ഗോപാല്‍ ദത്ത് ലോകറെക്കോഡ് നേടിയ മല്ലിച്ചെടികളുമായി

ആപ്പിള്‍ തോട്ടം സംരക്ഷിക്കാന്‍ മല്ലി വിതച്ചു, 7 അടി ഉയരത്തില്‍ വളരുന്ന മല്ലിക്ക് ലോക റെക്കോഡ് സ്വന്തമാക്കി കര്‍ഷകന്‍

എന്‍ജിനീയറായിരുന്നു ഗോപാല്‍ ദത്ത്. ആ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ പൂര്‍ണമായും ജൈവകൃഷിയിലേക്ക് തിരിഞ്ഞു.

ന്‍റെ കൃഷിയിടത്തിലെ മല്ലിച്ചെടികള്‍ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് പ്രവേശിക്കുന്നതുവരെ ഉത്തരാഖണ്ഡിലെ ബിൽകേഷ് ഗ്രാമത്തിലെ (റാണിഖേത്) ജൈവകര്‍ഷകനായ ഗോപാൽ ദത്ത് ഉപ്റേതി തന്റെ ആ ചെടികളെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.

പരമ്പരാഗത ‘ഹിമാലയൻ കാർഷിക സങ്കേതങ്ങൾ’ ഉപയോഗിച്ച് 7.1 അടി (2.16 മീറ്റർ) ഉയരമുള്ള  മല്ലിച്ചെടിക്ക് പ്ലാന്റിന് ‘ലോകത്തിലെ ഏറ്റവും വലിയ മല്ലി ചെടി’ എന്ന പദവി ലഭിച്ചത് ഈ വർഷം ഏപ്രിൽ 21-നാണ്. നാല്പത് വര്‍ഷത്തോളം പഴക്കമുള്ള റെക്കോഡാണ് ഗോപാല്‍ ദത്തിന്‍റെ മല്ലിച്ചെടികള്‍ തിരുത്തിയത്.

എന്നാല്‍ രസം അതല്ല. തന്റെ ആപ്പിൾ തോട്ടത്തെ കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്നും പ്രാണികളിൽ നിന്നും രക്ഷിക്കാൻ മാത്രമാണ് ആ മല്ലിച്ചെടികള്‍ വളര്‍ത്തിയതെന്ന് ഗോപാല്‍ ദത്ത് തുറന്നു പറഞ്ഞു. അതുകേട്ട് പലരും നെറ്റിചുളിച്ചു. എന്നാല്‍ സത്യമതായിരുന്നു. തന്‍റെ തോട്ടത്തില്‍ വളരുന്ന മല്ലിയെ ജനകീയമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, പിന്നെയല്ലേ  ഒരു ലോക റെക്കോർഡ് സൃഷ്ടിക്കുന്ന കാര്യം!

ഗോപാല്‍ ദത്തിന്‍റെ തോട്ടത്തില്‍ ആപ്പിള്‍ വിളഞ്ഞപ്പോള്‍

മല്ലി എളുപ്പം വളരും, അതിന്‍റെ പൂക്കള്‍ ചിത്രശലഭങ്ങളെയും തേനീച്ചയെയും ആകർഷിക്കുന്നു. അതേസമയം, ഈച്ചകൾ, കൊതുകുകൾ, പഴ ഈച്ചകൾ എന്നീ കീടങ്ങളെ അകറ്റി നിർത്തുന്നു. ഈ ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് ആപ്പിള്‍ തോട്ടത്തില്‍ ഞാന്‍ 2015-ൽ മല്ലി നട്ടു തുടങ്ങിയതെന്ന് ”ഗോപാൽ ദി ബെറ്റർ ഇന്ത്യയോട് പറയുന്നു. ബാക്കി ചരിത്രം.

മല്ലി കൃഷി ചെയ്യാന്‍ പ്രത്യേക രീതികളൊന്നും പിന്‍പറ്റിയില്ല എന്ന് ഗോപാൽ പറയുന്നു. സസ്യങ്ങളുടെ ഉയരം വർദ്ധിപ്പിക്കാൻ രഹസ്യ വളങ്ങളൊന്നും ചേർത്തിട്ടില്ല. വാസ്തവത്തിൽ, ഈ ചെടികള്‍ കണ്ട്  ഗ്രാമത്തിലെ കർഷകരും സന്ദർശകരും അസാധാരണമായ ഉയരത്തിൽ വിസ്മയിച്ചപ്പോൾ അവ ഇതുവരെക്കണ്ട ഇനം അല്ലെന്ന് താൻ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

“ഇന്ത്യയിൽ മല്ലിച്ചെടിയുടെ ശരാശരി ഉയരം 2-3 അടിയാണ്, 2018-ൽ തന്നെ എന്‍റെ ചെടിയുടെ ഉയരം 5 അടിയായി. എന്‍റെ സുഹൃത്തിന്‍റെ പ്രോത്സാഹിപ്പിച്ചപ്പോള്‍, ഞാൻ ലിംക ബുക്ക് ഓഫ് റെക്കോർഡിനായി അപേക്ഷിക്കുകയും ടൈറ്റില്‍ നേടുകയും ചെയ്തു. ഗിന്നസിനായി, എനിക്ക് 5.9 അടി ഉയരമുള്ള ഒരു ചെടിക്കെതിരെയാണ് മത്സരിക്കേണ്ടിയിരുന്നത്, അതിനാൽ എന്‍റെ വളർച്ചയ്ക്കായി ഞാൻ കാത്തിരുന്നു,” അദ്ദേഹം പറയുന്നു.

തന്‍റെ തോട്ടത്തില്‍ നിന്ന് വിളവെടുത്ത ഈ വിത്തിനത്തിന് പേറ്റന്റിനായി അപേക്ഷിച്ചുകഴിഞ്ഞു അദ്ദേഹം..

ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ്

2012-ൽ യൂറോപ്പ് സന്ദർശിച്ചപ്പോൾ അവിടത്തെ ജൈവകൃഷി രീതികള്‍ കണ്ട് വിസ്മയിച്ചുപോയി ഗോപാല്‍ ദത്ത്. സിവില്‍ കണ്‍സ്ട്രക്ഷ്ന്‍ ജോലികള്‍ ചെയ്തിരുന്ന ആ എന്‍ജിനീയര്‍ ജോലിയില്‍ മനം മടുത്ത് ജൈവകൃഷിയിലേക്ക് പൂര്‍ണമായും തിരിഞ്ഞത് 2015-ലാണ്.

ഗോപാല്‍ ദത്തിന്‍റെ പൂർവ്വികർ പരമ്പരാഗതമായി കൃഷിക്കാര്‍ ആയിരുന്നു എങ്കിലും പുതുതലമുറ സ്ഥിരമായ വരുമാനത്തിനായി കോർപ്പറേറ്റ് ജോലികളിലേക്ക് മാറി. ഗോപാലും 1980-കളിൽ ദില്ലിയിലേക്ക് കുടിയേറി.

ഏറ്റവും പുതിയ കാർഷിക സാങ്കേതികവിദ്യകൾ, മാർക്കറ്റ് നിരക്കുകൾ, തന്‍റെ ഗ്രാമത്തിലെ മണ്ണിന്റെ സ്വഭാവം തുടങ്ങിയവയെക്കുറിച്ച്  വിശദമായി അറിയാൻ ഗോപാൽ മൂന്ന് വർഷം ചെലവഴിച്ചു.

മൂന്ന് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ച അദ്ദേഹം ക്രമേണ 8 ഏക്കറിലേക്ക് വ്യാപിച്ചു. ഇന്ന്, അദ്ദേഹത്തിന്റെ തോട്ടത്തിൽ 2,000 ആപ്പിൾ മരങ്ങളും നൂറുകണക്കിന് മല്ലിച്ചെടികളും ഉണ്ട്. ഇതിനുപുറമെ മഞ്ഞൾ, വെളുത്തുള്ളി എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്..

ഗോപാല്‍ ദത്ത് ലോകറെക്കോഡ് നേടിയ മല്ലിച്ചെടികളുമായി

മല്ലികൃഷിയുടെ ഒരു ഗുണം അത് ചൂടുള്ള രാജസ്ഥാനിലും മുതൽ ഈര്‍പ്പം നിറഞ്ഞ മുംബൈയിലെ കാലാവസ്ഥയിലും മുതൽ ഷിംലയുടെ കൊടുംതണുപ്പിലും…അങ്ങനെ ഏത് കാലാവസ്ഥയിലും ഇത് വളർത്താം എന്നതാണ്. താപനില ഗണ്യമായി ഉയരുകയാണെങ്കിൽ, പുതയിടൽ വഴി തണുപ്പും ഈര്‍പ്പവും നിലനിര്‍ത്താം.

മല്ലി നേരിട്ട് ചട്ടിയിൽ വിതയ്ക്കുന്നതാണ് നല്ലതെന്ന് ഗോപാൽ പറയുന്നു, “വിത്തിനുമുകളില്‍ അര ഇഞ്ച് മുതൽ ഒരിഞ്ച് വരെ കനത്തില്‍ മണ്ണിടുക,. 2 വിത്തുകൾക്കിടയിൽ 5-6 ഇഞ്ച് ഇടം നിലനിർത്തുക. പതിവായി നനയ്ക്കുക, പക്ഷേ, വേരുചീയല്‍  ഒഴിവാക്കാൻ അമിതമായി നന ഒഴിവാക്കുക. മല്ലിയിൽ ആഴത്തിലിറങ്ങുന്ന നാരായ വേര് ഉള്ളതിനാൽ ആവശ്യത്തിന് ഡ്രെയിനേജ് ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കുക. ”

വിളവെടുപ്പിന് 3 ആഴ്ച വരെയെടുക്കാം, പക്ഷേ, ചെടിയുടെ ആയുസ്സ് നീട്ടാനും ഉയരമുള്ള ചെടികൾ ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ചെറിയ പൊടിപ്പുകള്‍ നുള്ളി വളരാനനുവദിക്കുക..

ഗോപാലിന്‍റെ തോട്ടത്തിലെ മല്ലിച്ചെടി

മല്ലിയുടെ വളർച്ചയെ നിർണ്ണയിക്കുന്ന ഘടകമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠത. ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വേപ്പിൻ പിണ്ണാക്ക്, ജീവാമൃതം, കംപോസ്റ്റ് എന്നിവയാണ് ഗോപാല്‍ നല്‍കുന്ന വളങ്ങള്‍.

വിത്ത് സംരക്ഷണം, കമ്പോസ്റ്റിംഗ് തുടങ്ങിയ ലളിതമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഗോപാൽ ‘മല്ലിമരങ്ങൾ’ വളർത്തി. സാധാരണ മല്ലിച്ചെടികളില്‍ നന്ന് 20-50 ഗ്രാം വരെ വിത്ത് ലഭിക്കുന്നിടത്ത് ഇദ്ദേഹത്തിന്‍റെ മല്ലി മരങ്ങള്‍ ഓരോന്നും 500 ഗ്രാം വിത്തുകൾ ഉല്‍പാദിപ്പിക്കുന്നു.

ഭാവി കർഷകർക്കും കൃഷിക്കാർക്കും വിതരണം ചെയ്യാൻ ഈ ഇനത്തിന്‍റെ ആയിരം വിത്തുകള്‍  അദ്ദേഹം വായു കടക്കാത്ത അറയില്‍ സൂക്ഷിച്ചിട്ടുമുണ്ട്..

നിങ്ങൾക്ക് ഗോപാൽ ദത്തിനെ ഈ ഈ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം: Gopaldupreti@yahoo.co.in

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം