‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്‍പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍,  കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ

“എനിക്കെന്‍റെ ആറുവയസുകാരന്‍ മകന്‍റെ മുഖമാണ് അപ്പോ ഓര്‍മ്മയില്‍ തെളിഞ്ഞത്. പണം നിര്‍ബന്ധിച്ചു തിരിച്ചുനല്‍കിയെങ്കിലും അദ്ദേഹം വാങ്ങിയില്ല… അന്ന് രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.”

യനാട് കല്‍പറ്റ പഴയ ബസ് സ്റ്റാന്‍റിനടുത്ത് റോഡരുകിലാണ് രമേഷ് സാധാരണ ഇരിക്കുന്നത്. പഴയൊരു ഫള്ക്‌സ് ഷീറ്റും ചാക്കും നിലത്തുവിരിച്ച് മതിലില്‍ ചാരിയങ്ങനെയിരിക്കും.

ചെരുപ്പുതുന്നിക്കാനും ബാഗ് നന്നാക്കാനുമായി ആളുകള്‍ വരുന്നതും കാത്ത് രമേഷ് കുമാര്‍ ആര്‍ സി (33) അവിടെയുണ്ടാവും. പാവങ്ങളും വൃദ്ധരുമായവര്‍ ചെരുപ്പോ കുടയോ നന്നാക്കാനെത്തിയാല്‍ സൗജന്യമായി ചെയ്തുകൊടുക്കും. എന്നാല്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിച്ചാല്‍, അതെല്ലാം ഒതുക്കി ഉപകരണങ്ങളെല്ലാം മൂടിയിട്ട് രമേഷ് അങ്ങ് ഇറങ്ങിച്ചെല്ലും.

“ചെരുപ്പ് തുന്നിക്കൊടുക്കാം, കീറിപ്പറിഞ്ഞ ജീവിതങ്ങള്‍ എങ്ങനെ തുന്നിച്ചേര്‍ക്കും,” എന്ന ആവലാതിയിലാണ് എപ്പോഴും രമേഷ്.

രമേഷ് കല്‍പറ്റയിലെ തന്‍റെ പണിസ്ഥലത്ത്

ജീവിതം നടന്നുതീര്‍ത്ത തേഞ്ഞുപൊട്ടിയ ചെരുപ്പുമായെത്തുന്ന പാവങ്ങളെയും സഹായിക്കാനാരുമില്ലാത്തവരേയും കാണുമ്പോള്‍ രമേഷിന്‍റെ ഉള്ളില്‍ സങ്കടം കനംവെച്ചുനിറയും.

“38 വര്‍ഷം മുമ്പ് അച്ഛന്‍ രാജന്‍ തുടങ്ങി വെച്ച കൈത്തൊഴില്‍ ഏറെ അഭിമാനത്തോടെ ഞാന്‍ ഇന്നും തുടരുന്നു,” രമേഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

മൂന്നുനാല് വര്‍ഷം മുമ്പ് രണ്ടുകാലിലും മന്തുള്ള ബേബി എന്ന മനുഷ്യന്‍ രമേഷിനെത്തേടി പഴയ ബസ്റ്റാന്‍റിനടുത്തെത്തി. കാലിനുപറ്റിയ ചെരുപ്പുണ്ടാക്കണം.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com

“കാലിനു പഴുപ്പും ചലവും ഉണ്ടായിരുന്നതിനാല്‍ മറ്റു പണിക്കാരാരും തന്നെ അളവെടുക്കാനോ തൊടാനോ തയാറായിരുന്നില്ല. ഞാന്‍ അളവെടുക്കുകയും മൂന്ന് ദിവസത്തെ സമയം ചോദിക്കുകയും ചെയ്തു. 500 രൂപ അഡ്വാന്‍സും വാങ്ങി,” രമേഷ് ആ സംഭവം ഓര്‍ക്കുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം

“അതിനു ശേഷം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ആ പണം അയല്‍വാസിയില്‍ നിന്നും കടം വാങ്ങിയതാണെന്നും, ഭാര്യ 100 രൂപ ദിവസക്കൂലിക്കു പണിയെടുത്തുകിട്ടുന്ന വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നതെന്നും പറഞ്ഞു. ആറുവയസുള്ള മകള്‍ ചിക്കന്‍ കഴിക്കണമെന്നു പറഞ്ഞു കുറച്ചു ദിവസങ്ങളായി കരയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“എനിക്കെന്‍റെ ആറുവയസുകാരന്‍ മകന്‍റെ മുഖമാണ് അപ്പോ ഓര്‍മ്മയില്‍ തെളിഞ്ഞത്. പണം നിര്‍ബന്ധിച്ചു തിരിച്ചുനല്‍കിയെങ്കിലും അദ്ദേഹം വാങ്ങിയില്ല,” രമേഷ് തുടരുന്നു.

“അന്ന് രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ഒരു ദിവസം കഴിഞ്ഞു പുതിയ ചെരുപ്പും, ഒരു ചാക്ക് അരിയും അത്യാവശ്യം വീട്ടിലേയ്ക്കു വേണ്ട പലചരക്കു സാധനങ്ങളും കുറച്ചധികം ചിക്കനും വാങ്ങി എന്‍റെ കുടുംബത്തോടൊപ്പം ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിച്ചു നല്‍കി,” അതുപറയുമ്പോള്‍ രമേഷിന്‍റെ മുഖത്ത് പറഞ്ഞാലും തീരാത്ത സംതൃപ്തി.

“അന്നാദ്യമായി ഞാന്‍ സ്വയം ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി… എനിക്കൊരു ചിറകു മുളച്ചതുപോലെ. അതിന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.”

വയനാടിനെ മുക്കിയ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രമേഷ് മുന്‍നിരയിലുണ്ടായിരുന്നു.

രമേഷിന്‍റെ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. ആ വീടിന്‍റെ തറക്കല്ലിട്ടത് 97-കാരനായ ജോണേട്ടനാണ്. ജോണേട്ടനെയും പരിചയപ്പെടുന്നത് ആ റോഡരികില്‍ വെച്ചുതന്നെ.

ആ കഥ രമേഷ് പറയുന്നു: “മക്കിയാടുള്ള ജോണേട്ടന്‍, ഊന്നുവടിയുമായി വന്നു. ഞാന്‍ കാലിനനുസരിച്ചു നിര്‍മിച്ചു നല്‍കിയ ഷൂ ധരിച്ചതിന് ശേഷം അദ്ദേഹത്തിന് ഊന്നുവടിയില്ലാതെ നടക്കാന്‍ കഴിഞ്ഞു. പോകാന്‍ നേരത്ത് 100 രൂപ മാത്രം നല്‍കി. തന്‍റെ സ്വത്തില്‍ നിന്നും 5 സെന്‍റ് സ്ഥലം സൗജന്യമായി എനിക്ക് നല്‍കാമെന്ന് പറയുകയും ചെയ്തു…ഞാനതു സ്‌നേഹപൂര്‍വ്വം നിരസിച്ചു.”

വഴിയോരത്തിരുന്ന ഈ ചെറുപ്പക്കാരന്‍ അറിഞ്ഞ ജീവിതവും അനുഭവങ്ങളും വിലമതിക്കാനാവാത്തതാണ്. ഒപ്പം, സൗഹൃദങ്ങളും. രമേഷിനിപ്പോള്‍ ലോകത്തെ പലയിടങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളുണ്ട്.

ഓസ്ട്രേലിയക്കാരിയായ സിന്ധിയാ ഷാനോണ്‍, കേയ്റ്റ്ലിന്‍ ബക്സ്റ്റണ്‍, അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ബോണോ, സുഹൃത്ത് ഐറിന്‍… ആ ലിസ്റ്റിന് നീണ്ടതാണ്.

സ്പെയിന്‍കാരന്‍ സാല്‍വി അല്‍വാരെസിനൊപ്പം

“ഒരിക്കല്‍ സ്‌പെയിനില്‍ നിന്നും വയനാട് കാണാന്‍ എത്തിയ സാല്‍വി ബാഗ് നന്നാക്കാന്‍ വന്നു. ഞാന്‍ പിറ്റേ ദിവസം വരാന്‍ പറഞ്ഞു.
പിറ്റെ ദിവസവും കൊടുക്കാനായില്ല. ഞാന്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പോയി. ഇതിനെല്ലാം സമയം വേണ്ടേ? എന്‍റെ മുന്‍ഗണന
സാമൂഹ്യപ്രവര്‍ത്തനങ്ങളാണല്ലോ,” എന്ന് രമേഷ്.

“അങ്ങിനെ അവരുമായി കൂടുതല്‍ സംസാരിച്ച്, ഞങ്ങളിപ്പോ ഉറ്റ ചങ്ങാതിമാരായി, അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യ പത്രിലോ ദേല്‍ഗാദോവും എന്‍റെ ഭാര്യാസഹോദരിയുടെ വിവാഹ ചടങ്ങുകളില്‍ രണ്ടു ദിവസങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു,” രമേഷ് കൂട്ടിച്ചേര്‍ക്കുന്നു.

കല്‍പ്പറ്റ പുഴമുടി ചുണ്ടപ്പാടികുന്നില്‍ താമസിക്കുന്ന രമേഷിന്‍റെ അമേരിക്കയിലും ഓസ്‌ടേലിയയിലും സ്‌പെയിനിലുമൊക്കെയായുള്ള സൗഹൃദങ്ങള്‍ കഴിഞ്ഞ പ്രളയകാലത്ത് പ്രയോജനപ്പെട്ടു.


രമേഷ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ ഈ സുഹൃത്തുക്കള്‍ വഴി വലിയൊരുതുക ദുരിതമനുഭവിക്കുന്നവര്‍ക്കായി എത്തിക്കാനും കഴിഞ്ഞു.


ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ ബോട്ടില്‍

“ജില്ലാ ഭരണകൂടത്തിനൊപ്പം (ദുരിതാശ്വാസ) പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കുചേര്‍ന്നു. ഒപ്പം വിദേശ സുഹൃത്തുക്കളില്‍ നിന്നടക്കം പണം സമാഹരിച്ച്
അര്‍ഹമായ ആദിവാസി കോളനികളില്‍ സഹായം എത്തിക്കാനായി,” രമേഷ് പറഞ്ഞു.

സിന്ധിയാ ഷാനോണ്‍, കേയ്റ്റ്ലിന്‍, ബോണോ, സുഹൃത്ത് ഐറിന്‍ എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയെന്ന് രമേഷ്.

“ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കാറ്റലിന്‍ എപ്പോഴും എനിക്ക് പ്രോത്സാഹനവും പിന്തുണയും തരുന്നു.”

കേയ്റ്റ്ലിന്‍ സമൂഹ മാധ്യമങ്ങളില്‍ രമേഷിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലായതോടെ ഏറെ ആളുകള്‍ പിന്തുണയായി
എത്തി.

കേയ്റ്റ്ലിന്‍ ബക്സ്റ്റനോടൊപ്പം

“കേയ്റ്റലിനുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമായി. ഇവര്‍ക്ക് പുറമേ ആഗോളതലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കിടയില്‍ ബന്ധങ്ങള്‍ മെല്ലെ മെല്ലെ വളര്‍ന്നു. അങ്ങിനെ സ്‌പെയിനിലെ ദുരിതാശ്വാസ പ്രവര്‍ത്തകരായ സാല്‍വി അന്‍വാറെസ്, ഭാര്യ പാട്രീലു എന്നിവര്‍ ഇന്നെന്‍റെ ചങ്ങാതിമാരാണ്.”

പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ അനുഭവങ്ങളിലൊന്ന് വിവരിക്കുമ്പോള്‍ രമേഷിന്‍റെ ശബ്ദമിടറി.

“വയനാട്ടിലെ കുറുമണി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനു ഞാന്‍ പോയപ്പോള്‍ കണ്ട ചില കാഴ്ചകള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. വീണുകിടക്കുന്ന റബ്ബര്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറികടന്നുവേണം ഞങ്ങള്‍ക്കു 86 വയസുള്ള ചാച്ചന്‍റെയും അമ്മച്ചിയുടെയും അടുത്തെത്താന്‍. കൂടെയുള്ള ബാബുവേട്ടന്‍ അര മണിക്കൂറോളം തോണി തുഴയണം അവിടെയെത്താന്‍.


ഇതുകൂടി വായിക്കാം: 20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍: ദരിദ്രര്‍ക്കായി ഭക്ഷണവും മരുന്നും നല്‍കി രമണറാവുവും കുടുംബവും


“ശീലമുള്ള ജോലിയല്ലാത്തതിനാല്‍ കൈക്കുഴയും തോളും വേദനിക്കും. അറിയില്ലെങ്കിലും ഞാനും തുഴഞ്ഞു. അരിയും പലചരക്ക് സാധനങ്ങളും നല്‍കി തിരിച്ചു പോരുമ്പോള്‍ ചാച്ചന്‍റെ പറമ്പില്‍ നിന്നും പേരക്കയും ചെരങ്ങയും അമ്മച്ചി പറിച്ചു കവറിലാക്കി തന്നു. രണ്ടുപേരുടെ കണ്ണുകളും കലങ്ങി നിറഞ്ഞൊഴുകിയത് എന്‍റെ വെന്ത മനസ്സിലേക്കായിരുന്നു.

“രാവിലെ ഒരു ജഡ്ജി വാങ്ങി തന്ന പത്തിരിയും കട്ടനും മുഴുവന്‍ കഴിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഒരു പേരക്ക ഞാനും ചേട്ടനും അകത്താക്കി…”

അരിവയലിലെ അനുഭവമാണെങ്കില്‍ വ്യത്യസ്തമായിരുന്നു.,,

“ആദ്യം കയറിയ തോണിയെക്കാള്‍ ചെറുതും ഭാരം കുറവുമാണ് ഇവിടുത്തെ ഫൈബര്‍ ബോട്ട് അതുകൊണ്ട് തന്നെ എല്ലാവരും ഭയത്തിലായിരുന്നു
ഏത് നിമിഷവും എന്തും സംഭവിക്കാം.. കാറ്റ് പിടിക്കുമ്പോള്‍ ബോട്ട് നന്നായി ആടിയുലഞ്ഞു… അങ്ങോട്ടേയ്ക്ക് തുഴഞ്ഞത് കൂലി പണി ചെയ്ത് ജീവിക്കുന്ന രാജേട്ടനായിരുന്നു. അദ്ദേഹത്തിനും ഞങ്ങള്‍ ഒരു റൈസ് കിറ്റ് നല്‍കി അവിടെ ഒരുവീട്ടില്‍ പ്രായമായ അമ്മൂമ്മയും ഒരു വല്യപ്പനും അവരുടെ മൂന്നു പെണ്‍മക്കളും.. മൂന്നുപെണ്മക്കളും കണ്ണു കാണാത്തവര്‍.

നിരവധി സംഘടനകള്‍ രമേഷിനെ ആദരിച്ചിട്ടുണ്ട്.

“അവരുടെ മുറ്റം വരെ പ്രളയജലം എത്തിയിരുന്നു. അവരുടെ മുഖത്തൊന്നും സങ്കടമോ പരാതിയോ ഞാന്‍ കണ്ടില്ല. കാരണം അവര്‍ക്കത് ശീലമാണെന്നു എനിക്ക് തോന്നി. നല്ല മഴയായതിനാല്‍ എന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ല.

“എവിടെനിന്നോ അനൗണ്‍സ്മെന്‍റ് കേള്‍ക്കുന്നുണ്ടായിരുന്നു ഡാം തുറന്നു വിടാന്‍ പോവുകയാണെന്നും ജലനിരപ്പുയരുകയാണെന്നുമായിരുന്നു അത്. ഞങ്ങളുടെ വാഹനങ്ങള്‍ അക്കരെ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ വെള്ളം കയറുമെന്നും പെട്ടെന്ന് വണ്ടികള്‍ മാറ്റണമെന്നും ഫോണ്‍ വന്നതനുസരിച്ചു ഞങ്ങള്‍ തിരിച്ചിറങ്ങി.

“അവിടുത്തെ മെമ്പര്‍ ഞങ്ങള്‍ക്കു വേറൊരു ചെറുപ്പക്കാരന്‍ ഫ്രീക്കനെയാണ് അക്കരെ തുഴയാനായി ഏര്‍പ്പാടാക്കിയത്. ഫ്രീക്കന്മാരെ എനിക്ക് പണ്ടേ ഇഷ്ടമല്ലാത്തതിനാലും, പയ്യനായതിനാലും എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. നീന്തലറിയാമെങ്കിലും എങ്ങോട്ട് നീന്താന്‍? എന്‍റെ സുഹൃത്ത് റോക്കിയേട്ടനാണെങ്കില്‍ നീന്തലുമറിയില്ല. പക്ഷെ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല, അവന്‍ ഒടുക്കത്തെ തുഴച്ചിലുകാരനായിരുന്നു…”

പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ ജീവിത സാഹചര്യങ്ങള്‍ രമേഷിനെ അനുവദിച്ചില്ല. എന്നാല്‍, മറ്റുള്ളവരുടെ ജീവിതങ്ങളില്‍ നിന്ന് അയാള്‍ ഒരുപാട് പഠിച്ചു.

അങ്ങനെ മനസ്സില്‍ നിന്നൊരിക്കലും മായാത്ത അനുഭവം സമ്മാനിച്ചത് ശാന്ത എന്ന സ്ത്രീയുടെ ജീവിതമായിരുന്നു.

സുനിതയ്ക്കും മകന്‍ ആദിക്കുമൊപ്പം

“ബത്തേരി പഴേരി കോളനിയില്‍ ഭര്‍ത്താവും രണ്ടു പെണ്മക്കളുമടങ്ങുന്ന കുടുംബമായിരുന്നു ശാന്തയുടേത്. ഭര്‍ത്താവിന്‍റെ പെരുമാറ്റം കാരണം രണ്ടു പെണ്‍മക്കളെയും ഹോസ്റ്റലിലാക്കി ഒരു മകളെ കല്യാണം കഴിച്ചു കൊടുത്തതിനു ശേഷം ശാന്ത ബത്തേരിയില്‍ നിന്നും നാടുവിട്ടു.

“കല്പറ്റയിലുള്ള യാചകരുടെയും, ആക്രി പെറുക്കുന്നവരുടെയും കൂടെയായി പിന്നീട് അവരുടെ താമസം. അവരുടെ കൂടെ ഭിക്ഷതേടി. അതിനിടയ്ക്ക് ശാന്തയ്ക്ക് ക്ഷയം ബാധിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൂട്ടിക്കൊണ്ട് പോയി അഡ്മിറ്റ് ചെയുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്ത ശാന്തയെ വീണ്ടും കോളനിയില്‍ കൊണ്ടാക്കി കുടുംബക്കാരോട് നന്നായി സംരക്ഷിക്കണമെന്ന് താക്കീതും നല്‍കി…”

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

“മാസങ്ങളോളം അവിടെ കഴിഞ്ഞ ശാന്തയെ പഴയ ബസ് സ്റ്റാന്‍ഡിനു പുറകു വശത്തു മരിച്ച നിലയില്‍ കണ്ടെത്തി. ആ കാഴ്ച ഹൃദയഭേദകമായിരുന്നു. മരിക്കുന്നതിന് മുന്‍പ് മൂന്ന് പേരോട് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും നല്‍കിയിരുന്നില്ലത്രേ. മകള്‍ വൈത്തിരി ആശുപത്രിയില്‍ വന്നെങ്കിലും മൃതദേഹം കാണാന്‍ കൂട്ടാക്കുകയോ, ഏറ്റെടുക്കുകയോ ചെയ്യാതെ ഫോണ്‍ ഓഫ് ചെയ്തു വെയ്ക്കുകയുമാണ് ചെയ്തത്…”
ഈ കേസില്‍ ഇടപെട്ട് മൃതദേഹം വിട്ടുകിട്ടാനും സംസ്‌ക്കരിക്കാനും ബന്ധുക്കള്‍ക്കൊപ്പം രമേഷും കൂടി.

മറ്റുള്ളവരുടെ സങ്കടങ്ങള്‍ കാണുമ്പോള്‍ അവിടെയൊക്കെ ആവുന്ന സഹായവുമായി ഓടിയെത്തുന്ന രമേഷ് ഇപ്പോഴും റോഡരുകിലെ പ്ലാസ്റ്റിക് പായിലിരുന്നാണ് പണിയെടുക്കുന്നത്. തലയ്ക്ക് മുകളില്‍ വെയില്‍ മറയ്ക്കാന്‍ ഒരു കുടയുണ്ട്. മഴ വന്നാലും ഇതുമാത്രമാണ് മറ.

“മാനന്തവാടി നഗരസഭ 13 ചെരുപ്പ് കുത്തികള്‍ക്ക് ഐ ഡി കാര്‍ഡും ഷെഡ്ഡും നല്‍കിയപ്പോള്‍ ഇവിടെ അതൊന്നുമില്ല..,” രമേഷ് ടി ബി ഐയോട് പറയുന്നു. “കണ്ണൂരിലെ ഡ്രീംസ് ഫൗണ്ടേഷന്‍ എനിക്ക് ഷെഡ്ഡ് നിര്‍മ്മിച്ച് തരാന്‍ സന്നദ്ധത കാണിച്ചിട്ടുണ്ട്. മുന്‍സിപ്പിലാറ്റി ചെയ്തുതരുന്നില്ലെങ്കില്‍ അവര്‍ക്കത് ചെയ്ത് തരാന്‍
ഉള്ള അനുമതി എങ്കിലും അധികൃതര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

സാക്ഷരതാ മിഷന്‍റെ തുല്യതാ പരീക്ഷയിലൂടെ പത്താം തരവും പ്ലസ് ടു വും രമേഷ് പാസ്സായി. “ഇനി ബിരുദവും ഞാന്‍ നേടിയെടുക്കും,” എന്ന് രമേഷിന്‍റെ ഉറച്ച വാക്കുകള്‍.

തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് കുറച്ചുപേരെയെങ്കിലും സഹായിക്കാന്‍ കഴിയുന്നത് നല്ല മനസ്സുള്ള ഒരുപാട് പേരുടെ സഹായവും പിന്തുണയും കൊണ്ടാണ് എന്ന് രമേഷ് കൂട്ടിച്ചേര്‍ക്കുന്നു. “നല്ല സുഹൃത്തുക്കളായ ഹൈക്കോടതിയിലെ നീരജ്, മേപ്പാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം വിജയ ചേച്ചി…ഇവരൊക്കെ എനിക്ക് കരുത്തായി എന്നും കൂടെയുണ്ട്. ഒപ്പം എന്‍റെ ഭാര്യ സുനിതയും മകന്‍ ആദിയും.”


ഇതുകൂടി വായിക്കാം: ‘ആ ക്ലാസ് കേട്ട് 11 കുട്ടികള്‍ വേദിയിലേക്ക് കയറിവന്നു, ഇനി ലഹരി തൊടില്ലെന്ന് മനസ്സറിഞ്ഞ് പറഞ്ഞു’: വരയും വാക്കും കൊണ്ട് ലഹരിക്കെതിരെ


*** രമേഷിന്‍റെ ഫോണ്‍ നമ്പര്‍: 094974 87696

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം