ഈ മനുഷ്യന്‍റെ തലയിലെ ഓരോ നരച്ച മുടിയിഴയും ഹൃദയം നുറുക്കുന്ന കഷ്ടപ്പാടുകളുടെ കഥ പറയും. പക്ഷേ, ആ കഠിനകാലം തന്നെയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതും.
“ബെംഗളുരുവിന് പുറത്ത് ആനേക്കല്‍ താലൂക്കിലെ ഗോപസാന്ദ്ര എന്ന ചെറിയൊരു ഗ്രാമത്തിലായിരുന്നു എന്‍റെ ജനനം,” രേണുക ആരാധ്യ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.”അച്ഛന്‍ ഒരു പുരോഹിതനായിരുന്നു. എന്നാല്‍ കൃത്യമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയുണ്ടായിരുന്നു.
അതുകൊണ്ട് ഞാനും അച്ഛനൊപ്പം ഭിക്ഷയെടുക്കാന്‍ പോവുമായിരുന്നു. റാഗിയോ ജോവാറോ അരിയോ ഒക്കെ ഭിക്ഷയായി വാങ്ങും. അച്ഛന്‍ അതുകൊണ്ടുപോയി വിറ്റ് ആ പണം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്.”ഏറ്റവും താഴെയുള്ള കുട്ടിയായിരുന്നു ആരാധ്യ. ചേട്ടനും സഹോദരിയും ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. ഇളയവനായ ആരാധ്യ പാടത്തെ പണിയും സ്‌കൂളുമൊക്കെയായി ഗ്രാമത്തില്‍ തന്നെ കഴിഞ്ഞു. കഷ്ടപ്പാടുകള്‍ പിന്നെയും കടുത്തപ്പോള്‍ അച്ഛന്‍ അവനെ വീട്ടുവേലക്കയച്ചു.
അന്നവന് പ്രായം 12. കാലികളെ നോക്കലും മറ്റ് വീട്ടുജോലികളുമായിരുന്നു ആരാധ്യ അവിടെ ചെയ്തത്.
പത്താംക്ലാസ് വരെയെങ്കിലും പഠിപ്പിക്കാനായി പിന്നീട് ആരാധ്യയെ ചിക്‌പേട്ടിലെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവിന്‍റെ മരണവാര്‍ത്തയെത്തി. ആരാധ്യ സ്‌കൂള്‍ ഉപേക്ഷിച്ച് വീണ്ടും ഗ്രാമത്തിലേക്ക്.
“അച്ഛന്‍ വളരെ നല്ല മനുഷ്യനായിരുന്നു,” ആരാധ്യ ഓര്‍ക്കുന്നു. “അദ്ദേഹത്തിന്‍റെ മരണം ജീവിതത്തില്‍ വലിയൊരു ശൂന്യതയായിരുന്നു. അമ്മയെയും പെങ്ങളെയും നോക്കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും എന്‍റെ ചുമലിലായി. മൂത്തസഹോദരന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അദ്ദേഹം ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കാന്‍ വിസമ്മതിച്ചു. അതുകൊണ്ട് ഞാന്‍ വീണ്ടും സ്‌കൂളില്‍ നിന്നിറങ്ങി പണിക്കുപോകേണ്ടി വന്നു.”
അങ്ങനെ പല പണികളും ചെയ്ത് കുടുംബം പുലര്‍ത്താനിറങ്ങുമ്പോള്‍ ആരാധ്യയ്ക്ക് പ്രായം 15. അഡുഗോടിയില്‍ ഒരു ഈയം ഫാക്ടറിയില്‍, പ്ലാസ്റ്റിക് കമ്പനിയില്‍, പിന്നെ ഒരു ഐസ് ഫാക്ടറിയില്‍…അങ്ങനെ പല ജോലികള്‍. ഇതിനൊപ്പം കുറച്ച് അധികം പണം ഉണ്ടാക്കാന്‍ രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡായും പണിയെടുത്തു.
പിന്നീട്, ഒരു പ്രിന്‍റിങ്ങ് കമ്പനിയില്‍ തൂപ്പുകാരനായി. ആ ചെറുപ്പക്കാരന്‍റെ ആത്മാര്‍ത്ഥത കമ്പനിയുടമകള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അവിടെവെച്ച് ഫോട്ടോ കോപ്പിയിങ്ങും കുറച്ച് കംപ്യൂട്ടര്‍ അറിവുകളും നേടി. ഒരു വര്‍ഷത്തോളം പ്രിന്‍റിങ്ങിലും സഹായിച്ചു.
സെക്യൂരിറ്റി ഗാര്‍ഡായി പണിയെടുക്കുമ്പോള്‍ കുറെ ഡ്രൈവര്‍മാരുമായി സൗഹൃദത്തിലായി. ആ പരിചയത്തില്‍ നിന്നാണ് വണ്ടിയോടിച്ചാലോ എന്ന ആശയം കിട്ടിയത്. ഡ്രൈവിങ് പഠിച്ചെടുത്താല്‍ അത് എല്ലാക്കാലത്തേക്കും ഒരു തൊഴിലാവും എന്ന് ആരാധ്യക്ക് തോന്നി.
ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയും വിവാഹമോതിരം പണയം വെച്ചും ഡ്രൈവിങ് പഠനം തുടങ്ങി, ലൈസന്‍സും നേടി.
ഡ്രൈവറായി ആദ്യത്തെ ദിവസം വളരെ പെട്ടെന്ന് അവസാനിച്ചു: റിവേഴ്‌സ് എടുത്ത വണ്ടി ഒരു ഗേറ്റില്‍ ഇടിച്ചാണ് നിന്നത്!
എന്നാല്‍ ടാക്സി ഓപറേറ്ററായ സതീഷ് റെഡ്ഡിയുടെ രൂപത്തില്‍ ഭാഗ്യം വന്നുവിളിച്ചു.
“അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി, ഡ്രൈവിങ്ങ് പഠിപ്പിച്ചുതന്നു. ആദ്യ്‌ത്തെ മൂന്ന് ദിവസം അദ്ദേഹമെന്നെ ചുറ്റുവട്ടങ്ങളില്‍ ഡ്രൈവ് ചെയ്യിപ്പിച്ചു. നാലാംദിവസം അദ്ദേഹമെന്നോട് പറഞ്ഞു, അടുത്ത ട്രിപ്പ് ഗോകര്‍ണത്തേക്കാണ് എന്ന്. ഡ്രൈവ് ചെയ്യുമ്പോള്‍ എനിക്ക് ശരിക്കും പരിഭ്രമമായിരുന്നു. വളരെ ശ്രദ്ധയോടെയാണ് ഞാന്‍ ഓടിച്ചത്. ആ യാത്ര ഒരു വിജയമായിരുന്നു.
പാസഞ്ചേഴ്‌സില്‍ നിന്നും ഒരു സേയ്ഫ് ഡ്രൈവറാണെന്ന ഫീഡ്ബാക്കും കിട്ടിയപ്പോള്‍ എന്‍റെ ആത്മവിശ്വാസം കൂടി. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് വര്‍ഷം ജോലി ചെയ്തു,” ആരാധ്യ വിശദീകരിച്ചു.
പിന്നീട് ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. ഹോസ്പിറ്റലുകളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലുമുള്ള വീടുകളിലേക്കും ശ്മശാനങ്ങളിലേക്കും കൊണ്ടുപോകുന്നതായിരുന്നു പ്രധാന ട്രിപ്പുകള്‍.
“അവിടെ ഞാന്‍ 4 വര്‍ഷം നിന്നു. മുന്നൂറോളം മൃതശരീരങ്ങള്‍ കൊണ്ടുപോയി. ചിലസമയങ്ങളില്‍ രണ്ടുദിവസത്തെ യാത്രയുണ്ടാവും. കൂട്ടിന് മൃതദേഹം മാത്രമാവും. അതൊന്നും പക്ഷേ, എന്നെ പിന്തിരിപ്പിച്ചില്ല. വീട്ടിലേക്കുള്ള അവസാനയാത്രയില്‍ അവരുടെ കൂടെ പോവുകയെന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതി. ഞാനൊരു ഡ്രൈവറായതില്‍ അഭിമാനം കൊണ്ടു, ഇന്നും അങ്ങനെതന്നെ.
“എന്നാല്‍ ഡ്രൈവറായിരിക്കുമ്പോഴും എനിക്കറിയാമായിരുന്നു, എന്‍റെ വലിയ ലക്ഷ്യം സ്വന്തമായൊരു ട്രാവല്‍ കമ്പനിയാണെന്ന്.”അതിനൊരു കാരണമുണ്ട്. ഞാന്‍ ഡ്രൈവറായി ജോലി നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഓരോ ട്രിപ്പിന് ശേഷവും ട്രിപ്പ് ഷീറ്റുകള്‍ ഏജന്‍സിയില്‍ സമര്‍പ്പിക്കണം. ഒരു ദിവസം ഞാന്‍ ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ അവര്‍ എന്നോട് പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞു. ഷീറ്റുകള്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ കൈയ്യില്‍ കൊടുത്തുവിട്ടാല്‍ മതിയാവും എന്ന്…
കമ്പനിയുടെ നല്ലകാലത്ത് 46 കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍, ഊബറിന്‍റെയും ഓലയുടെയും കടുത്ത മത്സരം ഉണ്ടായിട്ടുപോലും വാര്‍ഷിക വരുമാനം 38 കോടി രൂപയാണ്. അടുത്ത കുറച്ചുവര്‍ഷം കൊണ്ട് 100 കോടി രൂപ വരുമാനമുള്ള കമ്പനിയാക്കാനാണ് പദ്ധതി.
“സ്വപ്‌നം കാണാനും റിസ്‌കെടുക്കാനും മടിക്കരുത്. കുടുംബത്തിലായാലും കൂട്ടുകാരോടായാലും ബിസിനസിലായാലും സത്യസന്ധത വിട്ടുകളിക്കരുത്. ഒരിക്കലും പഠനം നിര്‍ത്തരുത്.