“പ്രമുഖ കാര്‍നിര്‍മ്മാതാക്കളായ വോള്‍വോ എന്തുകൊണ്ടാണ് അവരുടെ ഏറ്റവും പ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായ കാറുകളുടെ ത്രീ-പോയിന്‍റ് സീറ്റ്‌ബെല്‍റ്റുകള്‍ക്ക് പേറ്റന്‍റ് എടുക്കാതിരുന്നതെന്നറിയാമോ?,” തൃശ്ശൂര്‍ക്കാരനായ രമേശ് മേനോന്‍ ചോദിക്കുന്നു. “അതിനുള്ള കമ്പനിയുടെ മറുപടി എന്തായിരുന്നെന്നറിയാമോ?
“ഇത് ജനങ്ങളുടെ ജീവന് സുരക്ഷയാണ്. കാലം കഴിയുമ്പോള്‍ അത് അവര്‍ക്ക് മനസിലായിത്തുടങ്ങും. ത്രീ-പോയിന്‍റ് സീറ്റ് ബെല്‍റ്റിന് വോള്‍വോ പേറ്റന്‍റ് എടുക്കാതിരുന്നതിനാല്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ക്കും അത് പകര്‍ത്താനായി. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനായി. വോള്‍വോ അന്ന് ആ പേറ്റന്‍റ് എടുത്തിരുന്നെങ്കില്‍ പിന്നീട് വരുന്ന കാര്‍ നിര്‍മ്മാതാക്കളും ഉപഭോക്താക്കളും കുടുങ്ങിപ്പോകില്ലായിരുന്നോ?” രമേശ് മേനോന്‍ തുടരുന്നു.
അതിനിടയില്‍ പറഞ്ഞോട്ടെ, ഇത് കാറുകളേയും സീറ്റ് ബെല്‍റ്റിനേയും പറ്റിയല്ല കേട്ടോ. സംഗതി നല്ല രസികന്‍ നൂഡില്‍സിനേയും പാസ്തയേയും കുറിച്ചാണ്. തൃശ്ശൂര്‍ക്കാരനായ രമേശ് മേനോനും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കുന്നതാണ്.
പറഞ്ഞുവരുമ്പോള്‍ അതിലൊരു പേറ്റന്‍റിനുള്ള സ്‌കോപ്പുണ്ട്. ഒരുപാട് ഗവേഷണം നടത്തിയിട്ടാണ് അവര്‍ മൈദ പൂര്‍ണമായും ഒഴിവാക്കി കപ്പയും ചെറുധാന്യങ്ങളും മറ്റും ചേര്‍ത്ത് നൂഡില്‍സിന്‍റേയും പാസ്തയുടെയും കൂട്ട് ഉണ്ടാക്കിയത്.
“മൈദയില്ലാത്ത നൂഡില്‍സിനും പാസ്തയ്ക്കും പേറ്റന്‍റ് എടുത്തുകൂടെയെന്ന് പലരും ചോദിച്ചു,” രമേശ് മേനോന്‍ പറയുന്നു.”ഭാവിയില്‍ മറ്റ് കമ്പനികളും ഞങ്ങളെ പകര്‍ത്തുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. മാത്രമല്ല ഭക്ഷണ സംസ്‌കാരത്തിലുണ്ടാകുന്ന അനുകൂല മാറ്റങ്ങള്‍ എല്ലാവരുടേയും ആരോഗ്യത്തിനു നല്ലതല്ലേ,” അദ്ദേഹം ചോദിക്കുന്നു.
രമേശ് മേനോന്‍ സീറ്റ്‌ബെല്‍റ്റിന്‍റെ കണ്ടുപിടുത്തം ഓര്‍ത്തുപോയത് അതുകൊണ്ടാണ്.
***
”അമ്മേ, എനിക്കിന്നു ലഞ്ചിന് നൂഡില്‍സ് മതി… എന്‍റെ കൂട്ടൂകാരി മിയ എന്നും നൂഡില്‍സാണ് സ്‌കൂളില്‍ കൊണ്ടുവരുന്നത്. അത് കൈയ്യില്‍ പറ്റില്ല. ചോറുപോലെ രണ്ട് മൂന്ന് കറിയൊന്നും വേണ്ട. എട്ടാംക്ലാസുകാരിയുടെ പിടിവാശിയ്ക്കു മുന്നില്‍ അമ്മ കീഴടങ്ങി. കാരണം വീട് യുദ്ധക്കളമാക്കാന്‍ അമ്മമാര്‍ ആഗ്രഹിക്കുന്നില്ല,” രമേശ് തുടരുന്നു.
ആരോഗ്യകരവും കലര്‍പ്പില്ലാത്തതുമായ ജൈവഭക്ഷ്യവസ്തുക്കള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ സന്ദര്‍ശിക്കൂ: shop.thebetterindia.com
മാതാപിതാക്കളില്‍ പലര്‍ക്കും നൂഡില്‍സും പാസ്തയും ഉണ്ടാക്കാനുപയോഗിക്കുന്ന മൈദയുടെ ദൂഷ്യത്തേപറ്റി അറിയില്ല. രുചിയും പിന്നെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാമെന്നതുമാണ് അതിന്‍റെ ആകര്‍ഷണം, അദ്ദേഹം പറയുന്നു.
തനിനാടന്‍ വിഭവങ്ങളുപയോഗിച്ച് മൈദയുടെ ഉപയോഗം പൂജ്യം ശതമാനത്തിലെത്തിച്ച് പാസ്തയും നൂഡില്‍സും ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത് അങ്ങനെയാണ് എന്ന് രമേശ് മേനോന്‍ പറയുന്നു.
അങ്ങനെ, പത്തോളം വരുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ജീവനക്കാരും തൃശ്ശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ ഷാജി ദാമോദരന്‍ ഉള്‍പ്പെടുന്ന ന്യൂട്രിഷണല്‍ ശാസ്ത്രജ്ഞന്‍മാരും ചിന്തിച്ചു തുടങ്ങിയിടത്തു നിന്നാണ് ഈ കപ്പ നൂഡില്‍സിന്‍റെ പിറവി.
മൈദ അടങ്ങാത്ത എന്നാല്‍ പാകം ചെയ്തു കഴിയ്ക്കാന്‍ എളുപ്പമുള്ള രുചിയേറിയ സൂപ്പര്‍ ഫാസ്റ്റ് ഫുഡ് എന്ന ആശയം ബ്രഹ്മ ഇന്‍ഡിക് ന്യൂട്രിമെന്‍റ്സ് എന്ന സ്ഥാപനമായി വളര്‍ന്നു.
പക്ഷേ, അത് അത്ര എളുപ്പമുള്ള പരിപാടിയായിരുന്നില്ല.
“മൈദയില്ലാതെ നൂഡില്‍സും പാസ്തയും ഉണ്ടാക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. അതുമാത്രമല്ല സൂപ്പര്‍ ഫൂഡ് കോണ്‍സെപ്റ്റിലേയ്ക്കു വരുമ്പോള്‍ ആരോഗ്യകരമായ ഘടകങ്ങള്‍ അതില്‍ വേണമെന്ന് ഏറെ നിര്‍ബ്ബന്ധവുമുണ്ടായിരുന്നു. പക്ഷെ നൂഡില്‍സിന്‍റെ ഉല്‍പാദനത്തില്‍ മൈദ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. എങ്കിലും പലതും പരീക്ഷിച്ച് മൈദയുടെ അളവ് പരമാവധി കുറക്കാനായി ആദ്യശ്രമങ്ങള്‍.
ഞങ്ങളുടെ ആദ്യ ഉല്‍പന്നത്തിന്‍റെ ഫോര്‍മുല ലഭിച്ചത് ദേശീയ കിഴങ്ങു ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സാങ്കേതിക സഹായവും കിട്ടി. എത്ര ശ്രമിച്ചിട്ടും അതില്‍ മൈദ പത്തുശതമാനമെങ്കിലും വേണമെന്ന സ്ഥിതിയിലായി. പിന്നെയും ഗവേഷണം തുടര്‍ന്നു. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടി,”മൈദയില്ലാതെ നൂഡില്‍സും പാസ്തയും നിര്‍മ്മിച്ചതിനെപ്പറ്റി രമേശ് തുടര്‍ന്നു.
അങ്ങനെ പരീക്ഷണം ലണ്ടനിലേക്കും നീണ്ടു. കമ്പനിയുടെ ഓഹരി ഉടമകളിലൊരാളും ലണ്ടനിലെ ഒരു പ്രമുഖ രാജ്യാന്തര കമ്പനിയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരിലൊരാളുമായ ഡോ.രാജേഷ് മേനോന്‍ (ക്രിക്ക് യൂണിവേഴ്‌സിറ്റി)
നിരന്തരമായ പരീക്ഷണങ്ങളിലൂടെ മൈദയ്ക്ക് പകരമായി നൂഡില്‍സ്, പാസ്ത നിര്‍മ്മാണത്തിനുപയോഗിക്കേണ്ട മിശ്രിതം കണ്ടെത്തി.
ഒരു പ്രത്യേകാനുപാതത്തില്‍ ഇസാബ്ബുള്‍(വടക്കേ ഇന്‍ഡ്യയില്‍ കണ്ടുവരുന്ന തവിടു ചേര്‍ന്ന പ്രത്യേക ഇനം വിത്താണ്), ആരോറൂട്ട് (കൂവപ്പൊടി) വെള്ളക്കടല, പ്രത്യേക തരത്തില്‍ തയ്യാറാക്കിയിരിക്കുന്ന മഞ്ഞപ്പൊടി, ചെറുചണവിത്ത് തുടങ്ങി ഒന്‍പതു തരത്തിലുള്ള ധാന്യങ്ങള്‍ എന്നിവയാണ് മൈദയ്ക്കു പകരമായി അതേപൊലൊരു ഉല്പന്നം തയ്യാറാക്കുന്നതിനായി രാജേഷ് മേനോന്‍ കണ്ടെത്തിയത്.
ഈ മിശ്രിതം തയ്യാറാക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് ഒന്നരവര്‍ഷത്തോളമെടുത്തു.
ധാന്യങ്ങള്‍ തേടി അട്ടപ്പാടിയിലേക്ക്
“വയനാട്ടിലേയും പാലക്കാട്ടേയും കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ഞങ്ങള്‍ ധാന്യങ്ങള്‍ ശേഖരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്കും അതിലൊരു പ്രയോജനം ലഭിക്കുന്നുണ്ട്. ചെറുധാന്യങ്ങള്‍ തേടി ഞങ്ങളുടെ സംഘം ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നു. ശേഖരിച്ച ധാന്യങ്ങള്‍ കഴുകി ഉണക്കിപ്പൊടിച്ച് നൂഡില്‍സും പാസ്തയും പക്കാവടയും ഉണ്ടാക്കുന്നു. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒന്നരക്കോടി രൂപയോളം വരുന്ന യന്ത്രത്തിലാണ് ഫൂഡ് നിര്‍മ്മിക്കുന്നത്. എന്നാല്‍ യാതൊരു തരത്തിലുള്ള പ്രിസര്‍വേറ്റീവുകളോ കളറുകളോ ചേര്‍ക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മാവിലെ ജലാംശം വളരെ കുറവായിരിക്കും. അതുകൊണ്ട് ഉല്‍പന്നം എട്ടുമാസക്കാലത്തോളം കേടുകൂടാതിരിക്കുകയും ചെയ്യും,”രമേശ് പറയുന്നു.
ചെറുധാന്യങ്ങളായ ചോളം, തിന, ചാമ, വരക്, പഞ്ഞപ്പുല്ല് തുടങ്ങിയവയും ഗുജറാത്തിലെ ചില ഗ്രാമങ്ങളില്‍ മാത്രം വളരുന്ന വിലയേറിയ ധാന്യമായ ഇസ്ബുള്‍ ഹക്കും ന്യൂട്രി നൂഡില്‍സിലേയും പാസ്തയിലേയും പ്രധാന ചേരുവകളാണ്.
നൂട്രി റൂട്ടിന്‍റെ പാസ്തയും നൂഡില്‍സും പുട്ടുപൊടിയുമൊക്കെ shop.thebetterindia.com-ല്‍ നിന്ന് വാങ്ങാം.
കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇപ്പൊളൊരു ചെറുധാന്യ ഗ്രാമം തന്നെ വയനാട്ടില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ധാരാളമായി ഉല്‍പാദിപ്പിക്കാത്തതു മൂലം വില അധികമുള്ള ധാന്യങ്ങളാണ് ഇവയിലേറെയും. അതുകൊണ്ട് ന്യൂട്രി പാസ്തയുടേയും നൂഡിലിന്‍റേയും വില അല്പം കൂടുമെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും കമ്പനി ഉടമസ്ഥര്‍ വ്യക്തമാക്കുന്നു.
ഡ്രയര്‍, നൂഡില്‍സ് മെഷീന്‍, പായ്ക്കിംഗ് മെഷീന്‍, ഡ്രൈ ബ്ലന്‍ഡര്‍, വൈറ്റ് ബ്ലന്‍ഡര്‍, നീഡര്‍ തുടങ്ങിയ മെഷീനുകളാണ് ഉള്ളത്. കാര്‍ഷിക വിളകള്‍ വാങ്ങുന്ന പ്രദേശത്തു നിന്നുതന്നെ കഴുകിപ്പൊടിച്ചെടുക്കും. ഏഴു തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്. മാനേജിംഗ് ഡയറക്ടര്‍ ഷാജി ദാമോദരനും ഡയറക്ടര്‍മാരായി രമേശ് മേനോനും ജ്യോതിഷ് കെ യുവും.
”കേരളത്തിലെ ബേക്കറികളുടെ വളര്‍ച്ചയെന്താണെന്ന് അറിയാമോ? തൊണ്ണൂറു ശതമാനമാണ്… ബേക്കറി പലഹാരങ്ങളില്‍ മൈദ ചേരാത്തത് വളരെ അപൂര്‍വ്വമാണ്.”
(മൈദ എന്നു പറയുന്നത് ഗോതമ്പിലെ അന്നജം മാത്രം എടുക്കുന്നതാണ്. ഗോതമ്പിന്‍റെ ഉമിയും തവിടും നാരും നീക്കിയാല്‍ ബാക്കിയുള്ളത് തരിയും പൊടിയുമാണ്. ഈ പൊടിയാണ് റവയായും മൈദയായും ഉപയോഗിക്കുന്നത്. … തവിടുള്ള ധാന്യങ്ങളും മറ്റും പെ്‌ട്ടെന്ന് ചീത്തയാകും. ധാന്യങ്ങള്‍ ചീത്തയാകാതെ ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ ധാരാളം ഫൈബറുകളടങ്ങിയ തവിട് നീക്കം ചെയ്തേ മതിയാകൂ.അങ്ങനെ ജീവനില്ലാത്ത മൈദയും ആട്ടയുമാണ് നാം ഉപയോഗിക്കുന്നതെന്ന് വ്യക്തം. പിന്നെ ഇവ കേടുകൂടാതിരിക്കാന്‍ ധാരാളം പ്രിസര്‍വേറ്റീവുകളും കളറുകളും ഉപയോഗിക്കുന്നു. അവലംബം-നല്ല ഭക്ഷണ ശീലങ്ങള്‍, എന്‍ വെങ്കിടകൃഷ്ണന്‍ പോറ്റി).
“മൈദ കൂടാതെ ഡാല്‍ഡയും പഞ്ചസാരയുമാണ് ബേക്കറി പലഹാരങ്ങളിലെ പ്രധാന കണ്ടന്‍റ്. ശരിയ്ക്കും ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലായതുകൊണ്ട് ഇതിന്‍റെയൊക്കെ ദൂഷ്യവശങ്ങള്‍ നന്നായി അറിയാമെന്നുള്ളതുകൊണ്ടും കുറച്ചെങ്കിലും മാറ്റങ്ങള്‍ വരികയാണെങ്കില്‍ അത് നല്ലതാണെന്ന് തോന്നി. പിന്നെ കോളേജ് അധ്യാപകനായിരുന്ന ഡോ.ഷാജി ദാമോദരന്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ ബേക്കറി ബിസിനസില്‍ നിന്ന് മനസിലാക്കിയ വിവരങ്ങളും ഞങ്ങളുടെ സംരംഭത്തിന് ഏറെ ഗുണം ചെയ്തു. നൂറു ശതമാനം മൈദയില്ലാത്ത ഉല്‍പന്നങ്ങളാണ് ന്യൂട്രി റൂട്സിന്‍റെ ബേസ്.” രമേശ് മേനോന്‍ പറഞ്ഞു.
ഹാംബെര്‍ഗറില്‍ നിന്ന് ജാക്ക്ബര്‍ഗറിലേയ്ക്ക്
“…ഹാംബര്‍ഗറിനു പകരമായി നാട്ടില്‍ സുലഭമായ ചക്ക ഉപയോഗിച്ച് ജാക്ക്ബര്‍ഗര്‍ നിര്‍മ്മാണത്തിലേക്ക് ശ്രീലങ്കയും മലേഷ്യയുമൊക്കെ എത്തിയിരിക്കുകയാണ്. തീര്‍ത്തും നല്ല ഒരു തീരുമാനം തന്നെയാണത്. മാത്രമല്ല പോഷകാഹാരങ്ങള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ രാജ്യങ്ങളില്‍ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അത്തരമൊരു സംസ്‌കാരമാണ് നമ്മുടെ നാട്ടിലും വളരേണ്ടത്,” മുന്‍പ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന രമേശ് മേനോന്‍ പറയുന്നു.
“…റെഡ് മീറ്റിന്‍റെ ഉപയോഗം കുറയ്ക്കാനായി പകരക്കാരനായി കടച്ചക്ക (ശീമ ചക്ക)യെ ഉപയോഗപ്പെടുത്താനാകുന്നതാണെന്ന് നാട്ടിലെ വീട്ടമ്മമാര്‍ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കടച്ചക്ക പോഷകസമ്പുഷ്ടവും വറുത്തരച്ച് കറിവെയ്ക്കുമ്പോള്‍ രുചിയില്‍ ചിക്കന്‍ വരട്ടിയതുപോലെയും ബീഫ് വരട്ടിതുപോലെയുമൊക്കെ തോന്നിപ്പിക്കുന്നതുമാണ്. ന്യൂട്രി റൂട്സ് പുറത്തിറക്കുമ്പോള്‍ തന്നെ രുചിയുടെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലാതെ പോഷകസമൃദ്ധമായ ഉല്‍പന്നങ്ങള്‍ ചേര്‍ത്ത് വിപണിയിലിറക്കണമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. അതിനൊരു കാരണം പറഞ്ഞാല്‍ നമ്മുടെ യുവതലമുറ ഈപ്പറഞ്ഞ രുചികളില്‍ ഇപ്പോള്‍ തന്നെ ആസക്തരാണ്. അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സാധിക്കില്ല എന്നുള്ളതാണ്,” അദ്ദേഹം തുടരുന്നു.
“നമ്മുടെ നാവിന്‍റെ രുചി ഇങ്ങനെ ആകെ സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ്.രുചിയേറുമെങ്കിലും ഗുണം സീറോയാണെന്ന് (ജങ്ക് ഫുഡില്‍) കുട്ടികള്‍ക്കു മനസിലാവില്ല. ന്യൂട്രിമെന്‍റ്സിലേക്ക് ഞങ്ങളെ എത്തിച്ചതില്‍ പൊണ്ണത്തടിയും പോഷകാഹാരക്കുറവും ഒരു കാരണമായി.”
കപ്പയും ചക്കയും
”പഴയകാലത്തൊക്കെ പൊതുവായ ഒരു ആഹാരക്രമമുണ്ടായിരുന്നു. കപ്പ പുഴുങ്ങിയതും, ചക്കപുഴുങ്ങിയതും,ചേമ്പു പുഴുങ്ങിയതുമൊക്കെയായി. പ്രത്യേകിച്ച് നാലുമണി പലഹാരങ്ങളില്‍ അവലു നനച്ചതും ഇലയടയും മറ്റുമുണ്ടായിരുന്നു. അന്ന് ആളുകള്‍ക്ക് അതൊക്കെ തയ്യാറാക്കാനുള്ള സമയമുണ്ടായിരുന്നു. പശുവിന്‍ പാല് സുലഭമായിരുന്നു. തൊടികളില്‍ നിന്ന് പറിച്ചെടുക്കുന്ന വിഷമില്ലാത്ത പച്ചക്കറികളായിരുന്നു അന്നൊക്കെ ഉപയോഗിച്ചിരുന്നത്…,”രമേശ് തുടരുന്നു
”അതുകൊണ്ട് ഞങ്ങളുടെ ഉല്‍പന്നത്തില്‍ കപ്പയ്ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. ന്യൂട്രി കപ്പപ്പുട്ട് വിപണിയിലിറക്കിയിട്ടുണ്ട്.
“അതേപോലെ ചക്കയും ന്യൂട്രി റൂട്സിന്‍റെ പ്രധാന അസംസ്‌കൃത വസ്തുക്കളിലൊന്നാണ്.”
കോളെജിലെ കൂട്ടുകാര്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇങ്ങനെയൊരു കമ്പനിക്ക് തുടക്കം.
അവിടെ വെച്ചാണ് ഡോക്ടര്‍ ഷാജി ദാമോദരന്‍ കപ്പയില്‍ നിന്ന് നൂഡില്‍സ്, പാസ്ത തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കുക എന്ന ആശയത്തെപ്പറ്റി ചില സുഹൃത്തുക്കളോട് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളില്‍ പലര്‍ക്കും താല്‍പര്യമായി. അലുംനി അസോസിയേഷനിലെ നാലു പേരും പിന്നീട് പുറത്ത് നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലെ പത്തുപേരും പണം മുടക്കാനായി മുന്നോട്ടു വന്നു. അങ്ങനെ തൃശൂരില്‍ ബ്രഹ്മ ഇന്‍ഡിക് ന്യൂട്രിമെന്‍റ്സ്എന്ന സ്ഥാപനം പിറവിയെടുത്തു.
സ്റ്റാര്‍ട് അപ്പായി കേരളത്തില്‍ രജിസ്ട്രര്‍ ചെയ്തു. അമേരിക്കന്‍ മലയാളിയായ ദാസ് രാജഗോപാല്‍ കമ്പനിയുടെ പ്രധാന ഓഹരി പങ്കാളിയായി. “ലാഭത്തിലുപരി ഇത്തരത്തിലൊരു ഉല്‍പന്നം ഭക്ഷണ സംസ്‌ക്കാരത്തിലുണ്ടാക്കുന്ന മാറ്റമുണ്ടാക്കുന്നതിനും ജീവിതത്തില്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ സൗഹൃദം നിലനില്‍ക്കണമെന്നും ആഗ്രഹിച്ചു. പദ്ധതിയ്ക്കാവശ്യമായ പണം സൗഹൃദക്കൂട്ടായ്മയില്‍ നിന്നു കണ്ടെത്തി. ഏതാണ്ട് ഒന്നരക്കോടി രൂപയായിരുന്നു ആദ്യഘട്ടത്തില്‍ വേണ്ടിയിരുന്നത്.നിലവില്‍ പ്രവര്‍ത്തന മൂലധനത്തിനായി ബാങ്കില്‍ നിന്നുള്ള ഓവര്‍ ഡ്രാഫ്റ്റ് മാത്രമാണ് കടമായി ഉള്ളത്,”രമേശ് മേനോന്‍ പറഞ്ഞു.
വെല്ലുവിളികള്‍
“…ഭക്ഷണശീലങ്ങള്‍ മാറ്റിയെടുക്കുന്നതിന് സമയമെടുക്കും. മാത്രമല്ല ഇതൊരു പുതിയ ഉല്‍പന്നമാണ്. പരസ്യങ്ങളില്ല. വന്‍ തുക നല്‍കി മാധ്യമങ്ങളില്‍ പരസ്യം നല്‍കാനുള്ള മൂലധനമില്ല. അതുകൊണ്ടു തന്നെ വളര്‍ത്തിയെടുക്കേണ്ടത് വളരെ വലിയ ഉത്തരവാദിത്തമാണ്. സൂപ്പര്‍ ഫൂഡ് ഹാബിറ്റിലേയ്ക്ക് ജനങ്ങളെ എത്തിക്കുകയും അവരീ ഉല്‍പന്നം ചോദിച്ച് വരാന്‍ തുടങ്ങുകയും ചെയ്യണം.”
എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലും ആമസോണിന്‍റെ ഓണ്‍ലൈന്‍ വിപണിയിലും ഇപ്പോള്‍ ന്യൂട്രി റൂട്ടിന്‍റെ ഉല്‍പന്നങ്ങള്‍ വാങ്ങാം.
ഇതുകൂടി വായിക്കാം: ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു
“രാജ്യാന്തര നിലവാരത്തിലാണ് ഞങ്ങളീ ഉല്പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉല്‍പന്നത്തിന്‍റെ ഗള്‍ഫ് മേഖലയിലെ വിതരണം ഏറ്റെടുത്തിട്ടുണ്ട്. പിന്നെ ഉല്‍പന്നം ന്യൂട്രി നൂഡില്‍സിനും പാസ്തയ്ക്കുമൊപ്പം ന്യൂട്രി കപ്പപ്പുട്ട്, ചക്കപ്പുട്ട് തുടങ്ങിയവയും വിപണിയിലെത്തിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ട്. ഈയടുത്ത് ന്യൂട്രി റൂട്സിന്‍റെ ഔട്ലെറ്റ് പാലക്കാട്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തരമൊരു ഔട്ലൈറ്റ് വരുന്നതോടെ തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉത്തരവാദിത്വം കൂടി തങ്ങള്‍ ഏറ്റെടുക്കുന്നു,” ന്യൂട്രി റൂട്സ് ഉടമകള്‍ പറയുന്നു.
”ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും യു എസിലെ ചില റെസ്റ്റോറന്‍റുകളിലേയും സ്റ്റേറ്റുകളിലേയും പോലെ ജങ്ക് ടാക്സ് ഏര്‍പ്പെടുത്താന്‍ തയ്യാറായ ലോകത്തിലെ മറ്റൊരിടമാണ് കേരളം. ന്യൂട്രികോ റൂട്സിന്‍റെ നിര്‍മ്മാണത്തിന് ഞങ്ങളെ പ്രേരിപ്പിച്ച മറ്റൊരു ഘടകമാണത്. അതിനെതിരെ സംസ്ഥാനത്ത് നിരന്തരമായി പ്രതിഷേധങ്ങളുണ്ടായെങ്കിലും അത്തരമൊരു തീരുമാനത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത് ആരോഗ്യരംഗത്ത് നല്ല മാറ്റമുണ്ടാക്കും. ജങ്ക് ഫൂഡിന്‍റെ നികുതി ഒരു പരിധി വരെയെങ്കിലും ഞങ്ങളുടെ ഉല്‍പന്നത്തിന്‍റെ വിപണിയെ സഹായിച്ചേക്കാം.അതൊരു ആഗ്രഹമാണ്.എന്തായാലും പോഷകസമ്പുഷ്ടമായ നാടിന്‍റെ ഭാവി സ്വപ്നം കണ്ട് ഞങ്ങള്‍ ഇറക്കിയിരിക്കുന്ന ആരോഗ്യദായകമായ ഭകഷ്യ ഉല്‍പന്നങ്ങളെ ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്,” രമേശും കൂട്ടുകകാരും വലിയ പ്രതീക്ഷയിലാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ആദ്യ ഈറ്റ് റൈറ്റ് അവാര്‍ഡ് നേടിയ ആദ്യ മൂന്നു കമ്പനികളില്‍ ഒന്നാണിത്, ദക്ഷിണേന്‍ഡ്യയില്‍ നിന്നുള്ള ഏക കമ്പനിയും.