കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ മണ്ണില്ലാകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കാര്യമായ ഭൂമിയില്ലാത്തവരാണ് അവരിലധികവും.
ഓരോ വീട്ടിലേയ്ക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പ്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം.
ടെറസില്‍ കൃഷി ചെയ്ത് പരമാവധി പച്ചക്കറികള്‍ വിളയിക്കാനാണ് ശ്രമം.
മണ്ണില്ലാകൃഷി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സുമൊക്കെയല്ലേ. എന്നാലിത് അതൊന്നുമല്ല.
മണ്ണിന് പകരം പഴയ ന്യൂസ്‌പേപ്പറുകളാണ് ഉപയോഗിക്കുന്നത്.
“സാധാരണ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് അതിലാണ് തൈകള്‍ നടുന്നത്. വെള്ളം രാവിലേയും വൈകിട്ടും ഗ്രോബാഗിന്‍റെ മുകളിലൂടെ ഒഴിച്ചുകൊടുക്കുകയാണ് പതിവ്. ഇതുമൂലം ടെറസ്സില്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല. ടെറസ്സില്‍ മണ്ണ് നിറച്ച ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത് മൂലം ഭാരം കൂടുതലായതിനാല്‍ മട്ടുപ്പാവില്‍ ബലക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്,” പഴയ പേപ്പര്‍ കൊണ്ട് മണ്ണില്ലാകൃഷി നടത്താനുള്ള മാര്‍ഗ്ഗം വികസിപ്പിച്ചെടുത്ത കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഷിബുകുമാര്‍ പറയുന്നു.
ടെറസില്‍ മണ്ണ് ചുമന്നു കയറ്റാനും രണ്ടുനേരം നനയ്ക്കാനുമുള്ള ബുദ്ധിമുട്ട് വേറെയും. ഈ കാരണങ്ങള്‍ കൊണ്ടാണ് പലരും മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ മടിക്കുന്നത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മണ്ണില്ലാ കൃഷിയോടൊപ്പം തിരിനന സംവിധാനവും ചേര്‍ത്ത് പരീക്ഷിച്ചാല്‍ സാധിക്കുമെന്നാണ് കൊല്ലം ചാത്തന്നൂരിലെ ഉദ്യോഗസ്ഥനായ ഷിബുകുമാര്‍ പറയുന്നത്.
ഈ കൃഷിരീതി ആദ്യമായി നടപ്പിലാക്കിയത് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ മട്ടുപ്പാവ് കര്‍ഷകരാണ്. മണ്ണില്ലാക്കൃഷിയോടൊപ്പം തിരിനന കൂടി ഉള്‍പ്പെടുത്തിയാല്‍ മികച്ച വിളവ് ലഭിക്കുമെന്ന് ഇവര്‍ പരീക്ഷിച്ചറിഞ്ഞു.
ഷിബുകുമാര്‍ വികസിപ്പിച്ചെടുത്ത മാര്‍ഗം പിന്തുടരുകയാണ് ഇത്തിക്കരയിലെ കര്‍ഷകരും.
എങ്ങനെയാണ് പഴയ കടലാസ് ഉപയോഗിച്ച് മണ്ണില്ലാകൃഷി ചെയ്യുന്നതെന്ന് ഷിബുകുമാര്‍ വിശദമാക്കുന്നു:
- ഗ്രോബാഗില്‍ പഴയ ദിനപത്രം, ചകിരിച്ചോറ്, കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ വിവിധ അടുക്കുകളായി നിറയ്ക്കുക.
- ഈ മിശ്രിതത്തിലെ അമ്ലഗുണം മാറാനായി ഡോളമൈറ്റ് വിതറണം.
- ഇങ്ങനെ പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗിന്‍റെ മദ്ധ്യഭാഗത്തുകൂടി തിരികള്‍ കടത്തി വെക്കുക.
- നല്ല ഗുണനിലവാരമുള്ള ചകിരിച്ചോറും തണലത്ത് ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടിയുമുണ്ടെങ്കില്‍ നല്ല വിളവ് കിട്ടും.
- ഡോളമൈറ്റ് കൂടിപ്പോകരുത്. വളരെ ചെറിയ അളവ് മാത്രം മതി.
ഗ്രോബാഗ് നിറയ്ക്കുമ്പോള്‍
“ഒരു ഗ്രോബാഗിലേക്ക് ഒരു കിലോ ദിനപ്പത്രം, രണ്ട് കിലോഗ്രാം ചകിരിച്ചോറിന്‍റെ കമ്പോസ്റ്റ്, രണ്ട് കിലോഗ്രാം ചാണകപ്പൊടി, 40 ഗ്രാം ഡോളമൈറ്റ് എന്നിവയാണ് എടുക്കുന്നത്. പത്രങ്ങള്‍ നിവര്‍ത്തി ഒന്നിനു മുകളില്‍ ഒന്നായി ഗ്രോബാഗില്‍ നിറയ്ക്കണം. മൂന്ന് സെന്‍റീമീറ്റര്‍ ഉയരത്തില്‍ പത്രങ്ങള്‍ അമര്‍ത്തി നിറച്ച ശേഷം മൂന്ന് സെ.മീ കനത്തില്‍ ചകിരിച്ചോറിന്‍റെ കമ്പോസ്റ്റ് നിറയ്ക്കണം. വീണ്ടും മൂന്ന് സെന്‍റീമീറ്റര്‍ ഉയരത്തില്‍ പത്രങ്ങള്‍ നിറയ്ക്കണം. ഇതിന് മുകളിലായി മൂന്ന് സെ.മീ ഉയരത്തില്‍ ചാണകപ്പൊടി നിറയ്ക്കണം. ഈ രീതിയില്‍ ഒന്നിടവിട്ട അടുക്കുകളായി ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കണം,” ഷിബുകുമാര്‍ വിശദമാക്കുന്നത്.
ഏറ്റവും അവസാനത്തെ അടുക്കില്‍ ചാണകപ്പൊടി തന്നെ നിറയ്ക്കണം. ഇതിന് മുകളിലായി 40 ഗ്രാം ഡോളമൈറ്റ് വിതറി ബാഗിലെ മുഴുവന്‍ മിശ്രിതവും നനയുന്ന വിധത്തില്‍ നന്നായി വെള്ളമൊഴിക്കണം. ഈ ബാഗുകള്‍ ഒരാഴ്ച നന്നായി നനയ്ക്കണം. അതിനുശേഷം മാത്രം തൈകള്‍ നടുന്നതാണ് നല്ല വിളവ് ലഭിക്കാന്‍ അനുയോജ്യം.
ഒരിക്കല്‍ ഗ്രോബാഗ് നിറച്ചുകഴിഞ്ഞാല്‍ ചെടി വളരുന്നതിനനുസരിച്ച് ചാണകപ്പൊടി,പിണ്ണാക്കുകള്‍, മൈക്രോ ന്യൂട്രിയന്‍റ്സ് എന്നിവ ആവശ്യാനുസരണം നല്‍കാം.
ഇതുകൂടി വായിക്കാം: വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം
“മണ്ണു വഴിയാണ് പല രോഗങ്ങളും പകരുന്നത്. വാട്ടരോഗങ്ങളും അഴുകലും പകരുന്നത് മണ്ണു വഴിയാണ്. അതുപോലെ തന്നെ ഗുണമേന്മയുള്ള മണ്ണ് കിട്ടാനും ബുദ്ധിമുട്ടാണ്. മണ്ണില്ലാക്കൃഷിയില്‍ തിരിനന എന്ന വിദ്യകൂടി സംയോജിപ്പിക്കുമ്പോള്‍ മട്ടുപ്പാവില്‍ ഏറ്റവും ഫലപ്രദമായ കൃഷിരീതി ആയി മാറുന്നു. വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നില്ലെതും കൃഷിചെയ്യുന്നവര്‍ക്ക് ഗുണമാണ്,” മട്ടുപ്പാവിലെ മണ്ണില്ലാക്കൃഷിക്ക് കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്‍കിയ ചാത്തന്നൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എം.എസ് പ്രമോദ് ഈ പുതിയ കൃഷിരീതിയെക്കുറിച്ച് വിശദമാക്കുന്നു.
തിരിനന എളുപ്പത്തില്‍
“മൂന്ന് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പുകള്‍ എടുത്ത് കൃത്യമായ അകലത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്നു. പഴയ സാരികള്‍ പൗച്ച് പോലെ തയ്ച്ച് അതിനകത്തേക്ക് ഉണങ്ങിയ ചകിരിച്ചോറിന്‍റെ കമ്പോസ്റ്റ് നല്ല കനത്തില്‍ സ്റ്റഫ് ചെയ്ത് 20-22 സെ.മീ നീളമുള്ള ഒരു മെഴുകുതിരി പോലെയാക്കി തയ്ച്ചെടുക്കുന്നു. അതിനുശേഷം ദ്വാരത്തിനകത്തേക്ക് ഈ തിരി ഇറക്കിവെക്കും. തിരിയുടെ മറ്റേ അറ്റം ഗ്രോബാഗിന്‍റെ ചുവട്ടിലുള്ള ദ്വാരത്തിലൂടെ ഉള്ളിലേക്ക് തള്ളിനീക്കി വെക്കുകയാണ് ചെയ്യുന്നത്. ഇനി ഈ ഗ്രോബാഗിലേക്കാണ് നമുക്ക് ആവശ്യമായ മിശ്രിതം നിറയ്ക്കാം,” പ്രമോദ് തുടരുന്നു.
ഗ്രോബാഗുകള്‍ മറിഞ്ഞ് പോകാതിരിക്കാനായി പൈപ്പ് ലൈനിന്‍റെ ഇരുവശങ്ങളിലും ഇഷ്ടികകള്‍ വയ്ക്കണം. ചെടികള്‍ അവശ്യാനുസരണം ജലം പൈപ്പില്‍ നിന്ന് തിരികള്‍ വഴി വലിച്ചെടുക്കുന്നു. മട്ടുപ്പാവില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈന്‍ നേരിട്ട് ടാങ്കുമായോ മറ്റ് ജലസ്രോതസ്സുകളുമായോ ബന്ധിപ്പിക്കാം. വെള്ളത്തിന്‍റെ ലഭ്യത വാള്‍വുകള്‍ വഴി നിയന്ത്രിക്കാം.
ഈ രീതിയില്‍ മട്ടുപ്പാവില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് സാധാരണ ചെടികളെ അപേക്ഷിച്ച് വളര്‍ച്ചയും വിളവും കൂടുതലായിരിക്കുമെന്ന് ഈ കൃഷി ഓഫീസര്‍മാര്‍ പറയുന്നു.
ചാത്തന്നൂര്‍ കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍റെ മട്ടുപ്പാവില്‍ പ്രമോദിന്‍റെ നേതൃത്വത്തില്‍ 400 ഗ്രോബാഗുകളുടെ (പേപ്പര്‍ നിറച്ചത്) പ്രദര്‍ശനത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഇവിടെ 25 ഗ്രോബാഗുകളില്‍ നിന്നായി 1,500 രൂപയുടെ ചീര വിളവെടുത്തിട്ടുണ്ട്. അതുപോലെ ഏകദേശം 50 ഗ്രോബാഗുകളില്‍ നിന്നായി 3 കി.ഗ്രാം മുളകും കിട്ടി. ഏകദേശം 10 കി.ഗ്രാം വഴുതനയും 4 കി.ഗ്രാം തക്കാളിയും പറിച്ചെടുത്തു.
“വീട്ടിലെ ഉപയോഗശൂന്യമായ മുഴുവന്‍ പേപ്പറും പച്ചക്കറികൃഷിക്ക് ഉപയോഗിക്കാന്‍ സാധിയ്ക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രയോഗിക പരിഹാരം കൂടിയാണ് ഇത്,” മണ്ണില്ലാക്കൃഷിയുടെ പ്രയോജനങ്ങള്‍ ഷിബുകുമാര്‍ വിവരിക്കുന്നു.
ഇതുകൂടാതെ കീട-രോഗ ആക്രമണം വളരെ കുറവാണ്. സാധാരണ മണ്ണ് ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ വിളവ് കിട്ടുന്നുമുണ്ട്. മുളക്, വഴുതന, ചീര, തക്കാളി എന്നിവ ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ വിളവെടുക്കാം.
മണ്ണില്ലാക്കൃഷിയിലെ പുതുമ
മണ്ണില്ലാക്കൃഷി നമുക്ക് പുതുമയല്ല. പക്ഷേ മണ്ണിന് പകരം ഉപയോഗിക്കുന്ന വസ്തുവിലാണ് വ്യത്യാസമുള്ളത്. വെര്‍ട്ടിക്കല്‍ കൃഷിയിലും ഹൈഡ്രോപോണിക്സിലും മട്ടുപ്പാവിലുമെല്ലാം സാധാരണ മണ്ണില്ലാക്കൃഷിയില്‍ ഉപയോഗപ്പെടുത്തുന്നത് പെര്‍ലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നീ ധാതുപദാര്‍ഥങ്ങളാണ്.
ഖനനം ചെയ്തെടുക്കുന്ന പദാര്‍ഥമാണ് പെര്‍ലൈറ്റ്. 1,600 മുതല്‍ 1,700 വരെ ഡിഗ്രി ഫാറന്‍ഹീറ്റില്‍ ചൂടാക്കുമ്പോള്‍ വെള്ളം നഷ്ടപ്പെട്ട് പോപ്കോണിനെപ്പോലെ ഇത് വികസിക്കും. തെര്‍മോക്കോള്‍ ഉണ്ടകള്‍ പോലെ തോന്നിക്കുന്ന പദാര്‍ഥമാണിത്. ഗ്രോബാഗിലും ചട്ടിയിലും മണലിന് പകരമായി ഉപയോഗിക്കുന്നതാണിത്.
ഇത് മണ്ണുമായും ചെടികളുമായും പ്രതിപ്രവര്‍ത്തിക്കാത്തതുകൊണ്ട് ചേര്‍ക്കുന്ന വെള്ളവും വളവും പൂര്‍ണമായും ചെടികള്‍ക്ക് തന്നെ ലഭിക്കും. പക്ഷേ കിലോഗ്രാമിന് 85 മുതല്‍ 90 രൂപ വരെ വിലയുണ്ട്.
അതുപോലെ വെര്‍മിക്കുലൈറ്റും ഹൈഡ്രോപോണിക്സ് കൃഷിയിലും മണ്ണില്ലാക്കൃഷിയിലും ഉപയോഗിക്കുന്നുണ്ട്. ബയോറൈറ്റ് എന്ന മൈക്ക അടങ്ങിയ ധാതുപദാര്‍ഥമാണിത്. ചെടികളുടെ വേരുകള്‍ വളരെ പെട്ടെന്ന് വളരാനും വെള്ളം വേരുകളില്‍ പിടിച്ച് നിര്‍ത്താനും വെര്‍മിക്കുലൈറ്റ് സഹായിക്കുന്നു. ഫംഗസുകളെ പ്രതിരോധിക്കാനും കഴിവുണ്ട്. ഇതിന് മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 45 മുതല്‍ 50 രൂപ വരെ വിലയുണ്ട്.
വെര്‍മിക്കുലൈറ്റ് വളരെ കൂടിയ അളവില്‍ അയോണുകളെ കൈമാറ്റം ചെയ്യാന്‍ സഹായിക്കും. ഈ രണ്ടു പദാര്‍ഥങ്ങളും ജൈവകൃഷിരീതി പിന്തുടരുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
എന്നാല്‍ ഇവ രണ്ടും വാങ്ങി മട്ടുപ്പാവിലെ മുഴുവന്‍ ഗ്രോബാഗുകളിലും നിറച്ച് കൃഷി ചെയ്യുന്നത് ലാഭകരമല്ല. ഇവിടെയാണ് ഷിബുകുമാര്‍ കണ്ടെത്തിയ വിദ്യ പ്രായോഗികമാകുന്നത്. പഴയ ദിനപ്പത്രങ്ങളാകുമ്പോള്‍ പ്രത്യേകിച്ച് ചെലവ് വരുന്നില്ല.
ഇത്തിക്കരയിലേക്ക് വീണ്ടും.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, പൂതക്കുളം എന്നീ പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തില്‍ മണ്ണില്ലാ കൃഷി, തിരിനന സമ്പ്രദായം എന്നിവ ശാസ്ത്രീയമായി സംയോജിപ്പി്ക്കുന്ന ”പോഷകശ്രീ” എന്ന പദ്ധതി നടപ്പാക്കുന്നത്, ഷിബുകുമാര്‍ പറയുന്നു.
“പഞ്ചായത്തുകളില്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. ഒരു ഗ്രൂപ്പില്‍ 10 മുതല്‍ 15 വരെ കര്‍ഷകരാണുള്ളത്. ഇങ്ങനെ ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്ന 50 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിവരുന്നു,” ഷിബുകുമാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ കാണുന്നത്.
ഓരോ വീട്ടിലും 50 ഗ്രോബാഗുകളില്‍ വെണ്ട, ചീര, വഴുതന, തക്കാളി, മുളക് എന്നിവയാണ് ഈ രീതയില്‍ കൃഷി ചെയ്യുന്നത്. 50 ഗ്രോബാഗുകള്‍ അടങ്ങുന്ന ഒരു യൂണിറ്റിന് 12,500 രൂപയാണ് ചെലവ്. ഇതില്‍ 75 ശതമാനം സര്‍ക്കാര്‍ സബ്സിഡി ആണ്. വളരെ ആവേശം നിറഞ്ഞ പ്രതികരണമാണ് മട്ടുപ്പാവ് കര്‍ഷകരില്‍ നിന്നും ഈ കൃഷിരീതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് കൃഷി ഓഫീസര്‍ പറയുന്നു.
കാര്‍ഷിക കര്‍മസേനകള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവ വഴിയും ഈ പോഷകശ്രീ പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന പരിശീലനം നേടിക്കഴിഞ്ഞ കര്‍ഷകര്‍ക്ക് സ്വന്തമായി സര്‍ക്കാര്‍ ആനുകൂല്യത്തോടെ ഈ പദ്ധതി നടത്താവുന്നതുമാണ്, അദ്ദേഹം വ്യക്തമാക്കി.
****
വിശദീകരണം.
(ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശേഷം ഒരുപാട് വായനക്കാര്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രധാന സംശയം പത്രക്കടലാസില്‍ മഷിയില്‍ ലെഡ് (കാരീയം) അടക്കമുള്ള ഘനലോഹങ്ങളും ഹാനികരമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടാകുമല്ലോ അതിനാല്‍ കൃഷിക്ക് യോജിച്ചതാണോ എന്നാണ്.
ഞങ്ങള്‍ ഈ സംശയം ചാത്തന്നൂരില് ഈ പുതിയ മാതൃക പരീക്ഷിച്ച കൃഷി ഉദ്യോഗസ്ഥന് ഷിബുകുമാറിനോട് തന്നെ ചോദിച്ചു.
അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെയാണ്:
ഇപ്പോള്‍ ഇന്ഡ്യയില്‍ പ്രിന്‍റ് ചെയ്യുന്ന ലെഡ് അധിഷ്ഠിത നിറങ്ങള് ഉപയോഗിക്കുന്നില്ല. ഇപ്പോള്‍ സോയ ഇങ്ക് ആണ് (സോയാബീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതി സൗഹൃദ മഷി) ഉപയോഗിക്കുന്നത്. അതുകൊണ്ട് ലെഡ് വിഷബാധ ഉണ്ടാകുമെന്ന ഭയം അസ്ഥാനത്താണ്.
പഴയ കാലത്തെ പത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും അവയില് ലെഡിന്‍റെ സാന്നിദ്ധ്യം അനുവദനീയമായ അളവിലും കുറവാണ്.)
ഇതുകൂടി വായിക്കാം: വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്‍റെയും പെണ്‍മിത്രയുടെയും വിജയകഥ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.