പറമ്പിനുമുകളിലൂടെ പാമ്പാര്‍ ഒഴുകുന്നു. അതുകൊണ്ട് വെള്ളത്തിന് ഒരു മുട്ടുമില്ല.: തമ്പിച്ചേട്ടന്‍റെ പറമ്പില്‍ നിന്നും

കാന്തല്ലൂരില്‍ കാടിനു നടുവില്‍ 75 ഏക്കര്‍ തോട്ടം, ധാരാളം വെള്ളം, പക്ഷേ, കറന്‍റില്ല! ഈ കര്‍ഷകന്‍ കെ എസ് ഇ ബി-ക്കായി കാത്തുനിന്നില്ല

“38 കൊല്ലം മുമ്പ് ഇവിടെ ഭൂമി വാങ്ങുമ്പോള്‍ തൈലപ്പുല്ല് കൊണ്ട് നിറഞ്ഞിരുന്നു. കറന്‍റ് ഇല്ല, യാതൊരു വികസനവും ഇല്ല.”

മുപ്പത്തിയെട്ട് വര്‍ഷം മുമ്പ് കാന്തല്ലൂരിലെ കോവില്‍ക്കടവിനടുത്ത് ഏക്കറു കണക്കിന് വരുന്ന സ്ഥലം വാങ്ങുമ്പോള്‍ തമ്പിക്ക് കൃത്യമായ പ്ലാനിങ് ഒന്നും ഉണ്ടായിരുന്നില്ല. സ്ഥലം വാങ്ങിയ കാലത്ത് പുല്‍ത്തൈലം ഉണ്ടാക്കുന്ന തൈലപുല്ലു കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.

എന്നാല്‍ പാരമ്പര്യമായി കൊണ്ടുനടക്കുന്ന കൃഷി കാന്തല്ലൂരിലെ എഴുപത്തഞ്ചു ഏക്കറില്‍ പറിച്ചുനട്ട് അവിടെ അത്ഭുതം തീര്‍ക്കാന്‍ തമ്പി എം പോളിന് കഴിഞ്ഞു.

“കാന്തല്ലൂരിനെ രണ്ടായി തരം തിരിക്കാം. അതില്‍ ഹൈ റേഞ്ച് വിഭാഗവും ലോ റേഞ്ച് വിഭാഗവും വരുന്നുണ്ട്. ലോ റേഞ്ചിലാണ് ഈ സ്ഥലം. ഹൈ റേഞ്ചില്‍ ശീതകാല കൃഷിയാണിറക്കുക. ലോ റേഞ്ചില്‍ തെങ്ങും അടക്കാമരവും എല്ലാം ഇഷ്ടംപോലെ ഉണ്ടാകും.

മുകളിലൂടെ പാമ്പാര്‍ ഒഴുകുന്നു. അതുകൊണ്ട് വെള്ളത്തിന് ഒരു മുട്ടുമില്ല.: തമ്പിച്ചേട്ടന്‍റെ പറമ്പില്‍ നിന്നും

“അത്തരം ലോ റേഞ്ചിലാണ് എന്‍റെ ഈ ഭൂമി. അതായത് സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മാത്രം ഉയര്‍ന്ന പ്രദേശമാണിത് (കാന്തല്ലൂരിലെ ഹൈറേഞ്ച് ഭാഗങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്നും 5,000 അടിവരെ ഉയരത്തിലാണ്),” സ്ഥലത്തെ കുറിച്ച് കൃത്യമായ വിവരണം നല്‍കിക്കൊണ്ടാണ് തമ്പി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിച്ചു തുടങ്ങിയത്


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

എറണാകുളം ജില്ലയിലെ കോതമംഗലം പോത്താനിക്കാട് ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് തമ്പി ജനിച്ചു വളര്‍ന്നത്.

“അപ്പന്‍ പൈലി കര്‍ഷകനായിരുന്നു. അന്നൊക്കെ ഒരുപാട് ഭൂമിയുണ്ടായിരുന്നു. നെല്ലും തെങ്ങും കവുങ്ങും റബ്ബറും കുരുമുളകുമൊക്കെ ആയിരുന്നു പ്രധാന കൃഷി. അമ്മച്ചി മേരിയും അപ്പനെപ്പോലെ കൃഷിയെ സ്‌നേഹിക്കുന്ന ആളായിരുന്നു. അപ്പന് ഒത്ത കൂട്ടായിരുന്നു. പാടത്തു പണിക്കാര്‍ ഉണ്ടാകും എപ്പോഴും. എന്നാലും അപ്പനും അമ്മച്ചിയും അവരോടൊത്ത് മണ്ണിലേക്കിറങ്ങി കൊച്ചുവര്‍ത്താനങ്ങള്‍ ഒക്കെപ്പറഞ്ഞു ഞാറു നടാനും കളപറിക്കാനും കൂടും,” ബാല്യകാലം തമ്പി ഓര്‍ത്തെടുക്കുന്നു.

തമ്പി എം പോള്‍

“അമ്മച്ചിക്കായിരുന്നു കൂടുതല്‍ ആവേശം. അമ്മച്ചി നേരം വെളുക്കും മുമ്പേ എഴുന്നേറ്റ് അടുക്കളയിലെ പണിയൊക്കെ തീര്‍ത്തു പണിക്കാര്‍ വരുമ്പോള്‍ പാടത്തേക്കും പറമ്പിലേക്കുമായി ഇറങ്ങും. ഞങ്ങള്‍ പിള്ളേര്‍ എഴുന്നേറ്റ് വരുമ്പോള്‍ തന്നെ പോകുന്നത് അന്ന് പാടവരമ്പത്തേക്കായിരുന്നു. വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിരുകളായിരുന്നു ഞങ്ങള്‍ക്ക് കണി. മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ച തന്നെയാണത്. കൊയ്ത്തിന് കൊയ്ത്തുപാട്ടുകളും ഉണ്ടാകും,” ഓര്‍മകളില്‍ ആ പാട്ടുകളില്‍ മുഴുകിയെന്നോണം തമ്പി കുറച്ചുനേരം നിശ്ശബ്ദനായി.

“അന്നത്തെ കാലത്തു പണിക്കാരെന്നോ ജന്മിയെന്നോ ഉള്ള ഭേദം ഉണ്ടായിരുന്നില്ല. പാടത്തു പണിയുന്നവര്‍ തന്നെയാകും എല്ലാവരും. മാത്രമല്ല എല്ലായിടത്തും ശ്രദ്ധയെത്തുകയും ചെയ്യും. ഞങ്ങള്‍ പിള്ളേര്‍ക്കും കൊയ്ത്തുകാലം ആഘോഷമായിരുന്നു. കൊയ്ത്തു ദിവസങ്ങളില്‍ പള്ളിക്കൂടത്തില്‍ പോകാന്‍ പോലും മടിയാണ്. പള്ളിക്കൂടത്തില്‍ പോകുന്നതോ പാടവരമ്പ് ചേര്‍ന്ന് കൂട്ടുകാരൊത്തു പുളി നുണഞ്ഞും മാങ്ങ കടിച്ചും പുളിങ്കുരു വറുത്തത് കഴിച്ചുമൊക്കയാണ്. ആ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ ഇന്നും ജീവിക്കുകയാണ്. അതുകൊണ്ടു തന്നെ കൃഷി എന്‍റെ ജീവിതമായി,” വന്ന വഴികളില്‍ തമ്പി അനുഭവിച്ച മധുര നിമിഷങ്ങളില്‍ ഞാനും ലയിച്ചിരുന്നു.

പഠനം കഴിഞ്ഞു തമ്പി അപ്പനോടൊത്ത് റബ്ബര്‍ കൃഷിയില്‍ ശ്രദ്ധിച്ചു. പിന്നീട് ഫോര്‍ട്ട് കൊച്ചിയില്‍ വെളിച്ചണ്ണയുടെ മില്ല് തുടങ്ങി.

ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ച മില്ലിന്‍റെ ഇടപാട് എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഒന്നാമത്തെ പാഠം: കൃഷി തന്നെയാണ് എന്‍റെ അന്നം എന്ന് മനസ്സിലാക്കി. രണ്ടാമത്തെ പാഠം: കൃഷിയേക്കാള്‍ മറ്റൊരു സമാധാനം നല്‍കുന്ന മറ്റൊന്നും ഇല്ല. കൃഷി നമ്മെ ചതിക്കില്ല. വിത്ത് പാവിയാല്‍ അത് മുളക്കുക തന്നെ ചെയ്യും. അതില്‍ അധ്വാനിച്ചാല്‍ ഫലവും തരും. ലാഭനഷ്ട കണക്കുകള്‍ പേറി ഉറക്കം കളയില്ല. കൃഷി നമ്മെ ധനികനാക്കിയില്ലെങ്കിലും ഉള്ളത് നിലനിര്‍ത്തി തരുമെന്ന് ഞാന്‍ പഠിച്ചു. പിന്നീടാണ് കാന്തല്ലൂരിലെ ഭൂമി വാങ്ങിയത്,” മണ്ണിനെ വിശ്വസിക്കുന്ന കര്‍ഷകന്‍റെ വാക്കുകള്‍.

“മുപ്പത്തിയെട്ടു കൊല്ലം മുമ്പ് ഇവിടെ ഭൂമി വാങ്ങുമ്പോള്‍ തൈലപ്പുല്ല് കൊണ്ട് നിറഞ്ഞിരുന്നു. കറന്‍റ് ഇല്ല, യാതൊരു വികസനവും ഇല്ല. ആദ്യത്തെ കടമ്പ എന്നത് ആ പുല്ലൊക്കെ വെട്ടിവാറ്റി തൈലമുണ്ടാക്കി ആവശ്യക്കാരിലേക്കെത്തിക്കുക എന്നതായിരുന്നു. എന്‍റെ അനുജന്‍ സാബുവും പൂര്‍ണ പിന്തുണയോടെ എനിക്കൊപ്പം ഉണ്ടായിരുന്നു,” തമ്പി പറഞ്ഞു.

“അങ്ങനെ പുല്ലൊക്കെ മാറ്റി കാപ്പികൃഷിയാണ് ഞങ്ങള്‍ ആദ്യം ചെയ്തത്. കുറച്ചു കാലം കാപ്പിക്കൃഷി നടത്തിയെങ്കിലും അത് നഷ്ടമായിത്തുടങ്ങി. മാത്രമല്ല കാലാവസ്ഥ മാറിത്തുടങ്ങിയതും കാപ്പിയെ ബാധിച്ചു. അങ്ങനെ ഞങ്ങള്‍ തെങ്ങും കവുങ്ങും കുരുമുളകും നട്ടുപിടിപ്പിച്ചു. അത് നല്ല രീതിയില്‍ തന്നെ വിജയകരമായി എന്ന് മാത്രമല്ല കൂടുതല്‍ കൃഷി ചെയ്യാനുള്ള ആവേശവും നല്‍കി. അങ്ങനെ ഇപ്പോള്‍ ഞങ്ങള്‍ ജാതിയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവ കായ്ക്കാന്‍ തുടങ്ങുന്നേ ഉള്ളു,” തമ്പി തുടരുന്നു.

ആദ്യം നട്ടത് കാപ്പിയാണ്. എന്നാല്‍ അതില്‍ നഷ്ടം വന്നു. (Image for representation only. Photo: KR Ranjith)

“ഇടക്കാലത്തു സപ്പോട്ടയും കൊക്കോയും ഒക്കെ പിടിപ്പിച്ചു. എന്നാല്‍ കൊക്കോ അത്ര നല്ല രീതിയില്‍ വിളഞ്ഞില്ല. നാടന്‍ സപ്പോട്ടയും ഹൈബ്രിഡ് സപ്പോട്ടയും ഉണ്ട്. അഞ്ചു മുതല്‍ എട്ടു കൊല്ലം കൊണ്ട് കായ്ക്കുന്ന സപ്പോട്ട ഗ്രാഫ്ട് ചെയ്താല്‍ രണ്ടു കൊല്ലം കൊണ്ട് കായ്ക്കും. പിന്നെ ഇരുപത്തിരണ്ടു തരം മാവും കാന്തല്ലൂരിന്‍റെ സ്വന്തം ഓറഞ്ചും മുന്തിരിയും മാതളവും കൃഷി ചെയുന്നുണ്ട്. മാമ്പഴം വില്‍ക്കാന്‍ പാകത്തില്‍ വിളയാന്‍ ആയിട്ടില്ല. എല്ലാം നട്ടു നനച്ചു പരിരക്ഷിക്കുന്നുണ്ട്. ദൈവം സഹായിച്ചു എല്ലാം നന്നായി മുന്നോട്ട് പോകുന്നു,” തമ്പിയുടെ വാക്കുകളില്‍ ശുഭാപ്തി വിശ്വാസം നിറഞ്ഞിരുന്നു.

ഭൂമിക്ക് ചുറ്റും വനമാണ്. അതുകൊണ്ട് വന്യമൃഗങ്ങളുടെ ശല്യവും ഏറെയുണ്ടെന്ന് തമ്പി.

“ഞങ്ങള്‍ ഇവിടേക്ക് വരുന്ന കാലത്തു ആനയും കാട്ടുപന്നിയുമായിരുന്നു ആകെ കൃഷി സ്ഥലത്തു അതിക്രമിച്ചു കയറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കരടിയും മാനും മയിലും മ്ലാവും ഒക്കെ കയറിയിറങ്ങുന്നുണ്ടിവിടെ,” അദ്ദേഹം പറഞ്ഞു.

നൂറ്റിമുപ്പതു പശുക്കളെ വളര്‍ത്തുന്ന ഫാം കൂടിയുണ്ട് ഈ കര്‍ഷകന്. മുന്നൂറു പശുക്കളെ ഉള്‍കൊള്ളിച്ചു ഫാം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്. അതിന്‍റെ പണികള്‍ നടന്നു കൊണ്ടിരിക്കുന്നു. പുതിയ ഫാം കൂടുതല്‍ യന്ത്രവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം പണിക്കാരെ കിട്ടുന്നതിലുള്ള ബുദ്ധിമുട്ട് തന്നെയെന്ന് അദ്ദേഹം.

ഈ ഡയറിഫാം വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍

ഫാമിലേക്കുള്ള വഴിയില്‍ അങ്ങിങ്ങായി നെല്ലിമരങ്ങള്‍ കായ്ച്ചു നില്കുന്നത് കാണാം. നെല്ലിയോടുള്ള പ്രത്യേക ഇഷ്ടവും നന്നായി വിളയുന്ന ഭൂമിയില്‍ എല്ലാം നട്ടുപിടിപ്പിക്കാനുള്ള ആവേശം കൊണ്ടും തമ്പി നട്ടതാണ്.

“നെല്ലിക്ക ആരോഗ്യത്തിന് അത്യുത്തമം ആണ്. വല്ലാത്ത മായാജാലം തന്നെയാണ് ഈ പുളിയന്‍ പഴത്തിന്. ആദ്യമൊക്കെ വീട്ടിലേക്ക് എടുക്കാമല്ലോ എന്ന ഉദ്ദേശത്തിലാണ് നട്ടത്. എന്നാല്‍ ഇവിടുത്തെ കാലാവസ്ഥയില്‍ നെല്ലിക്ക നന്നായി വിളഞ്ഞു. പിന്നീട് അതിലെ കച്ചവട സാധ്യത കൂടി കണക്കിലെടുത്ത് കൂടുതല്‍ തൈകള്‍ വച്ച് പിടിപ്പിച്ചു. ഇപ്പോള്‍ മാര്‍ക്കറ്റില്‍ നെല്ലിക്കയും വില്‍ക്കുന്നുണ്ട്. തേങ്ങയും അടക്കയും കുരുമുളകും നെല്ലിക്കയും ഒക്കെയാണ് ഇപ്പോള്‍ പ്രധാനമായും പുറത്തു കൊടുക്കുന്നത്,” തമ്പി വിശദീകരിച്ചു.

തമ്പിയുടെ തോട്ടത്തില്‍ വെള്ളത്തിന് യാതൊരു മുട്ടുമില്ല. അധ്വാനിക്കാന്‍ തമ്പിക്കൊരു മടിയുമില്ല. അങ്ങനെ കൃഷി കൂടുതല്‍ വ്യാപിച്ചു. കുടുംബവുമായി ആ പറമ്പില്‍ തന്നെ വീടുവെച്ച് താമസവും തുടങ്ങി. അപ്പോഴാണ് വൈദ്യുതി ഒരു പ്രശ്‌നമായത്.

നെല്ലിക്ക വീട്ടാവശ്യത്തിനാണ് ആദ്യം നട്ടത്. ഇപ്പോഴത് നല്ല വരുമാനം കൂടിയായി: തമ്പിച്ചേട്ടന്‍റെ പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന നെല്ലിക്ക

“മൂന്ന് പുഴകള്‍ ഒഴുകിയെത്തിച്ചേരുന്ന പമ്പാര്‍ ഞങ്ങളുടെ പറമ്പിന്‍റെ മുകളിലൂടെയാണ് ഒഴുകുന്നത്. അതുകൊണ്ട് വെള്ളം ധാരാളം ഉണ്ട്. എന്നാല്‍ വെള്ളം കൃഷിയിടത്തില്‍ നല്ല രീതിയില്‍ എത്തിക്കാനും കുടുംബവുമൊത്തുള്ള സൈ്വര്യജീവിതത്തിനും വൈദ്യുതി കൂടിയേ തീരൂ എന്ന അവസ്ഥ ആയി.

“അന്നത്തെ കാലത്തു ഞങ്ങളുടെ പറമ്പിന്‍റെ കഷ്ടിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ വരെ മാത്രമായിരുന്നു കെ എസ് ഇ ബി യുടെ പ്രവര്‍ത്തനമേഖല. അവിടുന്ന് കറന്‍റ് വലിച്ചു എത്തിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു.” കെ എസ് ഇ ബി ലൈനിന് വേണ്ടി കാത്തുനില്‍ക്കാതെ കൃഷിയിടത്തില്‍ നിന്ന് തന്നെ ആവശ്യത്തിനുള്ള വൈദ്യുതി ഉണ്ടാക്കിയാലോ എന്ന ചിന്ത അദ്ദേഹത്തിന്‍റെ തലയില്‍ കയറിക്കൂടി.

”അങ്ങനെയിരിക്കെയാണ് മാങ്കുളം ഉള്ള എന്‍റെ ഒരു ബന്ധു മലമുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ബുള്ളറ്റ് മോട്ടോര്‍സൈക്കിളിന്‍റെ ഡയനാമോ ലീഫ് പിടിപ്പിച്ചു കറക്കി കറന്‍റ് ഉല്പാദിപ്പിക്കുന്നത് കാണാനിടയായത്. അത് എനിക്ക് വലിയൊരു പ്രചോദനം തന്നെയായിരുന്നു.

മുകളില്‍ നിന്നും വെള്ളം ഈ ചാലിലൂടെ പ്രഷര്‍ ടാങ്കിലേക്ക്.
ടാങ്കും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള മോട്ടോറും

“നമുക്ക് മലമണ്ടക്ക് ഒന്നും പോകണ്ട വെള്ളത്തിന്, നമ്മുടെ പറമ്പിന്‍റെ മുകളിലൂടെ അസ്സല് പമ്പാര്‍ ഒഴുകുമ്പോള്‍ വെള്ളം ഉപയോഗിച്ച് തന്നെ വൈദ്യുതി ഉല്പാദിപ്പിച്ചുടെ എന്നായി പിന്നീടുള്ള ആലോചന,”

(നാട്ടുകാരെ സിനിമ കാണിക്കാന്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് ഇതുപോലെത്തന്നെ വൈദ്യുതി ഉല്‍പാദിപ്പിച്ച വര്‍ക്കിച്ചേട്ടന്‍റെ കഥ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. ആ ഫീച്ചര്‍ വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഇവിടെ നോക്കുക.)

“തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ വര്‍ക് ഷോപ് നടത്തുന്ന ബിനോയ് എന്ന ഒരു മെക്കാനിക്കല്‍ വിദഗ്ദനുമായി ആലോചിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി രണ്ടു കെവിയുടെ ടര്‍ബൈന്‍ മോഡല്‍ സ്ഥാപിച്ചു. താമസിയാതെ പതിനഞ്ചു കെവിയുടെ മൂന്നു ഫേസ് മോഡല്‍ തയ്യാറാക്കി ഉപയോഗിച്ച് തുടങ്ങി. അതനുസരിച്ചു എല്ലാ ദിവസവും ഇടവേളയില്ലാതെ വൈദ്യുതി ലഭിച്ചു തുടങ്ങി,” ആ പരീക്ഷണം വമ്പന്‍ വിജയമായതിന്‍റെ സന്തോഷം അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല.

നാലിഞ്ച് പെന്‍സ്റ്റോക് പൈപ്പിലൂടെ വെള്ളം ഈ മോട്ടോറിലേക്ക് തിരിച്ചുവിടും

“ഇപ്പോള്‍ ഫാമിലേക്കും കൃഷിയിടത്തിലേക്കും വീട്ടാവശ്യങ്ങള്‍ക്കും യഥേഷ്ടം കറന്‍റ് ഉണ്ട്. എന്തെകിലും തകരാര്‍ വന്നാലും കറന്‍റ് മുടങ്ങാതിരിക്കാന്‍ ജനറേറ്റര്‍ ഇപ്പോള്‍ ഉണ്ട്. അത്യാവശ്യം തകരാറുകളെല്ലാം ഞാന്‍ തന്നെയാണ് നോക്കി പരിഹരിക്കാറുള്ളത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“150 മീറ്റര്‍ കെട്ടില്‍ വെള്ളം ലഭ്യമാണെങ്കില്‍ നമുക്കും ചെയാവുന്നതേ ഉള്ളു. പുഴയില്‍ നിന്നും താഴെ മാറി പ്രത്യേകം ഒരു കുളം തയ്യാറാക്കി. വീട് പണിയോട് അനുബന്ധിച്ചു ഉണ്ടാക്കിയ കുഴിയാണ് കുളമാക്കി മാറ്റിയത്. പതിനെട്ട് അടി താഴ്ചയുള്ള ഈ കുളത്തിലേക്ക് പുഴവെള്ളം ശേഖരിച്ചു രണ്ടു നാലിഞ്ചു വ്യാസമുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ 130 അടി താഴ്ചയിലുള്ള ഒരു പ്രഷര്‍ ടാങ്കിലെത്തിക്കുന്നു. അവിടുന്ന് വീണ്ടും ഒരു നാലിഞ്ചു പൈപ്പിലൂടെ വെള്ളം ശക്തിയായി പതിച്ച് ഇംപെല്ലര്‍ കറക്കി വെള്ളം മറ്റൊരു പൈപ്പിലൂടെ തിരിച്ചു ടാങ്കിലെത്തുന്നു. ഇതാണ് ഇതിന്‍റെ പ്രവര്‍ത്തനരീതി,” തമ്പി ജലവൈദ്യുത പദ്ധതിയെപ്പറ്റി വിശദീകരിക്കുന്നു.

“അലൂമിനിയം പൈപ്പിലൂടെയാണ് വൈദ്യുതി ഉപയോഗത്തിനായി എത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം മുന്നില്‍ കണ്ട്് അതിനു മുകളില്‍ കുറെ ആവരണം ഉണ്ട്. അതുകൊണ്ട് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കില്ല,” അദ്ദേഹം പറഞ്ഞു.

പശുവിനെ കറക്കുന്നതും മറ്റും പൂര്‍ണമായും യന്ത്രവല്‍കരിക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വന്തമായി ഈ ചെറുജലവൈദ്യുത പദ്ധതി ഉണ്ടാക്കാന്‍ അദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ ചെലവ് വന്നു. സര്‍ക്കാരില്‍ നിന്ന് സബ്‌സിഡിയും ലഭിക്കുമെന്ന് തമ്പിച്ചേട്ടന്‍. “ഇപ്പോള്‍ ഫാമിലെയും വീട്ടിലെയും ആവശ്യങ്ങള്‍ കഴിഞ്ഞാലും കറന്‍റ് ബാക്കിയാണ്. അപ്പോള്‍ (കറന്‍റ് കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സമയത്ത്) വീട്ടില്‍ മോട്ടോര്‍ അടിക്കുകയോ ഹീറ്റര്‍ ഓണ്‍ ആകുകയോ ചെയ്യും. ഇപ്പോള്‍ കറന്‍റ് അധികം വന്നാല്‍ എന്ത് ചെയ്യണമെന്ന് വീട്ടുകാര്‍ക്കും അറിയാം. അവര്‍ കുറെ നാളായല്ലോ ഇതിന്‍റെ മെക്കാനിസം കാണുന്നു,” അദ്ദേഹം ചിരിക്കുന്നു.

വീട്ടുകാരെക്കുറിച്ചു പറഞ്ഞപ്പോഴാണ് കുടുംബത്തെക്കുറിച്ച് ചോദിച്ചത്. “വീട്ടുകാരെക്കുറിച്ച് പറയുമ്പോള്‍ കുറെയുണ്ട് കേട്ടോ,” എന്ന മുഖവുരയോടെ അദ്ദേഹം തുടങ്ങി.

“ഞങ്ങളുടെ ഒരു കൂട്ടുകുടുംബമാണ്. അപ്പന്‍ പൈലി അമ്മച്ചി മേരി സസന്തോഷം കൂടെയുണ്ട്. അപ്പന് തൊണ്ണൂറു വയസ്സും അമ്മച്ചിക്ക് എണ്‍പത്തിയെട്ടും വയസും ആയി. പിന്നെ ഭാര്യ ബീന്. അവള്‍ക്കു നെല്‍കൃഷിയും ഒക്കെ നന്നായി അറിയാം. കൃഷിയില്‍ അവള്‍ എന്നും കൂടെയുണ്ട്.

തമ്പി

“മക്കള്‍ ബേസിലും ചിഞ്ചുവും വിവാഹം കഴിഞ്ഞു പുറത്തു ജോലി ചെയ്യുന്നു. പിന്നെ എന്‍റെ അനിയന്‍ സാബുവും കുടുംബവും ഉണ്ട്. സാബു കൃഷിയില്‍ എന്‍റെ കൈത്താങ്ങാണ്. അവന്‍റെ കൂടി അധ്വാനമാണ് ഈ കാണുന്നതെല്ലാം. സാബുവിന്‍റെ ഭാര്യ മേഴ്സി അധ്യാപികയാണ്. അവരുടെ മക്കള്‍ ആര്യയും സൂര്യയും. അവര്‍ക്കും കൃഷി ഇഷ്ടം തന്നെ.

“ഒഴിവ് കിട്ടിയാല്‍ എല്ലാവരും കൂടി പറമ്പിലേക്കിറങ്ങും. സാബുവിന്‍റെ മക്കള്‍ക്ക് അതിനെല്ലാം പ്രത്യേക ആവേശമാണ്. അവരുടെ കൊച്ചു സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാനും ഒരു രസമാണ്,” തമ്പി ചിരിക്കുന്നു.

എഴുപത്തിയഞ്ചു ഏക്കറിലെ ഏഴു ഏക്കറോളം സ്ഥലം പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന റിസോര്‍ട്ടിനായി മാറ്റി വച്ചിരിക്കുകയാണ്. അതിനുള്ള പണികള്‍ തകൃതിയായി നടക്കുന്നുണ്ട്. കുറച്ച് കവുങ്ങുകള്‍ അതിനായി മുറിച്ചുമാറ്റി.

“ഇപ്പോള്‍ ഒരു റിസോര്‍ട്ടിനായുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. പതുക്കെ എല്ലാം ചെയ്തു തുടങ്ങിയെന്നു മാത്രം. കവുങ്ങുകള്‍ക്ക് കാലാവധി കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അതിന്‍റെ തടി ട്രീഹൗസ് പണിയുന്നതിനായി ഉപയോഗിക്കാം. അതിനാണ് മുറിച്ചു മാറ്റുന്നത്. പുതിയ തൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യാം. മരം പാഴാകുകയുമില്ല. മണ്ണുപുരയും നിര്‍മ്മിക്കുന്നുണ്ട്. പഴമയിലേക്ക് എത്തിനോക്കുന്നതാണലോ ഇന്നത്തെ വെക്കേഷന്‍ ത്രില്ല്,” തമ്പി കണ്ണിറുക്കി ചിരിച്ചു.

പട്ടണ സൗകര്യങ്ങളില്‍ നിന്ന് അവധിയെടുത്തു എത്തുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ തയ്യാറെടുക്കുകയാണ് തമ്പി. മണ്ണിന്‍റെ മണമുള്ള മണ്‍വീടും വനാന്തരങ്ങളില്‍ രാപാര്‍ക്കാന്‍ ട്രീഹൗസും നിര്‍മിച്ചു പഴയ കാലത്തെ ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക് ആണ് തമ്പിയുടെ മനസ്സില്‍.

കൂടുതല്‍ അറിയാന്‍ തമ്പിച്ചേട്ടനെ വിളിക്കാം: 94473 06611
ഫോട്ടോകള്‍ക്ക് കടപ്പാട്: തമ്പി എം പോള്‍, J ant M Media


ഇതുകൂടി വായിക്കാം: ഈ സോളാര്‍ ബോട്ട് ഓടുമോ എന്ന് ചോദിച്ചവര്‍ക്ക് സന്ദിത്തിന്‍റെ മറുപടി: 3 വര്‍ഷമായി ഓടുന്നു, 10 ലക്ഷം പേര്‍ സഞ്ചരിച്ചു, ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം