“എ ഇ ഐ ഒ യു… പാഠം ചൊല്ലി പഠിച്ചും തല്ലിപ്പഠിച്ചും…ഞാനുമൊരാളാകും ഓട്ടോ പൈലറ്റ് പോലാകും…”
‘ഏയ് ഓട്ടോ’യില്‍ മോഹന്‍ലാല്‍ പാടി അഭിനയിച്ചു തകര്‍ത്ത ആ പാട്ട് ഓര്‍മ്മയില്ലേ. (കാണാത്തവര്‍ക്ക് ആ വീഡിയോ കാണാം.)
എന്നാല്‍ സംഭവം സുശോഭനന്‍ എന്ന റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ വീട്ടിലെത്തിയപ്പോള്‍ സംഗതി കോണ്‍ട്ര! ദാ പറക്കുന്നു തറയും പറയും പനയും ചൊല്ലിപ്പഠിച്ച സുശോഭനന്‍റെ മകള്‍ വിമാനം കയറി പാരിസിലേക്ക്.
മലയാളം എം എക്കാരനായ സുശോഭനന്‍ മകള്‍ തേജസ്വിനിയെ ചൊല്ലിപ്പഠിപ്പിച്ചത് മലയാളം, പഠിപ്പിച്ചത് ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളില്‍. അത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.
മലയാളം മീഡിയത്തില്‍ പഠനം നടത്തി ഗവേഷണത്തിന്‍റെ സാധ്യതകള്‍ തേടി പ്രാദേശിക ഭാഷയ്ക്ക് ഇപ്പോഴും ഏറെ പ്രാധാന്യം നല്‍കുന്ന ഫ്രാന്‍സ് എന്ന രാജ്യത്തേക്കു കടല്‍ കടക്കുകയാണ് തേജസ്വിനി.
പാരീസ് യൂണിവേഴ്സിറ്റിയിലേക്ക് പറക്കാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പുള്ള ദിവസമാണ് തേജസ്വിനിയെ വിളിക്കുന്നത്.
”ഒരു സ്വപ്നത്തിലേക്കാണ് ഞാന്‍ പറക്കുന്നത്. ഒരു സാധാരണ ഗ്രാമത്തില്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചു വളര്‍ന്ന എനിക്ക് ഇത്ര വലിയ കടമ്പ കടക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്,” തേജസ്വിനി (23) ആ സന്തോഷം മറച്ചുവെയ്ക്കുന്നില്ല.
പ്രകൃതി സൗഹൃദ വസ്തുക്കള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തില്‍ പങ്കാളികളാകാം: Karnival.com
“ഞാന്‍ പഠിച്ചു തുടങ്ങിയ കാലത്തൊക്കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വന്‍നിര തന്നെ നാട്ടിലുണ്ട്. പക്ഷെ എന്നേയും ചേട്ടനേയും മലയാളം മീഡിയത്തിലയച്ച് പഠിപ്പിക്കണമെന്ന് അച്ഛന്‍റെ വാശിയായിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചാല്‍ എന്തോ വലിയ കുറവുണ്ടാകുമെന്ന് പറഞ്ഞവരെ അച്ഛന്‍ വെല്ലുവിളിക്കുകയായിരുന്നു.
“മലയാളം മീഡിയത്തില്‍ പഠിപ്പിച്ച് മക്കളുടെ ഭാവി കളയരുതെന്നായിരുന്നു പലരുടേയും ഉപദേശം. മലയാളം മീഡിയത്തില്‍ മക്കളെ വിട്ട് വിപ്ലവം കാണിക്കുകയാണ് സുശോഭനന്‍ എന്നു പറഞ്ഞവരും കുറവായിരുന്നില്ല… താരതമ്യേന മികവും യോഗ്യതയുമുള്ള അധ്യാപകര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണെന്ന് അച്ഛന്‍ വിശ്വസിച്ചിരുന്നു. അങ്ങനെ ഞാനും ഏട്ടനും (അഭിമന്യു) നാട്ടിലെ മലയാളം മീഡിയം എല്‍ പി സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടു.”
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലെ ശാര്‍ക്കരയിലാണ് തേജസ്വിനി ജനിച്ചതും പഠിച്ചു വളര്‍ന്നതും. ശാര്‍ക്കര യു പി എസിലാണ് ഏഴാം ക്ലാസു വരെ പഠിച്ചത്. തുടര്‍ന്ന് ശാരദവിലാസം മലയാളം മീഡിയത്തില്‍ ഹൈസ്‌ക്കൂളും ആറ്റിങ്ങല്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കി.
”പത്താം ക്ലാസില്‍ എനിക്ക് ഫുള്‍ എ പ്ലസുണ്ടായിരുന്നു. അതുകൊണ്ടാണ് ജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായ ആറ്റിങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ പ്ലസ്ടുവിന് അഡ്മിഷന്‍ കിട്ടിയത്. പത്താംക്ലാസു വരെ മലയാളത്തില്‍ പഠിച്ചുവന്ന എനിക്ക് ആദ്യമൊക്കെ ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനം ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
എന്നാല്‍ മലയാള ഭാഷ പഠിച്ചതുകൊണ്ടാകാം ഇംഗ്ലീഷ് അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. എനിക്കു തോന്നുന്നത് ലോകത്തിലേക്കും തന്നെ പഠിച്ചെടുക്കാന്‍ പ്രയാസമേറിയ ഭാഷകളിലൊന്നാണ് മലയാളമെന്നാണ്.
ഹയര്‍സെക്കന്‍ഡറിയും നല്ല മാര്‍ക്കില്‍ പാസായി. ഡോക്ടറാകണമെന്നായിരുന്നു തേജസ്വിനിയുടെ ആഗ്രഹം. അതും ന്യൂറോ സര്‍ജ്ജന്‍ ആവണം. പ്ലസ് ടുവിന് ശേഷം എന്‍ട്രന്‍സിന് തയ്യാറെടുക്കാനായി മധ്യതിരുവതാംകൂറിലെ പ്രമുഖ കോച്ചിംഗ് സെന്‍ററില്‍ ചേര്‍ന്നു.
“പക്ഷേ, എന്തുകൊണ്ടോ എനിക്കവിടെ തുടരാന്‍ കഴിഞ്ഞില്ല. അപ്പോഴും ഭാഷയൊന്നുമായിരുന്നില്ല കേട്ടോ എന്‍റെ പ്രശ്നം. അവിടത്തെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാന്‍ ഞാനേറെ ബുദ്ധിമുട്ടി. ഡോക്ടറെന്ന സ്വപ്നം ഉപേക്ഷിച്ച് വീട്ടിലേക്കു മടങ്ങി. ഒരു വര്‍ഷം നഷ്ടപ്പെട്ടു. മാനസികമായി ഞാനേറെ തകര്‍ന്നു.”
“മെഡിക്കല്‍ സ്വപ്നം കപ്പലുകയറി നില്‍ക്കുന്ന സമയം. സാധാരണ ഡിഗ്രിയൊന്നും പഠിച്ചിട്ട് കാര്യമില്ലെന്നു തോന്നി. ഇനി എന്താണെന്ന അന്വേഷണത്തിലാണ് ഇന്‍ഡ്യന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ഐസര്‍)ലേക്ക് എത്തുന്നത്. ചേട്ടനു വേണ്ടി നേരത്തേ തന്നെ അച്ഛന്‍ ഒരുപാട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അന്വേഷിച്ചുവെച്ചിരുന്നു. എങ്കില്‍ പിന്നെ തുടര്‍ പഠനം എന്തുകൊണ്ട് ഐസറില്‍ നടത്തിക്കൂടാ,” അങ്ങനെയാണ് ബോണക്കാട് ഐസറില്‍ ഞാനെത്തിപ്പെടുന്നത്.
മലയാളം മീഡിയത്തില്‍ പഠിച്ച തേജസ്വിനിക്ക് ഐസര്‍ എന്‍ട്രന്‍സ് ഒരു വലിയ കടമ്പയായിരുന്നു. മൂന്നു രീതിയിലാണ് രാജ്യത്തേ ഏഴ് ഐസറിലേക്കുള്ള പ്രവേശനം നടക്കുന്നത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കു നടക്കുന്ന എന്‍ട്രന്‍സിന്‍റെ അവസാന റാങ്കില്‍ വരുന്നവര്‍, കെവിപിവൈ(കിശോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ) എന്‍ട്രന്‍സ് കടക്കുന്നവര്‍, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തുന്ന എന്‍ട്രന്‍സ് ക്വാളിഫൈ ചെയ്യുന്നവര്‍. അങ്ങനെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ എന്‍ട്രന്‍സെഴുതി പാസായി തേജസ്വിനി ബോണക്കാട് ഐസറിലെത്തി.
”പക്ഷെ അവിടെ ചെന്ന ഞാന്‍ പെട്ടു. എല്ലാവരും ഇംഗ്ലീഷ് ബാക്ക്ഗ്രൗണ്ട് നന്നായുള്ള വിദ്യാര്‍ത്ഥികള്‍. നമ്മളീ നാട്ടിന്‍പുറത്തു നിന്ന് ചെന്നിട്ട് അവിടെ എന്തു ചെയ്യാനാണ്. ആദ്യമൊക്കെ ശരിക്കും കഷ്ടപ്പെട്ടു. പക്ഷെ എന്‍റെ ക്ലാസ്മേറ്റ്സിന്‍റെ സഹായത്തോടെ ഇംഗ്ലീഷ് പിക്ക്-അപ് ചെയ്തു,”തേജസ്വിനി പറയുന്നു.
ഇതുകൂടി വായിക്കാം: ‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
ഇംഗ്ലീഷ് അത്ര നന്നായി വശമില്ലാതിരുന്നതുകൊണ്ട് എന്തെങ്കിലും ഒഴിവാക്കലുകള്‍ ഒരുമിച്ചു പഠിച്ചവര്‍ക്കിടയില്‍ നിന്നുണ്ടായിരുന്നോ?
”…അവിടെ അങ്ങനെ ഒരു ഒഴിവാക്കലും ഉണ്ടായിട്ടില്ല… എനിക്ക് തെറ്റുകളൊക്കെ സംഭവിക്കുമായിരുന്നു. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ആലോചിച്ചു വേണം ഉത്തരം പറയാന്‍. അപ്പോള്‍ അതിനെല്ലാം ഗ്രാമര്‍ നോക്കും. അതൊരു പ്രശ്നമായിരുന്നു. പക്ഷെ എന്‍റെ തെറ്റുകള്‍ എന്‍റെ കൂട്ടുകാര്‍ തന്നെ തിരുത്തി തരുമായിരുന്നു. എന്‍റെ പോരായ്മകളെ അവര്‍ മനസിലാക്കി തരുമായിരുന്നു. അതുകൊണ്ട് എനിക്കത്തരമൊരു പ്രതിസന്ധിയൊന്നും അവിടെയുണ്ടായില്ല.
“മാത്രമല്ല പലതവണ സെമിനാറുകള്‍ ഒക്കെ അവതരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ഇംഗ്ലീഷിനോടുള്ള പേടിയൊക്കെ അങ്ങ് താനേ മാറും. ഈ ഇംഗ്ലീഷിനോടുള്ള പേടി തന്നെ നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്നതല്ലേ. പേടിക്കേണ്ട യാതൊരാവശ്യവുമില്ലാത്ത ഭാഷ,” ഭാഷാ പേടി മാറിയതിനേകുറിച്ച് തേജസ്വിനി അഭിമാനത്തോടെ പറയുന്നു.
ഐസറിലെ പഠനം
“ഇന്‍റെഗ്രേറ്റഡ് എം എസ് എന്നായിരുന്നു ഐസറിലെ കോഴ്സിന്‍റെ പേര്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കണക്കേറെ പ്രിയമായിരുന്നു. പക്ഷെ ഐസറിലെത്തിയപ്പോള്‍ ഇഷ്ടം ബയോളജിയോടായി. നാലുവര്‍ഷത്തെ കോഴ്സാണവിടെ. പഠിച്ചിറങ്ങുമ്പോള്‍ തിരഞ്ഞെടുത്ത വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കൂടി ലഭിക്കും.
“ആദ്യത്തെ രണ്ടു വര്‍ഷം ബയോളജിയും ഫിസിക്സും കെമിസ്ട്രിയും കണക്കും പഠിക്കണം. അപ്പോള്‍ ബി എസ് പൂര്‍ത്തിയാകും. എം എസിന് ബയോളജിയും കെമിസ്ട്രിയും സ്പെഷ്യലൈസ് ചെയ്തു,” കോഴ്സിന്‍റെ അവസാന വര്‍ഷത്തെ പ്രൊജക്ട് ക്രോണോ ബയോളജിയായിരുന്നു.
”മലയാളം മീഡിയത്തില്‍ പഠിച്ചു വളര്‍ന്നവര്‍ക്കു മാത്രമല്ല കേട്ടോ, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്കു പോലും ഐസര്‍ ഒരു കീറാമുട്ടിയാണ്. കാരണം പ്ലസ്ടു വരെ പഠിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമായ രീതിയില്‍ ഐ ഐ ടി ലെവലിലുള്ള സിലബസാണ്. ഭാഷയൊക്കെ അല്പം കട്ടിയായിരുന്നെങ്കിലും ഞാന്‍ വളരെ കഷ്ടപ്പെട്ടു പഠിച്ചു.
“സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ മാസം അയ്യായിരം രൂപ ലഭിക്കുമായിരുന്നു. ക്രഡിറ്റ് സിസ്റ്റമായിരുന്നതുകൊണ്ട് പത്തില്‍ ആറര ശതമാനത്തിനു മുകളിലുള്ളവര്‍ക്കൊക്കെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. … ഇവിടെ പഠിച്ചവര്‍ മിക്കവാറുമുള്ളവര്‍ ഗവേഷണ മേഖലയിലേക്ക് ചേക്കേറുന്നവരാണ്. ചിലരൊക്കെ സിവില്‍ സര്‍വ്വീസിലൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പക്ഷെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നവര്‍ക്കു മാത്രമുള്ളതാണ് ഐസര്‍,”ഐസറിലെ പഠനത്തെപ്പറ്റി തേജസ്വിനി വിവരിക്കുന്നു.
ഫ്രാന്‍സിലേക്ക്
ഐസര്‍ പഠനത്തിനു ശേഷം ഗവേഷണമെന്നായിരുന്നു തേജസ്വിനിയുടെ ലക്ഷ്യം. അത് വിദേശത്ത് എവിടെയെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടി അവസാന വര്‍ഷമായപ്പോഴേക്കും ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രൊജക്ട് ഗൈഡ് ഡോ നിഷാ എന്‍ കണ്ണന്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍,ഐസര്‍), കോ ഗൈഡ് നിയാസ് റഹ്മാന്‍(ഗവേഷണ വിദ്യാര്‍ത്ഥി, ഐസര്‍) തുടങ്ങിയവര്‍ അതിനായി നന്നായി സഹായിച്ചുവെന്ന് തേജസ്വിനി പറഞ്ഞു.
“പ്രോജക്ടിന്‍റെ സമയത്തൊക്കെ ഞാന്‍ തളര്‍ന്നു പോയപ്പോഴൊക്കെ എന്‍റെയൊപ്പം ചങ്കായി നിന്നത് എന്‍റെ ആത്മ സുഹൃത്ത് എല്‍വിനാ തോമസാണ്.”
ഉന്നത പഠനത്തിനായി പാരിസ് യൂണിവേഴ്സിറ്റിയില്‍ ഉള്‍പ്പടെ വിവിധ യൂണിവേഴ്സിറ്റികള്‍ക്ക് തേജസ്വിനി പ്രോജക്ട് പ്രൊപ്പോസല്‍ അയച്ചിരുന്നു. “പാരിസ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസര്‍ക്കാണ് മെയില്‍ അയച്ചത്. എന്‍റെ പ്രൊജക്ട് കൂടിയായ ക്രോണോ ബയോളജി തന്നെയായിരുന്നു പ്രൊപ്പോസലായി നല്‍കിയിരുന്നത്.”
തുടര്‍ന്ന് പാരിസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്ഷണം ലഭിക്കുകയും അവര്‍ അവിടെ പോയി പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്തു. “അവിടെ പേപ്പര്‍ പ്രസന്റേഷനും അഭിമുഖത്തിനുമായി മുപ്പതിലധികം പേരെത്തിയിരുന്നു. മിക്കവാറുമുള്ളവര്‍ ഫ്രാന്‍സില്‍ നിന്നു തന്നെയുള്ളവര്‍. പക്ഷെ ഒന്‍പതു പേരെ തിരഞ്ഞെടുത്തതില്‍ അഞ്ചാമതായി എത്താന്‍ എനിക്കു കഴിഞ്ഞു,” തേജസ്വിനി തുടരുന്നു.
പാരിസ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സിലാണ് തേജസ്വിനിക്ക് ഗവേഷണ ഫെല്ലോഷിപ്പ് ലഭിച്ചത്. മൂന്നു ഘട്ടങ്ങളിലായുള്ള പ്രവേശന നടപടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അത്. ആദ്യം സ്‌കൈപ്പ് വഴി ഇന്‍റര്‍വ്യൂ നടത്തി. പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നെ പാരീസില്‍ 25 ശാസ്ത്രജ്ഞരടങ്ങിയ പാനലിന്‍റെ അഭിമുഖം. പത്തുമിനിറ്റു നേരം പേപ്പര്‍ പ്രസന്‍റേഷന്‍. പിന്നെ അഭിമുഖം. രണ്ടു ദിവസം കഴിഞ്ഞ് ഗവേഷണത്തിനായി തേജസ്വിനിയെ തിരഞ്ഞെടുത്തതായുള്ള വിവരം ലഭിച്ചു. ഒക്ടോബറില്‍ ഗവേഷണം ആരംഭിക്കും. ഗവേഷണ കാലയളവില്‍ പ്രതിമാസം ഒന്നരലക്ഷം രൂപ (1500 പൗണ്ട്) ഫെല്ലോഷിപ്പായി ലഭിക്കും. ഫ്രഞ്ച് സര്‍ക്കാരാണ് ഗവേഷണത്തിന് ഫണ്ട് അനുവദിക്കുന്നത്.
“ആഗോളഭാഷയായ ഇംഗ്ലീഷും പഠിച്ച ശേഷം പാരിസ് യൂണിവേഴ്സിറ്റിയില്‍ പേപ്പര്‍ പ്രസന്‍റേഷനായി ചെന്നപ്പോള്‍ ഞാന്‍ പെട്ടു പോയി. ഫ്രാന്‍സിലെ പൊതുജനങ്ങള്‍ക്ക് ഇംഗ്ലീഷേ അറിയില്ല. ഫ്രഞ്ചിലാണ് സംസാരമൊക്കെ. അവസാനം ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്‍റെ സഹായത്തോടെയാണ് പിടിച്ചു നിന്നത്,” തേജസ്വിനി ചിരിക്കുന്നു.
ആദിത്യനും രാധയും മറ്റു ചിലരും
പഠനവും ഗവേഷണവുമെല്ലാം ശാസ്ത്രത്തിലാണെങ്കിലും മലയാള നോവലും കഥയും കവിതയുമൊക്കെ ഏറെ ഇഷ്ടപ്പെടാണ് തേജസ്വിനിയ്ക്ക്. എം മുകുന്ദന്‍റെ ആദിത്യനും രാധയും മറ്റു ചിലരും എന്ന നോവല്‍ തന്‍റെ ജീവിതത്തിന്‍റെ തന്നെ മാര്‍ഗ്ഗദര്‍ശിയാണെന്ന് അവര്‍ പറയുന്നു. അതിലെ കഥാപാത്രം ഐഐറ്റിയില്‍ പഠിക്കുന്ന ഒരാളാണ്. എം മുകുന്ദനൊപ്പം ബഷീറിനേയും മാധവിക്കുട്ടിയേയും ഏറെ ഇഷ്ടപ്പെടുന്ന വായനക്കാരികൂടിയാണ് തേജസ്വിനി.
വായനയേക്കാളേറെ താല്‍പര്യം നൃത്തത്തോടായിരുന്നു. ചെറിയ ക്ലാസിലേ തന്നെ ക്ലാസിക്കലായി നൃത്തം അഭ്യസിച്ചു. പിന്നെ നാടകങ്ങളൊക്കെ സ്വന്തമായി എഴുതി സംവിധാനം ചെയ്തു. തേജസ്വിനി എഴുതി അവതരിപ്പിച്ച നാടകം ജില്ലാകലോല്‍സവത്തില്‍ വരെയെത്തി. പിന്നെ മലയാളത്തില്‍ ചെറിയ കവിതകളെഴുതി. കവിതകള്‍ മാത്രമല്ല ചെറിയ ചെറിയ കുറിപ്പുകളുമെഴുതുമായിരുന്നെന്ന് തേജസ്വിനി പറയുന്നു.
“ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം ഒരു കൂടുതല്‍ ആഴത്തില്‍ സബ്ജക്ട് പഠിച്ച് ഒരധ്യാപികയാവണം. പ്രിയ ടീച്ചറിനൊപ്പം ഐസറിലെ പ്രൊജക്ട് ഗൈഡായിരുന്ന നിഷ മിസും അധ്യാപനത്തില്‍ എനിക്ക് പ്രചോദനമാണ്,’ അധ്യാപികയാവണമെന്ന തന്‍റെ ആഗ്രഹം തുറന്ന് പറയുകയാണ് തേജസ്വിനി.
തേജസ്വിനിയുടെ അച്ഛന്‍ സുശോഭനന്‍ കൊച്ചുവേളിയില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററാണ്. അമ്മ ലാലിശ്യാം. അമ്മയും അച്ഛനും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയവരാണ്. സഹോദരന്‍ അഭിമന്യു വലിയമല ഐ ഐ എസ് ടി യില്‍ ആസ്ട്രോ ഫിസിക്സ് കഴിഞ്ഞ് കുറച്ചുകാലം ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായിരുന്നു. ഇപ്പോള്‍ മുംബെയില്‍ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ചേട്ടന്‍റെ ഭാര്യ ശ്രുതി മദ്രാസ് ഐ ഐ ടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.
“പൊതുവിദ്യാലയത്തിലെ മലയാളം മീഡിയത്തില്‍ പഠിക്കുന്നത് നാണക്കേടല്ല. മറിച്ച് മികച്ച അധ്യാപകരാണ് നിങ്ങളുടേത്. … നിങ്ങള്‍ പിന്‍തള്ളപ്പെട്ടുപോകുമെന്നൊന്നും കരുതരുത്. ആദ്യമൊക്കെ എനിക്കും വലിയ പേടിയായിരുന്നു. പക്ഷെ ഐസറിലെത്തിയതോടെ അതൊക്കെ മാറി. പിന്നെ നിങ്ങളോര്‍ക്കും ഇംഗ്ലീഷ് വളരെ പ്രയാസമേറിയ ഒരു ഭാഷയായിരിക്കുമെന്ന്. പക്ഷെ, മലയാളത്തേക്കാള്‍ താരതമ്യേന എളുപ്പമാണ് ഇംഗ്ലീഷ് പഠിച്ചെടുക്കാന്‍,” തേജസ്വിനി ആവര്‍ത്തിക്കുന്നു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.