രാകേഷും ഭാര്യ വിന്നി ഗംഗാധരനും ചേര്‍ന്ന് ബെംഗളുരുവില്‍ ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഐ സി എന്‍ജിന്‍ (Internal combustion) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരുന്നു. വ്യവസായങ്ങളെ മാത്രം (ബിസിനസ്-ടു-ബിസിനസ്) ഉന്നം വെച്ചുള്ളതായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്ന പ്രോജക്ട്.
എന്നാല്‍ നിക്ഷേപകരെ തേടിയപ്പോള്‍ മിക്കവരും ചോദിച്ചത് ഒറ്റക്കാര്യം: ഓട്ടോമൊബൈല്‍ വ്യവസായം അധികം വൈകാതെ ഇലക്ട്രികിലേക്ക് മാറുമ്പോള്‍ ഈ ഐ സി എന്‍ജിന്‍ ടെക്‌നോളജി കൊണ്ട് എന്താണ് കാര്യം?
ഈ ചോദ്യം അവരെ ചിന്തിപ്പിച്ചു. പെട്രോളും ഡീസലും ഉപയോഗിച്ചുള്ള വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയതെന്ത് ചെയ്യാമെന്നായി ആലോചന.
“ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ത്രീ-വീലറുകളും ഉണ്ടാക്കുന്ന മറ്റൊരു സ്റ്റാര്‍ട്ട് അപ് ആവാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല,'” രാകേഷ് എം കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളുമൊക്കെ ഉണ്ടാക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ ധാരാളമുണ്ട്. പ്രോഡക്റ്റ് സൊല്യൂഷന്‍സ് ഇല്ലാത്തതല്ല, ഇലക്ട്രിക് ഗതാഗതസംവിധാനങ്ങള്‍ പലതും നമുക്ക് അപ്രാപ്യമാണ് എന്നതാണ് പ്രശ്നം എന്ന് മനസ്സിലായി.”
അങ്ങനെയാണ് പെട്രോള്‍ സ്‌കൂട്ടറുകള്‍ ഇലക്ട്രിക് ആക്കി മാറ്റാവുന്ന ഈസീ-ഹൈബ്രിഡ് (Ezee-Hybrid) എന്ന ഇ-കിറ്റ് രാകേഷിന്‍റെ സ്റ്റാര്‍ട്ട് അപ് വികസിപ്പിക്കാന്‍ തുടങ്ങിയത്.
ഒരിക്കല്‍ ഫിറ്റ് ചെയ്താല്‍ സാധാരണ സ്‌കൂട്ടര്‍ ഒരു ഇലക്ട്രിക് ഹൈബ്രിഡ് ആയി മാറും.
അധികം വൈകാതെ ഇന്‍ഡ്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമാവും. അപ്പോള്‍ പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ എന്തുചെയ്യും?
ഇന്നത്തെ സ്ഥിതിക്കാണെങ്കില്‍ അവയും നിരത്തില്‍ കാണും. പെട്രോള്‍ വാഹനങ്ങള്‍ ഒറ്റയടിക്ക് ഒഴിവാക്കുന്നതും ഇപ്പോള്‍ അത്ര പ്രായോഗികമല്ല.
ഇന്‍ഡ്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കടന്നുവന്നിട്ട് കുറച്ചുവര്‍ഷങ്ങളായെങ്കിലും പെട്രോള്‍ വാഹനങ്ങളുടെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ അവ വളരെ പിന്നില്‍ തന്നെയാണ്.
(ഇന്‍ഡ്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഒരു പക്ഷേ ആദ്യമായി ഇലക്ട്രിക് കാറ്‍ ഉണ്ടാക്കി നിരത്തിലിറക്കിയ ചാലക്കുടിക്കാരന്‍റെ കഥ നേരത്തെ ടി ബി ഐ എഴുതിയിരുന്നത് ഓര്‍ക്കുമല്ലോ. വായിക്കാത്തവര്‍ ഈ ലിങ്ക് നോക്കുക)
“ഇലക്ട്രിക് വാഹനങ്ങളുടെ കുറവല്ല പ്രശ്‌നം. വാഹനം വാങ്ങുന്നവര്‍ക്ക് പലതരം ആശങ്കകളാണ്… ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം, സര്‍വീസ് പ്രശ്‌നം അങ്ങനെ പലതും. ഇലക്ട്രിക് വാഹനങ്ങള്‍ വഴിയില്‍ ബ്രേക് ഡൗണ്‍ ആയാല്‍ പെട്ടെന്ന് ശരിക്കാന്‍ പറ്റുമോ, വേണ്ടത്ര സെര്‍വീസ് സെന്‍ററുകള്‍ ഉണ്ടാകുമോ…ഇങ്ങനെ പലതരം ആശങ്കകളാണ് ഇലക്ട്രിക്കിലേക്ക് മാറുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്,” രാകേഷ് പറയുന്നു.
“സര്‍ക്കാര്‍ നല്ല സബ്‌സിഡി നല്‍കുന്നുണ്ടെങ്കില്‍ പോലും ഇ-വാഹനങ്ങളുടെ വില്‍പനയില്‍ അത് കാര്യമായ മാറ്റങ്ങളുണ്ടാക്കാത്തതിന് കാരണവും ഒരുപക്ഷേ ഇതൊക്കെയാവാം “എന്നാണ് അദ്ദേഹം കരുതുന്നത്.
ഈസി ഹൈബ്രിഡ് കിറ്റ് ഘടിപ്പിക്കുന്നതോടെ പെട്രോള്‍ ബൈക്ക് ഇലക്ട്രിക് ഹൈബ്രിഡ് ആയി മാറും. അതായത്, വണ്ടി വൈദ്യുതിയിലും പെട്രോളിലും ഒരുപോലെ പ്രവര്‍ത്തിക്കും. രണ്ട് മോഡ് ഉണ്ടാകും–ഇലക്ട്രിക്കും പെട്രോളും. ഒരു സ്വിച്ച് അമര്‍ത്തുന്നതോടെ രണ്ട് മോഡില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കാം.
ലോഡും സ്പീഡും അനുസരിച്ച് ഇലക്ട്രിക് മോഡില്‍ 40 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയും. ബാറ്ററിയില്‍ ചാര്‍ജ്ജ് തീരുമ്പോള്‍ പെട്രോള്‍ എന്‍ഡിന്‍ മോഡില്‍ യാത്ര തുടരാം.
“പെട്രോള്‍ മോഡില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബാറ്ററി തനിയെ ചാര്‍ജ്ജായിക്കൊള്ളും. അതായത്, മൈലേജില്‍ ഒരു മാറ്റവുമില്ലാതെ തന്നെ തനിയെ ചാര്‍ജ്ജാവുന്ന സംവിധാനമാണിത്. പെട്രോള്‍ എന്‍ജിന്‍ തന്നെ ബാറ്ററി പായ്ക്ക് ചാര്‍ജ്ജ് ചെയ്തുകൊള്ളും.
ഇതിന് പുറമെ, ബാറ്ററി പാക്ക് ഊരി മാറ്റാവുന്നതാണ്. വീട്ടിലെ ചാര്‍ജ്ജറില്‍ നിന്ന് ചാര്‍ജ്ജുചെയ്യുകയുമാവാം. മുഴുവന്‍ ചാര്‍ജ്ജ് ആവാന്‍ രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ വേണ്ടി വരും,” രാകേഷ് വിശദമാക്കുന്നു.
ഈ കണ്‍വെര്‍ഷന്‍ കിറ്റില്‍ 40 കിലോമീറ്റര്‍ റേഞ്ച് കിട്ടുന്ന ലിഥിയം അയോണ്‍ ബാറ്ററിയാണ് ഉള്ളത്. ഏറ്റവും കൂടിയ സ്പീഡ് മണിക്കൂറില്‍ 40 കിലോമീറ്ററും. അതിലും കൂടിയ സ്പീഡില്‍ പോകണമെങ്കില്‍ പെട്രോള്‍ മോഡിലേക്ക് മാറ്റിയാല്‍ മാത്രം മതി.
“ഈ ഉല്‍പന്നത്തിന്‍റെ ഒരു പ്രത്യേകത എന്നത് ഇലക്ട്രിക്കിലേക്ക് മാറാന്‍ പ്രത്യേകിച്ച് മോഡിഫിക്കേഷനോ, വെല്‍ഡിങ്ങോ കട്ടിങ്ങോ ഒന്നും വേണ്ടിവരുന്നില്ല എന്നതാണ്,” രാകേഷ് തുടരുന്നു. “പൂര്‍ണമായും റിട്രോഫിറ്റബിള്‍ ആണ് ഈ കിറ്റ്. യാതൊരുവിധ സങ്കീര്‍ണതകളുമില്ല.
“ഗ്രാമീണ മാര്‍ക്കെറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം സ്‌കൂട്ടറുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് അവിടെയാണ്. പെട്രോള്‍ വില കൂടിവരുന്നതും ചാര്‍ജ്ജ് ചെയ്യാന്‍ പ്രത്യേക സംവിധാനമൊന്നും വേണ്ട എന്നതും ഇത് ഗ്രാമീണ സാഹചര്യങ്ങളില്‍ പ്രയോജനപ്പെടും,” അ്‌ദ്ദേഹം പറയുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്‌കൂട്ടര്‍ മെക്കാനിക്കുകള്‍ക്ക് ഈ കിറ്റ് ഫിറ്റ് ചെയ്യാന്‍ പരിശീലനം കൊടുക്കാനാണ് സ്റ്റാര്‍ട്ട് അപ് ഉദ്ദേശിക്കുന്നത്. അങ്ങനെ ചെറുകിട സംരംഭകര്‍ക്കു കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ഈ ഉല്‍പന്നം രാജ്യം മുഴുവന്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്.
ഇതിനെന്ത് ചെലവ് വരും?
“ഇ-കിറ്റിന് എന്ത് വിലയിടണം എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല,” രാകേഷ് പറയുന്നു. “എന്നാല്‍ ഇതിനകം തന്നെ മാര്‍ക്കെറ്റില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൂടി പരിഗണിച്ചുകൊണ്ടൊരു വിലയായിരിക്കും. സര്‍ക്കാര്‍ സബ്‌സിഡി നേടിയെടുക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.” ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ആനുകൂല്യം കൂടി കിട്ടുന്നതോടെ ഈസി ഹൈബ്രിഡ് വളരെ വേഗത്തില്‍ ജനങ്ങളിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇ-കിറ്റിന്‍റെ കാര്യത്തില്‍ ഒരുപാട് മുന്നോട്ട് പോയെങ്കിലും അത് പദ്ധതിയിട്ട പോലെ വിപണിയിലെത്തിക്കാന്‍ കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമുണ്ട്. എല്ലാം പ്ലാന്‍ ചെയ്ത പോലെ നടന്നാല്‍ ട്രയല്‍ എല്ലാം കഴിഞ്ഞ് ഈ വര്‍ഷം മധ്യത്തോടെ വില്‍പന തുടങ്ങാം എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
“സാധാരണക്കാര്‍ക്കായുള്ള ഇ-കണ്‍വെര്‍ഷന്‍ കിറ്റ് എന്ന രാകേഷിന്‍റെ ആശയം ഗതാഗത രംഗത്തുള്ള എല്ലാവരും പിന്തുണ നല്‍കേണ്ട ഒന്നാണ്. ഈ പുതുസംരംഭത്തിന് വ്യവസായലോകത്തുനിന്ന് നല്ല പ്രോത്സാഹനം കിട്ടേണ്ടതാണ്. അതിന് അധികം വൈകില്ല എന്നും ഞാന്‍ കരുതുന്നു,” വോള്‍വോ കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്‍റ് ഇന്‍ഡ്യ-യുടെ ഇന്‍ഡ്യ ബിസിനസ് വൈസ് പ്രസിഡണ്ട് ദിമിത്രോവ് ക്രിഷ്ണന്‍ ഇക്‌ണോമിക് ടൈംസിനോട് പറഞ്ഞു. രാകേഷിന്‍റെ സ്റ്റാര്‍ട്ട് അപിന്‍റെ മെന്‍റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
ഇതുകൂടി വായിക്കാം: ഈ സോളാര്‍ ബോട്ട് ഓടുമോ എന്ന് ചോദിച്ചവര്‍ക്ക് സന്ദിത്തിന്‍റെ മറുപടി: 3 വര്‍ഷമായി ഓടുന്നു, 10 ലക്ഷം പേര്‍ സഞ്ചരിച്ചു, ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു