മുഴുക്കുടിയന്‍, കുടുംബം ഉപേക്ഷിച്ചു പോയി, കുടിച്ച് വണ്ടിയോടിച്ച് അപകടം പറ്റിയപ്പോള്‍ ജോലിയും പോയി: ആ ‘കട്ടക്കുടിയന്‍’ ജീവിതവും നാട്ടുകാരുടെ സ്നേഹവും തിരിച്ചുപിടിച്ച കഥ

മദ്യപാനിയില്‍ നിന്ന് പുതിയ ജീവിതത്തിലേക്കെത്തിയ കഥ മാത്രമല്ല പോളിന് പറയാനുള്ളത്.

“ഞാനൊരു കൊടും മദ്യപാനിയായിരുന്നു. മദ്യപാനിയെന്നു പറഞ്ഞാല്‍, നിങ്ങളൊക്കെ മനസില്‍ കരുതുന്നതിലും അപ്പുറം. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോ രണ്ടെണ്ണം കഴിച്ചില്ലെങ്കില്‍ കൈ വിറയ്ക്കും…

“അത്രയ്ക്ക് കട്ടക്കുടിയന്‍. എന്‍റെയീ മദ്യപാനം കൊണ്ട് ഒടുവില്‍ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി,” ചേര്‍ത്തലക്കാരന്‍ എം ജെ പോള്‍ പറയുന്നു.

“അത്രയ്ക്ക് സഹിക്കെട്ടിട്ടാ ജോനമ്മ എന്നേ വേണ്ടെന്നുവച്ചു പോയത്. മൂന്നു വയസുകാരിയായ മോളേം കൂട്ടിയാണ് എന്നോട് പിണങ്ങി അവള് പോയത്.” തിരിഞ്ഞുനോക്കുമ്പോള്‍ മദ്യപാനം എല്ലാം കൊണ്ടാണ് പോയതെന്ന് അയാള്‍ പരിതപിക്കുന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

പോള്‍ ഡ്രൈവറായിരുന്നു. എന്നാല്‍ മദ്യം ജീവിതമാര്‍ഗ്ഗവും ഇല്ലാതാക്കി.

“മദ്യപിക്കാതെ വണ്ടിയോടിക്കാറില്ല. അല്ലാ, അന്ന് മദ്യപിക്കാത്ത നേരം ഇല്ലായിരുന്നു. ഒടുവില്‍ ജീവിതം കൈയില്‍ നിന്നു പോകുന്ന അവസ്ഥയിലേക്കെത്തി.”

അതൊക്കെ ഓര്‍ത്തപ്പോള്‍ പോളിന്‍റെ വാക്കുകള്‍ മുറിഞ്ഞു.

57 വയസിനുള്ളില്‍ 79 തവണ രക്തദാനം നടത്തിയ എം.ജെ. പോള്‍

മുപ്പത് വര്‍ഷം മുന്‍പത്തെ കാര്യങ്ങളാണ്. എങ്കിലും അതൊക്കെ എങ്ങനെ മറക്കും!?

അന്ന് ഒരു സ്വകാര്യവാഹനമാണ് പോള്‍ ഓടിച്ചിരുന്നത്. ഒരു ദിവസം ആ വാന്‍ മറിഞ്ഞു.

“ശബരിമലയ്ക്ക് പോകാനിരുന്ന സ്വാമിമാരുമായി സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും കാര്യമായ അപകടം സംഭവിച്ചില്ലെങ്കിലും എന്‍റെ ജോലി പോയി,” പോള്‍ തുടരുന്നു.

ഭാര്യ പിണങ്ങിപ്പോയി. ജോലിയും പോയി. കയ്യില്‍ പണമില്ല. കഷ്ടപ്പാടിന്‍റെ കാലം.  കാണുന്നവര്‍ക്കൊക്കെ പരിഹസിക്കാന്‍ ഒരു ജന്മം.

“ആ അപകടം ഒരു നിമിത്തമായിരുന്നു,” എന്ന് പോള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് മനസ്സുതുറക്കുന്നു. “നല്ല ജീവിതം ഞാനും ആഗ്രഹിച്ചിരുന്നു.”

പോള്‍ മദ്യപാനം അവസാനിപ്പിച്ചു. ജീവിക്കാന്‍ തന്നെ തീരുമാനിച്ചു. അതോടെ ജോനമ്മയും മകളും തിരികെ വന്നു.

“പിന്നെ രക്തദാനം കൂടി ആരംഭിച്ചതോടെ എല്ലാം നേരെയായി,”  എന്ന് പോള്‍ കൂട്ടിച്ചേര്‍ക്കുന്നു. ജീവിതം മാറ്റിത്തീര്‍ക്കുന്നതില്‍ രക്തദാനത്തിനും വലിയൊരു പങ്കുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

രക്തദാനത്തിനിടെ പോള്‍

“1990-കളിലാണ് രക്തം കൊടുത്ത് തുടങ്ങുന്നത്. അതിനൊരു കാരണമുണ്ട്.” ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരനായ പോള്‍ പറയുന്നു.

“ചേര്‍ത്തല ടൗണില്‍ തന്നെയാണ് എന്‍റെ വീട്. അവിടെയുള്ള ചെമ്മീന്‍ ഷെഡ്ഡിലെ ഡ്രൈവറായിരുന്നു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുടെ അമ്മച്ചിക്കാണ് ആദ്യമായി രക്തം നല്‍കിയത്.

“എന്‍റെ രക്തഗ്രൂപ്പ് വളരെ കുറച്ചാളുകള്‍ക്കുള്ളൂ. അതറിഞ്ഞ് മനപ്പൂര്‍വം രക്തം ദാനം ചെയ്തു തുടങ്ങിയതൊന്നും അല്ല. രക്തം നല്‍കുന്നതിന്‍റെ നല്ല വശങ്ങളെക്കുറിച്ച് അന്നൊന്നും അറിയില്ല.

“എങ്ങനെ രക്തം കൊടുക്കണമെന്നൊന്നും ഒരു പിടിയും ഇല്ല.


ആ സ്ത്രീ അവരുടെ അമ്മച്ചിയ്ക്ക് വേണ്ടി രക്തം അന്വേഷിച്ച് ഓടുന്നത് കണ്ടപ്പോ അവരുടെ സങ്കടം കണ്ടപ്പോ, ഒരു തോന്നലിനാണ് അവര്‍ക്ക് രക്തം കൊടുക്കുന്നത്.


“ചേര്‍ത്തലയിലെ ആശുപത്രിയില്‍ പോയി രക്തം പരിശോധിച്ചപ്പോ എന്‍റേത് ഒ നെഗറ്റീവാണ്. അന്നാണ് ആദ്യമായി രക്തഗ്രൂപ്പ് ഏതെന്നു പരിശോധിക്കുന്നത് തന്നെ. ആ സ്ത്രീക്ക് വേണ്ടതും അതു തന്നെ. അങ്ങനെ മാച്ച് ആണെന്നു അറിഞ്ഞപ്പോ രക്തം കൊടുത്തു. അത്രേയുള്ളൂ,”  പോള്‍ ഓര്‍ക്കുന്നു.

ഭാര്യ ജോനമ്മയ്ക്കൊപ്പം

“ആ സ്ത്രീക്ക് എന്തോ ഓപ്പറേഷനായിരുന്നു. രക്തം കിട്ടാതെ വന്നപ്പോഴുള്ള സങ്കടവും കിട്ടിയ ശേഷമുള്ള അവരുടെ സമാധാനവും പിന്നെ എന്നോടുള്ള അവരുടെ സ്നേഹവും നന്ദിയുമൊക്കെയാണ് എന്നെ മാറ്റുന്നത്.

“പിന്നെയും രക്തം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അതുകൊണ്ടു തന്നെയാണ്. അവര് മാത്രമല്ല പലര്‍ക്കും എന്നോടൊരു ബഹുമാനമൊക്കെയായ പോലെ തോന്നിയെനിക്ക്.

“57 വയസ് വരെ 79 പേര്‍ക്ക് രക്തം കൊടുത്തു. പക്ഷേ ഇന്നേവരെ ആരോടും ഒരു കാശും വാങ്ങിയിട്ടില്ല. അങ്ങനെയൊരു നിര്‍ബന്ധമുണ്ട്,

കാശിന് കൊടുക്കാവുന്നതല്ലല്ലോ രക്തം.

“പണം മാത്രമല്ല ഭക്ഷണം പോലും വാങ്ങിക്കഴിക്കരുതെന്നാണ്. പക്ഷേ ചിലരൊക്കെ, അതിപ്പോ രക്തം സ്വീകരിച്ചവരുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ, ഭക്ഷണമോ ജ്യൂസോ എന്തെങ്കിലും വാങ്ങി തരാമെന്നു നിര്‍ബന്ധം പിടിക്കും.

“അവരുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതല്ലേ. അതിന്‍റെയൊരു സ്നേഹമോ കടപ്പാടോ അവര്‍ക്കുണ്ടാകുമല്ലോ. അങ്ങനെയാണ് പലരും എന്തെങ്കിലും കഴിക്കണമെന്നു വാശി പിടിക്കുന്നത്. ഒട്ടും നിവൃത്തിയില്ലാതെ അങ്ങനെ ചിലര്‍ക്കൊപ്പം ഭക്ഷണമോ ജ്യൂസോ ഒക്കെ കഴിക്കേണ്ടിയും വന്നിട്ടുണ്ട്,” അദ്ദേഹം പറയുന്നു.

ദൂരെയുള്ള ആശുപത്രികളിലേക്ക്  രക്തം നല്‍കാന്‍ പോകുമ്പോഴും അദ്ദേഹം യാത്രാച്ചെലവുകളെല്ലാം സ്വയം വഹിക്കാറാണ് പതിവ്.

“ജനിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് രക്തം കൊടുത്തിട്ടുണ്ട്. വര്‍ഷം കുറേയായെങ്കിലും ഇന്നും ഓര്‍മ്മയിലുണ്ട് ആ ദിവസം.”  ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ആ സംഭവം അദ്ദേഹം പങ്കുവെക്കുന്നു. “അതെനിക്ക് വലിയ സന്തോഷം തരുന്ന ഓര്‍മ്മയാണ്.

“16-17 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. പക്ഷേ എല്ലാം ഇന്നലെയെന്ന പോലെ മനസിലുണ്ട്. ജനിച്ച് ഒരു ദിവസം മാത്രമുള്ള പെണ്‍കുട്ടിയാണ്. എന്തോ അസുഖം, ഓപ്പറേഷന്‍ വേണം. അതിനാണ് രക്തം വേണമെന്നു പറഞ്ഞു എന്നെ വിളിക്കുന്നത്.

“100 മില്ലി രക്തമാണ് ആ മോള്‍ക്ക് വേണ്ടിയിരുന്നത്. രക്തം കൊടുത്തു, അവളുടെ അസുഖമൊക്കെ മാറുകയും ചെയ്തു. ഇന്നും അവള്‍ സുഖമായിരിക്കുന്നു.

“ഇപ്പോ പ്ലസ് ടുവിന് പഠിക്കുകയാണ് ആ മോള്. ആ മോളുമായി ഇന്നും സൗഹൃദമുണ്ട്. പിറന്നാളിനൊക്കെ അവളിപ്പോഴും എന്നെ വിളിക്കും. കുറേപ്പേര്‍ക്ക് രക്തം നല്‍കിയിട്ടുണ്ട്. പക്ഷേ കൂട്ടത്തില്‍ ഒരിക്കലും ഈ കുഞ്ഞിനെ മറക്കാനാകില്ല.”

സന്തോഷം തരുന്ന ഓര്‍മ്മകള്‍ മാത്രമല്ല, സങ്കടപ്പെടുത്തിയ കാര്യങ്ങളുമുണ്ട്. “ഒരിക്കല്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍റെ അച്ഛന് രക്തം ആവശ്യപ്പെട്ട് എന്നെ വിളിച്ചു. ആശുപത്രിയിലെത്തിയപ്പോഴാണ് ആ അച്ഛന്‍റെ മകന്‍റെ രക്തം ഒ നെഗറ്റീവാണെന്നറിയുന്നത്. പക്ഷേ ആള് അച്ഛന് രക്തം നല്‍കില്ല, പേടിയാണ്.

“ആ ബാങ്ക് ഉദ്യോഗസ്ഥനായ മകന് മാത്രമല്ല. അവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ക്കൊക്കെ പേടിയാണ്. ഒ നെഗറ്റീവ് രക്തമാണ് വേണ്ടത്, മോനും അവര്‍ക്കൊപ്പമുള്ള വേറെ മൂന്നു പേര്‍ക്കും ഒ നെഗറ്റീവ് തന്നെയാണ്. പക്ഷേ പേടി കാരണം ആരും രക്തം കൊടുക്കുന്നില്ല.”

ഇതുകണ്ടപ്പോ ദേഷ്യമാണ് തോന്നിയത് എന്ന് പോള്‍ തുറന്നു പറയുന്നു. “സ്വന്തം അച്ഛന് പോലും രക്തം നല്‍കാത്തയാള്‍ വേറെ ആര്‍ക്കെങ്കിലും നല്‍കുമോ?”

എങ്കിലും രക്തവും കൊടുത്ത് ആ ബാങ്ക് ഉദ്യോഗസ്ഥന് രക്തദാനത്തെക്കുറിച്ച് വിശദമായി ഒരു ക്ലാസ്സും കൊടുത്തിട്ടാണ് അദ്ദേഹം മടങ്ങിയത്.

രക്തം ദാനം ചെയ്യുക മാത്രമല്ല മറ്റുള്ളവരെ രക്തം നല്‍കാന്‍ പ്രോത്സാഹിപ്പിക്കാറുമുണ്ട് പോള്‍. നെഗറ്റീവ് രക്തഗ്രൂപ്പുകാരുടെ കൂട്ടായ്മയുമുണ്ടാക്കിയിട്ടുണ്ട്.

പ്രായം 60 പിന്നിട്ടതിനാല്‍ രക്തദാനം ഇപ്പോള്‍ അവസാനിപ്പിച്ചു. എങ്കിലും രക്തദാനം എന്ന ആ  മഹാദാനത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളിലൊക്കെ സജീവമാണ്.

“എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ അറിഞ്ഞു തുടങ്ങി. അങ്ങനെ പലര്‍ക്കും ഫോണ്‍ നമ്പറും കിട്ടി. അതോടെ രക്തം വേണ്ടവരൊക്കെ ഫോണില്‍ വിളിച്ചു തുടങ്ങി.” രക്തം ദാനം ചെയ്തുകൊണ്ടിരുന്ന കാലം  അദ്ദേഹം സന്തോഷത്തോടെ ഓര്‍ക്കുന്നു

“ആദ്യമൊക്കെ ചേര്‍ത്തലക്കാരും ആലപ്പുഴക്കാരുമാണ് രക്തദാനത്തിനായി അന്വേഷിച്ചിരുന്നതെങ്കില്‍, പിന്നീട് കേരളത്തിന്‍റെ പലയിടങ്ങളില്‍ നിന്നുള്ളവരാണ് വിളിച്ചത്.

“ഓരോരുത്തര് നേരില്‍ അന്വേഷിച്ച് വരുമായിരുന്നു. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലല്ലോ. പിന്നെ രക്തം കൊടുക്കാന്‍ പറ്റാത്ത സാഹചര്യമാണേല്‍–അതിപ്പോ രക്തം കൊടുത്തു മൂന്നു മാസമായിട്ടില്ലെങ്കിലോ മറ്റോ–ഒ നെഗറ്റീവ് രക്തമുള്ള മറ്റൊരാളെ ആ വരുന്നവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കും.

“ആരേയും നിരാശപ്പെടുത്തില്ല. ഒ നെഗറ്റീവ് ഗ്രൂപ്പുകാര്‍ കുറവല്ലേ. അതുകൊണ്ടു നാട്ടിലുള്ള നെഗറ്റീവുകാര്‍ക്ക് പരസ്പരം അറിയുകയും ചെയ്യാം. അപ്പോ ആവശ്യക്കാര് വന്നാലുടന്‍ അവരില്‍ ആരെയെങ്കിലും വിളിച്ചു കൊടുക്കും.


സ്ഥിരമായി കൊടുക്കുന്ന ആളെന്ന നിലയില്‍ പലരും എന്നെയാണ് ഒ നെഗറ്റീവ് രക്തത്തിനായി ആദ്യം വിളിക്കുന്നത്.


“അതുതന്നെ ഒരു ഭാഗ്യമെന്നു കരുതുന്നു. രക്തം ആവശ്യപ്പെട്ടു മാത്രമല്ല രക്തം കൊടുക്കാന്‍ താത്പ്പര്യമുണ്ടെന്നു പറഞ്ഞും പലരും വിളിക്കുമായിരുന്നു. അങ്ങനെയാണൊരു കൂട്ടായ്മയൊക്കെ ഉണ്ടാക്കുന്നത്.

“നാട്ടില്‍ രക്തംദാനം ചെയ്യുന്നവര് ചേര്‍ന്നൊരു കൂട്ടായ്മ. കുറേക്കാലം മുന്‍പാണത്. ഇന്ന് അതൊരു വാട്ട്സ്ആപ്പ് രക്തദാന കൂട്ടായ്മയാണ്. ഇപ്പോ കാര്യങ്ങളൊക്കെ വാട്ട്സ്ആപ്പിലൂടെയാണ് പങ്കുവയ്ക്കുന്നത്.

“വലിയ സംഘടനയൊന്നും അല്ല. പക്ഷേ ഇപ്പോഴും രക്തം ആവശ്യപ്പെട്ടു ആരു വിളിച്ചാലും നിരാശപ്പെടുത്താതെ അതിനുള്ള ആളെ നല്‍കും.

എ.എം. ആരിഫ് എംപിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു

“സ്നേഹിതന്‍മാര്‍ കുറേപ്പേര് രക്തം ദാനം ചെയ്യുന്നവരുണ്ട്. എനിക്കൊപ്പം ജോലി ചെയ്തവരെയും നാട്ടിലെ സുഹൃത്തുക്കളെയുമൊക്കെ രക്തദാനം ചെയ്യുന്നവരായി മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി ചുമടെടുക്കാന്‍ തുടങ്ങിയ അബ്ദുല്‍ അസീസ്; രക്തദാനത്തില്‍ 100 തികച്ച മലപ്പുറംകാരന്‍


“നാട്ടിലുള്ള ചെറുപ്പക്കാരും രക്തദാനത്തിന് സന്നദ്ധരാണ്. ആരെയും  നിര്‍ബന്ധിക്കാറില്ല. നെഗറ്റീവ് എന്നാണ് ഞങ്ങളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ പേര്. കേരളത്തിന്‍റെ പല ഭാഗങ്ങളിലുള്ളവരാണ് ഈ ഗ്രൂപ്പിലുള്ളത്,” പോള്‍ കൂട്ടിച്ചേര്‍ത്തു.

60 വയസ് കഴിഞ്ഞെങ്കിലും പോളിന് പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹത്തിന്‍റെ രക്തദാനത്തെക്കുറിച്ച് നാട്ടുകാരും അഭിമാനത്തോടെയാണ് പറയുന്നത്.

നെഗറ്റീവ് വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍

“ഒരു ക്യാംപില്‍ വച്ചാണ് ആദ്യമായി ഞാന്‍ പോളിനെ കാണുന്നത്.” ചേര്‍ത്തലയിലെ യുവര്‍ കോളെജ് ഡയറക്റ്റര്‍ തോമസ് പറയുന്നു. “ഇന്നൊന്നുമല്ല. പത്തുമുപ്പത് വര്‍ഷം മുന്‍പാണ്. ഞങ്ങളുടെ യുവര്‍ കോളെജിന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.

“ഞാനും രക്തം നല്‍കട്ടെയെന്നും പറഞ്ഞാണ് ആള് ക്യാംപിലേക്ക് വരുന്നത്. പിന്നീടും പോള്‍ രക്തം നല്‍കുമായിരുന്നു.

“80-ഓളം തവണയെങ്കിലും അദ്ദേഹം രക്തം നല്‍കിക്കാണും. ഓരോ മൂന്നു മാസം കൂടുമ്പോഴും കൃത്യമായി രക്തം നല്‍കും. അതാണ് പോളിന്‍റെ പ്രത്യേകത തന്നെ.

“ഒരുപാട് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് കോളെജ് രക്തദാന ക്യാംപുകളും സംഘടിപ്പിക്കുന്നത്. കുറേക്കാലം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പോളും വരുമായിരുന്നു.”

പോള്‍ കുടുംബത്തിനൊപ്പം

“രക്തം നല്‍കി കഴിഞ്ഞാല്‍ പിന്നെ വിളിക്കുകയോ കാണുകയോ ചെയ്യാതെ പോയവരുമുണ്ട്. ആരെങ്കിലും വിളിക്കുകയും നന്ദി വാക്കുകള്‍ പറയുമെന്നോ പ്രതീക്ഷിക്കുന്നുമില്ല,” പോള്‍ ബോധവല്‍ക്കരണ ക്ലാസ്സുകളിലും ഇതു പറയും. “പക്ഷേ അവരോടും പറയും, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് രക്തം നല്‍കണമെന്ന്.”

ഓരോ മൂന്നു മാസം കൂടുമ്പോഴും കൃത്യമായി രക്തം കൊടുത്തിരുന്നുവെങ്കിലും അതുകൊണ്ട് കൂടുതല്‍ ഭക്ഷണം കഴിക്കുകയോ അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്ന് പോള്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു

മദ്യപാനമൊക്കെ നിര്‍ത്തി പുതിയൊരാളായ പോളിന് 1996-ല്‍ പി എസ് സി വഴി കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടി. ഏഴു വര്‍ഷം കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്നു. പിന്നീട് കെഎസ്ഇബിയില്‍ ജോലി കിട്ടിയപ്പോള്‍ 2003-ല്‍ കെഎസ്ആര്‍ടിസിയിലെ ജോലി രാജിവച്ചു.

“ജോലി ചെയ്യുന്ന കാലത്ത്, സഹപ്രവര്‍ത്തകരെയും രക്തദാനത്തിന് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 2015-ല്‍ ജോലിയില്‍ നിന്നു വിരമിച്ചു. പിന്നെയൊരു കാര്‍ വാങ്ങിച്ചു, അതിപ്പോ ടാക്സിയായി ഓടുന്നുണ്ട്.

“ഒരുകാലത്ത് ഞാന്‍ ഒന്നും അല്ലായിരുന്നു, ബിഗ് സീറോയായിരുന്നു. അവിടെ നിന്നാണ് ഞാനിവിടെ എത്തി നില്‍ക്കുന്നത്. മദ്യപാനം ഒഴിവാക്കിയതിലൂടെയാണ് അതു സാധിച്ചത്,” പോള്‍ അഭിമാനത്തോടെ പറയുന്നു.

മകള്‍ക്കും ഭാര്യയ്ക്കുമൊപ്പം പോള്‍

ആദ്യമൊക്കെ രക്തം ദാനം ചെയ്യുമ്പോ ജോനമ്മയ്ക്ക് പേടിയൊക്കെയുണ്ടായിരുന്നുവെന്ന് പോള്‍. “രക്തം പോയാല്‍ വല്ല പ്രശ്നോം ഉണ്ടാകോന്നാണ് അവള്‍ ചോദിച്ചത്. പിന്നെ അവള്‍ക്ക് കാര്യങ്ങളൊക്കെ മനസിലായി.” പിന്നീട് ജോനമ്മയും മക്കളും പൂര്‍ണ്ണപിന്തുണയോടെ ഒപ്പം നിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളിനും ജോനമ്മയ്ക്കും രണ്ട് പെണ്‍മക്കളാണ്. പെനീഷയും ഷിന്‍സിയും, പെനീഷ ദുബായിയില്‍ ടീച്ചറാണ്. ഇളയവള്‍ ഷിന്‍സി ന്യൂസിലന്‍റില്‍ നഴ്സും.

“രക്തദാനത്തെക്കുറിച്ച് ക്ലാസുകളെടുക്കുമ്പോള്‍ മദ്യപാനം ഒഴിവാക്കേണ്ടതിനെക്കുറിച്ച് ഞാന്‍ പറയാറുണ്ട്. മദ്യപാനികളുടെ മനസ് മാറ്റിയെടുക്കാനും അതുപേക്ഷിച്ച് വരാനുമൊക്കെ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.

“മദ്യപാന ശീലം മാറുമ്പോ സ്വഭാവത്തിലും മാറ്റമുണ്ടാകും. ജീവിതത്തിലും മാറ്റങ്ങളുണ്ടാകും,” പോള്‍ ഉറപ്പിച്ചുപറയുന്നു.


ഇതുകൂടി വായിക്കാം:ബി എയും എം എയും റാങ്കോടെ പാസായി, എല്‍ എല്‍ ബി, ഡോക്ടറേറ്റ്; പക്ഷേ, 7-ാം ക്ലാസ്സില്‍ വാറ്റുചാരായത്തില്‍ തുടങ്ങിയ കുടിയില്‍ എല്ലാം മുങ്ങി. തിരിച്ചുകയറിയത് ആയിരങ്ങളെ മദ്യാസക്തിയില്‍ നിന്ന് രക്ഷിക്കാന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം