Placeholder canvas
​ഷില്‍ന മക്കളോടൊപ്പം

മരണം പോയി തുലയട്ടെ: തനിച്ചാക്കിപ്പോയ കൂട്ടുകാരനെ വീണ്ടും ‘ഉയിര്‍പ്പിച്ച’ ഷില്‍നയുടെ പ്രണയം

പ്രണയത്തോളം ധൈര്യം തരുന്ന മറ്റൊന്നേയുള്ളൂ ലോകത്ത്, തീർത്തും ഒറ്റയാണ് എന്ന ബോധ്യം. അത്തരം ചില ധൈര്യങ്ങളിലാണ് പലപ്പോഴും മുൻപോട്ട് ജീവിക്കാനുള്ള പ്രേരണ നൽകുന്ന തീരുമാനങ്ങൾ പിറക്കുക.

നിമ മിത്ര സുധാകരൻ, നിയ മാൻവി സുധാകരൻ.

മനുഷ്യർക്ക് കാണാവുന്നതിൽ ഏറ്റവും മനോഹരമായ സ്വപ്നത്തിന്‍റെ പേരുകളാണ് ഇത്.

വാഹനാപകടത്തിൽ പ്രിയപ്പെട്ടവൻ  വിടപറഞ്ഞ് ഒരുവർഷവും 29 ദിവസവും പിന്നിട്ട നാളില്‍  അസാധാരണ പ്രണയത്തിനുടമയായ ഷിൽന ലോകത്തിനു സമ്മാനിച്ച പ്രതീക്ഷകളാണ് അവർ, കൃത്രിമബീജധാരണം വഴി പിറന്ന ഇരട്ടപ്പെൺകുഞ്ഞുങ്ങൾ.

​ഷില്‍ന മക്കളോടൊപ്പം

കെ. വി. സുധാകരൻ എന്ന പേര് കേരളത്തിലെ മാധ്യമലോകത്തും അക്കാദമിക് വൃത്തങ്ങളിലും എഴുത്തുകാർക്കിടയിലും സുപരിചിതമാണ്. മാധ്യമപ്രവർത്തകനായിരുന്ന കാലത്താണ് തുടർന്നും മുറിഞ്ഞുമുള്ള ഏറെ നാളത്തെ സൗഹൃദത്തിൽ നിന്ന്  ഷിൽനയുമായി സുധാകരൻ പ്രണയത്തിലാവുന്നത്.

കത്തുകൾ വഴിയായിരുന്നു അവരുടെ പ്രണയം. ഇക്കാലത്തു  കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുമെങ്കിലും വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോഴും അവർ പരസ്പരം കണ്ടിരുന്നില്ല. ഉള്ളുറപ്പുള്ള ആ പ്രണയത്തിന് കണ്ടുകൊണ്ടിരിക്കേണ്ട ബാധ്യതയില്ലെന്ന് ഇപ്പോൾ ഷിൽന തന്‍റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

പതിനൊന്ന് വർഷം സുധാകരനും ഷിൽനയും ഒരുമിച്ചു ജീവിച്ചു. അതിനിടെ സുധാകരൻ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളവിഭാഗം അധ്യാപകനായി. ഷിൽന ഫെഡറൽ ബാങ്ക് ലോൺ വിഭാഗം മാനേജരും. 11 വർഷം കാത്തിരുന്നിട്ടും പക്ഷേ അവർക്ക് കുഞ്ഞുങ്ങളുണ്ടായില്ല .

ഷില്‍നയും സുധാകരനും

മൂന്നുവർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ ബീജം ഫ്രീസ് ചെയ്തുവെച്ചു. രണ്ടു തവണ ഐ വി എഫ് ചെയ്തു. ഒന്നും ഫലം കണ്ടില്ല. എങ്കിലും നിരാശരാവാതെ അവർ ചികിത്സ തുടർന്നുകൊണ്ടേയിരുന്നു, ഒരു കുഞ്ഞ് എന്ന അടങ്ങാത്ത ആഗ്രഹവുമായി.

2017 ആഗസ്ത് 15. അന്ന് ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിരുന്നു ഷിൽനയും സുധാകരനും. കോഴിക്കോട് എ.എം.ആർ.സി യിലാണ് ചികിത്സ.

അധ്യാപനത്തിന്‍റെ ഭാഗമായുള്ള റിഫ്രഷർ കോഴ്‌സിൽ പങ്കെടുത്ത്‌  നിലമ്പൂര്‍ നിന്ന്  മടങ്ങുകയായിരുന്നു സുധാകരൻ. വൈകുന്നേരം കോഴിക്കോടെത്തും എന്ന് ഷിൽനയെ വിളിച്ചു പറഞ്ഞു. ആ സമയത്തേക്ക് കോഴിക്കോട് എത്താൻ കണ്ണൂര് നിന്ന് ഷിൽന ട്രെയിൻ കയറി. അതുപറയാൻ സുധാകരനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

വടകര എത്താറായപ്പോൾ ഷിൽനയെ അച്ഛൻ ഫോണിൽ വിളിച്ചു. തനിക്ക് ഒരു ആക്സിഡന്‍റ് ഉണ്ടായെന്നും വടകരയിൽ ഇറങ്ങി വീട്ടിലേക്കു ചെല്ലാനും സ്റ്റേഷനിൽ ഇളയച്ഛൻ വരും എന്നും  പറഞ്ഞു. വടകരയിൽ ഇറങ്ങി ഇളയച്ഛനൊപ്പം കണ്ണൂരിൽ എത്തിയ ഷിൽനയെ കാത്ത് അച്ഛൻ നിന്നിരുന്നു. കാഴ്ചയിൽ പരുക്കൊന്നുമില്ല. എങ്കിലും ആശുപത്രിയിൽ കാണിക്കണം എന്നുപറഞ്ഞ് കാറിൽ ഷിൽനയെയും കൂട്ടി പരിയാരം ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ഷില്‍നയും സുധാകരനും

കാറിൽ വെച്ചാണ് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തന്‍റെ കുടുംബ ചിത്രം ഷിൽന കാണുന്നത്, ഒപ്പം ബ്രണ്ണൻ കോളേജിലെ അദ്ധ്യാപകൻ വാഹനാപകടത്തിൽ പെട്ടു എന്ന വാർത്തയും. അപ്പോൾ ബോധരഹിതയായ ഷിൽന പിറ്റേദിവസമാണ് കണ്ണ് തുറക്കുന്നത്. അന്ന് സുധാകരന്‍റെ മൃതദേഹം ബ്രണ്ണൻ കോളേജിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയായിരുന്നു.

നിലമ്പൂര് നിന്ന് മടങ്ങും വഴിയാണ് വാഹനാപകടത്തില്‍ സുധാകരൻ മരണപ്പെട്ടത്. അപ്പോഴും പക്ഷേ ഷിൽനയോട് അതുപറയാനുള്ള ധൈര്യം ആർക്കുമുണ്ടായിരുന്നില്ല. അടുത്ത ദിവസം നേവിയിലുള്ള അനിയൻ അത്ര ദൂരെ നിന്ന് വന്നപ്പോഴാണ് ഷിൽന അറിയുന്നത് തന്‍റെ പ്രാണന്‍റെ  പാതി ഇപ്പോൾ ലോകത്തില്ല എന്ന്.

ഇന്നലെവരെ ഞാന്‍ ഇറുകിപ്പുണര്‍ന്നിരുന്ന പ്രിയപ്പെട്ടൊരാളാണ് ആ നിലത്തു വെള്ള തുണിയില്‍ പൊതിഞ്ഞു കിടത്തിയിരുന്നത് എന്നു വിശ്വസിക്കുക ഹൃദയഭേദകമായിരുന്നു.

തണുത്തുറഞ്ഞ ആ ദേഹം സ്പര്‍ശിക്കാന്‍ പോലും ഞാന്‍ ഭയപ്പെട്ടു ..

അന്ത്യചുംബനം നല്‍കിയപ്പോള്‍ ഞാന്‍ ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ ഒരു അപസ്മാരബാധിതയെ പോലെ സഞ്ചരിച്ചു !

ഒരിക്കലും ബോധം തെളിയാത്ത വിധം എന്തെങ്കിലും മരുന്നുകള്‍ തന്നു എന്നോയൊന്നു ഉറക്കിക്കിടത്തു എന്നു പറയണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ഷില്‍ന ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

സുധാകരന്‍റെ അച്ഛനും അമ്മക്കും ഒറ്റമകനാണ്. മകന്‍റെ മരണവാർത്തയോടെ അവർ തകർന്നുപോയി. മൃതദേഹം ദഹിപ്പിക്കാനെടുക്കുന്ന നേരത്ത് ഷിൽനക്കു തോന്നി സുധാകരന് തന്‍റെ പ്രണയം കൊണ്ട് വീണ്ടും ജീവന്‍ കൊടുത്തേ പറ്റൂ എന്ന്.

അടുത്ത ദിവസം ഷിൽന അനുജനോട് പറഞ്ഞു തനിക്ക് ചികിത്സ തുടരണമെന്നുണ്ട് എന്ന്. ഷിൽനയുടെ തീരുമാനത്തിന് വീട്ടുകാർ സമ്മതം മൂളി. തന്‍റെ ഏകമകനെ നഷ്ടപ്പെട്ട സുധാകരന്‍റെ അമ്മ ആ തീരുമാനമറിഞ്ഞ് ഷിൽനയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ചികിത്സാകാലത്ത് ഫ്രീസ് ചെയ്തുവെച്ചിരുന്ന ബീജം ഉപയോഗിച്ച് മൂന്നാമത് ഐ വി എഫ് നടത്താൻ ഷിൽന തയ്യാറായി. ആശങ്കകളും ഭയവും പ്രകടിപ്പിച്ചവരോട് തന്‍റെ തീരുമാനം ഉറച്ചതാണെന്ന് ഷിൽന പറയാതെ പറഞ്ഞു. ആ കരളുറപ്പിനു മുൻപിൽ ഒപ്പം നിൽക്കുക മാത്രമേ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചെയ്യാനുണ്ടായിരുന്നുള്ളൂ.

ആ ചികിത്സ ഫലം കണ്ടു. ഷിൽന ഗർഭം ധരിച്ചു.  2018 സെപ്തംബർ 13 നു ഉച്ചക്ക്  കണ്ണൂർ കൊയിലി ആശുപത്രിയിലെ പ്രസവമുറിയിൽ ശസ്ത്രക്രിയയിലൂടെ അവരെ പുറത്തെടുത്തു, സുധാകരന്‍റെയും ഷിൽനയുടെയും അനുപമമായ പ്രണയത്തിൽ പിറന്ന നക്ഷത്രപ്പൂക്കളെ. അവരെ നെഞ്ചോടു ചേർത്ത് സുധാകരന്‍റെ അമ്മ കണ്‍നിറയെ ചിരിച്ചു, ഒരു വർഷത്തിന് ശേഷം.

​ഷില്‍ന മക്കളോടൊപ്പം

അപ്രതീക്ഷിതമായി ജീവിതത്തിന്‍റെ ഒരിടനാഴിയിൽ വെച്ച് കൈകോർത്തു നടന്നിരുന്ന ആൾ പിരിഞ്ഞുപോവുകയും തനിച്ചായിപ്പോവുകയും ചെയ്യുക. മുൻപോട്ട് എന്താണ് എന്ന ചോദ്യത്തിന് മുൻപിൽ പകച്ചുപോവുക. എന്നിട്ടും പ്രണയക്കരുത്തോടെ പിരിഞ്ഞുപോയവന്‍റെ വിത്തുകളെ ധ്യാനത്തിലെന്നവണ്ണം സൂക്ഷ്മമായി മുളപ്പിച്ചെടുക്കുക. ഷിൽന, നിങ്ങൾക്കു മുൻപിൽ കാലത്തിന്‍റെ കളികൾ അപ്രസക്തമായിപ്പോവുന്നു.

“മരണം പോയി തുലയട്ടെ, പ്രണയം ജയിക്കട്ടെ ” തന്‍റെ ഫേസ് ബുക്ക് പേജിൽ ഷിൽന കുറിച്ചു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം