കാറ്റും കോളും കണ്ടാല്‍ ഉദ്യോഗസ്ഥര്‍ റോണിയെ വിളിക്കും,  റോണി കടലിലെ ബോട്ടുകാരേയും: ഈ താല്‍കാലിക ബസ് ഡ്രൈവര്‍ രക്ഷിക്കുന്നത് ഒരുപാട് മീന്‍പിടുത്തക്കാരെ

ഹാം റേഡിയോ ഭ്രമം മൂത്ത് അതിന് ലൈസന്‍സ് എടുക്കാന്‍ പത്താം ക്ലാസ്സില്‍ തുടങ്ങിയ ശ്രമമാണ്. എന്നാല്‍ റോണിക്ക് ലൈസന്‍സ് കിട്ടിയത് 50-ാം വയസ്സില്‍! 

റൊണാള്‍ഡ് മൂര്‍ക്കോത്ത്… എസ് എസ് എല്‍ സി ബുക്കിലും ആധാറിലുമൊക്കെ ഇതാണ് പേര്. പക്ഷേ ഈ റൊണാള്‍ഡ് പിലാത്തറക്കാര്‍ക്ക് റോണിയാണ്.

ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ക്കിടയില്‍ VU3OMN. എന്നാല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്കാകട്ടെ ഇദ്ദേഹം  എം സി ആര്‍ ആണ്. പല ഘട്ടങ്ങളിലും  അവരുടെയൊക്കെ ജീവന്‍ രക്ഷിച്ച എം സി ആര്‍!


ഉപ്പുവെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്ന തൂക്കുവിളക്ക്. ദൂരയാത്രകളില്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  പ്രയോജനപ്പെടും. വൈദ്യുതിയോ ബാറ്ററിയോ വേണ്ട. 

കണ്ണൂര്‍ പിലാത്തറ സി എം നഗറില്‍ മൂര്‍ക്കോത്ത് വീട്ടില്‍ റോണിയെന്ന റൊണാള്‍ഡിന് ഈ പേരുകളൊക്കെ കിട്ടിയതിനെക്കുറിച്ച് പറയാനേറെയുണ്ട്.

ഹാം റേഡിയോ സെറ്റുമായി റൊണാള്‍ഡ് മൂര്‍ക്കോത്ത്

ഹാം റേഡിയോ ഓപ്പറേറ്ററാണ് റൊണാള്‍ഡ് മൂര്‍ക്കോത്ത്. കേരളത്തില്‍ 2,500-ലേറെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുണ്ട്. പക്ഷേ ഫിഷറീസുകാരും പൊലീസും ദുരന്തനിവാരണസേനയുമൊക്കെ ഈ പിലാത്തറക്കാരനെ തേടിയാണെത്തുന്നത്.

അതെന്താണെന്നല്ലേ. എത്ര ശക്തമായ കാറ്റും കോളുമൊക്കെയാണെങ്കിലും കടലില്‍ പോയവരെ കണ്ടെത്താന്‍ റോണിയും അദ്ദേഹത്തിന്‍റെ ഹാം റേഡിയോയും എപ്പോഴും റെഡിയാണ്.

ഉള്‍ക്കടലുകളില്‍ മാത്രമല്ല വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്ന ഇടങ്ങളിലും ഹാം റേഡിയോയിലൂടെ സന്ദേശങ്ങളെത്തിക്കാം. റോണി വെറുമൊരു നേരമ്പോക്കിന് കൂടെ കൂട്ടിയതാണ് ഹാം റേഡിയോ.

ഹാം റേഡിയോയും റോണിക്ക് കിട്ടിയ അംഗീകാരങ്ങളും”പഠിക്കുമ്പോഴാണ് ഹാം റേഡിയോ വേണമെന്നു തോന്നിയത്,” റോണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“പത്താം ക്ലാസ് തൊട്ട് ആഗ്രഹിച്ചിരുന്നു. അന്നു തൊട്ടേ ഹാം റേഡിയോ സ്വന്തമാക്കാന്‍ മാത്രമായി കുറേ പഠിക്കുകയും ചെയ്തു. പക്ഷേ ദൈവം എനിക്ക് ഹാം റേഡിയോ നല്‍കുന്നത് എന്‍റെ 50-ാമത്തെ വയസിലാണെന്നു മാത്രം.

“എന്‍റെയൊക്കെ കുഞ്ഞുനാളില്‍ വീട്ടില്‍ ഒരു ടെലിവിഷന്‍ പോലുമില്ല. പിന്നെ മൊബൈല്‍ ഫോണിന്‍റെ കാര്യം പറയണോ. അതൊക്കെയുണ്ടായിരുന്നേല്‍ എത്ര നന്നായിരുന്നു.

“കൂട്ടുകാരെയൊക്കെ വിളിച്ച് സംസാരിക്കായിരുന്നല്ലോ. അന്നൊക്കെ വയര്‍ലെസ് ഫോണാണ് ആഗ്രഹിച്ചത്. പക്ഷേ ഇന്ന് മൊബൈല്‍ ഫോണൊക്കെ വന്നതോടെ വയര്‍ലെസ് ഫോണിന് പ്രസക്തി ഇല്ലാതെയായി.

“അന്നൊക്കെ ഇതിനോടൊക്കെ എനിക്ക് കമ്പമായിരുന്നു. കമ്പികളൊന്നുമില്ലാതെ, പരസ്പരം ബന്ധിപ്പിക്കാതെ സംസാരിക്കാന്‍ സാധിക്കുന്നത്. അതെനിക്കൊരു ത്രില്‍ ആയിരുന്നു.


വീട്ടീല്‍ റേഡിയോ മാത്രമേയുള്ളൂ. പക്ഷേ ഇതിനോടൊരു ഇഷ്ടം തോന്നുന്നത് പൊലീസുകാരെ കണ്ടിട്ടാണ്.


“സ്കൂളിലൊക്കെ പോകുന്ന വഴിയില്‍ പൊലീസുകാരെയൊക്കെ വോക്കി ടോക്കിയില്‍ സംസാരിക്കുന്നത് കാണുമ്പോ അത്ഭുതമായിരുന്നു.

“അതൊക്കെ കണ്ട് എത്ര നേരമാ നോക്കി നിന്നിട്ടുള്ളത്. പിന്നെയൊരു യാത്രയ്ക്കിടയില്‍ രണ്ടാളുകള്‍ വയര്‍ലെസ് ഫോണും കൊണ്ടു നടന്നു പോകുന്നത് കണ്ടു.

“അവര് പൊലീസുകാരൊന്നുമല്ല, സാധാരണക്കാര്. അപ്പോ ഞാനവരോട് ചെന്നു സംസാരിച്ചു. ഞങ്ങള് പൊലീസുകാരല്ല. പക്ഷേ ഇതു വയര്‍ലെസ് ഫോണ്‍ തന്നെയാണ്. ഇതു ഹാം റേഡിയോയാണെന്നൊക്കെ പറഞ്ഞു തന്നു. അങ്ങനെ യാദൃശ്ചികമായിട്ടാണ് ഹാം റേഡിയോ ആദ്യമായി കാണുന്നത്,” റോണി പറഞ്ഞു.

അതിന് ശേഷം ഹാം റേഡിയോയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമമായി. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും നടന്‍ മമ്മൂട്ടിക്കും ഹാം റേഡിയോയുണ്ടായിരുന്നു എന്നറി‍ഞ്ഞു. കുറേ വിവരങ്ങള്‍ വായിച്ചറിഞ്ഞു.

” ഇതൊക്കെ വായിക്കുമ്പോ ഞാന്‍ പത്താം ക്ലാസിലാണ്. അന്നു പക്ഷേ നേരില്‍ കണ്ടിട്ടില്ലാട്ടോ. പക്ഷേ ഇഷ്ടം തോന്നി.

“പിന്നീട് പലവഴിക്കും വയര്‍ലെസ് ഫോണുകള്‍ കാണാന്‍ ഇടയായി. ചിലരൊക്കെ പോക്കറ്റില്‍ കൊണ്ടുനടക്കുന്നത് കണ്ടു. അപ്പോ അതേ പോലൊന്നു വാങ്ങിക്കണമെന്നു തോന്നി.”

പക്ഷേ അതു പെട്ടെന്നു കടയില്‍ നിന്നൊന്നും കിട്ടില്ലല്ലെന്നും ലൈസന്‍സ് ഉള്ളവര്‍ക്കേ കൈവശം വയ്ക്കാനും പറ്റൂ  എന്ന് മനസ്സിലായപ്പോള്‍ ആ വഴിക്കായി പരിശ്രമം.

ഹാം റേഡിയോയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊക്കെ അന്വേഷിച്ചു കണ്ടെത്തി. ലൈസന്‍സ് വേണമെന്നറിഞ്ഞതോടെ പിന്നെ അതെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പക്ഷേ ആ ലൈസന്‍സ് സ്വന്തമാക്കുന്നത് അത്ര  എളുപ്പമല്ലെന്ന് വൈകാതെ മനസ്സിലായി. പരീക്ഷയെഴുതി വിജയിക്കുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സ് കിട്ടുകയുള്ളു.

“നല്ല ടഫ് ആയിരുന്നു.” ലൈസന്‍സ് സ്വന്തമാക്കാനുള്ള പഠനത്തെക്കുറിച്ച് റോണി തുടരുന്നു. “ഹാം റേഡിയോയെക്കുറിച്ചുള്ളതൊക്കെ പഠിച്ചെടുക്കാന്‍ കുറേ വര്‍ഷമെടുത്തു.

“ജീവിതത്തിലെ വിലപ്പെട്ട സമയമാണ് ഇതിനു വേണ്ടി മാത്രമായി ഉപയോഗിച്ചത്. ഇലക്ട്രോണിക്സ് മാത്രമല്ല ടെലിഗ്രാഫിക് കോഡും പഠിക്കണമായിരുന്നു. ഞാന്‍ പറഞ്ഞില്ലേ, സ്കൂളില്‍ പഠിക്കണ പ്രായത്തില്‍ പഠിച്ചു തുടങ്ങിയതാണ്. പരീക്ഷയെഴുതി ലൈസന്‍സ് കിട്ടുമ്പോ എനിക്ക് പ്രായം 50,” റോണി ചിരിക്കുന്നു.

പുസ്തകങ്ങള്‍ വായിച്ച് വായിച്ച് പഠിച്ചു. കിട്ടുന്ന സമയം മുഴുവനായി അതിന് മാറ്റിവെച്ചു.  “ഇലക്ട്രോണിക്സ് അല്ലേ തലയില്‍ കയറണ്ടേ? ഇന്നിപ്പോ ടെലിഗ്രാഫിക് കോഡ് പഠിക്കണമെന്ന നിര്‍ബന്ധമില്ല. കുറേ ശ്രമിച്ചെങ്കിലും കോഡ് പഠനത്തിന് മുന്നില്‍ ഞാന്‍ അടിയറവ് പറഞ്ഞു.

“അതൊക്കെ പഠിച്ചെടുക്കാന്‍ അത്രേം തല വേണം. പണ്ടൊക്കെ ഇതുകൂടി പാസായാലേ ലൈസന്‍സ് കിട്ടു. ഭാഗ്യത്തിന് ആ നിബന്ധനകളൊക്കെ സര്‍ക്കാര്‍ ലഘൂകരിച്ചു,” എന്ന് റോണി.

ലൈസന്‍സ് കിട്ടാനുള്ള പരീക്ഷയില്‍ നിന്നു ടെലിഗ്രാഫിക് കോഡ് ഒഴിവാക്കി. നീണ്ട ഉത്തരങ്ങളെഴുതേണ്ട, ഡയഗ്രം വരയ്ക്കലും ഇന്നില്ല. പകരം ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണിപ്പോഴുള്ളത്.

ഹാം റേഡിയോ ലൈസന്‍സിനായി മകന്‍ രാവും പകലും പാഴാക്കുന്നത് കണ്ട്   പപ്പയും മമ്മിയും കുറെ വഴക്ക് പറഞ്ഞു. അവര്‍ മാത്രമല്ല മറ്റുപലരും നിരുത്സാഹപ്പെടുത്തിയിട്ടേയുള്ളൂ.


സമയം പാഴാക്കി കളയല്ലേ, ഇതൊക്കെ പഠിച്ചിരിക്കാതെ വല്ല പണിക്കും പോയ്ക്കൂടെ മോനെ എന്നൊക്കെയാണ് പപ്പയും മമ്മിയും പറഞ്ഞത്.


“അതിനൊന്നും അവരെ കുറ്റം പറയാനൊക്കില്ല. ഫാം റേഡിയോ വേണോന്ന് പറഞ്ഞു ജോലിക്ക് പോകാതെയിരുന്നാല്‍ എങ്ങനെയാ?” റോണി വീണ്ടും ചിരിക്കുന്നു.

എന്നാല്‍ ഹാം റേഡിയോ കിട്ടാനുള്ള ത്രില്ലോര്‍ത്തപ്പോള്‍ റോണി അതൊന്നും വകവെച്ചില്ല.

“ഫോണ്‍ എല്ലാവര്‍ക്കും വാങ്ങാന്‍ കിട്ടും. പക്ഷേ ഹാം റേഡിയോ അങ്ങനെ അല്ലല്ലോ. മാത്രമല്ല പഠിക്കാതെ, പരീക്ഷയെഴുതാതെ ഇതിന്‍റെ ലൈസന്‍സ് ഒരുകാലത്തും കിട്ടില്ല.

“വയര്‍ലെസ് ഫോണ്‍ വീട്ടില്‍ വയ്ക്കാനും ഉപയോഗിക്കാനുമൊക്കെ ലൈസന്‍സ് കിട്ടുന്നത് തന്നെ വലിയ ഭാഗ്യമല്ലേ. അതൊരു അന്തസ് കൂടിയല്ലേ,” എന്നാണ് റോണിയുടെ മനസ്സില്‍.

അങ്ങനെ ഒടുവില്‍ റോണിക്ക് ഹാം റേഡിയോ ലൈസന്‍സ് കിട്ടി. ഇന്ന്, കേരളത്തിനകത്തും പുറത്തുമായി നിരവധി ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ റോണിയുടെ സുഹൃത്തുക്കളാണ്.

ഹാം റേഡിയോ ഉപയോഗിക്കുന്ന റൊണാള്‍ഡ് മൂര്‍ക്കോത്ത്

“കേരളത്തിലെ ഹാം റേഡിയോക്കാരുമായി മിക്കപ്പോഴും സംസാരിക്കാറുണ്ട്. ഹാം റേഡിയോയുപയോഗിച്ച് വീട്ടിലിരുന്നു ഞങ്ങള്‍ സംസാരിക്കാറുണ്ട്. കൂട്ടത്തില്‍ ചിലരെ നേരില്‍ കണ്ടിട്ടൊന്നുമില്ല. ശബ്ദം മാത്രമേ പരിചയമുള്ളൂ. പക്ഷേ എല്ലാവരുമായി നല്ല സൗഹൃദത്തിലാണ്.”

കേരളത്തില്‍ മാത്രം 25,00-ലേറെ പേരെങ്കിലും ഹാം റേഡിയോ ഉപയോഗിക്കുന്നുണ്ടാകും. ഇന്ത്യയിലൊട്ടാകെ ഏകദേശം 25,000പേരുമുണ്ടാകും, അദ്ദേഹം പറയുന്നു.  കൂട്ടത്തില്‍ സ്വന്തമായി റേഡിയോ അസംബിള്‍ ചെയ്തു ഉപയോഗിക്കുന്നവരൊക്കെയുണ്ട്.

“പക്ഷേ എനിക്കറിയില്ല. കേടുവന്നാല്‍ നന്നാക്കാന്‍ പോലും എനിക്കറിയില്ല. അതിപ്പോ നമ്മുടെ വീട്ടിലെ റേഡിയോയോ ടിവിയോ കേടായാല്‍ ചിലര് സ്വയം നന്നാക്കും, മറ്റുള്ളവര്‍ നന്നാക്കാന്‍ കൊടുക്കും. അതേ പോലെ തന്നെയാണിതും.

“പക്ഷേ കടലില്‍ പോകുന്ന ബോട്ടുകാരുമായി സംസാരിക്കുന്നത് ഞാന്‍ മാത്രമാണ്. അതുകൊണ്ടാണ് സര്‍ക്കാരും ഉദ്യോഗസ്ഥരുമൊക്കെ അവശ്യഘട്ടത്തില്‍ തന്നെ വിളിക്കുന്നത്.”

ഹാം റേഡിയോ  ആദ്യനാളുകളില്‍ പൊതുജനങ്ങള്‍ക്കായിട്ടൊന്നും ഹാം റേഡിയോ പ്രയോജനപ്പെടുത്തിയിരുന്നില്ല.

“ദിവസവും രാത്രി ഒമ്പത് മണിയൊക്കെയാകുമ്പോഴാണ് ഞങ്ങളെല്ലാവരും ഹാം റേഡിയോയില്‍ സംസാരിക്കാന്‍ കൂടുന്നത്.

“പകല്‍ സമയങ്ങളില്‍ എല്ലാവരും ജോലിക്കും പോകുമല്ലോ. പക്ഷേ ഞാന്‍ വെറുതേയിരിക്കുകയാകും. സ്വകാര്യ ബസ് ഡ്രൈവറാണ്. പക്ഷേ അതൊരു സ്ഥിരജോലിയല്ല. ഡ്രൈവറില്ലാതെ വരുമ്പോ എന്നെ വിളിക്കും, ഞാന്‍ പോകും അത്രേയുള്ളൂ.

അങ്ങനെയിരിക്കുന്ന നേരത്താണ് മത്സ്യബന്ധന ബോട്ടുകാരോട് സംസാരിച്ചു തുടങ്ങുന്നത്.

“വയര്‍ലെസ് ഫോണ്‍ വെറുതേ ട്യൂണ്‍ ചെയ്തു നോക്കിയപ്പോ യാദൃച്ഛികമായി ബോട്ടുകാരെ കിട്ടി. അവരോട് ഹലോ പറഞ്ഞു തുടങ്ങി. പിന്നെ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായി.

“എന്‍റെ ഫോണ്‍ നമ്പര്‍ അവരുടെയൊക്കെ വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്തതോടെ പലരും എന്നെക്കുറിച്ച് അറിഞ്ഞു. എന്തെങ്കിലും അത്യാവശ്യ കാര്യം കടലില്‍ പോയവരെ അറിയിക്കണമെങ്കില്‍ നാട്ടുകാര് പിന്നെ എന്നെ വിളിക്കാന്‍ തുടങ്ങി.”

അങ്ങനെയാണ് ആ സൗഹൃദം ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ഒരുപാട് പേര്‍ക്ക് സഹായകമായ ഒരു സേവനം കൂടിയായി മാറിയത്.


ഇതുകൂടി വായിക്കാം:വാട്സാപ്പില്‍ ഒരു ‘റേഡിയോ’ സ്റ്റേഷന്‍! പുസ്തകങ്ങളും പി എസ് സി ചോദ്യോത്തരങ്ങളും വാര്‍ത്തകളും വായിച്ചുകേള്‍പ്പിക്കുന്ന ചാനല്‍, അതിനായി കാതുകൂര്‍പ്പിച്ചിരിക്കുന്ന നൂറുകണക്കിന് പേര്‍


“ബോട്ടില്‍ പോയവരുടെ ആരുടെയെങ്കിലും വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍ കടലില്‍ പോയ അവരെ അറിയിക്കാന്‍ സമയമെടുക്കും. ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലല്ലോ. അപ്പോ എന്നെ വിളിക്കും.

“വീട്ടുകാര് പറയുന്ന കാര്യം കടലാസില്‍ കുറിച്ചുവയ്ക്കും. എന്നിട്ട് ഹാം റേഡിയോയിലൂടെ കടലില്‍ പോയ ബോട്ടുകാരെ വിളിച്ചു പറയും. ഇങ്ങനെ 500-ലേറെ മരണ അറിയിപ്പുകള്‍  ആഴക്കടലില്‍ ബോട്ടിലുള്ളവരെ വിളിച്ചു പറഞ്ഞിട്ടുണ്ട്.”

കലാവസ്ഥയില്‍ പെട്ടെന്ന് മാറ്റം വന്നാലും ഹാം റേഡിയോയിലൂടെ കടലില്‍ പോയവരെ അറിയിക്കാറുണ്ട്.  ബോട്ടിനെന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ കടലില്‍ നിന്ന് അവര്‍ റോണിയെ വിളിച്ച് അറിയിക്കാറുമുണ്ട്.

“ഞാനക്കാര്യം പൊലീസിനെ അറിയിക്കും. ഇങ്ങനെ വിളിച്ചു പറഞ്ഞതിലൂടെ പത്ത് ബോട്ടുകള്‍ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. കടലില്‍ വച്ച് എന്‍ജിന്‍ കംപ്ലെയന്‍റ് വന്നു കേടായതും പ്രൊപ്പൈല്ലര്‍ പോയതും ഗിയര്‍ ബോക്സ് പോയതുമൊക്കെയാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിനെക്കുറിച്ചും അധികാരികളെ അറിയിച്ച് രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നു അഭിമാനത്തോടെയാണ് റോണി പറയുന്നത്.

കനത്ത മഴ,കടല്‍ക്ഷോഭം, ശക്തമായ കാറ്റ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെങ്കില്‍  ജില്ല കലക്റ്ററേറ്റില്‍ നിന്നോ കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്‍റ് എന്നിവിടങ്ങളിലൊക്കെ ഒരു സന്ദേശം റോണിക്കുമെത്തും.

റോണി വേഗമൊരു സന്ദേശം കൈമാറുമെന്ന് അവര്‍ക്കറിയാം.


“എപ്പോ വേണമെങ്കിലും വിളി വരാം. അതുകൊണ്ടു തന്നെ ഫുള്‍ ടൈം ഇതിനൊപ്പമുണ്ടാകും.


“ഹാം റേഡിയോ ഹോബിയാണ്. അതിനൊപ്പം എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സര്‍വീസ് കൂടിയാണെനിക്കിത്. ആപത്ഘട്ടങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാനാണല്ലോ എന്നെയൊക്കെ വിളിക്കുന്നത്. കൃത്യമായി സന്ദേശം കൈമാറുകയും ചെയ്യും.

“എന്‍റെ ഫോണ്‍ കോളിലൂടെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നേരില്‍ കാണാനും വന്നിട്ടുണ്ട്. കുറേപ്പേര് അവരുടെ സ്നേഹം അറിയിക്കാന്‍ വീട്ടില്‍ വന്നിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് വേണ്ടിയാണ് റോണി പ്രവര്‍ത്തിക്കുന്നത്.

എങ്ങനെയാണ് ബോട്ടിലുള്ളവരോട് സംസാരിക്കുന്നത്..? എന്‍റെ സംശയം കേട്ട് റോണി അല്‍പ്പനേരം നിശബ്ദനായിരുന്നു, എന്നിട്ട് പറഞ്ഞു: “സഫ മര്‍വ സഫ മര്‍വ എം സി ആര്‍…” ഇങ്ങനെ ബോട്ടിന്‍റെ പേരും എന്‍റെ കോഡും പറഞ്ഞാണ് സന്ദേശം നല്‍കാന്‍ വിളിക്കുക.

“എംസിആര്‍ എന്നതു ഞാനിട്ടതാണ്. മലബാര്‍ കണ്‍ട്രോളിങ് റൂം എന്നോ മൂര്‍ക്കോത്ത് കണ്‍ട്രോള്‍ റൂം എന്നോ ഇതിനെ പറയാം. ബോട്ടുകാരോട് സംസാരിക്കാന്‍ എംസിആര്‍ എന്നാണ് ഉപയോഗിക്കുന്നത്.

“ബോട്ടുകാരോട് ഇതാണെങ്കില്‍ ഞങ്ങള് ഹാമുമാര്‍ പരസ്പരം സംസാരിക്കുമ്പോ ഇതല്ല പറയുന്നത്. അതിന് വേറെ സൈന്‍ ആണ്. വിയു3 ഒഎംഎന്‍… എന്നു പറയും.

“ഫോണ്‍ വിളിക്കുമ്പോ ഹലോ എന്നു പറയില്ലേ, അതിനു പകരമാണിത്. സര്‍ക്കാര്‍ തന്ന ലൈസന്‍സിലെ പേരാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനന്ദവല്ലിയാണ്  റോണിയുടെ ഭാര്യ. ടെക്സ്റ്റൈല്‍ രംഗത്താണ് ആനന്ദവല്ലിക്ക് ജോലി. ഒരു മകനുണ്ട്, രഞ്ജിത്ത് മൂര്‍ക്കോത്ത്. ആറാം ക്ലാസില്‍ പഠിക്കുന്നു.


ഇതുകൂടി വായിക്കാം:പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം