‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം

കേരളത്തില്‍ മാത്രമല്ല, ഗുജറാത്തിലും ആന്‍ഡമാനിലുമൊക്കെയായി നാനൂറിലേറെ റെയിന്‍ വാട്ടര്‍ സിറിഞ്ച് സംവിധാനം ആന്‍റോജി സ്ഥാപിച്ചിട്ടുണ്ട്.

രു ദിവസം രാവിലെ ആന്‍റോജി കൊച്ചി ചെല്ലാനത്തെ വീട്ടുമുറ്റത്ത് ചെടിക്ക് നനച്ചുകൊണ്ടിരുക്കുകയായിരുന്നു. എന്തോ ആലോചനയില്‍ പെട്ട് ഹോസ് കൈയ്യില്‍ നിന്ന് താഴെ വീണുപോയി. ചെല്ലാനത്തെ മണലില്‍ അത് കുത്തി വീണപ്പോള്‍ വള്ളത്തിന്‍റെ ശക്തികൊണ്ട് ഏകദേശം 30 സെന്‍റിമീറ്റര്‍ ആഴത്തില്‍ കുഴിഞ്ഞുപോയി. വെള്ളം അതില്‍ കെട്ടിനിന്നു, പിന്നെ പതിയെ താഴേക്കിറങ്ങി.

കുടിവള്ളത്തിനായി വാട്ടര്‍ ആതോറിറ്റിയെ ആശ്രയിക്കാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആഴ്ചയില്‍ ഒരു പത്ത് തവണയെങ്കിലും ആലോചിക്കാറുണ്ടായിരുന്ന ആന്‍റോജിയുടെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം,  നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


മഴവെള്ളം ഇതുപോലെ ശക്തിയില്‍ മണ്ണിന്നടിയിലേക്ക് ഇറക്കി ശേഖരിച്ചാല്‍ അതുകൊണ്ട് ഭൂഗര്‍ഭജലവിതാനം വര്‍ദ്ധിപ്പിക്കാനും വെള്ളത്തിലെ ഉപ്പുരസം കുറയ്ക്കാനും കഴിയില്ലേ എന്ന ചിന്തയായിരുന്നു ആദ്യം. ആ ചിന്ത കൂടുതല്‍ വികസിപ്പിച്ച് ആന്‍റോജി പുതിയൊരു ടെക്‌നോളജി പരീക്ഷിച്ചു.

ആന്‍റോജി

റെയിന്‍ വാട്ടര്‍ സിറിഞ്ച് ടെക്‌നിക് എന്നാണ് ആന്‍റോജി അതിനെ വിശേഷിപ്പിക്കുന്നത്. ഒരു വയറിങ്ങ് ജോലിക്കാരനായ ആന്‍റോജി വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഇന്ന് നിരവധി വീടുകളിലും നൂറുകണിന് കൃഷിയിടങ്ങളിലും റിസോര്‍ട്ടുകളിലുമൊക്കെ മഴവെള്ളം മണ്ണിലേക്കിറക്കാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ ചെല്ലാനംകാരനായ ഈ വയറിങ് ജോലിക്കാരനെ തേടിയെത്തി.


കൊച്ചിയിലെ ഭൂഗര്‍ഭജലത്തില്‍ ക്ലോറൈഡിന്‍റെ സാന്നിദ്ധ്യം അളവ് ലിറ്ററിന് 1,000 മില്ലി ഗ്രാം ആണെന്ന് കണ്ടെത്തിയിരുന്നു


“അന്ന്, മുപ്പത് വര്‍ഷം മുമ്പ് ഞാന്‍ ആദ്യമായി പരീക്ഷിച്ച വാട്ടര്‍ സിറിഞ്ചിന് അത്ര ആഴമൊന്നുമുണ്ടായിരുന്നില്ല,” ആന്‍റോജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “കുറച്ചു സെന്റിമീറ്റര്‍ മാത്രം താഴ്ചയിലാണ് അത് പരീക്ഷിച്ചത്. പിന്നീട് ഞാനത് കൂടുതല്‍ വിപുലപ്പെടുത്താനുള്ള അന്വേഷണങ്ങള്‍ നടത്തി. മണ്ണിനടിയില്‍ വെള്ളം കൂടുതല്‍ സംഭരിക്കാനും അതുവഴി വെള്ളത്തിലെ ഉപ്പുരസം കുറയ്ക്കാനുമായിരുന്നു ശ്രമം.”

ആന്‍റോജി

ഭൂഗര്‍ഭജലത്തില്‍ ഉപ്പുവെള്ളം ഇപ്പോള്‍ കേരളത്തിലെ തീരപ്രദേശത്ത് മാത്രമല്ല പ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ കൊച്ചിയടക്കമുള്ള കടലോര പട്ടണങ്ങളില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാണ്. 2015-ല്‍ നടത്തിയ ഒരു പഠനത്തില്‍ കൊച്ചിയിലെ ഭൂഗര്‍ഭജലത്തിലെ ക്ലോറൈഡിന്‍റെ സാന്നിദ്ധ്യം അളവ് ലിറ്ററിന് 1,000 മില്ലി ഗ്രാം ആണെന്ന് കണ്ടെത്തിയിരുന്നു. കുടിവെള്ളത്തില്‍ അനുവദനീയമായ ക്ലോറൈഡിന്‍റെ അളവ് ലിറ്ററിന് 250 എംജി മാത്രമാണ് എന്ന് ചേര്‍ത്തുവായിക്കുമ്പോഴറിയാം എത്രമാത്രം രൂക്ഷമാണ് ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റമെന്ന്.

മഴവെള്ളം സമുദ്രനിരപ്പിലും താഴെ സൂക്ഷിച്ചാല്‍ വര്‍ഷം മുഴുവനും നല്ല കുടിവെള്ളം ലഭിക്കും. ഭൂനിരപ്പില്‍ നിന്നും ആറുമീറ്ററെങ്കിലും താഴ്ചയിലേക്ക് മഴവെള്ളം നിറയ്ക്കുന്ന ഒരു രീതിയാണ് ഞാന്‍ വികസിപ്പിച്ചെടുത്തത്. വെള്ളം മണ്ണിലേക്ക് താഴ്ത്താന്‍ ഒരുതരത്തിലുമുള്ള മെഷിനും ആവശ്യമില്ല, ആന്‍റോജി വിശദീകരിക്കുന്നു.

ഓരോ സ്ഥലത്തേയും സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ഈ സിറിഞ്ച് സംവിധാനം തയ്യാറാക്കുന്നത്. ഒരു വീട്ടിലെ ആവശ്യത്തിന് ചെറിയൊരു കുഴി മാത്രം മതിയായിരിക്കും. അതേസമയം ഒരു കൃഷിസ്ഥലത്തേക്കാണെങ്കില്‍ കൂടുതല്‍ ആഴത്തില്‍ വേണ്ടി വരും. രണ്ടായാലും അതിന്‍റെ ഡിസൈന്‍ എല്ലാം ഏതാണ്ട് ഒരു പോലെ തന്നെ.

സിറിഞ്ച് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു.

  • ഒരു ശരാശരി മഴവെള്ള സിറിഞ്ച് സംവിധാനത്തിന് ആറ് മീറ്റര്‍ ആഴത്തില്‍ കുഴിയെടുക്കണം. അതില്‍ മൂന്ന് മീറ്റര്‍ പുഴമണല്‍ നിറയ്ക്കണം
  • മണല്‍ ഒരു അരിപ്പ പോലെ പ്രവര്‍ത്തിക്കുകയും വെള്ളം താഴേക്ക് അരിച്ചിറങ്ങുകയും ചെയ്യും
  • മുകളില്‍ ഒരു ചെറിയ കോണ്‍ക്രീറ്റ് ടാങ്കിലേക്ക് മഴവെള്ളം ഇറക്കി അതില്‍ നിന്നാണ് പി വി സി പൈപ്പ് വഴി മണ്ണിലേക്കെത്തിക്കുന്നത്. ഈ ടാങ്കിന് ആയിരം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള ശേഷി മതിയാവും. ഈ ടാങ്ക് നിറയുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സമ്മര്‍ദ്ദം മണ്ണിനടയില്‍ 70 അടി താഴേക്ക് വെള്ളം ഇന്‍ജെക്ട് ചെയ്യുന്നു.
  •  ഫൂട്ട് വാല്‍വ് ഘടിപ്പിച്ച ഒരു പൈപ്പ് ഇറക്കി മുകളില്‍ ഒരു മോട്ടോര്‍ ഘടിപ്പിച്ചാല്‍ അതിലൂടെ മണ്ണിനടിയില്‍ ശേഖരിച്ച വെള്ളം ആവശ്യത്തിന് മുകളിലേക്ക് പമ്പ് ചെയ്‌തെടുക്കുകയും ചെയ്യാം.
ആന്‍റോജിയുടെ വാട്ടര്‍ സിറിഞ്ചിന്‍റെ സ്കെച്ച്

ആന്‍ഡമാനിലെ ഒരു റിസോര്‍ട്ടില്‍ ആന്‍റോജി ഈ റെയിന്‍വാട്ടര്‍ സിറിഞ്ച് സംവിധാനം സ്ഥാപിച്ചു. കുടിവെള്ളം കിട്ടാത്തതിനാല്‍ മൂന്ന് മാസം അടച്ചിടേണ്ടി വന്ന റിസോര്‍ട്ട് ആണിത്. അവിടെയും ഉപ്പുവെള്ളമായിരുന്നു പ്രശ്‌നം.

ആന്‍റോജി രക്ഷയ്‌ക്കെത്തി. റെയിന്‍ വാട്ടര്‍ സിറിഞ്ച് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ദിവസവും 1,500 ലിറ്റര്‍ കുടിവെള്ളം ഇവിടെ കിട്ടുന്നുണ്ടെന്ന് ആന്‍റോജി പറഞ്ഞു.


സമുദ്രനിരപ്പില്‍ കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ഫലപ്രദം


കേരളത്തിലെ ഒരു അഞ്ചേക്കര്‍ കൃഷിസ്ഥലത്ത് ഇത്തരം പത്ത് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ആന്‍റോജി പറയുന്നു. “ഓരോന്നും പത്തടി ആഴമുളളതാണ്. ഇങ്ങനെ സംഭരിക്കുന്ന വെള്ളമാണ് ആ കര്‍ഷകന്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കുന്നത്.”

ഈ റെയിന്‍ വാട്ടര്‍ സിറിഞ്ച് സംവിധാനം സമുദ്രനിരപ്പില്‍ കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ഫലപ്രദം, കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ആന്‍റോജി പറയുന്നു. “അതുകൊണ്ട്, കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ ഇത് വിജയകരമായി ഉപയോഗിക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

മഴവെള്ള സിറിഞ്ച് വിവിധ ഘട്ടങ്ങള്‍

ഇതുവരെ ആന്‍റോജിയുടെ കണ്ടുപിടുത്തം നാനൂറ് ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വീടുകളും കൃഷിസ്ഥലങ്ങളും റിസോര്‍ട്ടുകളും ഉള്‍പ്പെടെയാണിത്. 90 ശതമാനം വിജയം രേഖപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 300 കോടി ലിറ്റര്‍ വെള്ളമെങ്കിലും ശേഖരിച്ചിട്ടുണ്ട്.

പാറ്റെന്‍റെടുക്കുന്നതിനെക്കുറിച്ചൊന്നും കാര്യമായ അറിവില്ലാത്തതിനാല്‍ ആന്‍റോജി അതിനൊന്നും പോയില്ല. തന്നെക്കൊണ്ടാവുന്നതുപോലെ മഴവെള്ളം മണ്ണിലേക്കിറിക്കാന്‍ സഹായിക്കുകയാണ് ഇദ്ദേഹം, കേരളത്തില്‍ മാത്രമല്ല, ആന്‍ഡമാനിലും ഗുജറാത്തിലും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും. ഒരു സാധാരണ വീട്ടിലേക്കുള്ള ഈ സംവിധാനം സ്ഥാപിക്കാന്‍ 25,000 രൂപയോളം ചെലവ് വരും.


ഇതുകൂടി വായിക്കാം: കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്


ഒരു കാലത്ത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിനായി കാത്തിരുന്ന ചെല്ലാനത്തെ ആന്‍റോജിയുടെ വീട്ടിലിന്ന് ആ കണെക്ഷന്‍ പൂര്‍ണമായും വേണ്ടെന്നുവെച്ചു. പകരം, മഴയെ മണ്ണിനടിയിലേക്കിറക്കി വെ്ള്ളത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തി നേടി.

2009-ല്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ഈ കണ്ടുപിടുത്തത്തിന്‍റെ പേരില്‍ ആന്‍റോജിക്ക് പ്രോത്സാഹന സമ്മാനം നല്‍കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കു.
ഫോണ്‍:91-8893863663

ചിത്രങ്ങള്‍ക്ക് കടപ്പാട്: ആന്‍റോജി.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം