‘ഹൗ ഓള്‍ഡ് ആര്‍ യു.’ സിനിമയില്‍ നിന്ന് ഏറെക്കാലെ മാറിനിന്ന മഞ്ജു വാര്യര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം. ഈ സിനിമ കണ്ട് ഒരു യുവാവ് ജോലി രാജിവച്ചു.
പാലക്കാട് ആലത്തൂരുകാരന്‍ സനല്‍ ആണ് സിനിമ കണ്ടതിനു പിന്നാലെ ടെക്നോപാര്‍ക്കിലെ ജോലിയും രാജിവച്ച് നാട്ടിലേക്ക് വണ്ടി കയറിയത്.
സിനിമാഭ്രാന്തനല്ല… സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതുമല്ല. സിനിമ കണ്ട് മറ്റൊരു ഭ്രാന്ത് കൂടെക്കൂടി–കൃഷി! കൃഷിക്കാരനാകണമെന്നെ ആഗ്രഹത്തോടെയാണ് ജോലിയും കളഞ്ഞ് നാട്ടിലേക്ക് പോകുന്നത്. ഈ പിരാന്തിനെല്ലാം വളംവെച്ചുകൊടുക്കാന്‍ ഭാര്യ ശ്രുതിയും.
ഭര്‍ത്താവിനോടൊപ്പം ശ്രുതിയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് പാലക്കാട്ടേക്ക് തിരിച്ചു.
ആലത്തൂര്‍ കിഴക്കേഞ്ചേരിയിലാണ് സനലിന്‍റെ വീട്. കുട്ടിക്കാലം തൊട്ടേ വീട്ടില്‍ കൃഷിയൊക്കെയുണ്ട്. അതൊക്കെ കണ്ടുവളര്‍ന്നതുകൊണ്ട് കൃഷി ചെയ്യാനുമറിയാം. ആ ധൈര്യത്തിലാണ് വാടക വീട്ടില്‍ ടെറസ് കൃഷി ആരംഭിക്കുന്നത്. ആ സമയത്താണ് ജൈവകൃഷിയെക്കുറിച്ച് പറയുന്ന മഞ്ജുവാര്യരുടെ സിനിമയും തിയെറ്ററുകളിലെത്തുന്നത്.
ആ സിനിമ കണ്ടതോടെ ഭീകരമായ അവസ്ഥയിലായിപ്പോയി എന്ന് സനല്‍. മനസ്സിൽ കൃഷി മാത്രമായി. ഒടുവില്‍, എതിർപ്പുകളെല്ലാം കണ്ടില്ലെന്നു നടിച്ചു. ടെക്നോപാര്‍ക്കിലെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് തൂമ്പായുമെടുത്ത് കൃഷിപ്പണിക്ക് ഇറങ്ങി.
ടെറസില്‍ കുറച്ച് പച്ചക്കറി നമുക്കും നട്ടുവെയ്ക്കാം. ഈ ഗ്രോബാഗുകള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: karnival.com
ഓഹരി വിപണിയുടെ കുതിപ്പും താഴ്ചയുമൊക്കെ ആവേശത്തോടെ നോക്കിയിരുന്ന എംകോംകാരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥനായ പി.സുന്ദരനാണ് അച്ഛന്‍. അമ്മയുടെ പേര്. രമാദേവി. ഒരു ചേട്ടനുണ്ട് സന്ദീപ്. ആള്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. നാലു വയസുള്ള മകനുണ്ട്, ആയുഷ്.
“ഞാനും സര്‍ക്കാര്‍ ജോലി നേടണമെന്നൊക്കെയാണ് ഇവരും ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്‍റെ ഇഷ്ടം ട്രേഡിങ്ങ് ആയിരുന്നു. കൃഷിയോട് കമ്പം തോന്നും മുന്‍പേ ആവേശം ഓഹരി വിപണിയോടായിരുന്നു.
“പണ്ട് മുതലേ പി എസ് സി എഴുതാനൊന്നും താത്പ്പര്യമുണ്ടായിരുന്നില്ല. സ്റ്റോക്ക് മാർക്കറ്റ് ആയിരുന്ന കൊണ്ടും പിന്നെ സർക്കാർ ജോലിയുടെ വഴിക്കൊന്നും പോയില്ലെന്നതാണ് നേര്.
“എംകോം ഫിനാൻസ് ആണ് പഠിച്ചത്. പഠിക്കുന്ന നാളിലാണ് ട്രേഡിങ്ങിലേക്ക് വരുന്നത്. അന്നത്തെ എന്‍റെ ജീവിതം സ്റ്റോക്ക് മാർക്കറ്റായിരുന്നു. അന്നൊക്കെ പാതിരാനേരം വരെ ഇതിൽ തന്നെയായിരിക്കും.
ഉറങ്ങുന്ന നേരമൊഴികെ ബാക്കി സമയങ്ങളില്ലെല്ലാം സ്റ്റോക്ക് മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ നോക്കിയിരിപ്പായിരുന്നു. 2005 മുതൽ 2012 വരെയൊക്കെ ഓഹരി വിപണിയില്‍ സജീവമായിരുന്നു.
“എംകോം ഫസ്റ്റ് ഇയറിലാണ് ട്രേഡിങ് സ്റ്റാർട്ട് ചെയ്യുന്നത്. വലിയ താത്പ്പര്യമുള്ള കൊണ്ട് അതേക്കുറിച്ച് നന്നായി പഠിക്കാൻ ശ്രമിച്ചു. ഫസ്റ്റ് സെമസ്റ്റർ പഠിക്കുന്ന ഞാന്‍ ഫോർത്ത് സെമസ്റ്ററിലെ പോർട്ടഫോളിയോ മാനേജ്മെന്‍റിനെ കുറിച്ചുള്ള പുസ്തകങ്ങളൊക്കെയാണ് ലൈബ്രറിയിൽ നിന്നെടുത്ത് പഠിച്ചത്.
“അത്രയ്ക്ക് ഇഷ്ടമായിരുന്നു. കുറേ അറിവ് വേണമെന്നുള്ളതു കൊണ്ടാണ് ഈ പുസ്തകങ്ങളൊക്കെയെടുത്ത് പഠിക്കുന്നത്. ഫോർത്ത് സെമസ്റ്ററിലെത്തിയപ്പോൾ എല്ലാം എളുപ്പമായിരുന്നു.
“പക്ഷേ വൈകാതെ മാർക്കറ്റിൽ നിന്നു ഔട്ടായിപ്പോയി. അങ്ങനെയാണ് ജോലിക്ക് ശ്രമിക്കുന്നത്. അറിയാവുന്നൊരു പണി ടെക്നിക്കൽ അനാലിസിസ് ആയിരുന്നു. ഗ്രാഫ് നോക്കി ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളെ പറ്റി നിർദ്ദേശങ്ങൾ നൽകുന്ന പണി.
“തിരുവനന്തപുരത്ത് ക്യാപ് സ്റ്റോക്ക് ആൻഡ് സെക്യൂരിറ്റിയിൽ റിസർച്ച് ഡിപ്പാർട്ട്മെന്‍റിലായിരുന്നു ആദ്യം. പിന്നീടാണ് ടെക്നോപാർക്കിലെ ആർ ആർ ഡോണ്‍ളിയിലേക്ക് വരുന്നത്. നാലു വർഷക്കാലം ഇവിടെയുണ്ടായിരുന്നു. ഫിനാൻസ് അനലിസ്റ്റ് ആയിരുന്നു.
“ആ സമയത്ത് പച്ചക്കറികളില്‍ കുറേ വിഷമടിക്കുന്നതിനെക്കുറിച്ചൊക്കെ വാര്‍ത്ത വന്നിരുന്നു.” ഇതു കൂടി കണ്ടതോടെയാണ് വീട്ടിലേക്കുള്ളതെങ്കിലും കൃഷി ചെയ്താലോ എന്നു ചിന്തിക്കുന്നതെന്നു സുനില്‍.
“ടെറസ് കൃഷിയിലൂടെയാണ് തുടക്കം. തിരുവനന്തപുരത്ത് ഞങ്ങള് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ മകളിലാണ് കൃഷി ചെയ്തത്. വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറി മാത്രമേയുള്ളൂ. പയർ, വെണ്ട, വഴുതന, പച്ചമുളക് ഒക്കെയുണ്ടായിരുന്നു.
ഇതുകൂടി വായിക്കാം: ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്‍പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്
“ഇരുപത് ഗ്രോ ബാഗുകൾ മാത്രം. വീട്ടിലേക്കുള്ളതു ഇതിലൂടെ കിട്ടും. കുറച്ചു കൂടുതല്‍ കിട്ടുമ്പോള്‍ അയല്‍ക്കാര്‍ക്കും ഫ്രണ്ട്സിനും കൊടുക്കുമായിരുന്നു. ഡ്രിപ്പിട്ടാണ് ചെടികൾ നനച്ചിരുന്നത്.
“ആയിടക്കാണ് ഹൗ ഓൾഡ് ആർ യൂ ഇറങ്ങുന്നത്. ഇതു കൂടി കണ്ടതോടെ എങ്ങനെയെങ്കിലും നാട്ടിൽ വന്നു കൃഷി ചെയ്യണമെന്നു ഉറപ്പിച്ചു,” അതോടെ സനല്‍ രാജിക്കത്ത് കൊടുത്ത് കൃഷിയിലേക്കിറങ്ങി.
എന്നാല്‍ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. നാലഞ്ച് മാസം വീട്ടിലും സ്വന്തക്കാരിലുമൊക്കെ അവതരിപ്പിച്ച് അനുവാദം വാങ്ങേണ്ട ഒരു സാഹചര്യമായിരുന്നു എന്ന് സനല്‍ പറയുന്നു. കൃത്യമായി ഒരു തുക മാസം കിട്ടിക്കൊണ്ടിരുന്നത് പെട്ടെന്ന് ഇല്ലാതാകുന്നു.
“ഇനി വരുമാനം കിട്ടോ എന്നു പോലും ഉറപ്പില്ലാത്ത ഒരു ജോലിയിലേക്കാണ് ഇറങ്ങാന്‍ പോകുന്നത്. സ്വാഭാവികമായി എതിര്‍പ്പുകളുണ്ടാകുമല്ലോ. ഇവിടെയും എതിര്‍പ്പുകളുണ്ടായി,” സനല്‍ പറയുന്നു.
“പക്ഷേ ശ്രുതി സപ്പോര്‍ട്ടായിരുന്നു. അവള് എതിര്‍ത്തിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതൊന്നും നടക്കിലായിരുന്നു.
“തീരുമാനം ഉറച്ചതായിരുന്നു. ഒടുവില്‍ വീട്ടുകാരും സമ്മതിച്ചു, നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെയെന്നു പറഞ്ഞു. ചേട്ടന്‍ സപ്പോര്‍ട്ടായിരുന്നു എല്ലാത്തിനും. ശ്രുതിയും ജോലി രാജിവച്ചു. നാട്ടിലേക്ക് തിരിച്ചു.”
തിരുവനന്തപുരത്ത് ടെറസ് കൃഷി ഒരു വര്‍ഷമേ അവര്‍ ചെയ്തുള്ളൂ. ടെറസിലായതു കൊണ്ട് എലപ്പുള്ളി രോഗവുമൊന്നും ഫംഗസ് ബാധയൊന്നും വേഗം ബാധിക്കില്ല. അതുകൊണ്ട് അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലെന്ന് ആ യുവ കര്‍ഷകന്‍ പറയുന്നു.
“കുറച്ച് അളവ് കൃഷിയല്ലേയുള്ളൂ. പിന്നെ പറമ്പിലേക്കിറങ്ങി കൃഷി ചെയ്യുമ്പോള്‍ കുറച്ച് കൈയും കാലുമിട്ട് അടിച്ചു. ജോലിയൊക്കെ വിട്ട് കൃഷിപ്പണിക്ക് ഇറങ്ങിയിട്ട് നാലു വർഷമായി.
“പച്ചക്കറിയും നെല്ലും തെങ്ങും വാഴയുമൊക്കെയുണ്ട്. പച്ചക്കറി ഒരേക്കറിലുണ്ട്. നെല്ല് 80 സെന്‍റിലും വാഴ ഒന്നര ഏക്കറിലുമുണ്ട്. ഒരു ഏക്കറില്‍ തെങ്ങും നട്ടിട്ടുണ്ട്. 40 സെന്‍റിലായി കുറച്ച് റബറുമുണ്ട്,” സനല്‍ കൃഷി വിശേഷങ്ങള്‍ പങ്കുവെച്ചു.
ഇതുകൂടി വായിക്കാം: നാല്‍പത് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ഉണ്ണിയുടെ ജീവിതം വഴിമാറിയതിന് പിന്നില്‍ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയാണ്
പല പറമ്പുകളിലായാണ് കൃഷി. പച്ചക്കറി മാത്രം വീടിനോടു ചേർന്നു പറമ്പിലാണ്. ബാക്കിയൊക്കെ അവിടെവിടെയാണ്.
ആലത്തൂർ ബ്ലോക്ക് കർഷകസമിതിയിലൂടെയും ഇക്കോ ഷോപ്പുകളിലൂടെയുമാണ് സനല്‍ ജൈവ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത്. അതുകൊണ്ട് വിപണിയുടെ കാര്യത്തില്‍ വേവലാതിയില്ല.
“മൾച്ചിങ് ഷീറ്റ് ഉപയോഗിച്ചുള്ള ഓപ്പൺ പ്രസിഷൻ ഫാമിങ്ങാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തൈ നട്ടു കഴിഞ്ഞാൽ പിന്നെ കള പറിക്കലോ ഒന്നും വേണ്ടി വരുന്നില്ല. ഡ്രിപ് ഇറിഗേഷനിലൂടെ നനയ്ക്കും.
“പത്തു ദിവസത്തിലൊരിക്കൽ വളമിടും. ഡ്രിപ് ഇറിഗേഷനിലൂടെ തന്നെയാണ് വളമിടുന്നതും. തൈകൾക്കിടയിലൂടെ നടക്കുന്ന വഴിയുണ്ടല്ലോ, അതിൽ മാത്രമേ പുല്ല് വളരൂ.. അതു മെഷീൻ ഉപയോഗിച്ച് വെട്ടിക്കളയും. പച്ചക്കറികൾക്ക് പന്തൽ കൃഷിയാണ് സ്വീകരിച്ചിരിക്കുന്നത്.
നാലു വർഷം മുൻപിട്ട സ്ഥിരം പന്തലാണിപ്പോഴുമുള്ളത്. കോൺക്രീറ്റ് പോസ്റ്റും തേക്കിൻ കാലുകളിട്ടാണ് പന്തലിന്‍റെ തൂണുണ്ടാക്കിയിരിക്കുന്നത്.
“ഇരുമ്പിന്‍റെ ചെറിയ കമ്പികളാണ് പടർത്തിയിരിക്കുന്നത്. ഭാരം താങ്ങുന്ന കമ്പികളാണിത്. അതുകൊണ്ട് മത്തൻ വരെ ഇവിടെ പന്തൽ കൃഷിയാണ് ചെയ്യുന്നത്. കമ്പികളിൽ മത്തൻ തൂങ്ങിക്കിടന്നോളൂം.
“പ്രത്യേകിച്ച് കുറേ തൊഴിലാളികളൊന്നും സഹായത്തിനില്ല. പറമ്പിലെ എല്ലാ പണികളും ഞാൻ തന്നെ ചെയ്യാറുണ്ട്. പിന്നെ പല കൃഷിപ്പണിക്കും യന്ത്രങ്ങളുടെ സഹായവുമുണ്ട്.
“അമ്മയും അച്ഛനും ശ്രുതിയുമൊക്കെ ഏതുനേരവും ഒപ്പമുണ്ട്. മേയ്-ഓഗസ്റ്റ്, സെപ്റ്റംബർ-ഡിസംബർ, ജനുവരി-ഏപ്രിൽ കാലങ്ങളിലായി മൂന്നു കൃഷിയാണ് നടക്കുന്നത്. 45-60 ദിവസത്തിനുള്ളിൽ വിളവെടുക്കാനുമാകും.
“വീട്ടിലേക്ക് ആവശ്യമായ ഒട്ടുമിക്കതും കൃഷി ചെയ്യുന്നുണ്ട്. അച്ഛൻ ജോലിയിൽ നിന്നു പെൻഷനായപ്പോൾ കിട്ടിയ പണത്തിന് കുറച്ച് സ്ഥലം വാങ്ങിയിട്ടു. ആ സ്ഥലത്താണ് ഇതൊക്കെ ചെയ്യുന്നത്. ഇങ്ങനെ ഭൂമിയുള്ളത് കൊണ്ട് തന്നെയാണ് ധൈര്യമായിട്ട് ജോലി രാജിവച്ച് വരാനും പറ്റിയത്,” ആ കര്‍ഷകന്‍ പറയുന്നു.
“അച്ഛൻ ജോലിയും കൃഷിയും ഒരുമിച്ചു കൊണ്ടുപോയി. അതുപോലെ ചെയ്തൂടെയെന്നാണ് എന്നോട് ചോദിച്ചത്.
“പക്ഷേ പച്ചക്കറി കൃഷിയൊക്കെയുണ്ടെങ്കിൽ പൂർണമായും അതിനൊപ്പം നമ്മളുണ്ടാകണം. ഇതിനൊക്കെയിടയിൽ നിൽക്കാതെ ഓടിക്കൊണ്ടേയിരിക്കുന്നു. ഇഷ്ടപ്പെട്ട ജോലിയായതു കൊണ്ടാണ് ഇതിൽ നിൽക്കുന്നത്. അല്ലെങ്കിൽ ചിലപ്പോൾ മനസ് മടുക്കും.
“24 മണിക്കൂറും പണിയെന്നു പറയുമ്പോൾ മടുപ്പൊക്കെ തോന്നുമല്ലോ. പക്ഷേ ഇപ്പോ സന്ധ്യയ്ക്ക് പണി കഴിഞ്ഞ് പാടത്ത് നിന്ന് കയറുമ്പോൾ, മനസിൽ നാളെ എന്ത് പണിയാണ് ചെയ്യാനുള്ളതെന്നാണ് ആലോചിക്കുന്നത്. മനസറിഞ്ഞു ചെയ്യുകയാണെങ്കിൽ കൃഷിയൊക്കെ എളുപ്പമല്ലേ,” എന്നാണ് സനല്‍ ചോദിക്കുന്നത്.
ടെക്നോപാർക്കിൽ കിട്ടിയിരുന്ന അതേ ശമ്പളം തന്നെ ഇന്നും കൃഷിയിലൂടെയുണ്ടാക്കുന്നുണ്ട് എന്നാണ് സനല്‍ പറയുന്നത്. പക്ഷേ, ഒരു വ്യത്യാസമുണ്ടിവിടെ, കുറച്ച് സമ്പാദിക്കാനാകുന്നുണ്ട്. അതുപറയുമ്പോള്‍ ആ യുവകര്‍ഷകന് വലിയ സന്തോഷം,
കൃഷിയ്ക്കൊപ്പം ബിസിനസ് കൂടി ആരംഭിച്ചിട്ടുണ്ട് സനലിപ്പോള്‍. ചകിരിച്ചോറ് ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇതു കേട്ടാല്‍ വന്‍ ബിസിനസ് ആണല്ലോ എന്നു തോന്നും. പക്ഷേ അത്രയ്ക്കൊന്നുമില്ലെന്നു സനല്‍ കൂട്ടിച്ചേര്‍ക്കുന്നു.
“ഞങ്ങളൊക്കെ കുഞ്ഞച്ചന്‍ എന്നു വിളിക്കുന്ന അച്ഛന്‍റെ അനിയനുണ്ട്. പേര് ദിവാകരന്‍. ആള് ഗള്‍ഫിലാണ്. കുഞ്ഞച്ചന്‍ വഴിയിയാണ് ജബല്‍അലി പോര്‍ട്ടിലേക്ക് ചകിരിച്ചോറ് അയക്കുന്നത്.
ഇതുകൂടി വായിക്കാം: ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്‍; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി
“നമ്മളെ എങ്ങനെയെങ്കിലുമൊക്കെ നന്നാക്കിയേ തീരു എന്നു പറയുന്ന കക്ഷിയാണ് കുഞ്ഞച്ചൻ. അതിന്‍റെ ഭാഗമാണ് ഈ എക്സ്പോർട്ട് ബിസിനസും. ചകിരിച്ചോറ് കിട്ടാൻ വഴിയുണ്ടോന്ന് കുഞ്ഞച്ചന്‍ ചോദിച്ചു, ഓ അതിനെന്താ നോക്കാമെന്നു ഞാനും പറഞ്ഞു.
“പൊള്ളാച്ചിയിൽ നിന്നാണ് എടുക്കുന്നത്. കൊച്ചി തുറമുഖം വഴിയാണ് ദുബായിയിലേക്ക് എത്തിക്കുന്നത്. സാധാരണ പത്ത് കണ്ടെയ്നർ എങ്കിലുമുണ്ടെങ്കിൽ അതൊരു വൻ ബിസിനസ് ആകൂ. നമ്മളിപ്പോ മൂന്നോ നാലോ കണ്ടെയ്നർ മാത്രമേ അയക്കുന്നുള്ളൂ. ഇതാരംഭിച്ചിട്ട് ആറേഴുമാസമായിട്ടേയുള്ളൂവെന്നും സനല്‍ പറയുന്നു.