തൃ ശ്ശൂര്‍ക്കാരന്‍ ജോബി ഡ്രൈവറാകാന്‍ കാരണം സിനിമയാണ് എന്ന് വേണമെങ്കില്‍ പറയാം.
സിനിമാ മോഹം തലക്കുപിടിച്ച ചെറുപ്പക്കാരന്‍. പണ്ടുമുതലേയുള്ളതാണ് നടനാവണം എന്ന ആഗ്രഹം.
വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com
സിനിമയിലെത്താന്‍ പലവഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഡ്രൈവറായി ഏതെങ്കിലും സംവിധായകരുടെ വീട്ടില്‍ ജോലി കിട്ടണേ ദൈവമേയെന്ന് പ്രാര്‍ഥിച്ചുപോയത്.
അതിനുമുണ്ടായിരുന്നു, കടമ്പകള്‍.
“സിനിമയോടുള്ള ഇഷ്ടം എപ്പോ മുതല്‍ കൂടെയുണ്ടെന്നറിയില്ല. പക്ഷേ പഠിക്കുന്ന കാലത്ത് പൈസ കൂട്ടി വച്ച് കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുമായിരുന്നു,” തൃശ്ശൂര്‍ നായ്ക്കനാല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ ജോബി ചുവന്നമണ്ണ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.
” തൃശൂര്‍ രാഗം തിയെറ്ററില്ലേ… അവിടെയാണ് ഞങ്ങള് പോകുന്നത്. അന്ന് ടിക്കറ്റിന് പത്തോ പന്ത്രണ്ടോ രൂപയാണ്. എന്തിനെങ്കിലും അമ്മച്ചി തരുന്ന കാശില്‍ നിന്നു മിച്ചം വച്ചാണ് ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. മിക്കവാറും ശനിയാഴ്ചകളിലാണ് സിനിമയ്ക്ക് പോകുന്നത്. അന്നൊക്കെ ഇറങ്ങുന്ന എല്ലാ സിനിമകളും കാണും.
“പഠിക്കാന്‍ വല്യ ബുദ്ധിമാനായിരുന്നു. ഒമ്പതില്‍ രണ്ട് തവണ തോറ്റു,” ജോബി ചിരിക്കുന്നു.
ഒമ്പതാംക്ലാസ്സില്‍ മൂന്നാമതും തോല്‍ക്കുമെന്നതില്‍ ജോബിക്ക് യാതൊരു സംശയവുമില്ലായിരുന്നു. അങ്ങനെ മാഷിനെ നേരിട്ട് കാണാന്‍ പോയി.
“അതിനൊരു കാരണമുണ്ട്. അമ്മച്ചി എപ്പോഴും പറയുമായിരുന്നു. പത്താം ക്ലാസ് ജയിച്ചാലേ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടൂവെന്ന്. ഇതെന്‍റെ മനസിലുണ്ട്. അങ്ങനെയാണ് മാഷിനെ കാണാന്‍ പോകുന്നത്.
“മാഷിന്‍റെയടുത്ത് ചെന്നു പറഞ്ഞു, മാഷേ പത്താം ക്ലാസില്‍ മാര്‍ക്ക് വരുമ്പോ ഞാന്‍ നിങ്ങളെയൊക്കെ ഞെട്ടിക്കും. എന്നെ എങ്ങനെയെങ്കിലും ഒമ്പതില്‍ നിന്നു ജയിപ്പിക്കണമെന്ന്. അവര് ജയിപ്പിച്ചു.
“എന്‍റെ വര്‍ത്തമാനം കേട്ടിട്ടാകും അവര്‍ക്കൊക്കെ എന്‍റെ പത്താം ക്ലാസ് പരീക്ഷയില്‍ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു, എന്താ ഉണ്ടാവുകയെന്ന്. പത്താം ക്ലാസിലെ റിസല്‍റ്റ് വന്നപ്പോ, കേരളത്തില്‍ ഏറ്റവും മാര്‍ക്ക് കുറവ് എനിക്കാ,” ജോബി പൊട്ടിച്ചിരിക്കുന്നു.
പിന്നെ പല പണികളുമെടുത്തു. ഓട്ടോഡ്രൈവറാവും മുമ്പ് ബസിലെ പണിക്കും പോയി.
“ഇങ്ങനെയൊക്കെയായിരുന്നു എന്‍റെ ജീവിതം. പല പണികളും ചെയ്തിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളി, ടൈല്‍സ് പണി, അങ്ങനെ പലതും. പത്ത് വര്‍ഷം ബസ് കണ്ടക്റ്ററായിരുന്നു.
“അന്നും മനസില്‍ സിനിമയായിരുന്നു. സിനിമ കാണലുകള്‍ക്കൊന്നും കുറവില്ലായിരുന്നു. ഇംഗ്ലിഷ് എനിക്കറിയില്ല. പക്ഷേ ഇംഗ്ലിഷ് സിനിമകള്‍ കാണുമായിരുന്നു.
“പത്രം വന്നാല്‍ ആദ്യമെടുത്ത് നോക്കുന്നത്, അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ട് എന്ന പരസ്യമുണ്ടോയെന്നാണ്. 15 വര്‍ഷം മുന്‍പത്തെ കാര്യമാണട്ടോയിത്.
“പരസ്യങ്ങളില്‍ കാണുന്ന നമ്പറുകളിലേക്ക് വിളിക്കുകയും അഡ്രസിലേക്ക് കത്ത് എഴുതുകയുമൊക്കെ ചെയ്യും.”
അഭിനയിപ്പിക്കാമെന്നു പറഞ്ഞു പറ്റിച്ചവരുമുണ്ട് എന്ന് ജോലി. പലരും 500 ഉം 300 മൊക്കെ ചോദിക്കും.
കാശ് കൊടുത്താലെന്താ സിനിമയില്‍ ചാന്‍സ് കിട്ടുമല്ലോയെന്നു കരുതി ഇല്ലാത്ത കാശ് എങ്ങനെയെങ്കിലുമുണ്ടാക്കി കൊടുക്കുമായിരുന്നുവെന്ന് ജോബി.
അങ്ങനെയിരിക്കെയാണ് കരാട്ടെ പഠിച്ചാല്‍ സിനിമയില്‍ അവസരത്തിന് ചാന്‍സുണ്ടെന്ന് ആരോ പറയുന്നത്. അങ്ങനെ കരാട്ടെ പഠിക്കാന്‍ പോയി.
“കരാട്ടെയൊക്കെ പഠിച്ച് വന്നപ്പോഴേക്കും ആ പറഞ്ഞയാളെ പിന്നെ കാണുന്നില്ല. ഫോണില്‍ പോലും ആളെ കിട്ടിയില്ല.
ഇതുകൂടി വായിക്കാം:‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്‍റെ അനുഭവങ്ങള്‍
“പക്ഷേ പിന്നീട് കരാട്ടെ എനിക്ക് വരുമാനമായി മാറി. കരാട്ടെ പഠിച്ച സ്ഥാപനത്തില്‍ തന്നെ പഠിപ്പിക്കാന്‍ കയറി, മാസം രണ്ടായിരം രൂപ ശമ്പളത്തിന്,” അദ്ദേഹം പറയുന്നു.
“എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ മതി..” അതുമാത്രമായിരുന്നു ചിന്തയെന്നു ജോബി. ” ഇത് മാത്രമേ മനസിലുള്ളൂ. അങ്ങനെയാണ് ഏതെങ്കിലും സംവിധായകരുടെ വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
“അവരുടെ ഡ്രൈവറായിട്ടോ മറ്റോ മതിയല്ലോ. അവരുമായി സൗഹൃദമായി കഴിഞ്ഞാല്‍ പിന്നെ അവസരം കിട്ടുമല്ലോ. അതിനും ശ്രമിച്ചു. പക്ഷേ എല്ലാം പാളിപ്പോയി,” എന്ന് ജോബി പറയുന്നു.
എത്ര ശ്രമിച്ചിട്ടും അവസരങ്ങളൊന്നും കിട്ടിയില്ല. എങ്കിലും ജോബി നിരാശനായില്ല. സ്വന്തമായി വല്ലതും ചെയ്താലോയെന്നു ചിന്തിക്കുന്നത് അങ്ങനെയാണ്.
സിനിമാഭിനയം നടക്കണ കാര്യമില്ലെന്ന് മനസിലായതോടെ കളം മാറ്റി ചവിട്ടി.
“സിനിമയില്‍ അഭിനയിക്കാനല്ലേ അവസരം കിട്ടാത്തത്. എന്നാല്‍ സ്വന്തമായി ചിത്രം സംവിധാനം ചെയ്താലോയെന്നാ ചിന്തിച്ചത്,” ജോബി ടി ബി ഐയോട് പറയുന്നു.
ഒടുവില്‍ ജോബി സിനിമാലോകത്തിലേക്കെത്തി. ഫീച്ചര്‍ സിനിമകളല്ല ഷോര്‍ട്ട്ഫിലിമുകളുടെ ലോകത്ത്. നടനായല്ല സംവിധായകന്‍റെ കുപ്പായത്തില്‍.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, റോഡ് സുരക്ഷ ഇങ്ങനെ എന്തെങ്കിലും സന്ദേശങ്ങള്‍ നിറയുന്ന വിഷയങ്ങളിലാണ് ജോബിയുടെ ശ്രദ്ധ.
ജോബിയുടെ ഷോര്‍ട്ട്ഫിലിമുകളില്‍ 70 ലക്ഷത്തിലേറെ പേര്‍ കണ്ട സിനിമകളുമുണ്ട്.
“സുഹൃത്ത് ഫിന്നി ജോസഫിന്‍റെ കൈയിലൊരു ക്യാമറയുണ്ട്. അതിലാണ് ആദ്യ ഷോര്‍ട്ട് ഫിലിം എടുക്കുന്നത്. ടെക്നിക്കല്‍ സഹായങ്ങളൊക്കെ ഫിന്നി നല്‍കി. അങ്ങനെയാണ് ബലിപ്രാവുകള്‍ എടുക്കുന്നത്.
“ഭിക്ഷാടനമായിരുന്നു വിഷയം. ഇതു ശ്രദ്ധിക്കപ്പെട്ടു. അതോടെ എനിക്ക് ധൈര്യമായി. വീണ്ടും ചില ഷോര്‍ട്ട്ഫിലിമുകള്‍ക്ക് പിന്നാലെ പോയി. ഉണര്‍വ് ആയിരുന്നു രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം. ഇതിനൊരു പ്രത്യേകതയുണ്ട്.
“45 മിനിറ്റുള്ള ചിത്രത്തില്‍ അഭിനയിച്ചതിലേറെയും പൊലീസുകാരാണ്. ഐജി വിജയന്‍ സാര്‍ തൃശൂരില്‍ ജോയിന്‍ ചെയ്ത സമയത്താണ് അദ്ദേഹത്തെ വിളിച്ചു ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നത്.
“സാറെ ഞാനൊരു കഥ പറയാം എന്നു പറഞ്ഞു, ആള് എവിടെയോ പോകാന്‍ നില്‍ക്കുകയായിരുന്നു. എന്നാലും പറയൂ എന്നാ പറഞ്ഞത്. സാറേ എന്‍റെ പേര് ജോബിന്നാണ്.. ഓട്ടോ ഡ്രൈവറാണ്, ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട് എന്നൊക്കെ അദ്ദേഹത്തോട് പറഞ്ഞു.
“ഉണര്‍വിനെക്കുറിച്ചും പറഞ്ഞു. അദ്ദേഹം യെസ് പറയുകയും ചെയ്തു. അങ്ങനെയാണ് പൊലീസുകാരെ ഷോര്‍ട്ട്ഫിലിമില്‍ ഉള്‍പ്പെടുത്തുന്നത്. ഐജി വിജയന്‍, എഡിജിപി സന്ധ്യ, എസ് പി അജിത ബീഗം..ഇങ്ങനെ തുടങ്ങി എസ് ഐമാരും സിഐമാരും മറ്റു പൊലീസുകാരുമെല്ലാം സഹകരിച്ചു,” യുവസംവിധായകന്‍ ആ സംരത്തിന്‍റെ വിജയത്തിന് പൊലീസിനോടും നന്ദി പറയുന്നു.
കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള ഷോര്‍ട്ട് ഫിലിമായിരുന്നു ഉണര്‍വ്.
സത്യസന്ധനായ ഓട്ടോ ഡ്രൈവറുടെ കഥ പറയുന്ന കണ്ണീര്‍ കിരണങ്ങള്‍, സ്ത്രീ സുരക്ഷയെ അടിസ്ഥാനമാക്കിയെടുത്ത കാണാമറയത്ത്, അമ്മയുടെയും മകളുടെയും കഥ പറയുന്ന പൊന്നു തുടങ്ങിയ ജോബിയുടെ സിനിമകളൊക്കെയും ശ്രദ്ധിക്കപ്പെട്ടു.
പൊന്നുവില്‍ ജോബിയുടെ മകള്‍ തന്നെയാണ് അഭിനയിച്ചതും. ജോബിയെടുത്ത ഷോര്‍ട്ട് ഫിലിമുകളൊക്കെയും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
ഇങ്ങനെ 15 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍ ഏറെ ബുദ്ധിമുട്ടിയത് നിര്‍മാതാക്കളെ കണ്ടുപിടിക്കാനായിരുന്നുവെന്ന് ജോബി.
“തൃശൂര്‍ ടൗണിലേക്ക് ഇറങ്ങിയാല്‍ കാണാത്ത ആളുകളില്ല,” പക്ഷേ ഷോര്‍ട്ട്ഫിലിം നിര്‍മ്മിക്കാന്‍ ആരും തയാറായില്ലെന്നു ജോബി പറയുന്നു. കുറേ പേര്‍ സഹായിച്ചിട്ടൊക്കെയുണ്ട്. പക്ഷേ നിര്‍മാണത്തിന് ആളെ കിട്ടാത്ത സാഹചര്യമായിരുന്നു.
“അങ്ങനെയാണ് സംവിധാനത്തിനൊപ്പം ഞാനിപ്പോ നിര്‍മാണത്തിലേക്കും കടന്നത്. ഞാന്‍ തന്നെ പണമിറക്കാമെന്നു തീരുമാനിച്ചു.
അതിനു വേണ്ടി കൂടുതല്‍ നേരം വണ്ടി ഓടിച്ചും കിട്ടുന്ന പൈസ കുറച്ചൊക്കെ മാറ്റി വച്ചുമാണ് ചിത്രം നിര്‍മിക്കുന്നത്.
” ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിംതിരക്ക് തൃശൂര്‍ സിറ്റി പൊലീസിന്‍റെ സിനിമയാണ്. അഭിനയിക്കാന്‍ മാത്രമല്ല ചിത്രത്തിന്‍റെ ആശയത്തിന് പിന്നിലും പൊലീസുകാരാണ്. തൃശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ സലീഷ് എന്‍.ശങ്കരന്‍റെ ആശയമാണ് തിരക്ക്.
“നിര്‍മാണവും സംവിധാനവുമാണ് ഞാന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഷോര്‍ട്ട്ഫിലിമിന് രണ്ട് മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. അഭിനയിക്കാനും പൊലീസുകാരുണ്ട്.
“സലീഷ് സാര്‍ അഭിനയിച്ചിട്ടുമുണ്ട്. 2018-ലെ പ്രളയകാലത്ത് നാവികസേന പൂര്‍ണഗര്‍ഭിണിയായ സ്ത്രീയെ രക്ഷിച്ചതോര്‍മയില്ലേ. ആ സജിതയും മകനും അഭിനയിച്ചിട്ടുണ്ട്,” ജോബി വിശദമാക്കുന്നു.
ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് സലീഷ് എന്‍ ശങ്കര്‍ അഭിനയിക്കുന്നത്. കാമറ ചെയ്തിരിക്കുന്നത് നിധിന്‍ തളിക്കുളവും എഡിറ്റര്‍ ആനന്ദ് ബോധുമാണ്.
“സിനിമയെക്കുറിച്ച് ഒന്നും പഠിച്ചിട്ടൊന്നുമില്ല. ഷൂട്ട് നടക്കുന്നിടത്തൊക്കെ കാണാന്‍ പോകുമായിരുന്നു. അങ്ങനെ പലരും സിനിമ ഷൂട്ട് ചെയ്യുന്നതും മറ്റുമൊക്കെ കണ്ടുകണ്ടാണ് സിനിമയെടുക്കാന്‍ പഠിക്കുന്നത്.
തൃശൂരിലെ മണ്ണുത്തിക്കടുത്തുള്ള ചുവന്നമണ്ണിലാണ് ജോബിയുടെ വീട്. പിതാവ് ജോയി. അന്നക്കുട്ടിയാണ് അമ്മച്ചി. ഭാര്യ ബ്ലെസി. ഒരു മകളുണ്ട് ഒലീവിയ.
“ഇവരുടെയൊക്കെ പിന്തുണയുണ്ട്. എതിര്‍പ്പൊന്നുമില്ല. പിന്നെ ചെയ്ത സിനിമകളില്‍ തിരക്ക് മാത്രമേ ഞാന്‍ നിര്‍മ്മിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ മറ്റു പലരുമാണ് നിര്‍മ്മിച്ചത്. എന്‍റെ കൈയില്‍ നിന്ന് പൈസ പോകുന്നില്ല.
“പക്ഷേ ഇതിന് പിന്നാലെ നടന്ന് സമയം കളയുന്നു, ജോലി ചെയ്യുന്നില്ല എന്നൊക്കെയുള്ള ചെറിയ പരാതികളുണ്ടെന്നു മാത്രം. സാമ്പത്തികം പ്രശ്നം തന്നെയാണ്.
“ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമല്ലേയുള്ളൂ. ഇന്നും പുറമ്പോക്കിലാണ് ഞങ്ങളുടെ വീട്. പരാതിയില്ല. സന്തോഷമേയുള്ളൂ. ചെയ്ത വര്‍ക്കുകള്‍ ലക്ഷം പേര് കണ്ടിട്ടുണ്ട്
“ദൈവത്തിന്‍റെ അനുഗ്രഹമാണ് ഇതുവരെ എത്തിയതിന് കാരണം. ഇനിയൊരു ഫീച്ചര്‍ സിനിമ ചെയ്യാണം. ഇതാണ് ആഗ്രഹം. അതിനുള്ള ധൈര്യം ഇന്നെനിക്കുണ്ട്,” ജോബിക്ക് നല്ല ആത്മവിശ്വാസം
സിനിമയ്ക്ക് പറ്റിയ കഥ മനസിലുണ്ട്. അതെഴുതി കൊണ്ടിരിക്കുകയാണ് ഇപ്പോ. തത്ക്കാലം കൂടുതലൊന്നും പറയാറായിട്ടില്ല, ജോബി കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ : ജോബി ചുവന്നമണ്ണ് / ഫെയ്‍സ്ബുക്ക്
ജോബി ചുവന്നമണ്ണ് സംവിധാനം ചെയ്ത പൊന്നു കാണാം.
ഇതുകൂടി വായിക്കാം:എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്