പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്‍റെ മധുരമുള്ള വിജയകഥ

തോറ്റുതൊപ്പിയിട്ട് കുന്നുംമലയും അലഞ്ഞുനടന്ന ആ മലപ്പുറംകാരന്‍ ഇന്ന് തേനീച്ച ഗവേഷകര്‍ക്കും കര്‍ഷകര്‍ക്കും പരിശീലനം നല്‍കുന്ന വിദഗ്ധനാണ്.

മീദ് പത്താം ക്ലാസ്സില്‍ തോറ്റു. വീണ്ടും എഴുതിയെടുക്കാനൊന്നും പോയില്ല. ആ പതിനാറുകാരന്‍റെ ഔപചാരിക വിദ്യാഭ്യാസം അവിടെ അവസാനിച്ചു.

ഇനിയെന്ത് ചെയ്യുമെന്ന ചോദ്യങ്ങളും സന്ദേഹങ്ങളും ചുറ്റും നിന്ന് മുരണ്ടും ചിലപ്പോഴൊക്കെ കുത്തിയും ഹമീദിനെ പിന്തുടര്‍ന്നു. എന്നാല്‍ ആ കൗമാരക്കാരന്‍ പതറിയില്ല. വീട്ടില്‍ നിന്ന് നോക്കിയാല്‍ ചെറുവല്ലൂര്‍-മൈലാടി ഭാഗങ്ങളിലെ കുന്നുകള്‍ കാണാം. കുന്നുകളില്‍ കൂറ്റന്‍ മരങ്ങളും.

ഹമീദ് കുന്നുകളിലേക്കും വന്‍മരങ്ങളുടെ തുഞ്ചത്തേക്കും കണ്ണയച്ചു. അവിടെ മൂളിപ്പറക്കുന്നുണ്ടായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം.

ഹമീദ് പൂക്കോട്ടൂര്‍

പത്താംക്ലാസ്സില്‍ തോറ്റുതൊപ്പിയിട്ട് കുന്നുംമലയും അലഞ്ഞുനടന്ന ആ മലപ്പുറംകാരന്‍ ഇന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും ക്ലാസ്സുകളെടുക്കുന്നു. കേരളം മുഴുവനും പാറിനടന്ന് തേനീച്ചകളെക്കുറിച്ച് ക്ലാസ്സെടുക്കുന്ന എണ്ണംപറഞ്ഞ പരിശീലകനാണ് ഇന്ന് ഹമീദ് പൂക്കോട്ടൂര്‍.

ചെറുവല്ലൂര്‍ കുന്നുകളിലെ കാട്ടുതേനീച്ചകളോടുള്ള ചങ്ങാത്തം പത്താംക്ലാസ്സിന് മുമ്പുതന്നെ ഹമീദ് തുടങ്ങിയിരുന്നു. കാട്ടുതേന്‍ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങിയതോടെ ആവശ്യക്കാരേറി. അപ്പോഴാണ് തേനീച്ച കൃഷിയെന്ന ആശയം മുളപൊട്ടിയത്.

ഹമീദ് കുന്നുകളിലേക്കും വന്‍മരങ്ങളുടെ തുഞ്ചത്തേക്കും കണ്ണയച്ചു. അവിടെ മൂളിപ്പറക്കുന്നുണ്ടായിരുന്നു ഹമീദിന്‍റെ ഉത്തരം.

ഖാദി ബോര്‍ഡിനെ സമീപിച്ച് തേനിച്ചപ്പെട്ടികള്‍ വാങ്ങി മലയില്‍ നിന്നുതന്നെ റാണിയെ കൂട്ടിലെത്തിച്ചു. നാലു തേനിച്ച കോളനികളായായിരുന്നു തുടക്കം.

പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നാടറിയുന്ന തേനീച്ച കര്‍ഷകനായി വളര്‍ന്നതിനൊപ്പം പരിശീലകനുമായി. ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം പരിശീലകനാണ് ഇന്ന് ഹമീദ്. തേനീച്ചവളര്‍ത്തലില്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത അറിവിനോടൊപ്പം ഹമീദിന്‍റെ വാഗ്‌സാമര്‍ത്ഥ്യവും കൂടിച്ചേര്‍ന്നപ്പോള്‍ ക്ലാസ്സുകള്‍ വന്‍ ഹിറ്റായി. ഇരുന്നൂറോളം തേനിച്ചക്കൂടുകളുണ്ട് ഇന്ന് ഹമീദിന്‍റെ വീടിന് ചുറ്റുമായി–വലിയ തേനീച്ചകളുടെ 150 ഉം, ചെറിയ ഈച്ചകളുടെ 50 ഉം കോളനി സ്വന്തമായുണ്ട്.

ഹമീദ്.

ഒരു കോളനിയില്‍ റാണിയോടൊപ്പം 300 മുതല്‍ 35,000 വരെ ഈച്ചകളുണ്ടാകും, ഹമീദ് എനിക്ക് ക്ലാസ്സുതുടങ്ങി.

‘വന്‍തേന്‍ വര്‍ഷത്തില്‍ ഒന്‍പത് തവണ വിളവെടുക്കാം ഒരു കോളനിയില്‍ നിന്ന് 12 മുതല്‍ 15 കിലോഗ്രാം വരെ ലഭിക്കും. ചെറുതേന്‍ വര്‍ഷത്തില്‍ ഒരിക്കലെ ലഭിക്കൂ. അതും ഒരു കോളനിയില്‍ നിന്ന് 350 ഗ്രാം മാത്രം.’ വിലയുടെ കാര്യത്തിലുമുണ്ട് വലിയ അന്തരം. ഒരു കിലോഗ്രാം വന്‍തേനിന്‍റെ വില 400 രൂപയാണെങ്കില്‍ ചെറുതേനിന് 2,400 രൂപയോളം ആകും.

സ്വന്തം പുരയിടത്തില്‍ നിന്ന് ലഭിക്കുന്ന തേന്‍ വില്‍പനയിലൂടെ മാത്രം ചിലമാസങ്ങളില്‍ 60,000 രൂപവരെ ലഭിക്കാറുണ്ടെന്ന് ഹമീദ് പറയുന്നു.
വര്‍ഷത്തില്‍ കുറഞ്ഞത് ആയിരം കിലോ തേന്‍ ഹമീദ് ഉല്‍പാദിപ്പിക്കുന്നുണ്ട്.

തേന്‍ വില്‍പനയിലൂടെ മാത്രം ചിലമാസങ്ങളില്‍ 60,000 രൂപവരെ ലഭിക്കാറുണ്ടെന്ന് ഹമീദ്.

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് തേനിന്‍റെ വിളവെടുപ്പ്. റബര്‍ തോട്ടത്തിലാണെങ്കില്‍ കൂടുതല്‍ തേന്‍ ലഭിക്കും– സീസണില്‍ പത്തുദിവസം കൂടുമ്പോള്‍ തേനെടുക്കാം.

വലിയ പരിചരണമില്ലാതെ തന്നെ നല്ല വരുമാനമുണ്ടാക്കാനുകുമെന്ന് ഹമീദ് തന്‍റെ കൃഷിയിടത്തിലേക്ക് ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നു. ‘മാസം 60,000 രൂപയില്‍ അധികം ലഭിച്ച വര്‍ഷങ്ങളുണ്ട്. ഒരു കുടുംബത്തിന് സുഖമായി കഴിയാനുള്ള വക പത്തോ, ഇരുപതോ കൂടുകള്‍ സ്ഥാപിച്ചാല്‍ തന്നെ ലഭിക്കും,’ ഹമീദ് പറയുന്നു. ഓര്‍ക്കിഡ് എന്നാണ് തന്‍റെ പുരയിടത്തില്‍ ഉണ്ടാവുന്ന തേന്‍  അദ്ദേഹം വില്‍ക്കുന്നത്.

ഹമീദ് തേന്‍കൃഷിയെക്കുറിച്ച് ക്ലാസ് എടുക്കുന്നു

വിപണിയില്‍ ലഭിക്കുന്ന 60 ശതമാനം തേനും വ്യാജനാണെന്ന് തന്‍റെ 27 വര്‍ഷത്തെ അനുഭവംവച്ച് ഹമീദ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രോഗങ്ങള്‍ ശമിപ്പിക്കുന്ന തേന്‍ അങ്ങനെ രോഗങ്ങള്‍ കൊണ്ടുവന്നുതരുതായി മാറും, ഹമീദ് പറയുന്നു.

പഞ്ചസാര ലായനിയില്‍ കളറും കെമിക്കലും ചേര്‍ത്ത കൃത്രിമത്തേന്‍ ആണ് പലപ്പോഴും വിപണിയില്‍ നിന്ന് ലഭിക്കുന്നത്, ഹമീദ് ചൂണ്ടിക്കാട്ടുന്നു. തേനിന്‍റെ രാജമലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലമ്പൂര്‍ കാടുകളുടെ ചുറ്റുവട്ടത്തുള്ളവര്‍പോലും നല്ല തേന്‍ തേടി തന്നെ സമീപിക്കാറുണ്ടെന്ന് ഹമീദ് അവകാശപ്പെടുന്നു.

പഞ്ചസാര ലായനിയില്‍ കളറും കെമിക്കലും ചേര്‍ത്ത കൃത്രിമത്തേന്‍ ആണ് പലപ്പോഴും വിപണിയില്‍ നിന്ന് ലഭിക്കുന്നത്

“കടയില്‍ നിന്ന് വാങ്ങുന്ന തേന്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. തേന്‍ വാങ്ങുമ്പോള്‍ എപ്പോഴും കര്‍ഷകരില്‍ നിന്ന് നേരിട്ട് വങ്ങാന്‍ ശ്രദ്ധിക്കണം,” ഹമീദ് പറയുന്നു.

Watch: കടയില്‍ നിന്ന് തേന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം

കാട്ടുതേനിന് വീര്യവും ഗുണവും കൂടും. പക്ഷേ, കാ്ട്ടില്‍ നിന്ന് തേനെടുക്കുന്നത് പലപ്പോഴും വലിയ സാഹസികതയാണ്. കാട്ടുതേന്‍ ശേഖരിക്കുന്നവര്‍ക്ക് പലപ്പോഴും തേനീച്ചകളുടെ മാരകമായ ആക്രമണം നേരിടേണ്ടിവരും. പലപ്പോഴും അത് മരണത്തിന് വരെ കാരണമാകും, ഹമീദ് പറയുന്നു. ഇത് മൂലം കാട്ടുതേന്‍ ശേഖരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഇതില്‍ തെല്ലെങ്കിലും അപവാദം. എന്നാല്‍ ഇവരില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍ പിന്നീട് നടത്തുന്ന മായം ചേര്‍ക്കലാണ് നിലമ്പൂരില്‍ പോലും തന്‍റെ തേനിന് പ്രിയമേറ്റിയത്, അദ്ദേഹം വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: വേണമെങ്കില്‍ കൊക്കഡാമ കേരളത്തിലും: ജപ്പാന്‍കാരുടെ ഉദ്യാനകലയ്ക്ക് നാടന്‍ പതിപ്പുമായി പ്രിന്‍സ്


ഹോര്‍ട്ടി കോര്‍പ്പിന്‍റേയും, ആത്മ (അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്‍റ് ഏജന്‍സി)യുടേയും പദ്ധതികളില്‍ പരിശീലകന്‍ കൂടിയാണ് ഹമീദ്. ആഴ്ചയില്‍ മൂന്നോ, നാലോ ദിവസം പരിശീലകനായി പോകുമ്പോഴും തന്‍റെ തേന്‍കൃഷിക്ക് ഒരു കുറവും വന്നില്ല. മറിച്ച് ഓരോ മാസവും അത് കൂടുതല്‍ അഭിവൃദ്ധിപ്പെട്ടിട്ടേയുള്ളുവെന്ന് ഹമീദ് സാക്ഷ്യപ്പെടുത്തുന്നു.

ക്ലബ്ബുകളും സന്നദ്ധ സംഘടനകളും നടത്തുന്ന പരിപാടികളില്‍ സൗജന്യമായാണ് ഹമീദ് തേനീച്ച പരിപാലനത്തെക്കുറിച്ച് ക്ലാസെടുക്കുന്നത്.

1991ല്‍ കേരളത്തിലാകെ തേനീച്ചക്കോളനികളില്‍ തായ് സാക് ബ്രൂഡ് (Tai Sac Brood) വൈറസ് രോഗം പടര്‍ന്നുപിടിച്ചു. തേനീച്ചയുടെ ലാര്‍വ്വകളെ ബാധിക്കുന്ന ഈ രോഗം സംസ്ഥാനത്ത് തേനീച്ച സമ്പത്തില്‍ 90 ശതമാനത്തേയും നശിപ്പിച്ചു. തേനീച്ചക്കൃഷി അതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് ചെന്നുപതിച്ചത്.

വൈറസ് രോഗബാധയേല്‍ക്കാതെ രക്ഷപ്പെട്ട പത്തുശതമാനം തേനീച്ചകളില്‍ നിന്ന് കേരളത്തെ മികച്ച തേന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ ഇവരുടെ വലിയ സേവനമുണ്ട്.

കൂടുതല്‍ ആളുകളെ തേനീച്ച പരിപാലനത്തിലേക്ക് ആകര്‍ഷിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക മാത്രമായിരുന്നു പരിഹാരം. വ്യാപകമായി സംഘടിപ്പിച്ച പരിശീലന പരിപാടികളില്‍ ഹമീദിനെപ്പോലുള്ള വിദഗ്ധര്‍ സജീവമായി. വൈറസ് രോഗബാധയേല്‍ക്കാതെ രക്ഷപ്പെട്ട പത്തുശതമാനം തേനീച്ചകളില്‍ നിന്ന് കേരളത്തെ മികച്ച തേന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ ഇവരുടെ വലിയ സേവനമുണ്ട്.

മഴക്കാലത്ത് മെഴുകുപുഴുവിന്‍റെ ശല്യം ഒഴിച്ചുനിര്‍ത്തിയാല്‍ കൃഷിയില്‍ കാര്യമായി ഒന്നും ശ്രദ്ധിക്കേണ്ടതില്ല എന്നാണ് ഹമീദിന്‍റെ അനുഭവം. പച്ച മഞ്ഞള്‍ പ്രയോഗം നടത്തിയാല്‍ പുഴു ശല്യം ഇല്ലാതാകും. ശക്തമായ മഴയുണ്ടാകുമ്പോള്‍ ഈച്ചകള്‍ക്ക് തേന്‍ ശേഖരിക്കാന്‍ കഴിയില്ല. ഈ സമയത്ത് പഞ്ചസാര ലായനി ഭക്ഷണമായി നല്‍കണം.

രസകരമായ ജീവിത വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നവര്‍ കൂടിയാണ് തേനീച്ചകള്‍, ഹമീദ് വിശദീകരിക്കുന്നു. ആണ്‍ ഈച്ചകള്‍ മടിയുടെ ആശാന്‍മാരാണ്. വേലിക്കാരി ഈച്ചകളാണ് ജോലിയത്രയും ചെയ്യുന്നതും തേന്‍ ശേഖരിക്കുന്നതും. 62 മുതല്‍ 65 ദിവസം മാത്രമാണ് രണ്ട് വിഭാഗവും ജീവിക്കുക.

വേലക്കാരി ഈച്ചകള്‍ ശേഖരിക്കുന്ന തേന്‍ കുടിച്ച് മദോന്മത്തരാകുന്ന ആണ്‍ ഈച്ചകള്‍ ഇണ ചേര്‍ന്നാലുടനെ മരിച്ചുവീഴും. ഒരിക്കല്‍ മാത്രം ഇണ ചേരുന്ന റാണി ഈച്ച മരണം വരെ മുട്ടകളിട്ടുകൊണ്ടിരിക്കും.

അവസാനം മുട്ടയിടാനുള്ള ശേഷി നശിക്കുന്നതോടെ വേലക്കാരി ഈച്ചകള്‍ തന്നെ റാണിയുടെ കഥ കഴിക്കും. തേനീച്ചകളുടെ തലയില്‍ നിന്നുവരുന്ന അതിവിശിഷ്ട ദ്രാവകമായ റോയല്‍ ജെല്ലി കഴിച്ചുവളരുന്ന റാണി ഈച്ച മൂന്ന് വര്‍ഷം വരെ ജീവിക്കും.


ഇതുകൂടി വായിക്കാം: സ്വന്തം റെക്കോഡ് തിരുത്തി സാലിമോന്‍: ഈ ചെത്തുതൊഴിലാളി അധ്വാനിച്ച് നേടുന്നത് ടെക്കികളെ തോല്‍പിക്കുന്ന ശമ്പളം


ഒരു കൂട്ടിലെ ഒറ്റ റാണിക്കായി 8, 10 റോയല്‍ ജെല്ലി അടകളില്‍ ഒന്നൊഴികെ കര്‍ഷകര്‍ക്ക് ശേഖരിക്കാം. വേലക്കാരി ഈച്ചകള്‍ ഇവ നശിപ്പിക്കും മുന്‍പ് ശേഖരിക്കണമെന്നുമാത്രം. വലിയ വിലയുള്ള സൗന്ദര്യവര്‍ദ്ധക വസ്തുകൂടിയാണിത്. ഐശ്വര്യാറായ്, മമ്മൂട്ടി തുടങ്ങിയ സിനിമാതാരങ്ങള്‍ സൗന്ദര്യസംരക്ഷണത്തിന് റോയല്‍ ജെല്ലി ഉപയോഗിക്കാറുണ്ടെന്ന് മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ടെന്ന് ഹമീദ് കൂട്ടിച്ചേര്‍ക്കുന്നു.

മുട്ടകള്‍ വിരിയാന്‍ 21 ദിവസം എടുക്കും. ഈ പുതിയ ഈച്ചകളില്‍ നിന്നാണ് കൂട്ടിലെ റാണി മൃതപ്രായമാകുമ്പോള്‍ പുതിയ റാണിയെ കണ്ടെത്തുക. ഏറ്റവും ആരോഗ്യമുള്ള റാണിക്ക് മാത്രം റോയല്‍ ജെല്ലി ചുണ്ടില്‍വെച്ച് നല്‍കാന്‍ വേലക്കാരി ഈച്ചകള്‍ ശ്രദ്ധാലുക്കളായിരിക്കും. തേന്‍ ഉണ്ടാക്കാന്‍ ഈച്ചകള്‍ക്ക് ആറുദിവസമാണു വേണ്ടത്.

പന്ത്രണ്ട് ദിവസത്തിനകം അടയുമുണ്ടാക്കും. തേനീച്ചകള്‍ മികച്ച പരാഗണ വാഹകരാണെന്നതിനാല്‍ സമീപത്തെ എല്ലാ കര്‍ഷകര്‍ക്കും ഇവര്‍ സൗജന്യസേവനം ചെയ്യുന്നുണ്ട്.

ഹമീദ് തേന്‍ കടകളില്‍ കൊടുക്കാറില്ല. തേടിയെത്തുന്നവര്‍ക്കുതന്നെ ആവശ്യത്തിന് കൊടുക്കാന്‍ കഴിയുന്നില്ലെന്നതാണ് സ്ഥിതിയെന്ന് അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് തേനീച്ചകളടങ്ങിയ പെട്ടി നല്‍കാനും ഈ 53 കാരന്‍ തയ്യാറാണ്.

ഭാര്യ ഷരീഫയും മക്കളായ ആഷിഖും, മുഹമ്മദ് ഉസാമയും കൃഷിയില്‍ ഹമീദിന് പ്രോത്സാഹനം നല്‍കി കൂടെയുണ്ട്. മലപ്പുറം പൂക്കോട്ടൂരിനടുത്ത് അറങ്കരയിലാണ് ഹമീദിന്‍റെ വീട്.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം