20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍: ദരിദ്രര്‍ക്കായി ഭക്ഷണവും മരുന്നും നല്‍കി രമണറാവുവും കുടുംബവും

ഏകദേശം അരനൂറ്റാണ്ടായി രണ്ട് ദശലക്ഷം രോഗികള്‍ക്ക് ആശ്രയമായി മാറിയ ഈ ഗ്രാമീണ ക്ലിനിക് ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്  സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രി.

കൈയില്‍ പണമില്ലാത്തതുകൊണ്ടുമാത്രം എത്ര വലിയ അസുഖം വന്നാലും ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവരുണ്ട്. സാധാരണ അങ്ങനെയുള്ളവരെ കണ്ടാല്‍ പലരും എന്തെങ്കിലും സഹായമൊക്കെ ചെയ്യും.

മറ്റു ചിലര്‍ മരുന്നു കൂടി സൗജന്യമായി നല്‍കി വണ്ടിക്കാശും കൈയില്‍ ഏല്‍പ്പിച്ചേക്കും, അതിപ്പോള്‍ അവരെ ചികിത്സിക്കുന്ന ഡോക്റ്റര്‍ ആണെങ്കിലും.
എന്നാല്‍ ദാരിദ്ര്യം കൊണ്ട് ആശുപത്രിയില്‍ പോകാത്തവരെ കണ്ട് മെഡിസിന് പഠിക്കാന്‍ ചേര്‍ന്നൊരാളെക്കുറിച്ചാണ് ഈ വാര്‍ത്ത.

പാവങ്ങളായ തൊഴിലാളികള്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി ഡോക്റ്ററായതാണ് രമണറാവു. ഗ്രാമത്തില്‍ സ്വന്തമായൊരു ആശുപത്രിയും അദ്ദേഹം നിര്‍മ്മിച്ചു, 46 വര്‍ഷം മുമ്പ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

പരിശോധനയും ചികിത്സയും മരുന്നും ഭക്ഷണവുമൊക്കെ പൂര്‍ണമായും സൗജന്യമാണ് ഇവിടെ. ഡോക്റ്റര്‍ കുടുംബം ഒന്നാകെ ഈ സൗജന്യ സണ്‍ഡേ ക്ലിനിക്കില്‍ ചികിത്സിക്കുന്നുണ്ടിപ്പോള്‍.

രോഗികള്‍ക്കൊപ്പം ഡോ.രമണറാവു

ഏകദേശം അരനൂറ്റാണ്ടായി രണ്ട് ദശലക്ഷം രോഗികള്‍ക്ക് ആശ്രയമായി മാറിയ ഈ ഗ്രാമീണ ക്ലിനിക് ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്  സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രി.

ബെംഗളൂരു-തുമക്കുരു ഹൈവേയില്‍ ടി.ബെഗൂര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് സൗജന്യ ചികിത്സ നല്‍കുന്ന പദ്മശ്രീ ഡോ. ബി. രമണറാവുവിന്‍റെ ആശുപത്രി. സൗജന്യ ചികിത്സയും ഭക്ഷണ വിതരണവും മാത്രമല്ല. നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസഹായങ്ങള്‍ നല്‍കിയും ടോയ്‍ലെറ്റുകള്‍ നിര്‍മിച്ചും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേര്‍ത്തുനിറുത്തുകയാണ് ഈ പാവങ്ങളുടെ ഡോക്റ്റര്‍.

രമണറാവു ഡോക്റ്റര്‍ പക്ഷേ തനിച്ചല്ല, സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഭാര്യയും മക്കളും മരുമക്കളുമൊക്കെ കൂടെയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍റെ ജോലിയുടെ ഭാഗമായാണ് രമണ റാവു ഭദ്രാവതിയിലേക്ക് വരുന്നത്. പിതാവ് ഭദ്ര അണക്കെട്ട് പദ്ധതിയില്‍ ചീഫ് എന്‍ജിനീയറായിരുന്നു.

അവിടെ വന്നപ്പോഴാണ് ഭദ്ര അണക്കെട്ട് പദ്ധതിയിലെ തൊഴിലാളികളുടെ ദുരിതങ്ങളൊക്കെ നേരിട്ട് കാണുന്നത്. രോഗം വന്നാല്‍ ചികിത്സിക്കാനുള്ള പണമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.


അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകുന്നതൊക്കെ അവര്‍ക്ക് ആര്‍ഭാടമായിരുന്നു.


പട്ടണത്തില്‍ നിന്നകലെയായിരുന്നു ഈ ഭദ്രാവതി. നഗരത്തിലെ ആശുപത്രിയിലേക്ക് പോകുന്നതിനുള്ള കാശും അവര്‍ക്കുണ്ടായിരുന്നില്ല.

“ഡോക്റ്ററെ കാണുന്നതും ആശുപത്രിയില്‍ പോകുന്നതുമൊക്കെ അധിക ചെലവുകളായി കരുതിയിരുന്ന അവര്‍ക്ക് പല അസുഖങ്ങളുമുണ്ടായിരുന്നു. കൃത്യമായ ചികിത്സിക്കാതെ കിട്ടാതെ പലരുടെയും രോഗത്തിന്‍റെ അവസ്ഥയും മോശമായിരുന്നു. ഭദ്രാവതിയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ ഇവരുടെ ഈ അവസ്ഥയാണ് എന്നെ വേദനിപ്പിച്ചത്,” ഡോ. രമണറാവു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“ഈ നിര്‍ധനരായ തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെന്നു തോന്നി. അക്കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞു. അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ നീയൊരു ഡോക്റ്ററാകണമെന്നാണ് അവരെന്നോട് പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഡോക്റ്ററാകാന്‍ തീരുമാനിച്ചത്,” അദ്ദേഹം തുടര്‍ന്നു.

മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്ന് പദ്മശ്രീ പുരസ്കാരം സ്വീകരിക്കുന്നു

1973-ലാണ് ഡോ.രമണറാവു ഗ്രാമത്തില്‍ ആ ക്ലിനിക് ആരംഭിക്കുന്നത്. അതേ വര്‍ഷം ഓഗസ്റ്റ് 15-നാണ് അദ്ദേഹം എം ബി ബി എസ് ബിരുദം നേടിയത്. അതിന്‍റെ തൊട്ടു പിറ്റേ ദിവസം തന്നെ ക്ലിനിക്കിനും  തുടക്കം കുറിച്ചു.

ഇന്ന് ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്ലിനിക്കും വളര്‍ന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഇസിജി, നെബുലൈസേഷന്‍, വ്യത്യസ്ത പരിശോധനകള്‍ക്കൊക്കെയുള്ള സൗകര്യം ഇവിടുണ്ട്. 35 നഴ്സുമാര്‍, കംപോണ്ടര്‍മാര്‍, ലാബ് ടെക്നീഷ്യന്‍മാരും അസിസ്റ്റന്‍റുമാരുമൊക്കെ ആശുപത്രിയിലുണ്ട്.

ഇതിനൊപ്പം മാസത്തിലൊരിക്കല്‍ നേത്ര പരിശോധന ക്യാംപുകള്‍ സംഘടിപ്പിക്കാറുണ്ട്. റോട്ടറി കണ്ണ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. കണ്ണ് പരിശോധനകള്‍ക്കൊപ്പം തിമിര ശസ്ത്രക്രിയയും നടത്താറുണ്ട്. ആശുപത്രിയില്‍ ദന്ത ചികിത്സയ്ക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. പത്ത് ദന്ത ഡോക്റ്റര്‍മാരും ഡെന്‍റല്‍ സര്‍ജന്‍മാരുടെയും സേവനവും ഇവിടെ ലഭ്യമാണ്.


ഇതുകൂടി വായിക്കാം: തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


“ഡോക്റ്ററാകണം.. നിര്‍ധനരായവരെ സഹായിക്കണമെന്നതായിരുന്നു എന്‍റെ ലക്ഷ്യം. ടി ബെഗൂരില്‍ കുടുംബസ്വത്തായി കുറച്ചു സ്ഥലമുണ്ടായിരുന്നു.” അങ്ങനെ അവിടെയാണ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നു ഡോക്റ്റര്‍ പറയുന്നു.

തിങ്കള്‍ മുതല്‍ ശനി വരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളിലാണ് ഡോ. രമണറാവുവിന്‍റെ പ്രാക്റ്റീസ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ മുതല്‍ ബെഗൂരിലെ ഈ സണ്‍ഡേ ക്ലിനിക്കിലും അദ്ദേഹമുണ്ടാകും.

ഡോക്റ്ററുടെ വരുമാനത്തിലേറെയും ബെഗൂരിലെ ആശുപത്രിയില്‍ വരുന്ന ഗ്രാമീണര്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചിരുന്നത്. ബെംഗളൂരുവിലെ മറ്റ് ആശുപത്രികളില്‍ നിന്നു കിട്ടുന്ന വരുമാനമാണ് ഇത്തരം കാര്യങ്ങള്‍ക്ക് അദ്ദേഹം ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ലിനിക്കിലെ ചികിത്സയ്ക്കും മരുന്നു വിതരണത്തിനുമൊക്കെ അപ്പുറത്തേക്ക് വ്യാപിക്കാന്‍ അധിക കാലം വേണ്ടി വന്നില്ല.

ഡോ. രമണറാവുവിന്‍റെ സൗജന്യക്ലിനിക്കിന്‍റെ പേര് ഗ്രാമത്തിന് വെളിയിലേക്കും പരന്നു. ഞായറാഴ്ചകളില്‍ ആ ടി ബേഗൂരിലേക്ക് ആളുകളുടെ പ്രവാഹമായി. ഡോക്റ്ററെ കാണുന്നതിന് രോഗികള്‍ക്ക് മഴയും വെയിലും കൊണ്ടു മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയായി. അത്രയേറെ തിരക്കായിരുന്നു. ഓരോ ദിവസം കഴിയുന്തോറും രമണറാവുവിനെ കാണാനുള്ളവരുടെ എണ്ണവും കൂടിക്കൊണ്ടേയിരുന്നു.

ഭാര്യ ഹേമയ്ക്കൊപ്പം ഡോക്റ്റര്‍

രോഗികള്‍ മഴയത്തും വെയിലുത്തുമൊക്കെ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നത് ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കി അദ്ദേഹം അവര്‍ക്കായി ക്ലിനിക്കില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ നീളുന്ന ഒരു ഷെഡാണ് നിര്‍മിച്ചത്. ഇവിടെ കാത്തുനില്‍ക്കുന്നവര്‍ക്ക് ആ ഇടവേളയില്‍ സൗജന്യ യോഗ ക്ലാസ്സും ആരംഭിച്ചു.

ഗ്രാമീണര്‍ക്കിടയില്‍ ആരോഗ്യകരമായ ശീലങ്ങളുണ്ടാക്കിയെടുക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. അതിനായി ഏതാനും യോഗ പരിശീലകരെയും നിയമിച്ചു.

ഇതിനു പിന്നാലെയാണ് രമണറാവു രോഗികള്‍ക്ക് സൗജന്യ ഭക്ഷണത്തിനുള്ള സംവിധാനമേര്‍പ്പെടുത്തുന്നത്.


ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് മണിക്കൂറുകളോളം വിശന്നിരിക്കേണ്ട കാര്യമില്ല. ചോറും സമ്പാറും ആശുപത്രിയില്‍ വിളമ്പി തുടങ്ങി. ലഘുഭക്ഷണങ്ങളും അതിനൊപ്പം നല്‍കുന്നു.


ഇതൊക്കെയും രോഗികള്‍ക്ക് കൃത്യമായി കിട്ടുന്നുണ്ടോയെന്നും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശക്കുന്ന വയറുമായി ആരും ഈ ആശുപത്രിയില്‍ നിന്നു പോകരുതെന്നാണ് അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും ആഗ്രഹം.

ഹേമ ഭക്ഷണ വിതരണത്തിനിടയില്‍

സൗജന്യ ഭക്ഷണവും ചികിത്സയുമൊക്കെ നല്‍കുന്ന ക്ലിനിക്കിന്‍റെ മതിലുകള്‍ക്കപ്പുറത്തേക്കും രമണറാവുന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരുന്നു.

ഗ്രാമങ്ങളില്‍ ടോയ്‍ലെറ്റ് സൗകര്യങ്ങളില്ലായിരുന്നു. അങ്ങനെയാണ് 1991-ല്‍ ടോയ്‍ലെറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇതിനോടകം 700-ലേറെ ടോയ്‍ലെറ്റുകള്‍ അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചു കഴിഞ്ഞു.

ജലക്ഷാമം പരിഹരിക്കുന്നതിനും ഈ ഗ്രാമീണ ഡോക്റ്റര്‍ മുന്‍കൈ എടുത്തു. 16 ഗ്രാമങ്ങളില്‍ കുഴല്‍കിണറുകള്‍ നിര്‍മിച്ചാണ് ജലക്ഷാമം പരിഹരിച്ചത്.

ഇതിനൊപ്പം 50 സ്കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. ഗ്രാമീണ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. അതിനൊപ്പം വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

50 സ്കൂളുകള്‍ ദത്തെടുത്തുവെന്നു പറയാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. കാരണം ദത്തെടുത്തുവെന്നു പറയുന്നത് സേവനത്തിന്‍റെ ചൈതന്യം ഇല്ലാതാക്കിയേക്കുമെന്നാണ് ഡോ. രമണറാവു വിശ്വസിക്കുന്നത്.

ഡോക്റ്ററെ കാണാനുള്ളവരുടെ നീണ്ട നിര

പരിസ്ഥിതി സംരക്ഷണത്തിനും രമണറാവു പ്രാധാന്യം നല്‍കുന്നുണ്ട്. പ്രസംഗിക്കുന്നതിനെക്കാള്‍ പ്രവൃത്തിയിലൂടെയാണ് പ്രകൃതി സ്നേഹം കാണിക്കേണ്ടതെന്നാണ് അദ്ദേഹം വിചാരിക്കുന്നത്

എവിടെയായിരുന്നാലും ഞാന്‍ മരങ്ങൾ നട്ടുപിടിപ്പിക്കും. ഇതുവരെ 35,000 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഭാര്യയും മക്കളും തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ട്. ഹേമയെന്നാണ് ഭാര്യയുടെ പേര്,” അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


രണ്ടുമക്കളുണ്ട്. കാര്‍ഡിയോളജിസ്റ്റ് ഡോ. ചരിത് ഭോഗ്‍രാജ്, എൻ‌ഡോക്രൈനോളജിസ്റ്റ് ഡോ.അഭിജീത്ത് ഭോഗ്‍രാജ്. ഇരുവരുടെയും ഭാര്യമാരും ഡോക്റ്റര്മാരാണ്. ഒരാള്‍ ഡര്‍മറ്റോളജിസ്റ്റും മറ്റൊരാള്‍ ന്യൂട്രീഷ്യനിസ്റ്റുമാണവര്‍. മക്കളും മരുമക്കളുമെല്ലാം സണ്‍ഡേ ക്ലിനിക്കിലെ ‍ഡോക്റ്റര്‍മാര്‍ കൂടിയാണ്.

“ചില സമയങ്ങളില്‍ കൊച്ചുമക്കളും ക്ലിനിക്കില്‍ വരും. മരുന്നു വിതരണം ചെയ്യാനും ഭക്ഷണം വിളമ്പാനുമൊക്കെ ഇവര്‍ സഹായിക്കും,” ഹേമ പറഞ്ഞു.

മക്കള്‍ക്കൊപ്പം ഹേമയും പൂര്‍ണ പിന്തുണയേകി ഒപ്പമുണ്ട്. ഉയര്‍ച്ചകളില്‍ മാത്രമല്ല പരാജയങ്ങളിലും അവര്‍ കൂടെ തന്നെ നിന്നു.

ഡോ.രമണറാവുവും ഭാര്യ ഹേമയും ഫോട്ടോ – ഫേസ്ബുക്ക്

“രോഗിയെ പരിശോധിക്കുന്നതിന്‍റെയോ മരുന്നു കൊടുക്കുന്നതിന്‍റെയൊക്കെ തിരക്കുകളിലായിരിക്കും ഞാന്‍. ആ സമയങ്ങളില്ലെല്ലാം ഹേമയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

“മെഡിക്കല്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നത് മുതല്‍ രോഗികള്‍ക്കുള്ള സൗജന്യ ഭക്ഷണത്തിന്‍റെ വിതരണം വരെ ഹേമ ചെയ്യാറുണ്ട്,” ഭാര്യയുടെയും കുടുംബത്തിന്‍റെയും പിന്തുണയെക്കുറിച്ച് ഡോക്റ്റര്‍ പറഞ്ഞു.

ആശുപത്രി ആരംഭിച്ച നാളുകളില്‍ ഒരു ദിവസം നാല്‍പതോ അമ്പതോ രോഗികളാണ് വന്നിരുന്നത്. എന്നാലിപ്പോള്‍ ഒരു ദിവസം 1,200 പേരാണ് ഡോക്റ്ററെ കാണാനെത്തുന്നത്.

ചികിത്സയ്ക്കിടെ ഡോക്റ്റര്‍ ഫോട്ടോ – ഫേസ്ബുക്ക്

പല പ്രശസ്തരായ വ്യക്തികളും ഇദ്ദേഹത്തിന്‍റെ ചികിത്സ തേടി വരാറുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടായി കര്‍ണാടകയിലെ മുഖ്യമന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പടെയുള്ള പ്രമുഖരുടെ പേഴ്സണല്‍ ‍ഡോക്റ്ററാണ് ഇദ്ദേഹം.


മൈസൂര്‍ രാജകുടുംബത്തിന്‍റെയും നടന്‍ രാജ് കുമാറിന്‍റെയുമൊക്കെ ഫാമിലി ഡോക്റ്റര്‍ കൂടിയായിരുന്നു രാമണ റാവു.


കര്‍ണാടകയിലെ ഒട്ടുമിക്ക പ്രമുഖ ആശുപത്രികളുടെയെല്ലാം കാര്‍ഡിയോളജി കണ്‍സള്‍ട്ടന്‍റാണിപ്പോള്‍ അദ്ദേഹം.

ഇങ്ങനെയൊക്കെയാണെങ്കിലും സണ്‍ഡേ ക്ലിനിക്കിലാണ് അദ്ദേഹം സമാധാനവും ആശ്വാസവും കണ്ടെത്തുന്നതെന്നു രമണറാവുവിന്‍റെ മാനെജര്‍ ത്രിപുരേന്ദ്ര പറയുന്നു.

രമണറാവുവിന്‍റെ ചെറുമകന്‍ ഒമ്പതുവയസുകാരന്‍ റാം ക്ലിനിക്കിലെ രോഗിയെ സഹായിക്കുന്നു ഫോട്ടോ – ഫേസ്ബുക്ക്

“എല്ലാ ‍ഞായറാഴ്ചകളിലും രോഗികളെത്തും മുന്‍പേ രമണറാവുവും കുടുംബവും ഇവിടെയെത്തും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതൊരു ആചാരമായി അദ്ദേഹം തുടരുകയാണ്. അദ്ദേഹത്തോടും സ്നേഹത്തോടെയാണ് രോഗികളും പെരുമാറുന്നത്.

“തന്നെ കാണാന്‍ നില്‍ക്കുന്നവരുടെ ക്യൂവിന് അരികിലൂടെ ഡോക്റ്റര്‍ നടന്നു വരുമ്പോള്‍ പലരും ബഹുമാനത്തോടെ അദ്ദേഹത്തിന്‍റെ കാലുകളിലേക്ക് വീണു നന്ദി പറയുന്നത് കാണാം.”

പ്രായമുള്ളവരും ചെറുപ്പക്കാരുമൊക്കെ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും മാനെജര്‍. കഴിഞ്ഞ 25വര്‍ഷമായി രമണറാവുവിന്‍റെ മാനെജറാണ് ത്രിപുരേന്ദ്ര.

ക്ലിനിക്കിലെ ക്യൂവില്‍ ഒരാളേ ഉള്ളൂവെങ്കിലും ആയിരം പേരുണ്ടെങ്കിലും 68-കാരനായ ഡോ.റാവു എല്ലാവരോടും ഒരേപോലെയാണ് പെരുമാറുന്നത്. കുറേ രോഗികള്‍ ക്യൂവിലൂണ്ടെന്ന പേരില്‍ ആരോടും സംസാരിക്കാതെ അദ്ദേഹം പോകില്ല.

എല്ലാ രോഗികളോടും വളരെ ക്ഷമയോടും സഹാനുഭൂതിയോടും കൂടി മാത്രമേ പെരുമാറുകയുള്ളൂ.


ഇതുകൂടി വായിക്കാം: കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?


അദ്ദേഹത്തിന്‍റെ ചിരിയും ദയവായ്പോടെയുള്ള വര്‍ത്തമാനങ്ങളും രോഗികളുടെ പകുതി അസുഖം ഭേദമാക്കുന്നു. ബാക്കി അസുഖത്തിന് മാത്രം മരുന്നു മതിയെന്നാണ് അദ്ദേഹത്തെ കാണാനെത്തുന്നവര്‍ പറയുന്നത്.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം