെ കോപ്പി ചെയ്യാതെ വ്യത്യസ്തമായി എങ്ങനെ ചെയ്യാമെന്നാണ് ആലോചിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. ഈ ഗാര്‍ഡന്‍ ആര്‍ട്ട് പലതരത്തില്‍ ഉപയോഗപ്പെടുത്താം. പാത്രങ്ങളില്‍ വെച്ച് അലങ്കരിക്കാം, അതുമല്ലെങ്കില്‍ പെയിന്‍റിങ്ങ് പോലെ ഉണ്ടാക്കിയെടുക്കാം,” പ്രിന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.

കൊക്കഡാമ ഉപയോഗിച്ചുകൊണ്ട് ഒരു വലിയ ബുദ്ധന്‍റെ രൂപം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് പ്രിന്‍സ്.

കൊക്കഡാമ. ഫോട്ടോ: ഫേസ്ബുക്ക്/ പ്രിന്‍സ് കുമ്പുക്കാടന്‍

ഒരു പക്ഷേ, അധികം വൈകാതെ പ്രിന്‍സിന്‍റെ കൊക്കഡാമ ഇന്‍സ്റ്റലേഷന്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ഇടം പിടിച്ചേക്കാം. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം.

“കൊക്കഡാമ ചെയ്യുന്ന നിരവധി പേരുണ്ട്. പക്ഷേ, ഇന്‍സ്റ്റലേഷന്‍ ആരും ചെയ്തിട്ടില്ല. അവര്‍ക്ക് (ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്) ഒരു അപേക്ഷ അയച്ചിട്ടുണ്ട്. അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്,” പ്രിന്‍സ് വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം: തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് വേണ്ട: പ്രചാരണത്തിന് ഓഗ്മെന്‍റഡ് റിയാലിറ്റി മൊബൈല്‍ ആപ്പുമായി യുവ ടെക്കികള്‍

കൊക്കഡാമ പഠിക്കാന്‍ ജപ്പാനിലൊന്നും പോവേണ്ട. പ്രിന്‍സ് നിങ്ങളെ സഹായിക്കാന്‍ തയ്യാറാണ്. യൂട്യൂബില്‍ ഗാര്‍ഡനിങ്ങുമായി ബന്ധപ്പെട്ട് ചില വീഡിയോകളും അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്.

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം