“വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും, ചങ്ക് കൂട്ടുകാരെപ്പോലെ വര്‍ത്തമാനം പറഞ്ഞു തുടങ്ങും. ചിലര് മുടിയിലൊക്കെ പിടിച്ചു നോക്കും.
“ഇതൊക്കെ ഒറിജിനലാണോ, സ്ക്രീനില്‍ കാണുന്ന ആ നിറം ഇല്ലല്ലോ… മുഖത്ത് കുറച്ചു പാടൊക്കെയുണ്ടല്ലോ… എന്നൊക്കെ പറയും. വീട്ടുകാര്യവും കോളെജുകാര്യങ്ങളും നാട്ടുകാര്യങ്ങളൊക്കെ ചോദിക്കും. ചിലര് ഒരു സെല്‍ഫി കൂടിയെടുത്തിട്ടേ പോകൂ.
“ആദ്യമായിട്ട് കാണുന്നവര് ഇങ്ങനെ സംസാരിക്കുന്നതും വിഡിയോകളെക്കുറിച്ച് പറയുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ എനിക്കിഷ്ടവുമാണട്ടോ…,” യൂട്യൂബില്‍ കാണുന്ന പോലെ തന്നെ.. ചെറിയൊരു ചിരിയോടു കൂടി ഉണ്ണിമായ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രകൃതിക്കും ചര്‍മ്മത്തിനും പ്രശ്നമുണ്ടാക്കാത്ത സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വാങ്ങാം. Karnival.com
അതേ, ആ ആള് തന്നെ. യൂട്യൂബില്‍ ബ്യൂട്ടി ടിപ്സും രുചിവര്‍ത്തമാനങ്ങളുമൊക്കെയായി ചിരിച്ചു കളിച്ചു വിശേഷം പറയുന്ന ഉണ്ണിമായ അനില്‍.
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നവരൊക്കെ ഉണ്ണിമായ എന്നു കേട്ടാല്‍ തന്നെ പറയും, സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണിയിലെ ഉണ്ണിമായ അല്ലേന്ന്.
സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി, സിംപ്ലിഊണ്ണി വ്ലോഗ്സ് ഈ രണ്ട് യൂട്യൂബ് ചാനലുകളിലും ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു സെലിബ്രിറ്റിയാണിത്.
“ഞാന്‍ സെലിബ്രിറ്റിയൊന്നും അല്ലാട്ടോ ചേച്ചി.. ആരും അങ്ങനെയൊന്നുമല്ല എന്നോട് സംസാരിക്കുന്നത്. കൂട്ടുകാരെ പോലെ, മക്കളെ പോലെ… വലിയ ഇഷ്ടത്തോടെയാണ് അവരൊക്കെ എന്നോട് മിണ്ടുന്നത്.”
സെലിബ്രിറ്റിയൊന്നും അല്ലെന്നൊക്കെ ഉണ്ണിമായ പറയും.
യൂട്യൂബ് ചാനലില്‍ നിന്നു പ്രതിവര്‍ഷം ലക്ഷങ്ങള്‍ വരുമാനം നേടുന്ന ഈ 23-കാരിയുടെ സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി എന്ന ചാനലിന് ഒമ്പത് ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.
സിംപ്ലി ഉണ്ണി വ്ലോഗ്സിന് ഒരു ലക്ഷത്തോളവും. പിന്നെ ഇന്‍സ്റ്റയിലും ഫെയ്സ്ബുക്കിലുമൊക്കെ ആരാധകര്‍ വേറെയും. യൂട്യൂബിലെ താരമായതിനെക്കുറിച്ച് ഉണ്ണിമായ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്നു തോന്നി.
“കുറച്ചു പോക്കറ്റ് മണിയുണ്ടാക്കാന്‍ ഒരു പാര്‍ട് ടൈം ജോലി ചെയ്യണമെന്നു കരുതി ജോലി അന്വേഷിച്ചു തുടങ്ങി. വീട്ടില്‍ ഇരുന്നു ചെയ്യാവുന്ന ജോലി മതി. അതാകുമ്പോള്‍ പഠനത്തെയും ബാധിക്കില്ല. സ്വന്തമായൊരു ചെറിയ വരുമാനവും കിട്ടും.
“അങ്ങനെ ജോലി അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ ബിസിനിസ് ചെയ്താലോ, വീട്ടിലിരുന്നു മാറ്റര്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന ജോലിയാണെങ്കിലോ, പാര്‍ട്ട് ടൈം ജോലിക്ക് പോയാലോ..
“ഇങ്ങനെ ചിന്തകളൊക്കെ കാടുകയറി. കോളെജില്‍ പോകുന്നതിനൊപ്പം പാര്‍ട്ട് ടൈമായി മറ്റൊരു ജോലിക്ക് പോകാനുള്ള സാഹചര്യമില്ലായിരുന്നു. അങ്ങനെയൊക്കെ പലതും ആലോചിക്കുന്നതിനിടയിലാണ് സ്മാര്‍ട്ട്ഫോണ്‍ കിട്ടുന്നത്.
“അപ്പോ പിന്നെ ഇന്‍റര്‍നെറ്റ് ഒക്കെയെടുത്ത് യൂട്യൂബില്‍ വിഡിയോകള്‍ കണ്ടു തുടങ്ങി. പിന്നെ അതൊരു പതിവായി. യൂട്യൂബില്‍ വിഡിയോസ് കണ്ട് കണ്ട് ഇഷ്ടം തോന്നി, അങ്ങനെ ചെയ്യുന്നത് അടിപൊളിയല്ലേ എന്നൊക്കെ തോന്നി.”
യൂട്യൂബില്‍ വിഡിയോകള്‍ ചെയ്യുന്നതിലൂടെ വരുമാനവും കിട്ടുമെന്നു മനസിലായതോടെ ആ വഴിക്കായി ഉണ്ണിമായയുടെ ചിന്ത.
“ഫാഷനും ബ്യൂട്ടി ടിപ്സുമൊക്കെ നോക്കാറുള്ള ആളാണ്. പിന്നെ അമ്മ ബ്യൂട്ടിഷനാണ്. അച്ഛമ്മയാണേല്‍ കുറച്ചു നാട്ടുവൈദ്യമൊക്കെ അറിയാവുന്ന ആളും. ഇതിന്‍റെയൊരു ധൈര്യത്തിലാണ് സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ചാനല്‍.
“ബ്യൂട്ടി ടിപ്സ്, ട്രെന്‍ഡ്സ്, മേക് അപ്പ് ഉത്പന്നങ്ങളുടെ റിവ്യൂ ഇതൊക്കെയാണ് സിംപ്ലി മൈ സ്റ്റൈല്‍ എന്ന യൂട്യൂബ് ചാനലിലൂടെ നല്‍കുന്നത്. …നെയില്‍ ആര്‍ട്ട് ആയിരുന്നു ആദ്യത്തെ വിഡിയോ. ഇതില്‍ എന്‍റെ മുഖമൊന്നുമില്ല, ശബ്ദം മാത്രമേയുള്ളൂ. ആദ്യ വിഡിയോ ഒരു വിജയമൊന്നുമായിരുന്നില്ല. വ്യൂവേഴ്സും തീരെ കുറവായിരുന്നു. അതില്‍ സങ്കടമൊന്നും തോന്നിയിരുന്നില്ല.
“ഇടയ്ക്കൊക്കെ ചിലര്‍ കമന്‍റ് ചെയ്തു തുടങ്ങി. അതോടെ എനിക്ക് ആവേശമായി. നന്നായിട്ടുണ്ട്, ഇനിയും ചെയ്യൂ എന്നൊക്കെയുള്ള കമന്‍റസ് വലിയ പ്രചോദനമായിരുന്നു.
ഇതുകൂടി വായിക്കാം:വീട്ടില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് നാടന്‍ ഭക്ഷണമെത്തിക്കാനായി തുടങ്ങിയ ‘കാപ്പിക്കൂട്ട’ത്തിന്‍റെ വിജയകഥ
“ആറു മാസങ്ങള്‍ക്ക് ശേഷമാണ് എനിക്ക് 1,000 സബ്സ്ക്രൈബേഴ്സ് തികയുന്നത്. അതുവരെ ഈ കമന്‍റുകളാണ് വിഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കമന്‍റുകള്‍ നല്‍കിയ എനര്‍ജി അത്ര വലുതായിരുന്നു. 1,000 പേര്‍ ഞാന്‍ ചെയ്ത വിഡിയോകള്‍ കാണുകയെന്നു പറയുന്നത്, അടിപൊളിയല്ലേ.” ആവേശത്തോടെ പഴയ ഓര്‍മകളൊക്കെ പങ്കുവയ്ക്കുന്നു ഉണ്ണിമായ.
എങ്കിലും ആ ആറുമാസം ഉണ്ണിമായ വലിയ സങ്കടങ്ങളിലൂടെയാണ് ജീവിച്ചത്. പക്ഷേ പഴയ ആ സങ്കടങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഉണ്ണിമായ ഇങ്ങനെ പറയും: “ആ പ്രതിസന്ധികളാണ്, ആ പരിഹാസവാക്കുകളാണ് എന്‍റെ വിജയത്തിന്‍റെ കാരണക്കാരെന്ന്. ഡിഗ്രി പഠിക്കുന്ന എന്‍റെ കൈയില്‍ വലിയ തുകയൊന്നും ഇല്ല. സാംസങ്ങിന്‍റെ സ്മാര്‍ട്ട്ഫോണും പിന്നെയൊരു സെല്‍ഫി സ്റ്റിക്കുമായിരുന്നു ആയുധങ്ങള്‍.
“കോളെജില്‍ പഠിക്കുന്ന സമയത്താണല്ലോ വിഡിയോ ചെയ്തു തുടങ്ങുന്നത്. കോളെജിലെ കൂട്ടുകാരെന്നെ കുറേ കളിയാക്കിയിട്ടുണ്ട്. അവര്‍ക്ക് യൂട്യൂബ് വിഡിയോകള്‍ ചെയ്യുന്നതിനെക്കുറിച്ച് വല്യ പിടിയില്ല. അന്നൊന്നും അത്ര സുപരിചിതമല്ല യൂട്യൂബ് വിഡിയോകള്‍. യൂട്യൂബിന്‍റെ സാധ്യതകളെക്കുറിച്ചൊന്നും അവര്‍ക്കത്ര പരിചയവുമില്ല. ഞാനെന്തെക്കെയോ കാണിച്ചു കൂട്ടുകയാണ്.
എനിക്ക് വട്ടാണെന്നു വരെ കരുതിയവരുണ്ട്. ഭയങ്കര കളിയാക്കലുകളാണ് നേരിട്ടത്.
“എന്‍റെ മുഖം കാണിച്ച് ഞാനാദ്യം ചെയ്യുന്നത് ഒരു മേക്ക് അപ്പ് വിഡിയോയാണ്. അതിന്‍റെ പേരില്‍ ഒത്തിരി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. വല്ലാത്ത തരത്തിലാണ് കൂട്ടുകാരൊക്കെ എന്നെ കളിയാക്കിയത്. ഒടുവില്‍ ആ വിഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നു.
“പക്ഷേ ഇപ്പോ ആ കളിയാക്കിയ കൂട്ടുകാരോട് എനിക്ക് നന്ദിയാണുള്ളത്. വിഡിയോകള്‍ ചെയ്യാന്‍ ധൈര്യം നല്‍കിയത് ഈ പരിഹാസങ്ങളാണ്,” അതൊക്കെ പ്രതിസന്ധികളായല്ല പ്രചോദനമായാണ് എടുത്തതെന്ന് ഉണ്ണിമായ.
“യൂട്യൂബില്‍ വിഡിയോ ചെയ്യുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു. അത്ര സ്ട്രിക്റ്റ് ഒന്നുമല്ല വീട്ടില്ല. പിന്നേം കുറച്ച് സ്ട്രിക്റ്റ് അമ്മയാണ്. പക്ഷേ ഞാന്‍ ചെയ്യുന്നതിനെക്കുറിച്ച് അവരോട് എനിക്ക് പറഞ്ഞു മനസിലാക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. അത്ര വലിയ ഒരു പ്രശ്നവും വീട്ടിലുണ്ടായിട്ടില്ല.
ബന്ധുക്കളില്‍ നിന്ന് ചെറിയ വിമര്‍ശനങ്ങളൊക്കെ കിട്ടിയിരുന്നു.
“കല്യാണം കഴിയാത്ത പെണ്‍കുട്ടി യൂട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്നു, അതും സ്വന്തം മുഖം കാണിച്ചു കൊണ്ട്. പക്ഷേ ഇതും ഒരു പ്രശ്നമൊന്നും ആയിരുന്നില്ല…. ചെറിയ എതിര്‍പ്പുകളെ മാത്രമേ അതിജീവിക്കേണ്ടി വന്നുള്ളൂ.
“ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് വരുമാനമൊക്കെ കിട്ടി തുടങ്ങുന്നത്. മോണിടൈസേഷന് സമയമെടുത്തു. … പക്ഷേ വരുമാനം കിട്ടില്ലെന്നു കരുതി വിഡിയോകള്‍ അപ്‍ലോഡ് ചെയ്യാതെയിരുന്നിട്ടില്ല. വിഡിയോകള്‍ ചെയ്യുന്നത് എനിക്കിഷ്ടമായിരുന്നു,” വരുമാനത്തെക്കാള്‍ വലുത് ആളുകള്‍ നല്ല കമെന്‍റുകള്‍ നല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷം തന്നെയായിരുന്നു എന്ന് ഉണ്ണിമായ.
“അവര് എഴുതിയിടുന്ന കമ്മന്‍റ്സ് അനുസരിച്ച് വിഡിയോസ് ചെയ്യുമായിരുന്നു. ആദ്യനാളില്‍ എന്നും ഒരു വിഡിയോ ചെയ്യുമായിരുന്നു. അതു മസ്റ്റായിരുന്നു. പരീക്ഷാസമയത്ത് മാത്രമേ ഇടവേളയെടുത്തിരുന്നുള്ളൂ.
“1,000 പേര്‍ സബ്സ്ക്രൈബറായ ശേഷം ഞാനിട്ട ഒരു വിഡിയോ വൈറലായി. അതോടെ ആളുകളുടെ എണ്ണം കൂടി. അതിനൊപ്പം വ്യൂസും കൂടി. കുറച്ചുനാള്‍ കൂടി കഴിഞ്ഞ ശേഷമാണ് വരുമാനം കിട്ടി തുടങ്ങുന്നത്.”
ബികോം കഴിഞ്ഞു കോസ്മറ്റോളജി പഠിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ ഉണ്ണിമായ. സാധാരണ അത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാള്‍ക്ക് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം യൂട്യൂബിലൂടെ നേടുന്നുണ്ട് എന്ന് യൂട്യൂബ് സെലിബ്രിറ്റി പറയുന്നു.
“എല്ലാ മാസവും കൃത്യമായ തുകയല്ല കിട്ടുന്നത്. കൂടിയും കുറഞ്ഞുമിരിക്കും. പക്ഷേ ആ കിട്ടുന്ന വരുമാനത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്,” ഉണ്ണിമായ കൂട്ടിച്ചേര‍്ക്കുന്നു.
വിഡിയോ ചെയ്യുന്നതിന് മുന്‍പ് ഹോം വര്‍ക് ചെയ്യാറുണ്ട് ഉണ്ണിമായ. വിഡിയോ സ്ക്രിപ്റ്റ് തയാറാക്കും.
“ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കിയെടുക്കും. സാധാരണ ഞാനെങ്ങനെയാണ് വര്‍ത്തമാനം പറയുന്നത് അതുപോലെ പറയും. അത്രേയുള്ളൂ. ബ്യൂട്ടിഷനായ അമ്മയും നാട്ടുവൈദ്യമറിയാവുന്ന അമ്മൂമ്മയാണ് കണ്ടന്‍റിന്‍റെ കാര്യത്തില്‍ സഹായിക്കുന്നത്.
“അവരില്‍ നിന്നു കുറേ അറിവു കിട്ടിയിട്ടുണ്ട്. പിന്നെ ഇതേക്കുറിച്ചുള്ള ഒരുപാട് പുസ്തകങ്ങള്‍ വായിക്കാറുമുണ്ട്. പിന്നെ സബ്സ്ക്രൈബേഴ്സില്‍ ചിലര്‍ അവര്‍ക്ക് അറിയാവുന്നതിനെക്കുറിച്ച് പറയും, ചിലര്‍ അത്തരം കാര്യങ്ങളുടെ ഫോട്ടൊയെടുത്ത് അയച്ചു തരും,” ഒപ്പം പ്രൊഡക്ട് റിവ്യൂകളും ചെയ്യുന്നുണ്ട്.
“പിന്നെ, ഓരോ വിഡിയോ കഴിയുമ്പോഴും കൂടുതല്‍ ബെറ്ററാക്കാന്‍ ശ്രമിക്കാറുണ്ട്. കുറച്ചു പ്രൊഫഷണലായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ശ്രമിക്കാറുമുണ്ട്. പെട്ടെന്നു മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ല.
എന്നാല്‍ ബ്യൂട്ടിയ്ക്കൊപ്പം കുറച്ച് എന്‍റര്‍ടെയ്ന്‍മെന്‍റും കൂടി കൊണ്ടുവന്നു വിപുലമാക്കണമെന്നാണ് ആഗ്രഹം.
“സൗന്ദര്യസംരക്ഷണത്തിനുള്ള വിഡിയോകള്‍ ചെയ്യാനാണ് കൂടുതലിഷ്ടം. അതിനൊപ്പം യാത്രകളും ഫൂഡും ഇഷ്ടമാണ്,” പക്ഷേ ഇതെല്ലാം കൂടി കൂട്ടിക്കുഴയ്ക്കാതെ അവര്‍ ഒരു പുതിയ യൂട്യൂബ് ചാനല്‍ കൂടി തുടങ്ങി. സിംപ്ലി ഉണ്ണി വ്ലോഗ്‍സ് എന്നാണതിന്‍റെ പേര്. യാത്രയും രുചിയുമാണിതിന്‍റെ വിഷയം
“ഞാന്‍ ചാനല്‍ ആരംഭിക്കുമ്പോള്‍ നാലോ അഞ്ചോ പേര്‍ മാത്രമേ (മലയാളത്തില്‍) ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോള്‍ പുതുതായി കുറേപ്പേര്‍ വന്നിട്ടുണ്ട്. പുതിയ ആള്‍ക്കാരെയൊന്നും അത്ര പരിചയമില്ല.
“പക്ഷേ ഞാന്‍ തുടങ്ങിയ നാളിലുണ്ടായിരുന്ന കുറച്ചു പേരെ അറിയാം. അവരുമായി നല്ല സൗഹൃദമുണ്ട്. പരസ്പരം നല്ല സപ്പോര്‍ട്ടീവുമാണ്. ഒരുപാടാളുകള്‍ വരുന്നതു കൊണ്ട് മത്സരവുമുണ്ട്. എന്നാലും നമ്മുടെ വ്യൂവേഴ്സിന് ഇഷ്ടമുള്ള കണ്ടന്‍റാണ് ചെയ്യുന്നതെങ്കില്‍ വ്യൂവേഴ്സ് കാണും.
“അവര്‍ക്ക് ഇഷ്ടമില്ലാത്ത വിഡിയോകള്‍ ചെയ്താല്‍ നമ്മള്‍ ഔട്ടാകും അത്രേയുള്ളൂ. ഇഷ്ടമുള്ള കണ്ടന്‍റ്, ഇഷ്ടത്തോടെ പാഷനായിട്ട് ചെയ്യുക. അത്രേയുള്ളൂ ഒരു പ്രശ്നവുമുണ്ടാകില്ല,” അതാണ് ഉണ്ണിമായയുടെ വിജയതന്ത്രം.
“ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ ആഗ്രഹമൊക്കെയുണ്ട്. പക്ഷേ അതിലൊന്നും വലിയ ആവേശം തോന്നുന്നില്ല. … ആയിരം സബ്സ്ക്രൈബേഴ്സ് തികഞ്ഞപ്പോഴാണ് ഞാന്‍ ആവേശത്തിലായത്. അത്രയും സന്തോഷം തോന്നിയത്. അതെനിക്ക് വലിയൊരു നേട്ടമായിരുന്നു.
സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തെക്കാള്‍ വിഡിയോകള്‍ ആളുകള്‍ കാണണമെന്ന ആഗ്രഹമാണിപ്പോഴുള്ളത്.
“ഇതല്ലാതെ വേറെ ഒരു കാര്യവും ചെയ്യാനിപ്പോ നേരമില്ലെന്നതാണ് യാഥാര്‍ഥ്യം. മുഴുവന്‍ സമയവും ഇതിനൊപ്പമാണ്. കണ്ടന്‍റ് കണ്ടെത്താനും എഡിറ്റ് ചെയ്യാനും ഷൂട്ടിനുമൊക്കെ സമയം കുറേ വേണമല്ലോ.
“രാത്രി കുറച്ചു നേരം എന്തായാലും പാട്ടു കേള്‍ക്കും. പിന്നെ മൂന്നു വയസ് മുതല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സാണ് പഠിച്ചത്. പത്താം ക്ലാസ് വരെ മാത്രം.
“അച്ഛന്‍ നന്നായി വരയ്ക്കും. ആ വര കുറച്ച് എനിക്കും കിട്ടിയിട്ടുണ്ട്. ചെറുതായിട്ട് പാടും. ടിക് ടോക് ചെയ്യാറുണ്ട്. ടിക് ടോക്ക് ഹോബിയാണോ എന്നറിയില്ല. കുറച്ചു സമയമേ വെറുതേ ഇരിക്കാന്‍ കിട്ടുന്നുള്ളൂ. ബാക്കി നേരം വര്‍ക്കിനോട് വര്‍ക്ക് തന്നെയാണ്,” പക്ഷേ ഈ തിരക്കുകളൊക്കെ നന്നായി ആസ്വദിക്കുന്നു ഉണ്ണിമായ.
കോട്ടയമാണ് സ്വദേശം. പക്ഷേ എറണാകുളത്താണ് ഉണ്ണിമായയും കുടുംബവും താമസിക്കുന്നത്. അനില്‍ കുമാറാണ് അച്ഛന്‍. അമ്മ മിനി. അനിയന്‍ വിഷ്ണു അനില്‍, അനുജത്തി മീനാക്ഷി അനില്‍. അച്ഛനും അമ്മയും അനുജനും ഒരുമിച്ച് ഷോപ്പ് നടത്തുകയാണ്. മീനാക്ഷി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇതുകൂടി വായിക്കാം: ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.