86-ാം വയസ്സിലും 12 ഏക്കറില്‍ പാടത്തും പറമ്പിലും ഇറങ്ങി ജൈവകൃഷി ചെയ്യുന്ന നാരായണേട്ടന്‍ 

“തവിട് ട്രീറ്റ് ചെയ്യുന്നത് ‍ഞാന്‍ തന്നെയാണ്. ശേഷം പാക്കറ്റിലാക്കി വയ്ക്കും. അമെരിക്കക്കാര് ഇവിടെ വരുമ്പോ വാങ്ങി കൊണ്ടുപോകുകയാണ്.”

രമ്പു വെട്ടലും വിതയ്ക്കലും വളമിടലും നടലും വിളവെടുക്കലുമൊക്കെയായി പകലന്തിയോളം പാടത്തും പറമ്പിലുമൊക്കെയാണ് ആര്യാട്ട് നാരായണന്‍.

നെല്ലും പച്ചക്കറിയുമൊക്കെയായി 12 ഏക്കറിലേറെ കൃഷിയുണ്ട്. പ്രായം 86 ആയി.

കഴിഞ്ഞ 38 വര്‍ഷമായി കൃഷി മാത്രമാണ് ഈ പന്തളംകാരന്‍റെ ജീവിതം.

പ്രായമൊക്കെയായില്ലേ ഇനി നാരായണന്‍ ചേട്ടന് വിശ്രമിക്കാലോ എന്നൊന്നും ചേദിക്കേണ്ട. വിശ്രമജീവിതം എന്നൊരു വാക്ക് പോലും അദ്ദേഹത്തിന്‍റെ ഡിക്ഷ്ണറിയില്‍ ഇല്ലെന്നാകും മറുപടി.

അച്ഛനും ചേട്ടനും പിന്നാലെ കൃഷിയിലേക്കെത്തിയ നാരായണന് കൃഷിയോട് വെറും കമ്പമല്ല. മനസു നിറഞ്ഞ ഇഷ്ടവും സ്നേഹവുമാണ്. ആ ഇഷ്ടത്തിലാണ് എതിര്‍പ്പുകളെ പോലും അവഗണിച്ച് പാടത്തേക്കിറങ്ങുന്നത്, പറമ്പില്‍ കപ്പയും ചേനയുമൊക്കെ വച്ചു പിടിപ്പിക്കുന്നത്.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം. സന്ദര്‍ശിക്കൂ- Karnival.com

പ്രായമെത്ര ആയാലെന്താ.., സാധിക്കുന്നിടത്തോളം കാലം കൃഷിപ്പണിയൊക്കെ ചെയ്യുമെന്നു പറയുന്നു പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ്റുവാശ്ശേരിക്കാരന്‍ ആര്യാട്ട് നാരായണന്‍ എന്ന പ്രകൃതി കര്‍ഷകന്‍.

ആര്യാട്ട് നാരായണന്‍ കൃഷിപ്പണികള്‍ക്കിടെ

“കഴിഞ്ഞ സെപ്റ്റംബറില്‍ 86 തികഞ്ഞു…” നാരായണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഇനിയീ പ്രായത്തില്‍ കൃഷിയൊന്നും ചെയ്യേണ്ട. വീട്ടില്‍ വെറുതേ ഇരുന്നാ മതിയെന്നാ മക്കള്‍ പറയുന്നത്.

“അതൊന്നും കേള്‍ക്കാതെ ഞാന്‍ പിന്നേം കൃഷി ചെയ്യുന്നതിന് അവര് എന്നും വീട്ടില്‍ വഴക്കാണ്. പണി ചെയ്യാതെ ചുമ്മാതിരിക്കണമെന്നാണ് അവരൊക്കെ പറയുന്നത്.


പണിയെടുക്കാതെ വെറുതേ ഇരിക്കാനൊന്നും എന്നെക്കൊണ്ട് പറ്റുകേല. പക്ഷേ അവര് വെറുതേ പറയുന്നതല്ല. സ്നേഹം കൊണ്ടാ… ഒരു (ഹാര്‍ട്ട്) അറ്റാക്ക് വന്നതാ എനിക്ക്. കുറച്ചു വര്‍ഷം മുന്‍പാണ്.


“അന്നെനിക്ക് 79 വയസാണ്. അരമണിക്കൂര്‍ നേരം കൊണ്ട് 400 മൂട് കപ്പയ്ക്ക് വെള്ളം കോരി. നനയ്ക്കലൊക്കെ കഴിഞ്ഞപ്പോ ചെറിയൊരു നെഞ്ച് വേദന തോന്നി. കുറച്ചുനേരം കിടന്നപ്പോ അതൊക്കെ മാറി.

“പിറ്റേ ദിവസം പഞ്ചായത്തില്‍ പോകണമായിരുന്നു. എന്തോ കൃഷിക്കാര്യങ്ങളൊക്കെയായി പഞ്ചായത്തില്‍ കുറച്ച് ഉച്ചത്തില്‍ സംസാരമൊക്കെയുണ്ടായി. അതുകൂടിയായപ്പോ വീണ്ടും ഒരു അസ്വസ്ഥത തോന്നി.

“തലേദിവസം നെഞ്ചുവേദന വന്നെന്നു മക്കളിലൊരാളോട് പറഞ്ഞിരുന്നു. പിന്നേം വേദന വന്നപ്പോ എല്ലാരും കൂടി നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയിലൊന്നും പോകണ്ടെന്നു പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോഴേക്കും തലകറക്കമൊക്കെയായി അവശയായിരുന്നു ഞാന്‍.

” പരിശോധനയൊക്കെ കഴിഞ്ഞ് ഡോക്റ്റര്‍ പറഞ്ഞു, ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും വേണംന്ന്. ആന്‍ജിയോഗ്രാം ചെയ്താല്‍ പോരേ രണ്ടും വേണോന്നൊക്കെ ചോദിച്ചെങ്കിലും ഡോക്റ്റര്‍ സമ്മതിച്ചില്ല.

“പക്ഷേ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു സര്‍ജറി ചെയ്യേണ്ടെന്ന്. അങ്ങനെ ഡിസ്ചാര്‍ജ് വാങ്ങിച്ചു മടങ്ങി. തിരുവനന്തപുരം വര്‍ക്കലയിലെ പ്രകൃതി ജീവനം ആശുപത്രിയില്‍ കുറച്ചു ദിവസത്തെ ചികിത്സ. ചികിത്സയല്ല ഭക്ഷണമൊക്കെ ക്രമീകരിച്ചുള്ള ഒരു ജീവിതം.

“അസുഖത്തെ തുടര്‍ന്ന് വീട്ടിലുള്ളവരുടെയൊക്കെ നിര്‍ബന്ധത്തില്‍ ഒന്നര വര്‍ഷക്കാലം കൃഷിപ്പണിയൊന്നും ചെയ്തില്ല. അസുഖമൊക്കെ വന്നതല്ലേയെന്നു കരുതി കുറച്ചുകാലം വെറുതേ ഇരുന്നു.

“പിന്നെ ഞാന്‍ വീണ്ടും കൃഷിപ്പണി ചെയ്തു തുടങ്ങി. അച്ഛനും ചേട്ടനുമൊക്കെയായി ചെയ്തു തുടങ്ങിയ കൃഷിയാണിപ്പോള്‍ ഞാന്‍ ചെയ്യുന്നത്. ഞങ്ങളുടേത് കാര്‍ഷിക കുടുംബമായിരുന്നു.

“പക്ഷേ ഞാന്‍ കൃഷിയിലേക്ക് വരുന്നതിന് മുന്‍പ് കുറേക്കാലം കേരളത്തിന് പുറത്തായിരുന്നു. വടക്കേന്ത്യയില്‍. പലയിടങ്ങളിലായിട്ടാണ് ജോലി ചെയ്തിരുന്നത്,” അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍, അലഹബാദ്, ബറോഡ ഇവിടങ്ങളിലൊക്കെയായി 14 വര്‍ഷം. കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണമുണ്ടായിരുന്നു.

“ഇവിടെയൊക്കെ പൈപ്പ് ലൈന്‍ ഫിറ്ററായിട്ടാണ് ജോലി നോക്കിയത്. കരാര്‍ അടിസ്ഥാനത്തിലായിരുന്നു ജോലി. ചില സ്ഥലങ്ങളില്‍ ജോലി സ്ഥിരമാകാനുള്ള സാഹചര്യമൊക്കെയുണ്ടായിരുന്നുവെങ്കിലും ശ്രമിച്ചില്ല.

“എനിക്ക് സ്ഥിരം ജോലി വേണ്ടായിരുന്നു. കേരളത്തിന് പുറത്തേക്ക് പോകാനൊരു കാരണമുണ്ടെന്നു പറഞ്ഞില്ലേ. ആ കാരണം തന്നെയാണ് ഇതിനും.

ഒരാളെ അന്വേഷിച്ചാണ് ഞാന്‍ ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും മുംബൈയിലേക്കുമൊക്കെ പോയത്.

“എന്‍റെയൊരു കൂട്ടുകാരന്‍… അവന്‍ നാടുവിട്ടു പോയി. കൂട്ടുകാരന്‍ മാത്രമല്ല ഞങ്ങള് ഒരേ നാട്ടുകാരുമായിരുന്നു. 1960-ലാണ് ആ കൂട്ടുകാരനെ കാണാതാകുന്നത്. നാടുവിട്ടു പോയതാണവന്‍.

“ആള് രാജ്യത്തെവിടെയെങ്കിലുമൊക്കെ കാണുമെന്ന സംശയം വന്നപ്പോള്‍–മുംബൈയില്‍ ആളെ കണ്ടുവെന്നൊക്കെ ചിലര് പറഞ്ഞുകേട്ടു–ഇങ്ങനെ എല്ലായിടത്തും ചുറ്റിക്കറങ്ങിയാല്‍ കണ്ടുപിടിക്കാമെന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ട് പെര്‍മനെന്‍റ് ജോലികള്‍ക്കൊന്നും ശ്രമിച്ചില്ല.

“ആള് ഗോവയിലേക്കാണ് പോയതെന്നറിഞ്ഞ് കുറേക്കാലം അവിടെയും പോയി അന്വേഷിച്ചിരുന്നു. ഒന്നരം വര്‍ഷക്കാലം ഗോവയിലുണ്ടായിരുന്നു. ഏതു നാട്ടില്‍ പോയാലും അവിടുത്തെ മലയാളി സമാജവുമായി ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് അന്വേഷിക്കുമായിരുന്നു.


ഇതുകൂടി വായിക്കാം:പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും


“പിന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 1982-ല്‍ ഭോപ്പാലില്‍ നിന്നാണ് നാട്ടിലേക്ക് വരുന്നത്. കൃഷിയുണ്ടായിരുന്നു വീട്ടില്‍. നാട്ടിലെത്തിയ ശേഷം പിന്നെ കൃഷിക്കാര്യങ്ങളിലേക്ക് കടന്നു.

“അച്ഛന്‍റെ കൃഷിയൊക്കെ ചേട്ടന്‍ ഗോപാലനാണ് നോക്കി നടത്തിയിരുന്നത്. നാട്ടിലെത്തിയതോടെ ചേട്ടനെ സഹായിക്കാന്‍ ഞാനും കൃഷിയില്‍ കൂടി. നെല്ലും പച്ചക്കറിയുമൊക്കെ തന്നെയായിരുന്നു, റബര്‍ ഒഴികെ എല്ലാമുണ്ടായിരുന്നു.

“പിന്നെ ചേട്ടന് റബറിനോട് താത്പ്പര്യം തോന്നി. ആള് കുറേ റബറും നട്ടു പിടിപ്പിച്ചു. ചേട്ടനും കുടുംബത്തിനുമൊപ്പമാണ് ഞാനും കഴിഞ്ഞത്. ചേട്ടനും ചേട്ടത്തിയും മരിച്ചു. അവര് പോയതോടെ അവരുടെ മക്കള്‍ക്കൊപ്പമായി പിന്നെ ഞാന്‍.

“ചേട്ടന്‍റെ ഇളയമകന്‍റെ കൂടെയാണിപ്പോള്‍ ഞാന്‍ താമസിക്കുന്നത്. മൂന്നു ചേട്ടന്‍മാരും രണ്ട് അനിയന്‍മാരുമാണ്. കൂട്ടത്തില്‍ ഇനിയൊരു അനിയനേയുള്ളൂ. ബാക്കിയുള്ളവരൊക്കെ പോയി. കല്യാണമൊന്നും കഴിച്ചിട്ടില്ല. സഹോദരന്‍മാരുടെ മക്കളാണ് എന്‍റെയും മക്കള്‍,” നാരായണന്‍ പറയുന്നു.

പന്ത്രണ്ടര ഏക്കറിലാണ് നാരായണന്‍ നെല്‍കൃഷി ചെയ്യുന്നത്. ഇക്കുറി മനുരത്ന എന്ന നെല്ലാണ് വിതച്ചിരിക്കുന്നത്. 55 ദിവസം കൂടി കഴിഞ്ഞാല്‍ വിളവെടുക്കാറാകും.

അതിനൊപ്പം ഞവരയും രക്തശാലിയും ബസ്മതിയും കൃഷി ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഈ ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. രണ്ടര ഏക്കറില്‍ പച്ചക്കറിയുമുണ്ട്.

വീടിന്‍റെ അടുത്ത് തന്നെയാണ് കൃഷിയിടവും. സ്വന്തമായിട്ട് രണ്ടേക്കര്‍ സ്ഥലമുള്ളൂ. ബാക്കിയൊക്കെ പാട്ടത്തിനെടുത്തിരിക്കുന്നതാണ്. പാവലും പടവലവും വെള്ളരിയും താക്കളിയുമൊക്കെയാണ് പച്ചക്കറി തോട്ടത്തില്‍ ഏറെയും.

“കിഴങ്ങ് കൃഷിയുമുണ്ട്. കപ്പയും കാച്ചിലും ചേമ്പും ചേനയുമൊക്കെയാണ്. പക്ഷേ ഇതൊന്നും വില്‍ക്കാനുള്ള അത്രയും ഇല്ല. വീട്ടില്‍ ‍ഞങ്ങള്‍ക്ക് കഴിക്കാനാണിതൊക്കെയും കൃഷി ചെയ്യുന്നത്.

“പച്ചക്കറിയും നെല്ലും വില്‍ക്കാറുണ്ട്. ഇവിടെ അടുത്തൊരു ചന്തയുണ്ട്. ആ ചന്തയിലാണ് പച്ചക്കറി വില്‍ക്കുന്നത്,” അദ്ദേഹം തുടരുന്നു.

കൂടുതല്‍ വിളവുകിട്ടാന്‍ രാസവളം വേണമെന്ന വാദത്തോട് നാരായണേട്ടന് യോജിപ്പില്ല. അദ്ദേഹം രാസവളം ഉപയോഗിക്കാറുമില്ല. പൂര്‍ണമായും പറമ്പില്‍ നിന്നു തന്നെയുണ്ടാകുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്.

രാസവളമിട്ടാലും ഏറെ വിളയൊന്നും ഉണ്ടാകുന്നില്ലെന്നാണ് അനുഭവമെന്ന് പ്രകൃതി കര്‍ഷകന്‍ പറയുന്നു. “പണ്ട് അച്ഛനൊക്കെ കൃഷി ചെയ്തിരുന്ന നാളില്‍ രാസവളമൊന്നും ഇല്ലായിരുന്നു. അന്ന് നല്ല വിളവും കിട്ടിയിരുന്നു. ഇതുപയോഗിച്ച് തുടങ്ങിയതോടെ കൃഷിരീതി തന്നെ മാറിപ്പോയി.

“അര അടി താഴ്ചയിലേക്കാണ് നെല്ലിന്‍റെ വിത്ത് പോകുന്നത്. എട്ടും പത്തും അടി ആഴത്തിലാണ് മൂലകങ്ങളുള്ളത്. മണ്ണിരയാണ് ഇതൊക്കെ ഈ നെല്ലുകള്‍ക്കും പച്ചക്കറികളിലേക്കുമെത്തിച്ചിരുന്നത്.

“ആവശ്യമായ മൂലകങ്ങളും അവയ്ക്ക് കിട്ടുമായിരുന്നു. രാസവളം മണ്ണിലിട്ടു തുടങ്ങിയതോടെ മണ്ണിരകള്‍ ഭൂമിക്ക് അടിയിലേക്ക് പോയി. അങ്ങനെ ചെടികള്‍ക്ക് മൂലകങ്ങള്‍ കിട്ടാതെയുമായി. കര്‍ഷക ക്ലാസുകളില്‍ നിന്നു കിട്ടിയ അറിവാണിത്.

“ജീവാമൃതമാണ് വളമായി നല്‍കുന്നത്. ഇതുണ്ടാക്കുന്നതിന് ഒരു വെച്ചൂര്‍ പശുവിനെയും ഇവിടെ വളര്‍ത്തുന്നുണ്ട്. കീടനാശിനികളും ഉപയോഗിക്കാറില്ല. ശുദ്ധമായ പച്ചക്കറിയും അരിയുമൊക്കെയാണ് വില്‍ക്കുന്നത്.

“വലിയ ലാഭമൊന്നും പ്രതീക്ഷിച്ചല്ല ക‍ൃഷി ചെയ്യുന്നത്. നെല്ല് കുത്താന്‍ കൊടുക്കുന്നതു പോലും ചെലവാണ്. അടുത്ത് മില്‍ ഇല്ലാത്തതു കൊണ്ട് കൊല്ലത്ത് പോയാണ് നെല്ല് കുത്തുന്നത്.

“തവിട് കളയാതെ കുത്തുന്ന മില്‍ കൊല്ലത്ത് മാത്രമേയുള്ളൂ. അത്രയും ദൂരം പോകാനൊക്കെ ചെലവ് തന്നെയാണ്. നേരിട്ട് വന്നും അരി വാങ്ങുന്നവരുണ്ട്. പിന്നെ തവിടല്ലേ പ്രധാനപ്പെട്ടത്. തവിട് ട്രീറ്റ് ചെയ്തു കൊടുക്കുന്നുണ്ട്.

തവിട് മൂന്നു ദിവസം കൊണ്ട് കേടാകും. ശര്‍ക്കപാവില്‍ തവിട് ട്രീറ്റ് ചെയ്യുമ്പോള്‍ രണ്ടുമാസം വരെ കേടാകാതെ നില്‍ക്കും. ആ ട്രീറ്റ് ചെയ്തെടുക്കുന്ന തവിട് അമെരിക്ക വരെ പോകുന്നുണ്ട്.

“തവിട് ട്രീറ്റ് ചെയ്യുന്നത് ‍ഞാന്‍ തന്നെയാണ്. ശേഷം പാക്കറ്റിലാക്കി വയ്ക്കും. അമെരിക്കക്കാര് ഇവിടെ വരുമ്പോ വാങ്ങി കൊണ്ടുപോകുകയാണ്.”

സര്‍ക്കാരിന്‍റെ സഹായമുണ്ടെങ്കിലും നെല്‍ക‍ൃഷി ലാഭകരമൊന്നുമല്ല. ഞങ്ങള്‍ക്ക് ഇവിടെ മണല്‍കണ്ടമാണ്, ചെളികണ്ടമല്ല.

“മണല്‍കണ്ടത്തില്‍ വിളവ് കുറവായിരിക്കും. പത്ത് സെന്‍റില്‍ 20 പറ നെല്ല് കിട്ടണം. അതായത് 150 കിലോയെങ്കിലും. എന്നാല്‍ നഷ്ടം വരില്ല. ഇത്രയും കിട്ടാറില്ല. ചെളികണ്ടമാണേല്‍ ഇത്രയും പറ നെല്ല് കിട്ടും.


നെല്ല് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്‍റെ ഒരുപാട് സഹായമുണ്ട്. പക്ഷേ ഞങ്ങളെ പോലുള്ളവര്‍ക്ക് അതു പ്രയോജനപ്പെടുന്നില്ല.


“ചെളിപ്രദേശത്ത് കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങളൊക്കെയായി നഷ്ടമില്ലാതെ പോകാം. മണല്‍കണ്ടത്തില്‍ നെല്‍കൃഷി ചെയ്യുന്ന എന്നെ പോലുള്ളവര്‍ക്ക് വിളവ് കുറവായതു കൊണ്ടാണ് ആനുകൂല്യങ്ങള്‍ കിട്ടിയാലും ലാഭകരമാകാത്തത്,” അദ്ദേഹം വ്യക്തമാക്കുന്നു.

ഭക്ഷണകാര്യങ്ങളിലൊക്കെ പ്രത്യേക ശ്രദ്ധയുണ്ട് നാരായണന്. പ്രഭാതഭക്ഷണമായി ആവിയില്‍ വേവിച്ച അരിയാഹാരങ്ങളാണ് കഴിക്കുന്നത്. പുട്ടോ ഇടിയപ്പമോ കൊഴുക്കട്ടയോ അങ്ങനെ എന്തെങ്കിലും.

ഉച്ചയ്ക്ക് ഞവര അരി കൊണ്ടുള്ള കഞ്ഞിയോ ചോറോ കഴിക്കും. അത്താഴത്തിന് പഴങ്ങളോ പച്ചക്കറി ജ്യൂസോ മാത്രം. ചെറിയ മുള്ളുള്ള മീന്‍ മാത്രമേ കഴിക്കാറുള്ളൂ.  മറ്റു മത്സ്യങ്ങള്‍ വല്ല ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും മാത്രമേ കഴിക്കാറുള്ളൂവെന്നും അദ്ദേഹം.

“ഇത്രയും സ്ഥലത്ത് കൃഷിയില്ലേ, എല്ലാം പണികളും എന്നെ കൊണ്ട് ഒക്കുകേല… പക്ഷേ പറ്റാവുന്നതൊക്കെ ഞാന്‍ തന്നെ ചെയ്യും. പക്ഷേ ഇപ്പോ കുറേ ദിവസമായിട്ട് അതും എന്നെകൊണ്ട് പറ്റാതിരിക്കുവാ.”

“വയ്യ… വലതു കാലിന് വേദന വന്നു. കഴിഞ്ഞ തവണ വിത്ത് വാരിവയ്ക്കാന്‍ ആളെ കിട്ടിയില്ല.

“45 പറ വിത്തുണ്ടായിരുന്നു. അതു ഞാന്‍ തന്നെ കുനിഞ്ഞ് നിന്ന് വാരി. അതൊരു വലിയ ജോലിയായി പോയി. നടുവിന് വേദന തുടങ്ങി. അതിപ്പോ വലതുകാലിലേക്കെത്തി. കുറേദിവസമായിട്ടിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് വിത്ത് വാരിവയ്ക്കാന്‍ പോയത്.

അന്ന് മുതല്‍ ഇപ്പോ പണിയൊന്നും ചെയ്യാനാകാതെ തിരുമ്മലൊക്കെ കഴിഞ്ഞ് ഇരിക്കുകയാണ്.

“വിശ്രമം ഒന്നുമല്ല. ഇപ്പോഴും പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. എല്ലാ പണിയും ചെയ്യാനാകില്ലെന്നു മാത്രം. എനിക്കാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്. കൂലിക്ക് ആള്ക്കാരുണ്ട്. അവരും കൂടിയാണ് പണി ചെയ്യുന്നത്.

“ഇതൊക്കെ കുറച്ചു ദിവസം കൊണ്ടു മാറില്ലേ.. ഞാന്‍ പിന്നേം കൃഷിക്ക് ഇറങ്ങും. പാടത്തും പറമ്പിലുമൊക്കെ ഇറങ്ങാതെ, പണി ചെയ്യാതെ വെറുതേ ഇരിക്കാന്‍ എന്നെ കൊണ്ടു പറ്റില്ല. അതെനിക്ക് ബുദ്ധിമുട്ടാണ്,” നാരായണന്‍ ചിരിക്കുന്നു.

ഒരുകാലത്ത് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ഇപ്പോ കൃഷിക്കാര്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനത്തിനൊന്നും സമയമില്ലെന്നാണ് നാരായണന്‍ പറയുന്നത്.

ആര്‍ടിഐ (റൈറ്റ് റ്റു ഇന്‍ഫൊര്‍മേഷന്‍ ആക്റ്റ്) ഫെഡറേഷന്‍റെ ജില്ലാ പ്രസിഡന്‍റ്, പ്രകൃതി ജീവനസമിതി, യുക്തിവാദി സംഘം, സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍, എന്നിവയുടെ ജില്ലാ കമ്മിറ്റി അംഗം, കിസാന്‍ സഭ കമ്മിറ്റി അംഗവുമാണ് ഈ കര്‍ഷകന്‍.


ഇതുകൂടി വായിക്കാം: വീട്ടില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് നാടന്‍ ഭക്ഷണമെത്തിക്കാനായി തുടങ്ങിയ ‘കാപ്പിക്കൂട്ട’ത്തിന്‍റെ വിജയകഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം