മുറികളിലും കബോർഡിലും വരെ കൃഷി; 4 സെന്‍റില്‍ നിറയെ പച്ചക്കറി വിളയിച്ച കംപ്യൂട്ടര്‍ അസിസ്റ്റന്‍റ്

നാലു സെന്‍റ് ഭൂമിയിലാണ് ബീന ജി നായരുടെ വീട്. അതില്‍ ഒരു തുണ്ടുഭൂമി പോലും വെറുതെ കളഞ്ഞിട്ടില്ല, എല്ലായിടത്തും പച്ചക്കറിവിളകളാണ്. ഇതിലെന്താ ഇത്ര അല്‍ഭുതം എന്നു മട്ടുപ്പാവില്‍ കൃഷി നടത്തുന്നവര്‍ ചോദിച്ചേക്കാം. പക്ഷേ, ഇനിയും കൃഷി തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് ഈ കംപ്യൂട്ടര്‍ അസിസ്റ്റന്‍റ് വലിയ പ്രചോദനമാവും.

ണ്ണെത്താദൂരത്തോളം പച്ച വിരിച്ചു നില്‍ക്കുന്ന നെല്‍പ്പാടം. പാവലും വെണ്ടയും പയറും ചീരയുമൊക്കെയായി വലിയൊരു പച്ചക്കറി തോട്ടം.. തണല്‍പ്പച്ചയിൽ പ്ലാവും മാവും…

ഈ ദൃശ്യങ്ങളൊക്കെ നമ്മുടെ നാട്ടില്‍ നിന്നകന്നു കൊണ്ടിരിക്കുകയാണ്. കൃഷിയും കൃഷിഭൂമിയും ഇല്ലാതായി കൊണ്ടിരിക്കുന്നു.

ബീന ജി നായര്‍

എന്നാൽ ഏക്കറുകണക്കിന് സ്ഥലമില്ലെങ്കിലും കൃഷിയില്‍ വിജയിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച ഒരാളാണ് ബീന ജി നായര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്‍റായ ബീന സ്ഥലത്തിന്‍റെയും സമയത്തിന്‍റെയും പരിമിതികളെ തോൽപ്പിച്ച് താരമാകുകയാണ്.


വീടിന്‍റെ ടെറസില്‍ മാത്രമല്ല പാരപ്പറ്റിലും മതിലിലും മുറ്റത്തുമെല്ലാം കൃഷിയാണ്.


പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ച് നഗരജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും വിത്ത് പാകിയും തൈ നട്ടു പിടിപ്പിച്ചും നട്ടുനനച്ചും ചെടികളെ പരിപാലിക്കുകയാണ് ഈ അങ്കമാലിക്കാരി. എറണാകുളം ജില്ലയില്‍ അങ്കമാലി കിടങ്ങൂര്‍ കാക്കാനാട്ട് വീട്ടില്‍ ബീനയുടെ കൃഷിസ്ഥലം ചെറുതെങ്കിലും കൃഷിസ്‌നേഹം അവിടെയൊന്നും ഒതുങ്ങുന്നതല്ല. നാല് സെന്‍റിലാ ണ് ബീനയുടെ വീട്. അവിടെ ഒരുതുണ്ടുസ്ഥലം പോലും വറുതെ കളയാതെ പച്ചക്കറികൾ നിറഞ്ഞ് നിൽക്കുന്നു.


ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്


വീടിന്‍റെ ടെറസില്‍ മാത്രമല്ല പാരപ്പറ്റിലും മതിലിലും മുറ്റത്തുമെല്ലാം കൃഷിയാണ്. പയര്‍, ചീര, പാവല്‍, വെണ്ട, തക്കാളി, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, അമര, കോവല്‍, ചിരങ, കുമ്പളം, വഴുതന, നാരകം, കാബേജ് എന്നു വേണ്ട പ്ലാവും മാവും ഇരുമ്പന്‍ പുളിയും ചാമ്പയും പേരയും സപ്പോട്ടയും, ഇതെല്ലാം കൂടാതെ മുറിയിലും കബോര്‍ഡിലുമായി കൂണ്‍ കൃഷിയുമുണ്ട് ഈ കാക്കാനാട്ട് വീട്ടില്‍.

ബീന ജി നായര്‍ കൃഷിഭൂമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

”ആറു കൊല്ലം മുന്‍പാണ് ഞങ്ങളൊരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ നാട്ടിലെ എന്‍എസ്എസിന്‍റെ സഹായത്തോടെയാണ് കൃഷിയ്ക്ക് തുടക്കമിടുന്നത്. 25 ഗ്രോബാഗ് കൃഷി ചെയ്യണമെന്ന മോഹത്തോടെയാണ് ചെല്ലുന്നത്. എന്നാല്‍ ആളെണ്ണം കൂടിയതോടെ ഗ്രോബാഗിന്‍റെ എണ്ണം 15 മാത്രമായി കുറഞ്ഞു. എന്നാല്‍ ആരംഭഘട്ടത്തിലുണ്ടായിരുന്ന പലരും ഇന്ന് കൃഷി ചെയ്യുന്നില്ല,” ബീന പറയുന്നു.


പതിനഞ്ച് ഗ്രോ ബാഗുകളില്‍ തുടങ്ങിയ ബീനയുടെ കൃഷി ജീവിതം വളര്‍ന്നു പന്തലിച്ചു. ഇന്ന് നാന്നൂറിലേറെ ഗ്രോബാഗുകളിലാണ് കൃഷി.


പതിനഞ്ച് ഗ്രോ ബാഗുകളില്‍ തുടങ്ങിയ ബീനയുടെ കൃഷി ജീവിതം വളര്‍ന്നു പന്തലിച്ചു. ഇന്ന് നാന്നൂറിലേറെ ഗ്രോബാഗുകളിലാണ് കൃഷി. മുറ്റത്തും ചിലത് നട്ടുപിടിപ്പിച്ചിട്ടുണ്ട്.

രണ്ട് മാവും പ്ലാവും ചെടികളും മുറ്റത്ത് നട്ടിട്ടുണ്ട്. പച്ചക്കറി കൃഷി മാത്രമായിരുന്നു ആരംഭഘട്ടത്തില്‍. “പച്ചക്കറിയാണ് എനിക്ക് കൂടുതലിഷ്ടം. പിന്നീട് അമ്മയും മക്കളും ചെടി നടണമെന്നു പറഞ്ഞു. അങ്ങനെയാണ് മുറ്റത്ത് ചെടികള്‍ നട്ടുതുടങ്ങുന്നത്. 24 ചട്ടിയില്‍ കുറ്റിമുല്ലയുണ്ട്,” ബീന വിശദീകരിക്കുന്നു.

ബീന ജി നായര്‍. ഫോട്ടോ: ഹരിതകേരളം

”പണ്ടുകാലത്ത് ഒട്ടുമിക്കവരുടെയും വീട്ടുമുറ്റങ്ങളില്‍ കാച്ചിലും ചേമ്പും ചേനയും അടതാപ്പുമൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ടാകും. ഇന്ന് അതൊന്നും ഇല്ലല്ലോ.. പക്ഷേ ഞാന്‍ എന്‍റെ കൃഷിയിടത്തില്‍ കാച്ചിലിനും ചേമ്പിനുമൊക്കെ ഇടം നല്‍കിയിട്ടുണ്ട്. അന്യം നിന്നു പോകുന്നതാണിതൊക്കെയും.


25 ഗ്രോബാഗില്‍ മഞ്ഞള്‍ നട്ടാല്‍ മതി. ഞങ്ങൾക്ക് ഒരു വര്‍ഷത്തേക്കുള്ള മഞ്ഞള്‍പ്പൊടി അതില്‍ നിന്നു കിട്ടും.


“ഈ നാടന്‍ രുചികളെ വീണ്ടും കൊണ്ടുവരണമെന്നാണ് ആഗ്രഹം. കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിനായി പലര്‍ക്കും നടാനും മറ്റും കാച്ചിലൊക്കെ കൊടുത്തുവിടും. കപ്പയും പപ്പായയും ചട്ടിയിലാണ് നട്ടിരിക്കുന്നത്. ചട്ടിയില്‍ നട്ടതു കൊണ്ട് ഭൂമിയില്‍ നടുന്നതിന്‍റെ അത്രയും വിളവ് കിട്ടില്ല. ഒരെണ്ണത്തില്‍ എട്ടോ പത്തോ പപ്പായ കിട്ടും. വീട്ടാവശ്യങ്ങള്‍ക്ക് അതു ധാരാളം തന്നെ. കൊതിക്ക് കഴിക്കാന്‍ ഇതൊക്കെ തന്നെ അധികമല്ലേ,” എന്ന് ബീന.


ഇതുകൂടി വായിക്കാം: മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ


”വീട്ടിലേക്കുള്ള മഞ്ഞള്‍പ്പൊടിയും വീട്ടിൽ കൃഷി ചെയ്താണുണ്ടാക്കുന്നത്. 25 ഗ്രോബാഗില്‍ മഞ്ഞള്‍ നട്ടാല്‍ മതി. ഞങ്ങൾക്ക് ഒരു വര്‍ഷത്തേക്കുള്ള മഞ്ഞള്‍പ്പൊടി അതില്‍ നിന്നു കിട്ടും. പ്രളയം വന്നതിനാല്‍ ഇക്കുറി മഞ്ഞള്‍ കുറവാണ്. പക്ഷേ ഉള്ളത് വിളവെടുത്ത് ഉണക്കാനിട്ടിരിക്കുകയാണിപ്പോള്‍. 45 ചട്ടി കുരുമുളകാണ് നട്ടിരിക്കുന്നത്. അതും വിളവെടുക്കാനായി.”

ബീന ജി നായരുടെ ടെറസ് കൃഷി

ജൈവകൃഷി രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. രാസവളങ്ങളൊന്നും ഉപയോഗിക്കില്ല. വീട്ടില്‍ ബയോഗ്യാസ് പ്ലാന്‍റുണ്ട്. പ്ലാസ്റ്റിക്, മുട്ടത്തോട്, ചകരി ഇതൊക്കെ ഒഴികെയുള്ള അടുക്കള മാലിന്യങ്ങളാണ് പ്ലാന്‍റിലിടുന്നത്. അഴുകി പോകുന്നതും ചിക്കന്‍ വെള്ളം, കഞ്ഞി വെള്ളം, മീന്‍ വെള്ളം ഇതൊക്കെ പ്ലാന്‍റിലൊഴിക്കും. ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നുള്ള സ്ലറിയും കുമ്മായവും.. ഇതൊക്കെയാണ് ചെടിക്ക് വളമായി നല്‍കുന്നത്.


ജോലിത്തിരക്കുകള്‍ ഉണ്ടെങ്കിലും നിത്യവും രണ്ടര മണിക്കൂര്‍ നേരം കൃഷി പരിപാലനത്തിനായി മാറ്റിവച്ചിരിക്കുകയാണ്.


സ്ലറിയിലേക്ക് പത്തിരിട്ടി വെള്ളം ഒഴിച്ചാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. രണ്ടുമാസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുക്കും. കീടങ്ങളെ അകറ്റാന്‍ റെഡ് ടെറാക്കോട്ട പെയിന്‍റാണ് ടെറസില്‍ അടിച്ചിരിക്കുന്നതെന്നും ബീന. വേപ്പിൻപിണ്ണാക്കും നിലക്കടല പിണ്ണാക്കും കുതിര്‍ത്ത് നാല് ദിവസം വെച്ച ശേഷം ഉണ്ടാകുന്ന തെളിയും വളമായി ഉപയോഗിക്കുന്നുണ്ടെന്നും ബീന.

”ജോലിത്തിരക്കുകള്‍ ഉണ്ടെങ്കിലും നിത്യവും രണ്ടര മണിക്കൂര്‍ നേരം കൃഷി പരിപാലനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. രാവിലെ ഏഴര മുതല്‍ എട്ടര വരെ നനയ്ക്കലും വിളവെടുക്കലും. വൈകുന്നേരം ജോലി കഴിഞ്ഞ വന്ന ശേഷം എട്ടര മുതല്‍ പത്ത് വരെ വീണ്ടും കൃഷിയിടത്തിലാകും. ആ സമയത്താണ് പുല്ലുപറിക്കലും വൃത്തിയാക്കലുമെല്ലാം.

ബീന ജി നായര്‍ കൃഷിഭൂമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്

രണ്ട് ദിവസം കൂടുമ്പോള്‍ എല്ലായിടവും അടിച്ചു വൃത്തിയാക്കും. അവധി ദിനങ്ങളിലാണ് വളമിടല്‍ പരിപാടികള്‍. ടെറസിലായതു കൊണ്ട് നല്ല വെയിലാണ്. അതുകൊണ്ട് തന്നെ പതിവായി വെള്ളം ഒഴിക്കും.”

 

കൃഷി ഏറെയും ഗ്രോ ബാഗിലാണ്. എന്നാല്‍ ഗ്രോബാഗ് ഒഴിവാക്കാനുള്ള തീരുമാനത്തിലാണെന്നു ബീന പറയുന്നു. ”പൂര്‍ണമായിട്ടും അല്ല, ടെറസില്‍ മാത്രം. ഭൂമി കുറവുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായണ് ഗ്രോബാഗുകള്‍. എന്നാല്‍ ടെറസില്‍ കഠിന വെയിലാണ്.. വെള്ളം ഒഴിച്ച് ഒന്നിളക്കുമ്പോള്‍ തന്നെ ബാഗ് പൊട്ടിപോകുന്നു.


ഇതുകൂടി വായിക്കാം: വേണമെങ്കില്‍ കൊക്കഡാമ കേരളത്തിലും


“ഗ്രോ ബാഗിന് പകരം ചട്ടി വാങ്ങാനുള്ള ആലോചനയിലാണ്. ജോലി ഭാരം കുറയ്ക്കാനും ചട്ടികളാണ് നല്ലത്. 150ലേറെ ചട്ടികളാണ് വേണ്ടത്. ഗ്രോബാഗ് കുറഞ്ഞ വിലയ്ക്ക് കിട്ടും. എന്നാല്‍ ഹൈ ക്വാളിറ്റിയുള്ള 14 ഇഞ്ച് ചട്ടിക്ക് വില കുറച്ച് കൂടുതലാണ്. എല്ലാം കൂടി ഒരുമിച്ച് വാങ്ങുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തത്ക്കാലം വേനല്‍ക്കാലം വരുന്നതിനു മുന്‍പേ കുറച്ച് കുറച്ചായി ചട്ടികള്‍ വാങ്ങി കൃഷി അതിലേക്ക് മാറ്റാനാണ് പദ്ധതി.”

ബീന ജി നായരുടെ ടെറസ് കൃഷി. ഫോട്ടോ: കൃഷിഭൂമി/ ഫേസ്ബുക്ക്

ബീന കൂണ്‍ കൃഷി ക്ലാസുകള്‍ എടുക്കാനും സമയം കണ്ടെത്തുന്നു. വീടിനടുത്തുള്ള ബന്ധുവിന്‍റെ പറമ്പില്‍ കൃഷി ആരംഭിച്ചിരിക്കുകയാണിപ്പോൾ. ഈ പറമ്പിൽ തക്കാളി, വെണ്ട, പാവല്‍ തുടങ്ങിയവ കൃഷി ചെയ്ത് കൃഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ബീനയിപ്പോള്‍.


പത്ത് വിത്ത് കിട്ടിയാല്‍ ഒരെണ്ണം എനിക്ക് മതി. അത് മുളപ്പിക്കാനാകുമെന്നു ഉറച്ച വിശ്വാസമുണ്ട്. ബാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കും.


”കൃഷി ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും എന്‍റെ കൃഷി കാണണമെന്നുള്ളവര്‍ക്കും ഇവിടേക്ക് വരാം. പത്ത് വിത്ത് കിട്ടിയാല്‍ ഒരെണ്ണം എനിക്ക് മതി. അത് മുളപ്പിക്കാനാകുമെന്നു ഉറച്ച വിശ്വാസമുണ്ട്. ബാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കും. എന്നാല്‍ ചിലരൊക്കെ അതു ഉപയോഗിക്കുക പോലുമില്ല. അത്തരക്കാരെ മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ വിത്തൊന്നും അവര്‍ക്ക് കൊടുക്കില്ല. എന്തിനാ വെറുതേ കളയുന്നേ..” ബീന ചോദിക്കുന്നു.

”കഴിഞ്ഞ ആറു വര്‍ഷമായി വീട്ടിലേക്കുള്ള പച്ചക്കറിയൊക്കെയും എന്‍റെ ഈ ടെറസ് കൃഷിയിലൂടെയാണ് കണ്ടെത്തിയത്. ഒന്നും പുറത്തുനിന്നു വാങ്ങേണ്ടി വന്നിട്ടില്ല. പക്ഷേ ഇക്കുറി പ്രളയം എന്‍റെ കൃഷിയെയും തകര്‍ത്തു..മുന്‍വര്‍ഷങ്ങളിലേതു പോലെ വലിയ വിളവ് ലഭിച്ചില്ല. കുറച്ചധികം ഗ്രോബാഗുകള്‍ കേടായി…കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ നല്ല മഴയായിരുന്നില്ലേ..

“ഗ്രോബാഗില്‍ മണ്ണും വളവുമൊക്കെ നിറച്ച ഉടന്‍ മഴ പെയ്തതോടെ അതൊക്കെ ഒലിച്ചു പോയി. അങ്ങനെയും ചില ബുദ്ധിമുട്ടുകളുണ്ടായി. ഭൂമിയില്‍ കൃഷി ചെയ്യുന്ന അത്രയും വരുമാനവും വിപണിയൊന്നും ടെറസ് കൃഷിയിലൂടെ കിട്ടില്ലല്ലോ.. പക്ഷേ വിഷരഹിതമായ പച്ചക്കറികള്‍ കൊണ്ട് കറിയുണ്ടാക്കി മക്കള്‍ കൊടുക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. ഞാന്‍ നട്ടുനനച്ചു വളര്‍ത്തിയതാണിതൊക്കെയും എന്നു ഓര്‍ക്കുമ്പോള്‍ തന്നെ എന്തൊരു സന്തോഷമാണെന്നോ..” ഇതു പറയുമ്പോൾ ബീനയുടെ കണ്ണുകളില്‍ അഭിമാനത്തിളക്കം.


ടെറസ് കൃഷിയിലൂടെ വീട്ടിലേക്ക് ആവശ്യമായ സകല പച്ചക്കറികളും ലഭിക്കുന്നുണ്ട്. ചെറിയ തോതില്‍ വിപണനവുമുണ്ട്.


കൃഷി മാത്രമല്ല ചെറിയ തോതില്‍ കാറ്ററിങ് സര്‍വീസുമുണ്ട്. കുറേയധികം പേര്‍ക്കൊന്നും അല്ല. കുക്കിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ട് സമയമൊക്കെ ഉണ്ടെങ്കില്‍ മാത്രം, നൂറോളം പേര്‍ക്കുള്ള സദ്യയൊരുക്കി കൊടുക്കും. ഇത്തിരി നേരം പോലും വെറുതേ ഇരിക്കുന്നത് ഇഷ്ടമല്ല.. അതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ബീന.ജി.നായര്‍.


ഇതുകൂടി വായിക്കാം: അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരനെത്തേടി ഇന്ന് ലോകമെത്തുന്നു: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ


”ടെറസ് കൃഷിയിലൂടെ വീട്ടിലേക്ക് ആവശ്യമായ സകല പച്ചക്കറികളും ലഭിക്കുന്നുണ്ട്. ചെറിയ തോതില്‍ വിപണനവുമുണ്ട്. വീട്ടാവശ്യം കഴിഞ്ഞു ബാക്കി വരുന്ന പച്ചക്കറി വീട്ടില്‍ നിന്നു തന്നെ കിലോയൊക്കെ നോക്കി പാക്ക് ചെയ്യും. ഓഫിസിലുള്ളവരും സ്ഥിരമായി പോകുന്ന ബസിലെ സഹയാത്രികരുമാണ് പച്ചക്കറി വാങ്ങുന്നത്. ഇതിനൊപ്പം വീട്ടില്‍ വരുന്നവര്‍ക്കും അയല്‍വാസികള്‍ക്കും കൃഷി കാണാനെത്തുന്നവര്‍ക്കുമെല്ലാം പച്ചക്കറി നല്‍കും. കുറേയൊന്നും എല്ലാവര്‍ക്കും നല്‍കാനായെന്നു വരില്ല. ഒരു പിടി പച്ചമുളക് എങ്കിലും കൊടുത്തേ വിടു. അതൊരു സന്തോഷമാണ്. മാത്രമല്ല അതു വാങ്ങുന്നവര്‍ക്കും കൃഷി ചെയ്യണമെന്നൊരു തോന്നലുണ്ടാകും. എന്‍റെ മക്കള്‍ മാത്രം വിഷരഹിതമായ പച്ചക്കറി കഴിച്ചാല്‍ പോരല്ലോ..”

 

ബീന ജി നായര്‍ കൃഷിഭൂമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്

”കുട്ടിക്കാലം തൊട്ടേ കൃഷിയോട് എനിക്കിഷ്ടമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ഭര്‍ത്താവിന്‍റേത് കാര്‍ഷിക കുടുംബമാണ്. പെരുമ്പാവൂരില്‍ ഇരിങ്ങോളിലാണ് അദ്ദേഹത്തിന്‍റെ വീട്. കൃഷി ചെയ്യാന്‍ അവിടെ സ്ഥലമുണ്ട്. പക്ഷേ ജോലിയും വീട്ടിലെ ടെറസ് കൃഷിയും ഇതിനിടയില്‍ അതിനു സമയം കിട്ടില്ല. ദുബായിലാണ് ഭര്‍ത്താവ് നാരായണപിള്ള. പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്നാല്‍ അദ്ദേഹത്തിന്‍റെ നാട്ടില്‍ വിപുലമായ കൃഷി ആരംഭിക്കാനുള്ള ആലോചനയിലാണ് ഞങ്ങള്‍.”

കിടങ്ങൂരില്‍ അമ്മ മാലതിയമ്മയ്ക്കും അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ക്കും മക്കള്‍ക്കുമൊപ്പമാണ് താമസം. ഫിസാറ്റില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന ഗാഥയും പ്ലസ് ടുവിന് പഠിക്കുന്ന ഗൗതമുമാണ് മക്കള്‍. ഇവരുടെയൊക്കെ പിന്തുണയോടെയാണ് എന്‍റെ കൃഷി മുന്നോട്ട് പോകുന്നതെന്നും ബീന പറഞ്ഞു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം