സ്വാതന്ത്ര്യമില്ലാതെ പ്രണയം സാധ്യമാണോ? രാഷ്ട്രീയം വ്യക്തിജീവിതങ്ങളെ എങ്ങനെയാണ് നിര്‍വ്വചിക്കുന്നത്?
മഹാരാഷ്ട്രയിലെ രാജാപ്പൂരില്‍ നിന്ന് അഞ്ച് തവണ പാര്‍ലമെന്‍റിലെത്തിയ മധു ദന്തവാതെയും അദ്ദേഹത്തിന്‍റെ ഭാര്യയും ധീരയായ ആക്ടിവിസ്റ്റുമായിരുന്ന പ്രമീള ദന്തവാതെയും തടവറയിലായിരിക്കുമ്പോള്‍ പരസ്പരം അയച്ച കത്തുകളാണ് ഈ ചോദ്യങ്ങള്‍ മനസ്സിലേക്ക് കൊണ്ടുവന്നത്.
മധുവിനെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രമീളയെ യേര്‍വാദ സെന്‍ട്രല്‍ ജയിലിലുമായിരുന്നു അടിയന്തരവാസ്ഥക്കാലത്ത് 18 മാസം പാര്‍പ്പിച്ചത്.
1975 ജൂണില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അവരെ 800 കിലോമീറ്ററിലധികം ദൂരെയുള്ള രണ്ട് ജയിലുകളിലാക്കുകയായിരുന്നു. 23 വര്‍ഷക്കാലത്തെ ദാമ്പത്യജീവിതത്തിനാണ് പെട്ടെന്ന് മുറിവുണ്ടായത്.
രണ്ടുപേരും സ്വാതന്ത്ര്യസമരത്തിന്‍റെ തീയില്‍ കുരുത്തവര്‍. കടുത്ത സോഷ്യലിസ്റ്റുകള്‍. ഇരുവരും സ്വന്തം നിലയ്ക്കുതന്നെ വിട്ടുവീഴ്ചയില്ലാത്ത പൊതുപ്രവര്‍ത്തകര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നുതന്നെ, 1975 ജൂണ്‍ 26-ന്, മധുവിനെ സര്‍ക്കാര്‍ അറസ്റ്റുചെയ്തു. പ്രമീള ജൂലൈ 17-നാണ് തുറുങ്കിലടയ്ക്കപ്പെടുന്നത്.
ജയിലിലായിരുന്ന കാലത്ത് പരസ്പരം ആശയവിനിമയം നടത്താന്‍ കത്തുകള്‍ മാത്രമേ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. തടവിലായിരുന്ന 18 മാസത്തിനിടയില്‍ അവര്‍ 200-ാളം കത്തുകള്‍ കൈമാറി. ആ എഴുത്തുകളില്‍ വ്യക്തിപരമായ കാര്യങ്ങളോടൊപ്പം സംഗീതവും കവിതയും പുസ്തകങ്ങളുമൊക്കെ കടന്നുവന്നു.
ഇതുകൂടി വായിക്കാം: പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്‍
അതേ സമയം പരസ്പരമുള്ള സ്‌നേഹം എങ്ങനെയാണ് ഏകാധിപത്യ ഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് കൂടിയാവുന്നത് എന്നതിന്‍റെ തെളിവുകള്‍ കൂടി തരുന്നു ആ കത്തുകള്‍.
വേര്‍പാടിന്‍റെ വേദനകള്‍ ആ കത്തുകളില്‍ കാണാം. അതേ സമയം സ്വാതന്ത്ര്യത്തിനായുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിജ്ഞകള്‍ കൂടിയായിരുന്നു അവ. അവര്‍ പരസ്പരം സ്‌നേഹിച്ചത് രണ്ടുപേരും സ്വാതന്ത്ര്യത്തെ പ്രണയിച്ചതുകൊണ്ടുകൂടിയാണ്, എഴുത്തുകാരനായ ഗ്യാന്‍ പ്രകാശ് പറയുന്നു. Emergency Chronicles: Indira Gandhi and Democracy’s Turning Point എന്ന പുസ്തകമെഴുതിയ അദ്ദേഹം തുടരുന്നു. “അവരുടെ പ്രണയം സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥങ്ങളും അതിരുകളും കൂടുതല്‍ വലുതാക്കുന്നതായിരുന്നു.”
കത്തുകളിലൂടെ മധുവും പ്രമീളയും പങ്കുവെച്ച പ്രതീക്ഷകളിലേക്കും നിരാശയിലേക്കും സമരവീര്യത്തിലേക്കുമൊക്കെ പ്രകാശ് വെളിച്ചം കാട്ടുന്നു.
തടവിലാക്കപ്പെടുന്നതിന് മുന്‍പുള്ള മാസങ്ങളില്‍ മധു ദന്തവാതെയും പ്രമീളയും തിരക്കിട്ട രാഷ്ടീയ യാത്രകളിലായിരുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായുള്ള യാത്രകള്‍, പൊതുസമ്മേളനങ്ങള്‍… രണ്ടുപേരും അവരവരുടെ തിരക്കുകളിലായിരുന്നു.
തടവുകാലം കുറേക്കാര്യങ്ങള്‍ ആലോചിക്കാനുള്ള സമയം നല്‍കിയെന്ന് മധു ദന്തവാതെ ഒരു കത്തിലെഴുതി. “അതിനുള്ള പ്രതികാരം എന്ന നിലയില്‍ നമ്മളെ തുറുങ്കിലും ഏകാന്തതയിലും അടച്ചിട്ടു. ഈ ശാന്തത പക്ഷേ, കഴിഞ്ഞ 23 വര്‍ഷങ്ങളെക്കുറിച്ചാലോചിക്കാനും ആ ഓര്‍മ്മകളില്‍ മുഴുകാനും അവസരം നല്‍കിയിരിക്കുന്നു.” അന്ന് മധുവും പ്രമീളയും ഒരു മിച്ചിട്ട് 23 വര്‍ഷം കഴിഞ്ഞിരുന്നു.
അതിനുള്ള മറുപടിയില്‍ ഭര്‍ത്താവിനെ ഒന്നു കളിയാക്കാന്‍ പ്രമീള മറന്നില്ല. “ഇതിന് മുമ്പ് ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങളെനിക്ക് ഇങ്ങനെ സ്ഥിരമായി കത്തുകളെഴുതിയിട്ടുണ്ടോ? നിങ്ങളൊരു പോക്കുപോയാല്‍ പിന്നെ മാസങ്ങള്‍ കഴിഞ്ഞാകും തിരിച്ചുവരിക. മാസങ്ങളോളം ഒരു കത്തുപോലും അയക്കില്ല… ആരെങ്കിലും നിങ്ങളെപ്പറ്റി ചോദിച്ചാല്‍ എന്തുപറയണമെന്ന് എനിക്ക് അങ്കലാപ്പായിരുന്നു. എനിക്കൊന്നും പറയാനുണ്ടാകുമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ നോക്കൂ, എല്ലാ തിങ്കളാഴ്ചയും മുടങ്ങാതെ നിങ്ങളുടെ കത്തുവരും. അടിയന്തരാവസ്ഥയ്ക്ക് നന്ദി!”
തടവറയ്ക്കുള്ളില്‍ പ്രമീള കുറച്ചുകൂടി റൊമാന്‍റിക്കായിരുന്നു എന്ന് കത്തുകള്‍ വായിച്ചാല്‍ തോന്നും.
തടവിലിരുന്ന് കണ്ട കുരുവികളെക്കുറിച്ച് പ്രമീള വിവരിക്കുന്നത് ഇങ്ങനെയാണ്. “കുഞ്ഞുങ്ങളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാണ്.”
പെണ്‍കുരുവി തന്‍റെ പങ്കാളിയെ വശത്താക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാലത് ജയിലിന്‍റെ ചുമരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട് അതിനെ കൊത്തിയാട്ടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
“ആ കുരുവിയുടെ അവസ്ഥയോര്‍ത്ത് വിഷമം തോന്നിയെങ്കിലും ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല. ഞാന്‍ അവളോട് പറഞ്ഞു, ‘നീ ഇങ്ങനെ മറ്റേ പെണ്ണിനെ കൊത്തിയാട്ടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നാല്‍ നിന്‍റെ ഭര്‍ത്താവ് നിന്നെയിട്ടേച്ച് വേറെ ഇണയെത്തേടിപ്പോവും,” പ്രമീള എഴുതി.
ഭാഗ്യത്തിന് ആ പെണ്‍കുരുവി കണ്ണാടിയിലുള്ള എതിരാളിയെ ആട്ടിയകറ്റുന്നത് നിര്‍ത്തി. അധികം വൈകാതെ രണ്ട് ഇണക്കുരുവികളും ഒരുമിച്ചിരുന്ന് സല്ലപിക്കുന്നതും കൂടുണ്ടാക്കുന്നതും പ്രമീള കണ്ടു.
തടവറയ്ക്കുള്ളിലായിരിക്കുമ്പോഴും പ്രമീളയിലെ റൊമാന്‍റികിന് ക്ഷീണമൊന്നും സംഭവിച്ചില്ലായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ആ കഥയിലെ കണ്ണാടി മധുവില്‍ നിന്നും പ്രണയത്തില്‍ നിന്നും അവരെ അകറ്റിയ അടിയന്തരാവസ്ഥ തന്നെയായിരുന്നില്ലേ എന്ന് പ്രകാശ് സംശയിക്കുന്നു.
വ്യക്തിപരമായ സങ്കടങ്ങളുമുണ്ടായിരുന്നു ആ കത്തുകളില്‍.
അവരുടെ ഏക മകന്‍ ഉദയ് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ചേര്‍ന്നിട്ട് അധികം നാളുകളായിട്ടുണ്ടായിരുന്നില്ല. അപ്പോഴേക്കും മധുവും പ്രമീളയും ജയിലിലായി.
“നമുക്കാകെയുള്ളൊരു മകന്‍… അവനുവേണ്ടി ഒന്നും ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ല. നമ്മുടെ മൂല്യങ്ങള്‍ അവനില്‍ വളര്‍ത്താനായിരുന്നു നമ്മുടെ ശ്രമം. എന്നാല്‍ അവന്‍ പറക്കമുറ്റുന്നതിന് മുമ്പ് നമ്മളവനെ ഉപേക്ഷിച്ചു, സ്വന്തം നിലയ്ക്ക് ജീവിതം പടുക്കാനായി അവനെ തനിയെ വിട്ടു,” പ്രമീള എഴുതുന്നു.
മധുവിനും ആ സങ്കടം ഉണ്ടായിരുന്നു. ഒരു ദിവസം ഉദയ് അദ്ദേഹത്തോട് ചോദിച്ച ചോദ്യം അദ്ദേഹം വേദനയോടെ ഓര്‍ത്തെടുക്കുന്നു. “ആശയത്തിനായി ജീവിതം ഹോമിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ എന്തിനാണ് വിവാഹം കഴിക്കുന്നതും കുടുംബജീവിതം നയിക്കുന്നതും? ഭാര്യയും മക്കളുമൊക്കെ അവര്‍ക്കൊരു തടസ്സമാവില്ലേ? കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെയുണ്ടാക്കാനും അവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളത്?”
ഇത്തരം ചോദ്യങ്ങള്‍ പൊതുരംഗത്തുള്ള ആരുടെയും ഉള്ളുപൊള്ളിക്കുന്നതായിരിക്കും. എന്നാല്‍ വ്യക്തിപരമായ സങ്കടങ്ങളെല്ലാം മാറ്റിവെക്കാനും സാമൂഹ്യരംഗത്ത് കൂടുതല്‍ സജീവമാകാനും അവര്‍ക്ക് കഴിഞ്ഞു.
“നിന്‍റെ കത്തില്‍ സങ്കടം നിഴലിച്ചിരുന്നു,” മധു പ്രമീളയ്ക്ക് എഴുതി. “തടവില്‍ നിന്നും പുറത്തുകടക്കുമ്പോഴേക്കും നമ്മുടെ വീടും കുടുംബവുമെല്ലാം നശിച്ചുപോയിട്ടുണ്ടാവുമെന്ന നിന്‍റെ പേടി… എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരുമല്ലോ എന്ന ഭയം… നീയാകെ നിരാശയില്‍പ്പെട്ടപോലെ തോന്നുന്നു.
നമ്മളെല്ലായ്‌പ്പോഴും നമ്മുടെ ജീവിതവും ചുമന്നുകൊണ്ടുള്ള യാത്രയിലല്ലേ… നമ്മുടെ നട്ടെല്ല് അവിടെത്തന്നെ ഉള്ള കാലംവരെ ആര്‍ക്കും നമ്മെ തൊടാനാവില്ല.”
മകനെയും കുടുംബത്തേയും രാഷ്ട്രീയത്തേയും സംബന്ധിച്ച കടുത്ത, വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ എങ്ങനെ മറുപടി കണ്ടെത്തി? ഗ്യാന്‍ പ്രകാശ് എഴുതുന്നു.
“തടവുകാലം സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടവീര്യവും കുടുംബത്തോടുള്ള സ്‌നേഹവും കടമയുമൊക്കെ പരീക്ഷിക്കുന്ന കഠിനകാലമായിരുന്നു. എന്നാല്‍ അവര്‍ ആ പരീക്ഷണകാലം തലയുയര്‍ത്തിക്കൊണ്ടുതന്നെ പൂര്‍ത്തീകരിച്ചു. അവര്‍ക്ക് വല്ലാത്ത വേവലാതിയും ആശങ്കയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ അവര്‍ നട്ടെല്ല് വളച്ചില്ല.”
അതൊക്കെപ്പറയുമ്പോഴും അവരുടെ സ്‌നേഹവും പ്രണയവും വേറെ തലത്തിലായിരുന്നുവെന്ന് ആ കത്തുകള്‍ വെളിപ്പെടുത്തുന്നു. മധുവിന്‍റെയും പ്രമീളയുടേയും പ്രണയം സ്വാര്‍ത്ഥമായ ഒന്നായിരുന്നില്ലെന്ന് നമുക്ക് മനസ്സിലാവും. സ്വാതന്ത്ര്യവും അന്തസ്സും സ്വപ്‌നം കാണുന്ന ഉയര്‍ന്ന തലത്തിലുള്ള ഒന്നായിരുന്നു അത്.
തടവുകാലത്ത് പരസ്പരം സന്ദര്‍ശിക്കണമെന്ന് പ്രമീള ആഗ്രഹിച്ചു. അതിനായി കോടതിയുടേയും ഗവണ്‍മെന്‍റിന്‍റേയും അനുമതി ആവശ്യമായിരുന്നു. മധുവിന്‍റെ അപേക്ഷ അനുവദിച്ചുവെങ്കിലും കോടതി ചില കടുത്ത ഉപാധികള്‍ വെച്ചു. അതിലൊന്ന് എസ്‌കോര്‍ട്ട് പോകുന്ന പൊലീസുദ്യോഗസ്ഥരുടെ ചെലവ് വഹിക്കണമെന്നതായിരുന്നു.
അതിന് ശേഷമെഴുതിയ ഒരു കത്തില്‍ മധു ഒരു മറാത്തി കവിയുടെ വരികള്‍ എഴുതി. ‘ഭീരുക്കളുടെ ദയാര്‍ഹമായ സ്നേഹബന്ധം ആഗ്രഹിക്കുന്നില്ല.
അതിനേക്കാള്‍ ഭേദം നിന്നില്‍ നിന്ന് അകന്നിരിക്കുന്നതാണ്.’
“നേരിട്ട് കാണാന്‍ എനിക്കെന്തുമാത്രം ആഗ്രഹമുണ്ടെന്ന് പറയാനെനിക്കാവില്ല. പക്ഷേ, വ്യക്തിപരമായ ഒരു നേട്ടത്തിന് വേണ്ടി എനിക്ക് എന്‍റെ ആശയങ്ങള്‍ കൈവിടാനാവില്ല,” പ്രമീള എഴുതി.
ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. മധുവും പ്രമീളയും സ്വതന്ത്രരായി. പിന്നീടുവന്ന സര്‍ക്കാരില്‍ മധു ദന്തവാതെ റെയില്‍വേ മന്ത്രിയായി. പിന്നീട്, 1989-90 കാലത്ത് ധനമന്ത്രിയും. പ്രമീള 1980-ല്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2005 നവംബര്‍ 12-ന് മധു ദന്തവാതെ അന്തരിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹമനുസരിച്ച് മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുകൊടുത്തു. പ്രമീള 2001-ന്‍റെ അവസാന ദിവസം വിട വാങ്ങിയിരുന്നു.
ഇതുകൂടി വായിക്കാം: ‘നീ പഠിപ്പ് നിര്‍ത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ അധ്യാപകരുണ്ട്’: പപ്പടവും പതിമുകവും വിറ്റ് ബി.ടെക് പഠിച്ച ചെറുപ്പക്കാരന്‍റെ കരളുറപ്പിന്‍റെ കഥ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.