79 വയസ്സായി, എന്നിട്ടും പാവപ്പെട്ടവര്‍ക്കായി ദിവസം മുഴുവന്‍ നീക്കിവെക്കുന്ന പത്തുരൂപാ ഡോക്റ്റര്‍

രാജ്യത്തെ ഡോക്റ്റര്‍മാരോട് അദ്ദേഹത്തിന് ചെറിയൊരു അപേക്ഷയുണ്ട്…

ഴിഞ്ഞ 50 വര്‍ഷമായി ഡോ. അന്നപ്പ എന്‍ ബാലിയുടെ എല്ലാ ദിവസവും ഏതാണ്ട് ഒരുപോലെയാണ്.

അദ്ദേഹം ഒരു ഇ. എന്‍. ടി സ്‌പെഷ്യലിസ്റ്റ് ആണ്. 79 വയസ്സായി.

എന്നും രാവിലെ പത്തരയ്ക്ക് അദ്ദേഹം ക്ലിനിക് തുറക്കും. വൈകീട്ട് ആറരയ്ക്ക് അടയ്ക്കും. ചെറിയൊരു വിശ്രമം. രാത്രി എട്ട് മണിയോടെ വീണ്ടും തുറക്കും. അത് ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി തുറന്നിരിക്കും.

സഹായികളായി മൂന്ന് പേരുണ്ട്. ആ ടൗണിന്‍റെ പല ഭാഗത്തുനിന്നും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നും ദിവസവും 80 മുതല്‍ 100 രോഗികള്‍ ക്ലിനിക്കിലെത്തും.

ഡോ. ബാലി കണ്‍സള്‍ട്ടേഷന്‍ ഫീസായി വാങ്ങുന്നത് വെറും പത്തുരൂപ മാത്രം! ഇതില്‍ കണ്‍സള്‍ട്ടേഷനും മരുന്നുകളും ഉള്‍പ്പെടും. പത്തുരൂപ പോലും കൊടുക്കാനില്ലാത്തവര്‍ക്കും ക്ലിനിക്കില്‍ പോകാം, സൗജന്യമായി ചികിത്സ നേടി മടങ്ങാം.

കര്‍ണ്ണാടകയിലെ ബെലഗവി (ബെല്‍ഗാം) ജില്ലയിലെ ജനങ്ങളുടെ പ്രിയപ്പെട്ട ‘ഹട്ടാ രുപായി ഡോക്റ്റര്‍’ (പത്തുരൂപാ ഡോക്റ്റര്‍) ആണ് ഡോ. ബാലി. പണമല്ല, രോഗികളെ ശുശ്രൂഷിക്കുന്നതിലെ ആത്മാര്‍ത്ഥതയും ക്ഷമയും കരുതലും മേന്മയുമാണ് ആ ക്ലിനികിനെ മുന്നോട്ടുനയിക്കുന്നത്.

ബെലഗവി (ബെല്‍ഗാം)യിലെ പ്രിയപ്പെട്ട ‘ഹട്ടാ രുപായി ഡോക്റ്ററുടെ ക്ലിനിക്

ക്ലിനിക്കില്‍ എത്ര തിരിക്കുണ്ടെങ്കിലും ഓരോ രോഗിയുടെയും വാക്കിന് ചെവികൊടുക്കാന്‍ ഡോ. ബാലിക്ക് മടിയില്ല. ക്ഷമയോടെ അവരെയെല്ലാം പരിശോധിച്ച് മരുന്നുകുറിച്ച് കൊടുക്കുമ്പോള്‍ മിക്ക ദിവസവും ഒന്നും രണ്ടും മണിക്കൂര്‍ വൈകും. അത് അദ്ദേഹം കാര്യമാക്കാറില്ല. ഏറ്റവും പാവപ്പെട്ടവരും സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവരുമാണ് അദ്ദേഹത്തെ തേടിയെത്തുന്ന രോഗികളില്‍ ഭൂരിഭാഗവും. ക്യൂവിലുള്ള എല്ലാവരേയും കണ്ടതിന് ശേഷമേ അദ്ദേഹം ക്ലിനിക് അടയ്ക്കൂ.

“ആദ്യം ഏഴ് രൂപയായിരുന്നു ഫീസ്. പിന്നെ ചില്ലറ കൊടുക്കാനുള്ള ബുദ്ധിമുട്ട് വന്നപ്പോള്‍ പത്തുരൂപയാക്കിയതാണ്,” ഡോ. ബാലി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡോ. ബാലി തുനിഞ്ഞിറങ്ങിയതിന് പിന്നില്‍ ഒരു കാരണമുണ്ട്.

അത് അദ്ദേഹത്തിന്‍റെ ജീവിതം തന്നെയാണ്.

ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഡോ. ബാലി വരുന്നത്. അദ്ദേഹത്തെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനൊന്നും മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല.


“ഞാന്‍ ദാരിദ്ര്യം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം,” ഡോ. ബാലി പറയുന്നു.


ഡോക്റ്ററായി പാവങ്ങളെ സഹായിക്കണം എന്നായിരുന്നു ചെറുപ്പം മുതലേ അദ്ദേഹത്തിന്‍റെ മോഹം. അതുകൊണ്ട് നല്ല വിദ്യാഭ്യാസം തന്നെ കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് വേണ്ടി വാശിപിടിക്കുകയും ചെയ്തു.

ചില ബന്ധുക്കളുടെ സഹായത്തോടെ ഹൂബ്ലി യൂനിവേഴ്‌സിറ്റിക്ക് കീഴിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് അദ്ദേഹം എം ബി ബി എസ് പാസ്സായി.

കര്‍ണ്ണാടകത്തിലെ പല ഗ്രാമങ്ങളിലും സര്‍ക്കാര്‍ ഡോക്റ്ററായും പിന്നീട് ബെലഗാവി ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് 1998-ലാണ് സ്വന്തം ക്ലിനിക് തുടങ്ങുന്നത്.

“ആരോഗ്യവകുപ്പില്‍ ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതോടെ എനിക്ക് കാര്യങ്ങള്‍ കൂടുതലായി വ്യക്തമായി. ഉദാഹരണത്തിന്, അനീമിയ (രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവുമൂലം ഉണ്ടാകുന്ന വിളര്‍ച്ച) ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ വളരെ വ്യാപകമാണ്. പോഷകാഹാരക്കുറവാണ് ഇതിന് പ്രധാന കാരണം.

“ഭക്ഷണത്തിന് പണമില്ലാത്തതിനാലാണ് അവര്‍ക്ക് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് ചികിത്സിച്ചുമാറ്റാനും പണം വേണം…ഇതൊരു വിഷമവൃത്തമാണ്. ഇതിനെ പൊളിക്കാനാണ് എന്‍റെ ശ്രമം,” അദ്ദേഹം വിശദമാക്കുന്നു.

റിട്ടയര്‍മെന്‍റിന് ശേഷം അദ്ദേഹത്തിന് വേണമെങ്കില്‍ വിശ്രമജീവിതം നയിക്കാമായിരുന്നു. പകരം പാവപ്പെട്ട മനുഷ്യരെ സഹായിക്കാന്‍ അദ്ദേഹം സ്വയം ഇറങ്ങിത്തിരിച്ചു.

“വയസ്സായതുകൊണ്ടുള്ള കുറേ പ്രശ്‌നങ്ങള്‍ എനിക്കുണ്ട്,” ബേല്‍ഹൊങ്കലില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപകന്‍ രാമകൃഷ്ണ (56) ദ് ബെറ്റര്‍ ഇ്ന്‍ഡ്യയോട് പറയുന്നു. “എനിക്കിടയ്ക്കിടെ അസുഖങ്ങള്‍ വരും. എനിക്ക് പക്ഷേ, മരുന്നു വാങ്ങാനുള്ള സാമ്പത്തികമൊക്കെയുണ്ട്. എന്നാലും ഞാന്‍ ഡോ. ബാലിയുടെ അടുത്തേ പോകൂ. അദ്ദേഹത്തെപ്പോലെ നല്ലൊരു ഡോക്റ്ററെ വേറെവിടെ കിട്ടും. ഞാന്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ അടുത്താണ് പോകുന്നത്.’

ഡോ. ബാലിയുടെ ക്ലിനിക്

പതിനാറ് കാരി റാഷ്മി ഏഴ് കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡോ. ബാലിയെ കാണാന്‍ ബേല്‍വാദില്‍ നിന്നും ബേല്‍ഹൊങ്കലിലെത്തുന്നത്. പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ പോലും റാഷ്മിയെ ഡോ. ബാലിയെ തേടിയെത്തും.

“കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുമയും പനിയുമായിട്ടാണ് അവളുടെ അമ്മ എന്‍റെ അടുത്തേക്ക് വരുന്നത്. അവര്‍ക്ക് എയ്ഡ്‌സ് ആയിരുന്നു. ഇന്‍ജെക്ഷനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല,” ഡോ. ബാലി ഓര്‍ക്കുന്നു.

“ഞാന്‍ അവരുടെ മരുന്നിന്‍റെ ചെലവെല്ലാം വഹിച്ചു, കുറെ മാസങ്ങളോളം. 56-ാം വയസ്സില്‍ അവര്‍ മരിച്ചു. ബന്ധുക്കളാരും ഇവിടെ അടുത്തില്ലാത്തതിനാല്‍ റാഷ്മി ബേല്‍വാദിലെ ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി. അവള്‍ക്കെന്നെ വലിയ വിശ്വാസമാണെന്ന് തോന്നുന്നു, അതാണ് ഇവിടേക്ക് തന്നെ വരുന്നത്.”

ഏറ്റവും പാവപ്പെട്ടവരില്‍ 90 ശതമാനം പേരും സര്‍ക്കാര്‍-സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീമുകളുടെ പരിധിയില്‍ പെടാത്തവരാണ് എന്ന് ഈയിടെ ഒരു സര്‍വ്വേ വെളിപ്പെടുത്തിയിരുന്നു.

അസുഖവും രോഗവും ചികിത്സാച്ചെലവുകളും സമ്പാദ്യമുള്ളവരെ കൂടി ദോഷകരമായി ബാധിക്കും. ഉള്ളത് വിറ്റുപെറുക്കിയും ലോണെടുത്തും പലരും ചികിത്സ നടത്തും. അതിനുകഴിയാത്തവര്‍ ചികിത്സ നീട്ടിവെയ്ക്കും.

ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഡോ. ബാലിയെപ്പോലുള്ളവരുടെ പ്രാധാന്യം.

പക്ഷേ, എന്തിനാണ് പത്തുരൂപ വാങ്ങുന്നത്? ഞാന്‍ ചോദിച്ചു.

“എല്ലാവര്‍ക്കും ഫ്രീയായി കൊടുക്കാത്തതിന് പിന്നില്‍ ഒരു കാര്യമുണ്ട്. ഫ്രീയായി കൊടുത്താല്‍ പല രോഗികളും ചികിത്സ ഗൗരവമായി എടുക്കില്ല. പണം കൊടുത്ത് വാങ്ങിയ മരുന്നാണെങ്കിലേ തെറ്റാതെ കഴിക്കൂ,” അദ്ദേഹം ചിരിക്കുന്നു.

മറ്റ് ഡോക്റ്റര്‍മാരോട് അദ്ദേഹത്തിന് ഒരു അഭ്യര്‍ത്ഥനയുണ്ട്.

“എല്ലാവര്‍ക്കും ഇന്‍ഷുറന്‍സും ചികിത്സ തേടാനുള്ള പണമോ കാണില്ല. കുറച്ച് രോഗികളെ സൗജന്യമായി ചികിത്സിച്ചാല്‍ ഡോക്റ്റര്‍മാരുടെ വരുമാനത്തില്‍ കാര്യമായ കുറവൊന്നും ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ ചാര്‍ജ്ജ് കുറച്ചാല്‍ ആളുകളുടെ എണ്ണവും വരുമാനവും കൂടുകയേ ഉള്ളൂ. ഡോക്റ്റര്‍ക്ക് അല്‍പം അധ്വാനം കൂടുതലാവും അത്രമാത്രം.

“സ്വകാര്യ ഡോക്റ്റര്‍മാര്‍ ദിവസം ഒന്നോ രണ്ടോ പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിച്ചാല്‍ തന്നെ അത് സമൂഹത്തില്‍ ഒരുപാട് പേര്‍ക്ക് സഹായകമാവും. അപ്പോഴേ നമ്മള്‍ ഡോക്റ്റര്‍മാര്‍ എടുത്തിട്ടുള്ള പ്രതിജ്ഞയോട് നമ്മള്‍ ശരിക്കും നീതി പുലര്‍ത്തുന്നവരാകൂ.”
***

ഫോട്ടോകള്‍ക്ക് കടപ്പാട്: ഡോ. ബാലി.


ഇതുകൂടി വായിക്കാം: 20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം