10 രൂപയ്ക്ക് ഒരു ‘പ്ലേറ്റ് സന്തോഷം’! പാവപ്പെട്ട 37,000 തൊഴിലാളികളെ ഊട്ടിയ സ്നേഹം

“തുടക്കത്തില്‍ ദിവസവും 60 പേര്‍ക്കാണ് ഭക്ഷണം വിളമ്പിയിരുന്നത്. ഇപ്പോഴത് ഏതാണ്ട് 200 പേര്‍ക്കായി. കുറഞ്ഞത് 400 പേര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” സഞ്ജയ് പറയുന്നു.

ടിഞ്ഞാറന്‍ ഡെല്‍ഹിയിലെ രണ്ട് വലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍ക്കടുത്താണ് സഞ്ജയ് ദൊദ്രാജ്ക (47) താമസിക്കുന്നത്.

ദിവസവേതനക്കാരും റിക്ഷ വലിക്കുന്നവരും തൊഴിലാളികളുമെല്ലാം തിങ്ങിനിറഞ്ഞ സ്ഥലമാണത്. ഇവര്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം കിട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സഞ്ജയ് മനസ്സിലാക്കി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

“ഞാന്‍ പടിഞ്ഞാറന്‍ഡെല്‍ഹിയിലെ മായാ എന്‍ക്ലേവിലാണ് താമസം… ഈ പ്രദേശത്ത് നാല്‍പത് രൂപയില്‍ കുറഞ്ഞ ഭക്ഷണം അവര്‍ക്ക് കിട്ടില്ല. അതും വളരെ മോശവും മായംകലര്‍ന്നതുമൊക്കെയായിരിക്കും,” സഞ്ജയ് പറയുന്നു.

ഈ പാവപ്പെട്ട മനുഷ്യര്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് ഹമാരി ഉഡാന്‍ എന്ന ഒരു സന്നദ്ധസംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. അന്തരിച്ച ഒരു സുഹൃത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ആ സംഘടന തുടങ്ങിയത്. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ തൊഴിലാളികള്‍ക്കായി പത്ത് രൂപയ്ക്ക് രുചികരവും ആരോഗ്യപ്രദവുമായ ഭക്ഷണം നല്‍കാന്‍ കഴിയുമോ എന്ന് ആ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആലോചിച്ചു.

നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ദാദി കി രസോയി പ്രചോദനമായി. അവിടെ അഞ്ച് രൂപയ്ക്കാണ് ഒരു പ്ലേറ്റ് ഭക്ഷണം നല്‍കുന്നത്.

സഞ്ജയ് Food with Dignity (അന്തസ്സോടെ ഭക്ഷണം) എന്നാണ് തന്‍റെ ആശയത്തെക്കുറിച്ച് പറയുന്നത്.

2018 നവംബറില്‍ സഞ്ജയും സംഘടനയിലെ പ്രവര്‍ത്തകരും അദ്ദേഹത്തിന്‍റെ കോളനിക്ക് അടുത്ത് ഭക്ഷണം കൊടുക്കാന്‍ തുടങ്ങി.

“ഏത് തരം അരിയും പരിപ്പുമൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചൊക്കെ ഞങ്ങള്‍ നന്നായി ആലോചിച്ചു. പല കടകളിലും പോയി വിലയും ഗുണവുമൊക്കെ നോക്കി,” സഞ്ജയ് പറയുന്നു. ഗുണമേന്മയും താങ്ങാവുന്ന വിലയുമായിരുന്നു ലക്ഷ്യം.


“ഞങ്ങളുടെ ഭക്ഷണം കഴിക്കുന്ന തൊഴിലാളികളില്‍ പലരും ഞങ്ങളോട് നന്ദി അറിയിക്കാറുണ്ട്. പലര്‍ക്കും ഇതുമൂലം മാസം 800 മുതല്‍ 1,000 രൂപ വരെ ലാഭിക്കാന്‍ കഴിയുന്നുവെന്ന് അവര്‍ പറയാറുണ്ട്. “


തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെയാണ് ഭക്ഷണം നല്‍കുന്നത്. എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെയാണ് വില്‍പന. മൂന്ന് പാചകക്കാരെയും രണ്ട് വിതരണക്കാരെയും ജോലിക്ക് വെച്ചിട്ടുണ്ട്. എല്ലാവരും സ്ത്രീകളാണ്.

“ഈ സ്ത്രീകള്‍ക്ക് കൂടി ജോലി നല്‍കാന്‍ കഴിഞ്ഞുവെന്നത് മറ്റൊരു നല്ല കാര്യമായി,” അദ്ദേഹം തുടരുന്നു. ദിവസവും ഏകദേശം നാല് മണിക്കൂര്‍ ആണ് അവരുടെ ജോലി സമയം. കൂലിയായി ഓരോരുത്തര്‍ക്കും ദിവസം 200 രൂപയും നല്‍കുന്നുണ്ട്.

“തുടക്കത്തില്‍ ദിവസവും 60 പേര്‍ക്കാണ് ഭക്ഷണം വിളമ്പിയിരുന്നത്. ഇപ്പോഴത് ഏതാണ്ട് 200 പേര്‍ക്കായി. കുറഞ്ഞത് 400 പേര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” സഞ്ജയ് പറയുന്നു.

പത്തുരൂപയ്ക്ക് ഒരു പ്ലേറ്റ് ബസ്മതി അരിയുടെ ചോറും കറിയുമാണ് നല്‍കുന്നത്. രാജ്മ, സോയബീന്‍സ്, ചിലപ്പോള്‍ കഠി (Kadhi) എന്ന വിഭവവുമായിരിക്കും കറിയായി സാധാരണ നല്‍കുക.

“ചോറ് ഒരു പ്ലേറ്റ് ആണ് നല്‍കുന്നതെങ്കിലും കറി പല തവണ നല്‍കും. പ്രോട്ടീന്‍ അധികം ഉള്ള കറി നല്‍കാനാണ് ഞ്ങ്ങള്‍ ശ്രമിക്കുന്നത്. കാരണം, മിക്കവാറും എല്ലാവരും തന്നെ തൊഴിലാളികളല്ലേ, അവര്‍ക്ക് പണിയെടുക്കാനുള്ള ആരോഗ്യവും ഊര്‍ജ്ജവും വേണ്ടേ…,” സഞ്ജയ് പറയുന്നു.


ഇതുകൂടി വായിക്കാം: രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു! ഞങ്ങള്‍ക്ക് കരച്ചിലടക്കാനായില്ല: ‘ഇന്നത്തെ അത്താഴം’ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍


പലരും വിശേഷദിവസങ്ങളിലും വിവാഹവാര്‍ഷികത്തിനും പിറന്നാള്‍ ദിനത്തിലുമൊക്കെ ഹല്‍വയും മറ്റും സ്‌പോണ്‍സര്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതൊക്കെ സൗജന്യമായി ഭക്ഷണത്തിനൊപ്പം വിതരണം ചെയ്യും.

പ്രദേശവാസികളായ ചിലരും വന്ന് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ അങ്ങനെയുള്ളവരില്‍ നിന്ന് (കൂടുതല്‍ പണം നല്‍കാന്‍ ശേഷിയുള്ളവരില്‍ നിന്ന്) കൂടുതല്‍ വില ഈടാക്കാറുണ്ട് എന്ന് അദ്ദേഹം പറയുന്നു.

“ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ പകുതിയോളവും സ്ഥിരക്കാരാണ്. അവരെല്ലാം പാവപ്പെട്ട, പത്തുരൂപയില്‍ കൂടുതല്‍ കൊടുത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരാണ്. അവര്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്,” അദ്ദേഹം വിശദമാക്കുന്നു.

ഇത്രയും പേര്‍ക്ക് പത്തുരൂപയ്ക്ക് നല്ല ഭക്ഷണം വിതരണം ചെയ്യാന്‍ മാസം ഏകദേശം 50,000 രൂപ ചെലവാകുന്നുണ്ട് എന്ന് സഞ്ജയ്. പലചരക്ക്, ഭക്ഷണം കൊടുക്കുന്ന സ്ഥലത്തിന്‍റെ വാടക, പാചകക്കാര്‍ക്ക് കൊടുക്കുന്ന കൂലി എല്ലാം കൂടിയാണിത്.

പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ആ കോളനിയെ പലരും ഇതിനായി സഞ്ജയിനെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സമയവും പണവും നല്‍കി ഈ നല്ല പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. “പലരും സന്നദ്ധപ്രവര്‍ത്തനത്തിന് മുന്നോട്ടുവരുന്നു, അവരുടെ സമയവും പണവുമൊക്കെ ഇക്കാര്യത്തിനായി നല്‍കുന്നു.”

ആക്റ്റ് എന്ന മറ്റൊരു സന്നദ്ധസംഘടനയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ നടത്തുന്ന സംഘടനയാണ് ആക്ട്. അവരാണ് പലപ്പോഴും പാചകം ചെയ്യാനും വിതരണം ചെയ്യാനും സഹായിക്കുന്നത്.

2018 നവംബറില്‍ തുടങ്ങിയ ഈ പ്രസ്ഥാനത്തിന് ഇതിനകം 10 രൂപയ്ക്ക് 37,000 പേര്‍ക്ക് ചൂടുള്ള രുചികരവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
—-

സഞ്ജയിനെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 91+ 9810640240 എന്ന നമ്പറില്‍ അദ്ദേഹത്തെ ബന്ധപ്പെടാം.


ഇതുകൂടി വായിക്കാം: 39 വര്‍ഷമായി പാവങ്ങള്‍ക്കും ആരുമില്ലാത്തവര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കുന്ന 63-കാരന്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം