ഹര്ഭജന് കൗര്‍ മകള്‍ രവീണ സൂരിയോട് ചുമ്മാ മിണ്ടിയും പറഞ്ഞുമിരിക്കുകയാണ്.
പലതും പറഞ്ഞ കൂട്ടത്തില്‍ രവീണ അമ്മയോട് ചോദിച്ചു. “ഈ ജീവിതത്തില്‍ അമ്മയ്ക്ക് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?”
“എന്‍റെ ജീവിതം വളരെ സംതൃപ്തി നിറഞ്ഞതായിരുന്നു,” ഹര്‍ഭജന്‍ കൗര്‍ പറഞ്ഞു. “ആകെയുള്ള നിരാശ ഞാനിതുവരെ സ്വന്തമായി ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്നത് മാത്രമാണ്.”
ആ സംസാരം അവിടെ അവസാനിച്ചു. എന്നാല്‍ അത് മറ്റൊരു തുടക്കം കൂടിയായിരുന്നു.
അമ്മയുടെ ഉള്ളിലുള്ള ആ നിരാശ ഒഴിവാക്കാനായി രവീണ ആലോചന തുടങ്ങിയിരുന്നു. എന്തെങ്കിലും ചെറിയ സംരംഭം തുടങ്ങുന്നതിനെപ്പറ്റിയാലോചിച്ചപ്പോള്‍ പാചകത്തില്‍ അമ്മയുടെ കൈപ്പുണ്യമായിരുന്നു രവീണയുടെ മനസ്സില്‍.
അങ്ങനെയാണ് ഹര്‍ഭജന്‍സ് എന്ന സംരംഭം തുടങ്ങുന്നത്, നാല് വര്‍ഷം മുമ്പ്. 94-കാരിയായ ഹര്‍ഭജന്‍ കൗര്‍ ആണ് അതിന്‍റെ തലപ്പത്ത്. ബേസണ്‍ ബര്‍ഫി എന്ന മധുരപലഹാരമാണ് ഹര്‍ഭജന്‍സിന്‍റെ ഹൈലൈറ്റ്. കൂടാതെ, പലതരം അച്ചാറുകളും. ചണ്ഡിഗഡ് ആസ്ഥാനമാക്കി തുടങ്ങിയ സംരംഭം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് വളരുകയാണ്.
“ഞങ്ങളിന്നുവരെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമേ കഴിച്ചിട്ടുള്ളു എന്ന് പറയാം. മധുരപലഹാരങ്ങളായാലും സ്‌ക്വാഷുകളും സര്‍ബത്തുകളുമായാലും എല്ലാം അമ്മ തന്നെയുണ്ടാക്കും. അമ്മ ഗംഭീര കുക്കാണ്. എന്നാല്‍ എപ്പോഴും കര്‍ട്ടന് പുറകില്‍ നില്‍ക്കാനാണ് താല്‍പര്യം,” രവീണ പറയുന്നു.
നമ്മള്‍ മറന്നുപോയ പലഹാരങ്ങള്‍, പൂര്‍ണമായും ഓര്‍ഗാനിക്. സന്ദര്‍ശിക്കൂ കാര്‍ണിവലിന്‍റെ മധുരപലഹാരങ്ങളുടെ കലവറ
ഹര്‍ഭജന്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറയുമെങ്കിലും ആ കഴിവിന് ശരിക്കുമൊരു അംഗീകാരം കിട്ടിയിരുന്നുവെന്ന് പറയാന്‍ കഴിയില്ല. “ആ തലമുറയിലെ എല്ലാ അമ്മമാരേയും പോലെ അമ്മയും ഞങ്ങള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടേയിരുന്നു,” രവീണ ഓര്‍ക്കുന്നു.
ഹര്‍ഭജന്‍ ആദ്യമായി ബേസണ്‍ ബര്‍ഫി ഉണ്ടാക്കി വിറ്റ ദിവസത്തെക്കുറിച്ച് രവീണ പറയുന്നതിങ്ങനെ. “പ്രദേശത്തെ ഓര്‍ഗാനിക് മാര്‍ക്കെറ്റിലാണ് ആദ്യമായി അമ്മ വില്‍പന നടത്തിയത്. നാട്ടുകാരോട് വര്‍ത്തമാനം പറഞ്ഞും ബര്‍ഫി വിറ്റും സന്തോഷമായി വീട്ടിലെത്തിയപ്പോള്‍ കയ്യില്‍ 2,000 രൂപയുണ്ടായിരുന്നു–സ്വന്തമായി സമ്പാദിച്ച പണം!”
അപൂര്‍വ്വമായി മാത്രം വീടിന് പുറത്തിറങ്ങിയിട്ടുള്ള ഹര്‍ഭജനെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യം തന്നെയായിരുന്നു. അന്ന് തിരിച്ച് വീട്ടിലെത്തുമ്പോള്‍ അഭിമാനം കൊണ്ട് ആ മുഖം തിളങ്ങിയിരുന്നു.
“ആ രണ്ടായിരം രൂപ അമ്മയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. സന്തോഷത്തിന്‍റെ കാര്യം പറയുകയും വേണ്ട. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ അമ്മ ഉറപ്പിച്ചു.”
അന്നുമുതല്‍ ബര്‍ഫിയും പലതരം ചട്ണികളും അച്ചാറുകളും ഉണ്ടാക്കി ഹര്‍ഭജന്‍ പത്ത് ദിവസം കൂടുമ്പോള്‍ ജൈവോല്‍പന്ന ചന്തയിലെത്തും. പ്രായം ഇത്രയൊക്കെയായെങ്കിലും ചെയ്യുന്ന ജോലിയില്‍ ഹര്‍ഭജന്‍ വളരെ സന്തുഷ്ടയാണ്.
അധികം വൈകാതെ ഹര്‍ഭജന് പുറത്തുനിന്നും ഓഡറുകളും കിട്ടാന്‍ തുടങ്ങി. ഒരുപാട് ശാരീകബുദ്ധിമുട്ടില്ലാത്ത തരത്തില്‍, പറ്റാവുന്ന ഓഡറുകള്‍ അവര്‍ എടുക്കാറുണ്ട്.
രവീണയും സഹായത്തിനെത്തി. ഹര്‍ഭജന്‍റെ ചെറുമകളും ബ്രാന്‍റിങ്ങിലും പാക്കേജിങ്ങിലുമൊക്കെ സഹായിച്ചു. അവര്‍ നല്ലൊരു പരസ്യവാചകവും കുറിച്ചുവെച്ചു: ‘ബച്പന്‍ യാദ് ആജായേഗി’ (കുട്ടിക്കാലം ഓര്‍ത്തുപോവും!)
“രണ്ട് മാസം മുന്‍പ് എന്‍റെ മകള്‍ വിവാഹിതയായി,” ഹൃദയത്തില്‍ തൊടുന്ന മറ്റൊരനുഭവം രവീണ പങ്കുവെയ്ക്കുന്നു. “വിവാഹ ക്ഷണക്കത്തിനൊപ്പം മധുരമെന്തെങ്കിലും കൊടുത്തയക്കണമെന്ന് മകള്‍ക്ക് ആഗ്രഹം. മാര്‍ക്കെറ്റില്‍ നിന്നും വാങ്ങുന്ന മധുരപലഹാരം കൊടുക്കാന്‍ അവള്‍ക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു.
“അമ്മൂമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ബര്‍ഫി മതിയെന്നായി അവള്‍. എല്ലാവര്‍ക്കും അമ്മയുണ്ടാക്കിയ മധുരമെത്തിയപ്പോള്‍ അത് പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമായിരുന്നു.” കൊച്ചുമകളുടെ വിവാഹത്തിന് 200 കിലോ ബര്‍ഫിയാണ് ഹര്‍ഭജന്‍ ഉണ്ടാക്കിയത്!
സംരംഭത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ രവീണയുടെ ഉത്തരം ഇതായിരുന്നു: “സാമ്പത്തികമായ മെച്ചത്തേക്കാള്‍ അത് അമ്മയിലുണ്ടാക്കിയ മാറ്റമാണ് പ്രധാനമെന്ന് എനിക്ക് തോന്നുന്നു. വളരെ ലജ്ജാലുവായ ഒരു സ്ത്രീ, ഏതെങ്കിലും കൂട്ടത്തില്‍ ഇരിക്കാന്‍ പോലും നാണമുണ്ടായിരുന്ന സ്ത്രീ ഇന്ന് ഇന്‍റെര്‍വ്യൂകള്‍ നല്‍കുന്നു, കസ്റ്റമേഴ്‌സുമായി സംസാരിക്കുന്നു, അവരുടെ ഫീഡ്ബാക്ക് എടുക്കുന്നു…ഇതൊക്കെ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു.”
കുറച്ച് ദിവസങ്ങള്‍ കൂടുമ്പോള്‍ അഞ്ചോ പത്തോ കിലോ ബര്‍ഫി ഹര്‍ഭജന്‍ ഒറ്റയടിക്കങ്ങ് ഉണ്ടാക്കും, അത്രമാത്രം. കച്ചവടം വിപുലപ്പെടുത്താനുള്ള ഉദ്ദേശം ഉണ്ടോ എന്ന ചോദ്യത്തിന് രവീണയുടെ മറുപടി. “വരുന്ന മുറയ്ക്ക് ആലോചിക്കാം…ഇപ്പോള്‍ ഏതായാലും ഞങ്ങള്‍ അമ്മയ്ക്ക കിട്ടുന്ന അഭിനന്ദനങ്ങളും അംഗീകാരങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.”
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 500 കിലോയിലധികം ബര്‍ഫി ഹര്‍ഭജന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു കിലോയ്ക്ക് 850 രൂപയാണ് വില. പലരും ഫോണിലും മറ്റുമായി വലിയ ഓഡറുകള്‍ നല്‍കുന്നതിനാല്‍ കുറച്ചുപേരെ വെച്ച് ഉല്‍പാദനം വിപുലപ്പെടുത്താനുള്ള ആലോചനയും നടക്കുന്നുണ്ട്.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഹര്‍ഭജന്‍ കൗറിനെ വിശേഷിപ്പിച്ചത് ഈ വര്‍ഷത്തെ സംരംഭക എന്നാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനയച്ച ട്വീറ്റില്‍ തനിക്ക് കൗര്‍ തയ്യാറാക്കിയ ബേസണ്‍ ബര്‍ഫി കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു.
94-ാം വയസ്സില്‍ ഹര്‍ഭജന്‍ കൗര്‍ പുതിയ തുടക്കം കുറിക്കുകയാണ്.
*** ***
നിങ്ങള്‍ ചണ്ഡിഗഡില്‍ പോകുന്നുണ്ടെങ്കില്‍, ഹര്‍ഭജന്‍റെ ബര്‍ഫി കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേരെ സെക്ടര്‍ 35-ലെ ഫോര്‍ ഫോക്‌സിലേക്ക് ചെല്ലൂ അതല്ലെങ്കില്‍ സെക്റ്റര്‍ ഏഴിലെ ദാസ്താന്‍. ഓഡര്‍ നല്‍കാന്‍ വിളിക്കാം. 9888419943
ഇതുകൂടി വായിക്കാം: പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.