ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ

പെന്‍പോള്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രം 1,400 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു, 58 രാജ്യങ്ങളിലേക്ക് ഹൈടെക് ബ്ലഡ് ബാഗുകള്‍ കയറ്റിയയ്ക്കുന്നു.

മൊബൈലും ഇന്‍റെര്‍നെറ്റും, എന്തിന് സ്റ്റാര്‍ട്ട് അപ്പ് എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലരും ഒരു സുരക്ഷിത ജോലി മാത്രം സ്വപ്‌നം കണ്ടിരുന്ന കാലത്ത്, സിവില്‍ സര്‍വീസ് പോലെ ആഘോഷിക്കപ്പെടുന്ന ഒരു കരിയര്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ?

അതുമാത്രമല്ല, ഐ എ എസ് ഉപേക്ഷിച്ചിട്ട് നാട്ടില്‍ അതുവരെ കേട്ടുപരിചയമില്ലാത്ത ബിസിനസ് തുടങ്ങി ലോകത്തെ ഞെട്ടിക്കുക, അതില്‍ വിജയം വരിക്കുക… ബാലയെന്നറിയപ്പെടുന്ന സി ബാലഗോപാലിന്‍റെ സമാനതകള്‍ അധികമില്ലാത്ത ജീവിതം അതാണ്.

സി ബാലഗോപാല്‍

‘തൊഴിലാളിയല്ല, തൊഴില്‍ ദാതാവാകൂ.’ ‘സംരംഭം തുടങ്ങൂ, സര്‍ക്കാര്‍ ഒപ്പമുണ്ട്.’…ഇന്ന് നാം സ്ഥിരമായി കേള്‍ക്കുന്ന കാര്യങ്ങളാണിവ. ഒരു ബിസിനസ് തുടങ്ങാന്‍ മുന്നോട്ട് വരുന്നവരെ സഹായിക്കാന്‍ ഒട്ടനേകം സംവിധാനങ്ങള്‍ സജ്ജമായി നില്‍ക്കുന്നു ഇന്ന്. എന്നാല്‍ ഇതൊന്നുമില്ലാതിരുന്ന 1980-കളില്‍ സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ച് ബ്ലഡ് ബാഗ് ഫാക്റ്ററി തുടങ്ങി ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ച് രാജ്യത്തിന് തന്നെ അഭിമാനമായി മാറി ഈ മനുഷ്യന്‍.

എന്തെങ്കിലും ഉരസലുകളോ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത പ്രതിസന്ധികളോ മടുപ്പോ ഒന്നുമല്ല ബാലഗോപാലിനെ സിവില്‍ സര്‍വ്വീസ് ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.
ജീവിതത്തിന്‍റെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞ വേളയിലായിരുന്നു വലിയ റിസ്‌ക് നിറഞ്ഞ ആ തീരുമാനം അദ്ദേഹം കൈക്കൊണ്ടത്.ലോകത്തുതന്നെ ഏറ്റവുമധികം ബ്ലഡ് ബാഗുകള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനിയുടെ  നാടെന്ന ഖ്യാതി തിരുവനന്തപുരത്തിന് വന്നുചേര്‍ന്നു എന്നതായിരുന്നു അതിന്‍റെ ഫലം.

ബാലയുടെ നിയോഗം

1980-കളുടെ മധ്യത്തിലാണ് ബാലഗോപാല്‍ ഐഎഎസ് ജോലി രാജിവെക്കുന്നത്. “ഇക്കോണമി ലിബറലൈസ് ചെയ്യുന്നതിനുള്ള ആദ്യ ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട് നമ്മള്‍ സര്‍വസാധാരണമായി കേള്‍ക്കുന്ന പദങ്ങളൊന്നും അന്നില്ല. ഇന്‍ക്യുബേറ്റര്‍, സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം അതൊന്നുമില്ല,” ബാലഗോപാല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അന്ന് സ്റ്റാര്‍ട്ട് അപ്പ് എന്ന് പറഞ്ഞൊരു ആശയം പോലുമില്ല. ഇന്‍ക്യുബേറ്റര്‍. വെഞ്ച്വര്‍ കാപ്പിറ്റല്‍, എയ്ഞ്ചല്‍ ഫണ്ട്‌സ് ഒന്നുമില്ല. ആകെയുള്ളത് കെഎസ്‌ഐഡിസി (കേരള സംസ്ഥാന വ്യാവസായിക വികസന കോര്‍പ്പറേഷന്‍), കെഎഫ്‌സി (കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍), ബാങ്കുകള്‍…”

“നമ്മള്‍ പുതിയ സംരംഭക ആശയവുമായോ സാങ്കേതികവിദ്യയുമായോ വന്നാല്‍ എല്ലാ കാര്യങ്ങളും ഒരുക്കേണ്ടതും അത് പ്രാവര്‍ത്തികമാക്കാനുള്ള ഉത്തരവാദിത്തം കൈക്കൊള്ളേണ്ടതും നമ്മള്‍ തന്നെയാണ്. ഇന്നത്തെപ്പോലെ സഹായകമായിട്ടുള്ള ഒരു സംവിധാനം ഇല്ലായിരുന്നു. എന്നാല്‍ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്‍റും ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് സെന്‍ററുമെല്ലാം സഹായത്തിനുണ്ടായിരുന്നു,” ബാല പറയുന്നു.

അന്നത്തെ സാഹചര്യത്തെ പറ്റി ഇന്നത്തെ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലെന്നും അദ്ദേഹം. “അത്ര വ്യത്യാസമുണ്ട്. മൊബൈല്‍ ഫോണില്ല. ഇന്‍റെര്‍നെറ്റില്ല, ഇ-മെയ്‌ലില്ല. ദൂരേക്ക് എവിടേക്കെങ്കിലും വിളിക്കണമെങ്കില്‍ എസ്ടിഡി വേണം, അല്ലെങ്കില്‍ ടെലക്‌സ് മെസേജ് അയക്കണം.”വളരെ വ്യത്യസ്തമായ സാമ്പത്തിക-സാങ്കേതിക പരിസരമായിരുന്നു. അതിന്‍റേതായ   വെല്ലുവിളികള്‍ നിരവധി ഉണ്ടായിരുന്നു. അതൊക്കെ പുതിയ സംരംഭകരുടെ യാത്ര എളുപ്പമാക്കുന്ന കാര്യങ്ങളായിരുന്നില്ല.

ഇന്ന് സ്ഥിതി വളരെയേറെ മാറി. “കഴിഞ്ഞ 3-4 വര്‍ഷത്തിനുള്ളില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളം ഉണ്ടാക്കിയെടുത്തു. അതിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനെ പ്രശംസിക്കേണ്ടതുമുണ്ട്.”

1980-കളുടെ അവസാനവും 21-ാം നൂറ്റാണ്ടിലെ രണ്ടാം ദശകവും തമ്മിലുള്ള പ്രധാന വ്യത്യാസം അതായിരുന്നുവെന്ന് ബാലഗോപാല്‍ പറയുന്നു.

സംരംഭകനായത് യാദൃച്ഛികമായി

“എനിക്ക് സിവില്‍ സര്‍വീസ് എന്ന ഡ്രീം ഒന്നും ഇല്ലായിരുന്നു. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഐഎഎസില്‍ ചേര്‍ന്നത്. ഇക്കണോമിക്‌സില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരുന്ന സമയത്ത് ഗൈഡുമായി അഭിപ്രായ വ്യത്യാസം വന്നു. അപ്പോള്‍ തീരുമാനിച്ചു വേറെ ജോലി നോക്കാമെന്ന്. അച്ഛന്‍റെയും അമ്മയുടെയും ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ് ഒന്ന് ട്രൈ ചെയ്ത് നോക്കണമെന്നത്. പ്രിപ്പെയര്‍ ചെയ്തു, 1977-ല്‍ സെലക്റ്റ് ആയി. മണിപ്പൂരില്‍ അലോട്ട്‌മെന്‍റ് കിട്ടി,” ബാല പറയുന്നു.

കേരളത്തിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ആറ് വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് വഴിത്തിരിവുണ്ടാകുന്നത്. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷണ വികസന വിഭാഗം മേധാവി പ്രൊഫ. രമണിയെ കണ്ടുമുട്ടിയതാണ് ബാലയുടെ ജീവിതത്തില്‍ നിര്‍ണായകമായത്.

“30 വയസായപ്പോഴേക്കും ഒരു തീരുമാനമെടുക്കേണ്ടി വന്നു. സര്‍വീസില്‍ തുടരണമോ വേണ്ടയോ എന്ന തീരുമാനം അപ്പോള്‍ എടുക്കണം. 40 വയസായാല്‍ പിന്നെ വേറെന്തെങ്കിലും തുടങ്ങാന്‍ ബുദ്ധിമുട്ടായേക്കും എന്ന് തോന്നി,” ബാലഗോപാല്‍ തുടരുന്നു.

സി ബാലഗോപാല്‍

“വളരെ യാദൃച്ഛികമായിട്ടാണ് ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകുന്നതും വല്യത്താനെ കാണുന്നതും പ്രൊഫ രമണിയെ കണ്ടുമുട്ടുന്നതും അവര്‍ വികസിപ്പിച്ചെടുത്ത ബ്ലഡ് ബാഗ് സാങ്കേതികവിദ്യയെപ്പറ്റി അറിയുന്നതുമെല്ലാം. അതിനെ കുറിച്ച് വളരെ വ്യക്തമായ ഐഡിയ ഒന്നുമില്ലായിരുന്നെങ്കിലും ‘ഇത് കൊള്ളാമല്ലോ’ എന്ന് തോന്നി.

“ഇത്തരമൊരു ശ്രമം നടത്തിയാല്‍ സമൂഹത്തില്‍ നമ്മുടെ വ്യക്തിമുദ്ര അടയാളപ്പെടുത്താന്‍ പറ്റുമല്ലോ എന്നായിരുന്നു ചിന്ത. കേരളത്തിലും ഇന്‍ഡ്യയിലും ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സ്ഥാപനം. നിരവധി പേര്‍ക്ക് ജോലി നല്‍കാമെന്നും ചിന്തിച്ചു,” പെന്‍പോള്‍ എന്ന സംരംഭം പിറന്ന വഴി അദ്ദേഹം വിശദമാക്കുന്നു.

“അതുകഴിഞ്ഞ് സംശയമൊന്നുമുണ്ടായില്ല, നേരെ മണിപ്പൂരില്‍ ചെന്ന് ചീഫ് സെക്രട്ടറിയെ കണ്ട് രാജിക്കത്ത് നല്‍കി. അടുത്ത 25 വര്‍ഷം വേറെ ഒന്നിനെയും കുറിച്ച് ആലോചിച്ചില്ല.”

1983-ലായിരുന്നു പെനിന്‍സുല പോളിമേഴ്‌സ് അഥവാ  പെന്‍പോള്‍ എന്ന ബ്ലഡ് ബാഗ് കമ്പനിക്ക് സി ബാലഗോപാല്‍ തുടക്കമിട്ടത്. ഇന്‍ഡ്യയുടെ ബയോ മെഡിക്കല്‍ ഉപകരണ നിര്‍മാണരംഗത്ത് നൂതനമായൊരു കാല്‍വെപ്പായിരുന്നു അത്. അന്ന് വരെ ആരും ചെയ്യാത്ത കാര്യം നടപ്പാക്കാന്‍ ബാല ധൈര്യം കാണിച്ചു എന്നതാണ് കേരളത്തിന്‍റെ വ്യാവസായിക ചരിത്രത്തില്‍ തന്നെ വഴിത്തിരിവായ സംരംഭത്തിന് കാരണമായത്.

തദ്ദേശീയ സാങ്കേതികവിദ്യയില്‍ ബ്ലഡ് ബാഗുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയായിരുന്നു പെന്‍പോള്‍. വിപണിയില്‍ മല്‍സരം കടുത്തതോടെയാണ് പെന്‍പോളുമായി സഖ്യമുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് അത്യാധുനിക മെഡിക്കല്‍ ഉപകരണ രംഗത്തെ ആഗോള നേതാവായിരുന്ന ജാപ്പനീസ് ഭീമന്‍ ടെറുമോ എത്തുന്നത്. അങ്ങനെയാണ് 1999-ല്‍ ബാലയുടെ പെന്‍പോള്‍, ടെറുമോ പെന്‍പോള്‍ ആയി മാറിയത്.

പ്രതിസന്ധികളില്‍ തളര്‍ന്നില്ല

“ആദ്യത്തെ 10 വര്‍ഷം പലപ്പോഴും തോന്നി ചെയ്തത് മണ്ടത്തരമായല്ലോയെന്ന്. പിന്നെ തിരിച്ച് പോകാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കും,” ബാല തുറന്നുപറയുന്നു. അത്തരം തോന്നലുകള്‍ക്ക് കാരണം പരാജയത്തോട് നമ്മുടെ സമൂഹം പുലര്‍ത്തുന്ന സമീപനമാണെന്ന് അദ്ദേഹം പറയുന്നു.

പെന്‍പോളില്‍ നിന്ന്

“യോദ്ധാവ് യുദ്ധത്തിന് പോയി തിരിച്ചുവരുമ്പോള്‍ മുറിവുകളുണ്ടെങ്കില്‍ അതംഗീകാരമായാണ് കണക്കാക്കപ്പെടുക. അമേരിക്കയിലൊക്കെ ഇന്‍വെസ്റ്ററായാലും ബാങ്കറായാലും അവരുടെ അടുത്ത് പോയി സഹായം ചോദിച്ചുവെന്ന് കരുതുക. ചെല്ലുന്നയാള്‍ ട്രൈ ചെയ്ത സകല കാര്യങ്ങളും സക്‌സസ്ഫുള്‍ ആയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല. ഒന്നും ട്രൈ ചെയ്തില്ലെന്ന് പറയുന്നവരെയും അവര്‍ വിശ്വാസിക്കില്ല. എന്തെങ്കിലും തുടങ്ങി പരാജയപ്പെട്ടവരെയാണ് അവര്‍ പരിഗണിക്കുക. പലതും പരീക്ഷിച്ചതുകൊണ്ടല്ലേ ഇയാള്‍ പരാജയപ്പെട്ടത്… അതാണ് അവരുടെ കാഴ്ച്ചപ്പാട്,” സമീപനത്തില്‍ വരേണ്ട മാറ്റത്തെ കുറിച്ച് അദ്ദേഹം പറയുന്നു.

ഇന്ന് ലോകത്തെ ബ്ലഡ് ബാഗ് നിര്‍മ്മാണ, കയറ്റുമതി കമ്പനികളില്‍ മുന്‍നിരയിലുണ്ട് ടെറുമോ പെന്‍പോള്‍. 58 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട് ബാല സ്ഥാപിച്ച കമ്പനിക്ക്. 1,400-ഓളം പേര്‍ക്ക് തിരുവനന്തപുരത്തെ ഫാക്റ്ററിയില്‍ തന്നെ ജോലി നല്‍കുന്നു ടെറുമോ പെന്‍പോള്‍.

കമ്പനിയില്‍ തനിക്കുണ്ടായിരുന്ന ഓഹരി 2012-ല്‍ ടെറുമോ കോര്‍പ്പിന് വിറ്റ് 2013 മാര്‍ച്ചില്‍ മാനേജിങ് ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങി അദ്ദേഹം. പുതിയ മാനേജ്‌മെന്‍റ് ടീമിന് കാര്യങ്ങള്‍ സുഗമമാകുന്നതുവരെ ഒരു വര്‍ഷത്തോളം ഉപദേശക റോളിലും തുടര്‍ന്നു. അതിന് ശേഷം എഴുത്തിലും സംരംഭകത്വ വിഷയങ്ങളിലും സജീവമായ ഇടപെടല്‍ നടത്തുകയാണ് ബാലഗോപാല്‍.

യുവസംരംഭകരോട് 

“പല ചെറുപ്പക്കാര്‍ക്കും ഒരു ഐഡിയയുണ്ട്. കോളെജ് കഴിഞ്ഞാലുടന്‍ വ്യവസായം തുടങ്ങാമെന്നതാണത്. എന്നാല്‍ വ്യവസായം തുടങ്ങുകയെന്നാല്‍ നല്ലൊരു സാങ്കേതികവിദ്യ മാത്രമല്ല. അതിന് ലോകപരിചയം വേണം. വ്യവസായ പരിചയം വേണം. അത് സമ്പാദിച്ചെടുത്തിട്ട് വേണം തുടങ്ങാനെന്നാണ് എന്‍റെ അഭിപ്രായം,” അദ്ദേഹം പറയുന്നു.

എപ്പോഴും പെട്ടെന്ന് തന്നെ ഫലം കിട്ടണമെന്ന വാശി ഗുണം ചെയ്‌തേക്കില്ലെന്നും ബാല പറയുന്നു. അതിന്‍റെ ഫലം നിരവധി യുവാക്കള്‍ക്ക് വിദ്യാഭ്യാസവും വ്യവസായവും ഇല്ലാതെ ആയേക്കും എന്നതാണ്.

വേറെ കമ്പനികളില്‍ ജോലി ചെയ്തിട്ട് സംരംഭകത്വത്തിലേക്ക് കടക്കുന്നതാണ് ഉചിതമെന്ന് ചിന്തിക്കുന്നു അദ്ദേഹം. പണ്ടെല്ലാം കമ്പനിയില്‍ ജോലിക്ക് കയറിയാല്‍ റിട്ടയര്‍ ചെയ്യുന്ന വരെ അവിടെ തുടരുന്ന വിഭാഗമായിരുന്നു കൂടുതല്‍. എന്നാല്‍ 1980, 90-കള്‍ ആയപ്പോഴേക്ക് അവര്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങി.

“കുറച്ച് ലോണും  ഫ്രണ്ട്‌സിന്‍റെ കൈയില്‍ നിന്ന് പൈസെയുമെല്ലാം സമാഹരിച്ച് ബിസിനസ് തുടങ്ങിയാലോ എന്നാണ് അവര്‍ ആലോചിച്ചത്. എന്നാല്‍ അത്തരം ആളുകള്‍ക്ക് 10-15 വര്‍ഷത്തെ പ്രവൃത്തി പരിചയം കാണും. അതില്‍ നിന്നൊരു ആത്മവിശ്വാസം വരും. ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ തുടങ്ങി ഇന്ത്യയിലെ പല വന്‍കിട സ്ഥാപനങ്ങളും പിറന്നത് അതിലൂടെയാണ്,” ബാല ചൂണ്ടിക്കാട്ടുന്നു.

സിന്തൈറ്റ്, എസ്എഫ്ഒ, പികെ സ്റ്റീല്‍സ്, ടെറുമോ പെന്‍പോള്‍, അഗാപ്പെ, ഡെന്റ്‌കെയര്‍…തുടങ്ങി കേരളത്തിലുണ്ടായ നിരവധി വന്‍കിട സ്ഥാപനങ്ങളും മുകളില്‍ പറഞ്ഞപോലുള്ള അനുഭവസമ്പത്തിലൂടെ പിറന്നതാണെന്ന് അദ്ദേഹം യുവസംരംഭകരെ ഓര്‍മ്മപ്പെടുത്തുന്നു. “ഇതെല്ലാം അങ്ങനെയുണ്ടായതാണ്. കുറച്ച് കാലം മറ്റ് സംരംഭങ്ങളില്‍ ജോലി ചെയ്ത ശേഷം പുറത്തുവന്ന് പലരും തുടങ്ങിയ സ്ഥാപനങ്ങളാണ് ഇവയെല്ലാം.”

പെന്‍പോളിന്‍റെ ബ്ലഡ് ബാഗ്

ഇന്‍ഡ്യയിലെ ഏറ്റവും കാര്യക്ഷമതയുള്ള സ്റ്റീല്‍ കാസ്റ്റിങ് യൂണിറ്റ് കോഴിക്കോട്ടെ പി കെ സ്റ്റീല്‍സ് ആണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം.

കോവിഡ്-19 പുതിയ അവസരങ്ങള്‍ തുറക്കും

21-ാം നൂറ്റാണ്ടില്‍ നമ്മള്‍ ആരും പ്രതീക്ഷിക്കാതെ, അപ്രതീക്ഷിത സുനാമി പോലെ വന്ന കോവിഡ്-19  എല്ലാത്തിനെയും അട്ടിമറിച്ചിരിക്കുന്നു. “ഇക്കോണമി, ഗവണ്‍മെന്‍റ് സിസ്റ്റം, ട്രേഡ്, ട്രാവല്‍ അങ്ങനെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചു.”

പുനരുജ്ജീവനത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. “രാഷ്ട്രീയം കളിക്കാതെ, എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശ്രമിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിജീവിക്കാന്‍ കേരളത്തിന് കുറച്ചുകൂടി എളുപ്പമാണ്.”

ഹൈപ്പര്‍ ലോക്കലാകും കാര്യങ്ങള്‍

കോവിഡ് മഹാമാരിയെ തുടര്‍ന്ന് സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. അതിന്‍റെ ഭാഗമായി ചില അവസരങ്ങള്‍ വരും. ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ മെംബേഴ്‌സ് എല്ലാം ചെയ്യുന്ന സേവനങ്ങള്‍ കോവിഡ് മാറിയാലും തുടരണമെന്ന് അദ്ദേഹം. ഫിസിയോ തെറാപ്പി, ഹോം കെയര്‍ പോലുള്ള കാര്യങ്ങളില്‍ ഹ്രസ്വ കോഴ്‌സ് നല്‍കി അവരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.

ഹൈപ്പര്‍ ലോക്കല്‍ കള്‍ച്ചര്‍ വരുമെന്നതാണ് ഏറ്റവും പ്രധാനം. “ഇപ്പോള്‍ നാഷണല്‍ സപ്ലൈ ചെയിനുകളാണ്. എന്‍റെ പേനയില്‍ ഉപയോഗിക്കുന്ന മഷിയുണ്ടാക്കുന്നത് ലുധിയാനയിലായിരിക്കും. എന്നാല്‍ ഇനിയത് മാറിയേക്കും. അത് നേരെ തല തിരിയും. നമ്മുടെ അടുത്ത് നിന്ന് തന്നെ വരാം.  പച്ചക്കറികള്‍ അടുത്ത വീടുകളില്‍ നിന്ന് നമ്മുടെ വീട്ടിലെത്തുന്ന സംവിധാനം വന്നേക്കും. തമിഴ്‌നാട്ടില്‍ നിന്ന് വരേണ്ട കാര്യമില്ല. ഇവിടെ വെജിറ്റബിള്‍സ് ഉല്‍പ്പാദിപ്പിച്ച്, അഗ്രിഗേറ്റ് ചെയ്യുന്ന രീതി പ്രാവര്‍ത്തികമാകും. എന്‍റെ ടെറസില്‍ 10 ചട്ടിയില്‍ തക്കാളി വയ്ക്കുന്നു. അത് ആപ്പിലൂടെ വില്‍ക്കാന്‍ അവസരം ഉണ്ടാക്കിയാല്‍ മതിയല്ലോ. ഒരു യുവാവ് ചെന്ന് പറയുന്നു, ‘ആപ്പ് ഉണ്ട്. ഞാന്‍ വന്ന് ഉല്‍പ്പന്നമെടുക്കാം. മാര്‍ക്കറ്റ് വിലയും തരാം.’ ഇത് ജനകീയമായാല്‍ നമ്മുടെ കോവിഡിന് ശേഷമുള്ള ശീലങ്ങള്‍ ആകെ മാറിയേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘മെയ്ക്ക് ഇന്‍ കേരള’
കേരളം സംരംഭകസൗഹൃദമല്ലെന്ന പല്ലവികള്‍ പലരും പറയുമെങ്കിലും 30 വര്‍ഷത്തോളമുള്ള ബിസിനസ്‌ അനുഭവ സമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ബാലയ്ക്കുള്ളത്. അതിന് ഊന്നല്‍ നല്‍കിയാണ് അദ്ദേഹം തന്‍റെ പുതിയ പുസ്തകവും പ്ലാന്‍ ചെയ്യുന്നത്.
“മെയ്ക്ക് ഇന്‍ കേരള ആശയമാണ് എന്‍റെ നാലാമത്തെ പുസ്തകം. മാനുഫാക്ച്ചറിങ്ങില്‍ മാത്രം വലിയ രീതിയില്‍ സക്‌സസ്ഫുള്‍ ആയ കേരളത്തിലെ 50 കമ്പനികളെ തെരഞ്ഞെടുത്ത് പഠിക്കുന്നതാണ് പുസ്തകം,” ബാല പറയുന്നു.
സി ബാലഗോപാലിന്‍റെ സിവില്‍ സര്‍വീസ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മൂന്ന് പുസ്തകങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്.

ഇതുകൂടി വായിക്കാം: ബക്കറ്റില്‍ മുത്ത് കൃഷി ചെയ്ത് ഈ മലയാളി കര്‍ഷകന്‍ നേടുന്നത് ലക്ഷങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം