ഇന്‍റര്‍വെല്‍ സമയമാണ്. കോളെജിലാകെ ഒച്ചയും ബഹളവും. പക്ഷേ അവരുടെ ക്ലാസ് മുറിയില്‍ മാത്രം ഒരനക്കവുമില്ല. ഇന്‍റര്‍വെല്‍ ആയിട്ട് പോലും ആരും ക്ലാസിന് പുറത്തേക്കിറങ്ങിയിട്ടില്ല. തമാശകളോ പൊട്ടിച്ചിരികളോ ഇല്ല. എല്ലാവരും കൂടിയിരുന്ന് എന്തൊക്കെയോ ഗൗരവമായി, പതുക്കെ പറയുന്നുമുണ്ട്.
ക്ലാസിലെ 32 കുട്ടികളും അവിടെയുണ്ട്. പലരും ഓരോരോ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ‘ക്രിസ്മസും പുതുവത്സരവുമൊക്കെയല്ലേ കേക്ക് ഉണ്ടാക്കിയാലോ,’ എന്ന് ആരോ പറയുന്നത് കേട്ടു.
പെട്ടെന്നാണ് ജസ്റ്റിന്‍ പറഞ്ഞത്, “നമുക്ക് തട്ടുകട നടത്തിയാലോ…?” അതു കേട്ടപ്പോ പെട്ടെന്ന് എല്ലാവരും നിശബ്ദരായി. ആരും ഒന്നും പറഞ്ഞില്ല. അവര്‍ പരസ്പരം നോക്കി. പക്ഷേ ആ നോട്ടങ്ങളില്‍ ഒരു തിളക്കമുണ്ടായിരുന്നു.
പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com
“അത് കണ്ടപ്പോ എനിക്ക് സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്നറിയില്ല. എല്ലാവര്‍ക്കും ആ ഐഡിയ ബെറ്ററാണെന്നു തോന്നി. അങ്ങനെ തട്ടുകട നടത്താന്‍ തീരുമാനിച്ചു,” ആ ക്ലാസ്സില്‍ പഠിക്കുന്ന ആരോമല്‍ കെ എസ് പറയുന്നു.
ജസ്റ്റിന്‍റെ ഐഡിയ വര്‍ക്ക് ഔട്ടായി. തുറവൂര്‍ വളമംഗലം ശ്രീഗോകുലം എസ് എന്‍ ജി എം കാറ്ററിങ് കോളെജിലെ നാലാംവര്‍ഷ ഹോട്ടല്‍ മാനെജ്മെന്‍റുകാര്‍ ക്രിസ്മസ് കാലത്ത് തട്ടുകട നടത്താന്‍ തീരുമാനിച്ചു.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയുമൊക്കെ പിന്തുണയോടെ അവര്‍ തുറവൂര്‍ എന്‍എച്ചിനോട് ചേര്‍ന്ന് ഒരുഗ്രന്‍ തട്ടുകട ആരംഭിച്ചു.
32 കുട്ടികള്‍ 700 രൂപ വീതമിട്ടാണ് തട്ടുകട തുടങ്ങുന്നത്. 15 ദിവസം മാത്രം. ബീഫും ചിക്കനും കപ്പബിരിയാണിയും ദോശയും പുട്ടുമൊക്കെ രുചിയോടെ വിളമ്പി ഇവര്‍ നേടിയത് ഒന്നര ലക്ഷം രൂപ.
പിള്ളേര് കൊള്ളാല്ലോന്ന് നാട്ടുകാരും പൊലീസുകാരും അധ്യാപകരുമൊക്കെ ഒരുപോലെ പറഞ്ഞു.
ആ കുട്ടികള്‍ തട്ടുകടയിടാന്‍ ഒരു കാരണമുണ്ട്. നന്മയുടെ വെളിച്ചമുള്ള, കൂട്ടുകാരനോടുള്ള സ്നേഹം നിറയുന്ന ആ കാരണത്തെക്കുറിച്ച് ആരോമല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“എന്‍റെ ചേച്ചിയ്ക്ക് വേണ്ടിയാണ് ഇവരൊക്കെ കൂടി തട്ടുകട ആരംഭിച്ചത്. ചേച്ചിയെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനാണ്…,” ഇതു പറയുമ്പോള്‍ ആരോമലിന്‍റെ ശബ്ദമിടറുന്നുണ്ടായിരുന്നു.
കൂട്ടുകാരന്‍റെ പെങ്ങള്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള തുക കണ്ടെത്താനാണ് അവര്‍ തട്ടുകടയിട്ടത്.
“പകല്‍നേരം ക്ലാസ് മുറിയില്‍. വൈകുന്നേരം ചേര്‍ത്തല തുറവൂര്‍ ഹൈവേയിലെ തട്ടുകടയില്‍. ഇത്രയും ദിവസം അവരെനിക്കും ചേച്ചിയ്ക്കും വേണ്ടിയാണ് കഷ്ടപ്പെട്ടത്.
“രണ്ട് ചേച്ചിമാരാണെനിക്കുള്ളത്. ആര്യയും ഐശ്വര്യയും. ആര്യ ചേച്ചി കല്യാണമൊക്കെ കഴിഞ്ഞു. ഐശ്വര്യ ചേച്ചിയ്ക്കാണ് അസുഖം. ബിബിഎ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു,” ആരോമല്‍ പറയുന്നു.
“ഒരു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ (2018) ഡിസംബറിലാണ് വൃക്ക രോഗമാണെന്നു തിരിച്ചറിയുന്നത്. രണ്ടു വൃക്കകളും തകരാറിലാണ്. വൃക്ക മാറ്റിവയ്ക്കല്‍ അല്ലാതെ വെറേ മാര്‍ഗമില്ല.”
ആ വലിയ ചികിത്സാ ചെലവ് താങ്ങാന്‍ ആരോമലിന്‍റെ കുടുംബത്തിന് ആവുമായിരുന്നില്ല. ആരോമലിന്‍റെ അച്ഛന്‍ സോമന് കൃഷിയായിരുന്നു. അമ്മ ആനന്ദവല്ലി. ഉണ്ടായിരുന്ന സ്ഥലം ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു.
“കോട്ടയം തലനാടാണ് സ്വന്തം വീട്. ഇപ്പോ അവിടെ അല്ലാട്ടോ താമസിക്കുന്നത്. ചേച്ചിയുടെ ചികിത്സയ്ക്ക് വേണ്ടി വീടും സ്ഥലവുമൊക്കെ വിറ്റു. ഒന്നര ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. വീടും കൃഷിയുമൊക്കെ ഒരുമിച്ചായിരുന്നു,” ആരോമല്‍ തുടരുന്നു.
“ജാതി, ഗ്രാമ്പു, കാപ്പി, കുരുമുളക്, റബര്‍ ഇതൊക്കെയാണ് കൃഷി ചെയ്തിരുന്നത്. ചേച്ചിയുടെ ചികിത്സയ്ക്ക് 21 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് അറിഞ്ഞത്. വൃക്ക മാറ്റിവെച്ചവര് പറഞ്ഞതാണിത്. അങ്ങനെയാണ് വീടും സ്ഥലവും വില്‍ക്കുന്നത്.
“പിന്നെ പലരുടെയും സഹായങ്ങളുമൊക്കെയായി 13 ലക്ഷം രൂപയോളം സ്വരുക്കൂട്ടിവെച്ചിട്ടുണ്ട്. പക്ഷേ അതും പോരല്ലോ. അങ്ങനെയാണ് കൂട്ടുകാര് എന്നെ സഹായിക്കാനെത്തുന്നത്. ശസ്ത്രക്രിയയ്ക്ക് തന്നെ എട്ട് ലക്ഷം രൂപ വേണം.”
ഐശ്വര്യയ്ക്ക് വേണ്ടി ആവുന്ന പണം സ്വരൂപിക്കാന്‍ ആ കോളെജ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചു.
ആരോമലിന്‍റെ ക്ലാസിലെ കുട്ടികള്‍ ചേര്‍ന്നാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതും പ്ലാന്‍ ചെയ്യുന്നതുമൊക്കെ. പക്ഷേ തട്ടുകട ആരംഭിച്ചപ്പോള്‍ കോളെജിലെ മറ്റു ബാച്ചുകളിലെ കുട്ടികളും ഒപ്പം ചേര്‍ന്നു.
ഇതുകൂടി വായിക്കാം: നാലുമാസം കൊണ്ട് 800 കിലോ ജൈവപച്ചക്കറി വിളയിച്ച് നൂറുകണക്കിന് രോഗികളെ ഊട്ടിയ കോളെജ് വിദ്യാര്‍ത്ഥികള്‍
ഡിസംബര്‍ നാലു മുതല്‍ തുറവൂരില്‍ തട്ടുകട പ്രവര്‍ത്തനം തുടങ്ങി. കോളെജില്‍ നിന്ന് പോയിവരാനുള്ള സൗകര്യവും കൂടി നോക്കിയാണ് അവര്‍ രണ്ടരക്കിലോമീറ്റര്‍ അകലെ തുറവൂരില്‍ തുടങ്ങിയത്.
ക്ലാസിലെ 32 പേരില്‍ നിന്ന് 700 രൂപ വച്ച് പിരിച്ചാണ് പാത്രങ്ങളും മേശയുമൊക്കെ വാങ്ങിയത്.
“ഭക്ഷണം ഞങ്ങള്‍ തന്നെയാണ് ഉണ്ടാക്കിയത്. ഹോട്ടല്‍ മാനെജ്മെന്‍റ് കോഴ്സ് പഠിക്കുന്നവരല്ലേ. എല്ലാവര്‍ക്കും കുക്കിങ്ങ് ഇഷ്ടവുമാണ് അറിയുകയും ചെയ്യാമായിരുന്നു. അതായിരുന്നു ധൈര്യം.
“അധ്യാപകരുടെയും പിന്തുണയുണ്ടായിരുന്നു. ക്ലാസ് ടീച്ചര്‍ ശരത് സാറും പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. ദോശ, ഇടിയപ്പം, പുട്ട്, കൊത്തുപൊറോട്ട, ഓംലെറ്റ്, കപ്പ, കപ്പബിരിയാണി, ബീഫ്, ചിക്കന്‍ ഇതൊക്കെയുണ്ടായിരുന്നു.
“തട്ടുകടയ്ക്ക് സമീപത്ത് ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ദോശമാവും ചിക്കനും ബീഫുമൊക്കെ ഇവിടെ വച്ചുണ്ടാക്കും. എന്നിട്ടാണത് തട്ടുകടയിലേക്ക് കൊണ്ടുപോകുന്നത്. രാത്രി നേരം വരെയില്ലേ.., താമസിക്കാനും ഇടം വേണമല്ലോ,” ആരോമല്‍ വിശദമാക്കുന്നു.
“രാവിലെ മുതല്‍ ഉച്ചവരെ ഒരു ടീം. അവര് അഞ്ചോളം പേരുണ്ടാകും. ഉച്ചയോടെ അവര് ക്ലാസിലേക്ക് പോകും. അപ്പോ കുറച്ചു പേര് കോളെജില്‍ നിന്ന് വരും. തട്ടുകട തുറക്കുന്ന നേരമാകുമ്പോ ക്ലാസ് കഴിയുമല്ലോ. അന്നേരം കുറേപ്പേര് വരുമായിരുന്നു.
നാലര മുതല്‍ രാത്രി 12 വരെയായിരുന്നു സമയം. ചിലപ്പോഴൊക്കെ രണ്ട് മണി വരെയൊക്കെ തട്ടുകട പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള മേശയും കസേരയുമൊക്കെ വാടകയ്ക്ക് എടുത്തു, ഭക്ഷണമുണ്ടാക്കാനൊക്കെയുള്ള പാത്രങ്ങളും.
ഭക്ഷണത്തിനൊപ്പം കേക്കും വില്‍പ്പനയ്ക്കുണ്ടായിരുന്നു. ക്രിസ്മസ് കാലമായതുകൊണ്ട് കേക്കും നന്നായി വിറ്റുപോയി.
നേരത്തെ കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു ഐശ്വര്യയുടെ ചികിത്സ. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലാണ്.
“കോട്ടയത്താണെങ്കില്‍, വൃക്ക കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും കൊടുക്കണം. ആര്‍ക്കും മാച്ച് ആയില്ല. എന്നാല്‍ ആര്യയുടേത് ചേച്ചിയുടേതുമായി യോജിക്കുമായിരുന്നു. പക്ഷേ ചേച്ചിയ്ക്ക് ഒന്നര വയസുള്ള കുട്ടിയുള്ളതുകൊണ്ട് വൃക്ക കൊടുക്കാനാകില്ലായിരുന്നു,” ആരോമല്‍ ആ ഘട്ടത്തിലുണ്ടായിരുന്ന മനോവിഷമങ്ങളും പ്രതിസന്ധികളും തുറന്നുപറയുന്നു.
ഒടുവില്‍ ഐശ്വര്യയ്ക്ക് വൃക്ക നല്‍കാന്‍ തയ്യാറായി ഒരു നിലമ്പൂരുകാരന്‍ മുന്നോട്ടുവന്നു.
“വിളിച്ചു സംസാരിച്ചപ്പോഴാണ് അദ്ദേഹവും അളിയനും തമ്മില്‍ പരിചയമുണ്ടെന്ന് അറിയുന്നത്. അദ്ദേഹവും ചേച്ചിയുടെ ഭര്‍ത്താവും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്,” ആരോമല്‍ തുടരുന്നു.
അതോടെ എല്ലാവര്‍ക്കും സമാധാനമായി. പരിശോധനകളില്‍ അദ്ദേഹത്തിന്‍റെ കിഡ്നി ആ പെണ്‍കുട്ടിക്ക് ചേരുമെന്ന് തെളിഞ്ഞു. ഇനി സാങ്കേതികമായ കാര്യങ്ങള്‍ കൂടി കഴിഞ്ഞാല്‍ സര്‍ജറിയ്ക്കുള്ള തീയതി തീരുമാനിക്കും.
“സര്‍ക്കാരില്‍ നിന്നു സഹായം കിട്ടും. പക്ഷേ അതിനു ആരോഗ്യമന്ത്രിയ്ക്ക് അപേക്ഷ കൊടുക്കണമെങ്കില്‍ സര്‍ജറി തീയതി കൂടി അറിഞ്ഞാലേ സാധിക്കൂ.
“പക്ഷേ ഇനിയും പണം വേണമല്ലോ. 13 ലക്ഷം രൂപയേ ഇപ്പോ ശരിയായിട്ടുള്ളൂ,” ആരോമല്‍ പറയുന്നു.
എങ്ങനെയെങ്കിലുമൊക്കെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ആരോമലും കുടുംബവും. ഇപ്പോ ഇരാറ്റുപേട്ടയിലൊരു വാടകവീട്ടിലാണ് അവര്‍ താമസിക്കുന്നത്.
“എല്ലാ കൂട്ടുകാരും കൂടി ഇങ്ങനെ തട്ടുകട നടത്തുകയും ആ വരുമാനം ചികിത്സാചെലവിന് നല്‍കുകയുമൊക്കെ ചെയ്തതില്‍ വീട്ടില്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു,” ആരോമല്‍ പറഞ്ഞു.
ഐശ്വര്യയെ സാഹയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.
Account no: 38166231198
IFSC: SBIN0070111
Bank: SBI
Branch: MEDICAL COLLEGE, KOTTAYAM, KERALA
NAME: AISWARYA KS
ഇതുകൂടി വായിക്കാം:അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്‍: മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും