എംഫ്ലക്സ് വണ്‍. (ഫോട്ടോ: Emflux Motors/Facebook)

പൂജ്യത്തില്‍ നിന്ന് 100 KM വേഗത നേടാന്‍ വെറും 3 സെക്കന്‍ഡ്! ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്

സൂപ്പര്‍ സ്പീഡില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഒറ്റത്തവണ മുഴുവന്‍ ചാര്‍ജ്ജ്  ചെയ്താല്‍ മതി. 

ന്‍ഡ്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണി 2023-ഓടെ 161 മില്യണ്‍ ഡോളറായി വളരുമെന്നാണ് ഒരു പഠനം പറയുന്നത്. അതിന് പല കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

യുവതലമുറയുടെ ആശയാഭിലാഷങ്ങളിലെ മാറ്റം, പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ദ്ധനവ്, ഒപ്പം പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ റേഞ്ചിലുള്ള വര്‍ദ്ധനയും പെട്ടെന്ന് ലോണ്‍കിട്ടാനുള്ള സാധ്യതകളും എല്ലാം ഇതില്‍പ്പെടും.

ഇതൊക്കെ മുന്നില്‍ കണ്ടാണ് ബെംഗളുരു ആസ്ഥാനമായുള്ള എംഫ്‌ളക്‌സ് മോട്ടോഴ്സ് ഒരു പക്ഷേ, രാജ്യത്തെ തന്നെ ആദ്യത്തെ ഇലെക്ട്രിക് സൂപ്പര്‍ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നത്. 2020-21-ഓടെ കമ്പനിയുടെ എംഫ്‌ളക്‌സ് വണ്‍ (Emflux ONE) എന്ന സൂപ്പര്‍ബൈക്ക് നമുക്ക് നിരത്തില്‍ കാണാനാകും.

എംഫ്ലക്സ് വണ്‍. (ഫോട്ടോ: Emflux Motors)

“എന്‍റെ അറിവില്‍ മറ്റൊരു ഇന്‍ഡ്യന്‍ കമ്പനിയുടെയും പണിപ്പുരയില്‍ ഇതുപോലെ ഹൈപെര്‍ഫോമിങ് ആയ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് ഒരുങ്ങുന്നില്ല. മാത്രമല്ല, ഇന്‍ഡ്യയിലെ ഒറിജിനല്‍ എക്വിപ്‌മെന്‍റ് മാനുഫാക്ച്വറേഴ്‌സിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ എല്ലാ ഹൈപെര്‍ഫോമന്‍സ് ടു-വീലറുകളും ഏതെങ്കിലും ഫോറിന്‍ കമ്പനികളുമായി ചേര്‍ന്നാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് എംഫ്‌ളക്‌സ് വണ്‍ എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ്,” എംഫ്‌ളക്‌സ് മോട്ടോഴ്‌സിന്‍റെ ചീഫ് ഓപറേറ്റിങ് ഓഫീസറും കോ ഫൗണ്ടറുമായ അങ്കിത് ഖത്രി ദ് ബെറ്റര്‍ ഇന്‍ഡ്യ-യോട് പറഞ്ഞു.

കോളെജില്‍ പഠിക്കുമ്പോള്‍ തന്നെ വരുണ്‍ മിത്തല്‍ എന്ന മുന്‍ ജഗ്നൂ എക്‌സിക്യൂട്ടീവ് സ്വപ്‌നം കണ്ടിരുന്നത് സൂപ്പര്‍ ബൈക്കുകളും പ്രീമിയര്‍ കാറുകളും നിര്‍മ്മിക്കുന്നതിനെക്കുറിച്ചായിരുന്നു. ആ സ്വപ്‌നത്തില്‍ നിന്നാണ് 2016-ല്‍ എംഫ്‌ളക്‌സ് മോട്ടോഴ്‌സ് പിറവിയെടുക്കുന്നത്.

പക്ഷേ, മിത്തലിന് അതിനുള്ള പ്രവര്‍ത്തന പരിചയമോ വിഭവശേഷിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ ആശയം നടന്നില്ല.

2016-ല്‍ ജുഗ്നൂവിലെ സഹപ്രവര്‍ത്തകന്‍ അങ്കിത്, വിനയ് സോമശേഖര്‍ എന്നിവരുമായി വരുണ്‍ മിത്തല്‍ കൈകോര്‍ത്തു. വിനയ് ടി വി എസ് മോട്ടോഴ്‌സിലെ മുന്‍ഡിസൈനര്‍ ആയിരുന്നു. അങ്ങനെ എംഫ്‌ളക്‌സ് മോട്ടോഴ്‌സിന് ചിറകുവെച്ചു.

എന്താണ് എംഫ്‌ളക്‌സ് വണ്‍

“ഇത് ഞ്ങ്ങളുടെ ഫ്ളാഗ്ഷിപ്പ് പ്രോഡ്ക്ട് ആണ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും മൂന്ന് സെക്കന്‍ഡ് മാത്രം മതിയാവും ഇതിന്. ഏറ്റവും ഉയര്‍ന്ന സ്പീഡ് മണിക്കൂറില്‍ 200 കിലോമീറ്റര്‍. സിറ്റികളില്‍ ബാറ്ററിക്ക് 200 കിലോമീറ്റര്‍ റേഞ്ചും കിട്ടും. ഞങ്ങളുടെ സാങ്കേതിക വിദ്യ രാജ്യത്തിനകത്തുതന്നെ വികസിപ്പിച്ചതാണ്,” അങ്കിത് പറയുന്നു.

എംഫ്ലക്സ് വണ്‍. (ഫോട്ടോ: Emflux Motors/Facebook)

റിവേഴ്‌സ് അസിസ്റ്റ് (യാത്രയില്‍ നേരിട്ട് കാണാന്‍ പ്രയാസമുള്ള വസ്തുക്കളെക്കുറിച്ച് വിവരം തരുകയും റൈഡിന് കൂടുതല്‍ സുരക്ഷ തരുന്നതുമാണ് ഈ ഫീച്ചര്‍), ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. മോട്ടോറിന്‍റെ ഉയര്‍ന്ന ടോര്‍ക്ക് 84Nm.

എംഫ്‌ളക്‌സ് വണ്‍ ഇന്‍ഡ്യന്‍ മാര്‍ക്കെറ്റില്‍ ആറ് ലക്ഷം രൂപ വിലവരുമെന്നാണ് കമ്പനി പറയുന്നത്.

ബ്രെംബോ ബ്രേക്ക്, സസ്‌പെന്‍ഷന്‍, ടയര്‍, ചില ചെറിയ ആക്‌സസറീസ് എന്നിവയൊഴികെ ഈ ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്‍റെ ഏതാണ്ടെല്ലാ ഭാഗങ്ങളും സ്വന്തം ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നതെന്ന് അങ്കിത് അവകാശപ്പെട്ടു.


ഇതുകൂടി വായിക്കാം: യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍


എന്നുവെച്ചാല്‍ സ്റ്റൈലിങും ഡിസൈനും മുതല്‍ മെക്കാനിക്കല്‍ സ്ട്രക്ചറും മോട്ടോറും ഡ്രൈവ് ട്രെയിനും ബാറ്ററി പാക്കുമെല്ലാം സ്വന്തമായി തയ്യാറാക്കിയതാണ്. അതുപോലെത്തന്നെ ബാറ്ററി മാനേജ്‌മെന്‍റ് സിസ്റ്റം, മോട്ടോര്‍ കണ്‍ട്രോളര്‍, ചാര്‍ജര്‍ സര്‍ക്യൂട്ട്, മാസ്റ്റര്‍ കണ്‍ട്രോളര്‍, വാള്‍മൗണ്ട് ചാര്‍ജ്ജര്‍ എന്നിവയും കമ്പനിയില്‍ തന്നെ ഉണ്ടാക്കിയതാണ്.

“മറ്റ് നിര്‍മ്മാതാക്കളുമായും ഇലക്ട്രിക്കല്‍ വാഹനനിര്‍മ്മാതാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു. സ്റ്റൈലിങ്ങിലും ഡിസൈനിലും ടെക്‌നോളജിയിലും മെക്കാനിക്കല്‍ കാര്യങ്ങളിലും ഞങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയും,” അങ്കിത് കൂട്ടിച്ചേര്‍ക്കുന്നു.

എംഫ്ലക്സ് വണ്‍ ടീം (Photo: EMFLUX MOTORS-Facebook)

ലിക്വിഡ് കൂള്‍ഡ് മോഡ്യുലാര്‍ ലിഥിയം അയോണ്‍ ബാറ്ററി പാക്കിന്‍റെ കപ്പാസിറ്റി 9.7KWh ആണ്. 80 ശതമാനം ചാര്‍ജ്ജ് ആവാന്‍ ഫാസ്റ്റ് ചാര്‍ജ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വെറും 36 മിനിറ്റ് മാത്രം മതിയാവും. സാധാരണ ചാര്‍ജ്ജിങ് സ്‌റ്റേഷനുകളിലാണെങ്കില്‍ മൂന്ന് മണിക്കൂര്‍ എടുക്കും.

“ഈ ബൈക്കിന്‍റെ ഒരു പ്രത്യേകത അതിന്‍റെ ബാറ്ററി പാക്ക് ആണ്. ഇത് എയറോസ്‌പേസ്-ഗ്രേഡ് അലൂമിനിയം കേസിങ്ങിലാണ് വരുന്നത്. ഇത് ഒരു സ്റ്റീല്‍ ഫ്രെയിമിനകത്താണ്. അപകടമുണ്ടായാല്‍ ബാറ്ററിക്ക് കേടുപറ്റാതിരിക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ പാനലുമുണ്ട്. പുറമെ സുരക്ഷിതത്വത്തിനായി വേറെയും സംവിധാനങ്ങളുമുണ്ട്,” ഖത്രി Inc42-നോട് വെളിപ്പെടുത്തി.

ഇപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ് എങ്കിലും അധികം വൈകാതെ തന്നെ എംഫ്‌ളക്‌സ് വണ്ണിന്‍റെ അപ്‌ഗ്രേഡഡ് പ്രോട്ടോടൈപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു.

“2021-ന്‍റെ ആദ്യമാസങ്ങളില്‍ ലോഞ്ച് ചെയ്യാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” ഖത്രി ടി ബി ഐയോട് പറഞ്ഞു. “അതേ സമയം തന്നെ ഞങ്ങള്‍ മറ്റുചില പ്രോജക്ടുകള്‍ കൂടി ചെയ്യുന്നുണ്ട്. 2 വാട്ട് ഡൈനോ, മാന്വലായും ഓട്ടോമാറ്റിക്കായും പ്രവര്‍ത്തിപ്പിക്കാവുന്ന ബാറ്ററി സ്‌പോട്ട് വെല്‍ഡര്‍, ഇന്‍ ഹൗസ് ബാറ്ററി ടെസ്റ്റിങ്… ഇത് മറ്റ് ഇ.വി നിര്‍മ്മാതാക്കള്‍ക്ക് ഞങ്ങള്‍ നല്‍കുന്നു. വാള്‍ മൗണ്ട് ചാര്‍ജ്ജര്‍ വിദേശ വിപണിയില്‍ അടുത്ത വര്‍ഷം എത്തിക്കാമെന്നാണ് വിചാരിക്കുന്നത്.”

എംഫ്‌ളക്‌സ് വണ്ണിനുപുറമെ എംഫ്‌ളക്‌സ് ടു-വിന്‍റെ ഡിസൈനും കമ്പനി ഈയിടെ പുറത്തുവിട്ടു. ആദ്യമോഡലിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്ന് അവര്‍ പറയുന്നു.

എംഫ്‌ളക് ടു-വിന് രണ്ട് വേര്‍ഷനുകളുണ്ട്. ഫീച്ചറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അറിയാവുന്നത് ഇത്രയുമാണ്: ഉയര്‍ന്ന സ്പീഡ് മണിക്കൂറില്‍ 160. ഫുള്‍ചാര്‍ജ്ജില്‍ 160 കി.മി റേഞ്ച്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മി. വേഗതയിലെത്താന്‍ 4.5 സെക്കന്‍ഡ്.

ഓട്ടോമേറ്റഡ് സ്പോട്ട് വെല്‍ഡര്‍ (photo: Emflux Motors)

എംഫ്‌ളക്‌സസ് ടു+ എന്ന മോഡലിന്‍റെ കൂടിയ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്റര്‍. റേഞ്ച് 200 കിലോമീറ്റര്‍. നൂറ് കിലോമീറ്റര്‍ വേഗതയിലെത്താനെടുക്കുന്ന സമയം വെറും 3.6 സെക്കന്‍ഡ്.

“2016 ആഗസ്തിലാണ് അങ്കിതും വരുണും അവഗണിക്കാനാവാത്ത ഒരു പ്ലാനുമായി വന്നത്. അവര്‍ ഒരു ഗംഭീര ടീമും ടെക്‌നോളജിയും വികസിപ്പിച്ചെടുത്തു… എംഫ്‌ളക്‌സ് വണ്ണിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്,” ഐ കെ പി ഏഡെന്‍ എന്ന സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേറ്ററിന്‍റെ സി ഇ ഓ-യും എംഫ്‌ളക്‌സിലെ നിക്ഷേപകനുമായ വിക്രമന്‍ വേണു പറയുന്നു.

“വരുംകാലം വൈദ്യുതവാഹനങ്ങളുടേതാണ്…എംഫ്‌ളക്‌സ് ഞങ്ങളുടെ ഒരു പ്രധാന പാര്‍ട്ണര്‍ ആണ്,” സ്റ്റാര്‍ട്ട് അപിലെ മറ്റൊരു നിക്ഷേപകനായ സമര്‍ സിംഗ്ല പറയുന്നു.

ഈ സ്റ്റാര്‍ട്ട് അപ്പിന്‍റെ ഇതുവരെയുള്ള യാത്ര പക്ഷേ, അ്ത്ര എളുപ്പമായിരുന്നില്ല. “വില്‍പനക്കാരുമായും സപ്ലയേഴ്‌സുമായും ബന്ധപ്പെടുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിട്ടു, തുടക്കത്തില്‍. എന്നാല്‍, 2018 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്തതോടെ കാര്യങ്ങള്‍ മാറി. ഞങ്ങളെപ്പോലെ ഹാര്‍ഡ് വെയര്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിക്ഷേപകരെ കിട്ടാനുള്ള പാടാണ്,” അങ്കിത് വിശദമാക്കുന്നു.

ഉപഭോക്താക്കള്‍ പ്രകൃതിയെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും കൂടുതല്‍ ബോധമുള്ളവരാവുമ്പോള്‍ ഇത്തരം കമ്പനികള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. സ്വന്തമായി സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന എംഫ്‌ളക്‌സ് പോലെയുള്ള കമ്പനികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും നിക്ഷേപവും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.


ഇതുകൂടി വായിക്കാം: ‘എലിക്കുട്ടീ, പുലിക്കുട്ടീ…, ധീരതയോടെ…’: മലയാളികളെ മലയാളം പഠിപ്പിക്കുന്ന ‘മദാമ്മക്കൊച്ചു’മായി ഒരു നീണ്ട സംസാരം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം