അ‌ഞ്ച് സെന്‍റില്‍ വീട്, ടെറസില്‍ 40 ഇനം മാവുകള്‍, ബിലാത്തിപ്പഴം, മാംഗോസ്റ്റിന്‍, റംബുട്ടാന്‍, പ്ലാവ്, പച്ചക്കറികള്‍, ഓര്‍ക്കിഡ്, മീന്‍കുളത്തില്‍ കരിമീന്‍

ജോസഫ് വികസിപ്പിച്ചെടുത്ത മാവിനാണ് പട്രീഷ്യ എന്നു പേരിട്ടത്. നാടന്‍ ഇനം കല്ലുക്കെട്ടിയുടെ വിത്ത് ഗ്രാഫ്റ്റ് ചെയ്താണിതുണ്ടാക്കിയത്. നല്ല മധുരമുള്ളതും നാരില്ലാത്തതുമാണിത്. ഞാനുണ്ടാക്കിയതല്ലേ അതാ ഭാര്യയുടെ പേര് തന്നെ ഇട്ടതെന്നു ജോസഫ്.

ല്‍ഫോന്‍സ്, ചന്ദ്രക്കാരന്‍, നീലം, മല്‍ഗോവ, പട്രീഷ്യ…അങ്ങനെ പലതരം മാവുകള്‍. പിന്നെ പ്ലാവുകള്‍, കരിമീനും തിലാപ്പിയയുമൊക്കെ നിറയുന്ന മീന്‍ കുളങ്ങള്‍. പലതരം പച്ചക്കറികള്‍. പേരയ്ക്കയും സീതപ്പഴവും റംമ്പൂട്ടാനുമൊക്കെയായി കുറേ പഴങ്ങളും. ഇതിനൊപ്പം ഈ കൃഷിത്തോട്ടത്തിന്‍റെ മൊഞ്ച് കൂട്ടാന്‍ ഓര്‍ക്കിഡ് ചെടികള്‍, പ്രാവുകള്‍.

ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുള്ള ആരുടെയോ പറമ്പിനെക്കുറിച്ചല്ല.


ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം,  സന്ദര്‍ശിക്കുക: KARNIVAL.COM

അഞ്ച് സെന്‍റ് ഭൂമിയില്‍ ഒരു 1800 സ്ക്വയര്‍ ഫീറ്റ് വീടും പിന്നെ മാവും പ്ലാവും മത്സ്യവും പച്ചക്കറി കൃഷികളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് ഈ കൊച്ചിക്കാരന്‍.

ജോസഫ് ഫ്രാന്‍സിസ്‍ എന്നാണ് ഈ ടെറസ് കര്‍ഷകന്‍റെ പേര്. ടെറസിലെ ഈ സമൃദ്ധി കണ്ണുനിറയെ കാണാന്‍ നേരെ എറണാകുളം തോപ്പുംപടി മുണ്ടംവേലിയില്‍ നടുവത്തിമുറി റോഡിലെ പുത്തന്‍ പറമ്പില്‍ ജോസഫ് ഫ്രാന്‍സിസിന്‍റെ വീട്ടിലേക്ക് പോകാം.

സംശയങ്ങളൊക്കെ ജോസഫിനോട് നേരിട്ട് ചോദിക്കാം. ഇനിയിപ്പോ മാവിന്‍ തൈയെങ്ങാനും വാങ്ങണമെന്നുണ്ടെങ്കില്‍ അതും ഇവിടുണ്ട്. സ്വന്തം ഭാര്യയുടെ പേരിലൊരു മാവിന്‍ ഇനം തന്നെയുണ്ടാക്കിയ കര്‍ഷകനാണ് ഇദ്ദേഹം.

കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്.  നെല്ലും പച്ചക്കറിയുമൊക്കെയായിരുന്നു കൃഷി ചെയ്തിരുന്നത്. പക്ഷേ ഞാന്‍ കൃഷിയില്‍ വല്യ സ്പെഷ്യലിസ്റ്റ് ഒന്നുമല്ല. ഞാന്‍ ഈ കൃഷിയിലേക്കെത്താന്‍ ഇതൊന്നുമല്ല കാരണം. അതിന്‍റെ കാരണക്കാരന്‍ അമ്മയുടെ ആങ്ങളയാണ്.

ജോസഫ് ഫ്രാന്‍സിസ്

“അമ്മയുടെ വീട് ഫോര്‍ട്ട്കൊച്ചിയിലായിരുന്നു. അവിടെ കുറേ റോസാച്ചെടികളുണ്ടായിരുന്നു. അന്ന്, ഇന്നത്തെ പോലുള്ള റോസാച്ചെടികളൊന്നും അധികം വീട്ടിലുണ്ടാകില്ല. ഉണ്ടേല്‍ തന്നെ നാടന്‍ റോസുകളായിരിക്കും.

“പക്ഷേ അമ്മയുടെ സഹോദരനെന്നു പറഞ്ഞില്ലേ, അങ്കിളിന് വ്യത്യസ്ത ഇനം റോസാച്ചെടികളുടെ ശേഖരം തന്നെയുണ്ടായിരുന്നു. ആന്‍റണി സുപ്രിയന്‍ എന്നാണ് അങ്കിളിന്‍റെ പേര്.

ബെംഗളൂരുവില്‍ നിന്നൊക്കെ കൊണ്ടുവരുന്ന ചെടികള്‍ ബഡ് ചെയ്തൊക്കെയാണ് അങ്കിള്‍ നടുന്നത്. എല്ലാ അവധിക്കാലത്തും അമ്മവീട്ടില്‍ പോകും. അങ്കിളിന്‍റെ പിന്നാലെയായിരിക്കും ഞാന്‍.


അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബഡ് ചെയ്യുന്നതിനെക്കുറിച്ച് സ്കൂളില്‍ പഠിപ്പിക്കുന്നത്. പക്ഷേ എനിക്ക് നേരത്തെ അറിയാമായിരുന്നു. അങ്കിളില്‍ നിന്നാണതൊക്കെ പഠിക്കുന്നത്.


അവധിയൊക്കെ കഴി‍ഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കുഞ്ഞുജോസഫിന്‍റെ കയ്യില്‍ റോസാച്ചെടികളുണ്ടാവും.അങ്ങനെ വീട്ടിലൊരു റോസിന്‍റെ പൂന്തോട്ടമുണ്ടാക്കി.

“കല്യാണമൊക്കെ കഴിഞ്ഞതില്‍ പിന്നെയാണ് തറവാട്ടില്‍ നിന്നു മാറി അഞ്ച് സെന്‍റ് വാങ്ങി വീട് വയ്ക്കുന്നത്. ആ പറമ്പിലും റോസ് നട്ടു തുടങ്ങി. ജോലിയുടെ ഭാഗമായി ബെംഗളൂരുവിലൊക്കെ പോകാറുണ്ടായിരുന്നു.

“അവിടെ നിന്ന് റോസാച്ചെടികള്‍ വാങ്ങിക്കൊണ്ടുവരും. ഇവിടെ കൊണ്ടുവന്ന് ബഡ് ചെയ്തും നടും. അങ്ങനെയാണ് റോസിന്‍റെ പലതരം  ഇവിടെ നിറയുന്നത്. 250-ലേറെ റോസാച്ചെടികള്‍ ഈ പുതിയ വീട്ടിലുണ്ടായിരുന്നു. അഞ്ച് വര്‍ഷക്കാലം റോസ് കൃഷി തന്നെയായിരുന്നു.

“പള്ളികള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ റോസാപ്പൂക്കള്‍ വില്‍ക്കുമായിരുന്നു. വളരെ ചെറിയ തുകയ്ക്കാണ് പൂവ് കൊടുക്കുന്നത്. പിന്നെ പലര്‍ക്കും നടാനും റോസാ കമ്പ് നല്‍കും. ആദ്യമൊക്കെ സൗജന്യമായിട്ടാണ് പൂവ് ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. പിന്നെയാണ് കാശിന് വില്‍ക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ടെറസിലെ കായ്ച്ചു നില്‍ക്കുന്ന മാവ്

റോസാച്ചെടികള്‍ക്ക് വേഗത്തില്‍ കേട് വരുമെന്നാണ് ജോസഫിന്‍റെ അനുഭവം. അങ്ങനെ കീടബാധ കൂടിയതോടെ റോസ് ഒഴിവാക്കി. പിന്നെ  അദ്ദേഹം ഓര്‍ക്കിഡ് ചെയ്തു തുടങ്ങി. അതും ടെറസിന് മുകളില്‍ തന്നെയാണ് നട്ടുവളര്‍ത്തിയത്. ഭാര്യയുടെ പേരില്‍ ലൈസന്‍സ് ഒക്കെ എടുത്താണ് ഓര്‍ക്കിഡ് കൃഷി ചെയ്യുന്നത്. പൂക്കള്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

“ഓര്‍ക്കിഡ് ചെടികളും കേടായി തുടങ്ങി. ഞങ്ങള് വീട്ടിലെ കിണറ്റിലെ വെള്ളമാണ് ഓര്‍ക്കിഡ് ചെടി നനയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. പക്ഷേ ആ വെള്ളത്തിന് ഉപ്പുരസമുണ്ടായിരുന്നു. അതറിഞ്ഞില്ല, അങ്ങനെ ആ ചെടികള്‍ നശിച്ചു. പിന്നെ അക്വപോണിക്സ് മാതൃകയില്‍ ഓര്‍ക്കിഡുകള്‍ നട്ടു.


ഇതുകൂടി വായിക്കാം: ഹോബിയായി തുടങ്ങി, ഇന്ന് പ്രാവുവളര്‍ത്തലില്‍ നിന്ന് മന്‍സൂര്‍ നേടുന്നത് വര്‍ഷം 20 ലക്ഷത്തിലേറെ


“ഓര്‍ക്കിഡിന് ശേഷം കൂണ്‍ കൃഷിയിലേക്കാണെത്തുന്നത്. കൂണ്‍ കൃഷി നല്ലതാണെന്ന് ആരൊക്കെയോ പറ‍ഞ്ഞത് അനുസരിച്ചാണ് അതിലേക്കെത്തുന്നത്. പക്ഷേ മഷ്റൂമിന് അന്ന് വലിയ മാര്‍ക്കറ്റ് കിട്ടിയില്ല,” അതോടെ അദ്ദേഹത്തിന് ആ കൃഷിയും അവസാനിപ്പിക്കേണ്ടി വന്നു.

ഓര്‍ക്കിഡ് കൃഷി

“കൂണ്‍ കൃഷി അവസാനിപ്പിച്ചിരിക്കുമ്പോഴാണ് എന്‍റെയൊരു സുഹൃത്ത് പ്രാവുകളെ നല്‍കിയത്. എന്നാ പിന്നെ പ്രാവിനെ വളര്‍ത്താമെന്നായി. വീടിന് മുകളില്‍ കൂടൊക്കെ സെറ്റ് ചെയ്താണ് പ്രാവിനെ വളര്‍ത്തുന്നത്.

“ചെറിയ പ്രാവുകളില്‍ തുടങ്ങിയതാണ്. പിന്നെയത് ഇരുപതിനായിരം രൂപ വിലയുള്ള ഫാന്‍സി പ്രാവുകളിലേക്കെത്തി. വീടിന്‍റെ മുകള്‍ നിലയില്‍ നിറയെ പലതരം പ്രാവുകളെ വളര്‍ത്തുന്നുണ്ട്,” ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഫാന്‍സി പ്രാവുകള്‍

അലങ്കാര പ്രാവ് വളര്‍ത്തലിനു പിന്നാലെയാണ് ജോസഫ് മാവ് നട്ടു തുടങ്ങുന്നത്. എറണാകുളത്ത് നടക്കുന്ന ഫ്ലവര്‍ ഷോയാണ് ഇദ്ദേഹത്തെ മാവ് കൃഷിയിലേക്കെത്തിക്കുന്നത്.

“ഞാനും ഭാര്യയും മോളും കൂടിയാണ് ഫ്ലവര്‍ ഷോയ്ക്ക് പോയത്. അതിങ്ങനെ കണ്ടുനടക്കുന്നതിനിടയിലാണ് ഒരു ചാക്കില്‍ മാവ് കായ്ച്ചു നില്‍ക്കുന്നത് കണ്ടത്. അതു കണ്ടപ്പോ മോളോടു പറഞ്ഞു, എടാ.. കൊച്ചേ.. അവര്‍ക്ക് നട്ടുപിടിപ്പിക്കാമെങ്കില്‍ നമുക്ക് നടാലോയെന്ന്. ഒരെണ്ണം ഞങ്ങളും വാങ്ങി.

“ചാക്കില്‍ അല്ല വീപ്പയിലാണ് നട്ടത്. നട്ട് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അതില്‍ മാങ്ങയുണ്ടായി. ചാക്കാണെങ്കില്‍ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോള്‍ നശിച്ച് പോകില്ലേ. ഡ്രമ്മിന് അത്തരം പ്രശ്നങ്ങളുണ്ടാകില്ലല്ലോ.

ടെറസില്‍ നട്ടിരിക്കുന്ന പ്ലാവ്

“അങ്ങനെ ഒരു മാവില്‍ ആരംഭിച്ചതാണ്. അതിപ്പോള്‍ 40 വെറൈറ്റി മാവുകളിലെത്തി നില്‍ക്കുന്നു.


200 ലിറ്ററിന്‍റെ വീപ്പ, പാതിയില്‍ മുറിച്ച് അതിലാണ് മാവ് നടുന്നത്. വീപ്പയ്ക്കുള്ളില്‍ ചുവന്ന മേല്‍മണ്ണും ചകരിച്ചോറും തുല്യ അളവിലിടും. എന്നിട്ടാണ് തൈ നടുന്നത്.


“ഇടയ്ക്കിടെ ഈ വീപ്പയ്ക്കുള്ളിലെ മണ്ണ് ഇളക്കും. അല്ലെങ്കില്‍ വേരുകളില്‍ ഇതിനകത്ത് ടൈറ്റാകും. വേരുകള്‍ക്ക് വളര്‍ച്ചയുണ്ടാകുന്നതിനും മണ്ണിളക്കുന്നത് നല്ലതാണ്. നല്ല വലിയ ശിഖരങ്ങളൊക്കെയായി ഒമ്പത് അടിക്ക് മുകളില്‍ ഉയരത്തിലെത്തിയിട്ടുണ്ട് മാവുകള്‍.

“40 ലേറെ വെറൈറ്റിയായി. ഇനി മാവ് നടാന്‍ വീടിന് മുകളില്‍ സ്ഥലമില്ല. നട്ട മാവുകളില്‍ പേരറിയുന്നവയും ഇല്ലാത്തവയുമുണ്ട്. മാവ് കൃഷി ആരംഭിച്ച ഘട്ടത്തില്‍ പേരും അതിന്‍റെ ഗുണങ്ങളുമൊന്നും അറിയാതെ വാങ്ങി നട്ടതാണ്. പിന്നീട് തൈകളുടെ പേരും ഗുണമുള്ളതാണോയെന്നൊക്കെ നോക്കി മാത്രമേ വാങ്ങാറുള്ളൂ,” ജോസഫ് വ്യക്തമാക്കി.

കല്ലുക്കെട്ടി, ചന്ദ്രക്കാരന്‍, സിന്ദൂരം, മല്‍ഗോവ, അല്‍ഫോന്‍സ്, ജഹാംഗീര്‍, ഹിമപസന്ത്, ദസരി, ചെയോസോഫി, സോണിയ, പട്രീഷ്യ, കോശേരി മാങ്ങ ഇങ്ങനെയുള്ള മാങ്ങയൊക്കെ ഇവിടെ വിളയുന്നുണ്ട്. തായ്ലന്‍റ് ഇനമാണ് ചെയോസോഫി, ആദ്യവര്‍ഷം കായ്ക്കുന്ന ചെയോസോഫിയാണ് കൂട്ടത്തില്‍ ചെറുത്.

വര്‍ഷത്തില്‍ മൂന്നു തവണ കുലകളായ് കായ്ഫലം കിട്ടുന്ന ഇസ്രയേല്‍ ഇനമാണ് സോണിയ, ഒരു മാങ്ങ തന്നെ ഒന്നര കിലോയുള്ളതാണ് കോശേരി മാങ്ങ. മുറ്റത്ത് നില്‍ക്കുന്ന മാവിന്‍റെയും ജോസഫിന്‍റെ ഭാര്യയുടെയും പേര് ഒന്നാണ്. പട്രീഷ്യ.

ജോസഫ് വികസിപ്പിച്ചെടുത്ത മാവിനാണ് പട്രീഷ്യ എന്നു പേരിട്ടത്. നാടന്‍ ഇനം കല്ലുക്കെട്ടിയുടെ വിത്ത് ഗ്രാഫ്റ്റ് ചെയ്താണിതുണ്ടാക്കിയത്. നല്ല മധുരമുള്ളതും നാരില്ലാത്തതുമാണിത്. ഞാനുണ്ടാക്കിയതല്ലേ അതാ ഭാര്യയുടെ പേര് തന്നെ ഇട്ടതെന്നു ജോസഫ്.

മാവിനൊപ്പം റംമ്പൂട്ടാന്‍, ബിലാത്തി പഴം, പേരയ്ക്ക, അമ്പഴം, ജമൈക്കന്‍ പഴം, പപ്പായ, മാങ്കോസ്റ്റിന്‍, സീതപ്പഴം തുടങ്ങിയ ഫലവ‍ൃക്ഷങ്ങളും ജോസഫിന്‍റെ ടെറസിലുണ്ട്.

വീടിനോട് ചേര്‍ന്നാണ് മീന്‍ കൃഷി ചെയ്യുന്നത്. പടുതാകുളത്തിലാണിത്. തിലാപ്പിയയും കരിമീനുകളുമാണ് വളര്‍ത്തുന്നത്. വെണ്ട, കാബേജ്, വഴുതന തുടങ്ങി ഒട്ടുമിക്ക പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടെ മീനും പച്ചക്കറിയും മാങ്ങയുമൊന്നും വില്‍ക്കാറില്ല.


ഇതുകൂടി വായിക്കാം: ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും


ടെറസ് കാണാന്‍ നിരവധി പേരാണ് വരുന്നത്. ഇവിടുണ്ടാകുന്ന മാങ്ങയും പച്ചക്കറിയും മീനുമൊക്കെ അവര്‍ക്കാണ് നല്‍കാറുള്ളത്.

മാവിന്‍ തൈകള്‍ മാത്രമേ ഇവിടെ വില്‍പ്പനയ്ക്കുള്ളൂ. പട്രീഷ്യ തൈകള്‍ 2500 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിന് കുറേ ആവശ്യക്കാരുണ്ടെന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്.

“തൈ നട്ട് രണ്ട് വര്‍ഷം കഴിയുമ്പോ ഇതു കായ്ക്കും. ഞാന്‍ തന്നെ ഡ്രാഫ്റ്റ് ചെയ്താണ് വില്‍ക്കുന്നത്. കൃഷിപ്പണിയ്ക്ക് സഹായത്തിനൊന്നും ജോലിക്കാരെ നിറുത്തിയിട്ടില്ല. ഞാന്‍ തന്നെയാണ് പണികളൊക്കെ ചെയ്യുന്നത്. എന്‍റെ മനസമാധാനത്തിലും സന്തോഷത്തിനും വേണ്ടിയാണിതൊക്കെ ചെയ്യുന്നത്.


വേറെ ഒരാളെ കൊണ്ട് എനിക്കിതൊക്കെ ചെയ്യിക്കാവുന്നതേയുള്ളൂ. പക്ഷേ അങ്ങനെ ചെയ്യിച്ചാല്‍ ഞാനൊരു സൂപ്പര്‍വൈസറാകും. പിന്നെ ആ ജോലിക്കാരന് കാശും കിട്ടും ആരോഗ്യവുമുണ്ടാകും. ഞാന്‍ വെറുതേയിരുന്നു ജോലി ചെയ്യിപ്പിക്കുമ്പോള്‍ എന്‍റെ കാശും ആരോഗ്യവുമാണ് പോകുന്നത്.


“വീടിന്‍റെ മുറ്റത്ത് ഷീറ്റിട്ടുണ്ട്. ഇതിനടിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനായിട്ടാണ് ഓര്‍ക്കിഡുകള്‍ കൃഷി ചെയ്യുന്നത്. 60 വ്യത്യസ്ത ഇനങ്ങളിലായി ആയിരത്തോളം ഓര്‍ക്കിഡുകള്‍ ഇവിടെയുണ്ട്.

“വെള്ളം വാര്‍ന്നു പോകുന്ന രീതിയില്‍ വേണം ഓര്‍ക്കിഡ് നടാനെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അക്വാപോണിക്സ് രീതിയില്‍, വെള്ളത്തിലാണ് ഓര്‍ക്കിഡുകള്‍ ഇവിടെ നട്ടിരിക്കുന്നത്.


വെള്ളം കൂടിയാല്‍ ഓര്‍ക്കിഡ് ചീഞ്ഞു പോകുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ഇവിടെ ഓര്‍ക്കിഡുകളെല്ലാം വെള്ളത്തിലാണ്. അതുകൊണ്ട് ഗുണങ്ങളുമുണ്ട്. നല്ല വളര്‍ച്ചയുണ്ട് ഇവിടുത്തെ ഓര്‍ക്കിഡുകള്‍ക്ക്.


വ്യത്യസ്ത രീതിയില്‍ ചെയ്യണമെന്നു തോന്നിയതു കൊണ്ടാണിത് പരീക്ഷിച്ചത്.”  അക്വപോണിക്സ് രീതിയില്‍ ഓര്‍ക്കിഡ് മാത്രമല്ല കുറച്ചു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ലാഭമല്ല ഇതൊരു സന്തോഷമാണെന്നാണ് ജോസഫ് തന്‍റെ കൃഷി ജീവിതത്തെക്കുറിച്ച് പറയുന്നു. “നേരില്‍ കാണത്തവരുമായ് വരെ സൗഹൃദമുണ്ടായത് കൃഷിയിലൂടെയാണ്.

“മാവ് കായ്ക്കുന്നില്ല, കേടാകുന്നു പൂ കൊഴിയുന്നു.. ഇങ്ങനെ നിരവധി സംശയങ്ങളുമായി പല സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് വിളിക്കുന്നത്. ചേട്ടാ… സാറേ എന്നൊക്കെ വിളിച്ച് സംസാരിക്കുന്നവരും നേരില്‍ കാണാന്‍ വരുന്നവരുമൊക്കെ പ്രചോദനമാണ്.

“സംശയങ്ങളുമായി വിളിക്കുന്നവര്‍ക്ക് എന്നെ കൊണ്ടാകുന്ന പോലെ മറുപടി നല്‍കും. തോട്ടത്തില്‍ ഞാന്‍ പറഞ്ഞതു പരീക്ഷിച്ച ശേഷവും അവരെന്നെ വിളിക്കും. പ്രശ്നങ്ങളൊക്കെ മാറിയെന്നു പറയാന്‍. ഇതൊക്കെയാണ് സന്തോഷങ്ങള്‍.

ടെറസിലെ മാവിന്‍ത്തോട്ടം

ഞായറാഴ്ചകളിലാണ് കൂടുതല്‍ സന്ദര്‍ശകര്‍ വരുന്നത്. ബാക്കിയുള്ള ദിവസങ്ങളില്‍ എനിക്ക് ജോലിയുണ്ടല്ലോ. മുന്‍കൂട്ടി പറയുകയാണേല്‍ മറ്റു ദിവസങ്ങളിലും ഇവിടെ വന്നു കാണാം.”

രണ്ടു മക്കളുണ്ട്. അലനും അമൃതയും. മകള്‍ വിവാഹമൊക്കെ കഴിഞ്ഞ് ദുബായിയിലാണ്. ഭാര്യ പട്രീഷയിപ്പോള്‍ മകള്‍ക്കൊപ്പമാണ്. അലന്‍ ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയിരിക്കുന്നു.


ഇതുകൂടി വായിക്കാം:‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്‍


2016-ല്‍ കൊച്ചി കോര്‍പറേഷനിലെ മികച്ച ഫ്രൂട്ട്സ് ആന്‍ഡ് ഫ്ലവര്‍ കര്‍ഷകനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട് ജോസഫിന്.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം