തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്‍പന്നം ലോകശ്രദ്ധയിലേക്ക്

“ഞങ്ങളുടെ ചിന്തകള്‍ ഒരേ പോലെയായിരുന്നു. വേഗത്തില്‍ സൗഹൃദവുമായി. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കുന്നതിനോട് എനിക്കും ഇഷ്ടമായിരുന്നു. അങ്ങനെ കമ്പനി ആരംഭിക്കാമെന്ന തീരുമാനത്തോടെ ജോലി രാജിവെച്ചു.”

തേങ്ങാവെള്ളം കൊണ്ട് ബാഗ് ഉണ്ടാക്കാന്‍ പറ്റുമോ?

വല്ല സ്ക്വാഷോ വിനാഗിരിയോ ഉണ്ടാക്കാം…മണ്ടത്തരം പറയല്ലേ.

“പറ്റില്ലെന്നാരാ പറഞ്ഞത്!?”  സുസ്മിത്തും സൂസന്നയും ഒരേ സ്വരത്തില്‍ ചോദിക്കുന്നു.

ബാഗോ പഴ്സോ ഷൂസോ… എന്താ വേണ്ടത്. കണ്ടാല്‍ നല്ല കിടിലന്‍ ലെതറുകൊണ്ടുണ്ടാക്കിയ പോലെയിരിക്കുന്ന ഉത്പന്നങ്ങളുണ്ടാക്കാം. വെറും പറച്ചിലല്ല, അവര്‍ ചെയ്തു കാണിച്ചിട്ടുണ്ട്.


പ്രകൃതിയുമായി അടുത്തു ജീവിക്കാം, പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം:
Karnival.com

തേങ്ങാവെള്ളത്തില്‍ നിന്ന് ലെതറിന് ബദല്‍ കണ്ടെത്തിയിരിക്കുകയാണ് കോട്ടയംകാരനായ സുസ്മിത്തും സ്ലോവാക്യക്കാരിയായ സൂസന്നയും.   അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ സുഹൃത്തുക്കള്‍ വികസിപ്പിച്ചെടുത്ത ഉല്‍പന്നം.

“മലായ് എന്നാണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്.” സുസ്മിത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുകയാണ്.

സൂസന്നയും സുസ്മിത്തും

“തിരുവനന്തപുരം എന്‍ജിനീയറിങ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയിറങ്ങ് എടുത്തു. ഇതു കഴിഞ്ഞാണ് ഞാന്‍ ബെംഗളൂരുവിലേക്ക് പോകുന്നത്. പ്രൊഡക്റ്റ് ഡിസൈനിങ്ങില്‍ പിജിയെടുക്കാന്‍.

“ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എം ഡിസൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജോലി കിട്ടി മുംബൈയിലെത്തുന്നത്. സൂസന്നയെ പരിചയപ്പെടുന്നതും മുംബൈയിലെ ഈ കമ്പനിയില്‍ നിന്നാണ്.

“ഞങ്ങളുടെ ചിന്തകള്‍ ഒരേ പോലെയായിരുന്നു. വേഗത്തില്‍ സൗഹൃദവുമായി. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കുന്നതിനോട് എനിക്കും ഇഷ്ടമായിരുന്നു. അങ്ങനെ കമ്പനി ആരംഭിക്കാമെന്ന തീരുമാനത്തോടെ ജോലി രാജിവെച്ചു.

“2017-ല്‍ ഒരുമിച്ചാണ് ജോലി രാജിവെച്ചത്. എന്നെക്കാള്‍ ഈ മേഖലയുമായി സൂസന്നയ്ക്ക് പരിചയമുണ്ടായിരുന്നു. സത്യത്തില്‍ എനിക്ക് ഇതേക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലെന്നതായിരുന്നു നേര്.

സൂസന്നയും സുസ്മിത്തും . Photo source: Malai Biomaterials/Facebook
“സൂസന്നയ്ക്ക് ഇതിനു മുന്‍പ് ഇങ്ങനെയൊരു പ്രൊജക്റ്റില്‍ വര്‍ക് ചെയ്ത പരിചയമുണ്ടായിരുന്നു.


ലണ്ടനില്‍ പഠിക്കുമ്പോള്‍ സൂസന്നയുടെ മാസ്റ്റേഴ്സിന്‍റെ പ്രൊജക്റ്റ് ഇതായിരുന്നു. ബാക്റ്റീരിയല്‍ സെല്ലുല്ലോസിലായിരുന്നു മാസ്റ്റേഴ്സ് ചെയ്തത്.


“തേങ്ങാവെള്ളത്തില്‍ നിന്ന് ബാക്റ്റീരിയല്‍ സെല്ലുല്ലോസ് ഉണ്ടാക്കാമെന്നു പറഞ്ഞപ്പോള്‍ എനിക്കും താല്‍പര്യം തോന്നി. അങ്ങനെയാണിത് ആരംഭിക്കുന്നത്.

തേങ്ങാവെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രകൃതിസൗഹൃദ ഉല്‍പന്നം കൊണ്ട് നിര്‍മ്മിച്ച ചെരുപ്പ്. Photo source: Malai Biomaterials/Facebook
“തേങ്ങാവെള്ളത്തില്‍ നിന്ന് ലെതറിന് ബദല്‍…ഈ ഐഡിയ തന്നെ മലായ് കോ ഫൗണ്ടര്‍ കൂടിയായ സൂസന്നയുടേതാണ്. സൂസന്നയും ഞാനും മുബൈയിലെ കമ്പനിയില്‍ ഒരേ ഡിപ്പാര്‍ട്ട്മെന്‍റില്‍ വ്യത്യസ്ത പ്രൊജക്റ്റുകളാണ് ചെയ്തത്. ജോലി രാജിവെച്ചു ഞങ്ങള്‍ കര്‍ണാടകയിലെ ചന്നപ്പട്ടണത്തേക്കാണ് പോയത്,” സുസ്മിത് പറഞ്ഞു.

അവര്‍ ചന്നപ്പട്ടണത്ത് ഒരു വീട് എടുത്ത് താമസം തുടങ്ങി. അവിടെയൊരു കോക്കനട്ട് പ്രൊസസ് യൂനിറ്റുണ്ടായിരുന്നു. അതൊക്കെ കാണുകയും പഠിക്കുകയുമൊക്കെയായിരുന്നു അവരുടെ ഉദ്ദേശം.

തേങ്ങാവെള്ളം പ്രയോജനപ്പെടുത്തി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആലോചനയിലായിരുന്നു ആ പ്രോസസിങ്ങ് യൂനിറ്റുകാരും എന്ന് സുസ്മിത്. കൂടുതലും തേങ്ങ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളായിരുന്നു അവിടെ ചെയ്തിരുന്നത്.

തേങ്ങാ പൗഡര്‍, വെളിച്ചെണ്ണ, കൊപ്ര, പിന്നെ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഇതൊക്കെയാണവര്‍ ചെയ്തിരുന്നത്.

Photo source: Malai Biomaterials/Facebook

പക്ഷേ തേങ്ങാവെള്ളം മാത്രം ഒന്നിനും ഉപയോഗിച്ചിരുന്നില്ല. “എന്നാല്‍ ഇപ്പോള്‍ തേങ്ങാവെള്ളത്തില്‍ നിന്നവര്‍ ഉത്പന്നങ്ങളുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ഫൂഡ് പ്രൊഡക്റ്റ്സ് ആണവര്‍ ഉണ്ടാക്കിയത്. കോക്കനട്ട് ജെല്ലിയാണ് തേങ്ങാവെള്ളത്തില്‍ നിന്നുണ്ടാക്കിയത്,” സുസ്മിത് തുടരുന്നു.

“ആറുമാസം ഞങ്ങളിവിടെയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ ആലപ്പുഴയിലേക്ക് പോയി. അവിടെ ഒരു യൂനിറ്റ് ആരംഭിച്ചു.


ഇതുകൂടി വായിക്കാം:46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്: ജര്‍മ്മനിയില്‍ നിന്നും തിബെറ്റ് വഴി വെള്ളായണിയിലെത്തിയ സാബ്രിയെയുടെ, പോളിന്‍റെ, കാന്താരിയുടെ കഥ


“ഞങ്ങളുടെ ശ്രമങ്ങള്‍ക്കും പഠനത്തിനുമൊക്കെ കുറേയാളുകള്‍ സഹായിച്ചിട്ടുണ്ട്. ഞാന്‍ പഠിച്ച ബെംഗളുരൂവിലെ കോളെജിലെ ചില അധ്യാപകരും കുറേ സഹായിച്ചിട്ടുണ്ട്.

“ചന്നപ്പട്ടണത്ത് വച്ച് തന്നെ തേങ്ങാവെള്ളത്തില്‍ നിന്ന് മെറ്റീരിയല്‍ തയാറാക്കിയിരുന്നു. പിന്നെ ഒരു പ്രൊഡക്ഷന്‍ യൂനിറ്റ് വേണമല്ലോ. അങ്ങനെയാണ് ആലപ്പുഴയ്ക്ക് വരുന്നത്.

“2018-ലാണ് കമ്പനി ആരംഭിക്കുന്നത്. ഞങ്ങളുടേത് ചെറിയൊരു സ്റ്റാര്‍ട്ട് അപ്പാണ്. പക്ഷേ ഞങ്ങളെ പിന്തുണയ്ക്കാന്‍ സുഹൃത്തുക്കളും മറ്റുമുണ്ട്. എന്‍റെ ചേച്ചി(ശ്രീമേഖ)യും സൂസന്നയുടെ ചേച്ചി യും കൂടെ തന്നെയുണ്ട്.

“പിന്തുണ എന്നു മാത്രം അവരെക്കുറിച്ച് പറഞ്ഞു കൂടാ. വിദേശങ്ങളിലെ മാര്‍ക്കറ്റിങ്ങിനും ക്ലൈന്‍റ്സ് മീറ്റിങ്ങിനുമൊക്കെ സൂസന്നയുടെ ചേച്ചിയും കൂട്ടുകാരുമൊക്കെ സഹായിക്കും.

Photo source: Malai Biomaterials/Facebook
“അത്യാവശ്യം ക്ലൈന്‍റിനെ നേരിട്ട് കണ്ടേ മതിയാകൂ എന്ന സാഹചര്യത്തില്‍ ഇവരൊക്കെയാണ് പോയി കണ്ടു സംസാരിക്കുന്നത്. ഒരു ക്ലൈന്‍റിനെ മാത്രം കാണുന്നതിന് വേണ്ടി വിദേശത്ത് പോകുകയെന്നത് തത്ക്കാലം  ബുദ്ധിമുട്ടാണ്.

ആലപ്പുഴയില്‍ വാടകയ്ക്ക് വീടെടുത്താണ് പ്രൊഡക്ഷന്‍ ആരംഭിച്ചത്. കമ്പനിയും പ്രൊഡക്ഷനും താമസവും ഇവിടെ തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് സെപ്റ്റംബര്‍ വരെയും അവിടെ തന്നെയായിരുന്നു.” അതിനു ശേഷമാണ് മുഹമ്മയിലേക്ക് മാറിയതെന്നു സുസ്മിത്.

തേങ്ങാവെള്ളം ഉപയോഗിച്ച് ലെതറിന് ബദലുണ്ടാക്കുന്നതിനെക്കുറിച്ച് സുസ്മിത് പറയുന്നു. “തേങ്ങാവെള്ളം ബാക്റ്റീരിയല്‍ കള്‍ച്ചര്‍ ചേര്‍ത്ത് സംസ്ക്കരിക്കുമ്പോള്‍ ഗ്ലൂക്കോസിന്‍റെ പോളിമറായ സെല്ലുല്ലോസ് കിട്ടും.

“ഈ നാനോ സെല്ലുല്ലോസ് നാരുകളും സംസ്ക്കരിച്ചെടുത്ത വാഴനാരുകളും ചേര്‍ത്താണ് മലായ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. വാഴ കുലച്ചു കഴിയുമ്പോള്‍ വാഴയുടെ തണ്ട് വേസ്റ്റ് ആകുകയല്ലേ. അതില്‍ നിന്നെടുക്കുന്ന നാരാണ് ഉപയോഗിക്കുന്നത്.

Photo source: Malai Biomaterials/Facebook

“പിന്നെ തേങ്ങാവെള്ളം, നല്ല മൂത്ത തേങ്ങയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൊപ്രയാക്കില്ലേ ആ തേങ്ങയുടെ വെള്ളമാണ് എടുക്കുന്നത്. കൊപ്പയാക്കുന്നിടത്ത് തേങ്ങ പൊട്ടിക്കുമ്പോള്‍ മിക്കവാറും ഈ വെള്ളം വേസ്റ്റായി കളയുകയാണ് ചെയ്യുന്നത്. ഈ വെള്ളം ബാക്റ്റീരിയല്‍ പ്രോസസിലൂടെയാണ് ബാക്റ്റീരിയല്‍ സെല്ലുലോസ് ഉണ്ടാക്കിയെടുക്കുന്നത്.

“വലിയ ലാബുകളുടെ സൗകര്യങ്ങളൊന്നും ഞങ്ങളുടെ കമ്പനിയ്ക്ക് ഇല്ല. പൂര്‍ണമായും പ്രകൃതി ദത്ത വസ്തുക്കള്‍ മാത്രമേ മെറ്റീരിയലുണ്ടാക്കാന്‍ ഉപയോഗിക്കുന്നുള്ളൂ.

Photo source: Malai Biomaterials/Facebook

“സിന്തറ്റിക് ഒന്നും ഉപയോഗിക്കുന്നില്ല. പ്രകൃതി ദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. വാട്ടര്‍പ്രൂഫിങ്ങിന് വേണ്ടി നാച്ചുറല്‍ ഓയിലുകളാണ് ഉപയോഗിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറുതെ കളയുന്ന തേങ്ങാവെള്ളമല്ലേ, പണി വളരെ എളുപ്പമാണ്, കാശിനും ചെലവില്ല എന്നൊന്നും വിചാരിക്കണ്ട. തേങ്ങാവെള്ളത്തില്‍ നിന്ന് ബാക്റ്റീരിയല്‍ സെല്ലുലോസ് ഉണ്ടാക്കുന്നതിനുമാത്രം രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് സുസ്മിത്.

“കുറച്ചൊന്നുമല്ല കുറേയേറെ തേങ്ങാവെള്ളം വേണ്ടിവരും. 320 സ്ക്വയര്‍ മീറ്ററിലുള്ള മലായ് നിര്‍മിക്കണമെങ്കില്‍ 4,000 ലിറ്റര്‍ തേങ്ങാവെള്ളം വേണം.

“ചന്നപ്പട്ടണത്തെ കമ്പനി തന്നെയാണിപ്പോഴും തേങ്ങാവെള്ളം നല്‍കുന്നത്. തത്ക്കാലം ഇതു മതി. പക്ഷേ വിപുലമാക്കുമ്പോള്‍ ഇതു പോരാതെ വരും.”

പക്ഷേ തേങ്ങാവെള്ളം വേണോ എന്നു ചോദിച്ച് പലരും സുസ്മിത്തിനെ വിളിക്കുന്നുണ്ട്. അവരോടൊക്കെ ഒരു കാര്യം മാത്രമേ ഈ ചെറുപ്പക്കാരന് പറയാനുള്ളൂ.

തേങ്ങാവെള്ളം മാത്രം പോരല്ലോ. മറ്റു സൗകര്യങ്ങളും വേണ്ടേ. അതുകൊണ്ട് തത്ക്കാലം തേങ്ങാവെള്ളം മാത്രമായി ആവശ്യമില്ല. തേങ്ങാവെള്ളവും ഒപ്പം ബാക്റ്റീരിയല്‍ സെല്ലുല്ലോസ് പ്രൊഡക്ഷനില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ താത്പ്പര്യവുമുണ്ടെങ്കില്‍ വിളിച്ചോളൂവെന്നാണ് സുസ്മിത് അവരോട് പറയുന്നത്.

സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണിതൊക്കെയും ചെയ്യുന്നത്. സാംപിള്‍സ് ആണ് കൂടുതലും വില്‍ക്കുന്നത്. പക്ഷേ ഫ്രീ സാംപിള്‍സ് അല്ലെന്നും അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം:മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും


“സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ട്അപ്പ് ഗ്രാന്‍റ് കിട്ടിയായിരുന്നു. അല്ലാതെ വേറൊന്നുമില്ല. നിലവില്‍ സൂസന്നയും ‍ഞാനുമാണ് മലായ് കമ്പനിയുടെ ഇന്‍വെസ്റ്റര്‍മാര്‍.” ആര്‍ക്കെങ്കിലും താത്പ്പര്യമുണ്ടെങ്കില്‍, നേരത്തെ പറഞ്ഞില്ലേ… തേങ്ങാവെള്ളവും ഇന്‍വെസ്റ്റിങ്ങും ഒരുമിച്ചാകട്ടേയെന്നു സുസ്മിത് ചിരിയോടെ പറയുന്നു.

“മെറ്റീരിയല്‍ ഷീറ്റായിട്ടാണ് നമ്മള്‍ കൊടുക്കുന്നത്. പ്രൊഡക്റ്റായിട്ട് കൊടുക്കുന്നില്ല ഇപ്പോള്‍, അങ്ങനെ വേണമെന്നു ആരെങ്കിലും പറഞ്ഞാല്‍ മാത്രം വേറെ കമ്പനികളില്‍ ചെയ്യിച്ച് നമ്മള്‍ അവര്‍ക്ക് കൊടുക്കും. വണ്‍ മീറ്റര്‍ ഷീറ്റാണ് കൊടുക്കുന്നത്,” അദ്ദേഹം പറഞ്ഞു.

യുറോപ്പാണ് ഈ പരിസ്ഥിതി സൗഹൃദ ഉല്‍പന്നത്തിന്‍റെ മുഖ്യ വിപണി. യുഎസ്, ഓസ്ട്രേലിയ, ചൈന, റഷ്യ ഇവിടങ്ങളിലൊക്കെ കൂടുതല്‍ ആവശ്യക്കാരുണ്ട് എന്ന് സുസ്മിത്.

“പുതിയ മെറ്റീരിയല്‍ ആയതു കൊണ്ട് ഇതെങ്ങനെയുണ്ട് എന്നറിയാന്‍ എല്ലാവര്‍ക്കുമൊരു താത്പ്പര്യമുണ്ട്.  മിക്കവരും വാങ്ങാറുണ്ട്. അന്വേഷണങ്ങള്‍ കുറേ വരുന്നുണ്ട്.


സാംപിള്‍ ആണ് ആദ്യം കൊടുക്കുന്നത്. സാംപിള്‍ കൊടുത്താലും അതിന്‍റെ ഭംഗിയും മറ്റും നോക്കും പിന്നെ അതുകൊണ്ട് എന്തെങ്കിലും പ്രൊഡക്റ്റ് ഉണ്ടാക്കി നോക്കണമല്ലോ.


“ആ പ്രൊഡക്റ്റിന്‍റെ റിസല്‍ട്ട് അനുസരിച്ചാകും പിന്നെയും ഓര്‍ഡറുകള്‍ നമുക്ക് കിട്ടുക. അതുകൊണ്ടു തന്നെ കുറച്ച് സമയം കൂടുതല്‍ വേണ്ടി വരുന്നുണ്ട്. എന്നാല്‍ ആദ്യനാളില്‍ പ്രൊഡക്റ്റ് വാങ്ങിയ ചില കമ്പനികള്‍ വീണ്ടും സമീപിച്ചിട്ടുണ്ട്, അവര്‍ക്ക് കൂടുതല്‍ മെറ്റീരിലിന് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.

 

“സൂസന്ന വിദേശത്തുള്ള ഒരാളായതു കൊണ്ട്, അവര്‍ക്ക് വിദേശവിപണികളെ കുറിച്ച് അറിയാം. അവിടെ ഇതിനു ഡിമാന്‍റ് ഉണ്ട്. നമ്മുടെ നാട്ടില്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുണ്ടെങ്കിലും കുറേപ്പേരില്ലെന്നതാണ് നേര്.

“ലെതര്‍ തന്നെ വേണോ എന്നു ചോദിച്ചാല്‍ അതാണെങ്കിലും അല്ലെങ്കിലും കുഴപ്പമില്ല. റെക്സിന്‍ ആണേലും പ്രശ്നമില്ല. എന്ത് മെറ്റീരിയല്‍ വേണമെന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവും ഇവിടുത്തുകാര്‍ക്കില്ല.”

അങ്ങനെയൊക്കെയുള്ളവരില്ലെന്നല്ല, കുറവാണ് നമ്മുടെ നാട്ടില്‍. കൂടുതലും ഉത്പന്നത്തിന്‍റെ പുറംമോടിയാണ് നോക്കുന്നതെന്നും സുസ്മിത്.

തേങ്ങാവെള്ളത്തില്‍ നിന്ന് ലെതറിന് ബദല്‍ മാര്‍ഗം… എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കൊക്കെ അത്ഭുതമാണ്. അത്ര പരിചയമുള്ള കാര്യമല്ലല്ലോ ഇത്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“അനിമല്‍ പ്രൊഡക്റ്റ്സ്, ലെതര്‍ പ്രൊഡക്റ്റ്സ് യൂസ് ചെയ്യരുതെന്നു പറയാം. പ്ലാസ്റ്റിക് യൂസ് ചെയ്യരുത് എന്നൊക്കെ പറയും പോലെ. പക്ഷേ ഇതിന് പകരം അവര്‍ക്ക് ഉപയോഗിക്കാന്‍ മറ്റൊന്നു വേണമല്ലോ.

Photo source: Malai Biomaterials/Facebook

“അങ്ങനെ പകരം ഉത്പന്നങ്ങളെത്തുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ മാറി ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ്.” പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുക, വിപണിയിലെത്തിക്കുക.. ഇതാണ് മലായ് കമ്പനിയുടെ ലക്ഷ്യമെന്നും സുസ്മിത് പറഞ്ഞു.


ഇതുകൂടി വായിക്കാം: കാലിഫോര്‍ണിയയില്‍ നിന്ന് കൊല്ലങ്കോട്ടേക്ക്: കേരളത്തിലെ അരലക്ഷത്തിലധികം ഗ്രാമീണസ്ത്രീകളുടെ ജീവിതവഴി മാറ്റിവരച്ച കണ്ണൂരുകാരന്‍


കോട്ടയം വേളൂര്‍ സ്വദേശിയാണ് സുസ്മിത്. സുശീലനാണ് അച്ഛന്‍. സീനയാണ് അമ്മ. ഹോട്ടല്‍ നടത്തുകയായിരുന്നു ഇരുവരും. ഇപ്പോ അതൊന്നുമില്ല, വിശ്രമജീവിതത്തിലാണ്.  സൂസന്നയുടെ അച്ഛന്‍ എന്‍ജിനീയറും അമ്മ ഡോക്റ്ററുമാണ്.

***
കൂടുതല്‍ വിവരങ്ങള്‍ക്ക്: Maid From Malai വെബ് സൈറ്റ് സന്ദര്‍ശിക്കാം.
ഇമെയില്‍ വിലാസം: info@made-from-malai.com
ഫോട്ടോകള്‍ക്ക് കടപ്പാട്: സുസ്മിത്, Malai Biomaterials/Facebook

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം