മലപ്പുറത്തെ ആ മനുഷ്യര്‍ സംതൃപ്തിയോടെ ക്വാറന്‍റൈനിലേക്ക്! രക്ഷാദൗത്യത്തിന് കയ്യടിച്ച് രാജ്യം

കൊറോണയും കൊടുംമഴയും അവഗണിച്ച് രക്ഷാദൗത്യം ഏറ്റെടുത്ത സാധാരണക്കാര്‍…അര്‍ദ്ധരാത്രിയിലും രക്തം ദാനം ചെയ്യാന്‍ തയ്യാറായി ക്യൂ നിന്ന യുവാക്കള്‍… വിമാനാപകടം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രികളിലെത്തിച്ച ജനകീയ ഇടപെടല്‍.

“വിമാനത്താവളത്തില്‍ നിന്ന് ഏതാണ്ട് 200 മീറ്റര്‍ അകലം മാത്രമേയുള്ളൂ എന്‍റെ വീട്ടിലേക്ക്.  വലിയ ശബ്ദം കേട്ടാണ് ഞാനും അയല്‍വീടുകളിലുള്ളവരുമൊക്കെ കൂടി വിമാനത്താവളത്തിന്‍റെ അരികിലേക്ക് പോകുന്നത്. അന്നേരം സമയം ഏതാണ്ട് (വൈകീട്ട്)  7.45. അപകടസ്ഥലത്തു നിന്ന് ആളുകളുടെ കരച്ചിലും കേള്‍ക്കുന്നുണ്ട്,” മലപ്പുറം കൊണ്ടോട്ടിക്കാരന്‍ ജുനൈദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഒരു നാട് ഒന്നാകെയാണ് കാറ്റും മഴയും കൊറോണക്കാലവും സാമൂഹിക അകലവുമൊക്കെ മറന്ന് കരിപ്പൂരിലെ അപകടസ്ഥലത്തേക്ക് പാഞ്ഞുചെന്നത്. മാസ്ക് ധരിക്കണമെന്നോ ശാരീരിക അകലം പാലിക്കണമെന്നോ നോക്കാതെയാണ് അപകടത്തില്‍പ്പെട്ടവരെ വാരിയെടുത്ത് ഇവര്‍ ആശുപത്രികളിലേക്ക് ഓടിയത്. അക്കൂട്ടത്തിലൊരാളാണ് ജുനൈദും.

വിമാനാപകടം നടന്ന് നിമിഷങ്ങള്‍ക്കകം മലപ്പുറം ജില്ലയിലെ കരിപ്പൂരിലെയും കൊണ്ടോട്ടിയിലെയുമൊക്കെ നാട്ടുകാര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

എന്നോട് സംസാരിക്കുമ്പോള്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ, മുറിവുകളും ചോരയുമൊക്കെ കണ്ട് മരവിച്ച അവസ്ഥയിലായിരുന്നു എയര്‍പോര്‍ട്ടിന് സമീപം പ്രവാസി സ്റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ജുനൈദ്.

വിമാനപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

“ശബ്ദം കേട്ട് വിമാനത്താവളത്തിന്‍റെ (പുറകിലെ) ഗേറ്റിനരികിലേക്കാണ് ഞങ്ങള്‍ നാട്ടുകാരെല്ലാവരും കൂടി ഓടിയെത്തിയത്. വിമാനം വീണ് കിടക്കുന്നത് കണ്ട്  എല്ലാവരും കൂടി ഗേറ്റില്‍ തല്ലി ശബ്ദമുണ്ടാക്കിയപ്പോ സെക്യൂരിറ്റി ജീവനക്കാരന്‍ വന്നു.

“പക്ഷേ, അദ്ദേഹം ആ ഗേറ്റ് തുറന്നു തന്നില്ല. അകത്തേക്ക് പ്രവേശിക്കാനാകാതെ ഞങ്ങള്‍ ബഹളം വച്ചുകൊണ്ടുനിന്നു. ആ ഗേറ്റ് തുറക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ അനുമതിയൊക്കെ വേണമല്ലോ.

“ഒടുവില്‍ ആ ഗേറ്റ് തുറന്ന് അകത്തേക്കെത്തിയപ്പോള്‍ കണ്ട കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല. റണ്‍വേയില്‍ നിന്ന് മുന്നിലേക്ക് ഏതാണ്ട് 35 അടി താഴേക്ക് വീണു കിടക്കുകയാണ് വിമാനം.

“തീയും പുകയും ശബ്ദമൊക്കെ കേട്ടപ്പോ തന്നെ എയര്‍പോര്‍ട്ടിന് സമീപമുള്ള റോഡിലെ വാഹനങ്ങളൊക്കെ ഓഫ് ചെയ്യിച്ചു, വീടുകളിലെ വൈദ്യുതിയും. തീപിടിക്കാനുള്ള സാധ്യതയുണ്ടല്ലോ.

“ഒരു ആംബുലന്‍സ് ഡ്രൈവറും ഫയര്‍ ആന്‍റ് റസ്ക്യൂവിലെ നാലു പേരെയും മാത്രമേ അവിടെ കണ്ടുള്ളൂ. ഞങ്ങളാണ് ഉദ്യോഗസ്ഥരോട് സഹായിക്കട്ടെ എന്നു ചോദിക്കുന്നത്.

“അതിനു ശേഷമാണ് ഞങ്ങള്‍ പത്ത് പതിനഞ്ചാള്‍ക്കാര് വിമാനം വീണിടത്തേക്ക് ചെല്ലുന്നത്. വിമാനത്തിനകത്തു പെട്ടവരെയും  ചിതറി വീണവരെയുമൊക്കെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.

“വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച വീണ ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ക്കൊക്കെ നല്ല പരുക്കും പറ്റിയിട്ടുണ്ട്. അവരെ വാരിയെടുത്ത് ആശുപത്രികളിലേക്ക് ഓടുകയായിരുന്നു.

“ഞാന്‍ രക്ഷപ്പെടുത്തിയവരിലേറെയും ചിതറി വീണുപോയവരായിരുന്നു. കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലേക്കാണ് എത്തിച്ചത്,” ജുനൈദ് നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു.

അപകടത്തില്‍പ്പെട്ട വിമാനത്തിലെ ലഗേജുകള്‍

“കുഞ്ഞുങ്ങളെയും വലിയവരെയുമൊക്കെ എടുത്ത് ആശുപത്രിയിലേക്കെത്തിക്കുമ്പോള്‍ മഴയാണെന്നോ കൊറോണക്കാലമാണെന്നോ മാസ്ക് ധരിക്കണമെന്നോ ശാരീരിക അകലം പാലിക്കണമെന്നൊന്നും ആലോചിച്ചില്ല.

“നമ്മുടെ ജീവനെക്കാള്‍‍ വലുതല്ലേ മറ്റുള്ളവരുടെ ജീവന്‍. എങ്ങനെയും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തണമെന്നു മാത്രമേ ആ നേരം മനസില്‍ തോന്നിയുള്ളൂ,” അദ്ദേഹം പറഞ്ഞു.

ജുനൈദ് മാത്രമല്ല, ഇദ്ദേഹത്തെ പോലെ ഒരുപാട് പേരാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്. അപകടം നടന്ന സ്ഥലം കണ്ടെയ്ന്‍മെന്‍റ് സോണ്‍ കൂടിയാണ്. കനത്ത മഴയെ അവഗണിച്ച് അവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു, ആരെയും കാത്തുനിന്നില്ല. “ശക്തമായ മഴ ആയിരുന്നു, ഒരു വിമാനം ലാന്‍റ് ചെയ്യാൻ കഴിയാതെ ഇവിടെ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.

“പെടുന്നനെ ഒരു വലിയ ശബ്ദം കേട്ടു, മിനിറ്റുകൾക്കുള്ളിൽ ഞാൻ ബൈക്കിൽ പറന്നു സംഭവസ്ഥലത്ത് എത്തി നോക്കിയപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ മറക്കൂല, മൂന്ന് ഭാഗമായി കിടക്കുന്ന വിമാനവും ജീവനു വേണ്ടി പിടയുന്ന ഒരുപാട് മനുഷ്യരും,” ഷാഹുല്‍ ബാവു ഫെയ്സ്ബുക്കില്‍ കുറിച്ചതാണിത്.

ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്ന് ചുങ്കത്ത് തറവാട് വീട്ടിലായിരുന്നു ഇദ്ദേഹം. ഒരു കുട്ടിയുടേതടക്കം 37 പേരെയാണ് അപകടസ്ഥലത്ത് നിന്ന് ഷാഹുല്‍ ആശുപത്രിയിലെത്തിച്ചത്.

ജെസിബി ഉപയോഗിച്ച് വിമാനത്തിന്‍റെ മുന്‍ഭാഗം പൊളിച്ചാണ് അകത്ത് കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. “രണ്ടര മണിക്കൂർ കൊണ്ട് എല്ലാവരെയും വിമാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചു.

“വർഷങ്ങളായി വിമാനാപകടത്തിന്‍റെ മോക്ഡ്രിൽ കണ്ടു വളർന്ന ഞങ്ങൾ സമീപവാസികൾക്ക് അതൊരിക്കലും കൺമുന്നിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.” അദ്ദേഹം കുറിച്ചു.

“ശബദം കേട്ട് വീട്ടിൽനിന്ന് ഓടിയെത്തിയപ്പോ ഫ്ലൈറ്റ് ആക്സിഡന്‍റായി കിടക്കുന്നത് കണ്ടു. അപ്പോ ഇവിടെയുള്ള സി എസ് എഫ് ജവാൻ ഞങ്ങളോട് പറഞ്ഞു പെട്ടെന്ന് കയറരുത്, കറന്‍റ് ഉണ്ടാകും, പ്രശ്‌നങ്ങൾ ആണെന്ന്.

“ആദ്യം കുറച്ചു വിസമ്മതിച്ചു. പിന്നെ അല്പം കഴിഞ്ഞു തുറന്ന് തന്നപ്പോ എയര്‍പോര്‍ട്ടിനകത്ത് ഒരുപാട് ആളുകൾ ചിതറി കിടക്കുന്നുണ്ട് കണ്ടു.

“അന്നേരം അവർ പറഞ്ഞത് എയര്‍പോര്‍ട്ടിലെ അവരുടെ സംവിധാനങ്ങളുമായി ആളുകൾ വരുമെന്നാണ്.

“കുറച്ചു സമയം കാത്തിരുന്നിട്ടും വരാതായപ്പോ ജനങ്ങൾ തന്നെ കയറി ഇടപെട്ടു. ഇവിടത്തെ അയൽവാസികളും നാട്ടുകാരുമൊക്കെ എല്ലാരും സഹകരിച്ചു.” രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരില്‍ ഒരാളായ കൊണ്ടോട്ടിക്കാരന്‍ മുഹമ്മദ് അസ്‍ലം പറഞ്ഞു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാനായി ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍, അപകടത്തില്‍ അച്ഛനും അമ്മയും അരികിലില്ലാതെ പോയ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ ചേര്‍ത്തുനിറുത്തിയവര്‍, ആശുപത്രിവരാന്തകളില്‍ ഭക്ഷണവിതരണം ചെയ്തവര്‍…ഇങ്ങനെ ഒരുപാട് ആളുകളാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായത്.

കോഴിക്കോട് മെഡിക്കല്‍ കോളെജിലും മിംസിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമൊക്കെയാണ് അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ചത്.

അര്‍ദ്ധരാത്രിയിലും നിരവധി ആളുകളാണ് പരുക്കേറ്റവര്‍ക്ക് രക്തം ദാനം നല്‍കാനായെത്തി ക്യൂ നിന്നത്. മനു

ബ്ലഡ് ബാങ്കിന് മുന്നില്‍ രക്തംദാനം ചെയ്യാനെത്തിയവരുടെ നീണ്ട നിരയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ആശുപത്രിയില്‍ ചായയും കഞ്ഞിയുമൊക്കെ വിതരണം ചെയ്യുന്നവരുമുണ്ടായിരുന്നു.

രക്തദാനത്തിനെത്തിയവര്‍

ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന് എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്ന  ജലീല്‍ പറയുന്നു.

“പൊലീസുകാരുടെ ഹാൻഡ് സെറ്റിൽ വിമാനം ക്രാഷ് ലാന്റിംഗ് എന്ന വോയ്സ് മെസേജ് വന്നയുടന്‍ എല്ലാവരും എഴുന്നേറ്റോടി. അപ്പോഴേക്കും എമർജൻസി ഡോർ തുറന്നു വെച്ചിരുന്നു.

“കനത്ത മഴയിൽ കുതിക്കുന്ന എയർപോർട്ട് ഫയർഫോഴ്സ് വാഹനങ്ങളുടെ പിന്നാലെ റൺവേയുടെ കിഴക്കേ അറ്റത്തേക്ക് എല്ലാവരും കുതിച്ചു. അവിടെ എത്തിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്.

“റൺവേയും അതു കഴിഞ്ഞുള്ള സ്ഥലവും കടന്ന് 20 മീറ്ററിലധികം കുത്തനെ താഴ്ചയുള്ള കരിങ്കൽ കെട്ടും കടന്ന് താഴെയുളള മതിലിലിടിച്ചാണ് വിമാനം നിൽക്കുന്നത്.

“കനത്ത മഴ വിമാനം തീ പിടിക്കാതെ കാത്തു. ഒപ്പം ഫയർഫോഴ്‌സ് യൂണിറ്റുകൾ നിർത്താതെ വെള്ളം പമ്പു ചെയ്യുന്നുണ്ടായിരുന്നു. ആംബുലൻസുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരുക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാർ,

“യാത്രക്കാരോട് മീറ്ററുകൾക്കപ്പുറത്ത് നിന്ന് ഫേസ് ഷീൽഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പൊലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച,

“ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി ഡ്രൈവർമാർ, രക്തം ദാനം ചെയ്യാൻ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ,

“ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോൾ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കൻമാർ..
ദുരന്ത മുഖത്തെ ഇങ്ങനത്തെ ചില കാഴ്ചകൾ മറക്കില്ല.

“കോവിഡില്ല, സാമൂഹ്യ അകലമില്ല, ആർക്കും ഒരു പേടിയുമില്ല, ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാൻ തനിക്കായാൽ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യർ,” എന്ന്  ആ അധ്യാപകന്‍ ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നു.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ “ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌?” എന്നാണ് അവര്‍ ചോദിച്ചതെന്ന് ഡോ. ഷിംന അസീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട എല്ലാവര്‍ക്കും ഇനി ക്വാറന്‍റൈന്‍റെ നാളുകളാണ്. അവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കും, കാരണം ഇത്രയും മനുഷ്യരുടെ ജീവന്‍ രക്ഷിച്ച സംതൃപ്തിയോടെയാണ് അവര്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നത്.

മലപ്പുറത്ത് രക്ഷാദൗത്യത്തിലേര്‍പ്പെട്ട എല്ലാവര്‍ക്കും ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ സ്നേഹാദരങ്ങള്‍. എല്ലാവരും ആരോഗ്യത്തോടെ സമ്പര്‍ക്കവിലക്കിന്‍റെ ദിനങ്ങള്‍ പിന്നിട്ട് നാടിന്‍റെ സ്നേഹത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് ആശംസിക്കുന്നു.

ഫോട്ടോ : ഫേസ്ബുക്ക്


ഇതുകൂടി വായിക്കാം:വന്‍ദുരന്തം ഒഴിവാക്കാൻ ജീവന്‍ ത്യജിച്ചത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാള്‍: ആദരമർപ്പിച്ച് ലോകം


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം