“എല്ലാം ഞാന്‍ പ്ലാന്‍ ചെയ്ത പോലെ നടന്നിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല,” 45-കാരനായ ബി മുരുകന്‍ പറയുന്നു.
1992-ല്‍ പത്താംക്ലാസ്സ് പരീക്ഷയില്‍ മുരുകന്‍ തോറ്റു. അന്നാണ് ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത്.
27 വര്‍ഷങ്ങള്‍ക്കിപ്പുറം മുരുകന്‍റെ സംഘടന വീടും അഭയവുമില്ലാത്ത നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമാണ്, അവര്‍ക്ക് എല്ലാ ആഴ്ചയും ഭക്ഷണം കൊടുക്കുന്നു.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
ജീവിതം മാറ്റിമറിച്ച ആ ദിവസത്തെപ്പറ്റി മുരുകന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“എന്നെക്കൊണ്ടാവുന്ന പോലെയൊക്കെ ഞാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഞാന്‍ പരീക്ഷയില്‍ തോറ്റു. എനിക്കത് താങ്ങാനായില്ല. ഞാന്‍ മൂന്നൂറുരൂപയുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങി.
“ബസില്‍ കയറി എങ്ങോട്ടെങ്കിലും പോകണം, ബസ് ചെന്നുനില്‍ക്കുന്ന സ്ഥലത്ത് ഇറങ്ങി അവിടെ ഞാന്‍ ആത്മഹത്യ ചെയ്യും,” ഇതായിരുന്നു തീരുമാനം.
മുരുകന്‍ കയറിയ ബസ് കോയമ്പത്തൂരിലെ സിരുമുഗൈയിലാണ് ചെന്നുനിന്നത്, ചെന്നൈയിലെ വീട്ടില്‍ നിന്നും ഏകദേശം 500 കിലോമീറ്റര്‍ അകലെ.
ബസിലിരുന്ന സമയമത്രയും പരീക്ഷയിലെ പരാജയവും നിരാശയും മാത്രമായിരുന്നു മുരുകന്‍റെ മനസ്സില്‍. തോല്‍വിയുടെ വേദനയും കയ്പും ഉള്ളില്‍ നിന്ന് തികട്ടി വന്നുകൊണ്ടേയിരുന്നു.
“എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് തോന്നി. പുലര്‍ച്ചെ രണ്ടുമണി. ഞാന്‍ സിരുമുഗൈയിലെ ഫുട്പാത്തിലിരിക്കുകയായിരുന്നു. അവിടെ ഒരു വയസ്സായ ചെരുപ്പുകുത്തി ആ രാത്രി എനിക്ക് അഭയം നല്‍കി. ഫുട്പാത്തില്‍ കിടന്നുറങ്ങുന്ന നിസ്സഹായരായ ഒരുപാട് പേരെ ഞാന്‍ കണ്ടു…
“ഇതുപോലുള്ള മനുഷ്യര്‍ക്കുവേണ്ടി ജീവിക്കണമെന്നും ജീവിതം അവസാനിപ്പിക്കുന്നത് തെറ്റായിരിക്കുമെന്നും എനിക്ക് പെട്ടെന്ന് തോന്നി,” മുരുകന്‍ പറയുന്നു.
ആ നിമിഷത്തിലാണ് മുരുകന്‍റെ ജീവിതം മാറുന്നത്.
“ആ രാത്രി ഞാനൊരിക്കലും മറക്കില്ല.., എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ എനിക്കഭയം തരികയും എന്‍റെ ജീവന്‍ രക്ഷിക്കുകയും ചെയ്ത ആ പ്രായം ചെന്ന മനുഷ്യനേയും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” പിറ്റേന്ന് സിരുമുഗൈ ബസ് സ്റ്റോപ്പിനടുത്തായി കിടന്നുറങ്ങിയിരുന്ന ഭിക്ഷക്കാരെല്ലാം ചേര്‍ന്ന് പിരിവിട്ട് എനിക്ക് ചെന്നൈയിലേക്ക് തിരിച്ചുപോവാനുള്ള പണം തന്നു. പക്ഷേ, ഞാനത് വാങ്ങിയില്ല.
“സിരുമുഗൈയില്‍ തന്നെ തുടരാനും അവിടെയുള്ളവര്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു.”
സിരുമുഗൈയില്‍ എന്തെങ്കിലും പണി കിട്ടുമോ എന്ന് മുരുകന്‍ അന്വേഷിച്ചു. ആദ്യം ഒരു ഹോട്ടലില്‍ മേശ തുടയ്ക്കാനും വൃത്തിയാക്കാനും നിന്നു. “എനിക്കവിടെ മൂന്ന് നേരം ഭക്ഷണം കിട്ടി. അതുകൊണ്ട് ഞാനവിടെ നിന്നു പണിയെടുത്തു. ഞാന്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കുമായിരുന്നു. അടുത്തുള്ള കുളത്തില്‍ പോയി കുളിച്ച് വൃത്തിയാവും. എന്നിട്ട് പണി തുടങ്ങും. ആറുമാസം അങ്ങനെ തുടര്‍ന്നു. പിന്നെയെനിക്ക് രാവിലെ പത്രം വിതരണം ചെയ്യുന്ന പണി കിട്ടി. അങ്ങനെയങ്ങനെ, കിട്ടിയ പണിയൊക്കെ ഞാനെടുത്തു.”
2006 ആയപ്പോള്‍ ഇങ്ങനെ പല പണികളും മുരുകന് നല്‍കിക്കൊണ്ടിരുന്ന കമ്പനി പൂട്ടിപ്പോയി. അപ്പോള്‍ അദ്ദേഹം ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തു. ഓട്ടോ ഓടിക്കാന്‍ തുടങ്ങി.
ഓട്ടോ ഓടിച്ച് കിട്ടിയ പണം ഞാന്‍ വീടില്ലാത്തവര്‍ക്കു ഭക്ഷണം കൊടുക്കാന്‍ മാറ്റിവെച്ചു.
അന്ന് മാസം മൂവായിരം രൂപവരെ കിട്ടുമായിരുന്നു. അതില്‍ ഒരുപങ്കെടുത്ത് പച്ചക്കറിയും അരിയും പരിപ്പുമൊക്കെ വാങ്ങിക്കും. അടുത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള ഒരു സ്‌കൂളുണ്ട്. അവിടെ കൊണ്ടുപോയി അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും, അതായിരുന്നു തുടക്കം.
മുരുകന്‍ ജോലികള്‍ മാറിക്കൊണ്ടിരുന്നു. അതുകൊണ്ടൊന്നും വിശക്കുന്ന പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തിയില്ല. അവരുടെ എണ്ണം കൂടിവന്നതേയുള്ളൂ.
മുരുകന് ചെയ്യുന്നത് കണ്ട് ആറ് കൂട്ടുകാരും ഒപ്പം ചേര്‍ന്നു. അവര്‍ നൂറ് രൂപവീതം കൊടുക്കാന്‍ തുടങ്ങി. അങ്ങനെ, 2008-ല്‍ മുരുകന്‍ നിഴല്‍ മയ്യം എന്ന സംഘടന രൂപികരിച്ചു. വീടില്ലാത്തവര്‍ക്ക് ഒരു തണല്‍ എന്നായിരുന്നു ഉദ്ദേശം.
പതിയെപ്പതിയെ സംഘടനയ്ക്ക് പിന്തുണ ഏറിവന്നു. ഇന്ന് നിഴല്‍ മയ്യം 1,300-ലധികം ആള്‍ക്കാര്‍ക്ക് വീട്ടിലുണ്ടാക്കിയ ചോറും സാമ്പാറും പ്രഭാതഭക്ഷണവുമൊക്കെ വിശപ്പുമാറുന്നതുവരെ നല്‍കുന്നു, എല്ലാ ഞായറാഴ്ചയും!
ഇതുകൂടി വായിക്കാം: 40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്‍; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’
“തിങ്കള്‍ മുതല്‍ വെള്ളി വരെ ഞങ്ങള്‍ പണമുണ്ടാക്കാന്‍ പണിയെടുക്കും. ബാക്കി രണ്ടു ദിവസം 25 അഭയകേന്ദ്രങ്ങളിലെ മനുഷ്യര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നീക്കിവെയ്ക്കും,” മുരുകന്‍ വിശദീകരിക്കുന്നു. “ഞായറാഴ്ചയാണ് വിതരണം. എന്‍റെ ഭാര്യയും രണ്ട് കുട്ടികളും ഇതില്‍ പൂര്‍ണമായും സഹായിക്കും.”
ഇത്രയും ആള്‍ക്കാര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള പണമൊക്കെ കിട്ടുമോ?
“ഒരുപാട് സുമനസ്സുകള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട്,” മുരുകന്‍ പറഞ്ഞു. “എന്‍റെ പഴയൊരു മുതലാളിയുണ്ട്, ഷബ്ബീര്‍ ഇമാനി–ദൈവമാണ് അദ്ദേഹത്തെ ഇങ്ങോട്ട് അയച്ചത്. അദ്ദേഹം എല്ലാ മാസവും പണം തരും.”
ഭക്ഷണം വെയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാത്രം മുരുകന്‍ ഏകദേശം 20,000 രൂപ ചെലവാക്കുന്നുണ്ട്. ഒരാള്‍ ഒറ്റയ്ക്ക് തുടങ്ങിയ ഭക്ഷണ വിതരണത്തിന് ഇപ്പോള്‍ 50-ലധികം സന്നദ്ധപ്രവര്‍ത്തകരുടെ പിന്തുണയുണ്ട്.
സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് മുരുകന്‍ ഇത്രകൂടി പറഞ്ഞു: “നമ്മള്‍ വിചാരിച്ചുവെച്ചിരിക്കുന്നതിനേക്കാള്‍ എത്രയോ അധികം നമ്മളെക്കൊണ്ട് പ്രയോജനമുണ്ടാകാമെന്ന് മനസ്സിലാക്കാന്‍ നമുക്കെല്ലാം ആ ഒരു വഴിത്തിരിവുണ്ടാവണം. പിന്നെ, ആ ഒരൊഴുക്കിലങ്ങോട്ട് പോകാന്‍ നമ്മള്‍ സ്വയം അനുവദിച്ചാല്‍ മാത്രം മതി.”
ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’
ഒരു നേരത്തെ ഭക്ഷണം മാത്രം. പക്ഷേ, ഒരുപാടുപേര്‍ക്ക് അത് ആഴ്ചയില്‍ വയറുനിറച്ചുണ്ണുന്ന ഒരേയൊരു നേരമായിരിക്കാം.
***
മുരുകനുമായി ബന്ധപ്പെടാനും ആ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ ഈ നമ്പറില്‍ വിളിക്കാം. +9198650 93251
വിവിധ സംഘടനകളുമായും കോളെജുകളുമായും ചേര്‍ന്ന് മരത്തൈകള്‍ നടുന്നതിനും നിഴല്‍ മയ്യം മുന്‍കൈ എടുക്കുന്നു. നിഴല്‍ മയ്യത്തിന്‍റെ ഫേസ്ബുക്ക് പേജിലും ബന്ധപ്പെടാം.