കളമശ്ശേരി ജംഗ്ഷനിലെ തിരക്കിലൂടെ സേവ്യര്‍ സൈക്കിളോടിച്ചു പോകുന്നതുകണ്ടാല്‍ നാട്ടുകാരൊക്കെ അന്തംവിട്ട് നോക്കിനില്‍ക്കും.. ബസില്‍ പോകുന്നവര്‍ വിന്‍ഡോയിലൂടെ തലയിട്ട് നോക്കും.. കാറുകാരും ബൈക്കുകാരുമൊക്കെ വണ്ടി സൈഡാക്കി നിറുത്തും.. അത്ഭുതത്തോടെ നോക്കുന്നവരാണ് കൂടുതലും.. ചിലര് ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലും.. പിന്നെ വിശേഷങ്ങള്‍ ചോദിക്കും.. കൂടെ നിന്ന് സെല്‍ഫിയെടുക്കും..
ഇങ്ങനെയൊക്കെ ചെയ്യാന്‍ മാത്രം ഈ സൈക്കിളിനെന്താ പ്രത്യേകതയെന്നല്ലേ.. ഇതിനു പ്രത്യേകതകള്‍ മാത്രമേയുള്ളൂ.. ഇതിന്‍റെ കഥ പറയാനേറെയുണ്ട്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സോളാര്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍. ആരും ഓടിക്കാതെ വീടിന്‍റെ ഒരു മൂലയ്ക്ക് വെറുതേ വച്ചിരുന്ന സാധാരണ സൈക്കിളിനെ ഇങ്ങനെ മാറ്റിയെടുത്തതും 58-കാരനായ സേവ്യര്‍ തന്നെയാണ്. ഒരൊറ്റ സൈക്കിളിലൂടെ താരമായ സേവ്യര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“എന്‍റെ വീട് കളമശ്ശേരി മണലിമുക്കിലാണ്.. മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിക്ക് ന്യുവാല്‍സ് കോളെജിനടുത്തുള്ള ഒരു കുന്നിറങ്ങിയാണ് വീട്ടിലേക്ക് പോകുന്നത്.. ഈ കുന്നിലൂടെ നടക്കാനിത്തിരി ബുദ്ധിമുട്ടാണ്.. സൈക്കിളാകുമ്പോള്‍ എളുപ്പമാണല്ലോ.. പക്ഷേ സൈക്കിളും കൊണ്ട് കുന്ന് കയറാനിത്തിരിയൊന്നുമല്ല കുറച്ചധികം കഷ്ടപ്പാടാണ്. ആകസിലറേറ്ററുള്ള സൈക്കിളാണെങ്കില്‍ എന്തെളുപ്പമായേനെ എന്നു തോന്നി.
“ആ തോന്നല്‍ മോളോടും പറഞ്ഞു, ഓണ്‍ലൈനിലൂടെ മോട്ടോര്‍ ഘടിപ്പിച്ച വീലുള്ള സൈക്കിള്‍ വാങ്ങാമെന്നു അവളും. പൂനെയില്‍ എല്‍ എല്‍ ബിക്ക് പഠിക്കുകയാണ് മോള്.. പേര് ജാക്‌സി.” സോളാര്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിലേക്കെത്തുന്നതിനെക്കുറിച്ച് സേവ്യര്‍ പറയുന്നു.
“ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചാര്‍ജ് ആകുന്ന തരത്തിലുള്ള വീല്‍വാങ്ങാമെന്നു പറഞ്ഞ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു. മുപ്പതിനായിരം രൂപയും അടച്ചു. പക്ഷേ ഇതുവരെ ഐറ്റം കിട്ടിയില്ല.. പൈസയും പോയി. പണം തിരികെ അക്കൗണ്ടിലെത്തുമെന്നു പറഞ്ഞുവെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. എങ്ങനെയങ്കിലും തിരിച്ചു കിട്ടുന്നതിന് മോള് ശ്രമിക്കുന്നുണ്ട്.
“സൈക്കിളില്‍ പിടിപ്പിക്കാവുന്ന മോട്ടോര്‍ പള്ളിമുക്കിലെ മാതാ ഇലക്ട്രോണിക്‌സില്‍ കിട്ടുമെന്നറിഞ്ഞ്, അങ്ങോട് പോയി. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു, മോട്ടോര്‍ വാങ്ങി. വീട്ടിലൊരു സൈക്കിളുണ്ടായിരുന്നു.. അതുപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുകയാണ്.. കയറ്റത്തിലൂടെ സൈക്കിളോടിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒഴിവാക്കിയതാണ്. അതില്‍ ഈ മോട്ടോര്‍ ഘടിപ്പിച്ച് ആക്‌സിലേറ്റര്‍ കൊടുത്താല്‍ മതിയല്ലോ എന്നു തോന്നി.
“പരിചയക്കാരനായ ഒരു വെല്‍ഡറുണ്ട്–ജോസ്. എന്‍റെ വീടിന്‍റെ ട്രസ്സ് വര്‍ക് ചെയ്തത് ജോസാണ്. കുറേക്കാലമായിട്ടുള്ള കൂട്ടാണ് ഞങ്ങളുടേത്. ജോസിനോട് കാര്യങ്ങളൊക്കെ പറഞ്ഞു വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടില്‍ വെച്ചാണ് പണി ചെയ്യുന്നത്. എന്തൊക്കെ മാറ്റം വരുത്തണമെന്നു പറഞ്ഞു കൊടുക്കും.. ഓരോന്ന് പറഞ്ഞ് പറഞ്ഞ് ജോസിനെ കൊണ്ട് ചെയ്യിപ്പിച്ചെടുത്തു. ആദ്യം വര്‍ക്കായില്ല.. പിന്നെ സോളാര്‍ പാനലിന്‍റെ എണ്ണം കൂട്ടി. മൂന്നു പാനലിന് പകരം ആറെണ്ണം ഘടിപ്പിച്ചു. അതോടെ ചാര്‍ജും കിട്ടി തുടങ്ങി..”
പക്ഷേ അത് വിജയിച്ചില്ല.. ഇപ്പോ കാണുന്ന ഈ സൈക്കിളിന്‍റെ രൂപമാക്കിയെടുക്കാന്‍ കുറേ പാടുപെട്ടു. കാഴ്ചയ്ക്ക് സൈക്കിള്‍ അടിപൊളിയായി തോന്നി. പക്ഷേ അത് അത്ര നല്ലതായിരുന്നില്ല. മോട്ടോറും മൂന്നു ബാറ്ററിയും ഒരു സ്യൂട്ട്‌കെയ്‌സ് പോലെയാണ് ചെയ്തിരുന്നത്. പിന്നെ സോളാര്‍ പാനലുമുണ്ടല്ലോ. ഇതെല്ലാം കൂടിയായപ്പോള്‍ ഭാരം കൂടിപ്പോയി.
ആദ്യം ടയര്‍ പൊട്ടിപ്പോയി. പിന്നെ അധികം നേരം ചാര്‍ജും നില്‍ക്കുന്നില്ല.
പിന്നെയും പണി തുടങ്ങി. ഓരോന്ന് മാറ്റിയും മറിച്ചും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. വീലിന്‍റെ നടുക്കാണ് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്, നല്ല കട്ടിയുള്ള വീലു തന്നെ വേണം. അല്ലെങ്കില്‍ പ്രശ്‌നമാണ്. സാധാരണ അലുമിനിയം കമ്പി കനം കുറഞ്ഞതല്ലേ.. റിമ്മും വീലും ടയറുമൊക്കെ തകര്‍ന്നു. ഒടുവില്‍ കമ്പി ഉണ്ടാക്കിയെടുത്തു. സൈക്കിള്‍ വര്‍ക് ഷോപ്പിലെ കാസിമാണ് റിമ്മുണ്ടാക്കി തരുന്നത്. അലുമിനിയത്തിന് പകരം ഇരുമ്പിന്‍റെ റിമ്മുണ്ടാക്കി. റബര്‍ ടയറിന് പകരം നൈലോണ്‍ ടയറാക്കി. ഇറ്റാലിയന്‍ ബ്രേക്ക് സിസ്റ്റവും പിടിപ്പിച്ചു. ഒന്ന് ശരിയാകുമ്പോള്‍ മറ്റൊരു പ്രശ്‌നം വരും. പിന്നെ അതു ശരിയാക്കണം.. ഇങ്ങനെ ചെയ്തു ചെയ്താണ് സോളാര്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുണ്ടാക്കിയതെന്നു സേവ്യര്‍.
സൈക്കിളിന് ആറു സോളാര്‍ പാനലാണുള്ളത്. തനിയെ ചാര്‍ജ് കയറുന്ന സംവിധാനമാണെങ്കില്‍ വേറെ ചെലവ് വരില്ലല്ലോ എന്നു കരുതിയാണ് സോളാര്‍ ഘടിപ്പിക്കുന്നത്.
“ആദ്യം മൂന്നു സോളാര്‍ പാനലാണ് ഘടിപ്പിച്ചത്. പിന്നെ ആറെണ്ണമാക്കി കൂട്ടി. മോട്ടോര്‍ മാത്രമല്ല ഒരു ഫാനും എഫ്എം റേഡിയോയും ക്ലോക്കും കൂടെ സൈക്കിളില്‍ ചേര്‍ത്തു. ഇതൊക്കെ പ്രവര്‍ത്തിക്കുന്നതു ആ സോളാര്‍ പാനലിലാണ്.
“ഇതെല്ലാം കൂടി ചെയ്തു തീര്‍ക്കാന്‍ ഏതാണ്ട് ഒരു രണ്ട് മാസമെടുത്തു. 60,000 രൂപയോളം ചെലവും വന്നു. രണ്ട് സൈക്കിളാണു ഉണ്ടാക്കിയത്. ഇതില്‍ ഒരെണ്ണത്തില്‍ രണ്ടു പേര്‍ക്ക് ഇരിക്കാം. പിന്നെ വെയിലു കൊള്ളാതിരിക്കാനുള്ള സൗകര്യവുമുണ്ട്.. സൈക്കിളിന് നല്ല ഭാരമുണ്ട്. പക്ഷേ ഹാന്‍ഡില്‍ ബാറും സൈക്കിള്‍ ബോഡിയുമൊക്കെയായി ഞാനിപ്പോ ഓകെയാണ്.. സൈക്കിള്‍ ചവിട്ടാനിപ്പോള്‍ ഒരു പ്രശ്‌നവുമില്ല.
നേരത്തെ സൈക്കിളിന്‍റെ ഭാരം കൊണ്ടുമാത്രം മറിഞ്ഞുവീഴുമായിരുന്നു.. ഒത്തിരി പണിപ്പെട്ടാണെങ്കിലും അതൊക്കെ പരിഹരിച്ചു.
രണ്ട് സൈക്കിളാണ് നിര്‍മിച്ചത്. രണ്ടിലും ഫാനും ക്ലോക്കും റേഡിയോയുമൊക്കെയുണ്ട്. ഒരു ദിവസം മുഴുവനും സൈക്കില്‍ ചവിട്ടാനുള്ള ചാര്‍ജ് കിട്ടുന്നുണ്ട്. ചാര്‍ജ് കുറയുമ്പോള്‍ ചില സിഗ്‌നലുകള്‍ വരും. നാലു ചുവന്ന ലൈറ്റുകളുണ്ട്. ചാര്‍ജ് കയറുമ്പോള്‍ ഇതു മിന്നി കൊണ്ടേയിരിക്കും. കുറയുമ്പോള്‍ ഒരു ലൈറ്റ് മിന്നില്ല.
ഈ കിടിലന്‍ സൈക്കിള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് ഒരു വെറൈറ്റി കുടയും നിര്‍മിച്ചിട്ടുണ്ട് സേവ്യര്‍. “ഫാന്‍ ഘടിപ്പിച്ച കുടയാണത്. ആയിരം രൂപയുണ്ടെങ്കില്‍ ഫാന്‍ ഘടിപ്പിച്ച കുട നിര്‍മിക്കാം. ഇതിലും സോളാര്‍ പാനലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഒരു കുട വാങ്ങി.. അതിനകത്ത് ഫാന്‍ ഘടിപ്പിച്ചു.
കുടയ്ക്ക് മുകളിലാണ് സോളാര്‍ പിടിപ്പിച്ചിരിക്കുന്നത്.. കമ്പികള്‍ വളക്കാവുന്ന തരത്തിലുള്ളതാണ് കുട. നല്ല വെയിലുണ്ടേല്‍ ഈ കുടയും ചൂടി കാറ്റും കൊണ്ടു പോകാമെന്നു സേവ്യര്‍.
“സോളാറില്‍ പ്രവര്‍ത്തിക്കുന്ന പലതും വീട്ടിലുണ്ട്. വൈദ്യുതി പോകുമ്പോള്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് എമര്‍ജന്‍സി ലൈറ്റ് കത്തിക്കും. അല്ലാതെയുള്ള ലൈറ്റുകള്‍ കത്തിക്കാനുമൊക്കെ സോളാര്‍ ഉപയോഗിക്കുന്നുണ്ട്. പിന്നെ പലരോടും അഭിപ്രായങ്ങളൊക്കെ ചോദിച്ചാണ് സൈക്കിളില്‍ സോളാര്‍ ഘടിപ്പിക്കുന്നത്.
കുറേ വര്‍ഷം മുന്‍പ് ഒരു സൈക്കിള്‍ വാങ്ങിയിരുന്നു…ഹെര്‍കുലീസ്.. ഇതു വാങ്ങുന്നത് തന്നെ ഡോക്റ്റര്‍ പറഞ്ഞിട്ടാണ്. വെരിക്കോസിന്‍റെ അസുഖമുണ്ട്.. അതിന് എക്‌സര്‍സൈസ് ചെയ്യണം.. സൈക്കിള്‍ ചവിട്ടുന്നതും നല്ലതാണെന്നു ഡോക്റ്റര്‍ പറഞ്ഞു. പക്ഷേ കയറ്റമൊക്കെ ഉള്ളിടത്തുകൂടെ ചവിട്ടാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് സൈക്കിളിന് രൂപമാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. പരീക്ഷണം ഹെര്‍കുലിസില്‍ തന്നെയായിരുന്നു. അയ്യായ്യിരത്തിനോ ആറായിരത്തിനോ മറ്റോ വാങ്ങിയതാണ്. ഉപയോഗിക്കുന്നില്ലെന്നു കരുതി വില്‍ക്കാന്‍ നോക്കിയാ ഒരു വിലയും കിട്ടില്ല.. നഷ്ടമേയാകൂ.. ഇപ്പോ സൈക്കിള്‍ വെറുതേ കളയേണ്ടി വന്നില്ല. പരീക്ഷണമാണെങ്കിലും വിജയിച്ചു.
എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരനാണ് സേവ്യര്‍. ബാഗുകളാണ് വില്‍ക്കുന്നത്. കുറേ വര്‍ഷമായിട്ട് ഇതാണ് ജോലി. നേരത്തെ കുറച്ചുകാലം സ്റ്റുഡിയോയിലൊക്കെ വര്‍ക് ചെയ്തിട്ടുണ്ട്.. ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുടെ കാലത്താണത്. എഴുപതുകളില്‍. ആ പണിയൊക്കെ അറിയാം.. കുറേക്കാലം ബെംഗളുരൂവിലും സ്റ്റുഡിയോയില്‍ ഫിലിം ഡെവലപ്പറായിരുന്നു. 12 വര്‍ഷക്കാലം. പിന്നെ അതൊക്കെ ഉപേക്ഷിച്ച് നാട്ടിലെത്തി. കുറേനാളുകളായി ബാഗ് കച്ചവടത്തിലാണ്. ഇതിന്‍റെ തിരക്കുകളില്‍ക്കിടയിലാണ് സൈക്കിളിന് പിന്നാലെ പോയത്.
ഇതുകൂടി വായിക്കാം: മദ്യത്തിനടിപ്പെട്ട അച്ഛനെ മനസ്സിലാക്കാന്‍ ഒരുപാട് വൈകി… ഒടുവില്‍ വിവേക് ഉറപ്പിച്ചു, ഐ എ എസ് ആവണമെന്ന്, ധീരയായ അമ്മ ഒപ്പം നിന്നു
മകള്‍ മാത്രമല്ല ഭാര്യയുടെയും പിന്തുണയുണ്ടെന്നു അദ്ദേഹം പറയുന്നു. കിന്‍ഫ്രയിലെ ബിസിനസ് പാര്‍ക്കില്‍ ജോലി ചെയ്യുകയാണ് ഭാര്യ ജോയമ്മ. ഈ സൈക്കിള്‍ ഇനി ആര്‍ക്കെങ്കിലും ഉണ്ടാക്കി കൊടുക്കുമോയെന്നു ചോദിച്ചാല്‍ സേവ്യര്‍ ഉടന്‍ മറുപടി പറയും.. എന്തിനാ വേറെയുണ്ടാക്കി കൊടുക്കുന്നത്, ഇതു തന്നെ കൊടുക്കാല്ലോ.. എനിക്ക് വേണമെങ്കില്‍ ഇനിയും ഇതുപോലുള്ള സൈക്കിള്‍ ഉണ്ടാക്കിയെടുക്കാമല്ലോ എന്നു പറഞ്ഞുകൊണ്ടു സേവ്യര്‍ സൈക്കിള്‍ കാണാന്‍ കൂടി നിന്നവര്‍ക്കരികിലേക്ക്.
***
സേവിയറിന്‍റെ സോളാര്‍ സൈക്കിളിനെക്കുറിച്ച് കൂടുതലറിയാന്‍: 9744108683