ഉച്ചക്ക‍ഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട

ആ കൂടിച്ചേരലില്‍ പങ്കെടുക്കാന്‍ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും അംഗങ്ങളെത്തി. മാത്രമല്ല, അമേരിക്ക, ഇംഗ്ലണ്ട്, ഗള്‍ഫ് രാജ്യങ്ങള്‍ ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നി്ന്നുമെല്ലാം സ്ത്രീകള്‍ എത്തിച്ചേര്‍ന്നു.

നിഷാ രാമചന്ദ്രന്‍ കഴിഞ്ഞ വര്‍ഷമാണ് എസ് എസ് എല്‍ സി പാസായത്. കഴിഞ്ഞ വര്‍ഷം തന്നെയാണ് അവരുടെ മകനും എസ് എസ് എല്‍ സി പാസായത്.

നിഷ ആലപ്പുഴ ജില്ലയിലെ പാണാവള്ളിയ്ക്കടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വെയ്ക്കുന്ന പാചകക്കാരിയാണ്. പഠിക്കാനൊന്നും സാഹചര്യമില്ലാതിരുന്ന നിഷ കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായാണ് മകനൊപ്പം ആ കടമ്പ കടന്നത്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘കാണാമറയത്തെ കയ്യൊപ്പുകള്‍’ എന്ന സമാഹാരത്തില്‍ നിഷയുടെ കൃതിയുമുണ്ട്.

നിഷയെപ്പോലെ തന്നെ ആരുമധികം അറിയാതെ പോകുമായിരുന്ന ഒരുകൂട്ടം സാധാരണ സ്ത്രീകളുടെ കൃതികളുമുണ്ടായിരുന്നു ആ പുസ്തകത്തില്‍,

വളരെ ചെറിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ തുടങ്ങി രാജ്യങ്ങള്‍ക്കപ്പുറം സജീവപ്രവര്‍ത്തകരും വേരുകളുമുള്ള ഒരു വലിയ സ്ത്രീ കൂട്ടായ്മയായി വളരെ വേഗം മാറിയ ‘ആഗ്നേയ’ പുറത്തിറക്കിയ രണ്ടാമത്തെ സമാഹാരമായിരുന്നു അത്.

ഫേസ്ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയ വേദികളിലോ ഒന്നും പ്രത്യക്ഷപ്പെടാതെ ചെറിയൊരു ലോകത്ത് കഴിഞ്ഞിരുന്ന നിഷയടക്കമുള്ള മൂന്ന് സ്ത്രീകളുടെ കൃതികളും ആഗ്നേയ പുറത്തിറക്കിയ സമാഹാരത്തിലുണ്ടായിരുന്നു. ആഗ്നേയയുടെ അംഗങ്ങളുടെ കൃതികള്‍ക്ക് പുറമെയായിരുന്നു അത്.


ആരും കാണാതെയും പരിഗണിക്കാതെയും പോകുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. അവര്‍ക്കൊരു കൈത്താങ്ങാകാം, ഗ്രാമീണ സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം: Karnival.com

“അവര്‍ (നിഷയടക്കമുള്ള മൂന്ന് സ്ത്രീകള്‍) ഒരിക്കലും ഫേസ് ബുക്കിലോ മറ്റേതെങ്കിലും സാമൂഹ്യമാധ്യമങ്ങളിലോ പോസ്റ്റുകളോ കുറിപ്പുകളോ ഇട്ടിട്ടില്ല.അവരുടെ എഴുത്തുകള്‍ ആരും വെളിച്ചം കണ്ടിട്ടില്ല. മാത്രമല്ല അവരില്‍ രണ്ട് പേര്‍ അമ്പത് വയസിനു മുകളില്‍ പ്രായമുള്ളവരുമായിരുന്നു,” ആഗ്നേയയുടെ അഡ്മിനും തിരുവനന്തപുരംകാരിയുമായ ദീപാ റാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

കാണാമറയത്തെ കയ്യൊപ്പുകള്‍ എഴുത്തുകാരായ ചന്ദ്രമതിയും കുരീപ്പുഴ ശ്രീകുമാറും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു

“ഞങ്ങള്‍ ഫേസ്ബുക്കിലൂടെ നടത്തിയ ക്യാമ്പെയ്‌നിലായിരുന്നു ഈ മൂന്നുപേരേയും കണ്ടെത്തിയത്. ഞങ്ങളുടെ അംഗമായ പാണാവള്ളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ആശാ ബേബി നിഷ ചേച്ചിയെ കുറിച്ച് പങ്കു വെയ്ക്കുന്നത്.അങ്ങനെ പാണാവള്ളിയിലെ സര്ക്കാര്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിപ്പുരയില്‍ അറിയപ്പെടാതെ ജീവിക്കുമായിരുന്ന നിഷ എന്ന എഴുത്തുകാരി ആഗ്നേയയുടെ പ്ലാറ്റ്‌ഫോമിലൂടെ മുന്നിലേക്ക് വരികയാണ്,” ദീപ അഭിമാനത്തോടെ പറയുന്നു.

ആഗ്നേയ എന്ന സ്ത്രീകളുടെ സാമൂഹ്യ കൂട്ടായ്മ 2018-ലാണ് ആരംഭിക്കുന്നത്. അതിനു പിന്നിലൊരു കഥയുണ്ട്. 2016-ല്‍ ഒരു സ്ത്രീകൂട്ടായ്മയായാണ് ഇതിന്‍റെ തുടക്കം.ആയിരത്തോളം അംഗങ്ങളുണ്ടായിരുന്നു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍.


ഇതുകൂടി വായിക്കാം: പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’


”അങ്ങനെ ഗ്രൂപ്പിലെ ആക്ടിവിറ്റീസും മറ്റുമായി തുടരുന്നതിനിടയിലാണ് ഇതുപോരാ എന്നു തോന്നുന്നത്. പേജിനപ്പുറത്തേക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അംഗങ്ങള്‍ക്കു വേണ്ടി ഒരു കൂട്ടായ്മയും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തില്‍ നിന്ന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനമായി… അങ്ങനെ ആഗ്നേയ പൊതുപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഒത്തുചേരലില്‍ നിന്ന്

“അന്ന് ആഗ്നേയ എന്ന സംഘം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അംഗവും ഫിസിക്സ് അധ്യാപികയുമായ അശ്വതി കൃഷ്ണനാണ് തീയില്‍ കുരുത്തത് എന്നര്‍ത്ഥം വരുന്ന ആഗ്നേയ എന്ന പേര് സജസ്റ്റ് ചെയ്തത്. അതെല്ലാവര്ക്കും സ്വീകര്യവുമായിരുന്നു.അങ്ങനെ പരിപാടിക്കു വേണ്ടി ഞങ്ങള്‍ തയ്യാറായി. ഞങ്ങളുടെ ടീമംഗങ്ങളുടെ തന്നെ കൃതികള്‍ ഉള്‍പ്പെടുത്തി ‘പെണ്ണടയാളങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനവുമായിരുന്നു ചടങ്ങിന്‍റെ പ്രധാന അജണ്ട്..”


കൊച്ചിയില്‍ ആയിരുന്നു ആദ്യത്തെ കൂടിച്ചേരല്‍. അവിടെ വെച്ചാണ് പെണ്ണടയാളങ്ങള്‍ എന്ന ആദ്യ സമാഹാരം പുറത്തിറക്കുന്നതും. ഗ്രൂപ്പിലെ 55 പേരുടെ കൃതികളായിരുന്നു പുസ്തകത്തിലുണ്ടായിരുന്നത്.


ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ആ കൂടിച്ചേരലില്‍ പങ്കെടുക്കാന്‍ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും അംഗങ്ങളെത്തി. മാത്രമല്ല, അമേരിക്ക, ഇംഗ്ലണ്ട്, ഗള്‍ഫ് രാജ്യങ്ങള്‍ ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നി്ന്നുമെല്ലാം സ്ത്രീകള്‍ എത്തിച്ചേര്‍ന്നു.

അംഗങ്ങളുടെ കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ആഗ്നേയയുടെ കൂടിച്ചേരല്‍

“അവിടെ ഉയര്ന്നുകേട്ട വാക്കുകള്‍ ,അവിടെ പ്രസരിച്ച പുതിയ ഊര്ജ്ജം എല്ലാം പുതിയ അനുഭവമായി…ഡാന്‍സും പാട്ടുമായി പരിപാടി ആഘോഷമായി. ചെറിയ സ്റ്റാളുകളും ഉണ്ടായിരുന്നു.ഗ്രൂപ്പിലെ അംഗങ്ങളുടെ തന്നെ സംരംഭങ്ങളായ ഗൃഹാലങ്കാര വസ്തുക്കള്‍,പെയിന്‍റിംഗുകള്‍,സാരി തുടങ്ങി നിരവധി വവസ്തുക്കളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്,” ദീപ പറഞ്ഞു.

സ്ത്രീകള്‍ക്ക് കഥകള്‍, കവിതകള്‍, യാത്രാ വിവരണങ്ങള്‍, അലോകനങ്ങള്‍ എന്നിവ പങ്കിടാനുള്ള ചെറിയൊരു ഗ്രൂപ്പായാണിത് ആരംഭിച്ചത്. പിന്നീടത് ചെറിയ തോതില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കോട്ടയം സ്വദേശിനിയായ പുഷ്പവല്ലി എന്ന സ്ത്രീയെ സഹായിക്കാന്‍ ആ സ്ത്രീ കൂട്ടായ്മ തീരുമാനിച്ചു. ഗ്രൂപ്പിലെ അംഗമായ നീലിമാ അരുണായിരുന്നു അവരുടെ പേര് നല്കിയത്.

ആഗ്നേയയിലെ അംഗങ്ങളുടെ കലാരചനകള്‍

“ജനിതക തകരാറു മൂലം വീട്ടിലെ നാല്പതിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരെല്ലാം മരിച്ചുപോകുകയോ തൊഴിലെടുക്കാനാവാത്ത വിധം കിടപ്പിലായിപ്പോകുകയോ ചെയ്ത വീട്ടിലെ അംഗമായിരുന്നു പുഷ്പവല്ലി. നിത്യദാരിദ്ര്യം. ഞങ്ങളുടെ അന്വേഷണത്തില്‍ അവര്‍ ചാരിറ്റി ലഭിക്കാന്‍ അര്‍ഹയായിരുന്നു. അങ്ങനെ ഞങ്ങളവര്ക്ക് ചെടികള്‍ വില്ക്കുന്നതിനുള്ള ഒരു നേഴ്‌സറി തുടങ്ങിക്കൊടുത്തു. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അവരുടെ ചെടിയെല്ലാം നശിച്ചു.

“എന്നാല്‍ ഞങ്ങളുടെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ റോട്ടറി ക്ലബ്ബ് പ്രളയാനന്തരം അവരുടെ വീടിന്‍റെ പണി ഏറ്റെടുത്തു. ഞങ്ങളാഗ്രഹിക്കുന്നതും അതാണ്.ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഏറ്റെടുക്കാന്‍ ആളുണ്ടാകുക,”ആഗ്നേയയുടെ തുടക്കക്കാലത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീപ വിശദമാക്കുന്നു.

പങ്കിടാനൊരിടം

സ്ത്രീകള്ക്ക് വന്ന് അവരുടെ വേദനകളും സങ്കടങ്ങളും പറയാന്‍, കരയാന്‍ ഒരിടം. പ്രശ്‌നങ്ങള്ക്ക് പരിഹാരം തേടാന്‍ ഒരിടം, അതും കൂടിയാണ് ആഗ്നേയ. സാധാരണ പ്രതിസന്ധികളിലും മറ്റും ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ഇടമില്ലാതാകുന്നു.അവരൊറ്റപ്പെട്ടു പോകുന്നു,അങ്ങനെയുള്ളവര്ക്ക്െ എന്തും വന്ന് തുറന്നു പറയാന്‍ സാധിക്കും. ഇവിടെ വന്ന് അവരുടെ വിഷമങ്ങള്‍ പങ്കിടുമ്പോള്‍ അതിനു പരിഹാരമുണ്ടാകുന്നു. അവരോട് തുറന്നു സംസാരിക്കാന്‍ ആളുണ്ടാകുന്നു, ദീപാ റാം ആഗ്നേയയുടെ മറ്റൊരു പ്രവര്‍ത്തന മേഖലയെക്കുറിച്ച് പറയുന്നു.

“ഇനി മാനസിക പ്രതിസന്ധികളുണ്ടെങ്കില്‍ അതിനെ തരണം ചെയ്യാന്‍ സൈക്കോളജിസ്റ്റുകള്‍ നമ്മുടെ ഗ്രൂപ്പിലുണ്ട്. പ്രശ്‌നം നിയമപരമാണെങ്കില്‍ അതിനെ കുറിച്ച് സംശയങ്ങള്‍ തീര്‍ക്കാന്‍ വക്കീലുമാരായ അംഗങ്ങളുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് ഏത് സംശയവും തീര്‍ക്കാന്‍ ഡോക്ടര്‍മാരുണ്ട്. എന്തിനും ഉത്തരം കൊടുക്കാനും ഒന്നു ചേര്ത്തുനിര്‍ത്തി ആശ്വസിപ്പിക്കാനും ഞങ്ങളുണ്ട്,” അവര്‍ വിശദീകരിച്ചു.

പ്രളയകാലത്ത്

അഭയത്തിലെ മനുഷ്യര്‍ക്ക് ആഗ്നേയയുടെ സഹായം

2018-ലെ പ്രളയകാലത്ത് ആഗ്നേയയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഒരുപാട് പേരെ തൊട്ടു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആയിരുന്നു തുടക്കം. ആഗ്നേയയുടെ കോര്ഡിനേറ്റേഴ്‌സ് ഷിഫ്റ്റ് അനുസരിച്ചു പ്രവര്‍ത്തിച്ചു.പലയിടങ്ങളില്‍ നിന്നു വരുന്ന ആവശ്യങ്ങള്‍ സമയാസമയങ്ങളില്‍ അതാതു ഗവണ്‍മെന്‍റ് സംവിധാനങ്ങളുടെ അടുത്തെത്തിച്ചു.

“അങ്ങനെ ആഗ്നേയയുടെ പ്രവര്‍ത്തകരുടെ രാപ്പകല്‍ അധ്വാനം പ്രളത്തില്‍ കേരളക്കരയ്ക്കാകെ സഹായമായി എന്നു തന്നെയാണ് വിശ്വാസം,” ദീപാ റാം പറയുന്നു.
പ്രളയകാലത്ത് ആഗ്നേയയുടെ അംഗങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലിരുന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിച്ചു.

”രണ്ടാഴ്ചകാലമാണ് ഊണും ഉറക്കവും കളഞ്ഞ് ഞങ്ങളുടെ അംഗങ്ങള്‍ പ്രവര്ത്തിച്ചത്. ക്യാമ്പുകളില്‍ വോളന്‍റിയേഴ്‌സായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ആവശ്യങ്ങളുന്നയിച്ച് വരുന്ന കോളുകളുടേയും സന്ദേശങ്ങളുടേയും ആധികാരികത പരിശോധിച്ച് അവ അധികൃതര്‍ക്ക് കൈമാറുക, ഇങ്ങനെയായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന രീതികള്‍.റിലീഫ് പ്രവര്‍ത്തനങ്ങള്ക്കായി ആഗ്നേയയുടെ അഡ്മിന്സിന്‍റെയും അവരുടെ സുഹൃത്തുക്കളുടേയും പക്കല്‍ നിന്ന് പണം പിരിച്ചു,”പ്രളയകാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീപ പറഞ്ഞു.

യു എസില്‍ നിന്ന് ദീപാ റാം, കുവൈറ്റില്‍ നിന്ന് ധന്യാ മോഹന്‍, മലപ്പുറത്തു നിന്ന് സ്മിതാ വിനോദ്, മാലിദ്വീപില്‍ നിന്ന് ദീപാ പാര്‍വതി ശങ്കര്‍.. ഇവര്‍ നാലു പേരും കൂടി ആഗ്നേയയുടെ ഹെല്പ് ഡെസ്‌ക്കുകള്‍ ക്രോഡീകരിച്ചു. കൂടാതെ അമൃത, ആതിര, ആശാ ബേബി, അഞ്ജു ശരത് തുടങ്ങിയവര്‍ മുഴുവന്‍ സമയവും പ്രവര്ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള സംഘം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ ആധികാരികത പരിശോധിച്ചു. മാത്രമല്ല ആഗ്നേയയുടെ സജീവാംഗമായ പ്രീത സഹായം തേടി വിളിച്ചവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

“ആഗ്നേയ തുടങ്ങിയ ആദ്യവര്‍ഷം നടത്താനിരുന്ന ഓണാഘോഷം പൂര്‍ണമായും ഞങ്ങള്‍ ഉപേക്ഷിച്ചു.ഷൊര്ണ്ണൂരിലെ അഭയം എന്ന സംഘടനയക്കാണ് ആ പണമത്രയും ഞങ്ങള്‍ നല്കിപയത്.(ആ വര്ഷം തൃശൂരിലെ ചെല്ലാനം പഞ്ചായത്തിലെ കാന്‍സര്‍ രോഗികളെ പുനരധിവസിപ്പിക്കുന്ന വെല്‍ഫെയര്‍ ട്രസ്റ്റിനും ,തൃശൂരില്‍ പെണ്കുട്ടികള്ക്കുവേണ്ടി നടത്തുന്ന അനാഥാശ്രമത്തിനും സഹായങ്ങള്‍ നല്കുകയും തൃശൂരില്‍ തന്നെയുള്ള ഒരു മത്സ്യത്തൊഴിലാളിക്ക് വീട് നിര്‍മ്മി ച്ചു നല്കുന്നതിനും സാധിച്ചു.) ആഗ്നേയയുടെ ഫീല്ഡ് വര്‍ക്കേഴ്‌സാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്.”


ഇതുകൂടി വായിക്കാം:‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം


ഇത്തവണയും മഴക്കെടുതിയുണ്ടായപ്പോള്‍ ആഗ്നേയയുടെ പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ മാത്രമല്ല, നേരിട്ടെത്തിയും സഹായങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങി. വിവിധ ജില്ലയില്‍ ഉള്ള അംഗങ്ങള്‍ കളക്ഷന്‍ പോയിന്‍റിലേക്ക് സാധനങ്ങള്‍ എത്തിക്കാനും അതിന് വേണ്ട സാധനങ്ങള്‍ വീടുകള്‍ കയറി ശേഖരിച്ച് എത്തിക്കാനും മുന്നിട്ടിറങ്ങി.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ആഗ്‌നേയയുടെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു.

അംഗങ്ങളുടെ ചെറു കുറിപ്പുകളും കവിതകളും കഥകളും ആഗ്നേയയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. കൂടാതെ എല്ലാ ദിവത്തെയും പത്രവാര്‍ത്തകള്‍ പുലരൊളി എന്ന പേരില്‍ ആഗ്നേയ എഫ് ബി പേജില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

2019 മെയ് പതിനെട്ടിനാണ് കൊച്ചി ആശിര്‌വനില്‍ ‘ആഗ്നേയമാര്‍’ രണ്ടാമതായി ഒത്തുകൂടിയത്. പരിപാടിയുടെ ഭാഗമായി മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച തൃശൂര്‍ സ്വദേശിനി ഷീബയ്ക്ക് ഒലിവ് ഫ്രണ്ട്‌സ് എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ച് ഒരു ഇലക്ട്രിക് വീല്‍ ചെയറും ചെറിയൊരു ധനസഹായവും നല്കി.

“പത്താം വയസു മുതല്‍ തീരെ കിടപ്പിലായ ഷീബ ചടങ്ങില്‍ വരില്ലെന്നു ഞങ്ങള്‍ കരുതിയെങ്കിലും കടലു കാണണമെന്ന അതിയായ ആഗ്രഹം അവരുടെ സുഹൃത്തുക്കളും ഉമ്മയും സാധിച്ചു കൊടുക്കാമെന്ന് നല്കിയ ഉറപ്പോടെ കൊച്ചിയിലെത്തിയ അവര്‍ കടല് കണ്ട് ചടങ്ങിലും പങ്കെടുത്ത് മടങ്ങി. മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തകയായ ഉമാ പ്രേമന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്ക്കുള്ള ധനസഹായവും ഞങ്ങള്‍ കൈമാറി.

“…ഈയൊരു ചടങ്ങിനു വേണ്ടി മാത്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഞങ്ങള്‍ എത്തിയത്. മാത്രമല്ല ഈ ചടങ്ങിന് ഞങ്ങള്‍ ക്ഷണിച്ച എല്ലാവരും പങ്കെടുത്തു എന്നത് ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.” ആഗ്നേയയുടെ രണ്ടാം വാര്ഷികാഘോഷങ്ങളെക്കുറിച്ച് ദീപ പറയുന്നു.

ഗ്രൂപ്പില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവരാണ് ആഗ്‌നേയയുടെ അഡ്മിന്‍മാര്‍.അവരാണ് ആഗ്‌നേയയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഏകാകരിക്കുന്നതും.ആഗ്‌നേയയുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് യുഎസിലെ ന്യൂയോര്‍ക്കിലിരുന്നാണ് പ്രധാന അഡ്മിന്‍മാരിലൊളായ തിരുവനന്തപുരം സ്വദേശിനിയും അധ്യാപികയുമായ ദീപാ റാം സംസാരിച്ചത്. ദീപയെ കൂടാതെ സ്മിതാ വിനോദ്, ധന്യാ മോഹന്‍ ഇവരാണ് ഗ്രൂപ്പിന്‍റെ അഡ്മിന്‍മാര്‍.ഗ്രൂപ്പില്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ കൂടിയാണ് അഡ്മിന്‍മാരെ തീരുമാനിക്കുന്നത്.


ഇതുകൂടി വായിക്കാം:തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്‍പന്നം ലോകശ്രദ്ധയിലേക്ക്


പേള്‍സ് ആഗ്നേയയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണ്. മുപ്പതു പേരടങ്ങുന്ന സംഘമാണ് പേള്‍സ് എന്നറിയപ്പെടുന്നത്. ഗ്രൂപ്പ് അഡ്മിന്‍സ് കഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഇവരാണ്. എട്ട് മോഡറേറ്റേഴ്‌സും കൂടി ആഗ്നേയയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.കാര്‍ത്തിക പ്രശാന്ത് ,ലക്ഷ്മി ഹരികൃഷ്ണന്‍,നിഷാ സുരേഷ്,ഗീതാ കെ എ,നിസാ സുജിത്,സിന്ധു മനോജ്,പ്രീതാ പുത്തന്‍വീട്ടില്‍ എന്നിവരാണ് മോഡറേറ്റേഴ്സ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം