ഈ സോളാര്‍ ബോട്ട് ഓടുമോ എന്ന് ചോദിച്ചവര്‍ക്ക് സന്ദിത്തിന്‍റെ മറുപടി: 3 വര്‍ഷമായി ഓടുന്നു, 10 ലക്ഷം പേര്‍ സഞ്ചരിച്ചു, ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു  

ഇന്‍ഡ്യയിലെ ആദ്യ സോളാര്‍ ബോട്ട് ഒഴുകുന്നത് വേമ്പനാട്ട് കായലിലൂടെയാണ്. ആദിത്യ എന്നു പേരിട്ടിരിക്കുന്നബോട്ടാണ് യാതൊരു മലിനീകരണവുമില്ലാതെ സര്‍വീസ് നടത്തുന്നത്.

ര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയിലെ ജോലിയൊക്കെ അവസാനിപ്പിച്ചാണ് സന്ദിത്ത് തണ്ടാശ്ശേരി നാട്ടിലേക്ക് തിരിച്ചുവരുന്നത്. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നായിരുന്നു മനസ്സില്‍.

“അങ്ങനെയാണ് 2008-ല്‍ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്വന്തമായൊരു സോളാര്‍ ബോട്ടൊക്കെ നിര്‍മ്മിച്ചിരിക്കുന്ന സമയം,” സന്ദിത്ത് പറയുന്നു.

ആ സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. അതിനായി ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സന്ദിത്തും അപേക്ഷിച്ചു.  രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചതിന്‍റെ കഥകള്‍ ഓര്‍ത്തെടുക്കുകയാണ് സന്ദിത്ത് തണ്ടാശ്ശേരി എന്ന തൃശൂര്‍കാരന്‍.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

കോട്ടയം വൈക്കം- തവണക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആദിത്യ എന്ന സോളാര്‍ ബോട്ടിന് പിന്നില്‍ ഈ മലയാളിയാണ്.

സന്ദിത്ത് തണ്ടാശ്ശേരി

“ആദിത്യ സോളാര്‍ ബോട്ട് യാതൊരു മലിനീകരണവുമില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. മലിനീകരണം ഇല്ലെന്നു മാത്രമല്ല മറ്റ് യാത്രാ ബോട്ടുകളില്‍ നിന്നു വ്യത്യസ്തമായി ചെലവും കുറവാണ് ഈ ബോട്ടിന്,” ജലഗതാഗതരംഗത്ത് മാറ്റത്തിന് തുടക്കമിട്ട ആദിത്യ സോളാര്‍ ബോട്ട് സര്‍വീസിനെക്കുറിച്ച് സന്ദിത്ത് തണ്ടാശ്ശേരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“മദ്രാസ് ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ്ങും പൂര്‍ത്തിയാക്കി ഗുജറാത്തിലും കൊറിയയിലുമൊക്കെ കപ്പല്‍ശാലകളില്‍ ജോലി ചെയ്ത പരിചയത്തിലാണ് സോളാര്‍ ബോട്ട് നിര്‍മ്മാണത്തിലേക്കെത്തുന്നത്.

ആദിത്യ സോളാര്‍ ബോട്ട്

“അച്ഛന് ജോലി തിരുവനന്തപുരത്ത് വി എസ് എസ് സിയില്‍ ആയിരുന്നു. അതുകൊണ്ടു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത് തിരുവനന്തപുരത്ത് വി എസ് എസ് സി സ്കൂളിലായിരുന്നു.

“അച്ഛനിപ്പോ ജോലിയില്‍ നിന്നൊക്കെ വിരമിച്ചു. അമ്മ ഉമാദേവിയും അച്ഛന്‍ ടി.കെ. അറുമുഖന്‍ തണ്ടാശേരിയും നാട്ടില്‍ കൃഷിയൊക്കെയായി ജീവിക്കുന്നു. തൃശൂര്‍ പെരിങ്ങോട്ടുകരയാണ് സ്വന്തം സ്ഥലം. ഞാനിപ്പോ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ആലുവയിലാണ് താമസം,” സന്ദിത്ത് പറയുന്നു.

മദ്രാസ് ഐഐടിയില്‍ നിന്ന് നേവല്‍ ആര്‍കിടെക്ചറില്‍ ബി-ടെക് പൂര്‍ത്തിയാക്കിയ സന്ദിത്ത് രണ്ട് വര്‍ഷം ഗുജറാത്തില്‍ ജോലി ചെയ്തു.

ആദിത്യ ഫെറി സര്‍വ്വീസിന്‍റെ ഉള്‍വശം

“ആല്‍ഫോഗ് ആഷ്‍ഡൗണ്‍ എന്ന ഗുജറാത്ത് സര്‍ക്കാരിന്‍റെ തന്നെ ഷിപ്പ്‍യാര്‍ഡിലായിരുന്നു ജോലി. ചെറിയ കപ്പലുകളുണ്ടാക്കുന്ന കപ്പല്‍ശാലയാണത്. ഇവിടെ ഡിസൈനിങ് സെക്ഷനിലായിരുന്നു,” അവിടെ നിന്നാണ് അദ്ദേഹം സൗത്ത് കൊറിയയിലേക്ക് പോകുന്നത്.

“ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ രാജ്യമാണിത്. വ്യത്യസ്ത കമ്പനികളിലായി ഇവിടെ അഞ്ച് വര്‍ഷമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഫ്രാന്‍സില്‍ നിന്ന് എംബിഎ എടുക്കുന്നത്.

ആദിത്യ കായല്‍പ്പരപ്പിലൂടെ

പിന്നീട് നാട്ടിലെത്തിയ സന്ദിത്ത് കപ്പലിന്‍റെയും ബോട്ടിന്‍റെയും രൂപകല്‍പ്പന, കണ്‍സള്‍ട്ടേഷന്‍ ഇതിനൊക്കെയായി 2008-ലാണ് കമ്പനി ആരംഭിക്കുന്നത്.

“നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നായിരുന്നു കമ്പനിയുടെ പേര്. ചെറിയൊരു പരീക്ഷണം എന്ന അടിസ്ഥാനത്തില്‍ 2009-ല്‍ സോളാര്‍ ബോട്ട് നിര്‍മ്മിച്ചിരുന്നു.

“അന്നൊക്കെ സോളാര്‍ ബോട്ട് എന്നാല്‍  സാധാരണ ബോട്ടില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കും. അത്രേയുള്ളൂ. അത്തരം ബോട്ടുകള്‍ക്ക് വേഗതയും കുറവായിരുന്നു,” എന്ന് സന്ദിത്ത്.

ആദിത്യ സോളാര്‍ ബോട്ടിലെ സീറ്റുകള്‍

അതു പോരല്ലോ.. അങ്ങനെയാണ് ഞങ്ങള്‍ ചെറിയ സോളാര്‍ ബോട്ടുണ്ടാക്കി നോക്കുന്നതെന്നു സന്ദിത്ത് പറയുന്നു,” പഴയ ബോട്ടില്‍ സോളാര്‍ ഘടിപ്പിക്കാതെ, സോളാര്‍ ബോട്ട് തന്നെ ഡിസൈന്‍ ചെയ്യുകയായിരുന്നു.

“അങ്ങനെ അതുണ്ടാക്കിയെന്നു മാത്രമല്ല. അംഗീകാരവും കിട്ടി. ഇന്‍ഡ്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് എന്ന പേരില്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുകയും ചെയ്തു, 2009-ല്‍.

“സോളാര്‍ പാനല്‍ ഘടിപ്പിക്കേണ്ടത് യാത്ര ബോട്ടുകളിലാണെന്നു മനസിലായി. കാരണം സോളാര്‍ ബോട്ടിന് ചെലവ് വളരെ കുറവാണ്. സാധാരണ ഡീസല്‍ ബോട്ടുകളുടെ ഇന്ധനത്തിന് തന്നെ വലിയ തുകയാണ് വേണ്ടത്. അതിനൊപ്പം മലിനീകരണവും…

സോളാര്‍ ബോട്ട് ആണെങ്കില്‍ ജലമലിനീകരണം, വായുമലിനീകരണം, ശബ്ദമലിനീകരണം ഇതൊന്നുമില്ല.”

2013-ലാണ് സന്ദിത്ത് നവാള്‍ട്ട് എന്ന സ്റ്റാര്‍ട്ട്അപിന് തുടക്കമിടുന്നത്. നവഗതിയും ഫ്രഞ്ച് കമ്പനികളായ ആള്‍ട്ടെന്‍, ഈവ് സിസ്റ്റംസ് എന്നിവയുമായി ചേര്‍ന്നാണ് നവാള്‍ട്ട് ആരംഭിച്ചത്.

നവാള്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളാര്‍ ബോട്ട് നിര്‍മ്മിക്കുന്നത്. 2013-ലാണത് അതിന് തുടക്കം കുറിക്കുന്നത്. നവാള്‍ട്ടിന്‍റെ രണ്ട് ഉത്പ്പാദനയൂനിറ്റുകള്‍ അരൂരും കൊടുങ്ങല്ലൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

“നമുക്ക് ചെയ്യാന്‍ പറ്റുന്നതും ഇല്ലാത്തതും ഉണ്ടല്ലോ. സോളാര്‍ ബോട്ടിന്‍റെ പവര്‍ ട്രെയ്ന്‍ സാങ്കേതിക വിദ്യ ഇന്‍ഡ്യയില്‍ ഇല്ല. അങ്ങനെയാണ് ഫ്രഞ്ച് കമ്പനിയായ ഓള്‍ട്ടനുമായി നവാള്‍ട്ട് സഹകരിക്കുന്നത്.

“എന്നാല്‍ ഫ്രാന്‍സിലുള്ള അതേ മോഡലില്‍ ബോട്ട് നിര്‍മ്മിക്കാനാകില്ല. വേറൊന്നും കൊണ്ടല്ല, ചെലവ് കൂടുതലാണ്. എട്ട് കോടിയൊക്കെ ചെലവ് വന്നേക്കാം. ബോട്ടിന്‍റെ ഡിസൈനിങ്ങിന് ഒന്നര വര്‍ഷമെടുത്തു,” നിര്‍മാണത്തിന് കുറച്ചുകാലവും വേണ്ടിവന്നുവെന്ന് അദ്ദേഹം വിശദമാക്കുന്നു.

സോളാര്‍ ബോട്ട് ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി ശശീന്ദ്രനും സംഘവും

കുറേ പ്രതിസന്ധികള്‍ തരണം ചെയ്താണ് സന്ദിത്തും സംഘവും സോളാര്‍ ബോട്ട് നീറ്റിലിറക്കിയത്.

“കുറേ എതിര്‍പ്പുകളെയൊക്കെ നേരിട്ടു. ഈ ബോട്ട് ഓടില്ല എന്നു പറഞ്ഞവര്‍ വരെയുണ്ടായിരുന്നു. അതൊക്കെ പഴയ കഥകളാണ്. എതിര്‍പ്പുകള്‍ എല്ലാം ബോട്ട് ഓടുന്നവരെ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോ അടുത്തമാസം ആകുമ്പോള്‍ 3 വര്‍ഷം തികയും.


ഇതുകൂടി വായിക്കാം:മീന്‍ വില്‍ക്കാന്‍ സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്‍റിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്‍റെ മക്കള്‍ക്കായി


“ഇതുവരെ പത്ത് ലക്ഷം യാത്രക്കാര്‍ ഇതില്‍ സഞ്ചരിച്ചു. 70,000 കിലോമീറ്റര്‍ ഡീസല്‍ ഇല്ലാതെ ഓടി. ഒരു ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു. സോളാര്‍ ബോട്ട് വിജയമാണെന്നു പറയാന്‍ ഇത്രയൊക്കെ പോരേ..?” ഇതാണ് വിമര്‍ശകര്‍ക്കുള്ള സന്ദിത്തിന്‍റെ മറുപടി.

“ചില താത്പ്പര്യങ്ങള്‍ ഉള്ളവരില്ലേ. അങ്ങനെ ചിലരാണ് ഈ എതിര്‍പ്പുകള്‍ക്കും പിന്നില്‍. പക്ഷേ നാട്ടുകാരുടെ വലിയ പിന്തുണയാണ് കിട്ടിയത്. അവര് പ്രതീക്ഷയോടെ സോളാര്‍ ബോട്ടിനായി കാത്തുനിന്നു,” സന്ദിത്ത് തുടരുന്നു.

മലിനീകരണമില്ലെന്ന് മാത്രമല്ല വരുമാനത്തിലും എന്‍ജിന്‍ ബോട്ടിനെക്കാള്‍ ലാഭകരമാണ് സോളാര്‍ ബോട്ടുകള്‍ എന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി പറയുന്നു. “സാധാരണ ബോട്ടുകളില്‍ നിന്ന് അയ്യായ്യിരം രൂപ വരുമാനം കിട്ടും. എന്നാല്‍ ഈ തുക ഡീസല്‍ അടിക്കാന്‍ പോലും തികയില്ലല്ലോ.

“അന്നത്തെ വിലനിലവാരം അനുസരിച്ച് ഡീസലിന് 6,500 രൂപയാകും. സോളാര്‍ ബോട്ടിന് ഒരു ദിവസം 200 രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ. 2017-ലാണ് ആദിത്യ എന്ന സോളാര്‍ ബോട്ട് ഇറങ്ങുന്നത്.”

75 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് ആദിത്യയില്‍. സാധാരണ ബോട്ടിനെക്കാള്‍ വിസ്താരവുമുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ള കപ്പാസിറ്റിയുമുണ്ടിതിന്.


സോളാര്‍ ബോട്ട് ഓടിക്കാനും എളുപ്പമാണ്. എന്‍ജിന്‍ ബോട്ടുകള്‍ക്ക് ഡ്രൈവറും സ്രാങ്കും വേണം. ഇതിനൊരാള്‍ മാത്രം മതി.


“ഇലക്ട്രോണിക് ആയതു കൊണ്ടു സോളാര്‍ ബോട്ട് ഓടിക്കാനും എളുപ്പമാണ്,” സോളാര്‍ ബോട്ടിന്‍റെ ശില്‍പി പറയുന്നു.

“രണ്ട് മോട്ടോര്‍ ഉള്ളതു കൊണ്ട് തിരിക്കാനൊക്കെ വേഗത്തിലാകും. സാധാരണ യാത്രാബോട്ടിന്‍റെ സ്പീഡ് തന്നെയാണ് ഇതിനും.” മണിക്കൂറില്‍ 14 കിലോമീറ്റര്‍ സ്പീഡ് കിട്ടുന്നുണ്ടെന്നും സന്ദിത്ത് കൂട്ടിച്ചേര്‍ത്തു..

സോളാര്‍ ബോട്ട് കാണാനെത്തിയ വിദേശ പ്രതിനിധികളുടെ സംഘം

ഈ സോളാര്‍ ബോട്ട് കാണാനും അറിയാനുമൊക്കെ നിരവധിയാളുകള്‍ വരുന്നുണ്ട്.

“ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുള്ളവരില്‍ 40 അംബാസിഡര്‍മാരും ആദിത്യ കാണാന്‍ വന്നു. സോളാര്‍ ബോട്ട് അവരുടെ നാടുകളില്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് ഇവരൊക്കെ വന്നത്.”

കേരള സര്‍ക്കാരിന് വേണ്ടി പത്ത് ബോട്ടുകളാണ് നവാള്‍ട്ട് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.  അടുത്ത വര്‍ഷം ഇതൊക്കെയും നീറ്റിലിറക്കാനായേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

“ഇക്കൂട്ടത്തില്‍ നാലെണ്ണം ചെറിയ ബോട്ടുകളാണ്. മത്സ്യബന്ധനമേഖലയ്ക്ക് വേണ്ടിയാണ് ആ ചെറിയ ബോട്ടുകള്‍. പൊലീസിനും നേവിക്ക് പട്രോളിങ്ങിന് സഹായകമാകുന്ന തരത്തിലുള്ള സോളാര്‍ ബോട്ടുകളും നിര്‍മ്മിക്കുന്നുണ്ട്,” സന്ദിത്ത് വെളിപ്പെടുത്തുന്നു.

“ആദിത്യ സിംഗിള്‍ ബോട്ട് ആയിരുന്നു. ഇപ്പോ നിര്‍മ്മിക്കുന്നതിലൊരെണ്ണം ഡബിള്‍ ഡെക്കര്‍ ബോട്ടാണ്. എയര്‍കണ്ടീഷന്‍ സൗകര്യവമുണ്ടാകും. ഇതു വിനോദസഞ്ചാരമേഖലയിലേക്കാകും ഉപയോഗിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പരിസ്ഥിതി സൗഹൃദ യാത്രാ ബോട്ടിന്‍റെ പേരില്‍ നിരവധി പുരസ്കാരങ്ങളും സന്ദിത്തിന് ലഭിച്ചിട്ടുണ്ട്. 2017-ലെ ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡ് ആണ് അതിലൊന്ന്.

സിവില്‍ എന്‍ജിനീയറായ റെമിതയാണ് സന്ദിത്തിന്‍റെ ന്‍റെ ഭാര്യ. രണ്ട് മക്കളുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഭിമന്യുവും രണ്ടുവയസുകാരന്‍ ആര്യനും.


ഇതുകൂടി വായിക്കാം:‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്‍പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം