ചുരുങ്ങിയ ബജറ്റില്‍ ഭൂമിയിലെ ഏറ്റവും വലിയ ദൂരദര്‍ശിനികള്‍ ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച മനുഷ്യന്‍

വളരെ ചുരുങ്ങിയ ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് ഗോവിന്ദ് സ്വരൂപ് സ്വന്തം നാടിനായി ടെലിസ്‌കോപ്പുകള്‍ നിര്‍മ്മിച്ചു. ജ്യോതിശാസ്ത്ര ഗവേഷണരംഗത്ത് ഇന്‍ഡ്യയെ പ്രധാന ശക്തിയാക്കി മാറ്റിയ സംഭാവനകളില്‍ ഒന്ന് അതായിരുന്നു

ക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് ഗോവിന്ദ് സ്വരൂപ് ലോകത്തോട് വിട പറഞ്ഞത്. ആ പേരിന് ഇന്‍ഡ്യയിലെയും ലോകത്തെയും തന്നെ ശാസ്ത്ര ലോകത്ത് വലിയ മാനങ്ങളുണ്ട്. അസാധാരണ ശാസ്ത്രദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച അല്‍ഭുത മനുഷ്യനെന്നാണ് അദ്ദേഹത്തെ മറ്റ് രാജ്യങ്ങളിലെ ശാസ്ത്ര സമൂഹം പോലും വിലയിരുത്തുന്നത്.

റേഡിയോ ആസ്‌ട്രോണമിയുടെ ആദ്യകാല ഗവേഷകരിലൊരാളായ ഗോവിന്ദ് സ്വരൂപ് തന്നെയാണ് ഇന്‍ഡ്യന്‍ റേഡിയോ ആസ്‌ട്രോണമിയുടെ പിതാവെന്നറിയപ്പെടുന്നതും.

91 വര്‍ഷം ജീവിതത്തിനിടയില്‍ ജ്യോതിശാസ്ത്രത്തിന്‍റെ മായികലോകത്ത് അദ്ദേഹം കടന്നുചെല്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, നക്ഷത്രങ്ങള്‍, താരാപഥങ്ങള്‍ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയുമെല്ലാം കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിശാസ്ത്രം അഥവാ ആസ്ട്രോണമി. റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ നടത്തുന്ന ആകാശ/ബഹിരാകാശ നിരീക്ഷണമാണ് റേഡിയോ ആസ്ട്രോണമി.

1930-കളില്‍ കാള്‍ ജാന്‍സ്‌കി എന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ തുടക്കമിട്ട ഈ ശാസ്ത്ര ശാഖയില്‍ അഗ്രഗണ്യനായിരുന്നു ഗോവിന്ദ് സ്വരൂപ്. റേഡിയോ ആസ്ട്രോണമിയില്‍ അസാധാരണമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റീസര്‍ച്ചി(ടിഐഎഫ്ആര്‍)ന്‍റെ പൂണെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോഫിസിക്‌സ് തുടങ്ങിയതും ലോകത്തെ തന്നെ രണ്ട് വലിയ ടെലിസ്‌കോപ്പുകള്‍ വികസിപ്പിച്ചതും ഇന്‍ഡ്യയുടെ അഭിമാനമായ ഗോവിന്ദ് സ്വരൂപാണ്.

ഊട്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഊട്ടി റേഡിയ ടെലിസ്‌കോപ്പും പൂണെയില്‍ സ്ഥാപിച്ചിരിക്കുന്ന ജയന്‍റ് മീറ്റര്‍ വേവ് റേഡിയോ ടെലിസ്‌കോപ്പും ഗോവിന്ദ് വികസിപ്പിച്ചതാണ്. ഈ ടെലിസ്‌കോപ്പുകള്‍ ഉപയോഗപ്പെടുത്തിയുള്ള കണ്ടുപിടുത്തങ്ങളാണ് ജ്യോതിശാസ്ത്ര ഗവേഷണത്തില്‍ ഇന്‍ഡ്യയുടെ സ്ഥാനം ഉറപ്പിച്ചത്.

ശാസ്ത്രകുതുകി

1929 മാര്‍ച്ച് 23-നാണ് ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള ചെറിയ പട്ടണമായ താക്കുര്‍ദ്വാരയില്‍ സ്വരൂപ് ജനിച്ചത്. കുട്ടിക്കാലേ തൊട്ടേ ശാസ്ത്രവിഷയങ്ങളോട് പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഗോവിന്ദ് 1950-ലാണ് അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ് സി ബിരുദം നേടി പുറത്തിറങ്ങുന്നത്. അതിന് ശേഷം പുതുതായി തുടങ്ങിയ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി(എന്‍പിഎല്‍)യില്‍ ജോലിക്കായി ചേര്‍ന്നു.

തുടക്കത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രമുഖ ഭൗതികശാസ്ത്ര ഗവേഷകനായ കെ എസ് കൃഷ്ണന്‍റെ മേല്‍നോട്ടത്തിലായിരുന്നു. ഇലക്ട്രോണിന്‍റെ സ്പിന്‍ റിസണന്‍സ് അളക്കുന്നതിലായിരുന്നു തന്‍റെ ഗുരുവിനോടൊപ്പം സ്വരൂപ് ആദ്യം ശ്രദ്ധ വെച്ചത്. ഭൗതികശാസ്ത്രത്തില്‍ അന്നത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു അത്.

സൗരവികിരണങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ കൂടുതല്‍ ഗവേഷണം നടത്തിയ ശേഷം ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം ഡോക്റ്ററേറ്റ് നേടിയത്. തുടര്‍ന്ന് 1963 വരെ വിശ്വവിഖ്യാതമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി ജോലി ചെയ്തു.

വിദേശങ്ങളിലെ പ്രശസ്തിയും നല്ല ശമ്പളവുമുള്ള ജോലി ഉപേക്ഷിച്ചാണ് ഗോവിന്ദ് സ്വരൂപ് ഇന്‍ഡ്യയിലേക്ക് തിരിച്ചുവരുന്നത്. അതിന് കാരണം ഡോ. ഹോമി ജെ ഭാഭ ആയിരുന്നു. അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ്പ്ര ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചുമായി സഹകരിക്കാന്‍ സ്വരൂപ് തീരുമാനിച്ചത്.

പൂണെയിലെ ആ വലിയ ദൂരദര്‍ശിനി

ജയന്‍റ് മീറ്റര്‍ വേവ് റേഡിയോ ടെലിസ്‌കോപ്പ് അഥവാ ജിഎംആര്‍ടി, ഇന്‍ഡ്യയുടെ അഭിമാനമായി നിലനില്‍ക്കുന്ന ശാസ്ത്രകേന്ദ്രമാണിത്. റേഡിയോ വര്‍ണ്ണരാജിയിലെ മീറ്റര്‍ തരംഗദൈര്‍ഘ്യസീമയില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കാനുപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയെന്ന് തന്നെ പറയാം.

ഈ ദുരദര്‍ശിനി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരനുഭവം, ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കുറിച്ച് പഠിക്കുന്ന ഗവേഷകനും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റീസര്‍ച്ചിന്‍റെ തലവനുമായ രാജേഷ് കുംബ്ലെ ടൈംസ് ഓഫ് ഇന്‍ഡ്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നതിങ്ങനെ. “അദ്ദേഹം (ഗോവിന്ദ് സ്വരൂപ്) 45 മീറ്റര്‍ ജിഎംആര്‍ടി ഡിഷ് ആന്‍റിനകള്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് ശാസ്ത്രത്തിനായുള്ള ഇന്‍ഡ്യയുടെ ഫണ്ടിങ് വളരെ കുറവായിരുന്നു. ചെലവ് ചുരുക്കാനും എന്നാല്‍ അതിന്‍റെ വഴക്കം ഉറപ്പ് വരുത്താനും, വലിയ ഡിഷുകള്‍ക്കായി അദ്ദേഹം ഉപയോഗിച്ചത് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മെഷാണ്. സാധാരണയായി മറ്റേതെങ്കിലും ഖര ലോഹമുപയോഗിച്ചാണ് അതുണ്ടാക്കിയിരുന്നത്. എന്നാല്‍ ഗോവിന്ദിന്‍റെ കണ്ടുപിടുത്തം ഡിഷ് ആന്‍റിനയില്‍ കാറ്റിന്‍റെ ലോഡ് കുറയ്ക്കുകയും ചെയ്തു. അത് അന്താരാഷ്ട്രതലത്തില്‍ പ്രശംസ നേടുകയും ചെയ്തു.”

ഇന്‍ഡ്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ദൂരദര്‍ശിനിയായി ജിഎംആര്‍ടി മാറി. പൂണെയിലെ കൊഡാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, പൂര്‍ണ്ണമായ വിദൂര നിയന്ത്രണം സാധ്യമായ ഈ ദൂരദര്‍ശിനി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ജ്യോതിശാസ്ത്ര ഗവേഷണത്തിനായി ഇന്ന്  പ്രയോജനപ്പെടുത്തുന്നു. ഈ ടെലിസ്‌കോപ്പിന്‍റെ സഹായത്തോടെയാണ് 2018 ഓഗസ്റ്റില്‍ ഏറ്റവും ദൂരത്തിലുള്ള താരാപഥം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 12 ബില്യണ്‍ പ്രകാശവര്‍ഷങ്ങള്‍ അകലെയാണത്.

2020 ഫെബ്രുവരിയില്‍ പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും വലിയ വിസ്‌ഫോടനത്തിന് സാക്ഷിയാകാനും ജിഎംആര്‍ടി സഹായിച്ചു. ഒഫിയുചസ് സൂപ്പര്‍ക്ലസ്റ്റര്‍ വിസ്‌ഫോടനം (Ophiuchus Supercluster ) എന്നായിരുന്നു അതിന് പേരിട്ടത്. പ്രപഞ്ചത്തിന്‍റെ ഉത്ഭവം വിശദീകരിക്കുന്ന മഹാവിസ്‌ഫോടനത്തിന് ശേഷമുള്ള ഏറ്റവും വലിയ വിസ്‌ഫോടനമായാണ് ഇതിനെ കണക്കാക്കുന്നത്.

ഊട്ടി റേഡിയോ ടെലിസ്‌കോപ്പ് (ഒആര്‍ടി)

വെറും 60 ലക്ഷം രൂപയുടെ ബജറ്റിലാണ് 1970-ല്‍ ഊട്ടിയിലെ റേഡിയോ ദൂരദര്‍ശനി സ്ഥാപിച്ചത്.  530 മീറ്റര്‍ നീളവും 30 മീറ്റര്‍ ഉയരവും വരുന്ന പാരബോളിക്  സിലിന്‍ഡ്രിക്കല്‍ ആകൃതിയില്‍ ഉള്ള ഈ ദൂരദര്‍ശിനി 326.5 മെഗാ ഹെര്‍ട്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഒആര്‍ടി സ്ഥാപിതമായതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കപ്പെട്ടത്. ആ വേളയില്‍ മുന്‍പ്രഫസറായ പ്രമേഷ് റാവു പറഞ്ഞത് ഇങ്ങനെ. “രാജ്യത്ത് സ്ഥാപിതമായ ആദ്യ റേഡിയോ ദൂരദര്‍ശിനികളില്‍ ഒന്നായിരുന്നു ഊട്ടിയിലേത്. അതുപയോഗിച്ചുള്ള ആദ്യ വാനനിരീക്ഷണങ്ങള്‍ നടന്നത് 1970 ഫെബ്രുവരി 18-നായിരുന്നു.”

ലൂണാര്‍ ഒക്കള്‍ട്ടേഷന്‍ (Lunar Occultation) അഥവാ ചാന്ദ്ര ഉപഗൂഹനം നിരീക്ഷിക്കാനായിരുന്നു അന്നത് ഉപയോഗപ്പെടുത്തിയത്. ഒരു വസ്തുവിനെ നമ്മള്‍ വീക്ഷിക്കുമ്പോള്‍ ആ വസ്തുവിനും വീക്ഷകര്‍ക്കും ഇടയില്‍ കൂടി കടന്നുപോകുന്ന മറ്റൊരു വസ്തുവിനാല്‍ വീക്ഷണവസ്തു മറയ്ക്കപ്പെടുന്ന പ്രക്രിയയെയാണ് ഉപഗൂഹനം അഥവാ ഒക്കള്‍ട്ടേഷന്‍ എന്നു പറയുന്നത്. ആകാശത്ത് ചന്ദ്രന്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങള്‍ നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത് സാധാരണമാണ്. അത് വീക്ഷിക്കുകയായിരുന്നു ദൂരദര്‍ശിനിയുടെ ആദ്യ ഉദ്ദേശ്യം.

ഊട്ടിയിലെ മലനിരകളുടെ ചരിവും ഊട്ടിയുടെ അക്ഷാംശരേഖയും 11 തന്നെയാണെന്നത് ടെലിസ്‌കോപ്പിന്‍റെ റോട്ടേഷന്‍ ആക്സിസ് (ഭ്രമണാക്ഷം) ഭൂമിയുടെ ഭ്രമണാക്ഷത്തിന് സമാന്തരമാക്കാന്‍ ഇടയാക്കുന്നു. അതിനാല്‍ തന്നെ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ടെലസ്കോപ് സ്ഥാപിച്ചിട്ടുള്ളത്. ഭൂമധ്യരേഖയോടടുത്ത് സ്ഥിതി ചെയ്യുന്നുവെന്ന മെച്ചവും പരമാവധി ഉപയോഗപ്പെടുത്ത ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടെലസ്കോപ് ആണ് ഊട്ടിയിലേത്.

മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്‍റെ പല പ്രവചനങ്ങളുടെയും സാധുത ഉറപ്പ് വരുത്താന്‍ ഈ ടെലിസ്‌കോപ്പിലൂടെയുള്ള നിരീക്ഷണങ്ങള്‍ സ്വരൂപിനെയും  വിദ്യാര്‍ത്ഥികളെയും സഹായിച്ചുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇതുകൂടാതെ പള്‍സാറുകളുടെ പഠനത്തിലും ഊട്ടിയിലെ ദൂരദര്‍ശിനി വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാണാന്‍ സാധിക്കാത്ത നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തില്‍ വൈദ്യുതകാന്തിക വികിരണം പ്രസരിപ്പിക്കുകയും ചെയ്യുന്ന അത്യധികം കാന്തീകരിക്കപ്പെട്ട ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. ഇവയില്‍ നിന്നു പുറത്തുവരുന്ന വികിരണങ്ങള്‍ ഭൂമിക്കു നേരെ വരുമ്പോള്‍ മാത്രമേ നമുക്ക് അവ ദൃശ്യമാകുകയുള്ളു.

നേട്ടങ്ങള്‍

തന്‍റെ ശാസ്ത്ര യാത്രയ്ക്കിടയില്‍ വലിയ നേട്ടങ്ങളും സ്വരൂപിനെ തേടിയെത്തിയിട്ടുണ്ട്. റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ 2005-ലെ ഹെര്‍ഷെല്‍ മെഡല്‍, 1973-ല്‍ ലഭിച്ച പത്മ ശ്രീ, 1990-ല്‍ ലഭിച്ച യുആര്‍എസ്‌ഐ ഡെല്ലിങ്കെര്‍ മെഡല്‍, 2007-ല്‍ ലഭിച്ച ഗ്രോറ്റെ റിബെര്‍ മെഡല്‍ ഓഫ് ഓസ്‌ട്രേലിയ എന്നിവ പുരസ്‌കാരങ്ങളില്‍ ചിലത് മാത്രം.

ശാസ്ത്രജ്ഞര്‍ക്കിടയിലും വലിയ ആദരവായിരുന്നു സ്വരൂപ് നേടിയത്. ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിന്‍റെ ഡയറക്റ്റര്‍ സൊമാക് റായ് ചൗധരി പറഞ്ഞത് താന്‍ കണ്ട ഏറ്റവും മികച്ച പോസിറ്റീവ് വ്യക്തികളില്‍ ഒരാളാണ് സ്വരൂപ് എന്നാണ്. ശാസ്ത്രവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ആരിലും എപ്പോഴും ഉല്‍സാഹം ജനിപ്പിക്കുന്നതാണെന്നും ചൗധരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് അത് സാധ്യമാക്കുന്നതിനായി തന്‍റെ സഹപ്രവര്‍ത്തകരെ പോലും പ്രചോദിപ്പിക്കുന്ന, എപ്പോഴും ചിരിക്കുന്ന ശാസ്ത്രജ്ഞന്‍ എന്നാണ് പ്രഫസര്‍ ഗോവിന്ദിനെ കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ കെ വിജയരാഘവന്‍ വിശേഷിപ്പിച്ചത്.


ഇതുകൂടി വായിക്കാം: നൊബേല്‍ നിരസിക്കപ്പെട്ടു, ജീവിച്ചിരിക്കുമ്പോള്‍ രാജ്യവും ആദരിച്ചില്ല; ഈ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം മരണത്തില്‍ നിന്ന് രക്ഷിച്ചത് ദശലക്ഷങ്ങളെ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം