“എന്‍റെ അപ്പനപ്പാപ്പന്മാരുടെ കാലത്തേ കൃഷിയായിരുന്നു തൊഴില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒക്കെ ഉണ്ടായേപ്പിന്നെ റബ്ബര്‍ ഒക്കെയായിരുന്നു കൃഷി,” കോട്ടയം മാണിക്കുളം സ്വദേശി ഇയ്യോ ഇ കെ പറയുന്നു.
“ഞാനും റബ്ബര്‍ തന്നെയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്,” അദ്ദേഹം ദ് ബെറ്റര്‍ ഇന്ത്യയുമായി കൃഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.
ഇതിനിടയില്‍ ചെറിയ തോതില്‍ പച്ചക്കറി കൃഷിയും. വീട്ടിലേക്കാവശ്യത്തിനുള്ള പച്ചക്കറി മാത്രമാണ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഏറെ തല്‍പരനായ ആ കര്‍ഷകന് ചില വെല്ലുവിളികള്‍ നേരിട്ടത്.
അതിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം പറയുന്നത് മുഴുവനായി കേള്‍ക്കാം:
“ആയിടക്കാണ് റബ്ബറിന്‍റെ മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞത്. റബ്ബര്‍ വെട്ടി പാലെടുത്തു ഷീറ്റ് ഉണ്ടാകുന്ന ചെലവ് കഴിച്ചു ലാഭം നന്നേ കുറവ്. അത് എന്നെപ്പോലെയുള്ള കൃഷിക്കാരെ വല്ലാതെ ബാധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇടകൃഷിയെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. റബ്ബറിന്‍റെ ഇടകൃഷിയായി കൊക്കോയും കാപ്പിയും നട്ടു.
“അത് നല്ലൊരു തുടക്കമായിരുന്നു. കൊക്കോയും കാപ്പിയില്‍ നിന്നുമുള്ള ആദായം റബ്ബര്‍ കൃഷിയിലെ നഷ്ടം നികത്താന്‍ പോന്നതായിരുന്നു. അങ്ങനെ ഒരു സ്ഥലത്തു നിന്നും മൂന്നു തരം വിള ലഭിക്കുന്നതിലൂടെ റബ്ബറിന്‍റെ നഷ്ടം നമുക്ക് തട്ടിക്കൂട്ടാം,” ഇയ്യോച്ചേട്ടന്‍ കാര്‍ഷികപരീക്ഷണ കഥകള്‍ തുടരുന്നു.
കൃഷിയും പ്രകൃതിയും തമ്മില്‍ പിണഞ്ഞു കിടക്കുകയാണെന്നും അവയെ ഒരിക്കലും വേര്‍പെടുത്തരുതെന്നുമാണ് അദ്ദേഹത്തിന്‍റെ തിയറി.
“റബ്ബര്‍ പോലുള്ള കൃഷിക്ക് ജലസേചനം വലിയ പ്രശ്‌നമില്ല. ആഴമണ്ണ് ആയിരിക്കണമെന്ന് മാത്രം.” ആഴമണ്ണ് എന്ന വാക്കിന്‍റെ അര്‍ഥം ഏകദേശം ഊഹിച്ചെടുത്തുവെങ്കിലും കൃഷിയില്‍ അതിന്‍റെ സ്ഥാനം എന്തെന്ന് വ്യക്തമാക്കാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു.
“നമ്മള്‍ ആരും റബ്ബര്‍ മരങ്ങള്‍ നനക്കുന്നത് കണ്ടിട്ടില്ലാലോ. കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ,” ആ മറുചോദ്യത്തില്‍ ഞാന്‍ ലേശം കുഴങ്ങി. അദ്ദേഹം തുടര്‍ന്നു: “കാരണം എന്തെന്നാല്‍ ഭൂമിയിലെ ചെടികളും മരങ്ങളും നമ്മള്‍ കൊടുക്കുന്ന വെള്ളത്തെ മാത്രം ആശ്രയിച്ചല്ല ജീവിക്കുന്നത്. ഓരോ മരത്തിനും ഭൂഗര്‍ഭ ജലത്തില്‍ നിന്നും ഭൂമി വെള്ളംഎത്തിച്ചു കൊടുക്കും. അതിനു ആഴമണ്ണ് ഉള്ള ഇടത്തു മരം നടണം എന്ന് മാത്രം. അതായത് ഉപരിതലത്തില്‍ നിന്നും അഞ്ചു അടിയോളം താഴ്ചയിലെങ്കിലും മണ്ണ് ഉണ്ടായിരിക്കണം. പാറ ഒന്നും ഒരു തടസ്സമായി വരരുത് എന്ന് സാരം.
“റബ്ബറും കാപ്പിയും കൊക്കോയും ഒക്കെയാണ് എന്‍റെ പ്രധാന കൃഷിയെങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്ക് പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. പുറത്തേക്ക് കൊടുക്കാന്‍ മാത്രം ഒന്നുമില്ല കേട്ടോ. വിഷമില്ലാത്ത പച്ചക്കറി കഴിക്കാലൊന്ന് കരുതി ചാക്കിലാണ് ആദ്യം പച്ചക്കറി നട്ടുനനച്ചു വളര്‍ത്തിയത്. എന്നാല്‍ കാലക്രമേണ വെയിലും മഴയും ഒക്കെ കൊണ്ട് ചാക്ക് പൊടിഞ്ഞു പോകാന്‍ തുടങ്ങി. തുടര്‍ന്ന് മണ്ണ് ഭൂമിയിലേക്ക് ഇഴുകി ചേര്‍ന്ന് അണുക്കള്‍ തൈകളെ നശിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പുതിയ മാര്‍ഗം തേടിയത്.”
പെട്ടെന്ന് ദ്രവിക്കാത്ത ഗ്രോബാഗ് ഉണ്ടാക്കാനായി ഇയ്യോയുടെ ശ്രമം.
“അങ്ങനെ സില്‍പോളിന്‍ ഷീറ്റ് കൊണ്ട് ഗ്രോ ബാഗ് ഉണ്ടാക്കി നോക്കി. ഫാക്ടറിയില്‍ പറഞ്ഞു കൊടുത്തു പ്രത്യേകം തയ്യാറാക്കിയ ഗ്രോബാഗില്‍ കൃഷി വമ്പിച്ച വിജയമായിരുന്നു,” അദ്ദേഹം പറഞ്ഞു.
സാധാരണ ഗ്രോബാഗ് അല്ല അദ്ദേഹം തയ്യാറാക്കിയത്. രണ്ടരയടി നീളവും ഒന്നരയടി വീതിയും എട്ടു ഇഞ്ചു ഉയരവുമുള്ള ഗ്രോബാഗാണിത്.
“സാധാരണ ഗ്രോ ബാഗില്‍ മണ്ണും മറ്റു ധാതുക്കളും വളരെ നിശ്ചിത അളവില്‍ മാത്രമേ കിട്ടുകയുള്ളു. മാത്രമല്ല ആവശ്യത്തിന് വലിപ്പമില്ലാത്തതിനാല്‍ വള പ്രയോഗങ്ങളും ഒരു പരിധി വരെയേ ചെയ്യാന്‍ കഴിയൂ. ഇത് ചെടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതില്‍ വലിയ തടസമായി മാറുന്നു,” ഇയ്യോച്ചേട്ടന്‍ വിശദമാക്കുന്നു.
“ഗ്രോബാഗിന്‍റെ വശങ്ങളില്‍ നിലത്തുനിന്നും നാല് ഇഞ്ച് ഉയരത്തിലാണ് ദ്വാരങ്ങള്‍ നല്‍കിയിട്ടുണ്ട്. വെള്ളം പുറത്തേക്ക് പോകാനാണിത്. അതുമൂലം ഗ്രോബാഗിലെ മണ്ണിന്‍റെ നാലിഞ്ചു ഉയരം വരെ ഈര്‍പ്പം നഷ്ടപ്പെടില്ല. മാത്രമല്ല വെയിലേറ്റ് മേല്‍മണ്ണിലെ ഈര്‍പ്പം കുറയുന്നതിനനുസരിച്ചു താഴെ നിന്നും വെള്ളം മേല്‍മണ്ണിലേക്ക് എത്തിക്കൊണ്ടേയിരിക്കും.
“ഗ്രോബാഗിന്‍റെ വായ ഭാഗത്തു രണ്ടു സില്‍പോളിന്‍ പാളികള്‍ ഉണ്ട്. അവ മേല്‍മണ്ണ് ഭദ്രമായി മൂടിവെക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് മൂലം മേല്‍മണ്ണിലെ ഈര്‍പ്പം പെട്ടെന്ന് ബാഷ്പീകരിച്ചു പോകില്ല. കള ശല്യം ഒഴിവാക്കാം. മാത്രമല്ല, മഴ വെള്ളം നേരിട്ട് മണ്ണില്‍ പതിച്ചു മണ്ണ് ഉറച്ചു പോകാതെയും സൂക്ഷിക്കാം. മണ്ണ് ഇളകി കിടന്നാല്‍ മാത്രമേ വേരുകള്‍ക്ക് സ്വതന്ത്രമായി വളരാന്‍ കഴിയൂ,” ഗ്രോബാഗിന്‍റെ ഗുണങ്ങളെപ്പറ്റി അദ്ദേഹം ആവേശത്തോടെ സംസാരിച്ചു.
“കുറച്ചു വെള്ളം കൊണ്ട് കൂടിയ അളവില്‍ ജൈവ മിശ്രിതം തായ്യാറാക്കി ഉപയോഗിക്കുന്നത് വഴി ചെടികള്‍ നന്നായി വളരുന്നു. വര്‍ഷങ്ങളോളം കൃഷി ചെയ്യത്തക്ക രീതിയില്‍ രൂപകല്‍പന ചെയ്തതാണ് ഈ ബാഗ്. ബാഗിന്‍റെ പുറം ചുക്കിച്ചുളിഞ്ഞിരിക്കുന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്ക് എല്ലാ ഭാഗത്തേക്കും എത്തി വളര്‍ച്ചക്ക് സഹായിക്കുന്നു. വെള്ളം കുറയുന്നതിനനുസരിച്ചു മുകളിലേക്ക് വെള്ളം എത്തുന്നത് ‘ക്യാപിലറി ആക്ഷന്‍’ വഴിയാണ്,” അദ്ദേഹം വിശദീകരിച്ചു.
“ചെടികള്‍ക്ക് നേരിട്ട് വെള്ളം ഒഴിക്കുന്നതിനു പകരം രണ്ടു പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ചു അതിന്‍റെ വായഭാഗം ഗ്രോബാഗിന്‍റെ മേല്‍പാളിയില്‍ നല്‍കിയിട്ടുള്ള ദ്വാരത്തിലേക്ക് ചേര്‍ത്ത് മണ്ണിലേക്ക് പൂഴ്ത്തി വെക്കുന്നു. അത് വഴി മണ്ണിലേക്ക് ആവശ്യാനുസരണം വെള്ളം ഇറങ്ങി ചെല്ലും. പകരം മണ്ണിലെ വായു കുപ്പിയിലേക്ക് തിരിച്ചു കയറുകയും ചെയ്യും.
“ചെടിക്കാവശ്യമായ സൂര്യപ്രകാശം കൂടി ലഭിച്ചാല്‍ എല്ലാം ശുഭം. ബാഗിലെ മിശ്രിതം തലയണ പോലെ പരന്നു കിടക്കുന്നതിനാല്‍ ചെടിക്ക് വേണ്ടപോലെ വേര് പടര്‍ത്തി വളരാം. വേണമെങ്കില്‍ കൊതുക് വലയിട്ട് പ്രാണികളെ തടയാം. മാത്രമല്ല, കടുത്ത വേനലില്‍ നിന്നും ഗ്രീന്‍ നെറ്റിട്ട് സംരക്ഷണം കൂടി നല്‍കാവുന്നതാണ്. ഈ രീതിയില്‍ എല്ലാവര്ക്കും ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉല്‍പാദിപ്പിക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിയിലെ പരിമിതികള്‍ കണ്ടെത്തി അതിനുള്ള പരിഹാരം പരീക്ഷിച്ചു മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ എഴുപത്തഞ്ചുകാരനായ ഇയ്യോച്ചേട്ടന് എന്നും ആവേശമാണ്. വീട്ടാവശ്യങ്ങള്‍ക്ക് മാത്രം പച്ചക്കറി നട്ടാണ് അദ്ദേഹം ഓരോന്നും പരീക്ഷിച്ചു നോക്കുന്നത്. സ്ഥലമില്ല വെള്ളമില്ല എന്ന പരാതി കൊണ്ട് ആരും ഇനി കൃഷിയില്‍ നിന്നും മാറിനില്‍ക്കരുത് എന്ന് അദ്ദേഹം പറയുന്നു. അതിനെല്ലാം ഉള്ള പരിഹാരമാണ് ഇയ്യോച്ചേട്ടന്‍റെ സ്‌പെഷ്യല്‍ ഗ്രോബാഗ്.
അടുത്തതായി സ്ഥലപരിമിതിയുള്ളവര്‍ക്ക് വാഴക്കൃഷി ചെയ്യാനും ചില ടിപ്‌സും ഇയ്യോച്ചേട്ടന്‍ നല്‍കുന്നു.
ഇതുകൂടി വായിക്കാം: ഈ താല്‍കാലിക ബസ് ഡ്രൈവര്‍ രക്ഷിക്കുന്നത് ഒരുപാട് മീന്‍പിടുത്തക്കാരെ
“സ്ഥലമില്ലാത്തവര്‍ക്ക് ഒരു വാഴത്തടത്തില്‍ നിന്നും നാല് വാഴക്കുല കുലക്കാനുള്ള നുറുങ്ങു വിദ്യ ആണിത്. അതായത് ഒരു വെടിക്ക് രണ്ടല്ല മൂന്നല്ല നാല് പക്ഷി,” ഇയ്യോച്ചേട്ടന്‍ പൊട്ടിച്ചിരിക്കുന്നു.
“ഒരു തടം എടുക്കുക. നല്ല വീതിയില്‍ ആയിക്കോട്ടെ. നാല് വാഴക്കന്ന് വെക്കാനുള്ള വീതിയും വലിപ്പവും ഉള്ള കുഴി ആയിരിക്കണം. അതിലേക്ക് നാല് കന്നു ചേര്‍ത്ത് നടുക. ഓരോന്നിന്‍റെയും കൂമ്പ് നാല് മൂലകളെ അഭിമുഖീകരിച്ചു ആയിരിക്കണം വെക്കേണ്ടത്. വലുതാകുമ്പോള്‍ കുലക്കുന്ന വാഴക്കുലകള്‍ നാല് മൂലകളിലേക്കായി വശം തിരിഞ്ഞു വരാനാണ് അത്. കന്നു നടുമ്പോള്‍ മൂന്നു തട്ടായി മണ്ണിടണം. ആദ്യം മണ്ണിട്ട് ചാണകപൊടി തൂകണം. പിന്നീട് മണ്ണിട്ട് പുത ഇടണം. പുത എന്നാല്‍ ഉണക്ക ഇലകള്‍ ഒക്കെ. ഓരോ തട്ടിലും വെള്ളമൊഴിച്ചു കൊടുക്കാന്‍ മറക്കരുത്,” ഇയ്യോച്ചേട്ടന്‍ വളരെ വ്യക്തമായി പറഞ്ഞു.
“ഈ രീതിയില്‍ നട്ടതിന് ശേഷം ആഴ്ചയിലൊരിക്കല്‍ വെള്ളമൊഴിച്ചാല്‍ മതി. എല്ലാ ദിവസവും വെള്ളമൊഴിക്കേണ്ട കാര്യമില്ല. നമ്മള്‍ നല്‍കുന്ന വെള്ളത്തെ ആശ്രയിച്ചല്ല മറിച്ചു പ്രകൃതിയെ ആശ്രയിച്ചു വേണം അവ വളരാന്‍. നമ്മുടെ മേല്‍നോട്ടം ഉണ്ടാകണമെന്ന് മാത്രം. കഠിനമായ വെയിലത്തു ഇടക്ക് വെള്ളം തളിക്കാം,” അത്രയേ വേണ്ടു എന്ന് ഇയ്യോച്ചേട്ടന്‍.
ചാണകത്തിനായി അദ്ദേഹം പശുക്കളെ വളര്‍ത്തുന്നുണ്ട്. നാടന്‍ പശുവിന്‍ പാലും കിട്ടും. ചാണകവും തൊഴുത് കഴുകുന്ന വെള്ളവും ബയോഗ്യാസ് ടാങ്കിലേക്കെത്തിക്കുന്നു. അതില്‍ നിന്നുള്ള സ്ലറി കോരി പറമ്പിലേക്ക് ഒഴിക്കും.
നാടന്‍ പാലും പച്ചക്കറിയും മാത്രമല്ല നല്ല നാടന്‍ മുട്ടയും ഇറച്ചിയും കിട്ടാന്‍ കോഴികളെയും ഇയ്യോച്ചേട്ടന്‍ വളര്‍ത്തുന്നുണ്ട്.
“കോഴി വളര്‍ത്തല്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. ജൈവമാര്‍ഗത്തില്‍ വളര്‍ത്തിയെടുക്കുന്ന കോഴികളുടെ ഇറച്ചിയും മുട്ടയും നമുക്ക് ഏറെ ഗുണം ചെയ്യും. ഈ കോഴികളെ വിരിയിപ്പിച്ചു കഴിഞ്ഞാല്‍ കൂട്ടിലിട്ട് വളര്‍ത്തും. പകല്‍ സമയം പുറത്തു വിടില്ല. കാരണം കൃഷിസ്ഥലത്തു ചിക്കി ചികഞ്ഞു വിത്തൊക്കെ നശിപ്പിക്കും. അതുകൊണ്ട് വൈകുന്നേരം നാല് മണിക്കാണ് കൂട് തുറന്നു വിടുക. അപ്പോള്‍ അവ നേരം മോന്തിയാകുന്നതിനു മുന്നേ കണ്ണില്‍ കാണുന്ന പ്രാണികളെയും മറ്റും ഓടി നടന്നു കൊത്തി തിന്നും. പ്രാണികള്‍ വൈകുന്നേരങ്ങളിലാണ് അധികമുണ്ടാവുക. അപ്പോള്‍ വിളകള്‍ നശിപ്പിക്കുന്ന പ്രാണികളെ തുരത്തുകയും ചെയ്യും, കോഴികളുടെ വയര്‍ നിറയുകയും ചെയ്യും.” ഒരു കാര്യം ചെയ്യുമ്പോള്‍ പലവഴിക്കും നേട്ടമുണ്ടാകുന്ന തരത്തിലാണ് ഇയ്യോച്ചേട്ടന്‍റെ പ്ലാനിങ്ങ്.
കാര്യങ്ങള്‍ വിശദീകരിച്ചു താരനുള്ള ഇയ്യോച്ചേട്ടന്‍റെ വൈഭവം കണ്ടപ്പോള്‍ വിദ്യാഭ്യാസത്തെ കുറിച്ചായി എന്‍റെ അടുത്ത ചോദ്യം.
“പഠിക്കാനൊക്കെ നല്ല ഇഷ്ടവായിരുന്നു. ‘ഹിന്ദി വിദ്വാന്‍’ ആണ് പഠിച്ചത്. അന്നത്തെ കാലത്തു വിദ്വാന്‍ പഠിച്ചു കഴിഞ്ഞാല്‍ സ്‌കൂളില്‍ ജോലി കിട്ടും. പാര്‍ട്ട് ടൈം ജോലിക്ക് 64 രൂപയും അല്ലാത്തതിന് 128 രൂപയുമായിരുന്നു കൂലി. പക്ഷെ അപ്പാപ്പന്മാരുടെ കൃഷി തന്നെ പിന്തുടരാനായിരുന്നു എനിക്കിഷ്ടം. അങ്ങനെ വേറെ ജോലിക്ക് പോകാതെ നേരെ കൃഷിയിലേക്കിറങ്ങുകയായിരുന്നു.
“അപ്പന്‍ പാപ്പച്ചന്‍ മരിച്ചു. പണ്ടത്തെ വീടിനു ഓല മേഞ്ഞപ്പോ മുകളില്‍ നിന്നും മറിഞ്ഞു വീണാണ് മരിച്ചത്. അമ്മ ഏലിക്കുട്ടി ഞങ്ങളോടൊപ്പം ഉണ്ട്. ഭാര്യ ഏതമ്മ എന്‍റെ എല്ലാം എല്ലാമായി കൂടെ ഉണ്ട്. രണ്ടു പെണ്മക്കള്‍ ഉണ്ട്. അതുങ്ങളെ കെട്ടിച്ചുവിട്ടു. ഇപ്പോള്‍ ഞങ്ങള്‍ കുറച്ചു പഴമക്കാര്‍ മാത്രമുണ്ട് വീട്ടില്‍,” മാണിക്കുളം നിവാസികളുടെ ഇയ്യോച്ചന്‍ ഗൗരവമൊളിപ്പിച്ചു ചിരിക്കാന്‍ ശ്രമിച്ചു.
തന്‍റെ കൃഷി സംബന്ധമായ പരീക്ഷണ കഥകള്‍ പുസ്തകമായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇയ്യോച്ചേട്ടന്‍ ഇപ്പോള്‍.
“എന്‍റെ ഓരോ പരീക്ഷണങ്ങളും അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ്. അവരുടെ വിയര്‍പ്പിന് ഫലമുണ്ടാകാനാണ്. അതുകൊണ്ട് എന്‍റെ അനുഭവങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ഉള്ള പണിപ്പുരയിലാണിപ്പോള്‍. പുസ്തകമാക്കിയാല്‍ അതൊരു രേഖയാകുമല്ലോ. നമ്മുടെ കാലശേഷവും ആളുകളിലേക്ക് എത്തുമല്ലോ. കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റി കൃഷി എങ്ങനെ ആദായമുള്ളതാക്കി മാറ്റാം എന്നാണ് പുസ്തകത്തിലെ ഉള്ളടക്കം,” അദ്ദേഹം പറഞ്ഞു.
പുസ്തകത്തിനിടാന്‍ പേര് വല്ലതും നിശ്ചയിച്ചിട്ടുണ്ടോ എന്നായി ഞാന്‍.
“ഉണ്ടല്ലോ. ‘കിതയ്ക്കുന്ന കര്‍ഷകന് ആശ്വാസമായി ജൈവകൃഷി രീതികള്‍’. പേര് അല്പം നീണ്ടതാണെന്ന് അറിയാം. പക്ഷെ അത് മതി എന്ന് എനിക്കങ്ങ് തോന്നി,” അദ്ദേഹം പുഞ്ചിരിച്ചു.
***
ഫോട്ടോകള്‍ക്ക് കടപ്പാട്: ഇയ്യോ ഇ. കെ. ഫോണ്‍: 8606768650
ഇതുകൂടി വായിക്കാം: ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെhgയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.