ആന്‍റണിയും കൊച്ചുതെരേസയും

8 വര്‍ഷം മുന്‍പ് നടന്ന ഒരപകടമാണ് ജീവിതം വഴിതിരിച്ചുവിട്ടത്: ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി 64-കാരന്‍

ആന്‍റണിക്ക് ഒരു കാറും ബൈക്കും ഉണ്ട്. മിക്കപ്പോഴും അവ ഓടുന്നത് ആരോരുമില്ലാതവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുന്നതിന് വേണ്ടിയാണ്.

മൂന്ന്  പേർ അടങ്ങുന്ന കുടുംബമായിരുന്നു അവരുടേത്; അച്ഛനു കൂലിപ്പണിയാണ്, മകൾ അധ്യാപികയും.

ഒരിക്കൽ സേലത്തേയ്ക്കുള്ള യാത്രയ്ക്കിടയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. മൂന്നു പേരു ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ടിയിൽ നിന്ന് അമ്മയെ പുറത്തെടുക്കുന്നതിനിടയിൽ അവരുടെ കാലുകൾക്ക്   ഗുരുതരമായി പരിക്കേറ്റു. മൂന്നു പേരും ഏറെ നാൾ കിടപ്പിലായിരുന്നു. ഇപ്പോൾ  അച്ഛന് ചെറുതായി നടക്കാമെങ്കിലും ജോലിക്ക് പോകുക ബുദ്ധിമുട്ട് തന്നെ. അമ്മയുടെ അവസ്ഥയും മെച്ചമല്ല–കാലുകൾക്ക് തീരെ ശക്തിയില്ല.

മകൾ ഇപ്പോഴും ശരീരം തളർന്ന് കിടപ്പിലാണ്. ഭക്ഷണമെല്ലാം ട്യൂബിലൂടെയാണ് നല്‍കുന്നത്. ഇതേ അവസ്ഥയായിട്ട് നാല് വർഷമായി.  മറ്റാരും സഹായിക്കാനില്ലാത്ത സമയത്ത് ഈ കുടുംബത്തിന് താങ്ങും തണലും  ആയി എത്തിയത് ആന്‍റണി പുത്തൻവീട്ടിൽ എന്ന 64-കാരനാണ്.

പൂക്കളും ചെടികളും ജീവനാണ് ആന്‍റണിക്ക്

ആന്‍റണി സഹായിക്കുന്ന അനേകം കുടുംബങ്ങളിൽ ഒന്നുമാത്രമാണ് ആ മൂന്നംഗകുടുംബം. വീടുകളിലേക്കാവശ്യമുള്ള സാധനങ്ങൾ, മരുന്ന് എന്നിവ മാത്രമല്ല ഒന്ന് അത്യാവശ്യമായി ആശുപത്രിയിൽ പോകണമെങ്കിലോ മാസാമാസമുള്ള പരിശോധനകൾ നടത്തണമെങ്കിലോ ആരും ആവശ്യപ്പെടാതെ തന്നെ ആന്‍റണി സഹായത്തിനെത്തും.

ഇരിങ്ങാലക്കുടയിലെ മേലടൂർ എന്ന സ്ഥലത്തുള്ള ഒരു ആശുപത്രിയുടെ പാലിയേറ്റീവ് കെയറിന്‍റെയും മറ്റു സുമനസ്സുകളുടെയും സഹായവും ഇതിൽ ആന്‍റണിക്കുണ്ട്

“മാനസികമായ സന്തോഷം അല്ലാതെ ഞാൻ മറ്റൊന്നും ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.. ഓരോരുത്തരെയും കാണുമ്പോൾ എന്നെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നാണ് മനസ്സിൽ ആദ്യം കയറിവരുന്ന ചിന്ത. പിന്നെ ഞാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ സഹായിക്കും,” ആന്‍റണി ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.

ഞാൻ അദ്ദേഹത്തിനോട് സംസാരിക്കാൻ ഇരിക്കുമ്പോൾ ആ കുടുംബത്തിന്‍റെ കറണ്ട് ബില്ല് അടച്ച്  അവർക്ക് ആവശ്യമുള്ള  മരുന്നും സാനിറ്ററി നാപ്കിൻ അടക്കമുള്ള അവശ്യ സാധനങ്ങളും വാങ്ങിക്കൊടുത്തു വരുന്ന വഴിയാണ്. സഹായം ആർക്കാവശ്യം ഉണ്ടോ അവിടെ ആന്‍റണിയുണ്ടാവും.

ആന്‍റണിക്ക് ഒരു കാറും ബൈക്കും ഉണ്ട്. മിക്കപ്പോഴും അവ ഓടുന്നത് ആരോരുമില്ലാതവർക്ക് ഒരു സഹായം ചെയ്തു കൊടുക്കുന്നതിന് വേണ്ടിയാണ്.

എട്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അപകടമാണ് ആന്‍റണിയുടെ ജീവിതം പാടെ മാറ്റിമറിച്ചത്.

സാന്ത്വനവും സഹായവുമായി കിടപ്പുരോഗികള്‍ക്കരികിലേക്ക് ഓടിയെത്താന്‍ ആന്‍റണി എപ്പോഴും തയ്യാറാണ്.

കളമശ്ശേരിയിൽ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്നു ആന്‍റണിയും  ഭാര്യ മേരിയും. ബൈക്കിനു പുറകിൽ മറ്റൊരു വണ്ടി വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ മേരി താഴേക്കു വീണു. ഒട്ടും സമയം വൈകാതെ തന്നെ ആന്‍റണി മേരിയേയും ഇടിച്ചിട്ട വാഹനത്തിൽ നിന്ന് താഴെ വീണു സാരമായി പരിക്കേറ്റ ആളെയും അടുത്തുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചു.

“അവിടെ എത്തിയതും അവർ ( മേരി ) ഒന്ന് ഛർദിച്ചു. സ്കാൻ ചെയ്യാൻ കയറ്റി വൈകാതെ തന്നെ ഡോക്ടർ എന്നോട് പറഞ്ഞു, അധികം സമയം ഇല്ലെന്ന്. അപ്പോൾ മനസ്സിൽ ഒരു തോന്നൽ അവരുടെ അവയവങ്ങൾ ദാനം ചെയ്യണമെന്ന്. ഞാൻ അപ്പോൾ തന്നെ വേണ്ടപ്പെട്ട ഒരു ചേട്ടനെ വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു. മക്കളോടും കൂടി ആലോചിക്കുന്നതല്ലേ നല്ലത് എന്ന് അദ്ദേഹം ചോദിച്ചു. മക്കളോട് പറഞ്ഞപ്പോൾ അവർക്കും സമ്മതം. മേരിയുടെ  നിനച്ചിരിക്കാതെയുള്ള മരണമാണ് എന്നെ കൂടുതലായി കാരുണ്യ പ്രവൃത്തികളിലേയ്ക്ക് തിരിച്ചത്,” ആന്‍റണി പറയുന്നു.

മുൻപും തങ്ങളാൽ കഴിയാവുന്നത്ര സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ മേരിയും ആന്‍റണിയും  ശ്രദ്ധിച്ചിരുന്നു. എന്നാൽ മേരിയുടെ വേർപാടോടെ ആന്‍റണി തന്‍റെ മുഴുവൻ സമയവും ഇത്തരം പ്രവർത്തികൾക്ക് വേണ്ടി മാറ്റിവെച്ചു.

ജീവിക്കുന്നതിനായി ഒത്തിരി ജോലികൾ ആന്‍റണി ചെയ്തിട്ടുണ്ട്. മണൽ വാരൽ, കടല്‍ഭിത്തി കെട്ടൽ, അങ്ങനെ പലതും. പിന്നീട് ഒരു ഓട്ടു കമ്പനി തുടങ്ങി. അത് നഷ്ടത്തിലായി. പിന്നെ, പണ്ടത്തെ തൊഴിലുകളിലേയ്ക്ക് തിരിച്ചു പോയി. അവിടെ നിന്ന് സമാഹരിച്ച പണം കൊണ്ട് പിന്നെയും ഓട്ടുകമ്പനി തുടങ്ങി. അത്  നന്നായി ഓടി.

ആന്‍റണിയും കൊച്ചുതെരേസയും

“അന്ന് ഞാനും മേരിയും തീരുമാനിച്ചിരുന്നു. അഞ്ചു രൂപ കിട്ടുകയാണെങ്കിൽ അതിൽ രണ്ടു രൂപ മറ്റുള്ളവരെ സഹായിക്കുന്നതിനായി  മാറ്റിവെയ്ക്കാമെന്ന്,” ആന്‍റണി ഓര്‍ക്കുന്നു.

രാപ്പകൽ അധ്വാനിച്ച്  കിട്ടുന്ന പൈസ സ്വരുക്കൂട്ടി വളരെ ലളിതമായ ജീവിതം ജീവിച്ചു വരുകയായിരുന്ന ആന്‍റണി  കാരുണ്യ പ്രവർത്തനവഴിയില്‍ കണ്ടുമുട്ടിയ ജീവിതങ്ങൾ കുറച്ചൊന്നുമല്ലായിരുന്നു.  കേട്ടുപതിഞ്ഞ കഥകൾ തന്നെയാണ് മിക്കതും–അസുഖം മൂലം അവശരാകുമ്പോൾ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ ആക്കുക, എന്തെങ്കിലും അപകടം പറ്റി അത് ഭേദമാകില്ല എന്ന് കാണുമ്പോൾ ഉപേക്ഷിക്കുക അങ്ങനെ പോകുന്നു ആന്‍റണി കണ്ട ജീവിതങ്ങൾ.

കൊടകരയിലും, പള്ളുരുത്തിയിലും, കൂനമ്മാവിലും എറണാകുളത്തിന്‍റെ പല ഭാഗങ്ങളിലുമായി മാനസിക നില തെറ്റിയ ആളുകളെയും മറ്റും താമസിപ്പിച്ചിട്ടുള്ള പല സ്ഥാപനങ്ങളിലും ആന്‍റണി സഹായമായി എത്താറുണ്ട്. ചിലപ്പോൾ ചക്കയും, മാങ്ങയും  കപ്പയും ഒക്കെ ആയിട്ടായിരിക്കും ചെല്ലുക. മറ്റു ചിലപ്പോള്‍ സന്ദർശകരും കൂടെയുണ്ടാകും. അവിടത്തെ അവസ്ഥ കാണുമ്പോൾ മിക്കവരും സഹായങ്ങൾ ചെയ്യും. അതുപോലെത്തന്നെ പാലിയേറ്റീവ് കെയർ. യൂണിറ്റുകളിലും സഹായങ്ങളുമായി ഈ നിത്യസന്ദര്‍ശകനെത്തും.

സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനായി ആന്‍റണി സന്നദ്ധ സംഘടനയൊന്നും ഉണ്ടാക്കിയിട്ടില്ല. നാട്ടുകാരോടും പരിചയപ്പെടുന്നവരില്‍ സഹായിക്കാൻ കെൽപ്പുണ്ടെന്ന് തോന്നുന്നവരോടും സഹായം ആവശ്യമുള്ള ആളുകളെക്കുറിച്ചും കുടുംബങ്ങളെക്കുറിച്ചും പറയും. അവരില്‍ മിക്കവരും ആന്‍റണിയെ സഹായിക്കാന്‍ തയ്യാറായി വരും.

പലപ്പോഴും സാധാരണക്കാർ തന്നെയാണ് കൂടുതലും സഹായിക്കുന്നതെന്ന് ആന്‍റണി പറഞ്ഞു.  “വാട്ടർ ബെഡ് ഒക്കെ ചിലപ്പോൾ സ്വന്തം കയ്യിൽ നിന്ന് പൈസ ഇട്ട് വാങ്ങേണ്ടി വന്നിട്ടുണ്ട്. കൂടാതെ, ആരെങ്കിലും മരിച്ചു കഴിയുമ്പോൾ രോഗി വാട്ടർ ബെഡ് ഉപയോഗിക്കുന്ന ആൾ ആയിരുന്നുവെങ്കിൽ അവർ എന്നെ വിളിച്ച് കാര്യം പറയും. ഞാൻ അതെടുത്തു കൊണ്ട് പോയി കഴുകി വൃത്തിയാക്കി അത് പണം കൊടുത്തു വാങ്ങിക്കുവാൻ കഴിയാത്തവർക്ക് കൊടുക്കും,” ആന്‍റണി പറഞ്ഞു.

നാടിന്‍റെ ആദരം

2018-ലെ പ്രളയകാലത്തും ആന്‍റണി ഒരുപാട് പേര്‍ക്ക് സഹായമെത്തിച്ചു.  ആലുവയിൽ ചെങ്ങമനാട് അടുത്ത് കുറച്ചു പേർ വീടുകളിൽ കുടുങ്ങിപ്പോയിരുന്നു. വീടിന് പുറത്ത് കടക്കാൻ  പറ്റാതെ, വെള്ളം പോലും കുടിക്കാൻ സാധിക്കാതെ കിടക്കുന്നവരുണ്ടായിരുന്നു. നേവി വരാതെ അവരെ അവിടെ നിന്ന് രക്ഷിക്കുക ബുദ്ധിമുട്ടുള്ള കാര്യം തന്നെ. പക്ഷെ, തോണി തുഴയാൻ അറിയുന്ന ആന്‍റണി നേവി വരുന്നത് വരെ മൂന്നു നാല് ദിവസങ്ങളോളം സുഹൃത്ത് തോമസ്  പയ്യപ്പിള്ളിയുമായി ചേർന്ന്  അവർക്ക് ആവശ്യമുള്ള ഭക്ഷണവും മറ്റും എത്തിച്ചു കൊണ്ടേയിരുന്നു.

അവരെ റിലീഫ് ക്യാമ്പിൽ എത്തിച്ചതിച്ചതിന് ശേഷവും‌  ദിവസങ്ങളോളം കൂടെ നിന്ന് അവിടെയുള്ളവർക്കു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതടക്കമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു . ഏകദേശം 1,200 -ഓളം ആളുകൾ ആ ക്യാമ്പിൽ ഉണ്ടായിരുന്നു.

പിന്നീട് കലക്റ്ററുടേയും വില്ലജ് ഓഫീസർമാരുടെയും പൂർണ്ണ പിന്തുണയോടെ ഒരുപാട് സാധനങ്ങൾ ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ ആന്‍റണിയും കൂടി.

ഈ കൊറോണ കാലത്ത് അഞ്ഞൂറ് വീടുകൾ കയറിയിറങ്ങി ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.  ചിലർക്കൊക്കെ ചികിത്സാസഹായം ലഭിക്കുന്നതിനുള്ള ഫോമുകൾ തേടിപ്പിടിച്ച് അതിനാവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു. ചിലര്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ ചികിത്സാസഹായം  ലഭിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ആന്‍റണി പറഞ്ഞു.

“ലിസി എന്നായിരുന്നു അവരുടെ പേര് .അവർക്ക് തൊണ്ടയിൽ കാൻസർ ആയിരുന്നു. ഭർത്താവിനാണെങ്കിൽ കൂലിപ്പണി. മക്കൾ വളരെ ചെറിയതാണ്. വേറെ വരുമാനമോ സ്വത്തു വകകളോ  ഇല്ല. അങ്ങനെ ഒരു ഫോം പൂരിപ്പിച്ച് അവർക്കെകദേശം ഇരുപതിനായിരം രൂപ കിട്ടി,” വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.

എല്ലാ മാസവും ആന്‍റണി പറ്റുന്നത്ര ആളുകളെയും, കുടുംബങ്ങളെയും സന്ദർശിക്കും. അറുപത്തിമൂന്നു  വയസ്സ് വരെ ആന്‍റണി മുടങ്ങാതെ മൂന്നു മാസം കൂടുമ്പോൾ രക്തം കൊടുത്തിരുന്നു. ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടുതന്നെ മിക്ക സന്നദ്ധ സംഘടനകളും ആന്‍റണിയെ അവരുടെ പല പ്രോജക്റ്റുകളുടെയും കോർഡിനേറ്റർ ആയും വെച്ചിട്ടുണ്ട്.

എളന്തിക്കരയിലെ വീടിനു മുന്നിൽ  ഒരു വലിയ പൂന്തോട്ടം വെച്ചുപിടിപ്പിക്കാനും ആന്‍ണി സമയം കണ്ടെത്തിയിട്ടുണ്ട്. “പണ്ടും പൂക്കളോടും ചെടികളോടും എനിക്ക് വല്ലാത്തൊരു ഇഷ്ടം തന്നെയായിരുന്നു. അവർക്ക് നമ്മളെ മനസിലാക്കാൻ കഴിയും.  ഇവരെ കാണുന്നത് എനിക്കും ഒരു ആശ്വാസമാണ്” എന്ന് ആന്‍റണി.

ഇതുകൂടാതെ നല്ലൊരു പച്ചക്കറിത്തോട്ടവും ആ വീട്ടിലുണ്ട്.  മേരി മരിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്‍റണി കൊച്ചുതെരേസയെ  വിവാഹം കഴിച്ചു. “അവരും (കൊച്ചുതെരേസ) എനിക്ക് പൂർണ്ണ പിന്തുണയാണ് തരുന്നത്. മിക്കപ്പോഴും, ഞാൻ ഒരു സമയത്ത് ഇറങ്ങിപ്പോയാല്‍ പിന്നെ ഒരു സമയമാകും കയറിവരുമ്പോൾ. പക്ഷെ, അവർക്ക് യാതൊരു പരിഭവങ്ങളും പരാതികളും ഇല്ല,” ആന്‍റണി സന്തോഷത്തോടെ പറഞ്ഞു.


ഇതുകൂടി വായിക്കാം: ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം