അഞ്ചു പെങ്ങള്‍മാരുടെ ഒരേയൊരു സഹോദരന്‍.. അപ്പന്‍റെയും അമ്മയുടെയും ഒറ്റമോന്‍.. അവരുടെ സങ്കടം കണ്ടുനില്‍ക്കാനാകില്ലായിരുന്നു. ആരുടെയും മുന്നില്‍ കൈനീട്ടാതെ, അധ്വാനിച്ച് ജീവിക്കണമെന്നാഗ്രഹിച്ചവന്‍. എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടന്നകിടപ്പില്‍.
ബിജു വര്‍ഗീസ്… 24-ാമത്തെ വയസില്‍ ബൈക്കപകടത്തില്‍ കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടു. കുറേക്കാലം കിടക്കയില്‍ തന്നെ. പിന്നീട് വീല്‍ച്ചെയറിലേക്ക്.
ഇനിയൊരിക്കലും പഴയതു പോലെ എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഉറപ്പായി. വല്ലാത്തൊരു കാലമായിരുന്നു ബിജുവിനത്. അതൊന്നും പറഞ്ഞാല്‍ ആര്‍ക്കും മുഴുവനായും മനസ്സിലാവില്ല…
“വീടിന്‍റെ മേല്‍ക്കൂരയിലേക്ക് നോക്കി എത്രനേരം കിടക്കാന്‍ പറ്റും? മടുപ്പ് തോന്നി, കുറച്ചുനേരം പറമ്പില്‍ പോയിരുന്നു കാറ്റ് കൊണ്ടാലോ എന്നു തോന്നിയിട്ടും കാര്യമില്ല. അതൊന്നും നടപ്പുള്ള കാര്യമല്ലല്ലോ…”
എന്നാല്‍ ആ നേരമെല്ലാം കടന്നുപോയി. പക്ഷേ, പ്രതിസന്ധികള്‍ വിടാതെ പിടികൂടി…
ബിജു പറയുന്നു: “എഴുന്നേറ്റ് നടക്കാനാകാതെ കുറേക്കാലം കട്ടിലില്‍ തന്നെയായിരുന്നല്ലോ ജീവിതം. അന്ന് കുറേ പുസ്തകങ്ങള്‍ വായിച്ചു. കൂട്ടുകാര് ലൈബ്രറിയില്‍ നിന്നെടുത്തു കൊണ്ടുവരും.
പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം. കൂടെ ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com
“നോവലും കഥകളും ജീവചരിത്രങ്ങളും ആത്മകഥകളും… അങ്ങനെ കുറേ വായിച്ചു… വായനയും ടിവി കാണലുമാണ് പിന്നെ എന്നെ മുന്നോട്ട് നയിച്ചത്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടിയവര്‍ പല പല പ്രതിസന്ധികളെ അതിജീവിച്ചാണെന്ന് തിരിച്ചറിഞ്ഞത് ആ വായനകളിലൂടെയാണ്.
“ആരെയും ആശ്രയിക്കാതെ ജീവിക്കണമായിരുന്നു.. അങ്ങനെയാണ് ചെറിയ പണികളൊക്കെ ചെയ്തു തുടങ്ങുന്നത്.”
ചുരുക്കിപ്പറഞ്ഞാല്‍ ആ ചെറിയ ജോലികളില്‍ നിന്ന് ബിജുവര്‍ഗ്ഗീസ് ഒരുപാട് മുന്നോട്ടുപോയി. കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഓടിക്കാവുന്ന കാറുകള്‍ ഡിസൈന്‍ ചെയ്തതു മാത്രമല്ല അത്തരം വാഹനം നിരത്തിലിറക്കാനുള്ള അനുമതിയും സ്വന്തമാക്കി. ആ വാഹനങ്ങളോടിക്കാന്‍ പ്രത്യേക ലൈസന്‍സും നേടിയെടുത്തു.
ഇവിടെ തീര്‍ന്നില്ല.. വീടിനോട് ചേര്‍ന്ന പറമ്പില്‍ പച്ചക്കറിയും പഴങ്ങളുമൊക്കെ കൃഷി ചെയ്തു മികച്ച കര്‍ഷകനുള്ള അംഗീകാരവും സ്വന്തമാക്കി.
എരുമേലി സ്വദേശിയാണ് ബിജു. ഭാര്യ ജൂബിയ്ക്കും നാലാം ക്ലാസുകാരന്‍ മകന്‍ ജോര്‍ജുകുട്ടിയ്ക്കുമൊപ്പം ജീവിക്കുകയാണ്. പക്ഷേ പ്രതിസന്ധികളില്‍ വീഴാതെ ജീവിച്ച ബിജുവിനെ തേടി വീണ്ടും വീണ്ടും സങ്കടങ്ങളെത്തി.
ആ സങ്കടത്തിരയിലും ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കുമെന്നാണ് ബിജു ആത്മവിശ്വാസത്തോടെ പറയുന്നത്…
അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും പകരുന്ന ബിജുവിന്‍റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍:
“കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെയുണ്ട്. പക്ഷേ അതൊക്കെ ഇന്നല്ലെങ്കില്‍ നാളെ മാറും,” പ്രതീക്ഷയോടെ ബിജു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. ” 20 വര്‍ഷം മുന്‍പാണ് അപകടമുണ്ടായത്. ഇലക്ട്രീഷ്യനായിരുന്നു. കൊട്ടാരക്കരയില്‍ ജോലിക്ക് പോയി തിരികെ വീട്ടിലേക്ക് വരികയാണ്.
രാത്രിനേരമാണ്. ബൈക്കിന് മുന്നിലേക്ക് പെട്ടെന്നൊരു ജീപ്പ് വന്നു, ബൈക്കിന്‍റെ കണ്‍ട്രോള്‍ പോയി മറിഞ്ഞു. മറ്റുള്ളവരൊക്കെ പറഞ്ഞതാണിത്. സത്യത്തില്‍ എന്താണ് നടന്നതെന്ന് ഓരോര്‍മയും ഇല്ല.
“കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് ബൈക്ക് മറിഞ്ഞു, ഞാന്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. അന്നേരം എന്‍റെ ബോധവും പോയി. ആശുപത്രിയിലെത്തിയതില്‍ പിന്നെയാണ് ബോധം തെളിയുന്നത് തന്നെ.
“നട്ടെല്ലിനും തലയ്ക്കുമൊക്കെ പരുക്കുണ്ടായിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞിട്ടും അപകടത്തെക്കുറിച്ചൊന്നും ഓര്‍മ വന്നില്ല. അപകടം നടന്നയുടന്‍ കൊട്ടാരക്കരയിലെ മേഴ്സി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. സീരിയസ് ആയതു കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
“ബൈക്ക് ഓടിച്ചിരുന്നത് ഞാനല്ല കൂട്ടുകാരനാണ്. അവനും പരുക്കുകള്‍ പറ്റിയെങ്കിലും അത്ര സീരിയസ് അല്ലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ന്യൂറോ സര്‍ജന്‍ മാര്‍ത്താണ്ഡന്‍ പിള്ളയാണ് സര്‍ജറി ചെയ്തത്. അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ എന്‍റെ ചലനശേഷി നഷ്ടപ്പെട്ടു.
“കുറച്ചുകാലം മെഡിക്കല്‍ കോളെജിലെ ചികിത്സ. പിന്നെ വീട്ടിലേക്ക് പോന്നു. എഴുന്നേറ്റിരുന്ന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കിടന്ന കിടപ്പില്‍ തന്നെ.
“അമ്മയും പെങ്ങള്‍മാരുമൊക്കെയാണ് നോക്കിയിരുന്നത്. അപകടമുണ്ടാകുന്ന ആ രാത്രി വരെ ജീവിതം ആഘോഷിച്ചിരുന്നതല്ലേ. പെട്ടെന്ന് എല്ലാം അവസാനിച്ചു. അന്നെനിക്ക് 24 വയസേയുള്ളൂ. യൗവനത്തിന്‍റെ തുടക്കം. ധൈര്യവും സാഹസികതയുമൊക്കെയായി എല്ലാവരെയും പോലെ ഞാനും വളരെ ആക്റ്റീവായിരുന്നു.
“രാവിലെ വീട്ടിലെ റബറൊക്കെ വെട്ടും, എന്നിട്ടാണ് ജോലിക്ക് പോകുന്നത്. അതൊക്കെ ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായി. ജന്മനാ വല്ലതും സംഭവിക്കുന്ന പോലെ എന്തേലും പറ്റിയതാണേല്‍, കുഞ്ഞു ബാല്യത്തിലെ നമ്മളതിനോട് പൊരുത്തപ്പെടും.
“പക്ഷേ എനിക്ക് അങ്ങനെയല്ലല്ലോ. അപകടമുണ്ടാക്കുന്നതിന് തൊട്ട് തലേന്ന് വരെ ജീവിതം ആഘോഷിച്ചിരുന്ന ആള്‍ പെട്ടെന്നൊരു ദിവസം വീല്‍ച്ചെയറിലേക്ക്. മനസിന് ഉള്‍ക്കൊള്ളാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
“മെഡിക്കല്‍ കോളെജില്‍ നിന്നു വീട്ടിലേക്ക് പോന്നുവെങ്കിലും പിന്നെ കുറേക്കാലം ചികിത്സയുടെ കാലമായിരുന്നു. നാട്ടിലൊക്കെയുള്ള ആയുര്‍വേദ വൈദ്യന്‍മാരുടെയും നാട്ടു വൈദ്യരുടെയുമൊക്കെ ചികിത്സയാണ് ചെയ്തത്.
“സാധാരണ കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്. അഞ്ച് പെങ്ങള്‍മാരില്‍ രണ്ടാളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ജോലിയോ, ബാങ്ക് ബാലന്‍സോ ഒന്നുമില്ലാത്ത ഒരു സാധാരണ കുടുംബമാണ്. അവിടേക്കാണ് നടന്നു പോയ ഞാന്‍ വീല്‍ച്ചെയറില്‍ തിരികെയെത്തിയത്.”
ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍
മകനെ എങ്ങനെയെങ്കിലും ചികിത്സിക്കണമെന്നേ അപ്പനും അമ്മയുമൊക്കെ ചിന്തിച്ചുള്ളൂ. അങ്ങനെയാണവര്‍ പല നാട്ടുവൈദ്യരുടെയൊക്കെ അടുത്ത് കൊണ്ടുപോകുന്നത്. ചികിത്സയും മറ്റുമായി വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടായി.
“ഇങ്ങനെയൊക്കെ വരുമ്പോള്‍ തകര്‍ന്നു പോകുന്നവരും അതിജീവിക്കുന്നവരുമുണ്ട്.” ജീവിതത്തിലേക്ക് തിരികെ നടന്നതിനെക്കുറിച്ച് ബിജു പറയുന്നു.
“ചെറുപ്രായമാണ്. യുവാവാണ്.. ഒത്തിരി ഉത്തരവാദിത്വങ്ങളും ബാധ്യതകളൊക്കെയുണ്ട്… സങ്കടപ്പെട്ട് വെറുതേ സമയം കളയരുത്. പരസഹായമില്ലാതെ, ആരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം അധ്വാനത്തില്‍ ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി തുടങ്ങി. വെറും തോന്നലുകള്‍ മാത്രമായിരുന്നില്ല, തീവ്രമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തു.
“ഇനിയൊരിക്കലും നടക്കാനാകില്ലെന്നു ഡോക്റ്റര്‍ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. അന്നത്തെ എന്‍റെ മാനസികാവസ്ഥ കാണുന്നവര്‍ക്കൊന്നും പറഞ്ഞാല്‍ പോലും മനസിലാകില്ലായിരുന്നു. പിന്നെ എങ്ങനെയെങ്കിലും ജീവിതം തിരിച്ച് പിടിക്കണമെന്നു മാത്രമേ ആഗ്രഹിച്ചുള്ളൂ.
“ഇലക്ട്രീഷനായിരുന്നല്ലോ.. നടന്നും ഏണിയിലൊക്കെ കയറിയുമൊക്കെ വേണമല്ലോ ജോലി ചെയ്യേണ്ടത്. അതൊക്കെ ഇനി എങ്ങനെ ചെയ്യാനാ..” ആ ജോലി ഇനിയൊരിക്കലും ചെയ്തു ജീവിക്കാനാകില്ലെന്നു ബിജുവിനു മനസിലായി.
ഇലക്ട്രോണിക്സ് മേഖലയുമായി ബന്ധമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ബിജു റിപ്പയറിങ്ങ് മേഖലയിലേക്ക് കടന്നു. കേടായ എമര്‍ജന്‍സി ലാമ്പുകള്‍, ലൈറ്റുകള്‍.. ഇതൊക്കെ നന്നാക്കിയെടുക്കാന്‍ ശ്രമിച്ചു തുടങ്ങി.
“നാട്ടുകാരൊക്കെ കുറേ സഹായിച്ചിട്ടുണ്ട്. പക്ഷേ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എന്നെ സഹായിക്കുന്നതിന് ഒരു പരിധിയൊക്കെ ഇല്ലേ.
എന്‍റെ അവസ്ഥ കണ്ട് പലരും പൈസ തന്നേച്ച് പോകും. പക്ഷേ അതൊരു ദയനീയ അവസ്ഥയാണ്. വാങ്ങാതിരിക്കാനും പറ്റില്ല. വാങ്ങുമ്പോള്‍ മനസിനൊരു വിഷമവും.
“ജോലി ചെയ്തു കിട്ടുന്നത് ഒരു പത്ത് രൂപയാണെങ്കിലും അതൊരു അഭിമാനമാണ്. റിപ്പയറിങ് ജോലികളിലൂടെയാണ് പിന്നെ വരുമാനം കണ്ടെത്തി തുടങ്ങുന്നത്.” ചികിത്സയ്ക്കും യാത്രകള്‍ക്കുമൊക്കെ പിന്നെ ആ തുകയാണ് ഉപയോഗിച്ചത്,” ബിജു തുടരുന്നു.
ഇന്‍ഷുറന്‍സ് തുകയായി കിട്ടിയ രണ്ട് ലക്ഷം രൂപയും കുറച്ചു ലോണും ചേര്‍ത്ത് ഒരു കാര്‍ വാങ്ങിച്ചു. 2003-ലാണത്. ഈ കാര്‍ സ്വയം ഓടിക്കാവുന്ന തരത്തിലേക്ക് അദ്ദേഹം മാറ്റിയെടുത്തു.
വാഴത്തോട്ടത്തിലെ വിളവെടുപ്പ്
“മുറിക്കുള്ളില്‍ കട്ടിലില്‍ വെറുതേ കിടക്കുകയായിരുന്നല്ലോ. അന്നൊരിക്കല്‍ നാഷണല്‍ ജോഗ്രഫിക് ചാനലില്‍ ഒരു പരിപാടി കാണാനിടയായി.
“കൈകള്‍ കൊണ്ട് തന്നെ ലിവറുകളൊക്കെ പ്രവര്‍ത്തിപ്പിച്ച് വിമാനത്തിന്‍റെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമൊക്കെ നടത്തുന്നതാണ് കണ്ടത്. ഇതുപോലെ കൈകളില്‍ കാറിന്‍റെ ബ്രേക്കും ക്ലച്ചുമൊക്കെ നിയന്ത്രിക്കാനായാല്‍ പോരേ എന്നു തോന്നി. ആ ചിന്തയിലാണ് വീട്ടില്‍ കിടന്നുകൊണ്ട് തന്നെ പലതും ഉണ്ടാക്കി നോക്കുന്നത്.
“കുറേ ശ്രമങ്ങള്‍ക്കൊടുവില്‍ വിജയിക്കുമെന്നു തോന്നുന്ന മോഡല്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. പലരും പറഞ്ഞു, അതൊന്നും നടക്കുകേല.. കാരണം രണ്ടുകാലും രണ്ടും കൈയും കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നതൊക്കെ കൈകളിലേക്ക് മാത്രമായി കൊണ്ടുവരാന്‍ പറ്റോ.”
അതൊക്കെ കേട്ടപ്പോള്‍ ബിജുവിന് വാശിയായി. “എതിര്‍പ്പുകള്‍ വരുമ്പോഴാണല്ലോ നമുക്ക് വാശിയും തോന്നി തുടങ്ങുക. അങ്ങനെയൊരു വാശി എനിക്കുമുണ്ടായിരുന്നു,” ബിജു തുറന്നുപറഞ്ഞു.
“പല പുസ്തകങ്ങളിലൂടെ വിജയിച്ചവരുടെ ജീവിതവുമൊക്കെ വായിച്ചറിയാന്‍ പറ്റി. ഏന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ളവരും ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളവരുമൊക്കെ പ്രതിസന്ധികളെ അതിജീവിച്ചാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്നു തിരിച്ചറിയുന്നത് വായനയിലൂടെയാണ്.
“പരാജയങ്ങളും പ്രതിസന്ധികളും സാമ്പത്തിക ശാരീരിക പ്രശ്നങ്ങളുമൊക്കെ അവരും നേരിട്ടുണ്ടെന്നും പ്രതിസന്ധികളെ വാശിയോടെ നേരിട്ടവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂവെന്നും മനസിലായി.
ആ തിരിച്ചറിവില്‍ നിന്നാണ് വാശിയോട് ഞാന്‍ മുന്നേറുന്നത്. അങ്ങനെയാണ് കൈകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന തരത്തിലുള്ള കാറുണ്ടാക്കുന്നതിലേക്കെത്തുന്നത്.
“കാര്‍ മോഡിഫിക്കേഷന് മെക്കാനിക്കിന്‍റെ സഹായമുണ്ടായിരുന്നു. ഇരുമ്പൊക്കെ വെല്‍ഡ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. ഇവിടെ അടുത്തുള്ള ഒരു വെല്‍ഡിങ് ഷോപ്പില്‍ പോയിരുന്നു ഡിസൈന്‍ പറഞ്ഞുകൊടുത്താണ് ഓരോന്ന് ചെയ്യിക്കുന്നത്. വാഗണറിലാണിത് ഘടിപ്പിക്കുന്നത്.
“കൈകള്‍ കൊണ്ട് നിയന്ത്രിക്കാനുള്ള സംവിധാനമൊക്കെ ഘടിപ്പിച്ചു, ആദ്യം ഒരു കിലോമീറ്റര്‍ ഓടിച്ചു നോക്കി. പക്ഷേ കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. പിന്നെ അതൊക്കെ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെടുത്തു, എനിക്ക് ഓടിക്കാവുന്നതാക്കി മാറ്റിയെടുത്തു.
വാഗണറിന്‍റെ കൈ കൊണ്ട് നിയന്ത്രിക്കാനാകുന്ന തരത്തില്‍ മാറ്റിയെടുത്തതോടെ ബിജു വീല്‍ച്ചെയറില്‍ നിന്ന് കാറിലേക്ക് എത്തി. വീടിന് അടുത്തുള്ള ഇടങ്ങളിലേക്ക് മാത്രമല്ല ദൂരേ സ്ഥലങ്ങളിലേക്കും കാറോടിച്ചു പോയി. എറണാകുളത്തേക്കൊക്കെ കാറില്‍ പോയി തുടങ്ങി. അതൊരു സന്തോഷം മാത്രമല്ല ആത്മവിശ്വാസവും കൂട്ടിയെന്നു അദ്ദേഹം പറയുന്നു.
ഇതുകൂടി വായിക്കാം:‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’: കൈപ്പുണ്യം കൊണ്ട് ഫേസ്ബുക്ക് കീഴടക്കുന്ന ദീജയുടെ സ്വപ്നങ്ങള്‍
“പരിചയക്കാരെ കാണാനും ദുരേക്ക് സഞ്ചരിക്കാനുമൊക്കെ സാധിച്ചല്ലോ. മുറിക്കുള്ളില്‍ ഇരുന്ന് മടുത്തിരുന്നു. കൂട്ടില്‍ നിന്ന് തുറന്നു വിട്ട പക്ഷിയെ പോലെയായിരുന്നു. മെല്ലെ മെല്ലെ ഞാന്‍ സ്വയംപര്യാപ്തമാകുകയായിരുന്നു. വീട്ടിലുള്ളവര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ വലിയ സന്തോഷവുമായിരുന്നു.
“കാറില്‍ നിന്നിറങ്ങാന്‍ നേരം ആരേലും വീല്‍ച്ചെയര്‍ അരികില്‍ കൊണ്ടുതരണമെന്നേയുള്ളൂ. വേറെ ആരുടെയും സഹായമൊന്നും വേണ്ടി വന്നില്ല. ഡോക്റ്ററെ കാണാനൊക്കെ കാറില്‍ പോയി തുടങ്ങി.
“ഡോക്റ്റര്‍മാരൊക്കെ എന്നെ പോലുള്ള അവരുടെ പേഷ്യന്‍റ്സിനോട് ഈ കാറിനെക്കുറിച്ചൊക്കെ പറഞ്ഞു. അതോടെ പലരും അന്വേഷിച്ചെത്തി തുടങ്ങി. അതോടെ വീടിനോട് ചേര്‍ന്ന് ചെറിയൊരു വര്‍ക് ഷോപ്പ് ആരംഭിച്ചു.
“ഓരോ അപകടങ്ങള്‍ സംഭവിച്ച് വീണുപോകുന്നവരൊക്കയല്ലേ.. സ്വയം കാറോടിച്ച് എവിടെയെങ്കിലുമൊക്കെ പോകണമെന്നു ആഗ്രഹമുണ്ടാകും. അങ്ങനെയുള്ളവരുടെ ആഗ്രഹം സഫലമാക്കിക്കൊടുക്കാന്‍ എന്നെകൊണ്ട് സാധിച്ചാല്‍ വലിയ കാര്യമല്ലേ.
“പക്ഷേ ഇത്തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയ വണ്ടി നിരത്തിലിറക്കുന്നതിനും അതോടിക്കുന്നതിനുമൊക്കെ സര്‍ക്കാരിന്‍റെ അനുമതിയും പ്രത്യേക ലൈസന്‍സും വേണം. പിന്നെ അത് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ലൈസന്‍സ് ഒന്നുമില്ലേല്‍ യാത്രയ്ക്കിടെ വല്ല അപകടവും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക പോലും കിട്ടില്ല.”
അങ്ങനെ മോഡിഫിക്കേഷന്‍ നടത്തിയ വാഹനത്തിന് അനുമതിയ്ക്ക് വേണ്ടി ബിജു സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയാണ് വേണ്ടത്. എന്ന് മനസ്സിലായി. അങ്ങനെ പൂനെയിലുള്ള ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫിസിലേക്ക്.
“പൂനെയിലാണ് ടെസ്റ്റ്. അതിനു വേണ്ടി വാഹനവുമായി പൂനെയിലേക്ക്. കൂട്ടുകാരും ഞാനും കൂടിയാണ് അപ്രൂവലിന് വേണ്ടി കാറില്‍ പൂനെയ്ക്ക് പോകുന്നത്. ഞങ്ങള്‍ മാറിമാറിയാണ് അവിടെ വരെ കാറോടിച്ചത്.
ടെസ്റ്റും പാസായി ലൈസന്‍സും കിട്ടി. ഇന്ത്യയിലെ ആദ്യ ലൈസന്‍സും എനിക്കാണെന്നതും ഇരട്ടി സന്തോഷമാണ് നല്‍കിയത്,” അദ്ദേഹം പറഞ്ഞു.
2007-ല്‍ നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ലൈസന്‍സ് നല്‍കുന്നത്. ഡിസ്ഏബിള്‍ഡ് പേഴ്സണ്‍സിന് നല്‍കുന്ന ലൈസന്‍സ് ആദ്യമായി സ്വന്തമാക്കിയതും ബിജുവാണ്.
ഡിസ്ഏബിള്‍ഡുകാര്‍ക്ക് മാത്രമല്ല അല്ലാത്തവര്‍ക്കും ഈ കാര്‍ ഓടിക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. രണ്ടായിരത്തിലേറെ പേര്‍ക്ക് ഇതുവരെ കാര്‍ മോഡിഫൈ ചെയ്തു കൊടുത്തിട്ടുണ്ട്. ബിജുവിന്‍റെ വരുമാന മാര്‍ഗം കൂടിയാണിത്.
ആറു ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, സാമൂഹ്യനീതി വകുപ്പിന്‍റെ പുരസ്കാരം, 2012-ലെ സിഎന്‍എന്‍ ഐബിഎന്‍റെ ഇന്ത്യ പോസിറ്റീവ് അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ പിന്നാലെയെത്തി.
വീട്ടുമുറ്റത്തെ പാഷന്‍ഫ്രൂട്ട് തോട്ടം”അന്നുണ്ടായ ആ അപകടത്തെക്കുറിച്ചോര്‍ത്ത് കുറേ സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു നല്ല കാര്യമായിരുന്നു. അതുകൊണ്ടല്ലേ എനിക്ക് ഇങ്ങനെയൊക്കെ ആകാന്‍ പറ്റിയത്.
“അന്നത്തെ രാഷ്ട്രപതി അബ്ദുല്‍ കലാമിന്‍റെ കൈയില്‍ നിന്നു അവാര്‍ഡ് വാങ്ങാന്‍ സാധിച്ചേ.. അപകടമൊന്നും സംഭവിച്ചില്ലേല്‍ എല്ലാവരെയും പോലെ ഞാനും അങ്ങനെയങ്ങ് ജീവിച്ചു പോയേനെ.
“2007ല്‍ അവാര്‍ഡ് കിട്ടിയ വര്‍ഷം തന്നെയായിരുന്നു വിവാഹം. ഇരാറ്റുപ്പേട്ടക്കാരി ജൂബിയാണ് ഭാര്യ. എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ പിന്നീട് സങ്കടപ്പെടരുതല്ലോയെന്നു കരുതി കല്യാണത്തിന് മുന്‍പേ എന്നെക്കുറിച്ചും എന്‍റെ അവസ്ഥയെക്കുറിച്ചൊക്കെ പുള്ളിക്കാരിയോട് പറഞ്ഞു. പക്ഷേ ജുബിയ്ക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു.
“എന്‍റെ പ്രതിസന്ധികളില്‍ അവള്‍ കൂടെ നിന്നു. പക്ഷേ വീണ്ടും ചില സങ്കടങ്ങളിലാണ് ജീവിതം.” 2015-ലാണ് ഭാര്യയ്ക്ക് ക്യാന്‍സറാണെന്നു തിരിച്ചറിഞ്ഞതെന്നു ബിജു പറയുന്നു.
“ബ്രെയ്ന്‍ട്യൂമറാണ്. കേരളത്തിലെ എല്ലാ ആശുപത്രികളിലും ചികിത്സയ്ക്ക് പോയി.. എല്ലാവരും കൈയൊഴിഞ്ഞു. പിന്നെയാണ് വെല്ലൂര്‍ ആശുപത്രിയിലേക്ക് പോകുന്നത്. ഇപ്പോഴും ട്രീറ്റ്മെന്‍റിലാണ്.
“അവിടെയുള്ള ഡോക്റ്റര്‍മാരാണ് പറഞ്ഞത്, മരുന്ന് തളിച്ച് വളര്‍ത്തുന്ന പച്ചക്കറികളൊക്കെ പൂര്‍ണമായും ഒഴിവാക്കണംന്ന്. കളര്‍ ചേര്‍ത്തു വരുന്ന ബേക്കറി ഭക്ഷണങ്ങളും ജങ്ക് ഫൂഡുകളും കഴിക്കരുതെന്നും.
ഒരു വേപ്പിന്‍ തൈയെങ്കിലും മുറ്റത്ത് നട്ടുപിടിപ്പിക്കൂ. വീട്ടില്‍ തന്നെ വളര്‍ത്തുന്ന പച്ചക്കറികളൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂവെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്.
“കാര്‍ഷിക കുടുംബമായിരുന്നുവെങ്കിലും വീട്ടില്‍ പച്ചക്കറി കൃഷി കൂടുതലായും ചെയ്തു തുടങ്ങാന്‍ കാരണവും ഭാര്യയുടെ അസുഖം തന്നെയാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളൊന്നും വില്‍ക്കാറില്ല. വീട്ടാവശ്യത്തിന് ഉപയോഗിക്കും. ബാക്കിയുള്ളത് വീട്ടില്‍ വരുന്നവര്‍ക്ക് നല്‍കും.
“വലിയൊരു മുറ്റമുണ്ട്. മുറ്റം നിറയെ പന്തലിട്ടിരിക്കുകയാണ്. ആ പന്തലില്‍ പാഷന്‍ ഫ്രൂട്ട് പടര്‍ത്തിയിട്ടുണ്ട്. ഇവിടെ വന്നു ആര്‍ക്കു വേണമെങ്കിലും പാഷന്‍ ഫ്രൂട്ട് പറിച്ചെടുക്കാം. ആരും വഴക്കൊന്നും പറയില്ല.
“മൂന്നു തരത്തിലുള്ള പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. മൂക്കാത്ത പഴങ്ങള്‍ മാത്രം പറിച്ചെടുക്കല്ലേയെന്നേ പറയൂ. വഴുതന, പയര്‍, വെണ്ട, ഇഞ്ചി, കപ്പ, വാഴ, തെങ്ങ്, റംമ്പൂട്ടാന്‍ ഇതൊക്കെ ഇവിടെ വളര്‍ത്തുന്നുണ്ട്. ഒരേക്കറിലാണ് കൃഷി ചെയ്യുന്നത്.
“മോന്‍ ജോര്‍ജ്ജുകുട്ടിയ്ക്കും കൃഷിയോടൊക്കെ ഇഷ്ടമുണ്ട്. അവന് വെച്ചുച്ചിറ പഞ്ചായത്തില്‍ നിന്ന് കുട്ടിക്കര്‍ഷകനുള്ള അവാര്‍ഡും കിട്ടിയിട്ടുണ്ട്.
“വെല്ലൂര്‍ തന്നെയാണ് ഭാര്യയുടെ ചികിത്സ. അഞ്ചു മാസം വെല്ലൂരില്‍ താമസിച്ചാണ് ചികിത്സിച്ചിരുന്നത്. അമ്മയും കൂട്ടിന് നിന്നിരുന്നു. അന്ന് ഓരോ ആഴ്ചയും വീട്ടില്‍ വന്ന് ആവശ്യമുള്ള പച്ചക്കറിയുമായി ഞാന്‍ വെല്ലൂരിലേക്ക് പോകും.
“വീട്ടിലെ പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഭക്ഷണമുണ്ടാക്കിയത്. കഴിയുന്നത്ര പുറമേ നിന്നുള്ള ഭക്ഷണങ്ങള്‍ ഞങ്ങളൊഴിവാക്കി. ഈ ആഴ്ചതോറുമുള്ള യാത്ര കാറിലാണ്. ആറുമാസത്തിലൊരിക്കല്‍ ചെക്കപ്പിന് പോകുന്നുണ്ട് ഇപ്പോള്‍.
ഇതുകൂടി വായിക്കാം: ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്‍റെയും
“ഇതിനൊക്കെയായി വലിയ തുക തന്നെ വേണ്ടി വന്നിട്ടുണ്ട്. വരവിനെക്കാള്‍ കൂടുതല്‍ ചെലവ് വരുന്നുണ്ടിപ്പോള്‍. പ്രതിസന്ധികളില്‍ തളരാതെ ജീവിക്കുമെന്ന് തീരുമാനമെടുത്ത കൊണ്ടാണോ എന്തോ ഇപ്പോ പ്രതിസന്ധികളിങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇതിലൊന്നും തളരാതെ മുന്നോട്ട് ജീവിക്കും.” ബിജു വര്‍ഗീസ് പറഞ്ഞു.