നമ്മുടെ അടുക്കളകളില്‍ സാധാരണ ഉപയോഗിക്കുന്ന സസ്യ എണ്ണ അധികം വൈകാതെ പുതിയ ആരോഗ്യകരമായൊരു മിശ്രിതത്തിന് വഴിമാറിയേക്കാം. ഇതേ മിശ്രിതം പാലുൽപ്പന്നങ്ങളിലെ ഖര കൊഴുപ്പുകൾക്ക് ആരോഗ്യകരമായ ഒരു ബദലായി മാറാം, ഈ ബദല്‍ എണ്ണ പൊടിയുടെ രൂപത്തില്‍ ഐസ്ക്രീം അടക്കമുള്ള ഉപഭോഗവസ്തുക്കളിലും ഉപയോഗിക്കപ്പെടാം.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവും പൂരിത കൊഴുപ്പ് കുറവുള്ളതുമായ ആരോഗ്യകരമായ സസ്യ എണ്ണ മിശ്രിതം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഐഐടി-ഖരഗ്‌പൂരിലെ ഒരു കൂട്ടം ഗവേഷകര്‍.
പേറ്റന്റ് നേടിയ ഈ പുതിയ മിശ്രിതം വിപണിയിൽ ലഭ്യമായ സസ്യ എണ്ണയുമായി കലർത്തിയതിനാൽ ഇത് കൊളസ്ട്രോള്‍, ട്രാൻസ്, പൂരിത കൊഴുപ്പ് എന്നിവ കുറയ്ക്കുന്നുവെന്ന് ഐഐടി-ഖരഗ്‌പൂരിലെ ഗവേഷകർ അവകാശപ്പെടുന്നു.
“പൂരിത കൊഴുപ്പുകളുടെ അനുപാതം ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ എണ്ണയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ശരിയായ അനുപാതവും അടങ്ങിയിരിക്കുന്നു. അവ സാധാരണയായി MUFA & PUFA എന്നറിയപ്പെടുന്നു, ” ഐ ഐ ടിയിലെ കാർഷിക, ഭക്ഷ്യ എഞ്ചിനീയറിംഗ് വകുപ്പിലെ ഹരി മിശ്ര പറയുന്നു.
പേറ്റന്റ് നേടിയ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് എണ്ണകൾ പ്രത്യേക അനുപാതത്തിൽ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് മിശ്രിതമാക്കുന്നു, ഇത് നിലവിലുള്ള സസ്യ എണ്ണകൾക്ക് നല്ലൊരു പകരക്കാരനാണെന്ന് ഗവേഷണ പദ്ധതിയുടെ തലവനായ ഹരി പറഞ്ഞു. ഈ പുതിയ എണ്ണയുടെ കണ്ടുപിടുത്തം ഈ ഗവേഷക സംഘത്തിന് ഗാന്ധിയൻ യംഗ് ടെക്നോളജിക്കൽ ഇന്നൊവേഷൻ (സിറ്റാരെ-ജിടിഐ) അവാർഡ് 2020 നേടിക്കൊടുത്തു.
തനതായ മിശ്രിതം
“ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ എണ്ണകൾ പരസ്പരം കലര്‍ത്തുകയും യോജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രക്രിയയ്ക്കിടെ കൃത്രിമ ആന്റിഓക്‌സിഡന്റുകള്‍ക്ക് പകരം പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകള്‍ ഇടംപിടിക്കുന്നു. ഒപ്പം ഫാറ്റി ആസിഡുകളുടെ അനുപാതത്തില്‍ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു, ”ഹരി പറഞ്ഞു. അതേ എണ്ണ, എമൽസിഫൈ ചെയ്ത് പൊടിച്ചെടുക്കുമ്പോള്‍ പാലിലെ കൊഴുപ്പിനുപകരം ഉപയോഗിക്കാമെന്നും ഐ ഐ ടി പ്രൊഫസർ പറഞ്ഞു.
ഐ.ഐ.ടി-ഖരഗ്പൂരിലെ ഗവേഷക മോനാലിഷ പട്നായിക് കൂട്ടിച്ചേർക്കുന്നു: “എണ്ണയുടെ സൂക്ഷിപ്പുകാലം വർദ്ധിപ്പിക്കുന്നതിന് കൃത്രിമ ആന്റിഓക്‌സിഡന്റുകൾ ചേര്‍ത്താണ് പലപ്പോഴും സസ്യ എണ്ണകള്‍ വിപണിയിൽ എത്തിക്കുന്നത്. ഈ എണ്ണകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ബ്ലെന്‍ഡ് ചെയ്തെടുക്കുക എന്നതാണ് ഞങ്ങൾ ചെയ്തത്. രണ്ടോ അതിലധികമോ എണ്ണകള്‍ ബ്ലെന്‍ഡ് ചെയ്യുന്നതിലൂടെ സൂക്ഷിപ്പുകാലം വർദ്ധിക്കുകയും സിനർജസ്റ്റിക് ഇഫക്റ്റുകൾക്ക് കാരണമാവുകയും ചെയ്യുന്നു.”
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും ഒലിവ് ഓയിലോ ആരോഗ്യകരമായ മറ്റ് ബദലുകളോ വാങ്ങാൻ ശേഷിയില്ലല്ലോ, മോനാലിഷ പറയുന്നു. “ഈ മിശ്രിതം വിലകുറഞ്ഞതും ശരിയായ പോഷകങ്ങൾ നിറഞ്ഞതുമാണ്, മാത്രമല്ല നിലവിലുള്ള സസ്യ എണ്ണകളിലുള്ള പോഷകക്കുറവ് നികത്തുകയും ചെയ്യുന്നു,” അവർ പറഞ്ഞു.
പാൽ കൊഴുപ്പുകളുടെ കുറവും ഇന്‍ഡ്യന്‍ ജനസാമാന്യം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നത്തിനും പരിഹാരം കാണാനും പാല്‍ കൊഴുപ്പുകള്‍ക്ക് ബദല്‍ ആകാനും ഈ പുതിയ ഉൽപ്പന്നത്തിന് കഴിയുമെന്നും ആ ഗവേഷക കൂട്ടിച്ചേർത്തു.
“പൊടിച്ച രൂപത്തിലുള്ള ഖര എണ്ണ ആരോഗ്യമുള്ള ഹൃദയത്തിനായി ബേക്കറി ഉല്‍പന്നങ്ങളിലെയും ഐസ്ക്രീമുകളിലെയും പാൽ കൊഴുപ്പിനു പകരമായി ഉപയോഗിക്കാമെന്ന സാധ്യതയുമുണ്ട്,” മോണാലിഷ പറഞ്ഞു.
പാൽ കൊഴുപ്പിനും അനാരോഗ്യകരമായ ഗുണനിലവാരമില്ലാത്ത പാം ഓയിലിനും പകരം ഈ എണ്ണപ്പൊടി ഉപയോഗിക്കാന്‍ കഴിയും. സോളിഡ് ഫാറ്റിന് പകരമായി ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനും ഇതുമൂലം കഴിയുമെന്ന് ഹരി പറയുന്നു. ഈ പുതിയ എണ്ണ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായുള്ള ലബോറട്ടറി മോഡൽ വികസിപ്പിച്ചുവരികയാണെന്ന് ഹരി പറഞ്ഞു.
“സഹകരിക്കാന്‍ താല്‍പര്യമുള്ള പല കമ്പനികളും സമീപിക്കുന്നുണ്ട്. ഇപ്പോൾ ഈ ഉല്‍പന്നത്തിന്‍റെ പ്രായോഗിക ഉപയോഗം സംബന്ധിച്ച് ഗവേഷണം പുരോഗമിക്കുകയാണ്. വിപണിയില്‍ കിട്ടുന്ന സസ്യ എണ്ണയുടെ അതേ വിലയ്ക്ക്, കൂടി വന്നാല്‍ പത്തു ശതമാനം മാത്രം വില കൂട്ടി, ഈ ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കഴിയും,” ഹരി വിശ്വാസം പ്രകടിപ്പിച്ചു. .
“പരമ്പരാഗത എണ്ണ നിര്‍മ്മാണ പ്രക്രിയകളില്‍ ചിലത് ഈ എണ്ണ ഉണ്ടാക്കുമ്പോള്‍ ആവശ്യം വരുന്നില്ല. പലതിനും പകരമായി പേറ്റന്റ് ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യും. അതിനാൽ നിര്‍മ്മാണ ചെലവ് ഏതാണ്ട് സമാനമായിരിക്കും, ”ഹരി കൂട്ടിച്ചേർത്തു.