പപ്പടപ്രേമികളെ നിങ്ങള്‍ക്കറിയുമോ തക്കാളി പപ്പടത്തെക്കുറിച്ച്? ബീറ്റ്റൂട്ട് പപ്പടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ഇതുമാത്രമല്ല കാരറ്റും ഉള്ളിയുമൊക്കെ ഉപയോഗിച്ച് നല്ല അടിപൊളി പപ്പടമുണ്ടാക്കുന്ന നിലമ്പൂരുകാരന്‍.
സ്വന്തം പച്ചക്കറി തോട്ടത്തില്‍ വിളയുന്ന ബീറ്റ്റൂട്ടും തക്കാളിയും മത്തനും പടവലവുമൊക്കെ കൊണ്ടു പപ്പടമുണ്ടാക്കി വില്‍ക്കുകയാണ് നാഗേശ്വരന്‍.
ഒന്നോ രണ്ടോ അല്ല 51 വെറൈറ്റി പപ്പടങ്ങള്‍. പച്ചയും ചുവപ്പും വയലറ്റും…അങ്ങനെ പല നിറങ്ങളിലായി പലതരം പച്ചക്കറി പപ്പടങ്ങള്‍. അതുണ്ടാക്കാന്‍ പഠിപ്പിച്ചും കൊടുക്കുന്നുണ്ട് ഇദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തഞ്ചാവൂരില്‍ നിന്ന് നിലമ്പൂരിലേക്കെത്തിയവരുടെ പിന്‍മുറക്കാരനാണ് നാഗേശ്വരന്‍. നിലമ്പൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ പുളിയ്ക്കലോടിയിലാണ് അദ്ദേഹത്തിന്‍റെ വീടും കൃഷിയുമൊക്കെ.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com
രണ്ടേക്കറില്‍ നെല്ലും പച്ചക്കറിയും തെങ്ങുമൊക്കെയുണ്ട്. 25 വര്‍ഷം നീണ്ട അധ്യാപന ജീവിതം അവസാനിപ്പിച്ചാണ് ഇദ്ദേഹം കൃഷിയില്‍ സജീവമാകുന്നത്.
“വര്‍ഷങ്ങള്‍ക്ക് തഞ്ചാവൂരില്‍ നിന്നു നിലമ്പൂരിലേക്കെത്തിയവരാണ് അപ്പൂപ്പനൊക്കെ,” നാഗേശ്വരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. നാരായണ സ്വാമി അയ്യര്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. നിലമ്പൂരിലെ ആദ്യ സ്കൂളായ എ യു എല്‍ പി ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേഹം.
“നിലമ്പൂരിന്‍റെ ആദ്യ ഹെഡ്‍മാസ്റ്റര്‍. അന്നവര്‍ക്ക് നിലമ്പൂര്‍ കോവിലകത്ത് നിന്നു 15 ഏക്കര്‍ ഭൂമി കൊടുത്തിരുന്നു. കോവിലകത്തിന്‍റെ ഇഷ്ടദാനമായിരുന്നു ആ ഭൂമി. കൃഷി ചെയ്യാനാണ് ഭൂമി നല്‍കിയത്.
“അങ്ങനെയൊരു കാര്‍ഷിക പാരമ്പര്യവുമുണ്ട് ഞങ്ങള്‍ക്ക്. പൂര്‍വികര്‍ തഞ്ചാവൂരുകാരാണെങ്കിലും ഞാന്‍ ജനിച്ചു വളര്‍ന്ന നാട് നിലമ്പൂരാണ്. പ്രീഡിഗ്രി വരെ പഠിച്ചതും ഇവിടെത്തന്നെ. എറണാകുളത്ത് നിന്നാണ് ഐടിഐ പൂര്‍ത്തിയാക്കിയത്.
“ഇതിനു ശേഷമാണ് മദ്രാസിലേക്ക് പോകുന്നത്, ഐടിഐ കഴിഞ്ഞവര്‍ക്കുള്ള സിടിഐ ട്രെയ്നിങ് കോഴ്സ് പഠിക്കാന്‍. തിരിച്ചുവന്നതിന് ശേഷം കുറച്ചു ജോലികളൊക്കെ ചെയ്തു. പിന്നീട് ഒരു കോളെജ് ആരംഭിച്ചു.
“ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു, നിലമ്പൂരില്‍ തന്നെ. അധ്യാപനവും കൃഷിയുമാണ് എനിക്കേറ്റവും ഇഷ്ടം. അപ്പൂപ്പനും കൃഷിയും അധ്യാപനവുമായിരുന്നു പ്രിയപ്പെട്ടത്.
“അദ്ദേഹമാണെന്‍റെ വഴികാട്ടി. സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതും അധ്യാപനത്തോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ്. സര്‍ക്കാരിന്‍റെ അംഗീകാരമുള്ള കെജിടിഇ സെന്‍ററായിരുന്നു. ഇവിടെ ഏതാണ്ട് 5000-ത്തോളം കുട്ടികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
25 വര്‍ഷത്തിന് ശേഷം 2002-ല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് നാഗേശ്വരന്‍ കൃഷിയില്‍ സജീവമാകുന്നത്.
കുടുംബസ്വത്തായ 15 ഏക്കറില്‍ ഇന്നും കൃഷിയുണ്ട്. അതിന് പുറമെ രണ്ടേക്കര്‍ സ്ഥലം നാഗേശ്വര്‍ വാങ്ങി. അതിലാണ് അദ്ദേഹത്തിന്‍റെ കൃഷി അധികവും.
“നെല്ല്, പച്ചക്കറികള്‍, വാഴകള്‍, തെങ്ങ്, കിഴങ്ങുകള്‍ ഇതൊക്കെയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പൂര്‍ണമായും ജൈവകൃഷിയാണ് ഇവിടെ. ജൈവവളങ്ങളും ഇവിടെയുണ്ടാക്കുന്നതാണ്.”
മൂന്നു പശുക്കളുണ്ട്. വളത്തിനുള്ള ചാണകം അങ്ങനെ കിട്ടുന്നു. മണ്ണിര കംപോസ്റ്റ്, ജീവാമൃതം, പഞ്ചഗവ്യം പോലുള്ള വളങ്ങള്‍ സ്വന്തമായി ഉണ്ടാക്കുന്നു.
പപ്പടങ്ങളുണ്ടാക്കാന്‍ തുടങ്ങുന്നത് എങ്ങനെയാണെന്നു പറഞ്ഞില്ലല്ലോ എന്നു ചോദിച്ചതും അദ്ദേഹം തമിഴ്നാട്-കര്‍ണ്ണാടക-കേരള ബന്ധങ്ങളുള്ള സ്വന്തം കുടുംബത്തെക്കുറിച്ച് പറയാന്‍ തുടങ്ങി.
” ഭാര്യ ധനലക്ഷ്മി കര്‍ണ്ണാടകകാരിയാണ്. ഞങ്ങള് രണ്ടാളുടെയും വീടുകളിലെ പതിവുരുചികളാണ് പപ്പടങ്ങളും ചമ്മന്തിപ്പൊടിയുമൊക്കെ. പഴം-പച്ചക്കറി പപ്പടങ്ങള്‍, പലതരം അച്ചാറുകള്‍, വ്യത്യസ്തതരം ചമ്മന്തിപ്പൊടികള്‍, കൊണ്ടാട്ടങ്ങള്‍ ഇതൊക്കെ ഞങ്ങള്‍ക്കുണ്ടാക്കാന്‍ പണ്ടേ അറിയാം. പക്ഷേ ഇങ്ങനെയൊരു വിപണിയിലേക്കെത്തിയിട്ട് കുറേക്കാലമായിട്ടില്ല.
“ഈ വെറൈറ്റി പപ്പടങ്ങളും ചമ്മന്തിപ്പൊടിയുമൊക്കെ കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്നതിനു വലിയ സ്വീകരണമാണ് ലഭിച്ചത്. അങ്ങനെ വീട്ടുമുറ്റത്തെ കൃഷിത്തോട്ടത്തിലെ പച്ചക്കറിയും പഴങ്ങളുമൊക്കെ ഉപയോഗിച്ച് പപ്പടങ്ങളുണ്ടാക്കി തുടങ്ങി.
“തോട്ടത്തില്‍ നിന്ന് ഒരു കിലോ തക്കാളി വിറ്റാല്‍ അഞ്ചോ ആറോ രൂപ കിട്ടിയേക്കാം. എന്നാല്‍ ആ തക്കാളി കൊണ്ടു പപ്പടമുണ്ടാക്കി വിറ്റാലോ, നല്ല വില കിട്ടും. അപ്പോ പിന്നെ അതല്ലേ ലാഭം.
“പൈനാപ്പിള്‍ പഴുത്താല്‍ കുറേ ദിവസം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ അതു പപ്പടമാക്കിയാലോ? കുറേ പൈനാപ്പിളുണ്ടെങ്കില്‍ കേടാകാതെ ഉപയോഗിക്കാന്‍ പപ്പടമുണ്ടാക്കിയാല്‍ മതി.
“തക്കാളി മാത്രമല്ല എല്ലാ പച്ചക്കറികളുടെ കാര്യം ഇങ്ങനെ തന്നെയാണ്. 20-25 രൂപ കിട്ടുന്ന വെണ്ടയ്ക്കയിലേക്ക് അരിപ്പൊടി കൂടി ചേര്‍ത്ത് പപ്പടം ഉണ്ടാക്കി വിറ്റാല്‍ 250 രൂപ കിട്ടും.
“10 വ്യത്യസ്ത ഇനം പപ്പടങ്ങള്‍ എന്നും വീട്ടിലുണ്ടാകും. മത്തന്‍, കുമ്പളം, തക്കാളി, ബീറ്റ്റൂട്ട്, കാരറ്റ്, ഉള്ളി, പുതിന, കറിവേപ്പില, മല്ലിച്ചപ്പ് പപ്പടങ്ങള്‍ എന്നും ഉണ്ടാകും.”
ഇക്കൂട്ടത്തില്‍ ഉള്ളിയും കാരറ്റും മാത്രമേ പുറമേ നിന്നു വാങ്ങേണ്ടി വരുന്നുള്ളൂ. ബാക്കിയെല്ലാ പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഈ പച്ചക്കറി പപ്പടങ്ങളിലൊന്നും കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നില്ല. പച്ചക്കറികളും അരിപ്പൊടിയും ചേര്‍ത്താണ് പപ്പടമുണ്ടാക്കുന്നത്.
“സാധാരണ പപ്പടമുണ്ടാക്കുമ്പോ കാരം ചേര്‍ക്കും. അതൊന്നും ശരീരത്തിന് നല്ലതല്ല. ഞങ്ങളിവിടെയുണ്ടാക്കുന്ന പപ്പടത്തില്‍ കാരമൊന്നും ചേര്‍ക്കുന്നില്ല,” അദ്ദേഹം വിശദമാക്കുന്നു.
ചക്കയും വെറുതെ കളയാറില്ല. സീസണാവുമ്പോള്‍ ചക്ക കൊണ്ടുള്ള പപ്പടം, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി ഇതൊക്കെ ഉണ്ടാക്കി വില്‍ക്കുന്നത്.
ചക്കപ്പഴം കൊണ്ടു മാത്രമല്ല പച്ചച്ചക്ക കൊണ്ടും പപ്പടമുണ്ടാക്കും.
പലതരം ചമ്മന്തിപ്പൊടികളും നാഗേശ്വരനും ധനലക്ഷ്മിയും കൂടിയുണ്ടാക്കുന്നുണ്ട്. 80 തെങ്ങുകളുണ്ട് ഇവര്‍ക്ക്. ഇതിലെ തേങ്ങകള്‍ ആട്ടുന്നതും ഇദ്ദേഹം തന്നെയാണ്. ഇതിന്‍റെ കൊപ്ര ഉപയോഗിച്ച് പത്ത് തരം ചമ്മന്തിപ്പൊടികളുണ്ടാക്കുന്നുണ്ട്.
ദോശയ്ക്കും ഇഡ്ഡലിക്കും ചോറിനുമൊക്കെ ഒപ്പം കൂട്ടി കഴിക്കാവുന്ന നല്ല ഉഗ്രന്‍ ചമ്മന്തിപ്പൊടികളും പപ്പടത്തിനൊപ്പം നാഗേശ്വരന്‍റെ വീട്ടില്‍ വന്നാല്‍ കിട്ടും.
ഇതുകൂടി വായിക്കാം: ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു
ഒടിച്ചുകുത്തി നാരകത്തിന്‍റെ ഇലയും കറിവേപ്പിലയും പൊടിച്ചെടുത്ത ശേഷം, ഇതിലേക്ക് ഉപ്പും മുളകുമൊക്കെയിട്ട് ഉരലില്‍ ഇടിച്ചെടുത്തുണ്ടാക്കുന്ന വേപ്പിലക്കട്ടിക്കും ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറയുന്നു.
താല്‍പര്യമുള്ളവര്‍ക്ക് ഇതൊക്കെ ഉണ്ടാക്കാന്‍ പഠിപ്പിച്ചുകൊടുക്കുന്നതും നാഗേശ്വരനും ധനലക്ഷ്മിയും ചേര്‍ന്നാണ്. “പരിശീലനക്ലാസിന് പോകും മുന്‍പ് പപ്പടവും ചമ്മന്തിപ്പൊടിയുമൊക്കെ ഉണ്ടാക്കികൊണ്ടു പോകും”
പച്ചക്കറി പപ്പടോം ചമ്മന്തിപ്പൊടികളും അച്ചാറുമൊക്കെയുണ്ടാക്കി ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊടുക്കും. ഇതൊക്കെ കഴിച്ചാല്‍ അല്ലേ അവര്‍ക്ക് അതുണ്ടാക്കാനും തോന്നൂ.
“എങ്ങനെയുണ്ടാക്കണമെന്നു മാത്രമല്ല പഠിപ്പിക്കുന്നത്. പപ്പടം യൂനിറ്റോ ചമ്മന്തിപ്പൊടികളുണ്ടാക്കി വില്‍ക്കാനോ വേണ്ട കാര്യങ്ങളും പറഞ്ഞു കൊടുക്കും. ഇതിനൊക്കെ എന്ത് ചെലവ് വരും എന്നതിനെക്കുറിച്ചൊരു ഐഡിയ ക്ലാസില്‍ അവര്‍ക്ക് നല്‍കും.
“ആവിയില്‍ വേവിക്കാനുള്ള ചെമ്പും അനുബന്ധസൗകര്യങ്ങളുമുണ്ടായാല്‍ മതി, പപ്പടം ആര്‍ക്കും ഉണ്ടാക്കാം. ഞങ്ങള് വീട്ടില്‍ തന്നെയാണ് ഇതൊക്കെയുണ്ടാക്കുന്നത്. പ്രത്യേകം യൂനിറ്റ് ഒന്നും ആരംഭിച്ചിട്ടില്ല.”
വീട്ടില്‍ തന്നെയാണ് വില്‍പ്പനയും. പത്ത് പപ്പടത്തിന് 20 രൂപയാണ് വില. തക്കാളി പപ്പടം ആയാലും മത്തന്‍ പപ്പടമായാലും വില വ്യത്യാസമൊന്നുമില്ല. പതിവായി വീട്ടില്‍ വന്നുവാങ്ങുന്നവര്‍ കുറേയുണ്ട്. അതുകൊണ്ട് കടയില്‍ കൊടുത്ത് വില്‍ക്കേണ്ട ആവശ്യവും വരുന്നില്ല.
കൃഷിയെക്കുറിച്ചും ക്ലാസ്സുകളെടുക്കാന്‍ ഈ മുന്‍ അധ്യാപകന് വലിയ ആവേശമാണ്. കൃഷി ഭവനുകളിലും സ്കൂള്‍-കോളെജുകളിലുമൊക്കെ ക്ലാസെടുക്കാറുണ്ട്. ചെറിയൊരു നഴ്സറിയും അവര്‍ക്കുണ്ട്.
“വിത്ത് മുളപ്പിച്ച് തൈയാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.
ജൈവവളമുണ്ടാക്കി കൊടുക്കുന്നതിനൊപ്പം അതുണ്ടാക്കാനുള്ള പരിശീലന ക്ലാസുകളും നല്‍കുന്നുണ്ട്.
“650 വീടുകളില്‍ വെര്‍മി കംപോസ്റ്റ് യൂനിറ്റ് സ്ഥാപിക്കാനും സഹായിച്ചിരുന്നു. പ്രദര്‍ശനത്തോട്ടവും പറമ്പിലുണ്ട്. കുറഞ്ഞ അളവിലാണെങ്കിലും എല്ലാത്തരം കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്.
“കടലയും പരിപ്പുമൊക്കെയുണ്ട്. എല്ലാത്തരം കൃഷി ചെയ്യാന്‍ സാധിക്കുമെന്നു മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ഈ പ്രദര്‍ശനത്തോട്ടത്തിലൂടെ.
“നെല്‍കൃഷി പൂര്‍ണമായും യന്ത്രങ്ങളുടെ സഹായത്തിലാണ് ചെയ്യുന്നത്. ജീരകശാലയാണിപ്പോള്‍ കൃഷി ചെയ്യുന്നത്. തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. പക്ഷേ ഇപ്പോ എല്ലാം യന്ത്രങ്ങളുപയോഗിച്ചാണ് ചെയ്യുന്നത്.
“വിത്തിടാനുള്ള ഡ്രം സീഡര്‍, നെല്ല് നടാനുള്ള ട്രാന്‍സ്പ്ലാന്‍റര്‍, കള പറിക്കാന്‍ കോണോ വീഡര്‍, കൊയ്യാനുള്ള ബ്രഷ് കട്ടര്‍, നെല്ല് മെതിക്കാന്‍, പുഴുങ്ങുന്നതിന്, നെല്ല് കുത്തുന്നതിനുമെല്ലാമുള്ള യന്ത്രങ്ങളുണ്ട് ഇവിടെ.
“കൃഷിക്കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ക്കിടെയാണ് ഈ യന്ത്രങ്ങളൊക്കെ കാണുന്നത്. അഗ്രികള്‍ച്ചറല്‍ ഡവലപ്പ്മെന്‍റിന് വേണ്ടി, നാഗ്പൂര്‍, പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റികളില്‍ പോയിട്ടുണ്ട്, സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഈ യാത്രകള്‍.
“അവിടെ പോയി, അവിടുള്ള കര്‍ഷകരുമായി സംസാരിക്കും. അങ്ങനെയാണ് യന്ത്രങ്ങളെക്കുറിച്ച് അറിയുന്നത്. യന്ത്രങ്ങള്‍ നമുക്ക് യോജിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയെടുക്കുകയായിരുന്നു.
“ബെംഗളൂരുവില്‍ എന്‍ജിനീയറായ ധനേഷാണ് മകന്‍.” പത്ത് വര്‍ഷം കഴിഞ്ഞ് മകനും കൃഷിയിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും നാഗേശ്വരന്‍ പറയുന്നു.
ഇതുകൂടി വായിക്കാം:കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.