കോവിഡ് വന്നുപോയതിന് ശേഷവും മാസങ്ങളോളം ബുദ്ധിമുട്ടുകള്‍ തുടരാം: നിങ്ങള്‍ ചെയ്യേണ്ടതെന്തൊക്കെ?

കോവിഡ് വന്നുപോയതിന് ശേഷവും ഉറക്കമില്ലായ്മ, ക്ഷീണം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് അനുഭവപ്പെടാം.

കോവിഡ്-19 ന്‍റെ ലക്ഷണങ്ങളെക്കുറിച്ചും രോഗബാധയുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യണം, പരിചരണം നൽകണം എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ഏകദേശ ധാരണയൊക്കെയുണ്ട്.

എന്നാല്‍ കോവിഡ്-19 വന്ന് ഭേദമായതിനുശേഷം (കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം) വേണ്ട പരിചരണത്തെക്കുറിച്ച് നമുക്ക് എന്തൊക്കെ അറിയാം? വൈറസ് ശരീരത്തില്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്നങ്ങളെ എങ്ങനെ മറികടക്കും, തുടര്‍ന്ന് എന്തൊക്കെ ശ്രദ്ധിക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ നമുക്കധികം അറിവില്ല.

കോവിഡ് -19 പൂര്‍വ്വ പരിചരണം പ്രധാനമാണ്, എന്തുകൊണ്ട്?

പല രോഗികളിലും, വൈറസിൽ നിന്ന് കരകയറി മാസങ്ങൾ പിന്നിട്ടിട്ടും, ഇപ്പോഴും രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. വലിയ ഉത്കണ്ഠ, നെഞ്ചുവേദന, ആവർത്തിച്ചുള്ള തലവേദന, തുടര്‍ച്ചയായി ഗന്ധവും രുചിയും നഷ്ടപ്പെടുന്നത്, ശ്വസനത്തിലുള്ള ബുദ്ധിമുട്ടുകൾ, തൊണ്ടവേദന, നേരിയ ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ പലരിലും കാണുന്നുണ്ട്.

ദില്ലിയില്‍ ഈ പ്രശ്നങ്ങള്‍ രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട്  രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോസ്റ്റ് കോവിഡ് -19 ക്ലിനിക് തുടങ്ങുകയുണ്ടായി. രോഗത്തിൽ നിന്ന് കരകയറിയെങ്കിലും മറ്റ് പാർശ്വഫലങ്ങളെക്കുറിച്ച് പരാതിപ്പെടുന്നവർക്ക് ഈ ക്ലിനിക് ഒപിഡി സേവനങ്ങൾ നല്‍കുന്നു. സുഖം പ്രാപിച്ച നിരവധി രോഗികൾ നീണ്ട പരാതികളുമായി ഈ ക്ലിനിക്ക് സന്ദർശിക്കുന്നുണ്ട്. ഇത്തരം കേസുകൾ നന്നായി കൈകാര്യം ചെയ്യുന്നതിനായി മാത്രമായി ഒരു പോസ്റ്റ്-റിക്കവറി ആശുപത്രി ആരംഭിക്കുന്നതും ദില്ലി സർക്കാർ പരിഗണിക്കുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽ, ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ആദ്യത്തെ രോഗലക്ഷണം കണ്ട് രണ്ട് മാസത്തിന് ശേഷം പിന്നിട്ട 143 രോഗികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇറ്റാലിയില്‍ നടത്തിയ പഠനത്തിൽ 85 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വുഹാനിൽ കഴിഞ്ഞ വർഷം പാൻഡെമിക് ബാധിച്ച 100 രോഗികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 90 ശതമാനം പേരിലും ശ്വാസകോശ തകരാറുകൾ തുടരുന്നതായി പറയുന്നു.

കോവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ

ഡോ. നികിത മെഹ്റ

ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഓങ്കോളജി അസിസ്റ്റന്‍റ് പ്രൊഫസറും മോളിക്യുലർ ഓങ്കോളജിയിലെ ഗവേഷകയുമായ ഡോ. നികിത മെഹ്‌റ കോവിഡ് അതിജീവിച്ചയാളാണ്. ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെന്നും ഉറങ്ങാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും അവർ പറയുന്നു.

രോഗികളുടെ മാനസികാരോഗ്യത്തെയും കോവിഡ്-19 ബാധിക്കുന്നു. “അവരുടെ ഉത്കണ്ഠ മുമ്പെന്നത്തേതിനേക്കാള്‍ ഉയർന്നതാണെന്ന് പല രോഗികളും എന്നോട് പറഞ്ഞിട്ടുണ്ട്,” ഡോ. നികിത മെഹ്റ പറയുന്നു. കൂടാതെ, വൈറസ് ബാധിച്ച രോഗികൾ നിരാശയും കുറ്റബോധവും നിസ്സഹായതയുമടക്കം എല്ലാത്തരം വികാരവിക്ഷോഭങ്ങളിലൂടെയും കടന്നുപോകുന്നു.

കുറച്ചുനാൾ മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് അവർ പറയുന്നു, “ആന്ധ്രയിൽ നിന്ന് എന്നെ കാണാൻ പ്രായമായ ബധിരനും മൂകനുമായ ഒരു രോഗി വന്നു. അദ്ദേഹത്തിന്‍റെ പ്രശ്നങ്ങൾ എന്നോട് പറയാൻ അദ്ദേഹം ആഗ്രഹിച്ചു. ആംഗ്യഭാഷയിലൂടെ അതിനെക്കുറിച്ച് വിശദമായി പറഞ്ഞു. കോവിഡ് ബാധിച്ചതിലും തന്മൂലം ഒപ്പമുള്ള എല്ലാവരെയും ബുദ്ധിമുട്ടിലാക്കിയതിലും വലിയ കുറ്റബോധം തോന്നുന്നുവെന്ന് അദ്ദേഹം ആംഗ്യത്തിലൂടെ പറഞ്ഞു. ”

പ്രായമായ അദ്ദേഹം വൈറസ് കാരണം സ്വയം ഒറ്റപ്പെടുകയായിരുന്നു. മാസ്ക് ധരിക്കുന്നതുകൊണ്ട് തന്‍റെ ദുരിതങ്ങള്‍ വേണ്ടവിധം മറ്റുള്ളവരെ അറിയിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്നും അത് തന്നെ കൂടുതല്‍ ഒറ്റപ്പെട്ടവനാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. “ഇതുകേട്ട് എനിക്ക് കണ്ണുനിറഞ്ഞു – ഇല്ല, ഞാൻ അലറിക്കരഞ്ഞൊന്നുമില്ല, പക്ഷേ അദ്ദേഹത്തിന്‍റെ അവസ്ഥ കണ്ടപ്പോൾ എന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകി,” ഡോ. നികിത പറയുന്നു.

രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ശരിക്കും ബാധിക്കുന്ന രണ്ടാം നിര പ്രശ്നങ്ങളാണിവ.

പോസ്റ്റ്-കോവിഡ് -19 പരിചരണം എന്തായിരിക്കണം?

ഡോ. ഗോയല്‍

ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമോണോളജി വിഭാഗം ഡയറക്ടർ ഡോ. മനോജ് ഗോയൽ പറയുന്നു, “കോവിഡ്-19 ഭേദമായതിന് ശേഷവും ഉറക്കമില്ലായ്മ, ക്ഷീണം, ചിലപ്പോൾ വിശപ്പും വാസനയും നഷ്ടപ്പെടുന്ന പ്രശ്നങ്ങൾ എന്നിവയുമായി വരുന്ന രോഗികളെ ഞങ്ങൾ കാണാറുണ്ട്. എന്നിരുന്നാലും കാലക്രമേണ ഈ ലക്ഷണങ്ങൾ ദേഭമാവും. ”

കോവിഡ്-19 ബാധയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരോ ഗുരുതരമായ ലക്ഷണങ്ങളുള്ളതോ ആയ കേസുകളില്‍ മാത്രമാണ് ഫോളോ-അപ്പുകൾക്കും പരിശോധനകൾക്കുമായി മടങ്ങിവരാൻ അദ്ദേഹം നിർദ്ദേശിക്കുന്നത്.

നിങ്ങൾ ചെയ്യേണ്ടത്:

1. സ്ഥിരമായി വ്യായാമം ചെയ്യുക

കോവിഡ് ഭേദമാവുകയും ശരീരം പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്താലുടൻ ഡോക്ടറുടെ അനുവാദത്തോടെ ഒരു വ്യായാമ ദിനചര്യയിലേക്ക് മടങ്ങാമെന്ന് ഡോ. ഗോയല്‍ പറയുന്നു. “ദിനചര്യയിലേക്ക് മടങ്ങുക എന്നതാണ് ഏറ്റവും അഭികാമ്യം, ഉടൻ വ്യായാമം ആരംഭിക്കണം.” വ്യായാമത്തിന്‍റെ പതിവിലേക്ക് നിങ്ങളെ തിരികെ കൊണ്ടുവരാൻ ഒരു ഷെഡ്യൂൾ ഉണ്ടാക്കുക.

2. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു ആവശ്യകത മാത്രമല്ല, നിങ്ങളുടെ ശക്തി വീണ്ടെടുക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയാണ്. ചില കോവിഡ് രോഗികൾക്ക് ശരീരഭാരം നന്നേ കുറയും. അത്തരക്കാര്‍ ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൂടുതല്‍ പ്രധാനമാണ്. “വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുക, നിങ്ങളുടെ ഭക്ഷണത്തിൽ എല്ലാ തരം ഭക്ഷ ണങ്ങളും ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കുക. പോസ്റ്റ്-കോവിഡ് ശരീരഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമല്ല, ശരീരം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സമയമാണ്, ” ഡോ.ഗോയല്‍ ഓര്‍മ്മിപ്പിക്കുന്നു.

3.  അടിസ്ഥാന മാനദണ്ഡങ്ങള്‍ ശ്രദ്ധിക്കുക

കോവിഡിന് ശേഷമുള്ള ഘട്ടത്തിൽ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പരിപാലിക്കുന്നതുപോലെ, നിങ്ങളുടെ എല്ലാ അടിസ്ഥാന ശാരീരിക പ്രവര്‍ത്തനങ്ങളും നിങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ നിരീക്ഷിക്കേണ്ട പാരാമീറ്ററുകൾ എന്താണെന്ന് ഡോക്ടറോട് ചോദിക്കുക – ഇത് നിങ്ങളുടെ ഓക്സിജന്റെ അളവ് അല്ലെങ്കിൽ നിരീക്ഷണം ആവശ്യമുള്ള മറ്റേതെങ്കിലും ആയിരിക്കാം.  ശ്രദ്ധവേണ്ടുന്ന എന്തെങ്കിലും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

ഡോ. ഗോയൽ ഉപദേശിക്കുന്നു, “75 ശതമാനം രോഗികളും നീണ്ടുനില്‍ക്കുന്ന സന്ധി വേദന, കാരണമില്ലാതെ ശരീരം തണുക്കുകയോ ചൂടാവുകയോ ചെയ്യുക, രോഗപ്രതിരോധ ശേഷി കുറയുക എന്നിവ കാണുന്നു. ശരീരത്തെ പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ ശ്രദ്ധിക്കുകയും ഡോക്ടറുമായി സമ്പർക്കം പുലർത്തുകയും ചെയ്യുക.”

ഒരു ചികിത്സാ ദാതാവ് എന്നതിലുപരിയായി കരുതല്‍ നല്‍കുന്നവരായിരിക്കുക എന്നതാണ് ഡോക്ടറുടെ പങ്ക് എന്ന് ഡോ. മെഹ്‌റ ആവർത്തിക്കുന്നു. “ചില സമയങ്ങളിൽ, ആളുകളെ ആശ്വസിപ്പിക്കുന്നതിന്‍റേയും അവരുടെ മനസ്സുകള്‍ ശക്തിനല്‍കുന്നതിന്‍റെയും പ്രാധാന്യം നാം മറന്നുപോകുന്നു. ചെറിയ ചില കാര്യങ്ങളിലൂടെ പലപ്പോഴും രോഗികളില്‍ വലിയ ആശ്വാസം നല്‍കാന്‍ ചിലപ്പോള്‍ കഴിയും, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാവും.”

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം