“…പക്ഷേ, അന്നുണ്ടായിരുന്നതൊക്കെയും ഇന്നും കൂടെയുണ്ട്. എന്‍റെ സന്തോഷങ്ങളും സ്വപ്നങ്ങളുമെല്ലാം”: ഷൂട്ടിങ്ങില്‍ സ്വര്‍ണം വാരിക്കൂട്ടി സിദ്ധാര്‍ഥ്, ഇനി ലക്ഷ്യം പരാലിംപിക്സ് മെഡല്‍

വാഹനാപകടത്തില്‍ ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട സിദ്ധാര്‍ഥ് സംസ്ഥാന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. ഒന്നോ രണ്ടോ തവണയല്ല. ഓപ്പണ്‍ കാറ്റഗറിയില്‍ തുടര്‍ച്ചയായി നാലുവട്ടം!

ചീറിപ്പാഞ്ഞു പോകുന്ന ബൈക്കും കാറുമൊക്കെ എന്നും ആവേശമായിരുന്നു സിദ്ധാര്‍ത്ഥിന്. സൂപ്പര്‍ഹീറോസിന്‍റെ കഥകളായിരുന്നു ചെറുപ്പത്തിലേ ഇഷ്ടം.

ഇടിയും കുത്തും വെടിവയ്പ്പും ഓട്ടവും ചാട്ടവും കാര്‍ റേസും ബൈക്ക് റേസും… പലരെയും പോലെ സിദ്ധാര്‍ഥിന്‍റെ കുട്ടിക്കാലവും ഇങ്ങനെയൊക്കെയുള്ള വികൃതിത്തരങ്ങള്‍ നിറഞ്ഞതായിരുന്നു.

വലുതാകുമ്പോള്‍ ഇതൊക്കെ മാറുമെന്നാണ് അച്ഛനും അമ്മയും കരുതിയത്. മറന്നില്ലെന്നു മാത്രമല്ല, കമ്പം കൂടുകയും ചെയ്തു.


 അടിയും കുത്തും വെടിവെപ്പുമൊന്നുമില്ലാത്ത ഒരുപാട് നാടന്‍ കളികളും പ്രകൃതി സൗഹൃദ കളിപ്പാട്ടങ്ങളുമുണ്ട് ഇവിടെ. കണ്ടുനോക്കൂ. shop.thebetterindia.com

“വീട്ടില്‍ എല്ലാവരും പഠിപ്പിസ്റ്റുകളായിരുന്നു. അച്ഛന്‍ (ജെ സി ബാബു) എഴുത്തുകാരനുമായിരുന്നു. വായനയൊക്കെയാണ് വീട്ടിലെ എല്ലാവരുടെയും ഇഷ്ടങ്ങള്‍,” സിദ്ധാര്‍ഥ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

സിദ്ധാര്‍ഥ് ബാബു

“തിരുവനന്തപുരമാണ് സ്വദേശം. അച്ഛനും അമ്മ (കൗസല്യ)യും മരിച്ചതോടെ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇപ്പോ നാട്ടില്‍ ചേച്ചി സുമിത്ര മാത്രമേയുള്ളൂ. ബിഎസ്എന്‍എല്ലില്‍ എന്‍ജിനീയറാണ്. ചേച്ചിയുടെ കല്യാണമൊക്കെ കഴിഞ്ഞു. ശ്രീകാര്യത്തിനടുത്താണ് താമസം.”

സിദ്ധാര്‍ഥ് പത്താംക്ലാസ് വരെ പഠിച്ചത് തിരുവനന്തപുരത്തെ മോഡല്‍ ബോയ്സ് ഹൈസ്കൂളിലാണ്. ആര്‍ട്ട്സ് കോളെജില്‍ നിന്നു പ്രീ ഡിഗ്രി കഴിഞ്ഞ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റേഡിയോളജിക്കല്‍ ടെക്നോളജി പഠിച്ചു. “ഇതിനിടയില്‍ കരാട്ടെയൊക്കെ പഠിക്കാന്‍ തുടങ്ങിയിരുന്നു. 1994-ലാണ് കരാട്ടെ പഠിക്കാന്‍ തുടങ്ങുന്നത്,” എന്ന് സിദ്ധാര്‍ഥ്.

കോളെജില്‍ പഠിക്കുന്ന നാളിലാണിത്. ഇതിനോടൊക്കെ വീട്ടില്‍ ആര്‍ക്കും അത്ര ഇഷ്ടമൊന്നുമില്ലായിരുന്നു.

“…ആദ്യനാളില്‍ ആരും പിന്തുണച്ചില്ല. പിന്നെ മെഡലൊക്കെ കിട്ടി തുടങ്ങിയതോടെ അത്ര മോശമല്ലെന്നു മനസിലായി,” സിദ്ധാര്‍ഥ് പറയുന്നു.

കൂട്ടുകാര്‍ക്കൊപ്പം ഒരുല്ലാസയാത്ര: ഫോട്ടോയ്ക്ക് കടപ്പാട്: ഗണേശ് മോഹന്‍/ ഫേസ്ബുക്ക്

“മൂന്നു വര്‍ഷം കൊണ്ട് കരാട്ടെയില്‍ സ്റ്റേറ്റ്, നാഷണല്‍ ചാംപ്യനായി. കിക് ബോക്സിങ്ങില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയിട്ടുണ്ട്. പിന്നെ കുറച്ചു കാലം ജവഹര്‍ ബാലഭവനില്‍ കരാട്ടെ ഇന്‍സ്ട്രക്റ്ററായിരുന്നു.”

മെഡിക്കല്‍ കോളെജില്‍ നിന്നിറങ്ങിയ ശേഷം കുറച്ചു കാലം ആര്‍സിസിയില്‍   റേഡിയോളജിസ്റ്റായി ജോലി ചെയ്തു.  ആയിടക്കാണ് അപകടം നടക്കുന്നത്. സിദ്ധാര്‍ത്ഥ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒരു കാര്‍ വന്നിടിച്ചു. വെള്ളയമ്പലത്ത് വച്ചുണ്ടായ അപകടത്തില്‍ സിദ്ധാര്‍ഥിന്‍റെ ശരീരം ഭാഗികമായി തളര്‍ന്നു.

“2002-ലായിരുന്നു. അപകടത്തില്‍ ജീവന്‍ തിരികെ കിട്ടിയെങ്കിലും നടക്കാനാകാതെ തളര്‍ന്നു പോയിരുന്നു,” സിദ്ധാര്‍ഥ് ആ സംഭവം ഓര്‍ക്കുന്നു.

“അതിരാവിലെയായിരുന്നു അപകടം. കാര്‍ വന്ന് ബൈക്കിലിടിക്കുകയായിരുന്നു. അങ്ങനെയൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല. അതൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ. ആ അപകടത്തിന്‍റെ കാരണങ്ങളോ കാരണക്കാരെയോ ഒന്നും അന്വേഷിക്കാനില്ല. ആ അപകടം എന്‍റെ ജീവിതത്തെ മാറ്റിയിട്ടൊന്നുമില്ല.


“ശരീരം തളര്‍ന്നു പോയി. ശരിയാ..പക്ഷേ അന്നുണ്ടായിരുന്നതൊക്കെയും ഇന്നും എന്‍റെ കൂടെയുണ്ട്. എന്‍റെ സന്തോഷങ്ങളും സ്വപ്നങ്ങളുമെല്ലാം ഇന്നും ഒപ്പമുണ്ട്.


“എനിക്ക് വ്യത്യാസം ഉണ്ടായതായി തോന്നുന്നില്ല. ജീവിതം എന്‍റെ കൂടെ തന്നെയുണ്ട്. എന്‍റെ ആഗ്രഹങ്ങളൊക്കെ സഫലമാക്കുന്നതിന് ഒന്നും തടസമാകില്ല.

“… മോട്ടോര്‍ സൈക്കിളിനോടൊക്കെ വലിയ കമ്പമായിരുന്നു. അന്നു മാത്രമല്ല ഇന്നും ആ ഇഷ്ടമുണ്ട്. പഴയ മോട്ടോര്‍ ബൈക്കിലിരുന്ന് വണ്ടിയോടിക്കുന്നതൊക്കെ ഇന്നും ഞാന്‍ സ്വപ്നം കാണാറുണ്ട്..”

ദേശീയ ഷൂട്ടിങ് മെഡലിസ്റ്റുകള്‍ക്കൊപ്പം. ഫോട്ടോ കടപ്പാട്: ഷാജിര്‍ കെ/ ഫേസ്ബുക്ക്

സിദ്ധാര്‍ഥ് സംസ്ഥാന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. ഒന്നോ രണ്ടോ തവണയല്ല, ഓപ്പണ്‍ കാറ്റഗറിയില്‍ തുടര്‍ച്ചയായി നാലു തവണയാണ് അദ്ദേഹം സ്വര്‍ണം നേടിയത്.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയില്‍ നടന്ന സംസ്ഥാന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ പ്രോണ്‍ റൈഫിളില്‍ സ്വര്‍ണം നേടിയാണ് സിദ്ധാര്‍ഥ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇക്കുറി റെക്കോഡോടു കൂടിയാണ്  സ്വര്‍ണം വെടിവെച്ചിട്ടത്.

ഓപ്പണ്‍ വിഭാഗത്തിലാണ് ഇത്തവണയും മത്സരിച്ചത്. ഓപ്പണ്‍ കാറ്റഗറിയില്‍ മത്സരിക്കുന്ന ആദ്യത്തെ പാരാലിമ്പിക്കാണ് സിദ്ധാര്‍ഥ്. ടി ബി ഐയുമായി സംസാരിക്കുമ്പോള്‍ 2020-ലെ പാരാലിമ്പിക്സിനായുള്ള പരിശീലന തിരക്കുകള്‍ക്കിലായിരുന്നു സിദ്ധാര്‍ഥ്.

“ഷൂട്ടിങ് എന്‍റെയൊരു പാഷനായിരുന്നു… എല്ലാ വികൃതിക്കുട്ടികളെ പോലെ തന്നെയായിരുന്നു ഞാനും. തോക്കും വെടിവയ്ക്കലും ബൈക്ക് ഓടിക്കലും സൂപ്പര്‍ഹീറോസിനെ ആരാധിക്കലുമൊക്കെ എനിക്കുമുണ്ടായിരുന്നു,” സിദ്ധാര്‍ഥ് കുട്ടിക്കാലം ഓര്‍ത്ത് ചിരിക്കുന്നു.

കുട്ടിക്കാലം തൊട്ടേ റൈഫിളിനോട് പാഷനുണ്ട്.  പക്ഷേ ഷൂട്ടിങ്ങ് പഠിക്കാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ ഒന്നും അന്ന് അവസരമുണ്ടായിരുന്നില്ല.

“തിരുവനന്തപുരത്ത് ഷൂട്ടിങ് ക്ലബ് ഒന്നുമില്ലായിരുന്നു. ഷൂട്ടിങ്ങിനെക്കുറിച്ചൊന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയുകയുമില്ലായിരുന്നു. ഇടുക്കിയില്‍ ഷൂട്ടിങ് ക്ലബ് ഒക്കെ വരുമ്പോഴാണ് പിന്നെ ഷൂട്ടിങ് പരിശീലനത്തെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്. അവിടെ ചേരാമെന്നൊക്കെ ആലോചിക്കുന്നത്.

“അക്കാലം വരെ ഷൂട്ടിങ് എളുപ്പമല്ലേ… എല്ലാവര്‍ക്കും ഷൂട്ട് ചെയ്യാല്ലോ.. എന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെയാണ് അതേക്കുറിച്ച് കൂടുതല്‍ അറിയുന്നതും ബുദ്ധിമുട്ടുകളൊക്കെ തിരിച്ചറിയുന്നതും.

“എനിക്ക് കോച്ച് ഒന്നും ഇല്ലായിരുന്നു. ഷൂട്ട് ചെയ്യുന്നതൊക്കെ ഞാന്‍ സ്വയം പഠിച്ചെടുക്കുകയായിരുന്നു.” സിദ്ധാര്‍ഥ് പറയുന്നു.

സ്വന്തമായൊരു കോച്ചില്ലാതിരുന്നിട്ടും സിദ്ധാര്‍ഥ് ഉയരങ്ങള്‍ ഒന്നൊന്നായി ഉന്നംവെച്ചു.

ഓപ്പണ്‍ കാറ്റഗറിയില്‍ മാത്രമല്ല പാരാലിമ്പിക്സ് ഷൂട്ടിങ്ങിലും ദേശീയ താരമാണ് സിദ്ധാര്‍ഥ്. പാരാലിമ്പിക്സ് 50 മീറ്റര്‍ പ്രോണ്‍ റൈഫിളില്‍ ദേശീയ തലത്തില്‍ സ്വര്‍ണവും പാരാലിമ്പിക്സ് വേള്‍ഡ് കപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.

2017-ല്‍ ബാങ്കോക്കില്‍ നടന്ന മത്സരത്തിലാണ് വെങ്കലം നേടിയത്. ഓപ്പണ്‍ കാറ്റഗറിയില്‍ സ്റ്റേറ്റ് ചാംപ്യന്‍ മാത്രമല്ല സൗത്ത് സോണ്‍ വിന്നറുമായിരുന്നു. ഓപ്പണ്‍ കാറ്റഗറിയില്‍ ദേശീയ തലത്തില്‍ സ്വര്‍ണം നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

” കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ കാറ്റഗറിയില്‍ സംസ്ഥാന ചാംപ്യനായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് അഭിനന്ദിച്ചു. പരിശീലനത്തിന് പോകണമെന്നും സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്നൊക്കെ അദ്ദേഹം പറഞ്ഞു,” സര്‍ക്കാരിന്‍റെ പിന്തുണ വലിയ ആവേശം നല്‍കിയെന്ന് സിദ്ധാര്‍ഥ്.

അഭിനന്ദനം മാത്രമല്ല വിദേശത്ത് പോയി പരിശീലനം നടത്താന്‍ പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

“വിദേശത്ത് പോയി ഒരു ഇന്‍റര്‍നാഷണല്‍ കോച്ചിന്‍റെ കീഴില്‍ പരിശീലിക്കാനും സാധിക്കുന്നത് സര്‍ക്കാര്‍ നല്‍കിയ  സഹായധനത്തിലൂടെയാണ്. ആദ്യമായി ഷൂട്ടിങ്ങിന് കോച്ചിങ്ങിന് പോകുന്നതും അങ്ങനെയാണ്.

കേണല്‍. രാജ്യവര്‍ദ്ധന്‍ റാഥോഡിനൊപ്പം: Photo: Sidharth Babu/Facebook

“റഷ്യയിലേക്കാണ് കോച്ചിങ്ങിന് പോകുന്നത്. ഇന്‍റര്‍നാഷണല്‍ താരം സെര്‍ഗീവ് മാര്‍ട്ടീനോവിന്‍റെ കീഴിലായിരുന്നു പരിശീലനം.


രണ്ട് വര്‍ഷം മുന്‍പാണത്. എന്‍റെ വലിയൊരു ആഗ്രഹമായിരുന്നു പ്രശസ്തനായ ഒരു കോച്ചിന് കീഴില്‍ ഷൂട്ടിങ് പ്രാക്റ്റീസ് ചെയ്യണമെന്നത്. ആ ആഗ്രഹം സഫലമായി.


“മാത്രമല്ല ഷൂട്ടിങ് താരങ്ങളില്‍ എന്നെ ആകര്‍ഷിച്ചൊരു കായികതാരമാണ് സെര്‍ഗീവ്. അദ്ദേഹത്തിനൊപ്പം പരിശീലിക്കാന്‍ സാധിച്ചതും വലിയൊരു കാര്യമല്ലേ,” സിദ്ധാര്‍ഥ് പറയുന്നു.

കട്ടമരത്തില്‍കയറി കടലില്‍ മീന്‍പിടുത്തം. Photo: Sidharth Babu/Facebook

ഷൂട്ടിങ്ങില്‍ ഇനിയും സ്വപ്നങ്ങളേറെയുണ്ട് ഈ ചെറുപ്പക്കാരന്. ” 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്സ് ഒളിപിക്സ്… അതാണ് എന്‍റെ ലക്ഷ്യം. അത്ര എളുപ്പമല്ല അതിലേക്കെത്തിപ്പെടുകയെന്നത്. ഒളിംപിക്സിലൊക്കെ പങ്കെടുക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള എക്വുപ്പെന്‍റ്സ് വേണം, കോച്ചിങ് വേണം. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് സാധിക്കുന്നില്ല.

“ഷൂട്ടിങ്ങിന് പോകുന്നതും കോളേജില്‍ പഠിക്കുന്നതുമൊക്കെ സാധാരണയുള്ളവരെക്കാള്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടാണല്ലോ. ഡ്രൈവ് ചെയ്യുന്നതും കാര്യങ്ങള്‍ സ്വയം ചെയ്യുന്നതുമൊക്കെ എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ല കാര്യങ്ങളല്ല.

“ബുദ്ധിമുട്ടുകളേറെയാണ്. ഇതിന്‍റെയൊക്കെ കൂടെ എന്‍റെ കാര്യങ്ങള്‍, കുക്കിങ്, ക്ലീനിങ്, തുണി കഴുകല്‍ ഇതൊക്കെ അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഞാന്‍ തന്നെയാണ് ചെയ്യുന്നത്,” സിദ്ധാര്‍ഥ് പറഞ്ഞു.

പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ: സിദ്ധാര്‍ഥ് കോപ്പര്‍ വാട്ടര്‍ബോട്ടിലുമായി

ഇതിന്‍റെയൊക്കെ ഒപ്പമാണ് ചെലവേറിയ ഷൂട്ടിങ് കോച്ചിങ്ങ്. പാരാലിമ്പിക്സ് മെഡല്‍ നേടണമെങ്കില്‍ സ്വയം പരിശീലനം കൊണ്ട് കഴിയില്ലെന്ന് സിദ്ധാര്‍ഥിന് അറിയാം. ഇന്‍റര്‍നാഷണല്‍ കോച്ചിന്‍റെ കീഴിലാകണം ട്രെയ്നിങ് കിട്ടേണ്ടത്. ഇതിനായി സ്പോണ്‍സര്‍മാരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ ഷൂട്ടിങ് താരം.

“കോച്ചിങ് സെന്‍ററിലേക്കുള്ള പോയ് വരവ്, മത്സരങ്ങള്‍ക്കു പോകുന്ന ചെലവ്. ഇതിനൊക്കെ നല്ല തുക തന്നെ വേണ്ടി വരും. ഇതിനൊപ്പം എക്യൂപ്പ്മെന്‍റസ് ഇടയ്ക്കിടെ അപ്ഗ്രേഡ് ചെയ്യണം.


ഇതുകൂടി വായിക്കാം: ‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്‍റെ അനുഭവങ്ങള്‍


“ഇതിനൊക്കെ വേണ്ടിയാണ് സ്പോണ്‍സര്‍മാര്‍ വേണ്ടത്. ഇപ്പോള്‍ രണ്ടു ഗ്രൂപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. മുത്തൂറ്റും വി ഗാര്‍ഡ് ഗ്രൂപ്പൂമാണ് സ്പോണര്‍സര്‍മാര്‍. ആറു മാസമായിട്ടുള്ളൂ ഇവര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

കടലില്‍ നിന്നും ഒക്ടോപസിനെ പിടിച്ചതിന്‍റെ സന്തോഷം.

“നല്ല ചെലവേറിയതാണല്ലോ ഷൂട്ടിങ്ങ് പരിശീലനവും മത്സരവുമൊക്കെ. കൂടുതല്‍ സ്പോണ്‍സര്‍മാരെ കിട്ടുകയാണെങ്കില്‍ കരിയറിന് ഗുണം ചെയ്യും,” എന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.

“ഞാന്‍ തന്നെയാണ് ഇതുവരെ എന്‍റെ കോച്ചിങ്ങിനും റൈഫിള്‍ വാങ്ങുന്നതിനും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനുമൊക്കെയുള്ള പണം കണ്ടെത്തിയിരുന്നത്.

“പക്ഷേ ഒളിംപിക്സ് പോലൊരു മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരാ.. സ്പോണ്‍സര്‍മാരെ കിട്ടുകയാണെങ്കില്‍ അതെനിക്ക് പ്രയോജനപ്പെടും.

“മുത്തൂറ്റും വി ഗാര്‍ഡും ശരിക്കും വലിയ ഒരു ധൈര്യമാണ് കാണിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പാരാലിമ്പിക്സ് ആര് കാണാനാണ്.ഇതിലൂടെ അവര്‍ക്കെന്തെങ്കിലും ഗുണമുണ്ടാകുമോ എന്നൊക്കെ വേണമെങ്കില്‍ ചിന്തിക്കാമായിരുന്നല്ലോ.” ഭാഗ്യത്തിന് അവര്‍ പിന്തുണച്ചല്ലോയെന്നു സിദ്ധാര്‍ഥ്.

മെഡല്‍ ഉന്നംവെച്ച് കടുത്ത പരിശീലനത്തിലാണ് സിദ്ധാര്‍ത്ഥ്. “ദിവസവും അഞ്ചാറ് മണിക്കൂര്‍ പ്രാക്റ്റീസ് ചെയ്യാറുണ്ട്. മറ്റ് കായിക ഇനങ്ങളാണെങ്കില്‍ കുറച്ചു കൂടുതല്‍ ശക്തിയിലോ കാണികള്‍ നല്‍കുന്ന കൈയടിയുടെ ആവേശത്തിലോ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും.

മീന്‍ പിടിക്കാന്‍ ആഴക്കടലിലേക്ക്. Photo: Sidharth Babu/Facebook

“ഇനിയിപ്പോ മുന്നില്‍ ഓടുന്ന ആളെ കണ്ടിട്ടോ സഹകളിക്കാരനെ കണ്ടിട്ടോ ഒക്കെ നമുക്ക് നമ്മുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്താം. വേഗം കൂട്ടാം. സാധാരണ കായിക ഇനങ്ങളിലൊക്കെ ഇങ്ങനെ സാധിച്ചേക്കും. എന്നാല്‍ ഇവിടെ ഷൂട്ടിങ്ങില്‍ അതൊന്നും പറ്റില്ലല്ലോ.

“ഒന്നാമതെത്താം എന്നു കരുതി കൂടുതല്‍ ബലം പിടിക്കുകയോ ഒച്ചയെടുക്കുകയോ ചെയ്തിട്ട് കാര്യമില്ല. പരമാവധി സമാധാനത്തോടെ മനസിനെ ഏകാഗ്രതയോടെ നിറുത്തിയാല്‍ മാത്രമേ ഷൂട്ടിങ്ങില്‍ വിജയിക്കാനാകൂ. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റൂ. ശാന്തമായി ചെയ്യാം. അത്രേയുള്ളൂ. സഹമത്സരാര്‍ഥിയെ നോക്കിയൊന്നും ഷൂട്ടിങ്ങില്‍ ചെയ്യാനാകില്ല. ഓരോ ഷൂട്ടിലും നമ്മള്‍ നമ്മളെ തന്നെ ബെറ്ററാക്കി കൊണ്ടിരിക്കണം. അത്രയേ പറ്റൂ,” എന്ന് സിദ്ധാര്‍ഥ്.

‘പഠിപ്പിസ്റ്റൊ’ന്നുമല്ലെന്നൊക്കെ പറയുമെങ്കിലും പഠനത്തിന്‍റെ കാര്യത്തില്‍ പുറകിലൊന്നുമല്ല ഈ ചെറുപ്പക്കാരന്‍. തിരുവനന്തപുരം എന്‍ജിനീയറിങ് കോളെജില്‍ നിന്നു ബിസിഎയും എംസിഎയുമെടുത്തിട്ടുണ്ട്. അപകടമൊക്കെ കഴിഞ്ഞായിരുന്നു അത്.

“അപകടത്തിന് ശേഷം കോളെജില്‍ പഠിച്ചത് ജീവിതത്തിലെ ടേണിങ് പോയിന്‍റായിരുന്നു. കോഴ്സിന് ശേഷം കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് പൂര്‍ണമായും ഷൂട്ടിങ്ങിലേക്ക് തിരിയുകയായിരുന്നു,” സിദ്ധാര്‍ഥ് പറയുന്നു.

“വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണിപ്പോള്‍. ഒക്റ്റോബറില്‍ നടക്കുന്ന പാരാലിമ്പിക് വേള്‍ഡ് ചാംപ്യന്‍ഷിപ്പാണിത്. ഇനി പങ്കെടുക്കാനുള്ള മത്സരം ഇതാണ്.

“സുഹൃത്തുക്കളുടെയും പഴയ സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെയാണ് മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ അലുമ്നിയായ സീറ്റയും സഹായിക്കുന്നുണ്ട്. ഫണ്ട് നല്‍കിയാണ് ഇവരൊക്കെ സഹായിക്കുന്നത്.

“കഴിഞ്ഞ മൂന്നര വര്‍ഷമായി ബെംഗളൂരുവില്‍ രാജരാജേശ്വരി നഗറിലാണ് താമസിക്കുന്നത്. കൂട്ടിന് ക്രയോണുണ്ട്. മത്സരവേദികളിലും ട്രെയ്നിങ്ങിനുമൊക്കെ പോകുമ്പോള്‍ ഇവനും കൂടെയുണ്ടാകും.നാലു വയസുള്ള നായയാണ് ക്രയോണ്‍.

ക്രയോണിനൊപ്പം സിദ്ധാര്‍ഥ്

എനിക്കൊപ്പം എവിടെയും വരാറുണ്ടല്ലോ ക്രയോണ്‍. അതുകൊണ്ട് എല്ലാവര്‍ക്കും ഇവനെ അറിയാം. അവനോടെന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറഞ്ഞാല്‍ അതൊക്കെ അവന്‍ ചെയ്യും. അതുകൊണ്ടു കുട്ടികള്‍ക്കും പ്രിയങ്കരനാണ് ക്രയോണ്‍, സിദ്ധാര്‍ഥ് പറയുന്നു.


ഇതുകൂടി വായിക്കാം: വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം


ബൈക്കിനോടും കാറിനോടുമൊക്കെ കമ്പമുള്ളതുകൊണ്ട് യാത്രകളും വലിയ ഇഷ്ടമാണ്.  ക്രയോണിനൊപ്പമാണ് യാത്രകള്‍ പോകാറുമുണ്ട്.  കാറില്‍ യാത്ര ചെയ്യാറുണ്ട്. ശരീരം തളര്‍ന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍ ഹാന്‍ഡ് കണ്‍ട്രോള്‍, സ്പോര്‍ട് വീല്‍ച്ചെയര്‍ ഇതൊക്കെ ഡിസൈന്‍ ചെയ്യുകയും നിര്‍മിക്കുകയും ചെയ്യാറുണ്ട് സിദ്ധാര്‍ഥ്.

***

ചിത്രങ്ങള്‍ക്ക് കടപ്പാട്: സിദ്ധാര്‍ത്ഥ് ബാബു, ഷാജിര്‍ കെ, ഗണേശ് മോഹന്‍

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം