ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്

ആ സ്ത്രീകള്‍ക്ക് ഒരപേക്ഷയുണ്ടായിരുന്നു–വീടിന്‍റെ വാതിലൊന്ന് മാറ്റിത്തരണം…ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ‘അതിനെന്താ പൊലീസില്ലേ…’ എന്ന് അവരെ ചേര്‍ത്തുനിര്‍ത്തി എസ് ഐ. ‘പൊലീസേ ഉള്ളൂ,’ എന്ന് മറുപടി

മ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം.

നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്‍റെ മുനയുണ്ടായിരുന്നു.

എപ്പോഴും ഇടിഞ്ഞുവീഴാറായ അവസ്ഥയിലായിരുന്നു പുഷ്പയുടെ വീട്

അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ രംഗം വിവരിക്കുന്നു.


ഇതുകൂടി വായിക്കാം: കേരളത്തിലെ ഏറ്റവും നല്ല ചെത്തുകാരന്‍


ആ സ്ത്രീയുടെ മുടി കൂടിപ്പിരിഞ്ഞ് ജടകെട്ടിയ അവസ്ഥയിലായിരുന്നു. മൂന്ന് മുറികളുള്ള വീടാണെങ്കിലും ഒറ്റമുറിയുടെ വലുപ്പം മാത്രം. അടുക്കളയില്‍ ഓലയും മടലും കൂടിക്കിടക്കുന്നു. അതിന്മേല്‍ ചിതല്‍പ്പുറ്റുകള്‍ വളരുന്നുണ്ടായിരുന്നു. അകത്ത് തുരുമ്പുപിടിച്ച രണ്ട് ഇരുമ്പ് കസേരകളും പാതി ദ്രവിച്ച ഒരു കട്ടിലും.


ഇവരാണ് മോഷണം നടത്തിയതെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ലെന്ന് ഒരു നിമിഷം മനസ്സില്‍ കരുതിപ്പോയി


ഒരു കുഞ്ഞു ചട്ടിയില്‍ പൂച്ചയ്ക്ക് തിന്നാവുന്നത്രയും ചോറ് മാത്രമാണ് കണ്ടത്, ജനമൈത്രി പൊലീസിന്‍റെ കമ്മ്യൂണിറ്റി റിലേ ഓഫീസറായ സുരേഷ് കുമാര്‍ തുടരുന്നു. “ഇവരാണ് മോഷണം നടത്തിയതെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ലെന്ന് ഒരു നിമിഷം മനസ്സില്‍ കരുതിപ്പോയി…”

സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ പുഷ്പയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍

പുറത്തിറങ്ങാത്ത, കാലത്തെക്കുറിച്ചൊന്നും കാര്യമായ പിടിയില്ലാത്ത  അന്‍പത്തെട്ടുകാരി പുഷ്പയ്ക്ക് സ്വന്തം മനസ്സിനുമേല്‍ വലിയ നിയന്ത്രണങ്ങളില്ലായിരുന്നു. ചിന്തകളെ എവിടെയോ അലയാന്‍ വിട്ട്  എല്ലാവരില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. പ്രായം ചോദിച്ചാല്‍ അവര്‍ ഇപ്പോഴും പതിനാറ് വയസ്സെന്ന് പറയും. ഏതോക്കെയോ കാരണങ്ങളാല്‍ അവരുടെ ഉള്ളില്‍ സമയം നിലച്ചുപോയതാണ്, വര്‍ഷങ്ങള്‍ക്കെപ്പോഴോ മുമ്പേ.

സത്യത്തില്‍ അവര്‍ ഒറ്റക്കായിരുന്നില്ല. വേറെ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു ആ കോമ്പൗണ്ടില്‍–എഴുപതുകാരി രാജീവി, അവരുടെ മൂത്ത സഹോദരി രാധ, ബന്ധുവായ എണ്‍പത്തിമൂന്നുകാരി കമലമ്മ.


ഇതുകൂടി വായിക്കാം: പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍


രാജീവിയും രാധയും വിവാഹം കഴിച്ചിട്ടില്ല. കമലമ്മയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും മരിച്ചു. ജീവിതത്തില്‍ ഏകാകികളായിപ്പോയ അവര്‍ മൂന്നുപേരും അവിടെ വാര്‍ദ്ധക്യം തള്ളിനീക്കുകയായിരുന്നു.

ഭണ്ഡാര മോഷണക്കേസില്‍ നാട്ടുകാര്‍ സംശയ നിഴലില്‍ നിര്‍ത്തിയത് പക്ഷേ, ആ അമ്പത്തെട്ടുകാരിക്ക് അനുഗ്രഹമായി. അവരെ ബേക്കല്‍ പൊലീസ് ഏറ്റെടുത്തു. അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. ഇതിന് പുറമെ നിലംപൊത്താറായ അവരുടെ വീട് പുനര്‍നിര്‍മ്മിച്ച് കൊടുത്തു.

പുഷ്പയുടെ വീട് പുനര്‍നിര്‍മ്മിച്ചതിന് ശേഷം

ബേക്കല്‍ പൊലീസിന്‍റെ മുന്‍കയ്യില്‍ ഉദുമ വെല്‍ഡിംഗ് അസ്സോസിയേഷന്‍ അന്‍പതാളുകളുടെ സഹകരണത്തോടെ ഒരു ദിവസം കൊണ്ട് വീടിന്‍റെ മേല്‍ക്കൂര മാറ്റി ഇരുമ്പ്‌മേല്‍ക്കൂര സ്ഥാപിച്ച് ഓട് മേഞ്ഞു കൊടുത്തു. കെ.എസ്.ഇ.ബി സൗജന്യമായി വയറിങ്ങും ഒരു സ്വകാര്യസ്ഥാപനം പ്ലംബിങ്ങും നടത്തിക്കൊടുത്തു.


“പൊലീസേ ഉള്ളൂ,” എന്ന് മറുപടി പറയുമ്പോള്‍ വെളിച്ചം വറ്റിത്തുടങ്ങിയ ആറ് കണ്ണുകള്‍ ഒരുമിച്ച് തുളുമ്പി.


രാജീവിയെയും സഹോദരിയെയും ബന്ധുവിനേയും ബേക്കല്‍ പൊലീസ് കൈവിട്ടില്ല. അവരുടെ വീട് വൃത്തിയാക്കാനും ഭക്ഷണം എത്തിക്കാനും ജനമൈത്രി പോലീസ് അവരുടെ വിശ്രമസമയം പോലും വിനിയോഗിക്കുകയാണ്. ഇവര്‍ക്ക് റേഷന്‍കാര്‍ഡും വൈദ്യുതിയുമെത്തിക്കാന്‍ പോലീസ് മുന്‍കൈ എടുത്തു. ഗ്രാമപഞ്ചായത്തുമായും കെ എസ് ഇ ബിയുമായും സഹകരിച്ച് ഇതിന് വേണ്ടതു ചെയ്തു.

ഒറ്റപ്പെട്ടുകഴിയുന്ന ഈ വൃദ്ധകള്‍ക്ക് കുടിവെള്ളം ലഭ്യമല്ലെന്ന് മനസ്സിലാക്കിയ പൊലീസുകാര്‍ അവര്‍ക്കായി ഒരു കുഴല്‍ക്കിണറും കുഴിച്ചുനല്‍കി, സുമനസ്സുകളുടെ സഹായത്തോടെ.


ഇതുകൂടി വായിക്കാം: കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് 


കഴിഞ്ഞ ദിവസം ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയ എസ്.ഐ കെ.പി.വിനോദ് കുമാറിനോട് ആ സ്ത്രീകള്‍ക്ക് ഒരപേക്ഷയുണ്ടായിരുന്നു–വീടിന്‍റെ വാതിലൊന്ന് മാറ്റിത്തരണം…ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല.
“അതിനെന്താ പൊലീസില്ലേ…” എന്ന് അവരെ ചേര്‍ത്തുനിര്‍ത്തി എസ് ഐ.
ഇതിന് മറുപടിയായി “പൊലീസേ ഉള്ളൂ,” എന്ന് ഉള്ളില്‍ത്തട്ടി പറയുമ്പോള്‍ വെളിച്ചം വറ്റിത്തുടങ്ങിയ ആറ് കണ്ണുകള്‍ ഒരുമിച്ച് തുളുമ്പി.

 കമലമ്മ

യിടെ ഒരു മനുഷ്യന്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്നു. ആകെ മെലിഞ്ഞൊട്ടിയ കുറിയ ഒരു മനുഷ്യന്‍. കണ്ണുകളില്‍ നിസ്സഹായതയും പകപ്പും. ചിറക്കപ്പാറ എന്ന സ്ഥലത്തുനിന്നാണ് വരുന്നത്. പേര് രമേശ്. ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ്, ഒരു മുഷിഞ്ഞ കടലാസില്‍ എന്തോ കുറിച്ചുകൊണ്ടുവന്നിട്ടുണ്ടായിരുന്നു.

കയറിക്കിടക്കാന്‍ ഒരു വീടുപണി നടക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ ഇടക്കുവെച്ചു നിന്നുപോയി. രണ്ടുകുഞ്ഞുങ്ങളേയും കൊണ്ട് കയറിക്കിടക്കാന്‍ വേറെ ഇടമില്ല…സഹായിക്കണം. വില്ലേജ് ഓഫീസിലോ പഞ്ചായത്തിലോ ആണ് ഈ പരാതി കൊണ്ടു ചെല്ലേണ്ടത്.


വീടുപണി നടക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ ഇടക്കുവെച്ചു നിന്നുപോയി. രണ്ടുകുഞ്ഞുങ്ങളേയും കൊണ്ട് കയറിക്കിടക്കാന്‍ വേറെ ഇടമില്ല…സഹായിക്കണം.


“പരാതിക്കാരനായി വന്നയാളെ കണ്ടപ്പോള്‍ തന്നെ വീട്ടിലെ കാര്യങ്ങള്‍ വളരെ ദയനീയമാണെന്ന് മനസ്സിലായി,” സ്‌റ്റേഷനിലെ എസ് ഐ വിനോദ് കുമാര്‍ കെ പി കുറിക്കുന്നു. “ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി… പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിധിയില്‍ ഐസ് ക്രീം സെയില്‍ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ രമേശന്‍ ആവശ്യപ്പെട്ട തുക നല്‍കിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്…. വളരെ ദയ അര്‍ഹിക്കുന്ന ഒരു വ്യക്തിയായതിനാല്‍ സഹകരിക്കാന്‍ ആര്‍ക്കും മടിയുമില്ലായിരുന്നു.”

രമേശിന് സഹായം നല്‍കുന്നു

ഇങ്ങനെയും പൊലീസുകാരുണ്ട് എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ് ബേക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. അനുഭവങ്ങള്‍ ഒരുപാടുണ്ട്.

മലര്‍ ഇനി ഈ നാടുവിട്ട് എങ്ങോട്ടുമില്ല

ഒന്നര വര്‍ഷം മുമ്പാണ് ഇവിടെ ജനമൈത്രി പോലീസ് ആരംഭിക്കുന്നത്. പോലീസിന്‍റെ ജനകീയ ബന്ധം ഉറപ്പിക്കുന്നതിനായി സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തുമ്പോഴാണ് ജീവിതത്തില്‍ ഇരുട്ടുമൂടിയ അനാഥ ജീവിതങ്ങളെ പലരെയും കണ്ടെത്തിയത്. നമ്മുടെ കണ്‍മുന്നിലുണ്ടായിട്ടും കാണാതെ പോകുന്ന ദാരിദ്ര്യം. നിശ്ശബ്ദമായി പട്ടിണികിടക്കുന്നവര്‍. എങ്ങിനെയൊക്കെയോ ഒറ്റപ്പെട്ടുപോയവര്‍, കൂടുതല്‍കൂടുതല്‍ ഉള്‍വലിഞ്ഞ്, സ്വയം ഒളിപ്പിച്ചുവെച്ചവര്‍..പട്ടിണിയിലും ആരോടും പരാതിപറയാതെ വിശന്നുറങ്ങിയവര്‍.


ഇതുകൂടി വായിക്കാം: മരണം പോയി തുലയട്ടെ: തനിച്ചാക്കിപ്പോയ കൂട്ടുകാരനെ വീണ്ടും ‘ഉയിര്‍പ്പിച്ച’ ഷില്‍നയുടെ പ്രണയം


ഇ്ത്തരം കുടുംബങ്ങളെ കണ്ടെത്തി സംരക്ഷിക്കാന്‍ ജനമൈത്രി പോലീസ് മുന്‍കൈ എടുത്തപ്പോള്‍ നാട്ടുകാരും കൈകോര്‍ത്തു. ഗ്രാമസഭകള്‍ ചേര്‍ന്ന് അശരണരെ കണ്ടത്തുന്നതിനുള്ള ശ്രമങ്ങളൊന്നും ഇവിടെ ഫലപ്രദമായിരുന്നില്ല. വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കഴിയുന്ന ഈ കുടുംബങ്ങളുടെ സ്ഥിതി ആരുടെയും കരളലിയിപ്പിക്കുന്നതാണെന്ന് ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു.


അസുഖത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതോടെ ഒന്നരവയസ്സുള്ള കുഞ്ഞുള്‍പ്പെടെ അഞ്ച് കുട്ടികളുമായി പകച്ചുനില്‍ക്കുകയായിരുന്നു മലര്‍.


WATCH: മലരിനെ കണ്ടെത്തിയത് ഇങ്ങനെ… 

അങ്ങനെയൊരു ഗൃഹസന്ദര്‍ശനവേളയിലാണ് തമിഴ്‌നാട് സ്വദേശിയായ എം മലരിനേയും അഞ്ചുകുട്ടികളേയും ചോര്‍ന്നൊലിക്കുന്ന ഒരു വാടകപ്പുരയില്‍ ബേക്കല്‍ പൊലീസ് കണ്ടെത്തുന്നത്. അസുഖത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതോടെ ഒന്നരവയസ്സുള്ള കുഞ്ഞുള്‍പ്പെടെ അഞ്ച് കുട്ടികളുമായി പകച്ചുനില്‍ക്കുകയായിരുന്നു മലര്‍. ആ വീട്ടിലെ അടുപ്പില്‍ ചൂടുതട്ടിയിട്ട് ദിവസങ്ങളായിരുന്നു. ഒരുനേരത്തെ ഭക്ഷണം പോലുമില്ലാത്ത അവസ്ഥ.

ബേക്കല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ഭക്ഷ്യവസ്തുക്കളുമായി സഹായത്തിനെത്തി. കണ്ടെത്തിയതുമുതല്‍ ഇന്നുവരെ ആ കുടുംബം പട്ടിണികിടക്കാതിരിക്കാതെ നോക്കാന്‍ ഈ പൊലീസുകാരുണ്ട്, ഒപ്പം നാട്ടുകാരും. ഒരു ജനമൈത്രി പൊലീസിന്‍റെ മുന്‍കൈയ്യില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് മലരിന് ഒരു വീട് നിര്‍മ്മിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. ഇന്ന് ആ വീടിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

​മലരിന്‍റെ വീട് സന്ദര്‍ശിക്കുന്ന ബേക്കല്‍ പൊലീസ് സംഘം​

അനാഥയായ തനിക്കും മക്കള്‍ക്കും സ്വന്തം നാട്ടില്‍പ്പോലും ലഭിക്കാത്ത പരിഗണനയാണ് ഈ പോലീസുകാര്‍ നല്‍കിയതെന്ന് പറയുമ്പോള്‍ മലരിന്‍റെ കണ്ണില്‍ നനവുണ്ടായിരുന്നു. ഈ നാട് വിട്ട് ഞാനിനി എങ്ങോട്ടുമില്ലെന്ന് പറയുന്ന മലരിന്‍റെ വാക്കിന് പോലീസും നാട്ടുകാരും ഒരുക്കിയ തണലിന്റെ കുളിര്‍മയുണ്ട്.

നാരായണിയുടെ ആടു ജീവിതം

പാലക്കുന്നിനടുത്ത നാരായണിയുടെയും 58-കാരിയായ മകളുടെയും ജീവിതം ശരിക്കും ആടുജീവിതം തന്നെയാണ്. വീട്ടില്‍ ഇവര്‍ക്കൊപ്പം 30 ലധികം ആടുകളാണ് താമസിക്കുന്നത്. കരിയിലയും ചുള്ളിവിറകും ആട്ടിന്‍കാഷ്ഠവും നിറഞ്ഞ വീട്ടില്‍ മനുഷ്യവാസം ഉണ്ടോ എന്ന് ആരും സംശയിച്ചുപോവും. സ്വയം തീര്‍ത്ത തടവറയില്‍ ജീവിതം നരകിച്ചു തീര്‍ക്കുകയാണ് ഇരുവരും.


ഉടുത്തിരുന്ന വസ്ത്രമല്ലാതെ മറ്റ് വസ്ത്രങ്ങളൊന്നും വീട്ടിലില്ലായിരുന്നു. പതിനാറ് വര്‍ഷമായി മകളെ പുറത്തൊന്നും കാണാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.


പുല്ലൂര്‍പെരിയ പഞ്ചായത്തിലെ കുണിയയില്‍ ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ അകലയാണ് ഇവരുടെ താമസം. വര്‍ഷങ്ങളായി പരിസര വാസികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. നൂറ് മീറ്റര്‍ ചുറ്റളവില്‍ മറ്റ് വീടുകളൊന്നുമില്ലാത്ത പ്രദേശത്ത് ചുറ്റുമതിലിനുള്ളില്‍ ചോര്‍ന്നൊലിക്കുന്ന കോണ്‍ക്രീറ്റ് കൂരയിലാണ് ഇവരുടെ താമസം.


ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്


വീടിന്‍റെ വാതില്‍ ചിതലരിച്ച നിലയിലാണ്. ശൗചാലയമോ കുടിവെള്ള സ്രോതസ്സോ ഇവര്‍ക്കില്ല. റേഷന്‍ കാര്‍ഡോ ആധാര്‍കാര്‍ഡോ ഇല്ല. വൈദ്യുതിയില്ലാത്ത വീട്ടില്‍ രാത്രി മണ്ണെണ്ണ വിളക്ക് പോലും കാണാറില്ലെന്ന് പരിസര വാസികള്‍ പറയുന്നു.

നാരായണി ആടിന് തീറ്റ തേടി പുറത്തിറങ്ങാറുണ്ടെങ്കിലും മകള്‍ സരോജിനിയെ പതിനാറു വര്‍ഷമായി പുറത്ത് കാണാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കീറി പറഞ്ഞതും നിറം മങ്ങിയതുമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.  ഉടുത്തിരുന്ന വസ്ത്രമല്ലാതെ മറ്റ് വസ്ത്രങ്ങളൊന്നും വീട്ടിലില്ലായിരുന്നു.

Watch: ‘കേരളത്തെ ലജ്ജിപ്പിക്കുന്ന കാഴ്ചകളാണ് ‍ഞങ്ങള്‍ കണ്ടത്’

ആടിനെ കൊണ്ടുപോകുന്ന ആരെങ്കിലും എത്തിച്ചുകൊടുക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ജനമൈത്രി പൊലീസ് ഓഫീസര്‍മാര്‍ പറഞ്ഞു. പണം എന്തു ചെയ്യണമെന്നു പോലും ഇവര്‍ക്ക് അറിയില്ല.  ഈ കുടുംബത്തെ കണ്ടെത്തിയ അന്നു മുതല്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത് ജനമൈത്രി പൊലീസാണ്.

വനിതാ പൊലീസിന്‍റെ ഉള്‍പ്പെടെ നിരന്തരമായ സമ്പര്‍ക്കം കൊണ്ട് മാനസികമായ അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആ അമ്മയും മകളും സമൂഹവുമായി നന്നായി ഇടപഴകാന്‍ തുടങ്ങി. പൊലീസ് മുന്‍കൈ എടുത്ത് ഇവരുടെ ആടുകള്‍ക്ക് പ്രത്യേക കൂടൊരുക്കുകയും വീട് വൃത്തിയാക്കുകയും ചെയ്തു. വീടിന്‍റെ അറ്റകുറ്റപണികള്‍ അന്തിമ ഘട്ടത്തിലാണ്. കെ എസ് ഇ ബി യുടെ സഹായത്തോടെ വയറിംഗും പൂര്‍ത്തിയായി വരുന്നു.

നാരായണിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുന്ന ജനമൈത്രി പൊലീസ്

മരത്തില്‍ നിന്ന് വീണ് അരക്കു താഴെ തളര്‍ന്ന് ആയന്‍പാറ ഉണ്ണിക്കൃഷ്ണന്‍ വി.എസ് എന്ന മുപ്പത്തിയഞ്ചുകാരനു തുണയായതും പോലീസുകാര്‍ തന്നെ. 2015 നവംബറില്‍ അപകടത്തില്‍പ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ റോഡില്ലാത്തതിനാല്‍ ചുമക്കേണ്ട സ്ഥിതിയായിരുന്നു. ജനമൈത്രി പോലീസ കോട്ടിക്കുളം ഇസ്ലാമിക് സൊസൈറ്റിയുടെ സഹകരണത്തോടെ വാഹനസൗകര്യമുള്ളിടത്ത് സ്ഥലമെടുത്തു നല്‍കുകയും വീടു പണി ആരംഭിക്കുകയും ചെയ്തു.

പ്രതിവര്‍ഷം അഞ്ഞൂറിലധികം നേരിട്ട് അന്വേഷണം ആവശ്യമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനാണിത്. മുപ്പത്തിയഞ്ച് തസ്തികകള്‍ ഉണ്ടെങ്കിലും ആറെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.


നാലു പഞ്ചായത്തുകളുടെയും എട്ട് വില്ലേജുകളുടെയും അറുപത്തെട്ടു വാര്‍ഡുകളുടെയും 48,000 വീടുകളുടെയും ക്രമസമാധാനചുമതല ഈ സ്റ്റേഷനുണ്ട്.


നാലു പഞ്ചായത്തുകളുടെയും എട്ട് വില്ലേജുകളുടെയും അറുപത്തെട്ടു വാര്‍ഡുകളുടെയും 48,000 വീടുകളുടെയും ക്രമസമാധാനചുമതല ഈ സ്റ്റേഷനുണ്ട്. ഈ പരിമിതികള്‍ക്കിടയില്‍ നിന്നാണ് വിശ്രമസമയം ഒഴിവാക്കി പോലീസുകാര്‍ നാടിന്‍റെ സേവനത്തിന് ഒറ്റമനസ്സോടെ ഇറങ്ങുന്നത്.


ഇതുകൂടി വായിക്കാം: തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്


ബേക്കല്‍ പൊലീസിന്‍റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്. പൊലീസ് മുന്നില്‍ നിന്ന് നയിക്കുകയാണ്. ബാക്കിയെല്ലാം നല്ല മനസ്സുകളുടെ പിന്തുണയില്‍ ചലിക്കുകയാണ്.  എസ് ഐ വിനോദ് കുമാര്‍ ഇങ്ങനെ കുറിക്കുന്നു:

ഒരു കിടപ്പുരോഗിക്ക് സഹായവുമായി…  ഫോട്ടോ: ഫേസ്ബുക്ക്

“ജനമൈത്രി സമിതി അംഗങ്ങളുടെ സേവന മനോഭാവത്തിനു മുന്നിൽ മുമ്പിൽ നിന്നു കൊടുക്കുക മാത്രമേ ചെയ്തുള്ളൂ…. അവർ എല്ലാവരും ബേക്കൽ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും ഒത്തൊരു മിച്ച് നാട്ടുകാരുടേയും സുമനസ്സുകളുടേയും സഹായത്തോടെ ഇവരെ പുതു ജീവിതത്തിലേക്ക് പതുക്കെ പതുക്കെ തിരികെ വരുന്നു..”

ഒന്നര വര്‍ഷം മുമ്പ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി സംവിധാനം നിലവില്‍ വന്നെങ്കിലും ബേക്കലിലെപ്പോലെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച പോലീസുകാര്‍ അപൂര്‍വ്വമാണ്. സമൂഹത്തിന്‍റെ ദീര്‍ഘദൂര ഓട്ടത്തില്‍ കുറച്ചെത്തുമ്പോള്‍ കുഴഞ്ഞു വീഴുന്നവര്‍ക്ക് ഒരു കൈത്താങ്ങാവുകയാണ് ബേക്കലിലെ പൊലീസുകാര്‍.

കാക്കിക്കുള്ളിലെ ഈ കാരുണ്യത്തിന് കൊടുക്കാം ഹൃദയത്തില്‍ തൊട്ടൊരു സല്യൂട്ട്!

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം