“ഒരു കുരുമുളക് തിരിയില്‍ നിന്നും വശങ്ങളിലേക്ക് നൂറോളം തിരികള്‍… അത് നിറയെ കുരുമുളക് മണികള്‍.. കാണാന്‍ തന്നെ നല്ല ചന്തമാണിതിന്. ഭംഗി മാത്രമല്ല ഗുണത്തിലും ഈ തെക്കന്‍ കേമനാണ്,” ഇതുപറയുമ്പോള്‍ തോമസിന്‍റെ വാക്കുകളില്‍ വാത്സല്യം നിറയുന്ന പോലെ തോന്നും.
വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയതല്ലേ.. ഈ കുരുമുളക് മുത്ത്മണികളോട് അദ്ദേഹത്തിന് കുറച്ച് സ്നേഹക്കൂടുതലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
തെക്കന്‍ കുരുമുളക്… സാധാരണ കുരുമുളകിനെക്കാള്‍ കൂടുതല്‍ മണികളുള്ള, കരുത്തുള്ള, വിളവ് ഏറെയുള്ള ഇനമാണിത്. ഇടുക്കിക്കാരന്‍ തോമസ്‍ ചേട്ടന്‍റെ വീട്ടുമുറ്റത്ത് നിന്ന് വിയറ്റ്നാമിലേക്കും കംബോഡിയയിലേക്കുമൊക്കെ പറന്ന ഇനത്തിന് ഇന്ത്യയിലും ആവശ്യക്കാരറേയുണ്ട്.
നീലഗിരി മലനിരകളില്‍ നിന്നുള്ള തേനും കുരുമുളകും ചേരുന്ന പെപ്പര്‍ ഹണിയും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളും വാങ്ങാം: Karnival.com
ഈ തെക്കനിലൂടെ രാഷ്ട്രപതിയില്‍ നിന്നു പുരസ്കാരം സ്വീകരിക്കാനുള്ള അവസരവും ടി.ടി. തോമസ് എന്ന കര്‍ഷകന് കിട്ടി.
ഇടുക്കി കട്ടപ്പന കാഞ്ചിയാര്‍ അഞ്ചുരുളി സ്വദേശിയായ തോമസ് ‘തെക്കന്‍’ എന്നു പേരിട്ടിരിക്കുന്ന കുരുമുളക് ഇനത്തെ കണ്ടെത്തിയതിനെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാട്ടില്‍ നിന്നാണ് ഈ തെക്കനെ എനിക്ക് കിട്ടിയത്. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണിത്. ഇടുക്കി ഡാം റിസര്‍വോയറിന്‍റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കാഞ്ചിയാര്‍ അഞ്ചുരുളിയിലെ വനപ്രദേശത്ത് നിന്നാണ് തെക്കനെ കിട്ടുന്നത്.
“തെക്കനെ കിട്ടിയെന്നു പറഞ്ഞാല്‍ ശരിയല്ല, അതിന്‍റെ മാതൃസസ്യത്തെയാണെനിക്ക് കിട്ടുന്നത്. കാട്ടില്‍ നിന്നു കിട്ടിയ കുരുമുളക് തൈ ബ്രസീലിയന്‍ കാട്ടു കുരുമുളക് ഇനമായ കൊളുബ്രിനവുമായി ഗ്രാഫ്റ്റ് ചെയ്തു.
“ഈ ഗ്രാഫ്റ്റില്‍ നിന്നാണ് തെക്കനെ ഉണ്ടാക്കിയെടുക്കുന്നത്.
തെക്കന്‍ എന്നതു എന്‍റെ വീട്ടുപേരാണ്. ആ പേരാണ് ഞാന്‍ വികസിപ്പിച്ചെടുത്ത കുരുമുളകിന് നല്‍കിയത്.
“തെക്കനെ കണ്ടെത്തുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കിലും ആളുകള്‍ക്കിടയില്‍ ഇത്രയേറെ പ്രചാരം കിട്ടുന്നത്
രാഷ്ട്രപതിയുടെ കൈയില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമാണ്.
“2012-ലാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നത്. അതിനു ശേഷം ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഇടുക്കിയിലേക്ക് തെക്കനെ അന്വേഷിച്ചെത്തിയിട്ടുണ്ട്. തെക്കന്‍ തൈകള്‍ ഇവിടെ നിന്നു പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുമുണ്ട്.” അദ്ദേഹം പറയുന്നു.
തെക്കന്‍റെ ഗുണങ്ങളാണ് അതിന്‍റെ ആവശ്യക്കാരുടെ എണ്ണം കൂട്ടുന്നത് എന്ന് തോമസ് ചേട്ടന്‍ പറയുന്നു.
“നല്ല കരുത്തുള്ളതാണ് തെക്കന്‍ കുരുമുളക് വള്ളികള്‍ക്ക്. അത്ര പെട്ടെന്നു കീടബാധയൊന്നും ഇവയെ ഏല്‍ക്കില്ല. ഹൈറേഞ്ചിലെ കുരുമുളക് കൃഷിയുടെ വലിയൊരു ശത്രുവാണ് ദ്രുതവാട്ടം. ഈ ദ്രുതവാട്ടത്തെയും തെക്കന്‍ പ്രതിരോധിക്കും. ദ്രുതവാട്ടം മാത്രമല്ല അഴുകല്‍ അസുഖങ്ങളൊന്നും തെക്കനെ ബാധിക്കില്ല,” അദ്ദേഹം അവകാശപ്പെട്ടു.
രോഗപ്രതിരോധശേഷി കുറവാണ് എന്ന് മാത്രമല്ല, നല്ല വിളവും കിട്ടും. “സാധാരണ കുരുമുളക് തൈകളുടെ ഒരു തിരിയില്‍ 80 മുതല്‍ 90 മണികള്‍ വരെ കായ്ക്കും.
“സാധാരണ പൂവിടുമ്പോള്‍ കുരുമുളക് തൈകളില്‍ തിരി കൊഴിയുന്നത് പതിവാണ്. പക്ഷേ തെക്കന്‍ തൈകളില്‍ പൂവിടുമ്പോള്‍ തിരി കൊഴിയുന്നത് വളരെ കുറവാണ്. മറ്റുള്ളവയെക്കാള്‍ വിളവ് കൂടുതല്‍ കിട്ടുന്നുമുണ്ട്. തൂക്കവും ഇതിനാണ് കൂടുതല്‍. മറ്റു കുരുമുളകുകളെക്കാള്‍ എരിവ് കൂടുതലുണ്ട് തെക്കന്.
ഇതുകൂടി വായിക്കാം: പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍
“സാധാരണ ഒരു ഹെക്റ്റര്‍ സ്ഥലത്ത് നിന്ന് 400 കിലോ കുരുമുളക് കിട്ടും. എന്നാല്‍ ഒരു ഹെക്റ്റര്‍ സ്ഥലത്ത് നട്ടിരിക്കുന്നത് തെക്കന്‍ കുരുമുളകാണെങ്കില്‍ 8,000 കിലോ വിളവ് കിട്ടും. തെക്കന്‍റെ ഒരു തൈയില്‍ നിന്നുള്ളത് ഉണക്കിയാല്‍ 15 കിലോ കിട്ടും,” അദ്ദേഹം തുടരുന്നു.
“തെക്കന് കായ്ക്കാനും അധികം സമയം വേണ്ടെന്നത് ഒരു പ്രത്യേകതയാണ്. നട്ട് രണ്ടാം വര്‍ഷം മുതല്‍ കായ്ക്കും. ഏതാണ്ട് 25 വര്‍ഷം വരെ നല്ല രീതിയില്‍ വിളവ് നല്‍കും. മറ്റിനം കുരുമുളകുകള്‍ മൂന്നും അഞ്ചും വര്‍ഷമെടുത്താണ് കായ്ക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കാട്ടില്‍ നിന്നു കിട്ടുമ്പോള്‍ ഈ കുരുമുളക് തൈയ്ക്ക് രണ്ടോ മൂന്നോ തിരികളെ ഉണ്ടായിരുന്നുള്ളൂ. നഴ്സറിയില്‍ കൊണ്ടുവന്നു നട്ട് 25 വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റു കുരുമുളകിനോടൊന്നും ഇതിന് സാമ്യം തോന്നിയിട്ടില്ലെങ്കിലും കരിമുണ്ടയുടെ ഇലയുമായി തെക്കന്‍റെ ഇലയ്ക്കും സാമ്യമുണ്ട്.
കായ്ഫലവും കീടബാധകളും നാട്ടുകാരെക്കാള്‍ മറ്റുള്ളവര്‍ക്കാണ് തെക്കനോട് പ്രിയം കൂടുതലെന്നാണ് തോമസ് ചേട്ടന്‍റെ അനുഭവം.
“കേരളത്തിലുള്ളവരെക്കാള്‍ കൂടുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതിന്‍റെ തൈ അന്വേഷിച്ച് ഇവിടേക്ക് വരുന്നത്.
കര്‍ണാടകയിലൊക്കെ ഇപ്പോ ഈ ഇനത്തിന്‍റെ വലിയ തോട്ടങ്ങള്‍ തന്നെയുണ്ട്.കര്‍ണാടകയില്‍ മാത്രമല്ല ഗോവയിലും ഇവ കായ്ക്കുന്നുണ്ട്.
“വിയറ്റ്നാമും ഇന്തോനേഷ്യയും കംബോഡിയയുമൊക്കെ കുരുമുളക് കൃഷിയ്ക്ക് പേരുകേട്ട രാജ്യങ്ങളല്ലേ. അന്നാട്ടില്‍ നിന്നുള്ളവര്‍ പോലും തെക്കന്‍ തൈകള്‍ക്ക് വേണ്ടി ഇവിടെ വരാറുണ്ട്.
“ലോകത്ത് മറ്റെങ്ങും ഇല്ലാത്തതു കൊണ്ടാകില്ലേ ഇടുക്കിയിലേക്ക് അവരെത്തുന്നത്. ഇത്രയേറെ കുരുമുളക് മണികളുള്ള മറ്റൊരു കുരുമുളക് ഇനമില്ല. സാധാരണ കുരുമുളക് തൈയില്‍ നിന്നു 33 ശതമാനം ഉണക്ക കുരുമുളക് കിട്ടുമെങ്കില്‍ തെക്കന്‍ കുരുമുളകില്‍ നിന്ന് 44 ശതമാനം കിട്ടും. ഈ തെക്കനൊരു അത്ഭുതം തന്നെയാണെന്നു തോമസ് പറയുന്നു.
കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ നടത്തിയ പഠനങ്ങളില്‍ ഈ ഇനത്തിന്‍റെ കൂടിയ ഉത്പ്പാദക്ഷമതയും രോഗപ്രതിരോധ ശേഷിയുമൊക്കെ സ്ഥിരീകരിച്ചിട്ടുണ്ട്.
കുരുമുളക് കൃഷിയ്ക്ക് തോമസിന് വ്യത്യസ്തമായൊരു ശൈലി തന്നെയുണ്ട്. വട്ടത്തില്‍ കെട്ടിയിരിക്കുന്ന ഇരുമ്പ് വലയ്ക്കുള്ളില്‍ ചാണകവും ചകിരിച്ചോറും നിറയ്ക്കും. ഇതിലേക്ക് കുരുമുളക് തൈകള്‍ കയറ്റി വിടും. തൈ വേഗം വളരും.
തൈ വളര്‍ന്ന ശേഷം അവയെ മുറിച്ച് പ്രത്യേകം തയാറാക്കിയ നഴ്സറിയില്‍ നടും. പിന്നെ നഴ്സറിയിലാണ് പരിചരണം നല്‍കുന്നത്. തണ്ടുകള്‍ മുറിച്ച് നട്ടാണ് കുരുമുളകു തൈ ഉണ്ടാക്കുന്നത്.
“ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് തൈ നടുന്നത്. കുരുമുളക് വള്ളിയുടെ ചുവട്ടില്‍ നിന്നും വശങ്ങളിലേക്ക് വളരുന്ന തണ്ടുകളാണ് കൂടുതലും നടാനെടുക്കുന്നത്,” അദ്ദേഹം വിശദമായി പറഞ്ഞുതന്നു.
ഇങ്ങനെ കീഴ്ഭാഗവും മേല്‍ഭാഗവും മുറിച്ചുനീക്കി രണ്ടോ മൂന്നോ മുട്ടുകളോടെയുള്ള കഷ്ണങ്ങളാക്കിയ തണ്ടുകള്‍, ഒരു മുട്ട് മണ്ണിനടയില്‍ നില്‍ക്കത്തക്ക തരത്തില്‍ നടും. തൈകളെ പോളീത്തീന്‍ കവറുകളിലാക്കി ഇവയെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിവയ്ക്കും.
ഇതുകൂടി വായിക്കാം: കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍
“ഏത് കാലാവസ്ഥയിലും കുരുമുളക് തണ്ടിന് പെട്ടെന്നു വേരുപിടിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 22 ദിവസമൊക്കെയാകുമ്പോള്‍ അവയെ പറമ്പിലേക്ക് മാറ്റി നടും,” തോമസ് പറഞ്ഞു.
കുരുമുളക് തൈയ്ക്ക് താങ്ങുകാലായി കൊന്നമരമോ മുരുക്കോ ഒക്കെയാണ് പതിവ്. പക്ഷേ അതിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഇവിടെ.
കോണ്‍ക്രീറ്റ് തൂണിലും ഓട് തൂണിലുമാണിപ്പോള്‍ കുരുമുളക് കൊടി നടുന്നത്. മരങ്ങള്‍ക്ക് പകരം ഇതൊക്കെ താങ്ങായി വയ്ക്കുന്നതിലൂടെ മറ്റു ചില ഗുണങ്ങളുണ്ട്.
“ഇതാകുമ്പോള്‍ താങ്ങുമരത്തിന്‍റെ വേര് തൈകള്‍ക്ക് തടസം സൃഷ്ടിക്കുന്നില്ല. വളമിടുമ്പോള്‍ കുരുമുളകിന് മാത്രമായി വളം കിട്ടുകയും ചെയ്യും. ചാണകപ്പൊടിയും എല്ലുപ്പൊടിയും കടലപ്പിണ്ണാക്കുമൊക്കെയാണ് വളമായി നല്‍കുന്നത്.
“വളര്‍ന്നു വലുതായ തൈകള്‍ക്ക് ചുറ്റും ഈര്‍പ്പം നിലനില്‍ക്കുന്നതിന് ചപ്പുചവറുകള്‍ കൂട്ടിയിടാറുണ്ട്. ഇടയ്ക്ക് ബോഡോ മിശ്രിതവും തോട്ടത്തില്‍ തളിക്കാറുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുരുമുളക് മാത്രമല്ല ഏലവും വാനിലയും ഗ്രാമ്പുവും കാപ്പിയും പച്ചക്കറിയും മത്സ്യവുമൊക്കെ കൃഷി ചെയ്യുന്നുണ്ട് തോമസ്. നാലേക്കറിലാണ് കൃഷി. ഇതിലേറെ സ്ഥലവും നഴ്സറിയ്ക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഏലവും കുരുമുളകുമാണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.
പച്ചക്കറി കൃഷി അധികമില്ല. രണ്ട് സെന്‍റിലാണ് മത്സ്യക്കുളം ഒരുക്കിയിരിക്കുന്നത്. നട്ടറും ഗൗരാമിയുമാണിവിടെ വളര്‍ത്തുന്നത്.
“കൃഷിയിലേക്കെത്തിയിട്ടിപ്പോള്‍ 56 വര്‍ഷം കഴിഞ്ഞു.” വര്‍ഷം കുറേയായെങ്കിലും വിജയം മാത്രമല്ല പരാജയങ്ങളും നേരിട്ടിട്ടുണ്ടെന്നു പറയുന്നു ഈ കര്ഷകന്.
“3,000 കുരുമുളക് കൊടികള്‍ നശിച്ച സഹാചര്യമുണ്ടായിട്ടുണ്ട്. പക്ഷേ അതിനൊയൊക്കെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. എല്ലായ്‍പ്പോഴും ലാഭം മാത്രമല്ല കിട്ടുന്നതെന്നറിയാം.
“ഞാനെന്‍റെ ബാല്യം തൊട്ടേ കൃഷിയുടെ കൂടെയുണ്ട്.
കാര്‍ന്നോന്മാര്‍ കൃഷിക്കാര് ആയിരുന്നു. എട്ടേക്കര്‍ ഭൂമിയിലാണ് എന്‍റെ അമ്മ കൃഷി ചെയ്തിരുന്നത്.
ഇതൊക്കെയാകും എന്നെയും കൃഷിയിലേക്കെത്തിച്ചത്.
“എനിക്കിപ്പോ 79 വയസായി. ഇന്നും കൃഷിപ്പണിയൊക്കെ ചെയ്യും. എന്നും വെളുപ്പിന് നാലു മണിക്ക് എഴുനേല്‍ക്കും. പണിക്ക് സഹായത്തിന് ആളുണ്ട്. എങ്കിലും ഏതുനേരവും ഞാനും അവര്‍ക്കൊപ്പമുണ്ടാകും.
“പച്ചക്കറി കൃഷി വീട്ടാവശ്യത്തിനുള്ളതേയുള്ളൂ. കുരുമുളക് നോക്കാന്‍ തന്നെ സമയം ഇല്ലാത്ത അവസ്ഥയാണ്. പച്ചക്കറികളും ഗ്രാഫ്റ്റ് ചെയ്തു നട്ടിട്ടുണ്ട്. അതുകൊണ്ട് കുറേ അളവില്‍ വിള കിട്ടുന്നുണ്ട്.
“മേരിക്കുട്ടിയാണ് ഭാര്യ. രണ്ടുമക്കളാണുള്ളത്. ബെന്നിയും ലില്ലിക്കുട്ടിയും. മോള് വിവാഹമൊക്കെ കഴിഞ്ഞു. ബെന്നിയും നല്ലൊരു കര്‍ഷകനാണ്.” ചെറുമക്കള്‍ക്കും കൃഷിയോട് താത്പ്പര്യമുണ്ടെന്നു പറയുമ്പോള്‍ ഈ കര്‍ഷകന് അഭിമാനം.
ഇതുകൂടി വായിക്കാം: ജോലിയും കളഞ്ഞ് കുരുമുളകിനും കശുമാവിനും പിന്നാലെ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍: ഈ കണ്ണൂര്‍ക്കാരന്‍റെ തോട്ടത്തില്‍ 43 ഇനം കുരുമുളക്, പലതരം കശുമാവ്, പഴവര്‍ഗ്ഗങ്ങള്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് അവാര്‍ഡ്, 2011, 2012 വര്‍ഷങ്ങളില്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ 3 ലക്ഷം രൂപയുടെ അവാര്‍ഡും തോമസിന് കിട്ടിയിട്ടുണ്ട്.
***
ടി ടി തോമസിന്‍റെ ഫോണ്‍ നമ്പര്‍: 9961463035
ഫോട്ടോകള്‍ക്ക് കടപ്പാട്: പെപ്പര്‍ തെക്കന്‍/ ഫേസ്ബുക്ക്