ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍

റാഫിക്കൊരു നിര്‍ബന്ധമുണ്ട്, താന്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് തന്‍റെ വീടിനോളം തന്നെ സൗകര്യങ്ങളുണ്ടായിരിക്കണം… 1,000 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള സ്വന്തം വീടിന്‍റെ അതേ രൂപത്തിലാണ് റാഫി നിര്‍മ്മിച്ചു നല്‍കിയ വീടുകളെല്ലാം..

കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ മാര്‍ബിളും ടൈലുമൊക്കെ വില്‍ക്കുന്ന ഒരു ചെറുകിട കച്ചവടക്കാരനാണ് മുഹമ്മദ് റാഫി (41) എന്ന ‘വാട്ടീസ് റാഫി’. കൂട്ടുകാര്‍ അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് ആളെ പിടി കിട്ടും. വാട്ടീസ് റാഫിയെന്നത് കൂട്ടുകാര്‍ ഇട്ടുകൊടുത്ത ചെല്ലപ്പേരാണ്.

നിര്‍ധനരായ പല കുടുംബങ്ങളും ഇന്ന് ആ പേര് കേള്‍ക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയും, നെഞ്ചില്‍ കൈവെച്ച് പറയും, ‘മ്മടെ ഖല്‍ബിലാണ് വാട്ടീസ് റാഫി വീടുവെച്ചത്…’

റാഫി നിര്‍മ്മിച്ചു നല്‍കിയ ഒരു വീട്

സ്വന്തമായൊരു വീട് സ്വപ്നം മാത്രമായി കരുതിയവര്‍ക്ക് മനോഹരമായ വീട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയാണ് മുഹമ്മദ് റാഫി നാട്ടുകാരുടെ സ്വന്തം വാട്ടീസ് റാഫിയാവുന്നത്. റാഫിക്കൊരു നിര്‍ബന്ധമുണ്ട്, താന്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് തന്‍റെ വീടിനോളം തന്നെ സൗകര്യങ്ങളുണ്ടായിരിക്കണം..


ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍


1,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള പടുപ്പിലെ സ്വന്തം വീടിന്‍റെ അതേ രൂപത്തിലാണ് റാഫി നിര്‍മ്മിച്ചു നല്‍കിയ വീടുകളെല്ലാം. ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും നിര്‍മ്മിച്ച് നല്‍കി. ചില വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു.


ഉമ്മ മരിച്ചതോടെ നാലാംക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നതാണ് റാഫിക്ക്. എന്നാല്‍ ജീവിതത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട് റാഫി.


കഴിഞ്ഞ വര്‍ഷം ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കരിക്കാന്‍ പള്ളിയില്‍ പോയപ്പോഴാണ് പരിചയക്കാരനായ ഓട്ടോ ഡ്രൈവര്‍ ഹംസ വീട് നിര്‍മ്മിക്കാന്‍ സഹായം ചോദിച്ചെത്തിയത്, റാഫി ആ കഥ പറയുന്നു. വീട് നിര്‍മ്മിക്കുന്നതിന് ഒരു ലോഡ് കല്ലിറക്കി കൊടുത്തു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. ഹംസയോട് വീട് പണിതുടങ്ങാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വെള്ളമില്ലെന്നായിരുന്നു മറുപടി.

മുഹമ്മദ് റാഫി

റാഫി സ്വന്തം ചിലവില്‍ ഹംസക്ക് ബോര്‍വെല്ല് കുഴിച്ചു നല്‍കി. എന്നിട്ടും വീടിന്‍റെ പണി മുന്നോട്ട് പോകാത്തതിനാല്‍ റാഫി നേരിട്ട് വീട് നിര്‍മ്മിക്കുകയായിരുന്നു. ആയിരം സ്‌ക്വയര്‍ഫീറ്റുള്ള മനോഹരമായ വീട്.

പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരു ചെറുകിട കച്ചവടക്കാരനാണ് ഇതൊക്കെ ചെയ്യുന്നത്. നാലാംക്ലാസ് മാത്രമാണ് റാഫിയുടെ വിദ്യാഭ്യാസയോഗ്യത. ഉമ്മ മരിച്ചതോടെ നാലാംക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നതാണ് റാഫിക്ക്. എന്നാല്‍ ജീവിതത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട് റാഫി.


കുറേയെറെ പണമുള്ളതില്‍ നിന്ന് കുറച്ചെടുത്ത് പാവങ്ങള്‍ക്കുകൊടുക്കാം എന്ന രീതിയല്ല റാഫിയുടേത്. റാഫിയുടെ സമ്പാദ്യം കൂട്ടുകാരാണ്.


കുറേയെറെ പണമുള്ളതില്‍ നിന്ന് കുറച്ചെടുത്ത് പാവങ്ങള്‍ക്കുകൊടുക്കാം എന്ന രീതിയല്ല റാഫിയുടേത്. റാഫിയുടെ സമ്പാദ്യം കൂട്ടുകാരാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും നല്ലകാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കുമ്പോള്‍ എന്തിനും തയ്യാറായി കൂടെ നില്‍ക്കുന്നവരുമായി നിരവധി അനവധി കൂട്ടുകാര്‍.

സൗജന്യ വീടു നിര്‍മ്മാണത്തിന് റാഫി സ്വന്തമായൊരു വഴി കണ്ടെത്തിയിട്ടുണ്ട്. ആരോടും പണം ചോദിക്കില്ല; കൂട്ടുകാരോടും പരിചയക്കാരോടും വീടുപണിക്കാവശ്യമായ സാധനസാമഗ്രികളാണ് ആവശ്യപ്പെടുക.
ഹംസയുടെ വീടിന് ഒമ്പത് ലക്ഷത്തോളം രൂപ ചെലവുവന്നു. ‘നിര്‍മ്മാണത്തിന് വേണ്ട സാധന സാമഗ്രികളെല്ലാം സുഹൃത്തുക്കളില്‍നിന്നും പരിചയക്കാരില്‍നിന്നും സ്വരൂപിച്ചതാണ്. ഒരാളോടും പണം വാങ്ങിയില്ല. കല്ല്, മെറ്റല്‍, പൂഴി, ജനല്‍, കട്ടിള തുടങ്ങി ഓരോന്നും ഓരോരുത്തരുടെ വകയായി കിട്ടിയതാണ്,’റാഫി പറയുന്നു.


ഇതുകൂടി വായിക്കാം: ‘ലൈക്കു’കളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് സ്വന്തം ആനവണ്ടി


കല്ല് ഇറക്കി തരാമെന്ന് പറയുന്നവരോട് കല്ല് ഇറക്കുയാള്‍ക്ക് നേരിട്ട് പണം കൊടുത്താല്‍ മതിയെന്നാണ് പറയുക, റാഫി വിശദീകരിക്കുന്ന. സംഭാവന മേടിക്കുന്നതിനും റാഫിക്ക് തന്റെതായ രീതിയുണ്ട്. ഒരാളോട് അഞ്ച് ചാക്ക്സിമന്റ് അല്ലെങ്കില്‍ ഒരു ലോഡ് കല്ല്, ഒരു ലോഡ് മെറ്റല്‍ എന്നിങ്ങനെ മാത്രമേ ആവശ്യപ്പെടാറുള്ളു. കൂടുതല്‍ സഹായം ചോദിച്ചാല്‍ പിന്നെ തന്നെ കാണുമ്പോള്‍ ആളുകള്‍ ഒഴിഞ്ഞു മാറും എന്ന തോന്നലാണ് റാഫിക്ക്. അതുകൊണ്ട് പണമായി സഹായം വാങ്ങാറില്ല.

അസ്മാബിക്ക് വീടൊരുങ്ങുന്നു.

റാഫിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നസീര്‍ കുവ്വത്തൊട്ടി എന്ന സുഹൃത്ത് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ‘കഴിഞ്ഞ ആറ് മാസത്തിലധികമായി റാഫി എന്ന വാട്ടീസ് റാഫി നിരന്തരം ഓടുകകയായിരുന്നു, കിളികള്‍ കൂട വയ്ക്കുന്നത് പോലെ ഓരോ ചില്ലകളും കയറിയിറങ്ങി തനിക്കാവശ്യമായ മരച്ചില്ലകളും, പുല്‍കൊടികളും പെറുക്കിയെടുത്ത് മനോഹരമായ കിളി കൂടുകള്‍ പണിയുന്നത് പോലെ അദ്ദേഹം പാവപ്പെട്ട ഒരു കുടുംബത്തിന് അതി മനോഹരമായ ഒരു കൊച്ചു ഭവനം സഹജീവികളില്‍ നിന്നും സഹായം സ്വീകരിച്ച് നിര്‍മ്മിച്ച് നല്‍കി…’


ഇതുകൂടി വായിക്കാം: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ


‘ക്രൗഡ് ഫണ്ടിങ്ങി’ന് റാഫിക്ക് സ്വന്തമായ ഒരു രീതിയുണ്ട്. വളരെ ലളിതമാണത്. ‘കാണുന്നവരോടെല്ലാം ഞാന്‍ നിര്‍മ്മിക്കുന്ന വീടിനെ കുറിച്ച് അവരുടെ നിസ്സഹായ അവസ്ഥയെകുറിച്ചും പറയും. ഗ്രാനൈറ്റ് ഇറക്കി കൊടുക്കുന്ന വീട്ടുകാരോട് ഒരു ചാക്ക് സിമന്റ് ചോദിക്കും. സിമന്‍റ് അഞ്ച് ചാക്കില്‍ കൂടുതല്‍ ആരോടും ചോദിക്കാറില്ല. ഗ്രാനൈറ്റ് വിതരണം ചെയ്യുന്നതിനിടയില്‍ പൊളിക്കുന്ന പഴയവീട് കണ്ടാല്‍ ഒരു കട്ടിളയോ ഒരു വാതിലോ ചോദിക്കും,’ റാഫി വിശദീകരിക്കുന്നു.
‘ചോദിച്ചവരെല്ലാം സന്തോഷത്തോടെ നല്‍കുകയായിരുന്നു. ഇതാണ് എനിക്ക് പ്രോത്സാഹനം,” റാഫി പറഞ്ഞു.

ചെമ്പരിക്കയിലെ കൂലിപണിക്കാരനായ അബ്ദുള്‍ സലാം എന്ന 45 കാരന്‍റെ വീട് നിര്‍മ്മിച്ച് നല്‍കാനാണ് ‘വാട്ടീസ് റാഫി’ എന്ന വാട്സ് ആപ്പ് കൂട്ടായ്മ സജീവമാക്കുന്നത്. സലാമിനായി വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോഴാണ് 70 കാരിയായ നഫീസ വീടിനായി റാഫിയെ സമീപിക്കുന്നത്. അകന്ന ബന്ധുവിന്‍റെ ഒരു കൊച്ചുകുടിലിലാണ് ഇവരുടെ താമസം. ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി ബോര്‍വെല്ല് കുഴിക്കുകയും ദിവസങ്ങള്‍ക്കകം തന്നെ 700 സ്വക്വയര്‍ഫീറ്റുള്ള വീടിന്‍റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തത്. ഈ മൂന്ന് വീടുകളും അവസാന മിനുക്കുപണികളിലാണ്. വീടിന്‍റെ പ്ലാന്‍ വരക്കുന്നതും നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടവും റാഫി തന്നെയാണ്.


ചെമ്പരിക്കയിലെ കൂലിപണിക്കാരനായ അബ്ദുള്‍ സലാം എന്ന 45 കാരന്‍റെ വീട് നിര്‍മ്മിച്ച് നല്‍കാനാണ് ‘വാട്ടീസ് റാഫി’ എന്ന വാട്സ് ആപ്പ് കൂട്ടായ്മ സജീവമാക്കുന്നത്.


പുഴയില്‍നിന്ന് ചെമ്മീന്‍ പിടിച്ച് ഉണക്കി വില്‍ക്കലാണ് അസ്മാബി പൊയ്ക്കല്‍ എന്ന 50 കാരിക്ക്. വിധവയായ അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയതാണ്. ഒരു ബന്ധുവിന്‍റെ വീട്ടിലാണ് താമസം. ബന്ധുവിന്‍റെ മകളുടെ വിവാഹത്തിനായി വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇനി എവിടെപ്പോകും എന്ന ആശങ്കയിലായി അസ്മ.

അസ്മാബിക്ക് വീടൊരുങ്ങുന്നു.

‘എനിക്കാരുമില്ല, എവിടെയും പോകാനുമില്ല…,’ അസ്മ റാഫിയോട് പറഞ്ഞു.
വിഷമിക്കേണ്ട, നമുക്ക് നോക്കാം, റാഫി അവരെ സമാധാനിപ്പിച്ചു.
ഒരാഴ്ചക്കുള്ളില്‍ തന്നെ വീടിന്‍റെ പണിതുടങ്ങി. എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിര്‍മ്മിക്കുന്നത്. രണ്ട് കിടപ്പുമുറികളും ലിവിങ് റൂമും അടുക്കളയുമെല്ലാം അടങ്ങുന്നതാണ് ഈ വീട്.


രണ്ട് കിടപ്പുമുറികളും ലിവിങ് റൂമും അടുക്കളയുമെല്ലാം അടങ്ങുന്നതാണ് ഈ വീട്.


ഒറ്റത്തടിയായ അസ്മക്കെന്തിനാണ് ഇത്ര വലിയ വീടെന്ന് റാഫിയോട് പലരും ചോദിച്ചു.

“എത്ര പാവങ്ങളായാലും വീടിനെ കുറിച്ച് അവര്‍ക്കൊരു സങ്കല്‍പ്പമുണ്ട്. വലിയ വീട് വേണമെന്ന് അവര്‍ പറയില്ല. എന്നാല്‍ നമ്മള്‍ മറ്റുള്ളവരുടെ ആഗ്രഹം മനസ്സിലാക്കി നല്ല വീടു തന്നെ നിര്‍മ്മിച്ചു നല്‍കണം,” എന്നാണ് റാഫിയുടെ മറുപടി. ഏഴ് മാസം കൊണ്ടാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്ന അസ്മയുടെ വീട് പൂര്‍ത്തിയാക്കുന്നത്.


ഇതുകൂടി വായിക്കാം: ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്


“‘ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നമ്മള്‍ നടത്തികൊടുക്കുന്നത്. നമ്മള്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വീടിനുള്ള സൗകര്യങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന വീടിനും വേണം. പാവങ്ങളായതുകൊണ്ട് ഇങ്ങനെ മതിയെന്ന് ചിന്തിക്കരുത്. കൂടുതല്‍ വീട് നിര്‍മ്മിക്കുന്നതില്‍ അല്ല നല്ല കെട്ടുറപ്പുള്ള സൗകര്യമുള്ള വീടുണ്ടാക്കുന്നതിലാണ് എനിക്ക് താത്പര്യം. ദൈവത്തിന്‍റെ സഹായം കൊണ്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത് എന്നാണ് എന്‍റെ വിശ്വാസം. ഞാന്‍ ഇതിനൊരു നിമിത്തമായി എന്നു മാത്രമേയുള്ളു,” എന്ന് റാഫി.

റാഫി നിര്‍മ്മിക്കുന്ന വീടുകളുടെ ഡിസൈന്‍

പടുപ്പില്‍ ഭാര്യ വീട്ടിന് സമീപമാണ് റാഫി സ്വന്തം വീട് നിര്‍മ്മിച്ചത്. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭാര്യ ബീഫാത്തിമ റാഫിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. മൂത്ത മകന്‍ പ്ലസ്ടുവില്‍ പഠിക്കുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട കുട്ടികള്‍ കൂടിയുണ്ട് റാഫിക്ക്.


ആയിരം സ്‌ക്വയര്‍ഫീറ്റുള്ള വീട്ടിലാണ് റാഫി താമസിക്കുന്നത്. റാഫി നിര്‍മ്മിച്ചു നല്‍കുന്ന വീടും ഇതേ മനോഹാര്യതയുള്ള വീടുകളാണ്.


ആയിരം സ്‌ക്വയര്‍ഫീറ്റുള്ള വീട്ടിലാണ് റാഫി താമസിക്കുന്നത്. റാഫി നിര്‍മ്മിച്ചു നല്‍കുന്ന വീടും ഇതേ മനോഹാര്യതയുള്ള വീടുകളാണ്. നാട്ടുകാര്‍ സഹായിക്കാന്‍ താത്പര്യമുള്ളവരാണെന്നും ഒരാള്‍ മുന്‍കൈ എടുത്താല്‍അതിനൊപ്പം ചേരാന്‍ അവര്‍ തയ്യാറാവുന്നുണ്ടെന്നുമാണ് റാഫിയുടെ പക്ഷം.

ഇനിയും ആരെങ്കിലും സമീപിച്ചാല്‍ അവരെ മടക്കി അയക്കില്ല, തന്നാലാവും പോലെ ചെയ്യും എന്ന ദൃഢനിശ്ചയത്തിലാണ് ഈ മനുഷ്യന്‍. കൂട്ടുകാരും നാട്ടുകാരും പിന്തുണച്ചാല്‍ തന്‍റെ പ്രവര്‍ത്തനം ഇതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസവും റാഫിക്കുണ്ട്.
“എന്‍റെ കൂട്ടുകാര്‍, അവരാണ് എന്‍റെ ഏക സമ്പാദ്യം,” റാഫി പറയുന്നു. “ഈ വീടുകള്‍ക്കെല്ലാം പിന്നില്‍ നിരവധി നല്ല മനുഷ്യരുണ്ട്, അവരുടെ സഹായമുണ്ട്.”

അതുകൊണ്ടാണ് റാഫി പിന്നെയും പറയുന്നത്, താനൊരു നിമിത്തം മാത്രമാണെന്ന്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം