ഈ മരപ്പണിക്കാരന്‍ തടികൊണ്ടുണ്ടാക്കിയ കിടിലന്‍ സൈക്കിളിന് വിദേശത്തുനിന്ന് വരെ ആവശ്യക്കാര്‍

കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പഞ്ചാബിലെ ധനി റാം സഗ്ഗു എന്ന മരപ്പണിക്കാരന്‍ തടിയില്‍ ഒരു സൈക്കിള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ അതിന് കാനഡയില്‍ നിന്ന് വരെ ആവശ്യക്കാര്‍

പ്രില്‍ മാസത്തിലായിരുന്നു അത്. വീട്ടുവളപ്പില്‍ കിടന്നിരുന്ന കുറച്ച് പ്ലൈവുഡും ഒരു ഈര്‍ച്ചവാളും സ്പാനറും എടുത്ത് 40-കാരനായ ധനി റാം സഗ്ഗു ഒരു സൈക്കിള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പൂര്‍ണമായും തടികൊണ്ടുള്ള സൈക്കിളായിരുന്നു ലക്ഷ്യം.

രണ്ട് തവണ പരാജയപ്പെട്ടു, എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ തടിയിലുണ്ടാക്കിയ സൈക്കിള്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 15,000 രൂപ വില വരുന്ന ഈ സൈക്കിള്‍ ഇന്ന് ചൂടപ്പം പോലെ വിറ്റുപോകുന്നു.

ധനിറാം തയ്യാറാക്കിയ സൈക്കിളിന്‍റെ ആദ്യരൂപം

വെറുതെ ഹോബിക്ക് സൈക്കിളുണ്ടാക്കിയതല്ല ധനി റാം. മരപ്പണിയാണ് കക്ഷിക്ക്. എന്നാല്‍ കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അദ്ദേഹത്തിന്‍റെ ജീവിതം വഴിമുട്ടി. പണിതീരെ കുറവായി. അങ്ങനെയാണ് തടിയില്‍ സൈക്കിളുണ്ടാക്കിയാലോ എന്ന ആശയം ജനിക്കുന്നത്.

“ഞാന്‍ മരപ്പണിക്കാരനാണ്. കപ്‌ബോര്‍ഡുകള്‍, ഡോറുകള്‍, ഷെല്‍ഫുകള്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള ഓര്‍ഡറുകളാണ് എനിക്ക് സാധാരണ ലഭിക്കാറുള്ളത്. വീടുകളില്‍ എന്തെങ്കിലും കേടുവന്നാല്‍ അതിന്‍റെ റിപ്പെയറിങ് കൂടി ചിലപ്പോള്‍ ലഭിക്കും. എന്നാല്‍ കോവിഡിന്‍റെ വരവോടെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. എന്‍റെ കഞ്ഞികുടിയും മുട്ടി,” സൈക്കിളുണ്ടാക്കുന്ന ആശയം എങ്ങനെ ജനിച്ചെന്ന ചോദ്യത്തിന് ധനി റാം ഉത്തരം പറയുന്നതിങ്ങനെ.

“എന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെട്ട് എന്‍ഗേജ്ഡ് ആയി നില്‍ക്കണമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പുതിയ എന്തെങ്കിലും കാര്യം പഠിക്കണമെന്നും വ്യത്യസ്തമായി എന്തെങ്കിലും നിര്‍മ്മിക്കണമെന്നുമായിരുന്നു മനസില്‍. എന്നാല്‍ വീട്ടില്‍ ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ മാത്രമേ എന്‍റെ ക്രിയേറ്റിവിറ്റി പരീക്ഷിക്കാന്‍ കൂട്ടിനുണ്ടായിരുന്നുള്ളൂ. പ്ലൈവുഡ്, മരപ്പണിക്കുള്ള സാമഗ്രികള്‍, പഴയ സൈക്കിളുകള്‍..അത്രമാത്രം,” ധനി റാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

തടികൊണ്ടുള്ള സൈക്കിള്‍

ചുറ്റും മെക്കാനിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ധനി റാമിന് സൈക്കിളുണ്ടാക്കുകയെന്നത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. സൈക്കിളിന്‍റെ ഘടകങ്ങള്‍ എന്തെല്ലാമാണെന്നതും എങ്ങനെയാണ് സൈക്കിള്‍ വികസിപ്പിക്കുകയെന്നും സുഹൃത്തുക്കളായ മെക്കാനിക്കുകളില്‍ നിന്ന് അധികം ബുദ്ധിമുട്ടില്ലാതെ മനസിലാക്കാനായി.

“സൈക്കിള്‍ ഷോപ്പുകള്‍ക്ക് ചുറ്റും ഞാന്‍ ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ അതുവരെ ഞാനൊരിക്കലും സൈക്കിള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എന്‍റെ സുഹൃത്തുക്കള്‍ സൈക്കിളിന്‍റെ ഘടകങ്ങള്‍ വേര്‍പെടുത്തുന്നതും അത് കൃത്യതയോടെ തിരിച്ച് കൂട്ടിച്ചേര്‍ക്കുന്നതും അതില്‍ ചില മോഡിഫിക്കേഷനുകള്‍ വരുത്തുന്നതുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്,” ധനി റാം വിശദമാക്കുന്നു.

ഇങ്ങനെ കിട്ടിയ ആത്മവിശ്വാസവുമായാണ് അദ്ദേഹം സൈക്കിളുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഒരു കഷ്ണം പേപ്പറില്‍ ആദ്യം സൈക്കിളിന്‍റെ ഡിസൈന്‍ വരയ്ക്കുകയാണ് ആദ്യം ചെയ്തത്. വീട്ടിന്‍റെ ചുറ്റുവട്ടത്ത് കിടക്കുന്ന കുറച്ച് പ്ലൈവുഡ് സംഘടിപ്പിച്ചാണ് സൈക്കിളിനൊരു പ്രാഥമിക ബോഡി നല്‍കിയത്. ഹാന്‍ഡില്‍ബാറുകളും വീല്‍ റിമ്മുകളുമുണ്ടാക്കിയതും അതുവച്ചുതന്നെ. പഴയൊരു സൈക്കിളില്‍ നിന്ന് ചെയിനും പെഡലുകളും ചക്രങ്ങളും സീറ്റും സൈഡ് സ്റ്റാന്‍ഡും സംഘടിപ്പിച്ചു. എന്നിട്ട് അത് തടികൊണ്ടുണ്ടാക്കിയ ബോഡിയുമായി ഘടിപ്പിച്ചാണ് ആദ്യം സൈക്കിള്‍ നിര്‍മ്മിച്ചത്.

“ആദ്യശ്രമത്തില്‍ സൈക്കിള്‍ ചക്രത്തിലെ ട്യൂബ് ലോഹ നിര്‍മ്മിത റിമ്മുമായി ബന്ധിപ്പിക്കുകയായിരുന്നു ചെയ്തത്. എന്നിട്ട് തടി കൊണ്ടുള്ള രൂപം വട്ടത്തില്‍  തയ്യാറാക്കി അതിന് ചുറ്റും വച്ചു. എന്നാല്‍ ഈ മാതൃകയ്ക്ക് പോരായ്മകളുണ്ടായിരുന്നു. സൈക്കിള്‍ ശരിയായ രീതിയില്‍ ചലിച്ചില്ല. ഹാന്‍ഡില്‍ബാറുകള്‍ മുഴുവനും തടിയിലായിരുന്നു സജ്ജീകരിച്ചത്, അതും അത്ര സുഖമുള്ള അനുഭവം നല്‍കിയില്ല,” ധനി റാം പറയുന്നു. ഈ മാതൃക തന്നെ വികസിപ്പിക്കാന്‍ അദ്ദേഹം ഏകദേശം ഒരു മാസമെടുത്തു.

ഒടുവില്‍…

രണ്ടാമത്തെ ശ്രമത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ടു . സൈക്കിളിന്‍റെ ഡിസൈന്‍ ഒന്നു നവീകരിച്ചു ധനിറാം. ചക്രങ്ങളും ബ്രേക്കുകളും തടികൊണ്ടുള്ള ചട്ടക്കൂടില്‍ തന്നെയായി. ഈ ഡിസൈനിലുള്ള സൈക്കിള്‍ മികച്ച യാത്രാനുഭവം നല്‍കുമായിരുന്നെങ്കിലും സൈക്കിളിന് മുന്‍വശത്ത് ഒരു ബാസ്‌ക്കറ്റ് കൂടി വെച്ചാല്‍ നന്നായിരിക്കുമെന്ന് ധനി റാമിന് തോന്നി. വീലുകള്‍ക്ക് മഡ് ഗാര്‍ഡുകള്‍ വയ്ക്കാമെന്ന ആശയവും മനസില്‍ വന്നു. അങ്ങനെയാണ് സൈക്കിള്‍ ഒന്നുകൂടി മോഡിഫൈ ചെയ്യാന്‍ തീരുമാനിച്ചത്.

മേയ് മാസം അവസാനത്തോടുകൂടി കൂടുതല്‍ അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കാന്‍ ധനി റാമിനായി. നാട്ടില്‍ തന്നെ കിട്ടുന്ന കനേഡിയന്‍ വുഡ്ഡായിരുന്നു പ്രധാന സാമഗ്രി. കൂടാതെ പുതിയ സീറ്റും പുതിയ ബ്രേക്കുകളും സംഘടിപ്പിച്ചു. ഇതെല്ലാം വെച്ചാണ് അന്തിമ ഉല്‍പ്പന്നം വികസിപ്പിച്ചത്. ഇപ്പോള്‍ 20 കിലോഗ്രാം ഭാരമുണ്ട് ധനിറാമിന്‍റെ മര സൈക്കിളിന്. ഇതിന് ഏകദേശം 150 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.

വാട്ടര്‍ പ്രൂഫ് നിലവാരമുള്ള തടിയാണ് നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. അതിന് കൂടുതല്‍ തിളക്കം ലഭിക്കാന്‍ പോളിഷിങ്ങും നല്‍കി. വാട്ടര്‍ പ്രൂഫാണെന്ന് വെച്ച് കൂടുതല്‍ കാലം മഴയത്തും വെയിലത്തും സൈക്കിള്‍ വെച്ചിട്ട് പോകരുതെന്നാണ് ധനി റാം ഇത് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന പ്രധാന ഉപദേശം.

ധനിറാം തന്‍റെ മരസൈക്കിളുമായി

“ഒരു ജോലിക്കാരന്‍റെ സഹായത്തോടെയാണ് സൈക്കിള്‍ നിര്‍മ്മാണം നടത്തിയത്. ജൂലൈ മാസത്തിലാണ് പണി പൂര്‍ത്തിയായത്. സൈക്കിളിന് പെയ്ന്റ് അടിക്കാന്‍ എനിക്ക് തോന്നിയില്ല. മരത്തില്‍ തിളങ്ങി നില്‍ക്കുന്നത് കാണാനാണ് ഭംഗി. സൈക്കിളിനെ കുറിച്ചുള്ള വിവരങ്ങള്‍ കേട്ടറിഞ്ഞായിരുന്നു ആദ്യത്തെ കച്ചവടം. ഛണ്ഡിഗഢില്‍ നിന്നുള്ള ഒരാള്‍ക്കാണ് ആദ്യത്തെ സൈക്കിള്‍ വിറ്റത്. അതിന് ശേഷം കൂടുതല്‍ പേര്‍ സൈക്കിള്‍ വാങ്ങാനെത്തി. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും കാനഡയില്‍ നിന്നും വരെ ഓര്‍ഡറുകള്‍ എത്താന്‍ തുടങ്ങി,” വില്‍പ്പനയുടെ ആദ്യ നാളുകളെ കുറിച്ച് ധനി റാം പറയുന്നു.

“തുടക്കത്തില്‍ ഒരു സൈക്കിളുണ്ടാക്കാന്‍ മൂന്നാഴ്ച്ച സമയമാണ് ഞാനെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരെണ്ണമുണ്ടാക്കാന്‍ ഒരാഴ്ച്ച മതി എനിക്ക്,” ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു.

എന്നും രാവിലെ സൈക്കിള്‍ റൈഡിന് പോകുന്നവരുടെ ഒരു കൂട്ടായ്മയിലെ അംഗമാണ് ഛണ്ഡിഗഢിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായ രാകേഷ് സിംഗ്. ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഈ സൈക്കിളിന്‍റെ  പ്രോട്ടോടൈപ്പ് കണ്ട അദ്ദേഹം ധനി റാമിനെ സമീപിക്കുകയുണ്ടായി.

“ഏപ്രില്‍ മാസത്തിലായിരുന്നു ഞാന്‍ ഈ സൈക്കിളിന്‍റെ പ്രാഥമിക രൂപം കണ്ടത്. പ്രോട്ടോടൈപ്പിന്‍റെ രണ്ടാം ഘട്ടത്തിലായിരുന്നു അപ്പോള്‍ സൈക്കിള്‍. ഡിസൈനില്‍ അപ്പോഴും മാറ്റങ്ങള്‍ വരുത്തുന്നുണ്ട് ധനി റാം എന്നറിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നിട്ട് ആദ്യ സൈക്കിളിന് പ്രീഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഇന്ന് ഞാന്‍ എല്ലാ ദിവസവും ഒരിക്കലെങ്കിലും ഈ സൈക്കിള്‍ ഉപയോഗിക്കുന്നു. ഒന്നുകില്‍ അതെടുത്ത് ഓഫീസില്‍ പോകും. അല്ലെങ്കില്‍ പലചരക്ക് കടയില്‍ പോകാന്‍ ഉപയോഗിക്കും,” രാകേഷ് സിങ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

തടികൊണ്ടുള്ള ഈ സൈക്കിളിന് സാധാരണ സൈക്കിളുകളേക്കാളും ഭാരം അല്‍പ്പം കൂടുതലാണെങ്കിലും ധനി റാമിന്‍റെ കരവിരുത് അസാധാരണമാണെന്ന് രാകേഷ് അഭിപ്രായപ്പെടുന്നു. ഭാരം കൂടുതലാണെന്നത് സുഗമമായ സൈക്കിള്‍ യാത്രയെ ഒരിക്കലും തടസപ്പെടുത്തില്ലെന്നും കൈകള്‍ക്ക് മികച്ച വ്യായാമം തരുന്ന തരത്തിലുള്ളതാണ് അതിലെ സംവിധാനങ്ങളെന്നും രാകേഷ് ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ പത്ത് സൈക്കിളുകള്‍ക്കുള്ള ഓര്‍ഡറാണ് ധനി റാമിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഏഴെണ്ണത്തിന്‍റെ നിര്‍മ്മാണം അദ്ദേഹം പൂര്‍ത്തിയാക്കി. ഭാവിയില്‍ ഗിയറുകളും ഡിസ്‌ക് ബ്രേക്കുകളും കൂടി ചേര്‍ത്ത് സൈക്കിള്‍ ഒന്നുകൂടി നവീകരിക്കാനാണ് പദ്ധതി.

കൈകൊണ്ടുണ്ടാക്കിയ ഈ പുതുമായര്‍ന്ന സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടോ?  എങ്കില്‍ ഈ നമ്പറില്‍ വിളിക്കാം. 7087697652.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൈക്കിളില്‍ അദ്ദേഹം രൂപമാറ്റം നടത്താനും തയാറാണ്. അതിനും സൈക്കിളിന്‍റെ ഡെലിവറിക്കും അധിക ചാര്‍ജ് നല്‍കേണ്ടിവരുമെന്ന് മാത്രം.


ഇതുകൂടി വായിക്കാം: 9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം