200-ലധികം ഇസ്തിരിപ്പണിക്കാരുടെ വരുമാനം 27% ഉയര്‍ത്തിയ പ്രകൃതിസൗഹൃദ മാറ്റം

ദിവസം ശരാശരി നൂറും നൂറ്റിയമ്പതും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടിരുന്നവര്‍ 40 മുതല്‍ 50 വരെ വസ്ത്രങ്ങള്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങി. ഫൗണ്ടേഷന്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ഒരാള്‍ക്ക് 6,000 രൂപയോളം മാസവരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവുന്നതായി കണ്ടെത്തി.

റോഡരികിലും ഉന്തുവണ്ടികളിലും തുണികള്‍ ഇസ്തിരിയിട്ട് ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് നമുക്ക് എന്തുമാത്രം അറിയാം?

കേരളത്തിന് പുറത്ത് ഇവരെ ‘അയേണ്‍ വാലാ’ എന്നും ‘പ്രെസ് വാലാ’ എന്നുമൊക്കെ വിളിക്കും. ഒരു മേശയും ഇസ്തിരിപ്പെട്ടിയുമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തുടങ്ങാവുന്ന സ്വയം തൊഴില്‍. എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേര്‍ നഗരങ്ങളിലെത്തി അയേണ്‍വാലകളാകുന്നു. അതില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായൊരു കടയോ സ്ഥലമോ ഒന്നുമുണ്ടാകണമെന്നില്ല. റോഡരികിലോ മറ്റോ ഒരു മറ… അതുമാത്രമായിരിക്കും കട.


വൈദ്യുതി വേണ്ട, ഉപ്പുകൊണ്ട് പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ ലാമ്പ്: Karnival.com

“ബെംഗളുരു നഗരപരിധിക്കുള്ളില്‍ മാത്രം 40,000 പേര്‍ ഈ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നു. ഇതില്‍ ഭൂരിഭാഗം പേരും മലിനീകരണം സൃഷ്ടിക്കുന്ന കല്‍ക്കരി ഉപയോഗിച്ചാണ് അയേണ്‍ ചെയ്യുന്നത്. ഇതുവരെ, കഴിഞ്ഞ അമ്പതുവര്‍ഷമെങ്കിലുമായി, ഇതിനൊരുമാറ്റം വരുത്താനോ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനോ ഒരു ശ്രമവും നടന്നിട്ടില്ല,” ഉദയം ലേണിങ്ങ് ഫൗണ്ടേഷന്‍റെ പ്രധാന പ്രവര്‍ത്തകരിലൊരാളായ ബാദല്‍ ശതപതി പറയുന്നു. ഫ്‌ളിപ്കാര്‍ട്ടിന്‍റെ മുന്‍ ചീഫ് പീപ്പിള്‍ മാനേജരായ മെകിന്‍ മഹേശ്വരി സ്ഥാപിച്ച നോണ്‍ പ്രോഫിറ്റ് സ്ഥാപനമാണിത്.

ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക മാത്രമല്ല, അവയ്ക്ക് പരിഹാരങ്ങളുമായി മുന്നോട്ടുവരാനും ഫൗണ്ടേഷന്‍ ശ്രമിച്ചു. ബെംഗളുരുവിലെ ഇരുന്നൂറിലധികം ഇസ്തിരിപ്പണിക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ നേരിട്ട് ഇടപെട്ടു.

കല്‍ക്കരി ഇസ്തിരിപ്പെട്ടികളില്‍ നിന്ന് എല്‍ പി ജി ഉപയോഗിക്കുന്നവയിലേക്കുള്ള മാറ്റമായിരുന്നു അതില്‍ പ്രധാനം. ആരും ശ്രദ്ധിക്കാതെ അവഗണനയില്‍ പെട്ട് കിടന്നിരുന്ന ഒരുകൂട്ടം മനുഷ്യരുടെ കാര്യങ്ങളില്‍ ഫൗണ്ടേഷന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ‘അയേണ്‍വാലാ’കളുടെ ജീവിതം മാറാന്‍ തുടങ്ങി. അവര്‍ക്ക് കൂടുതല്‍ വരുമാനവും കിട്ടാന്‍ തുടങ്ങി.

രണ്ട് മേഖലകളിലാണ് ഈ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍. ഒന്ന് പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ സംരംഭകത്വം വളര്‍ത്താനുള്ള ‘ശിക്ഷ’ എന്ന പരിപാടി. മറ്റൊന്ന് ചെറുകിട സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍. രണ്ടാമത്തെ പദ്ധതിയുടെ ഭാഗമായാണ് അയേണ്‍വാലാകളെ സഹായിക്കാന്‍ ഫൗണ്ടേഷന്‍ മുന്നിട്ടിറങ്ങിയത്.

“ഇന്‍ഡ്യയില്‍ ഇസ്തിരിപ്പണി നടത്തുന്നവരില്‍ അധികപങ്കും വളരെ ചെറുപ്പത്തില്‍ തന്നെ എത്തിപ്പെട്ടവരാണ്. അങ്ങനെ വരുന്നതില്‍ ജാതി ഒരു പ്രധാന ഘടകമാണ്. മറ്റൊന്ന് കാര്യമായ ജീവിതമാര്‍ഗ്ഗം ഒന്നുമില്ലെന്നതും. അവരില്‍ മിക്കവരും ഏതെങ്കിലും മരത്തിന്‍റെ ചുവട്ടിലോ, അപാര്‍ട്ട്‌മെന്‍റുകളുടെ താഴെയോ തുറന്ന സ്ഥലത്തോ ഒക്കെയായിരിക്കും പണിയെടുക്കുന്നത്. ഭൂരിഭാഗം പേരെയും സഹായിക്കാന്‍ കുടുംബവും ഒപ്പം കാണും,” ഫൗണ്ടേഷന്‍റെ മറ്റൊരു പ്രവര്‍ത്തകനായ രാഹുല്‍ ജയപ്രകാശ് പറയുന്നു.

Photo source: Udhayam Learning Foundation

“ബെംഗലുരുവില്‍ ഈ ജോലിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, കൃഷ്ണഗിരി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. ജാതീയമായി ഈ തൊഴില്‍ കൈമാറിക്കിട്ടിയവരാണിവരില്‍ അധികം പേരും.”

ഈ തൊഴിലെടുക്കുന്നവരെ ഫൗണ്ടേഷന്‍ ആദ്യമായി സമീപിക്കുന്നത് 2019 ജൂണിലാണ്. തുടക്കത്തില്‍ ഫൗണ്ടേഷന്‍റെ ഉദ്ദേശങ്ങളെക്കുറിച്ച് അവര്‍ക്ക് ആശങ്കകളുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു.

“തുടക്കത്തില്‍ അവര്‍ വിചാരിച്ചത് ഞങ്ങളേതോ ഓണ്‍ലൈന്‍ ലോണ്‍ഡ്രി പ്ലാറ്റ്‌ഫോമിന്‍റെ ആള്‍ക്കാരാണെന്നായിരുന്നു. അവരുടെ തൊഴില്‍ തട്ടിയെടുക്കാനുള്ള എന്തോ ഒരേര്‍പ്പാടാണെന്ന് കരുതി ആദ്യത്തെ ഒരു മാസത്തോളം അവര്‍ ഞങ്ങളെ പൂര്‍ണമായും ഒഴിവാക്കി. പിന്നീട് ഞങ്ങള്‍ അവരോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ തുടങ്ങി. അങ്ങനെ അവരുടെ വിശ്വാസം നേടിയെടുത്തു,” ബാദല്‍ പറഞ്ഞു.

രണ്ട് മാസത്തോളം അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകര്‍ ചെലവഴിച്ചു. അതില്‍ നിന്ന് അവര്‍ക്ക് മനസ്സിലായ പ്രധാന കാര്യങ്ങള്‍ ഇതാണ്.

ഒന്നാമതായി കരി/ കല്‍ക്കരി ഉപയോഗിക്കുമ്പോള്‍ ഒരുപാട് സമയം പാഴാവും. ദിവസവും നാലഞ്ച് തവണ ചൂടാറിപ്പോവും, വീണ്ടും ചൂടാക്കേണ്ടി വരും. ഒറ്റത്തവണ കരിയിട്ട് ചൂടായി വരാന്‍ 20-30 മിനിറ്റ് എടുക്കും. അങ്ങനെ മാത്രം ദിവസവും രണ്ടരമണിക്കൂറോളം പാഴാവും.

എല്‍ പി ജി അയെണ്‍ ബോക്സ് അയെണ്‍ വാലാകളുടെ ജോലി എളുപ്പമാക്കി, വരുമാനം വര്‍ദ്ധിപ്പിച്ചു. (Source: Udhyam Learning Foundation)

കല്‍ക്കരിയുടെ മാറിമറിയുന്ന വിലയാണ് മറ്റൊരു പ്രശ്‌നം. കിട്ടാനും പാടാണ്.

കല്‍ക്കരിയില്‍ നിന്ന് കനലും പൊടിയും പാറി വസ്ത്രങ്ങള്‍ കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ കേടുവന്നാല്‍ പലപ്പോഴും അതിന്‍റെ നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും. തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന അവരെ സംബന്ധിച്ചിടത്തോളം അത് വലിയ തുകയായിരിക്കും.

“ഇതിനൊക്കെ ഒരു പരിഹാരം കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതിനുവേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് ഡെല്‍ഹിയില്‍ എല്‍ പി ജി കൊണ്ട് പ്രവര്‍ത്തിക്കുന്ന അയേണ്‍ ബോക്‌സ് ഉപയോഗിക്കുന്ന ഒരാളെക്കുറിച്ചുള്ള വീഡിയോയിലാണ്. മീററ്റില്‍ ഇത്തരം അയേണ്‍ ബോക്‌സ് ഉണ്ടാക്കുന്ന ഒരാളെ കണ്ടെത്തി. അയാളില്‍ നിന്ന് രണ്ട് അയേണ്‍ ബോക്‌സ് വാങ്ങി. അത് ബെംഗളുരുവില്‍ ഇന്ദിരാ നഗറിലെ രണ്ട് തേപ്പ് കടക്കാര്‍ക്ക് പരീക്ഷണാര്‍ത്ഥം നല്‍കി. അവരത് രണ്ടാഴ്ചയോളം ഉപയോഗിച്ചു,” രാഹുല്‍ വിശദമാക്കുന്നു.

രൂപകല്‍പനയിലെ ചില പ്രശ്‌നങ്ങളൊഴിച്ചാല്‍ പണിക്കാര്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടു. മീററ്റില്‍ നിന്നുള്ള ഇസ്തിരിപ്പെട്ടികള്‍ക്ക് താരതമ്യേന ഭാരക്കൂടുതലാണ് എന്നതായിരുന്നു പ്രധാന പ്രശ്‌നം.

ഫൗണ്ടേഷന്‍ നിര്‍മ്മാതാക്കളോട് ഭാരം കുറഞ്ഞ മോഡല്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ എല്‍ പി ജി ബോക്‌സിന് പ്ലാസ്റ്റിക് കൈപ്പിടിയായിരുന്നു. ബെംഗളുരുവിലെ അയേണ്‍വാലാകള്‍ മരപ്പിടിയുള്ള പെട്ടികള്‍ ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ഫൗണ്ടേഷന്‍ അയേണ്‍ ബോക്‌സിന്‍റെ കൂടെ സെര്‍വീസ് കിറ്റ് കൂടി നല്‍കി. ഇത് സ്ഥിരം കേടുപാടുകള്‍ തീര്‍ക്കുന്നതും മറ്റും എളുപ്പമാക്കി. 2019 ആഗസ്‌തോടെ രൂപകല്‍പനയില്‍ മാറ്റം വരുത്തിയ അയെണ്‍ ബോക്‌സുകള്‍ തയ്യാറായി.

(Source: Udhyam Learning Foundation)

എല്‍ പി ജി അയെണ്‍ ബോക്‌സുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ  കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. നേരത്തെ കല്‍ക്കരി എരിക്കാനും പെട്ടി ചൂടാക്കാനും മാത്രം രണ്ടര മണിക്കൂറോളം ചെലവഴിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ ആ സമയവും ഇസ്തിരിയിടാന്‍ കഴിയുന്നു. അങ്ങനെ ദിവസം ശരാശരി നൂറും നൂറ്റിയമ്പതും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടിരുന്നവര്‍ 40 മുതല്‍ 50 വരെ വസ്ത്രങ്ങള്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങി. ഫൗണ്ടേഷന്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ഒരാള്‍ക്ക് 6,000 രൂപയോളം മാസവരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവുന്നതായി കണക്കാക്കുന്നു.

200-ലധികം അയേണ്‍വാലകള്‍ ആണ് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഈ എല്‍ പി ജി ബോക്‌സ് ഉപയോഗിക്കുന്നത്. അതില്‍ മുപ്പത് പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. വസ്ത്രങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ വളരെയധികം കുറഞ്ഞു.


ഇതുകൂടി വായിക്കാം: എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്…


“800 മുതല്‍ 1,200 രൂപ വരെയായിരുന്നു അവരുടെ ശരാശരി ദിവസ വരുമാനം. അതില്‍ 27 ശതമാനം വര്‍ദ്ധനവുണ്ടായി. അതുമാത്രല്ല, ചെലവിനത്തിലും വലിയ കുറവുണ്ടായി. അഞ്ച് കിലോയുള്ള ചെറിയ ഗ്യാസ് സിലിണ്ടര്‍–ഇതിന് 350 രൂപ വരും–ഉപയോഗിച്ച് ശരാശരി 1,100 വസ്ത്രങ്ങള്‍ പ്രെസ് ചെയ്യാം. ചിലപ്പോള്‍ അത് 1,500 വസ്ത്രങ്ങള്‍ വരെ പോകും. കുറഞ്ഞത് 950 ആണ്. ഇതിന് വരുന്ന ചെലവ് കണക്കാക്കിയാല്‍ ഒരു വസ്ത്രത്തിന് കൂടി വന്നാല്‍ അമ്പത് പൈസ. കല്‍ക്കരിയാണെങ്കില്‍ ഒരു രൂപയും ഇലക്ട്രിക് അയെണ്‍ ബോക്‌സ് ആണെങ്കില്‍ മൂന്ന് രൂപയും വരും,” ബാദല്‍ പഠനത്തിലെ കണ്ടെത്തലുകള്‍ വിശദമാക്കുന്നു.

ഇന്ദിരാനഗറില്‍ ഇസ്തിരിയിടുന്ന സത്യയുമായി ഞങ്ങള്‍ സംസാരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ നിന്നാണ് സത്യ വരുന്നത്. “കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ കല്‍ക്കരിയുപയോഗിച്ചാണ് അയെണ്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ജോലി വളരെ എളുപ്പമായി. കല്‍ക്കരി ചൂടായി വരാന്‍ ഒരുമണിക്കൂറോളം എടുക്കുമായിരുന്നു. ഈ ബോക്‌സ് ചൂടാവാന്‍ അഞ്ച് മിനിറ്റ് മതി. പണി എളുപ്പം തീരും. നേരത്തെ 100 വസ്ത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 150 എണ്ണം തീര്‍ത്തുകൊടുക്കാന്‍ കഴിയുന്നുണ്ട്,” സത്യക്ക് സന്തോഷത്തോടെ പറഞ്ഞു.

എങ്ങനെയാണ് എല്‍ പി ജി അയെണ്‍ ബോക്‌സ് പ്രവര്‍ത്തിക്കുന്നത്?

“ഗ്യാസ് സിലിണ്ടര്‍ ബോക്‌സുമായി കണക്ട് ചെയ്യുന്നത് ഒരു ഇന്‍സുലേറ്റഡ് ഗ്യാസ് ട്യൂബുകൊണ്ടാണ്. വീട്ടിലെ ഗ്യാസ് സ്റ്റൗവില്‍ ചെയ്യുന്നത് പോലെത്തന്നെ. ഇതില്‍ ഒരു റെഗുലേറ്ററുമുണ്ട്. ചൂട് ക്രമീകരിക്കാനുള്ളതാണിത്,” രാഹുല്‍ പറഞ്ഞു.

കല്‍ക്കരി അയെണ്‍ ബോക്‌സിന് വലുപ്പമനുസരിച്ച് 2,000 രൂപ മുതല്‍ 4,000 രൂപ വരെ മാത്രമേ വില വരൂ. എന്നാല്‍ എല്‍ പി ജി ബോക്‌സിന് സിലിണ്ടറും മറ്റുമടക്കം 8,300 രൂപ ചെലവ് വരും. എല്‍ പി ജിയിലേക്ക് മാറാന്‍ ഇത്രയും പണമിറക്കാന്‍ മിക്ക ഇസ്തിരിപ്പണിക്കാര്‍ക്കും കഴിയില്ല. സാധാരണ അവര്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.

എല്‍ പി ജി-യിലേക്ക് മാറുന്നതിന് അവരെ സഹായിക്കാന്‍ തയ്യാറുള്ളവരെത്തേടി ഉദയം ലേണിങ് ഫൗണ്ടേഷന്‍ പലരേയും സമീപിച്ചു. ഒടുവില്‍ ഗ്രോമോര്‍ ഫിനാന്‍സ് എന്ന നോണ്‍ബേങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി ചെറിയ പലിശ നിരക്കില്‍ 9,000 രൂപ കടം കൊടുക്കാന്‍ തയ്യാറായി.

ഗ്രോമോറിന്‍റെ നിബന്ധനകളില്‍ ചിലത് ഈ തൊഴിലാളികള്‍ക്കിടയില്‍ സാമ്പത്തിക സാക്ഷരത വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ ബാങ്കിങ് പഠിപ്പിക്കുക, സമ്പാദ്യശീലം വളര്‍ത്തുക എന്നിവയാണ്. ആ ഉത്തരവാദിത്വം ഉദയം ഏറ്റെടുത്തു.

പരിസ്ഥിതി സൗഹൃദമായ ഈ അയെണ്‍ ബോക്‌സുകള്‍ ആ തൊഴിലാളികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കാന്‍ നഗരത്തിലെ കോളെജുകളില്‍ സോഷ്യല്‍ വര്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹായം തേടി. സാഥി എന്ന് പേരിട്ട കോളെജ് വിദ്യാര്‍ത്ഥികളുടെ ഈ സംഘം ബെംഗളുരുവില്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.

പുതിയ ഇസ്തിരിപ്പെട്ടി നല്‍കുക മാത്രമല്ല അത് കണെക്ട് ചെയ്യാനും ഉപയോഗിക്കാനുമൊക്കെ ഉദയം ഫൗണ്ടേഷന്‍ ‘അയെണ്‍വാലാ’കളെ പരീശീലിപ്പിച്ചു. അവരുടെ ഒപ്പം നിന്ന് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിച്ചു.

Photo source: Udhayam Learning Foundation

“ഇതൊരു പരസ്പരബന്ധിതമായ സമൂഹമാണ്. അവര്‍ക്കിടയില്‍ മത്സരമൊന്നുമില്ല. ഓരോരുത്തര്‍ക്കുമുള്ള ഏരിയകള്‍ കൃത്യമായവര്‍ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു പുതിയ കാര്യം വന്നാല്‍ പരസ്പരം ഷെയര്‍ ചെയ്യുന്നതിന് അവര്‍ക്ക് ഒരു മടിയുമില്ല,” ബാദല്‍ പറയുന്നു. അതുകൊണ്ട് പുതിയ എല്‍ പി ജി ബോക്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ അയെണ്‍വാലാകള്‍ക്കിടയില്‍ പെട്ടെന്ന് പടര്‍ന്നു.

“എനിക്കിപ്പോള്‍ രണ്ട് മണിക്കൂര്‍ എക്‌സ്ട്രാ സമയം കിട്ടുന്നുണ്ട്. ആ സമയത്ത് ഞാന്‍ സൊമാറ്റോയുടെ ഡിലിവെറിക്ക് പോകും. അങ്ങനെ കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നുവെന്ന് എല്‍ പി ജിയിലേക്ക് മാറിയ ഒരാള്‍ പറഞ്ഞു,” ബാദല്‍ കൂട്ടിച്ചേര്‍ക്കുന്നു.

“ദിവസവും എനിക്ക് രണ്ടുമൂന്ന് മണിക്കൂര്‍ ലാഭിക്കാനാവുന്നുണ്ട്. ആ സമയത്ത് ഞാന്‍ 30 മുതല്‍ 40 വസ്ത്രങ്ങള്‍ വരെ കൂടുതലായി അയെണ്‍ ചെയ്യുന്നു,” കൂക്ക് ടൗണില്‍ നിന്നുള്ള ശക്തി മുരുകന്‍ പറഞ്ഞു.

ചെറുകിട സംരംഭകരെ സഹായിക്കുന്നതുവഴി സ്വയംതൊഴിലെടുക്കുന്നവര്‍ക്ക് അന്തസ്സുള്ള തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് ഉദയം ലേണിങ് ഫൗണ്ടേഷന്‍ ചെയ്യുന്നത്.

“(തൊഴിലില്ലായ്മയ്ക്ക്) ഒരു പരിഹാരം സ്വയം തൊഴില്‍ കണ്ടെത്തുകയെന്നതാണ്. അതാണ് ഭാവിയുടെ വഴിയെങ്കില്‍ ചെറിയ ചായക്കടക്കാരനും തെരുവുകച്ചവടക്കാര്‍ക്കും ഇസ്തിരിപ്പണിക്കാര്‍ക്കൊക്കെ അന്തസ്സുള്ള തൊഴില്‍ സാഹചര്യം വേണം. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാലാണ് ഇവരില്‍ പലരും ഈ പണികള്‍ക്കിറങ്ങുന്നത്. ഈ ചെറുകിട കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും വരുമാനവും അന്തസ്സും നല്‍കാനാണ് ഞങ്ങളുടെ ശ്രമം,” രാഹുല്‍ പറഞ്ഞുനിര്‍ത്തുന്നു.


ഇതുകൂടി വായിക്കാം: 40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം