അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്‍റെ  അനുഭവങ്ങള്‍

“മല കയറുമ്പോള്‍ അഞ്ച് അടുക്ക് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അത്രയ്ക്ക് തണുപ്പുണ്ടായിരുന്നു. പക്ഷേ മുറിച്ചുമാറ്റിയ കാല്‍ മൂടാന്‍ പറ്റുന്ന വസ്ത്രം കിട്ടിയില്ല. അതിലൂടെ തണുപ്പ് അരിച്ചു കയറി…”

ഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി–താന്‍സാനിയയിലെ കിളിമഞ്ജാരോ. സ്‍കൂളിലെ പാഠപുസ്തകത്തില്‍ നിന്നാണ് കിളിമഞ്ജാരോ എന്ന കേള്‍ക്കാനൊരു ഇമ്പമുള്ള ആ വാക്ക് ആദ്യമായി കേള്‍ക്കുന്നത്.

ദാ, ഇപ്പോ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആ കൊടുമുടി. ഓറഞ്ച് നിറമുള്ള മുണ്ടുടുത്ത് കിളിമഞ്ജാരോയുടെ 19,341 അടി ഉയരത്തില്‍ ഇരുകൈകളിലും ക്രച്ചസ് ഉയര്‍ത്തി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍.

ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കുന്ന ആദ്യ മലയാളിയാണ് ഈ ആലുവക്കാരന്‍.


പ്രകൃതിയോടൊത്ത് ജീവിക്കാം, പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ ശീലമാക്കാംkarnival.com

നീരജ് ജോര്‍ജ് ബേബി. ക്യാന്‍സര്‍ ബാധിച്ച് നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. ഒറ്റക്കാലില്‍ കാടും മലയും കയറി സാഹസിക യാത്രകളെ ഹരമാക്കിയ, ബാഡ്മിന്‍റനില്‍ സ്വര്‍ണവും വെള്ളിയുമൊക്കെ വാരിക്കൂട്ടിയ അന്താരാഷ്ട്ര കായിക താരം കൂടിയാണ് ഈ ചെറുപ്പക്കാരന്‍.

കിളിമഞ്ജാരോ കൊടുമുടിയുടെ മുകളില്‍ നീരജ് ജോര്‍ജ് ബേബി

ക്രച്ചസില്‍ കിളിമഞ്ജാരോയുടെ നെറുകയിലെത്തുന്ന ആദ്യ മലയാളി, ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ മലയാളി. ഈ ബഹുമതിയൊക്കെ ഇനി നീരജിന് സ്വന്തം.

ആലുവ മുനിസിപ്പല്‍ ലൈബ്രററിക്ക് അടുത്ത് ചീരന്‍സ് വീട്ടില്‍ നീരജ് കിളിമഞ്ജാരോ കീഴടക്കിടക്കിയതും യാത്രാവിശേഷങ്ങളുമൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

 യാത്രയൊക്കെ കഴിഞ്ഞതിന്‍റെ ക്ഷീണത്തിലാണ്. കുറച്ചു വേദനകളൊക്കെയുണ്ട്. ഫിസിയോതെറാപ്പി ചെയ്യുകയാണിപ്പോള്‍. കിളിമഞ്ജാരോ കുറച്ചുകാലമായി മനസിലുണ്ട്. കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷമായി. പ്രകൃതിയോടൊപ്പമിരിക്കാന്‍ ആഗ്രഹിക്കുന്നൊരാളാണ്. ആ ഇഷ്ടം തന്നെയാണ് കിളിമഞ്ജാരോ കയറണമെന്ന ആഗ്രഹത്തിന് പിന്നിലും.

കിളിമഞ്ജാരോ യാത്രാസംഘം

“കഴിഞ്ഞ (ഒക്ടോബര്‍) ഏഴിനാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. 10-ന് ഞങ്ങള്‍ കിളിമഞ്ജാരോ കയറി തുടങ്ങി. ഞങ്ങള്‍ എന്നു പറയുമ്പോള്‍, ചാന്ദ്നി അലക്സാണ്ടര്‍, പോള്‍ ജോസഫ്, സിജോ കെ ജോര്‍ജ്, ശ്യാം ഗോപകുമാര്‍, അഖില സൂര്യ… ഇവരും മല കയറാനൊപ്പമുണ്ടായിരുന്നു.

“ഞങ്ങളെല്ലാവര്‍ക്കും ട്രക്കിങ്ങ് ഇഷ്ടമാണ്. പക്ഷേ ആദ്യമായിട്ടാണ് ഒരുമിച്ചൊരു ട്രക്കിങ്ങ്.


കിളിമഞ്ജാരോ ഞങ്ങളുടെ എല്ലാവരുടെയും ഇഷ്ടവും ആഗ്രഹവുമൊക്കെയായിരുന്നു. ആ ഇഷ്ടം തന്നെയാണ് ഒരുമിപ്പിച്ചത്.


“ഞങ്ങള്‍ ഇത്രയും പേരടങ്ങുന്ന ആറംഗ സംഘമാണ് യാത്രയിലുണ്ടായിരുന്നത്. കൂട്ടത്തില്‍ ചാന്ദ്നി എന്‍റെ കൂട്ടുകാരിയാണ്. ഞങ്ങള്‍ ചങ്ക്സാണ്. ചാന്ദ്നിയുടെ കസിനാണ് പോള്‍.

“പോളിന്‍റെ സുഹൃത്താണ് അഖില. മൂവരും മല കയറാനെത്തിയത് യുഎസില്‍ നിന്നാണ്. സിജോയാകട്ടെ പോളിന്‍റെ കൂട്ടുകാരനും. ഇതിനു മുന്‍പ് ഇങ്ങനെയൊരു യാത്ര ഞങ്ങളാരും നടത്തിയിട്ടില്ല,” നീരജ് പറഞ്ഞു.

നീരജും യാത്രാസംഘവും

ഇതിന് മുന്‍പ് കാടും മലയുമൊക്കെ കുറെ കയറിയിട്ടുണ്ടെങ്കിലും ഇതല്‍പ്പം റിസ്ക് കൂടുതലുള്ളതായിരുന്നുവെന്ന് നീരജ് സമ്മതിക്കുന്നു.

“ഉയര്‍ന്നും താഴ്ന്നുമുള്ള പാറകള്‍. ക്രച്ചസ് ഉപയോഗിച്ച് നടക്കുമ്പോള്‍ അതിനു ഭാരം കൊടുത്താണ് അടുത്ത ഒരു ചുവടു വയ്ക്കേണ്ടത്. ക്രച്ചസിലായതു കൊണ്ട് നടക്കാന്‍ കാലും കൈയും മാത്രമല്ല ശരീരമൊന്നാകെ ഉപയോഗിക്കേണ്ടി വന്നു.

“ഓരോ ചുവടും അതീവ ശ്രദ്ധയോടെയാണ് വച്ചത്. ചില സ്ഥലങ്ങളില്‍ പാറയില്‍ അള്ളിപ്പിടിച്ച് കയറേണ്ടിയൊക്കെ വന്നിട്ടുണ്ട്. ഇതൊരു ട്രയല്‍ എന്നു കരുതിയാണ് യാത്ര പോകുന്നത്.

“കയറാന്‍ അഞ്ചര ദിവസം വേണ്ടി വന്നുവെങ്കില്‍ ഒന്നര ദിവസം കൊണ്ട് തിരികെയിറങ്ങി. കാലാവസ്ഥ നമ്മള് പ്രതീക്ഷിക്കുന്ന പോലെയാകില്ല ഒരിക്കലും,” നീരജ്  ആ കൊടുമുടി കയറ്റം ഓര്‍ക്കുന്നു.

നീരജ് ജോര്‍ജ്

“കിളിമഞ്ജാരോയുടെ മുകളിലെത്താന്‍ പലവഴികളുണ്ട്. ഓരോ വഴിയൂടെയും യാത്രാകാഠിന്യം വ്യത്യാസമായിരിക്കും. ഷീറ റൂട്ടിലൂടെയാണ് ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത്,” നീരജ് തുടരുന്നു.

“ലെമോഷോ എന്ന റൂട്ടിലൂടെ കയറാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രശ്നമായതിനാല്‍ ലോണ്ടറസി ഗേറ്റിലൂടെ പോകുകയായിരുന്നു.

“ആദ്യദിവസങ്ങളില്‍ മഴ തന്നെയായിരുന്നു. പിന്നെ മഴ മാറി മഞ്ഞ് പെയ്തു തുടങ്ങി.

“സമുദ്രനിരപ്പില്‍ നിന്ന് 3,407 മീറ്റര്‍ ഉയരത്തിലുള്ള മോറം എന്നിടത്ത് നിന്നാണ് ആദ്യദിവസം യാത്ര ആരംഭിച്ചത്. അന്നു വൈകിട്ട് ഷീറ 1 ക്യാംപില്‍ താമസിച്ചു പിറ്റേദിവസം രാവിലെ ഷീറ 2-വിലേക്ക് പോയി.

“ബറാംകോം ക്യാപിലാണ് മൂന്നാം ദിവസം താമസിക്കുന്നത്. അന്നൊക്കെ നല്ല മഴയായിരുന്നു.

നാലാമത്തെ ദിവസമാണ് പാറയില്‍ അള്ളിപ്പിടിച്ചൊക്കെ കയറേണ്ടി വന്നത്.

പാറക്കെട്ടിന് മുകളിലൂടെയുള്ള യാത്ര

“കറാംകാം ക്യാംപില്‍ താമസിച്ച് പിറ്റേ ദിവസം ഉച്ചയോടെ ബേസ് ക്യാംപിലെത്തി. ബറാഫൂ ബേസ് ക്യാംപിലെത്തിയപ്പോള്‍ കിടന്നുറങ്ങാനാണ് ഗൈഡ് പറഞ്ഞത്. രാത്രി മലകയറേണ്ടതാണല്ലോ.

“പക്ഷേ കാലാവസ്ഥ പ്രശ്നങ്ങളൊക്കെ കാരണം ആര്‍ക്കും ഉറക്കമൊന്നും വന്നില്ല. രാത്രി പതിനൊന്ന് മണിയോടെ വീണ്ടും യാത്ര ആരംഭിച്ചു. ഏകദേശം ആറു കിലോമീറ്ററുണ്ട് മുകളിലേക്ക്. മുകളിലേക്ക് കയറുന്ന പാതയില്‍ പാറയാണ്.

“പല ഭാഗങ്ങളില്‍ ഉയര്‍ന്നും താഴ്ന്നുമൊക്കെയിരിക്കുന്ന പാറകളാണ്. ചില സ്ഥലത്ത് പിടിച്ച് കയറേണ്ടി വരും. മുകളിലേക്ക് കയറുന്തോറും തണുപ്പും കൂടും.

“ഐസ് പറ്റിപ്പിടിച്ച് പാറകളിലൊക്കെ വഴുക്കലുണ്ട്. ക്രച്ചസ് പാറയില്‍ വയ്ക്കുമ്പോള്‍ തെന്നാനുള്ള സാധ്യതയും കൂടുതലായിരുന്നു. കുറേ കഷ്ടപ്പെട്ടു, വളരെ ശ്രദ്ധിച്ചാണ് കയറിയത്.

ട്രക്കിങ്ങിനിടെ ടെന്‍റുകള്‍ക്കരികെ നീരജ്

“രാവിലെ 8.20 ന് ഉഹൂറു പീക്കിലെത്തി. ഇതാണ് കിളിമഞ്ജാരോയുടെ ഏറ്റവും ഉയരമേറിയ ഭാഗം. 19,341 അടി ഉയരമുള്ള ഉഹൂറു പീക്കില്‍ 15 മിനിറ്റ് നേരം ഞങ്ങളവിടെ നിന്നു. കൊടുമുടിയുടെ സൗന്ദര്യം ആസ്വദിച്ചു.

“ഉച്ചയോടെ ബറാഫൂ ക്യാംപിലേക്ക് പോയി. വൈകുന്നേരത്തോടെ മില്ലെനിയം ക്യാപില്‍. അന്നവിടെ താമസിച്ചു. പിറ്റേദിവസം തിരിച്ച് പുറത്തേക്ക് വന്നു.


ഇതുകൂടി വായിക്കാം: കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ


“മല കയറുമ്പോള്‍ അഞ്ച് അടുക്ക് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അത്രയ്ക്ക് തണുപ്പുണ്ടായിരുന്നു. പക്ഷേ മുറിച്ചുമാറ്റിയ കാല്‍ മൂടാന്‍ സാധിക്കുന്ന വസ്ത്രം കിട്ടിയില്ല.

“അതിലൂടെ തണുപ്പ് അരിച്ചു കയറി. അതിനെ പ്രതിരോധിക്കാനാണ് ഒരു മുണ്ട് കെട്ടിയത്. അവിടെ നില്‍ക്കുന്ന ഫോട്ടൊകളിലൊക്കെ കാണാം.. ഓറഞ്ച് നിറമുള്ളൊരു മുണ്ട്.” വൈറലായ ആ  ചിത്രത്തെക്കുറിച്ച് നീരജ് പറഞ്ഞു.

കരീബോ അഡ്വൈഞ്ചേഴ്സ് ആന്‍ഡ് സഫാരീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് നീരജും കൂട്ടരും കിളിമഞ്ജാരോ മല കയറിയത്. മാനെജര്‍ ഫ്രാങ്കോ, ചീഫ് ഗൈഡ് മക്കൗഡ് എന്നിവരായിരുന്നു യാത്രാസംഘത്തിന് സഹായമൊക്കെ നല്‍കിയത്.

നീരജിന് വേണ്ടിയൊരു സ്പെഷ്യല്‍ സഹായിയെയും ഈ കമ്പനി നല്‍കിയിരുന്നു. ജോണിയെന്നാണ് അദ്ദേഹത്തിന്‍റെ പേര്. യാത്രയൊക്കെ കഴിഞ്ഞ് ഒക്റ്റോബര്‍ 21നാണ് നീരജ് വീട്ടില്‍ തിരിച്ചെത്തിയത്.

യാത്രകള്‍ എന്നും ഹരമായിരുന്നു നീരജിന്. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരമുള്ള കുറുങ്ങണി മല, പക്ഷിപാതാളം, ചെമ്പ്ര മല, ഇടയ്ക്കല്‍ ഗുഹ, വെള്ളിയാങ്കരി മലമുകള്‍, സ്കോട്ട്ലാന്‍ഡിലെ ബെന്‍ നെവിസ് മല, നൈനിറ്റാളിലെ നൈന കൊടുമുടി ഇവിടങ്ങളിലൊക്കെ നീരജ് ക്രച്ചസില്‍  പോയിട്ടുണ്ട്.

പക്ഷേ വീട്ടിലുള്ളവര്‍ക്ക് താന്‍ ഇങ്ങനെ സാഹസിക യാത്രകള്‍ പോകുന്നത് ഭയമായിരുന്നുവെന്ന് നീരജ് പറയുന്നു.


സ്കൂട്ടറില്‍ അതിരപ്പിള്ളിയിലും വാഴച്ചാലിലുമൊക്കെ പോയിട്ടുണ്ട്.


“പിന്നീട് ജോലി കിട്ടിയതോടെ കുറച്ചു കൂടി ദൂരയാത്രകള്‍ പോയി തുടങ്ങി. ആദ്യയാത്രകളെക്കുറിച്ചൊന്നും വീട്ടില്‍ ആരോടും പറഞ്ഞിരുന്നില്ല. പോയി വന്നതിന് ശേഷം അതിന്‍റെ ഫോട്ടൊകള്‍ വീട്ടില്‍ കാണിക്കും. അന്നേരമാണവര്‍ അതൊക്കെ അറിയുന്നത്.

“ഇങ്ങനെ യാത്ര പോയാല്‍ വല്ലതും പറ്റോ എന്ന പേടിയായിരുന്നു അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും. മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്ക് നടന്നിട്ടുണ്ട്. 28 കിലോമീറ്റര്‍ ട്രക്കിങ്ങായിരുന്നു.

“ബെംഗളൂരുവില്‍ ജോലി ചെയ്യുമ്പോഴാണ് വയനാട് ഇടയ്ക്കല്‍ ഗുഹ കാണാന്‍ പോകുന്നത്. അവിടെയെത്തിയപ്പോള്‍ സെക്യൂരിറ്റിക്കാര്‍ പറഞ്ഞു. അപകടമാണ്, ഇവിടെ കയറാന്‍ സാറിന് ബുദ്ധിമുട്ടായിരിക്കുമെന്ന്.

“അതുകേട്ടപ്പോള്‍ എനിക്കൊരു വാശി തോന്നി. എങ്ങനെയും കയറിയേ പറ്റൂവെന്നു തീരുമാനിച്ചു. അവരോട് ശ്രമിച്ചു നോക്കാമെന്നു പറഞ്ഞുകൊണ്ടു കയറി. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്നു പറയുന്ന കാര്യം വേണ്ടേ ചെയ്തു കാണിക്കാന്‍,” നീരജ് ചിരിക്കുന്നു.

ഗുഹയില്‍ നിന്നിറങ്ങിയ ശേഷമാണ് ആ ജീവനക്കാര്‍ക്ക് നീരജ് മലയാളിയാണെന്നു മനസിലായത്. ഒരു വാശിക്കാണ് ഇടയ്ക്കല്‍ ഗുഹ കയറിയതെന്ന് നീരജ് പറയുന്നു.

സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരമുള്ള കുറങ്ങണി മലയിലും നീരജ് എത്തി. കാട്ടിലൂടെ 12 കിലോമീറ്റര്‍ ദൂരം നടന്നാണ് കുറുങ്ങണി മലമുകളില്‍ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രകള്‍ പോലെ തന്നെ നീരജിന്‍റെ മറ്റൊരു ഇഷ്ടമാണ് ബാഡ്മിന്‍റണ്‍. “ഇഷ്ടം മാത്രമല്ല പാഷന്‍ കൂടിയാണ് ബാഡ്മിന്‍റന്‍,” നീരജ് തിരുത്തുന്നു.

“കോളെജില്‍ പഠിക്കുമ്പോഴാണ് ബാഡ്മിന്‍റണില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. പിന്നീട് ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിലൊക്കെ പങ്കെടുത്തു തുടങ്ങി. ഏതെങ്കിലും കോച്ചിന്‍റെ കീഴില്‍ പരിശീലിച്ചിട്ടില്ല. ഞാന്‍ തന്നെയാണ് എന്‍റെ കോച്ച്.

“കോച്ച് വേണ്ട എന്നല്ല. ആരെയും കിട്ടിയില്ലെന്നതാണ് നേര്. പലരെയും സമീപിച്ചെങ്കിലും ആരും ട്രെയ്നിങ് നല്‍കാന്‍ തയാറായില്ല. ഒരു പക്ഷേ ഇങ്ങനെയുള്ളവര്‍ക്ക് കോച്ചിങ്ങ് നല്‍കി പരിചയമില്ലാത്ത കൊണ്ടാകും ആരും പോസിറ്റീവ് മറുപടി നല്‍കാതിരുന്നത്.

“ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാഡ്മിന്‍റണ്‍ സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഫോര്‍ ചലഞ്ച്ഡ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര വേദികള്‍ കിട്ടി തുടങ്ങിയത്,” നീരജ് പറയുന്നു.

2007-ല്‍ ഭിന്നശേഷിക്കാരുടെ ദേശീയ ബാഡ്മിന്‍റണ്‍ മത്സരത്തില്‍ നീരജ് വെള്ളി മെഡല്‍ നേടി. തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ പാരാലിംപിക് കപ്പില്‍ ഡബിള്‍സില്‍ സ്വര്‍ണം, 2011-ല്‍ സീനിയേഴ്സ് നാഷണല്‍ ബാഡ്മിന്‍റണ്‍ മത്സരത്തില്‍ സിംഗിള്‍സില്‍ സ്വര്‍ണം, ഇതേ മത്സരത്തില്‍ ഡബിള്‍സില്‍ സില്‍വര്‍, 2012-ലെ ഫ്രഞ്ച് ഇന്‍റര്‍നാഷണല്‍ പാരാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

ഫ്രാന്‍സ്, ജര്‍മനി, കൊറിയ, സ്പെയിന്‍ എന്നിവിടങ്ങളിലൊക്കെ മത്സരങ്ങളില്‍ പങ്കെടുത്തു. 2015-ല്‍ ജര്‍മനിയില്‍ നടന്ന പാരാ ബാഡ്മിന്‍റണ്‍
വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ചതും ഈ കായികതാരമാണ്. ജി.വി. രാജ സ്പോര്‍ട്സ് പുരസ്കാര ജേതാവ് കൂടിയാണ് നീരജ്.

നീരജ് ജോര്‍ജ് മൂന്നാറില്‍

“എട്ടര വയസുള്ളപ്പോള്‍ ബോണ്‍ ട്യൂമര്‍ വന്നതാണ്,” ഇടതു കാല്‍ നഷ്ടമായതിനെക്കുറിച്ച് നീരജ് പറയുന്നു. “ഓസ്റ്റിയോജനിക് സാര്‍കോമ ഇതായിരുന്നു എന്‍റെ അസുഖത്തിന്‍റെ പേര്.

“എല്ലുകള്‍ക്കുണ്ടാകുന്ന ക്യാന്‍സറാണിത്. കാലില്‍ ഇടയ്ക്കിടെ നീരു വരുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. വെല്ലൂര്‍ ആശുപത്രിയിലാണ് ചികിത്സിച്ചത്.


ആറു കീമോതെറാപ്പി ചെയ്തു, രോഗം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കാല്‍മുട്ടിന് മുകള്‍ഭാഗം മുതല്‍ ഒഴിവാക്കാതെ വേറെ വഴിയില്ലായിരുന്നു.


കൂടെ നിന്നവരുടെയൊക്കെ നല്ല വാക്കുകളിലൂടെയാണ് ആശ്വാസവും പ്രതീക്ഷയുമൊക്കെ കണ്ടെത്തിയത്.

“ജീവിതം നാലു ചുമരുകള്‍ക്കുള്ളിലായി പോകരുതെന്നു അന്നേ തീരുമാനിച്ചിരുന്നു. സര്‍ജറി കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഞാന്‍ ക്രച്ചസില്‍ നടന്നു തുടങ്ങിയിരുന്നു.

“അമ്മയും അച്ഛനും ചേച്ചിയും കൂട്ടുകാരും എല്ലാരൂം കൂടെ എന്നെ ബൂസ്റ്റ് ചെയ്തെടുക്കുകയായിരുന്നു. ആ പിന്തുണയാണ് ഇവിടെ വരെയെത്തിച്ചത്.

“രാജഗിരി പബ്ലിക് സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ആലുവ യു സി കോളെജിലാണ് ഡിഗ്രി പഠിക്കുന്നത്. പിന്നീട് ബയോടെക്നോളജി പഠിക്കണമെന്ന ആഗ്രഹത്തിലാണ് സ്കോട്ട്ലാന്‍ഡിലേക്ക് പോകുന്നത്.

“അബര്‍ട്ടെ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് എം എസ് സി പൂര്‍ത്തിയാക്കിയത്. നാട്ടിലെത്തിയ ശേഷം കുറച്ചുകാലം ബെംഗളൂരുവിലും മറ്റും ജോലി ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷമായി കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലിന്‍റെ ഓഫിസില്‍ അസിസ്റ്റന്‍റാണ്.

“ഒരുപക്ഷേ വെപ്പുകാല്‍ വച്ചിരുന്നുവെങ്കില്‍ ട്രക്കിങ്ങൊക്കെ എളുപ്പമാകുമെന്നു പലരും പറഞ്ഞിരുന്നു. പക്ഷേ എളുപ്പമാക്കാനല്ല, ക്രച്ചസിലാണെങ്കിലും ഇതുപോലുള്ള ആഗ്രഹങ്ങളൊക്കെയുള്ളവര്‍ക്ക് അതൊക്കെ സാധിക്കുമെന്നു കാണിച്ചു കൊടുക്കണമെന്നാണ് തോന്നിയത്.

“പിന്നെ വെപ്പുകാലുകളൊക്കെ വളരെ ചെലവേറിയതാണ്. പ്രളയവും മഴയുമൊക്കെയായി പലര്‍ക്കും അതൊക്കെ നശിച്ചു പോയിട്ടുണ്ട്. പക്ഷേ പുതിയവ വാങ്ങണമെങ്കില്‍ ജിഎസ്എടിയും മറ്റുമായി വന്‍ വിലയാണ്,” നീരജ് തന്‍റെ പ്രശ്നങ്ങള്‍ മാത്രമല്ല ആലോചിക്കുന്നത്. ഇതുപോലെ ബുദ്ധിമുട്ടുന്ന ഒരുപാടുണ്ടല്ലോ  എന്ന വേവലാതിയാണ്.

“വീല്‍ച്ചെയറുകള്‍ക്കും മറ്റുമൊക്കെ 12 ശതമാനം ജിഎസ്ടിയാണ്. പരിമിതികളൊക്കെയുള്ളവര്‍ക്ക് കുറച്ചു പരിഗണനയൊക്കെ കിട്ടണം. ഇതിലൊക്കെ മാറ്റം വരണം,” അദ്ദേഹം ആവശ്യപ്പെടുന്നു.


ഇതുകൂടി വായിക്കാം:‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്‍വീര്‍


കൊച്ചിന്‍ കോളെജിലെ അധ്യാപകനായിരുന്ന മേജര്‍ സി.എം. ബേബിയാണ് നീരജിന്‍റെ അച്ഛന്‍. ആലുവ സെന്‍റ്.സേവ്യേഴ്സിലെ അധ്യാപികയായിരുന്ന ഡോ. ഷൈല പാപ്പുവാണ് അമ്മ. ചേച്ചി നിനോ ബേബി.

ഫോട്ടോ കടപ്പാട് : നീരജ് ജോര്‍ജ് ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം