ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍, 18 കിലോമീറ്റര്‍ റോഡരികില്‍ മരങ്ങള്‍ നട്ടുനനച്ചുവളര്‍ത്തി: കയ്യൂരില്‍ നിന്നും മറ്റൊരു നല്ല വാര്‍ത്ത

ഇന്നും ജീവിതം കരുപിടിപ്പിക്കാന്‍ ബദ്ധപ്പെടുന്ന ഗ്രാമീണതയാണ് നമുക്ക് ആ നാട്ടില്‍ കാണാന്‍ കഴിയുക. ചെങ്കല്ലുനിറഞ്ഞ പ്രദേശം. തേജസ്വിനി പുഴയുടെ തീരത്താണ് പോതാവൂര്‍ സ്‌കൂള്‍.

2012-ലാണ്. പോതാവൂര്‍ എ. യു. പി സ്‌കൂളിലെ കൃഷ്ണജ എന്ന ഏഴാംക്ലാസ്സുകാരി അനില്‍കുമാര്‍ മാഷിനുമുന്നില്‍ ഒരു പരാതിയുമായി എത്തി.

“വീടിന്‍റെ ചുമരെല്ലാം വിള്ളുന്നു. അടുത്തുള്ള പാറമടയില്‍ എപ്പോഴും വലിയ സ്‌ഫോടനങ്ങളാണ്. വീടാകെ കുലുങ്ങും. അങ്ങനെയാ ചുമരൊക്കെ വിള്ളുന്നത്.”

അനില്‍കുമാര്‍ മാഷ് കൃഷ്ണജയോട് പറഞ്ഞു, അടുത്തുള്ള വീടുകളിലൊക്കെ പോയി നോക്കൂ. എന്നിട്ട് അവരനുഭവിക്കുന്ന പ്രശ്‌നങ്ങളൊക്കെ ചേര്‍ത്ത് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. “ആ കുട്ടിയും സ്കൂളിലെ മറ്റ് കുട്ടികളും ചേര്‍ന്ന് ചുറ്റുവട്ടത്തുള്ള വീടുകളിലൊക്കെ പോയി ചോദിച്ചു. വിവരങ്ങള്‍ ശേഖരിച്ചു. എന്നിട്ട് വിശദമായ ഒരു റിപ്പോര്‍ട്ടുമായി വന്നു,” മാഷ് പറഞ്ഞു.


പ്രകൃതിക്ക് പോറലേല്‍പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com

വീട്ടുകാരെല്ലാം കൃഷ്ണജയോടും കൂട്ടുകാരോടും അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞു. ചെറുപ്പയിലെ അനധികൃത കരിങ്കല്‍ ക്വാറിയില്‍ പാറപൊട്ടിക്കുന്നതു മൂലം 50-ഓളം വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായതായി അവര്‍ക്ക് മനസ്സിലായി. അതെല്ലാം വിശദമായി റിപ്പോര്‍ട്ടില്‍  വിവരിച്ചു.

തണല്‍ മരങ്ങള്‍ തീയിട്ട് നശിപ്പിച്ചതിനെതിരെ സ്കൂളിന്‍റെ പ്രതിഷേധം

ആ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് അധ്യാപകരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.  ദിവസവും ടൈമര്‍ വെച്ച് അന്‍പതോളം സ്ഫോടനങ്ങള്‍  ക്വാറിയില്‍ നടക്കുന്നുണ്ടെന്നും ഇതുമൂലം പഠിക്കാനാവുന്നില്ലെന്നും കൃഷ്ണജ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്നു. ഈ സ്ഫോടനങ്ങള്‍ മൂലം ആരോഗ്യ-മാനസികപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ കുട്ടികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയാത്തതിനാല്‍ അന്നത്തെ കളക്ടര്‍ ജിതേന്ദ്രന്‍ ഉടനടി ചെറുപ്പ ഞാറ്റടി ക്വാറി അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കി. അതുമാത്രമല്ല, ജില്ലയിലെ 84 അനധികൃത ക്വാറികളിലേയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ അതോടൊപ്പം ഉത്തരവിറക്കി.

രസകരമായ കാര്യം കൃഷ്ണജയുടെ അച്ഛന്‍ കൃഷ്ണന്‍ ഇതേ ക്വാറിയില്‍ തൊഴിലാളിയായിരുന്നു എന്നതാണ്.

(ചെറുപ്പ ക്വാറി ഇന്നും പ്രവര്‍ത്തിക്കുന്നില്ല. മറ്റ് അനധികൃത ക്വാറികളെക്കുറിച്ച് നമുക്ക് കൃത്യമായ വിവരങ്ങളില്ല.)

കെ എം അനില്‍ കുമാര്‍ മാഷിന്‍റെ നേതൃത്വത്തില്‍ സ്‌കൂളും കുട്ടികളും ഏറ്റെടുത്ത പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇത്.


രാജ്യാന്തരവേദികളില്‍ വരെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഈ ചെറിയ സ്‌കൂളിന്‍റെ പരിസ്ഥിതിക്ക് വേണ്ടിയുള്ള ശബ്ദം മുഴങ്ങിയിട്ടുണ്ട്.


[കയ്യൂര്‍ ചീമേനിക്കടുത്ത് ചെറിയാക്കര സ്കൂളിന്‍റെ സന്തോഷകരമായ വാര്‍ത്ത ദ് ബെറ്റര്‍ ഇന്‍ഡ്യ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം]

ഇന്നും ജീവിതം കരുപിടിപ്പിക്കാന്‍ ബദ്ധപ്പെടുന്ന ഗ്രാമീണതയെയാണ് നമുക്ക് ആ നാട്ടില്‍ കാണാന്‍ കഴിയുക. ചെങ്കല്ലുനിറഞ്ഞ പ്രദേശം. തേജസ്വിനി പുഴയുടെ തീരത്താണ് പോതാവൂര്‍ സ്‌കൂള്‍.

പുഴയേയും സ്‌കൂളിനേയും വേര്‍തിരിക്കുന്നത് ചെറിയൊരു റോഡ് മാത്രം.

മരങ്ങള്‍ക്ക് രക്ഷയായി ഞങ്ങളുണ്ട്… പൊതാവൂര്‍ സ്കൂളിലെ കുട്ടികള്‍ തണല്‍മരങ്ങള്‍ക്ക് രക്ഷാകവചം തീര്‍ക്കുന്നു.

ചെറുവത്തൂരു നിന്ന് ചീമേനിയിലേക്ക് നീളുന്ന റോഡിന്‍റെ ചെങ്കല്‍പ്പാറ നിറഞ്ഞ ഇരുവശങ്ങളിലും തണല്‍ വിരിച്ചുനില്‍ക്കുന്ന മരങ്ങളില്‍ മിക്കവാറും എ്ല്ലാം അനില്‍കുമാര്‍ മാഷും കുട്ടികളും നട്ടുനനച്ചുവളര്‍ത്തിയതാണ്. അതില്‍ നെല്ലിയും കണിക്കൊന്നയും പേരയുമൊക്കെയുണ്ട്. ഇതിനുപുറമെ മറ്റ് വഴിയോരങ്ങളിലും പുഴയിറമ്പിലുമൊക്കെ തൈകള്‍ നട്ടുപിടിപ്പിച്ചു. അതില്‍ പലതുമിന്ന് വലിയ മരങ്ങളായി.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രവര്‍ത്തനങ്ങള്‍.

2010-ല്‍ ലോക ജൈവവൈവിധ്യ വര്‍ഷത്തിന്‍റെ ഭാഗമായി 300 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചായിരുന്നു പദ്ധതിക്ക് തുടക്കമിട്ടതെന്ന് ചെമ്പ്ര ഗാനം സ്വദേശിയായ അനില്‍കുമാര്‍ പറയുന്നു.


കൊടുംവരള്‍ച്ചയില്‍ വാഹനത്തില്‍ വെള്ളവുമായെത്തി സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ക്ക് വെള്ളം ഒഴിക്കുന്ന ഈ അധ്യാപകനെ പലരും പിരാന്തന്‍ എന്നു വിളിക്കാറുണ്ട്. ഒരു പറ്റം കുട്ടികളും മാഷിന്‍റെ കൂടെ കാണും.


അനില്‍കുമാര്‍ മാഷ്

ഈ വര്‍ഷം മുന്നൂറോളം പ്ലാവിന്‍തൈകള്‍ മാഷിന്‍റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചീമേനി-മുക്കട റോഡില്‍ തെയ്യംകല്ലു മുതല്‍ അമ്മന്‍കോടുവരെയുള്ള രണ്ട് കിലോമീറ്റര്‍ പാതയ്ക്കരികിലാണ് മാഷും കുട്ടികളും പ്ലാവിന്‍തൈകള്‍ വെച്ചത്.

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ മുള-വൃക്ഷ വ്യാപനം എന്ന പദ്ധതിക്കായി വൃക്ഷത്തൈ ഒരുക്കുന്നതിനിടയിലാണ് ഞങ്ങള്‍ അനില്‍കുമാര്‍ മാഷിനെ കണ്ടത്.

2010 മുതല്‍ നാലുവര്‍ഷങ്ങളിലായി സ്‌കൂളിന്‍റെ നേതൃത്വത്തില്‍ 2,500 ഓളം വൃക്ഷത്തൈകളാണ്  നട്ടുപിടിപ്പിച്ചത്. “ഇതില്‍ 1,500 എണ്ണമെങ്കിലും വളര്‍ന്നിട്ടുണ്ട്,” അനില്‍കുമാര്‍ പറഞ്ഞു.

കടുത്ത വരള്‍ച്ചയില്‍ കുട്ടികളെ ഒപ്പം കൂട്ടി വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിക്കുന്ന ഈ അധ്യാപകന്‍ നാട്ടുകാര്‍ക്ക് എന്നും കൗതുകമായിരുന്നു. പലരും പുച്ഛത്തോടെ നോക്കിയിരുന്ന ഇദ്ദേഹത്തെ ഇന്ന് ഏറെ ബഹുമാനത്തോടെ കാണുന്നത് ആ തണല്‍ മരങ്ങളുടെ ഗുണം അനുഭവിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്.


ഇതുകൂടി വായിക്കാം: ഭക്ഷണത്തിനായി ഭിക്ഷയെടുത്തു, വീട്ടുവേല ചെയ്തു, തെങ്ങുകയറി; ഇന്ന് 38 കോടി രൂപ വരുമാനമുള്ള കമ്പനിയുടമ


“ഒരിക്കലും അംഗീകാരം പ്രതീക്ഷിച്ചല്ല ഞാന്‍ ഇതൊന്നും ചെയ്തത്. ചെറുപ്പം മുതലേ വീട്ടിലെ ഒരു മരക്കമ്പുപോലും മുറിച്ചാല്‍ വിഷമമാകുന്ന പ്രകൃതമായിരുന്നു എന്‍റേത്…അതുകൊണ്ടുതന്നെ പൊതാവൂര്‍ സ്‌കൂുളിലെത്തിയപ്പോള്‍ പ്രകൃതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നി.

“അങ്ങനെയാണ് പോതാവൂര്‍ മുതല്‍ ചീമേനി വരെയുള്ള പ്രദേശങ്ങള്‍ വൃക്ഷത്തൈകള്‍ നടുവാന്‍ തുടങ്ങി. മരുത്, പ്ലാവ്, നെല്ലി, വെള്ളേക്ക് തുടങ്ങിയ എപ്പോഴും തണല്‍ നല്‍കുന്ന മരങ്ങളാണ്. അതൊക്കെയാണ് അധികവും വെച്ചുപിടിപ്പച്ചത്,” അനില്‍ കുമാര്‍ പറഞ്ഞു.

“ഓരോ വര്‍ഷവും സാമൂഹ്യ വനവല്‍ക്കരണത്തിന് ഭാഗമായി ജില്ലയില്‍ മാത്രം വിതരണം ചെയ്യുന്നത് ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ ആണ്. പരിചരണം ഇല്ലാത്തതിനാല്‍ ഇവയില്‍ ഏറെയും നശിക്കുകയാണ്. പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി സന്നദ്ധസംഘടനകളും, ക്ലബ്ബുകളും രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നടുന്ന വൃക്ഷത്തൈ പകുതിയെങ്കിലും വളര്‍ന്നാല്‍ ജില്ലാ മരങ്ങള്‍ കൊണ്ട് സമ്പുഷ്ടം ആകും,” അദ്ദേഹം തുടരുന്നു.

“കാട്ടുമരങ്ങള്‍ തനിയെ വളരുമെന്ന് കാഴ്ചപ്പാടാണ് പൊതുവേ. ഇടനാടന്‍ ചെങ്കല്‍ പ്രദേശമായ ചീമേനിയിലും പരിസരപ്രദേശങ്ങളിലും വേനല്‍ക്കാലത്ത് കടുത്ത ചൂടാണ്. അതുകൊണ്ടാണ് മരങ്ങള്‍ക്ക് നനയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി മുതല്‍ നനയ്ക്കാന്‍ തുടങ്ങും. ഇപ്പോള്‍ 18 കിലോമീറ്ററോളം ദൂരത്തില്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്.

“ചെറുവത്തൂര്‍ കാക്കടവ് റോഡുകളിലും ചീമേനി-പൊതാവൂര്‍ റോഡിന്‍റെ ഓരങ്ങളിലുമാണ് മരം നട്ടത്. 2,500 മരങ്ങള്‍ നട്ടതില്‍ 1,500 ഓളം മരങ്ങള്‍ ഇപ്പോഴും റോഡിന് തണലായുണ്ട്. അവധി ദിവസങ്ങളില്‍ മൂന്നുമണിക്കൂര്‍ ആണ് നനയ്ക്കുന്നത്. ആഴ്ചയില്‍ 12 മണിക്കൂര്‍ ഇതിനായി ചിലവഴിക്കും.

കുട്ടികള്‍ക്കൊപ്പം

“തേജസ്വനി പുഴയോരത്ത് മണ്ണൊലിപ്പ് തടയാന്‍ മുള നട്ടുപിടിപ്പിക്കാന്‍ 300 തൈകള്‍ ഒരുക്കിയിട്ടുണ്ട്… ചീമേനി ടൗണില്‍ 50 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിന് ഇരുമ്പ് വേലി കെട്ടിയിട്ടുണ്ട്. ഞങ്ങള്‍ക്ക് 2014-ല്‍ കേരള വനം വകുപ്പിന്‍റെ വനമിത്ര പുരസ്‌കാരം ലഭിച്ചിട്ടുമുണ്ട്.

“കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ പ്രകൃതിമിത്ര അവാര്‍ഡും കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ അവാര്‍ഡിന് തിരഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങളില്‍ ഒന്നാണിത്. 2012-ല്‍ ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പ്രോഗ്രാമിന്‍റെ കീഴില്‍ കുട്ടികളുടെയും യുവാക്കളുടെയും പരിസ്ഥിതി കോണ്‍ഫറന്‍സി്ല്‍ (UNEP TUNZA Children and Youth Conference) സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു,” അദ്ദേഹം തുടുരന്നു.

ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും വിദ്യാലയം സജീവമാണ്. ഇതിനായി കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബോധവല്‍ക്കരണം നടത്തുകയും സര്‍വേ നടത്തുകയും ചെയ്തു. 447 വീടുകളില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു ഫിലമെന്‍റ് ബള്‍ബുകള്‍ ഒഴിവാക്കാനുള്ള പദ്ധതി വലിയ വിജയമായിരുന്നു. 1,370 ഫിലമെന്‍റ് ബള്‍ബുകള്‍ ഇതുമൂലം ഒഴിവാക്കി. രണ്ട് മാസം കൊണ്ട് വൈദ്യുതി ഉപയോഗം 3,937 യൂണിറ്റ് കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് കണക്കുകള്‍.

‘നാളേക്കൊരു ഇത്തിരി ഊര്‍ജ്ജം’ എന്ന ഈ പദ്ധതി ഇപ്പോള്‍ പിലിക്കോട് പഞ്ചായത്ത് ഏറ്റെടുക്കുകയും ഊര്‍ജ്ജ സംരക്ഷണത്തിനു സംസ്ഥാനത്ത് മാതൃകയാക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്ക് സ്‌കൂളിന് ഒരു ലക്ഷം രൂപ അവാര്‍ഡും ലഭിച്ചിരുന്നു.

സ്കൂള്‍ മുറ്റത്ത് മനോഹരമായ ഒരു ശലഭോദ്യാനവും ഒരുക്കിയിട്ടുണ്ട്. കാവു സംരക്ഷണത്തിനും സ്‌കൂള്‍ പ്രാധാന്യം നല്‍കുന്നുണ്ട്. മേലടത്തറ ഭഗവതിക്ഷേത്ര കാവില്‍ ഒന്നര ഏക്കറോളം മരം നട്ടു പിടിപ്പിച്ചിട്ടുണ്ട്.
പണ്ട് പിരാന്ത് എന്ന് പറഞ്ഞിരുന്നവര്‍ പോലും ഇന്ന് മാഷിന്‍റെയും സ്‌കൂളിന്‍റെയും പ്രവര്‍ത്തനങ്ങളെ വലിയ ആദരവോടെയാണിപ്പോള്‍ കാണുന്നത്.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂളിലെ കുട്ടികള്‍ നട്ടുനനച്ചുവളര്‍ത്തിയ  കുറെ മരത്തൈകള്‍ ആരോ തീയിട്ട് നശിപ്പിച്ചു. ഇതിനെതിരെ ശക്തമായായി സ്കൂളിലെ കുട്ടികള്‍ പ്രതികരിച്ചു. അവര്‍ പ്രകടനമായെത്തി കരിഞ്ഞ മരങ്ങള്‍ക്കു ചുറ്റും പ്രതീകാത്മകമായി രക്ഷാകവചം തീര്‍ത്തു.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അവധി ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ വീതം സൗജന്യ നാടകക്കളരിയും സാഹിത്യകളരിയും സ്കൂളില്‍ സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട് എന്ന് അനില്‍കുമാര്‍ മാഷ് പറഞ്ഞു.

“കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ ആളുകളുടെ പരിസ്ഥിതിയോടുള്ള മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ ചില സന്നദ്ധ സംഘടനകളും ആക്ടിവിസ്റ്റുകളും മാത്രമേ പരിസ്ഥിതിയെക്കുറിച്ച് പറയാറുള്ളു. ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ അതേറ്റെടുത്തുകഴിഞ്ഞു,” അനില്‍കുമാര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം:മീന്‍ വില്‍ക്കാന്‍ സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്‍റിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്‍റെ മക്കള്‍ക്കായി


ഗ്രാമീണമേഖലയിലെ മനുഷ്യര്‍ക്കിടയിലും ചെങ്കല്ലുനിറഞ്ഞ വരണ്ട പ്രദേങ്ങളിലും തൊട്ടറിയാവുന്ന മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ അനില്‍കുമാറും പലകാലങ്ങളായി ആ സ്‌കൂളില്‍ പഠിച്ചുപോയ വിദ്യാര്‍ത്ഥികളും ഇന്ന് അഭിമാനിക്കുകയാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം