കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. ആരോ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സെലിൻ ജോസഫ് പുത്തൻവേലിക്കരയിലുള്ള ആ വീട്ടിൽ എത്തുന്നത്. ആ വീട്ടിലെ അഞ്ചു പേരും മാനസിക അസ്വാസ്ഥ്യം ഉള്ളവരായിരുന്നു.
അവിടെ കണ്ടത് തികച്ചും ഹൃദയഭേദകമായ കാഴ്ചയായിരുന്നു എന്ന് സെലിൻ പറയുന്നു. അമ്മയും മകളും മഴയിൽ നനഞ്ഞു കുളിച്ച് ഒരു വാഴയ്ക്ക് താഴെ നിൽക്കുന്നു. ഒരു മകൻ മഴയെ വകവെയ്ക്കാതെ തെങ്ങിൽ കയറി ഇരിക്കുന്നു.
അടുത്തുള്ള വീടുകളിലെല്ലാം ഇയാൾ തെങ്ങു കയറി കൊടുക്കുമായിരുന്നു. പണമായി ഒന്നും കൊടുക്കേണ്ടതില്ല, കഴിക്കാനോ കുടിക്കാനോ കൊടുത്താൽ മതി. അതുകൊണ്ട് അവിടെയുള്ളവരെല്ലാം തെങ്ങുകേറാനായി വേറെ ആരെയും വിളിക്കാറുമില്ല.
രണ്ടാമത്തെ മകൻ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. പിന്നീടന്വേഷിച്ചപ്പോൾ അയാൾ എന്നത്തേയും പോലെ തൊട്ടടുത്തുള്ള ആശുപത്രിപ്പടിക്ക് മുൻപിൽ ആരെങ്കിലും എന്തെങ്കിലും നൽകുമെന്ന പ്രതീക്ഷയോടെ വരുകയും പോകുകയും ചെയ്യുന്ന ഓരോ കണ്ണിലേയ്ക്കും ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്ന് അറിഞ്ഞു.
മൂത്ത മകന്‍റെ ഭാര്യ ഇതെല്ലാം കണ്ട് ഭയന്ന് വിറച്ച് ആ വാടക വീടിന്‍റെ ഒരരികിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക് തുടക്കത്തിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷെ, മാനസികപ്രശ്നങ്ങളുള്ള ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും കൂടെയുള്ള സഹവാസമായിരിക്കാം, അവരെയും ആ നിലയിൽ എത്തിച്ചത്.
ആ കുടുംബത്തിന്‍റെ അവസ്ഥ നേരിട്ട് മനസിലാക്കിയ സെലിൻ അന്നത്തെ എറണാകുളം കളക്റ്ററെ ചെന്നുകണ്ടു. അവരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അത്രയ്ക്കുള്ള പണം തന്‍റെ കയ്യില്‍ ഇല്ലെന്നും പറഞ്ഞു. അതുകൊണ്ട് കളക്റ്റര്‍ ഇടപ്പെട്ട് അവരെ സഹായിക്കണമെന്നായിരുന്നു സെലിന്‍റെ അഭ്യർത്ഥന.
ഇതിനെത്തുടർന്ന് കളക്റ്റര്‍ ഇടപെട്ട് ആ അഞ്ചംഗകുടുംബത്തെ തൃശ്ശൂർ ഗവൺമെൻറ് മെന്‍റല്‍ ഹെൽത്ത് സെന്‍ററിലേയ്ക്ക് ചികിത്സായ്ക്കായി അയക്കുകയും ചെയ്തു. അവിടത്തെ ചികിത്സയിൽ അവരുടെ മാനസിക നില മെച്ചപ്പെട്ടു. അതിന് ശേഷം അവരെ അവർ താമസിച്ചിരുന്ന വീട്ടിൽ സെലിനും കൂട്ടരും തിരികെ എത്തിക്കുകയും ചെയ്തു.
ഇതൊരു പത്രവാർത്തയായി വന്നപ്പോള്‍ ചില മനുഷ്യസ്നേഹികള്‍ സഹായിക്കാനായി മുന്നോട്ടുവന്നു. സ്ഥിര വരുമാനത്തിനായി ഒരു മില്ല് ആ കുടുംബത്തിന് സൗജന്യമായി ഇട്ടു കൊടുത്തു. മറ്റൊരു കൂട്ടർ അവർക്ക് ഒരു വീട് കെട്ടിക്കൊടുക്കുകയും ചെയ്തു.
തുടർന്ന് ഇവരുടെ ബാക്കിയുള്ള കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുന്നതിനായി സെലിൻ ഒരു കമ്മിറ്റി ഉണ്ടാക്കി. ആ കുടുംബത്തെ സഹായിക്കാനായി പലരും അയച്ചു തന്ന പണത്തിന്‍റെ കാര്യമെല്ലാം നോക്കുന്നതിന് വേണ്ടിയായിരുന്നു അത്.
സെലിന്‍റെ മുന്‍കൈയില്‍ ജീവിതം തിരികെപ്പിടിച്ച ഒരു കുടുംബത്തിന്‍റെ കഥ മാത്രമാണിത്. അവർ മൂലം രക്ഷപ്പെട്ടിട്ടുള്ള കുടുംബങ്ങൾ ഒന്നല്ല, ഒട്ടനവധിയുണ്ട്.
മുപ്പതിലേറെ വർഷങ്ങളായി ഈ 62-കാരി സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടുതുടങ്ങിയിട്ട്. എന്നാൽ സെലിന് ഒരു പ്രേത്യേകതയുണ്ട്. സഹായം തീർത്തും ആവശ്യമുള്ള ആരുടെ അടുത്തും അവർ ഓടിയെത്തും. അതിൽ ആരോരുമില്ലാത്തവരും ആദിവാസികളും എച്ച് ഐ വി ബാധിതരുമെല്ലാം ഉൾപ്പെടും.
സെലിന്‍റെ സേവനങ്ങൾ എത്താത്ത മേഖലകൾ കുറവാണ്. കൈത്തൊഴിലുകൾ എടുക്കുന്ന നാലായിരത്തോളം സ്ത്രീകളെയാണ് കേന്ദ്ര സർക്കാരിന്‍റെ ക്ഷേമനിധിയിൽ സെലിൻ അംഗങ്ങൾ ആക്കിയത്. “ഇതിന്‍റെ ഭാഗമായി കിട്ടിയ തിരിച്ചറിയൽ കാർഡുകൾ അവർക്ക് വലിയ ഉപകാരമായിരുന്നു,” സെലിൻ ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.
എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ മാറി വന്ന കേന്ദ്രസർക്കാരുകൾ പ്രായപരിധിയിൽ കൊണ്ടുവന്ന മാറ്റങ്ങള്‍ മൂലം ഇതില്‍ ഒരുപാട് പേർക്ക് അംഗത്വം നഷ്ടമായി. എങ്കിലും സെലിൻ തന്നാൽ കഴിയുന്നവർക്ക് സംസ്ഥാന സർക്കാരിന്‍റെ ക്ഷേമനിധിയിൽ അംഗത്വം എടുത്തുകൊടുത്തിട്ടുണ്ട്. “ഇപ്പോൾ നാനൂറോളം സ്ത്രീകൾക്കാണ് ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളത്,” സെലിൻ പറഞ്ഞു.
പാവപ്പെട്ട 200 കുടുംബങ്ങൾക്കാണ് സെലിൻ കക്കൂസുകൾ പണിഞ്ഞു കൊടുത്തത്. എറണാകുളത്തും, തൃശ്ശൂരുമായി നൂറ്റിഇരുപതോളം ബ്ലഡ് ഡോണെഷൻ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്, കൂടാതെ അനേകം മെഡിക്കൽ ക്യാമ്പുകളും. രണ്ട് വർഷത്തോളം സംസ്ഥാന സർക്കാരുമായി സഹകരിച്ച് മലയാറ്റൂര്‍ പൊങ്ങന്‍ചോട് ആദിവാസി കോളനിയിലും മെഡിക്കൽ ക്യാമ്പുകൾ നടത്തി.
സെലിന് കണ്ടുമുട്ടിയ മറ്റൊരു കുടുംബത്തെ കുറിച്ച് പറയാം. അവിടെ അച്ഛനും രണ്ട് പെൺമക്കളും. മൂത്ത മകള്‍ വിവാഹിതയാണ്. അമ്മയുടെ മരണത്തിന് ശേഷം ഇളയ മകളും അച്ഛനും മാത്രമായി ആ വീട്ടില്‍. ആ പെൺകുട്ടി പത്താം തരം പാസ്സായതിനു ശേഷം തുടർന്ന് പഠിക്കാനൊന്നും പോയിരുന്നില്ല.
വീടിനടുത്ത് പേപ്പർ ബാഗുകൾ ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ജോലിക്കു പോയിക്കൊണ്ടിരിക്കുകയായിരുന്നു. സെലിൻ ആ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ആരോടും മിണ്ടാതെ, ഭക്ഷണം കഴിക്കാതെ മാനസിക നിലയൊക്കെ തെറ്റി, വീടിന്‍റെ ഒരു കോണിൽ ഭയപ്പാടോടെ ഇരിക്കുന്ന ഇരുപത് വയസ്സുകാരി പെൺകുട്ടിയെ ആയിരുന്നു.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. എന്നാലും ചുരുണ്ട് കൂടിയിരിക്കുന്ന ആ പെൺകുട്ടിയുടെ മുഖം ഇപ്പോഴും കണ്മുന്നിലുണ്ടെന്നു സെലിൻ ഒരു നടുക്കത്തോടെ പറയുന്നു.
പിന്നീടാണ് ആ കുട്ടിയുടെ അച്ഛൻ തന്നെയാണ് അവളെ പീഡിപ്പിച്ചതെന്നും, ആ ആഘാതത്തിലാണ് അവളുടെ മാനസിക നില തെറ്റിയതെന്നും അവർക്ക് മനസ്സിലാകുന്നത്. സെലിന്‍റെ സഹായത്തോടെ കുസുമഗിരി മഠത്തിലെ കന്യാസ്ത്രീകൾ പിന്നീട് ആ കുട്ടിയെ ഏറ്റെടുത്ത് ചികിത്സ കൊടുക്കാനും തയ്യാറായി. “വർഷങ്ങൾക്കിപ്പുറം അവളിപ്പോൾ ചുറുചുറുക്കുള്ള യുവതിയാണ്. ഒരു മഠത്തിൽ താമസിക്കുന്നു. പാട്ടിലും നൃത്തത്തിലും ഒക്കെ അവൾ ഇപ്പോൾ മിടുക്കിയാണ്,” അത് പറയുമ്പോൾ സെലിന്‍റെ വാക്കുകളിൽ അതിയായ സന്തോഷം.
“1970 -കളിൽ ആണ് കന്യാത്രീയാകണമെന്ന മോഹത്തോടെ ഒരു മഠത്തിൽ ചേരുന്നത്,” സെലിൻ സ്വന്തം ജീവിതത്തെക്കുറിച്ച് പറയാൻ തുടങ്ങി. “എന്‍റെ അതിയായ ആഗ്രഹമായിരുന്നു അത്. പക്ഷെ, നമ്മൾ ചിന്തിക്കുന്ന പോലെയല്ലല്ലോ കാര്യങ്ങൾ ദൈവം നിശ്ചയിക്കുന്നത്. എല്ലാ മാസത്തിലും എന്‍റെ കാലിൽ ഒരു വാതക്കുരു വരും. അത് വന്നു കഴിഞ്ഞാൽ പിന്നെ എനിക്ക് ബെഡ് റസ്റ്റ് അത്യാവശ്യമായിരുന്നു, അതങ്ങനെ ആറ് മാസം തുടർന്നപ്പോൾ കന്യാസ്ത്രീ അമ്മമാർ എന്നോട് വീട്ടിൽ പോയി പൂർണ്ണമായും ഭേദമായിട്ട് വന്നുകൊള്ളാൻ പറഞ്ഞു.
ഇതുകൂടി വായിക്കാം: മുന്‍പ് പത്രവിതരണക്കാരന്‍, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്‍
“പക്ഷെ, അന്ന് മഠത്തിൽ നിന്ന് പോന്നുകഴിഞ്ഞു ഇന്നേ വരെ ആ അസുഖം എനിക്കുണ്ടായിട്ടില്ല ഒരുപക്ഷെ എന്‍റെ വിളി ഇതായിരിക്കും. അതിലെനിക്ക് സന്തോഷമേ ഉള്ളൂ. കാരണം, എനിക്കിന്ന് ആരെ വേണമെങ്കിലും സഹായിക്കാം. സ്വാതന്ത്ര്യം ഉണ്ട്. ഒരുപക്ഷെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം എനിക്ക് മഠത്തിൽ കിട്ടുമായിരുന്നു എന്ന് തോന്നുന്നില്ല. തിരുവസ്ത്രം ഇട്ടില്ലന്നേ ഉളളൂ. ക്രിസ്തുവിന്‍റെ മണവാട്ടി ആയി തന്നെയാണ് ഞാൻ ഇപ്പോഴും എന്നെ കരുതുന്നത്,” സെലിൻ ചാരിതാർഥ്യത്തോടെ പറഞ്ഞു.
പതുക്കെപ്പതുക്കെ സാമൂഹ്യ പ്രവർത്തനങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങിയ സെലിൻ 1977-ൽ ആണ് എറണാകുളം പറവൂരിനടുത്ത് എളന്തിക്കരയിൽ ദീപിൻ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന ഉണ്ടാക്കുന്നത്.
രണ്ട് വർഷത്തോളം സംസ്ഥാന സർക്കാരുമായി സഹകരിച്ച് പൊങ്ങന്‍ചോട് ആദിവാസി കോളനിയിൽ സെലിൻ പ്രവർത്തിച്ചു. ആ പ്രദേശത്തെ മിക്ക പുരുഷന്മാരും മദ്യത്തിനും മയക്കമരുന്നിനും അടിമകളായിരുന്നു എന്ന് സെലിൻ.
“ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവരുമായി സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. കാരണം മിക്ക ദിവസങ്ങളിലും അവർ കാടിനുള്ളിലായിരിക്കും. ബാക്കിയുള്ള ദിവസങ്ങൾ ലഹരിയിലും.
“സാമൂഹ്യ സ്ഥിതിയാണെങ്കിൽ അമ്പേ മോശവും. കിണറുകൾ അവിടെയിവിടെയായി കുറച്ചെണ്ണം ഉണ്ടെങ്കിലും അതിൽ വെള്ളം കുറവായിരുന്നു. കൂടാതെ, പൈപ്പ് കണക്ഷൻ മാത്രമല്ല കക്കൂസുകളും ഇല്ല . അവിടെയുള്ള കുട്ടികൾ ഒക്കെ ഒരു ഈർക്കിൾ കനമേ ഉണ്ടായിരുന്നുള്ളൂ. ഏകാധ്യാപക വിദ്യാലയം ആണ് അവിടെ ഉള്ളതെങ്കിലും കുട്ടികൾ ആരും അവിടെ പോകാറില്ല. കൂടാതെ, അവിടേയ്ക്കുള്ള യാത്ര തീർത്തും ദുർഘടം പിടിച്ചതും.
“വൈദ്യുതിക്കായി കുറച്ചു ആളുകൾക്ക് ഗവൺമെൻറ് ലൈൻ വലിച്ചു കൊടുത്തു എങ്കിലും അതെല്ലാം ആനയിറങ്ങി നശിപ്പിച്ചു കളഞ്ഞിരുന്നു. ഇതൊക്കെയായിരുന്നു അവിടത്തെ അവസ്ഥകൾ. വോളന്റിയർമാരായി വന്ന നാല്പത്തിയഞ്ചോളം കോളെജ് വിദ്യാർത്ഥികളുമായിട്ടാണ് സെലിൻ അവിടെ എത്തിയത്.
” ഓരോ വീടുകളിലും കയറി സർവ്വേ എടുക്കുകയായിരുന്നു ആദ്യപടി. അപ്പോൾ ഞങ്ങൾ എല്ലാവരെയും മെഡിക്കൽ ക്യാമ്പിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും ആവശ്യകതയെ പറ്റിയും പറഞ്ഞു മനസിലാക്കിക്കൊണ്ടേ ഇരുന്നു. ആദ്യമൊക്കെ വളരെ സംശയത്തോടു കൂടിത്തന്നെയാണ് അവർ ഞങ്ങളെ കണ്ടിരുന്നത് പിന്നീട് അയഞ്ഞു വന്നു,” സെലിൻ പറഞ്ഞു.
ഒരിക്കൽ അവരുടെ അടുത്ത് സഹായമഭ്യർത്ഥിച്ച് വന്ന ഒരു സ്ത്രീയിൽ നിന്നാണ് എച്ച് ഐ വി യെ കുറിച്ച് യാതൊരു തരത്തിലുള്ള ബോധവൽക്കരണവും ഇല്ല എന്ന് സെലിൻ മനസിലാക്കുന്നത്.
ആ സ്ത്രീയുടെ ഭർത്താവ് ബോംബെയിൽ ആണ് ജോലി ചെയ്തിരുന്നത് വേശ്യാതെരുവിൽ പണം ധൂർത്തടിച്ചു കളയാൻ അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. എന്നാൽ ഇങ്ങനെ പോകുന്നവർക്ക് എച്ച് ഐ വി കിട്ടുമെന്നോ, അത് മറ്റൊരാൾക്ക് പകരുമെന്നോ അയാൾക്കും ഭാര്യക്കും അറിയില്ലായിരുന്നു. അയാളെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്ന് പറഞ്ഞിട്ടായിരുന്നു ആ സ്ത്രീ സെലിനെ സമീപിച്ചത്. ആദ്യമൊന്നും അയാൾ കാര്യമായി അതെടുത്തില്ല. പക്ഷെ, അധികം വൈകാതെ തന്നെ അവർ രണ്ട് പേർക്കും എയ്ഡ്സ് ബാധിച്ചു. കാര്യങ്ങളുടെ ശരിക്കുള്ള അവസ്ഥ ആ ഭാര്യാഭർത്താക്കന്മാർക്ക് മനസിലായത് അപ്പോഴായിരുന്നു.
ഇത് സെലിനെ ഇരുത്തി ചിന്തിപ്പിച്ചു. പലരും ബോംബയിലും മറ്റു സംസ്ഥാനങ്ങളിലുമായി ജോലിക്കു പോകുന്നുണ്ട്. ഇത്തരത്തിൽ ഉള്ള പ്രവൃത്തികളിലും ഏർപ്പെടുന്നുമുണ്ടാകും . പക്ഷെ തിരിച്ചു വന്ന് ഭാര്യമാരുടെ ജീവിതവും തുലയ്ക്കുന്ന അവസ്ഥയ്ക്ക് ഒരറുതി വരുത്തണമെന്ന ചിന്തയോടുകൂടി തന്നെയാണ് ഒട്ടനവധി ബോധവൽക്കരണ ക്ളാസ്സുകൾ ഈ മേഖലയിൽ തൻ സംഘടിപ്പിച്ചതെന്ന് സെലിൻ പറയുന്നു.
തന്‍റെ വീട്ടു സ്വത്തു ചെലവിട്ടാണ് ഈ 62-കാരി ദീപിൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നതിനുള്ള സ്ഥലം വാങ്ങിച്ചതും, കെട്ടിടം പണിഞ്ഞതും. കൂടാതെ,സുഹൃത്തുക്കളും ബന്ധുക്കളും കയ്യഴിഞ്ഞു സഹായിക്കാറുണ്ടെന്ന് സെലിൻ പറഞ്ഞു. “എന്തെങ്കിലും അത്യാവശ്യം വന്നാൽ സുഹൃത്തുക്കളോടും അടുത്തറിയുന്നവരോടും ഒക്കെ ഒന്ന് വിളിച്ചു പറയും. മിക്കവരും സഹായിച്ചിട്ടേ ഉള്ളൂ.”
ഒരിക്കൽ നാട്ടിൽ ചികുൻ ഗുനിയ പടര്‍ന്ന കാലം. പാവപ്പെട്ട കുടുംബങ്ങളിൽ ഉള്ള മിക്കവരും ജോലിക്കു പോകാൻ കഴിയാതെ ഇരിക്കുന്ന സമയം. നാട്ടുകാരെ സഹായിക്കാന്‍ എന്തുചെയ്യും എന്നാലോചിച്ച് അവർ സ്വന്തം അനുജത്തിയുടെ മകനെ വിളിച്ചുപറഞ്ഞു. “രണ്ടു ചാക്ക് അരി തരാമെന്ന് അവൻ ഉറപ്പു പറഞ്ഞു. പിന്നെ ഞാൻ എന്‍റെ സുഹൃത്തുക്കളെയെല്ലാം പോയിക്കണ്ടു. ഒരാങ്ങളയുടെ മകനും രണ്ടു ചാക്ക് അരി തന്നു.”
അങ്ങനെയെല്ലാവരുടെയും സഹായത്തോടെ 55 ചാക്ക് അരി സെലിന്‍ സമാഹരിച്ചു. ഒരു മെഗാ ക്യാമ്പ് നടത്തി അരിയെല്ലാം ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഇതിനെല്ലാം പുറമെ, ആയുർവ്വേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങിയ ഗവൺമെൻറ് വിഭാഗങ്ങളുടെ ഡി എം ഒ മാരെ പോയിക്കണ്ടു. അവരെല്ലാം മരുന്നുകൾ സൗജന്യമായി കൊടുക്കുകയും ചെയ്തു.
പ്രളയകാലത്തും സെലിൻ ചെയ്ത സംഭാവനകൾ ഒട്ടും ചെറുതല്ല. എറണാകുളം കലക്ടറേറ്റിൽ വന്നിരുന്ന ആവശ്യ സാധനങ്ങളുടെ കിറ്റ് പാക്ക് ചെയ്യാൻ സഹായിക്കാൻ സെലിനും കൂടുമായിരുന്നു. അപ്പോഴാണ് തന്‍റെ നാട്ടിലും ആവശ്യക്കാരുണ്ടല്ലോ എന്ന് അവർ ഓർത്തത്. അപ്പോൾ തന്നെ ഈ കാര്യം കളക്റ്ററുടെ മുന്നിൽ അവതരിപ്പിക്കുകയും, അദ്ദേഹം അതിനുള്ള സഹായങ്ങൾ സെലിന് ചെയ്തു കൊടുക്കുകയും ചെയ്തു.
കൂടാതെ, ഈ കൊറോണക്കാലത്ത് എളന്തിക്കരയിലുള്ള സ്വന്തം വീട്ടിൽ ക്വറന്‍റൈൻ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു, അവശ്യ സാധനങ്ങളുടെ കിറ്റും, സൗജന്യ മരുന്നുകളും വിതരണം ചെയ്തു.
ഈ സേവനങ്ങള്‍ക്ക് പകരം സമൂഹം ആദരവും സ്നേഹവും പിശുക്കില്ലാതെ തിരിച്ചുനല്‍കി. മികച്ച സാമൂഹ്യപ്രവർത്തകയ്ക്കുള്ള സംസ്ഥാന അവാർഡും, ജില്ലാ അവാർഡും, കൂടാതെ സെലിൻ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയ്ക്ക് മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള ജില്ലാ, സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. തായ് ലാന്‍ഡിലും, ഗുജറാത്തിലും നടന്ന രണ്ട് അന്തരാഷ്ട്ര കോൺഫെറെൻസുകളുടെ ഭാഗമാകാനും സെലിന് സാധിച്ചു.
ഇതുകൂടി വായിക്കാം: ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter